സംവിധായകൻ സിദ്ധിക് വിട പറഞ്ഞിരിക്കുന്നു. മലയാള ജനപ്രിയ സിനിമാചരിത്രത്തിൽ വലിയ ഒരു വഴിതിരിച്ചുവിടൽ നടത്തിയ സംവിധായകരാണ് സിദ്ധിക്-ലാലുമാർ.
A film should have a beginning, a middle and an end, but not necessarily in that order എന്ന് ഗൊദാർദ് പറയുന്നുണ്ട്. പക്ഷേ നമ്മുടെ ജനപ്രിയ സിനിമയിൽ, രസകരമെന്നും ഉദ്വേഗജനകമെന്നും അവകാശപ്പെടുന്ന തുടക്കം, ഇന്റർവെൽ, ക്ലൈമാക്സ് എന്നീ സെഷനുകളുടെ ചേർത്തുവെപ്പാണ് കാണാൻ സാധിക്കുക. ഒരു പക്ഷേ, മലയാള വാണിജ്യ സിനിമയിൽ ഇതിന്റെ ക്ലാസിക്കൽ ഉദാഹരണമായി കാണാവുന്ന ചിത്രം സിദ്ദിഖ് - ലാൽ എന്നിവർ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന ചിത്രമാണ്.
ഈ ചിത്രം കാണിയിൽ ആസ്വാദനത്തിന്റെ ഒരു ശേഷിയെ നിർമ്മിച്ചെടുക്കുന്നുണ്ട്. ആ ശേഷിയെ ഉപയോഗപെടുത്തിയോ പിൻപറ്റിയോ അനുകരിച്ചോ ആണ് മലയാള സിനിമയിൽ ഇന്നും വലിയ ബോക്സോഫീസ് വിജയങ്ങൾ ഉണ്ടാവുന്നത്. മുറുക്കമുള്ള സന്ദർഭങ്ങളാൽ നിർമ്മിക്കപ്പെട്ട ഒരു തുടക്കം, ഇന്റർവെൽ, ക്ലൈമാക്സ് എന്ന രീതിയാണ് ചിത്രത്തിന്റെത്. അതിനിടയിലെ സമയ ഇടവേളകൾ ആ സിനിമയുടെ മുഖ്യ സന്ദർഭങ്ങളെ ഒരു നിലക്കും സ്വാധീനിക്കാത്ത ചില പ്രണയ/കോമഡിരംഗങ്ങൾ കൊണ്ട് 'ഫില്ല്' ചെയ്യുന്നു. സിനിമയുടെ മൊത്തം ദൈർഘ്യത്തിലെ ഏത് ചെറിയ സമയ ഇടവേളകൾ നാം പരീക്ഷണാർത്ഥം മുറിച്ചു നോക്കിയാലും സിനിമയുടെ മുഖ്യപ്രമേയത്തിന് വലിയ ചലനം സംഭവിക്കുന്നതായി കാണാനാവില്ല. ഇന്റർവലിനോ അതിന് തൊട്ടുമുമ്പോ മറ്റോ ഒക്കെയുള്ള നാടകീയമായ ഒരു സന്ദർഭത്തിലൂടെയാണ് കഥാഗതിയെ വഴിതിരിച്ചു വിടുന്നത്. ഈ രീതി, മലയാള സിനിമയുടെ കാണി ഏറെ സ്വീകരിച്ചിട്ടുള്ള ഒരു ജനപ്രിയ ഫോർമാറ്റാണ്. സിനിമയുടെ ജീവിതത്തിന് ഒരു Gradual Progression നിഷേധിക്കുകയും, വിരലിലെണ്ണാവുന്ന ചില സന്ദർഭങ്ങൾക്കിടയിൽ Drama പരിവർത്തനം ചെയ്യുകയും ചെയ്യുന്ന ഫോർമാറ്റാണ് മലയാള ജനപ്രിയ സിനിമ പിന്നീടിങ്ങോട്ടെല്ലാം പരീക്ഷിക്കുന്നത്.
മലയാള സിനിമയുടെ അക്കാലം വരെയുള്ള വാണിജ്യ വിജയങ്ങളിലെ കുടുംബ പശ്ചാത്തലം, കഥാപാത്ര പശ്ചാത്തലം എന്നിവയെ അപ്പാടെ അട്ടിമറിക്കുന്നുണ്ട് ഇവർ. അഥവാ ജനപ്രിയതയുടെ ഒരു ഫോർമാറ്റിനെ തന്നെ പുതിയതായി നിർമ്മിച്ചെടുക്കുന്നുണ്ട്. കരുത്തുറ്റ ആൺ നായകരുടെ വീര സാഹസികതകളിലോ, കുടുംബ ബന്ധങ്ങളുടെ കണ്ണീർ നാടകങ്ങളിലോ മാത്രം ഉഴലുന്ന ആളുകേറി സിനിമകളെ സമർത്ഥമായി മറികടക്കുന്നുണ്ട് സിദ്ധിക്കും ലാലും.
ആദ്യ സിനിമയാകും എന്ന് അവർ തന്നെ കരുതി വെച്ചിരുന്ന നാടോടിക്കാറ്റ് സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റേയും പേരിൽ വന്നു. എന്നാൽ മറ്റൊരു തരം ദാസനും വിജയനുമായി ബാലകൃഷ്ണനും ഗോപാലകൃഷ്ണനും റാംജി റാവു സ്പീക്കിംഗിൽ വന്നു, തൊഴിൽ രഹിതരായ രണ്ടു യുവാക്കൾ. നാടോടിക്കാറ്റിന്റെ ഒരു ഘടനയും ഇല്ലാതെ തന്നെ റാംജി റാവു സ്പീക്കിംഗ് ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിച്ചു. കഥയുടെ ഒരു ഘട്ടത്തിൽ, ആ കഥ അത്രനേരം ആർജിച്ച എല്ലാ പശ്ചാത്തലങ്ങളെയും ഉപേക്ഷിച്ച് മറ്റൊരു ഗതിക്ക്, റാംജി റാവുവിലേക്കും ഉറുമീസ് തമ്പാനിലേക്കും വഴി തിരിച്ചു വിടുന്നു. നിസാരമെന്ന് തോന്നിക്കാവുന്ന, ആളുകളെ കൂടുതൽ കൺഫ്യൂസ് ചെയ്യിക്കാതെ ഡയറക്റ്ററിയിൽ മാറി വന്ന ഒരു ഫോൺ നമ്പർ ആ സിനിമയുടെ അന്നേരം വരെയുള്ള ഗതിയെ മാറ്റി മറിക്കുന്നു.
നിശ്ചയമായും ഒരു കമേഴ്സ്യൽ സിനിമയെ സംബന്ധിച്ച് ഇതൊരു ട്രപ്പീസ് കളിയാണ്. പ്രേക്ഷകർ അത്ര നേരം പരിചയിച്ചിരുന്ന ഒരു കഥാപരിസരത്തെയും സന്ദർഭത്തെയും അപ്പാടെ ഉപേക്ഷിച്ചു കളഞ്ഞ്, ഒരു പക്ഷെ മറ്റൊരു സിനിമയുടെ പോലും തുടക്കമായേക്കാവുന്ന ഒരു പുതിയ സന്ദർഭത്തെ പ്ലെയ്സ് ചെയ്യുക എന്നത്. പക്ഷേ ആളുകൾ അത് ഏറ്റെടുത്തു. ചിത്രം വലിയ തിയറ്റർ വിജയമായി.
ഇൻ ഹരിഹർ നഗറിലെ നാലു ചെറുപ്പക്കാരുടെ രസകരമായ സന്ദർഭങ്ങളിൽ നിന്നും പ്രണയങ്ങളിൽ നിന്നും ജോൺ ഹോനായിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോഴും ഈ വിജയം ആവർത്തിക്കപ്പെട്ടു. പ്രത്യേകിച്ച് വലിയ പേരുകളോ, താരങ്ങളോ, ഫൈറ്റോ, പാട്ടുസീനുകളോ ഒന്നുമില്ലാതെ തന്നെ രസകരവും ഉദ്വേഗഭരിതവുമായ ചില സന്ദർഭങ്ങൾ കൊണ്ട് സിദ്ധിക്കും ലാലും തിയറ്ററുകൾ നിറച്ചു. ഗോഡ്ഫാദർ എന്ന ചിത്രം.
മലയാള സിനിമയുടെ, വിശേഷിച്ചും വാണിജ്യ സിനിമയുടെ കാതലായി എക്കാലവും നിലനിന്നത് നായക- പ്രതിനായക പ്രതികാര ദ്വന്ദ്വങ്ങളാന്ന്. 80 കളുടെ പകുതിയിൽ മമ്മൂട്ടി പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയപ്പോൾ ഒരു വലിയ സിനിമയിലൂടെ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണമെന്ന് സംവിധായകൻ ജോഷിയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും നിർമാതാവ് ജോയ് മാത്യുവും (ജൂബിലി പ്രൊഡക്ഷൻസ്) തീരുമാനിക്കുന്നതായി 'ചരിത്രം എന്നിലൂടെ' എന്ന സഫാരി ചാനലിലെ പരിപാടിയിലൂടെ ഡെന്നിസ് ജോസഫ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പല കഥകൾ ആലോചിക്കുകയും ഒടുവിൽ ന്യൂഡൽഹിയുടെ കഥാ തന്തുവിൽ എത്തുകയും ചെയ്യുന്നു. ന്യൂഡൽഹിയുടെ കഥാ തന്തുവിനെ അതിന്റെ രചയിതാവ് തന്നെ വിശേഷിപ്പിക്കുന്നത് കൗതുകകരമായിട്ടാണ്. " തന്നെ നശിപ്പിച്ചവനെ താനും നശിപ്പിക്കും എന്ന ചർവ്വിത ചർവണമായ കഥയാണ് ന്യൂഡൽഹിയുടേത്." എന്നാണ്. അക്കാലത്തിൽ അതിനു വാണിജ്യ സാധ്യതകളുണ്ടാവുകയും മേക്കിങിലെ പുതുമ കൂടെ ചേർന്നപ്പോൾ ന്യൂഡൽഹി ഒരു വൻ വിജയമാവുകയും ചെയ്തു.
ഐ വി ശശി, ഡെന്നിസ് ജോസഫ്, ജോഷി, തമ്പി കണ്ണന്താനം തുടങ്ങിയ ഹിറ്റ്മേക്കർമാർക്കിടയിൽ മറ്റൊരു വഴി നിശ്ചയമായും സിദ്ധിക്കിനും ലാലിനും കണ്ടെത്തണമായിരുന്നു. അതിനവർ കണ്ട വഴിയായിരിക്കണം ആസ്വാദ്യകരമായ തുടക്കം, ഗതിയെ മാറ്റുന്ന ഇന്റർവൽ, മുറുകിയതും ഉദ്വേഗഭരിതവുമായ ക്ലൈമാക്സ് എന്ന ഘടന. ക്രൈം ഡ്രാമയിലും മറ്റും നാം കാണുന്ന ഒരു ഘടനയെയാണ് സിദ്ധിക്കും ലാലും പരീക്ഷിച്ചത്.
കാണിയെ വൈകാരികമായി മാത്രം എൻഗേജ് ചെയ്യിക്കുക എന്ന തന്ത്രമാണ് എഴുത്തിൽ ഇവർ സ്വീകരിച്ചത് എന്ന് കരുതാം. അത് തമാശയാലോ ദുഃഖത്താലോ കാണിക്ക് നൽകുന്ന സന്ദർഭങ്ങൾ കൊണ്ട് മെനഞ്ഞെടുത്തതാണ്. ഒരുപാട് ചിരിപ്പിച്ച സിനിമകൾ എന്നാണ് പൊതുവെ ഇവരുടെ ചിത്രങ്ങൾ ഓർക്കുമ്പോൾ പറയാറുള്ളത്. അപ്പോൾ തന്നെ ഏതാണ്ട് ചിരിയോളം തന്നെ സങ്കട സന്ദർഭങ്ങളും ഇവരുടെ ചിത്രങ്ങളിൽ കാണാം. അമ്മയെ കാറിലിരുത്തി വരുന്ന ഗോപാലകൃഷ്ണനും, സ്വന്തം നിഴലായ മക്കളെ ഗേറ്റിനു പുറത്താക്കുന്ന അഞ്ഞൂറാനും അടക്കം സങ്കടത്തിന്റെ അനേകം സന്ദർഭങ്ങൾ ചിരിയുടെ കൂടെ തന്നെ നമുക്ക് എണ്ണിയെടുക്കാനാവും. വഴിപിരിഞ്ഞ ശേഷം സിദ്ധിക് മാത്രമായി എടുത്ത ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക്ക് ബാച്ചിലർ, ബോഡിഗാർഡ് തുടങ്ങിയ ചിത്രങ്ങളിലും ഈ ഫോർമാറ്റ് പരീക്ഷിക്കപ്പെട്ടു. അതൊക്കെ തിയറ്ററിൽ വലിയ ആൾക്കൂട്ടങ്ങളെ നിർമ്മിച്ചു.
സിദ്ധിക് വിടപറയുമ്പോൾ മറ്റൊരു തരം സിനിമാശീലത്തെ കാണികളിൽ പ്രവേശിപ്പിച്ച ഒരു മാജിക്ക് കൂടിയാണ് ഇല്ലാതെയാവുന്നത്.