വർഷങ്ങൾക്ക് ശേഷം ഒരിക്കൽ ഒരു സ്റ്റേറ്റ് അവാർഡ് വിതരണച്ചടങ്ങിൽ വച്ച് കണ്ടപ്പോൾ വേണു എന്റെ അടുത്ത് വന്ന് സ്വകാര്യമായി ചോദിച്ചു, "ഒരാളെ കൊന്നാൽ പന്ത്രണ്ടു കൊല്ലമേയുള്ളൂ ശിക്ഷ, ഞാൻ ആരെയും കൊന്നിട്ടൊന്നും ഇല്ലല്ലോ.."
നെടുമുടി വേണു ഇല്ലാത്ത മൂന്ന് വർഷങ്ങൾ; സത്യൻ അന്തിക്കാട് എഴുതുന്നു
നെടുമുടി വേണുവിന്റെ കടന്നു വരവോടുകൂടിയാണ് മലയാള സിനിമയുടെ ഭാവത്തിന് മാറ്റം വന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഭരതനും, മോഹനും, കെജി ജോർജ്ജും, പത്മരാജനുമൊക്കെ വേണുവിന്റെ അഭിനയ സാധ്യതകൾ വളരെ ഭംഗിയായി ഉപയോഗിച്ചു. സ്വാഭാവികാഭിനയത്തിന്റെ നേർചിത്രമായിരുന്നു നെടുമുടി വേണു. അതുവരെ കണ്ടു പരിചയിച്ച നടനരീതികളിൽ നിന്ന് തികച്ചും വ്യത്യസ്തം. അഭിനയമാണോ, യഥാർത്ഥത്തിൽ സംഭവിക്കുന്നതാണോ എന്നറിയാത്ത ഭാവപ്പകർച്ച. ഞാനത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. കിന്നാരം എന്ന എന്റെ രണ്ടാമത്തെ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ്, ജഗതി ശ്രീകുമാർ അവതരിപ്പിച്ച വർമ്മ ജി എന്ന സംഗീത സംവിധായകൻ താൻ ഈണം നൽകിയ ഗാനം വേണുവിന് കേൾപ്പിച്ചു കൊടുക്കുന്നതാണ് രംഗം. ഇത് മുൻപെവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് വേണു പറയണം. ഒരു ക്ലോസ് അപ് ഷോട്ട് ആണ്. അതിൽ വേണു മാത്രമേയുള്ളൂ, ജഗതി ശ്രീകുമാറിന്റെ സ്ഥാനത്താണ് ക്യാമറ. ഞാൻ ക്യാമറ സ്റ്റാർട്ട് ചെയ്ത് ആക്ഷൻ പറഞ്ഞപ്പോൾ, വേണു "ഒരു മിനുറ്റ്, ഒരു മിനുറ്റ് " എന്ന് പറഞ്ഞ് കൈ കൊണ്ട് വിലക്കി. ഞാൻ പെട്ടന്ന് കാമറ കട്ട് ചെയ്തു. എന്നോട് എന്തോ പറയാനുണ്ട് എന്നാണ് ഞാൻ വിചാരിച്ചത്. ചിരിച്ചുകൊണ്ട് വേണു പറഞ്ഞു, "ഞാൻ അഭിനയിച്ചതായിരുന്നു!!". സീൻ വിവരിച്ചു കൊടുത്ത എനിക്ക് പോലും അത് അഭിനയമാണ് എന്ന് തോന്നിയതേ ഇല്ല.
ഞാനും നെടുമുടി വേണുവും തമ്മിൽ ഇടയ്ക്കൊന്ന് പിണങ്ങി. ഒരു സിനിമയ്ക്ക് ഡേറ്റ് തന്നിട്ട് വരാതെ മുങ്ങിയതായിരുന്നു കാരണം. പിന്നീട് കുറെ കാലത്തേക്ക് വേണുവിനെ ഞാൻ വിളിച്ചതേയില്ല. വർഷങ്ങൾക്ക് ശേഷം ഒരിക്കൽ ഒരു സ്റ്റേറ്റ് അവാർഡ് വിതരണച്ചടങ്ങിൽ വച്ച് കണ്ടപ്പോൾ വേണു എന്റെ അടുത്ത് വന്ന് സ്വകാര്യമായി ചോദിച്ചു, "ഒരാളെ കൊന്നാൽ പന്ത്രണ്ടു കൊല്ലമേയുള്ളൂ ശിക്ഷ, ഞാൻ ആരെയും കൊന്നിട്ടൊന്നും ഇല്ലല്ലോ.." ഞങ്ങൾ രണ്ടു പേരും പരസ്പരം കെട്ടിപ്പിടിച്ച് ചിരിച്ചു. പിന്നീടുള്ള ഒരുവിധം എന്റെ എല്ലാ സിനിമകളിലും വേണു ഉണ്ടായിരുന്നു.
ഷൂട്ടിംഗ് സെറ്റിൽ നെടുമുടി ഉണ്ടെങ്കിൽ, അതൊരാഘോഷമാണ്. പാട്ടുപാടിയും, കഥകൾ പറഞ്ഞും, പരസ്പരം കളിയാക്കിയും, സിനിമ ഒരു ജോലി അല്ലാതെ ആകുന്ന ദിവസങ്ങൾ. വേണുവിനെ ഞങ്ങളൊക്കെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്, മരണം ഒരു അനിവാര്യതയാണെങ്കിലും.