Memoir

അങ്ങനെ പോയവൻ

'നിങ്ങൾ ഒരിന്ത്യൻ ദൈവ'മാണെന്നു പറഞ്ഞ് നൃത്തം ചെയ്യാൻ ക്ഷണിച്ച സ്ത്രീയെപ്പറ്റി രാജീവൻ പറഞ്ഞിട്ടുണ്ട്. ആ ദൈവം, പാലേരിയിലെ ഒരു മലയാളിത്തെയ്യമായിരുന്നു എന്നും ഇനിയൊരു മടങ്ങിവരവില്ലാത്ത വിധം അയാൾ മടങ്ങിക്കഴിഞ്ഞു എന്നും രാജീവൻ തിരിച്ചു പോയ ഈ തുലാവർഷമൂവന്തിയിൽ നമ്മൾ തിരിച്ചറിയുന്നു. നിരൂപകൻ സജയ് കെ.വി എഴുതുന്നു

2011-ൽ മടപ്പള്ളി കോളേജിൽ വച്ചു നടന്ന ഒരു കവിതാശില്പശാലയിൽ വച്ചാണ് ടി.പി. രാജീവനെ ആദ്യമായി കാണുന്നത്. മഹാകവി വൈലോപ്പിള്ളിയുടെ ജന്മശതാബ്ദിവർഷമായിരുന്നു അത്. വൈലോപ്പിള്ളിക്കവിതയേക്കുറിച്ചു സംസാരിക്കാനായിരുന്നു ഞാൻ വന്നത്, മൂവാറ്റുപുഴയിൽ നിന്ന്. കൗമാരാരംഭത്തിൽ ഞാനാദ്യം പരിചയപ്പെട്ട കവികളിലൊരാൾ വൈലോപ്പിള്ളിയായിരുന്നു. എന്നിട്ടും ഞാനൊന്നു പതറി. ചുരുക്കിപ്പറഞ്ഞാൽ എന്റെ പ്രസംഗം കുളമായി. കാരണം വേദിയിലെ, ധിഷണാദ്യോതകമായ ഇരുണ്ട മുഖമുള്ള ഗൗരവശാലിയായ ഒരപരിചിതന്റെ സാന്നിധ്യം. അത് ടി.പി. രാജീവനായിരുന്നു. പിന്നീട് പരിചയപ്പെടുകയും പരിചയം സൗഹൃദമായി വളരുകയും ചെയ്തപ്പോഴാണറിഞ്ഞത് ആ നാളികേരത്തിനുള്ളിൽ കുറച്ചേറെ മധുരവും മാർദ്ദവവുമുണ്ടെന്ന്, ആദ്യകാഴ്ച്ചയിൽ അതിഗൗരവം നിറഞ്ഞതെന്നു തോന്നിയ ആ മുഖത്ത് ചിരിയുടെയും പൊട്ടിച്ചിരിയുടെയും പൂക്കുലകൾ വിരിയാറുണ്ട് എന്നും.

കവിയായ ടി.പി. രാജീവന്റെ വ്യതിരിക്തതയുടെ അടയാളങ്ങളുള്ള ആദ്യകവിത, ഒരു പക്ഷേ, 'രാഷ്ട്രതന്ത്ര'മായിരിക്കണം. മലയാളകവിതയിലെ ആധുനികതയെ, കവികളുടെ പേരെടുത്തു പറഞ്ഞ്, മൃദുവായി പരിഹസിക്കുകയും ഒപ്പം അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന കവിതയാണത്. അതിന്റെ ഒരു മാതൃക ഇങ്ങനെ -

'താളത്തിന്റെ താഴ് വരയിൽ

കടമ്മനിട്ട രാമകൃഷ്ണനെ

ഒരു കാട്ടാളൻ

അമ്പെയ്തു വീഴ്ത്തി'

-കടമ്മനിട്ടക്കവിതയുടെ ബല -ദൗർബ്ബല്യങ്ങളുടെ , കാവ്യാത്മകമായ ഒരു വിലയിരുത്തൽ കൂടിയാണിത്. ഇത്തരത്തിലാണ് അയ്യപ്പപ്പണിക്കരും ആറ്റൂരും ബാലചന്ദ്രൻ ചുള്ളിക്കാടും കെ.ജി.എസ്സും മേതിലും അയ്യപ്പനും സച്ചിദാനന്ദനുമെല്ലാം ഈ കവിതയിൽ പരാമർശിക്കപ്പെടുന്നത്. ആധുനികത ഒഴിഞ്ഞു പോയ കവിതയുടെ വിജനമായ തെരുവുകളെ പരാമർശിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. ആ വിജനതയിൽ സ്വന്തം എഴുത്തടയാളങ്ങൾ പതിക്കാനാണ് തുടർന്നു വന്ന കവികൾ ശ്രമിച്ചത്. 'പുതുകവിത' എന്ന പേരിൽ മലയാളകവിതയിൽ അങ്കനം ചെയ്യപ്പെട്ട ആ ആധുനികാനന്തരഭാവുകത്വത്തിന്റെ അഗ്രഗാമികളിലൊരാളായി രാജീവനുമുണ്ടായിരുന്നു.

കവിതയിൽ മുറുക്കുന്നത് മുത്തച്ഛനാണെങ്കിലും, ആ വീടോ വയലോ മുത്തച്‌ഛനോ ഇപ്പോഴില്ലെങ്കിലും, ഇതെഴുതിയ കവി മുറുക്കുമ്പോഴും അതു തന്നെ സംഭവിക്കുന്നു. ഒരു പാരമ്പര്യവും പരിസരവുമൊന്നാകെ അതിൽ സന്നിഹിതമാകുന്നു. സ്മൃതിചർവ്വണമാണ് നടക്കുന്നത് കവിതയിൽ എന്നോ, കവിത തന്നെ ഒരു സ്മൃതിചർവ്വണമാണെന്നോ പറയാം.

ധിഷണാസ്പർശമുള്ള ഗദ്യവഴികളിലൂടെയുളള വിചിത്രസഞ്ചാരമായിരുന്നു ടി.പി. രാജീവന് കവിത. അവിചാരിതമായ ചില തിരിവുകളിലൂടെയും അനന്യമായ ചില ബിംബകല്പനകളിലൂടെയും അത് വായനക്കാരെ വിസ്മയിപ്പിച്ചു. വിശദാംശസമൃദ്ധിയുടെ ഭാഷാഗോപുരങ്ങളായിരുന്നു രാജീവന്റെ പിൽക്കാലകവിതകളിൽ ചിലത്.' വയൽക്കരെ ഇപ്പോഴില്ലാത്ത' എന്ന സമാഹാരത്തിലെ കവിതകളിൽ ഈ രീതിയുടെ സഫലപ്രയോഗമാണ് നടന്നത്. വയൽക്കരെ ഇപ്പോഴില്ലാത്ത വീട് എന്ന അഭാവത്തിനു ചുറ്റും പഴമയുടെയും ഗ്രാമീണതയുടെയും നഷ്ടലോകങ്ങളെയും നഷ്ടകാലങ്ങളെയും വിന്യസിച്ച് ചരിതാർത്ഥനാകാനുള്ള , അകാല്പനികമായ, ഒരു തരം ഗൃഹാതുരത്വത്തിന്റെ എഴുത്തുകളായിരുന്നു അവ. ഗൃഹാതുരത്വത്തിന്, ഉത്തരാധുനികതയുടെ ഋതുവിൽ, വികസനഭ്രാന്തിനെതിരായ സൗമ്യപ്രതിരോധവും പ്രതിഷേധവുമായിത്തീരാനുള്ള അധികശേഷിയുണ്ടെന്ന തിരിച്ചറിവു കൂടിയായിരുന്നു അത്.

വിശദാംശങ്ങളുപയോഗിച്ചു കവിത നെയ്യുന്ന രാജീവന്റെ രീതിയെപ്പറ്റി മുൻപു സൂചിപ്പിച്ചു. ഇതാ ഒരു മുറുക്കിന്റെ നെടുങ്കൻ വിവരണം , അതേ പേരുള്ള കവിതയിൽ നിന്ന് -

' താഴെ തൊടിയിലെ

വെറ്റിലക്കൊടിയിൽ നി-

ന്നൊരു തളിരറിയാതെ നുള്ളി,

ഇന്നലെ നീറ്റിയ

നൂറിന്റെ നിറ്റലപ്പച്ചഞരമ്പിൽ

പുരട്ടി,

കാറ്റിലാടും

നാട്ടുഗുളികൻകവുങ്ങിൽ

നിന്നൊരു പഴുക്കയടർത്തി,

ശിവ! ശിവ !ശിവ!

ജാപ്പാണപ്പുകയില

അല്ല, സാക്ഷാൽ വൈരാഗി

തൻ -

ജടയൊരു ഞെരടു ഞെരടി,

ഉമ്മറച്ചാരുകസേരയിൽ

പൂർവ്വികർ ചാഞ്ഞു കിടന്നൊരാ ചായ്പിൽ

കറയറ്റ കേരളപ്രകൃതിയെൻ നാവിലെ

ഇലഞ്ഞിത്തറമേൽ

മേളിക്കെ,

വിത കാത്ത്

വിള കാത്ത്

മെതി കാത്തുറങ്ങുന്ന

പുലരാത്ത മണ്ണിന്റെ

നാഭിച്ചുഴിയിലേയ്ക്ക്

ആഞ്ഞൊരു തുപ്പ്'

ഇവിടെ, മുറുക്കാത്തവർ പോലും മുറുക്കിന്റെ അനുഭവത്തിൽ മുങ്ങി നിവരുന്നു. മുറുക്ക് എന്നാൽ തനിക്കേരളീയമായ ഒരനുഭൂതിസാകല്യമാകുന്നു. അതിലേയ്ക്ക് ഇലഞ്ഞിത്തറമേളവും വിതയും വിളയും മെതിയുമെല്ലാം , മുറുക്കിന്റെ രസപാകത്തിൽ വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും പുകയിലയുമെന്ന പോലെ, ചേർന്നലിയുന്നു. ഇന്നത്തെ മുറുക്കിന്റെ കഥയല്ല, രാജീവൻ ഇങ്ങനെ വിസ്തരിച്ചെഴുതുന്നത്. അവിചാരിതമായ ഒരു ട്വിസ്റ്റിലൂടെ കവിത അവസാനിക്കുന്നതിങ്ങനെ -

'ഞാനല്ല,

വയൽക്കരെ

ഞങ്ങളുടെ ഇപ്പോഴില്ലാത്ത വീടിന്റെ

പൂമുഖത്തിരുന്ന്

പണ്ട് കാശിക്കു പോയ

മുത്തശ്ശൻ.'

കവിതയിൽ മുറുക്കുന്നത് മുത്തച്ഛനാണെങ്കിലും, ആ വീടോ വയലോ മുത്തച്‌ഛനോ ഇപ്പോഴില്ലെങ്കിലും, ഇതെഴുതിയ കവി മുറുക്കുമ്പോഴും അതു തന്നെ സംഭവിക്കുന്നു. ഒരു പാരമ്പര്യവും പരിസരവുമൊന്നാകെ അതിൽ സന്നിഹിതമാകുന്നു. സ്മൃതിചർവ്വണമാണ് നടക്കുന്നത് കവിതയിൽ എന്നോ, കവിത തന്നെ ഒരു സ്മൃതിചർവ്വണമാണെന്നോ പറയാം. ഒരു സാംസ്കാരികസ്മൃതസഞ്ചയമാണ് ചവയ്ക്കപ്പെടുന്നത്. അതിൽ ഒരാളുടെ ഓർമ്മകൾ, ഒരു പരമ്പരയുടെയുടെയും ഒരു നാടിന്റെയും ഓർമ്മളുമായികലർന്ന് മുറുകിച്ചുവക്കുന്നു. മുറുക്കാൻ ഇറക്കാനോ വായിൽത്തന്നെ നിർത്താനോ ആവാത്തതു കൊണ്ട് അത് തുപ്പിക്കളയുന്നു. കവിയും അതു തന്നെ ചെയ്യുന്നു. ഒരു പ്രതീകാത്മകക്രിയയാണത്.

'ഹൊഗനേക്കൽ' എന്ന ജലസ്തവം എത്ര അസാമ്പ്രദായികവും അനുഭാവാനുഭൂതിസമ്പന്നവുമാണ്! പരിസ്ഥിതികവിത എന്ന ഞൊടുക്കുവിദ്യയല്ല അത്.

ഇതേ വിശദാംശസമൃദ്ധിയുടെ മറ്റൊരു വിനിയോഗമാണ് 'തൂക്കം' എന്ന കവിതയിലും നടക്കുന്നത്. ഒരു ഫ്യൂഡൽ ദിനചര്യയുടെ വിശദമായ വിവരണം ഒടുവിൽ മരണം എന്ന ആകസ്മികവിരാമത്തിൽ ചെന്നൊടുങ്ങുന്നു.

'അങ്ങേ തട്ടിലുള്ളത്

ആരോ പെട്ടെന്ന് എടുത്തുമാറ്റിയ

ത്രാസിന്റെ

ഇങ്ങേത്തട്ടു പോലെ' അയാൾ ഉറങ്ങുന്നു. ഇത് ഫ്യൂഡൽപ്രഭുത്വത്തിന്റെ കൂടി കനമൊഴിയലും അരങ്ങൊഴിയലുമാണ്. അതിനാൽ ചരിത്രത്തെക്കൂടി സ്പർശിക്കുന്നവയാകുന്നു ഇത്തരം എഴുത്തുകൾ. രാജീവന്റെ ഈ രചനാരീതിയുടെ മികച്ച സാഫല്യങ്ങളാണ് 'കണ്ണകി', 'ഹൊഗനേക്കൽ' എന്നീ കവിതകൾ. 'ഹൊഗനേക്കൽ' എന്ന ജലസ്തവം എത്ര അസാമ്പ്രദായികവും അനുഭാവാനുഭൂതിസമ്പന്നവുമാണ്! പരിസ്ഥിതികവിത എന്ന ഞൊടുക്കുവിദ്യയല്ല അത്.'കണ്ണകി'യുമതേ, ഫെമിനിസ്റ്റ് വാചാടോപമേതുമില്ലാതെ അത് നിരാധാരമായ പെൺമുലകൾക്കു ചുറ്റും ആണെഴുത്തിന്റെ കനത്ത കവചം നിർമ്മിക്കുന്നു.

ഇനിയും എത്ര വേണമെങ്കിലും എഴുതാം രാജീവന്റെ കവിതകളെപ്പറ്റി. ഒരിക്കൽ ന്യൂ മെക്സിക്കോവിലെ ഒരു നിശാക്ലബ്ബിൽ വച്ച് , 'നിങ്ങൾ ഒരിന്ത്യൻ ദൈവ'മാണെന്നു പറഞ്ഞ് നൃത്തം ചെയ്യാൻ ക്ഷണിച്ച സ്ത്രീയെപ്പറ്റി രാജീവൻ പറഞ്ഞിട്ടുണ്ട്. ആ ദൈവം, പാലേരിയിലെ ഒരു മലയാളിത്തെയ്യമായിരുന്നു എന്നും ഇനിയൊരു മടങ്ങിവരവില്ലാത്ത വിധം അയാൾ മടങ്ങിക്കഴിഞ്ഞു എന്നും രാജീവൻ തിരിച്ചു പോയ ഈ തുലാവർഷമൂവന്തിയിൽ നമ്മൾ തിരിച്ചറിയുന്നു; 'അങ്ങനെ പോയവൻ' എന്നത് രാജീവന്റെ കേവലമൊരു കാവ്യശീർഷകം മാത്രമായിരുന്നില്ല എന്നും.'മക്കൾക്ക്' എന്ന പദ്യകവിതയിലെ - പൊതുവേ ഒരു പദ്യവിരോധിയായിരുന്നല്ലോ ടി.പി. രാജീവൻ ! - എനിക്കേറെ പ്രിയപ്പെട്ട ഈ അവസാന വരികളോടെയാവട്ടെ ഈ കുറിപ്പിന്റെയും വിരാമം -

'പിന്നോട്ടു നോക്കാതെ വേണമിനിപ്പോരാൻ

അരിങ്ങാടെറിഞ്ഞിതാ കാവടച്ചു.'

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT