എവിടെ നിന്ന് തുടങ്ങണമെന്നറിയില്ല പ്രശാന്തേട്ടനെ കുറിച്ചെഴുതുമ്പോൾ. പ്രഖ്യാതമായ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലേക്ക് ഞാൻ കടക്കുന്നില്ല. അദ്ദേഹത്തിന്റെ ജീവിതം അടിമുടി നാടകമായിരുന്നു. വാക്കിൽ, നോട്ടത്തിൽ പ്രവൃത്തിയിൽ , കലഹത്തിൽ, നിഷേധത്തിൽ ഒക്കെ നാടകം വിതച്ചു നടക്കുകയായിരുന്നു. ലോകത്ത് ഒട്ടനവധി കലാകാരൻമാരുണ്ടെങ്കിലും അപൂർവ്വം ചിലരെ മാത്രമേ നമുക്ക് പരിപൂർണ്ണ കലാകാരൻ എന്നു വിശേഷിപ്പിക്കാൻ കഴിയൂ. ഉണർന്നെണീക്കുന്ന സമയം മുതൽ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം വരെ നാടകം മാത്രം ശ്വസിച്ച അപൂർവ്വ പ്രതിഭ.
ഒരു പക്ഷേ വേണ്ട വിധത്തിൽ ചർച്ച ചെയ്യപ്പെടാത്ത, പഠന വിധേയമാക്കാത്ത ഒട്ടനവധി കാര്യങ്ങൾ മലയാള നാടക വേദിയ്ക്കായി സംഭാവന നൽകിയിട്ടാണ് അദ്ദേഹം മൺമറഞ്ഞത്. ലോകത്തിനു മുൻപിൽ എന്താണ് മലയാള നാടകം എന്നതിന്റെ ശരിയായ ഉത്തരങ്ങളാണ് പ്രശാന്ത് നാരായണന്റെ വജ്രമുഖൻ, ഛായാമുഖി, മകരധ്വജൻ തുടങ്ങിയ നാടകങ്ങൾ. ലോകോത്തര നാടക സംഘങ്ങളുടെ ആശയങ്ങളേയും, അരങ്ങു രൂപങ്ങളേയും അനുവർത്തിച്ച് നാടകങ്ങൾ ചെയ്ത് മലയാളികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന മഹാനാടകക്കാരിൽ നിന്നും വേറിട്ടുനിന്നു ഈ പ്രതിഭയുടെ നാടകങ്ങളും വർത്തമാനങ്ങളും എഴുത്തുമെല്ലാം.
മൗലികമായ കാവ്യത്മക ഭാഷാശൈലി കൊണ്ട് കഥാപാത്രങ്ങൾക്ക് നൽകിയ രൂപസൃഷ്ടി ഏതൊരഭിനേതാവിനേയും കൊതിപ്പിക്കുന്നതാണ്. ഛായാമുഖിയിലെ കീചകനെന്ന ഒരൊറ്റ കഥാപാത്രംമതി അദ്ദേഹത്തിന്റെ സർഗ്ഗസൃഷ്ടിയുടെ കരുത്തെന്തെന്ന് തിരിച്ചറിയാൻ.
"പ്രണയിക്കുക എളുപ്പമാണ് പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്"
ഉള്ളുലയാതെ ഒരു അഭിനേതാവിനും ഇതു പറഞ്ഞു തീർക്കാനാവില്ല. വെട്ടും തിരുത്തും ആവശ്യമില്ലാത്ത ഒരു പരിപൂർണ നാടക കൃതിയായിരുന്നു ഛായാമുഖി. അതിന്റെ അരങ്ങു രൂപവും മനസ്സിലാവാഹിച്ചാണ് പ്രശാന്ത് നാരായണൻ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിലെത്തിച്ചേർന്നത്. പി.ജെ. ഉണ്ണികൃഷ്ണനെന്ന മഹാ നടനെയായിരുന്നു ആദ്യം കീചകനായി പ്രശാന്തേട്ടൻ മനസ്സിൽ കണ്ടത്. പി.ജെ. ഉണ്ണികൃഷ്ണന്റെ തിരക്കുമൂലം രണ്ടുപേരും കൂടിയാലോചിച്ചാണ് തുടക്കകാരനായ എന്നെ അതിലേക്കെത്തിച്ചത്. എന്റെ ജീവിതത്തിലെ മഹാഭാഗ്യമായിരുന്നു കീചകനെന്ന കഥാപാത്രത്തിലേക്കുള്ള വിളിയെന്ന് പതിയെ തിരിച്ചറിയുകയായിരുന്നു. പിന്നീട് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവത്തിലേക്ക് തിരഞ്ഞെടുത്തപ്പോൾ എന്റെ സിംഗപ്പൂർ നാടക സ്ക്കൂളിലേക്കുള്ള പ്രവേശന തിരക്കുകാരണം കീചകനെന്ന കഥാപാത്രം പി.ജെ. ഉണ്ണികൃഷ്ണനിലേക്ക് എത്തിച്ചേർന്നതും ചരിത്രത്തിന്റെ മറ്റൊരു നീതിയാവാം. പിൽക്കാലത്ത് ഛായാമുഖി നാടകത്തിന്റെ അവതരണാനുമതി പ്രശസ്ത സിനിമാനടൻ മുകേഷിന് കടവൂരിൽ വച്ച് പി.ജെ. ഉണ്ണികൃഷ്ണൻ കൈമാറുമ്പോൾ മൂക സാക്ഷിയായി തൊട്ടടുത്തെത്തിയതും അതിശയത്തോടെയെ ഓർക്കാൻ കഴിയൂ. പിന്നീട് കീചകനെ അവതരിപ്പിച്ച് മലയാളത്തിന് ഛായാമുഖിയെ പരിചിതമാക്കിയത് മുകേഷിന്റെ നേതൃത്വത്തിലായിരുന്നു.
2002 ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര തിയേറ്റർ പരിശീലനം കഴിഞ്ഞു നിന്ന സമയത്താണ് നീരാവിൽ പ്രകാശ് കലാകേന്ദ്രം ചെയ്യുന്ന പ്രശാന്ത് നാരായണന്റെ ഛായാമുഖി എന്ന നാടകത്തിലേക്ക് അഭിനയിക്കാനായി ക്ഷണം കിട്ടുന്നത്. പ്രശാന്ത് നാരായണൻ എന്ന നാടക പ്രതിഭയുടെ അസാധാരണ കഴിവുകൾ സ്കൂൾ ഓഫ് ഡ്രാമയിലെ എന്റെ പഠനകാലയളവിനു മുൻപേ തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ ഈ ക്ഷണത്തിനു രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതം അറിയിച്ചു. കൊല്ലം സോപാനം സെന്റെർ ഫോർ പെർഫോമിങ് ആർട്സിനു വേണ്ടി 1996 ൽ ഭാസ മഹാകവിയുടെ ഊരുഭംഗം പ്രശാന്ത് നാരായണന്റെ സംവിധാനത്തിൽ അവതരിപ്പിച്ചതും അതിൽ ഭീമനെ ചെയ്തതും മറക്കാനാവാത്ത ഓർമ്മയായി മനസ്സിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നു. ആ നാടകത്തിന്റെ നവമായ രംഗഭാഷ സൃഷ്ടിക്കാനായി സംവിധായകന്റെ നേതൃത്വത്തിൽ നടത്തിയ വ്യത്യസ്ത പരിശീലന പദ്ധതികളും , സൂക്ഷ്മമായ കഥാപാത്രസൃഷ്ടിക്കായി മലനട ദുര്യോധന ക്ഷേത്രത്തിലേക്ക് നടത്തിയ ഗവേഷണയാത്രകളും അതുവരെയുള്ള എന്റെ നാടക സങ്കല്പങ്ങളെ മുഴുവൻ പുതുക്കി പണിയുന്നതായിരുന്നു. അതിനാൽത്തന്നെ വളരെ പ്രതീക്ഷയോടെയാണ് ഛായാമുഖിയുടെ സംഘത്തിൽ അഭിനേതാവായി പങ്കെടുത്തത്. പ്രശാന്ത് നാരായണൻ തന്നെ രചിച്ച ഈ നാടകത്തിന്റെ ആദ്യ വായനയിൽ തന്നെ മനസ്സിലായി മലയാള നാടക വേദിയിൽ ഉണ്ടായിട്ടുള്ള മികച്ച നാടക കൃതികളുടെ ശ്രേണിയിലേക്ക് ഈ കൃതിയും ഇടം പിടിക്കുമെന്ന് .
മലയാളത്തിലെ എക്കാലത്തേയും മികച്ച നാടകകൃത്ത് സി.എൻ. ശ്രീകണ്ഠൻ നായരുടെ നാടകങ്ങളുടെ നിലവാരത്തിനൊപ്പം വയ്ക്കാവുന്ന കൃതിയായിരുന്നു മഹാഭാരത്തിന്റെ പുനർവായനയിലൂടെ രൂപപ്പെട്ട കീചക ജീവിതം അടയാളപ്പെടുത്തിയ ചായാമുഖി. ഒരുവരി പോലും മാറ്റിയെഴുതാനോ , മുറിച്ചുമാറ്റാനോ കഴിയാത്ത തരത്തിലുള്ള പരിപൂർണ്ണ നാടക കൃതിയായിട്ടാണ് രചയിതാവും, സംവിധായകനുമായ പ്രശാന്ത് നാരായണൻ ഇത് ഞങ്ങളുടെ മുന്നിലേക്ക് വച്ചത്. തുടർന്നുള്ള ഓരോ വായനയിലും രചയിതാവിന്റെ ആത്മാംശം ഛായാമുഖിയുടെ ഓരോ വാക്കിലും വരിയിലും ഞങ്ങൾക്ക് ദർശിക്കാനും അനുഭവിക്കാനുമായി. പ്രത്യേകിച്ചും എനിക്കു ലഭിച്ച കീചകനെന്ന കഥാപാത്രം പ്രശാന്ത് നാരായണന്റെ ഹൃദയത്തുടിപ്പുകൾ ഉൾക്കൊള്ളുന്നതാകയാൽ കീചകനിലേക്കുള്ള എന്റെ പരകായപ്രവേശം വളരെ എളുപ്പമുള്ളതായി മാറി. പൊതുവെ അന്തർമുഖത്വം ഉള്ള എന്നിൽ ഉള്ളുറഞ്ഞു കിടന്ന ഒട്ടനവധി വൈകാരിക മാനസിക വിക്ഷോഭങ്ങളെ പുറത്തു കൊണ്ടുവരാൻ സഹായകകരമായ സ്വഭാവ സവിശേഷതകളുള്ള കഥാപാത്ര ചിത്രീകരണമായിരുന്നു കീചകന്റേത്.
സ്വദേശത്തേക്ക് വന്ന പാഞ്ചാലിയെ അഗാധമായി പ്രണയിച്ച കീചകൻ അവിചാരിതമായി പഞ്ചാലിയുടെ കൈയ്യിൽ നിന്നും ഒരു മായക്കണ്ണാടി കൈക്കലാക്കുന്നു. ഈ കണ്ണാടിയിൽ നോക്കിയാൽ സ്വന്തം രൂപമല്ല കാണുക പകരം താൻ ആരെയാണോ പ്രണയിക്കുന്നത് അവരുടെ രൂപമാണ് ഈ മായക്കണ്ണാടി കാട്ടിത്തരുന്നത്. കീചകൻ ഈ കണ്ണാടിയിൽ നോക്കിയപ്പോൾ താൻ പ്രണയിക്കുന്ന ആളെ കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല സ്വന്തം രൂപംപോലും അതിൽ തെളിഞ്ഞില്ല. ലോകത്തിലെ എല്ലാറ്റിനേയും പ്രണയിക്കുന്ന ആരാധിക്കുന്ന കീചകനെ സംബന്ധിച്ച് ഈ അവസ്ഥ ആകെ ഉലച്ചു കളഞ്ഞു. തന്നോട് തന്നെയും യുദ്ധം പ്രഖ്യാപിച്ച് ശക്തമായി മുന്നോട്ട് നീങ്ങുന്ന കീചകന്റെ ശരികളെ കൃത്യമായി അടയാളപ്പെടുത്തിയ മഹത്തായ അരങ്ങവതരണമായി ഈ നാടകം ആ കാലഘട്ടത്തിൽ മാറി. പൂക്കളെ തേടി അരങ്ങിളക്കി കടന്നുവന്ന കീചക കഥാപാത്രത്തിലൂടെ എന്നെ തേടിവന്നത് കേരള സംഗീത നാടക അക്കാദമി സംസ്ഥാനതല നാടകമൽസരത്തിൽ ആ വർഷത്തിലെ മികച്ച നടനുള്ള അവാർഡ് കൂടിയായത് മധുരമുള്ള ഓർമ്മയായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. സ്കൂൾഓഫ് ഡ്രാമയിലെ അഭിനയ പരിശീലനത്തിലൂടെ സ്വയത്തമാക്കിയതൊക്കെ പൂർണാർത്ഥത്തിൽ തികവോടെ പ്രകടിപ്പിക്കാനായ മഹത്തായ കഥാപാത്രസൃഷ്ടിയായിരുന്നു ഛായാമുഖിയിലെ കീചകൻ. ഒരർത്ഥത്തിൽ കവിയായും , കമിതാവായും, താന്തോന്നിയായും , നാടോടിയായും വേഷപ്പകർച്ച നടത്തിയിരുന്ന പ്രാശാന്തേട്ടനെ തന്നെയായിരുന്നു കീചകനിൽ എനിക്ക് കാണാൻ കഴിഞ്ഞിരുന്നത്. പലപ്പോഴും അദ്ദേഹം തന്നെ അത് പറഞ്ഞിരുന്നു. "എന്റെ ആത്മാംശമാടാ ഈ കീചകൻ"
"ഇരുളിരുളിരുളേ കൂരിരുളേ
കനവൊരു കൂന കടം തരുമോ .....
ഞാനെല്ലാത്തിനേയും സ്നേഹിക്കുന്നു
പൂക്കളെ , പുഴകളെ , നന്മയെ, തിന്മയെ
പഴമയെ, പുതുമയെ .... ഞാനെല്ലാത്തിനേയും ആരാധിക്കുന്നു. പക്ഷേ
എല്ലാത്തിനേയും കൂടി ഉൾകൊള്ളാൻ
ഈ ഛായാമുഖിക്കതിന്റെ വിരുതു പോരാ ......
കീചകനൊരു യുദ്ധം പ്രഖ്യപിക്കുന്നു
തന്നോടു തന്നെ ചെയ്യുന്ന യുദ്ധം
കൊല്ലപ്പെടുന്നയാൾ ഞാൻ തന്നെയാണെന്നതാണീ യുദ്ധത്തിന്റെ സവിശേഷത. "
സ്വന്തം കൃതികളിൽ എഴുതി വച്ചതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ലോക ക്രമങ്ങളുടെ ചട്ടക്കൂടിനനുസരിച്ച് സ്വയം ക്രമപ്പെടുത്താനും ചിട്ടപ്പെടുത്താനും പലപ്പോഴും ശ്രമിച്ചു പക്ഷേ പ്രശാന്ത് നാരായണനിലെ കലാകാരന് ആ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി കൂടാനാവില്ലായിരുന്നു. ചെയ്തതിനേക്കാളുപരി ചെയ്യാൻ കരുതി വച്ചിരുന്ന മഹത്തായ ആശയങ്ങളായിരുന്നു ആ മഹാമനസ്സിനുള്ളിൽ . സൗഹൃദ സംഭാഷണത്തിൽ പങ്കുവെച്ച ആ നാടക സ്വപ്നങ്ങളൊക്കെ അതിശയത്തോടെ കേട്ടിരുന്നു. ജഗതി ശ്രീകുമാറിനെ വച്ച് ചെയ്യാനിരുന്ന കചദേവയാനീചരിതവും, മകരധ്വജനും ഒക്കെ കൂട്ടുകാരെയും കൂട്ടിപ്പോയി ചെയ്തെടുക്കാൻ ശ്രമിച്ചു. പക്ഷേ കലാകാരനെന്നതിനേക്കാളുപരി പ്രശാന്തേട്ടനിലെ വ്യക്തിയോട് കലഹിച്ച് ഞങ്ങൾക്കൊക്കെ പിൻ വാങ്ങേണ്ടിവന്നു. എന്നാലും ആ പ്രതിഭയോടുള്ള ആദരവ് കൊണ്ട് വിളിച്ചപ്പോഴൊക്കെ ഓടിയെത്താറുണ്ടായിരുന്നു.
നാടകജീവിതം കൊണ്ട് ഞാൻ പടുത്തുയർത്തിയ ഞങ്ങളുടെ കുഞ്ഞുവീടിന് പ്രശാന്തേട്ടന്റെ അനുമതിയോടെ ഇട്ട പേര് 'ഛായാമുഖി 'എന്നാണ്. 'നിന്റെ വീടിന്റെ പേര് ഭട്ടതിരിയുടെ കാലിഗ്രാഫിയിൽ ഡിസൈൻ ചെയ്യിപ്പിച്ച് ഞാൻ കൊണ്ടുവരും, അതു വച്ചാൽ മതി' എന്നൊരു ശാസനയോടെ പറഞ്ഞ് അളവുകൾ മേടിച്ചതാണ്. അവിടം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.. പ്രശാന്തേട്ടന്റെ വരവിനായി . അവസാനമായി ചെന്നത് അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ 'ആകാശ' ത്തിന്റെ അഭിനയ പരിശീലനത്തിനു വേണ്ടിയായിരുന്നു. വൈലോപ്പിള്ളി സംസ്കൃതിഭവനിലായിരു ആ കളരി. അന്ന് അഭിമാനപൂർവ്വം ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. " എന്റെ പ്രിയ ശിഷ്യനാണിവൻ " . അന്ന് അവസാനമായി കണ്ടുപിരിഞ്ഞ ഇടത്തേക്ക് ഞാൻ ഒരിക്കൽകൂടി വരികയാണ്. വൈലോപ്പിള്ളി സംസ്കൃതിഭവനിലേക്ക് അവസാനമായി ഒരിക്കൽ കൂടി കണ്ട് നാടകാഭിവാദ്യം അർപ്പിക്കാൻ .
"ഭൂമി നിറയെ ജീവിതം
ഒരസ്ഥി കുടുക്കയിലെത്ര കൊള്ളും"