അമ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ ദിവസം ഞാന്‍ ഉറക്കമെഴുന്നേറ്റത് ഒരുപാട് ഉത്സാഹത്തോടെയാണ്. തിരുവനന്തപുരത്തെ ഗവണ്മെന്റ് മോഡല്‍ ഹൈസ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായി ചേര്‍ന്നിട്ട് കുറച്ചു ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. സ്‌കൂളില്‍ കൊണ്ടുപോകാനായി പുതിയൊരു പെട്ടി (അന്ന് കുട്ടികള്‍ കൊണ്ടുനടക്കാറുള്ളത് അവരെക്കാള്‍ വലുപ്പമുള്ള അലുമിനിയം ബോക്‌സ് ആണ്) വാങ്ങിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു അത്. വൈകിട്ട് സ്‌കൂള്‍ വിട്ടു മടങ്ങി വന്നശേഷം ചാല മാര്‍ക്കറ്റില്‍ കൊണ്ടു പോയി വാങ്ങിച്ചു തരാമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
വീടിന്റെ സമീപത്തുള്ള ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് കേരളകൗമുദി പത്രം മറിച്ചു നോക്കിയപ്പോള്‍ ഒരു കോണിലായി ചെറിയൊരു വാര്‍ത്ത കണ്ടു. 'നടന്‍ സത്യന്‍ ഗുരുതരാവസ്ഥയില്‍' കഴിഞ്ഞ രണ്ടു ദിവസങ്ങളായി മദ്രാസിലെ കെ ജെ ഹോസ്പിറ്റലില്‍ കഴിയുന്ന സത്യന്റെ രോഗാവസ്ഥ അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് ആ ചെറിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. അതു വായിച്ചു കഴിഞ്ഞതോടെ എന്റെ സകല ഉത്സാഹവും ഒറ്റയടിക്ക് ചോര്‍ന്നുപോയി. മനസിനെ വല്ലാത്തൊരു മ്ലാനത വന്നുമൂടി. അന്നു വൈകുന്നേരം പുതിയ പെട്ടി കിട്ടുമല്ലോ എന്ന സന്തോഷവും അതുണ്ടാക്കിയ ഉത്സാഹവുമൊക്കെ എവിടേയ്‌ക്കോ പോയിമറഞ്ഞു. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും തിങ്ങി നിറഞ്ഞ ബസില്‍ ഒരുവിധം പിടിച്ചുതൂങ്ങി നില്‍ക്കുമ്പോഴും ക്ലാസ് റൂമില്‍ ഇരിക്കുമ്പോഴും ഇന്റര്‍വെല്‍ നേരത്തുമൊക്കെ ഞാന്‍ സത്യന് എന്തു സംഭവിച്ചു കാണുമെന്ന് മാത്രമാണ് ആലോചിച്ചുകൊണ്ടിരുന്നത്. വാസ്തവത്തില്‍ ഞാന്‍ പത്രം വായിക്കുമ്പോള്‍ തന്നെ അതു സംഭവിച്ചു കഴിഞ്ഞിരുന്നു. അന്ന് (ജൂണ്‍ 15)വെളുപ്പിന് നാലു മണിക്കോ മറ്റോ സത്യന്‍ വിട പറഞ്ഞിരുന്നു. ആകാശവാണിയുടെ ഡല്‍ഹിയില്‍ നിന്നുള്ള മലയാളവാര്‍ത്തയിലൂടെ ലോകം അക്കാര്യം അറിയുകയും ചെയ്തിരുന്നു. അന്നു രാവിലെ വീട്ടില്‍ റേഡിയോ വെക്കാന്‍ അമ്മ വിട്ടുപോയതുകൊണ്ടാണ് എനിക്ക് കാര്യങ്ങളൊന്നുമറിയാതെ അങ്ങനെ മുള്‍ മുനയില്‍ നില്‍ക്കേണ്ടി വന്നത്. എന്റെ ക്ലാസ്സിലെ മറ്റു കുട്ടികളെയാരെയും ഈ കാര്യം അലട്ടിയതായി തോന്നിയില്ല. ഞാന്‍ പുതിയ കുട്ടിയായതുകൊണ്ട് മറ്റെല്ലാവരുമായും പരിചയപ്പെട്ടു വരുന്നതേ ഉള്ളൂ. മടിച്ചു മടിച്ച് അടുത്തിരിക്കുന്ന കുട്ടിയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പരിഹസിച്ചുള്ള ഒരു ചിരിയായിരുന്നു മറുപടി. പേടി കാരണം അദ്ധ്യാപകരോടൊന്നും ചോദിക്കാനേ പോയില്ല.
സത്യന് എന്തോ കാര്യമായ അസുഖമാണെന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പെപ്പോഴോ അമ്മ പറഞ്ഞു കേട്ടിരുന്നു. എങ്കിലും ഇത്ര പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്നോര്‍ത്തില്ല. ബസ്സില്‍ നിന്നിറങ്ങിയ പാടേ വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു. അമ്മയുടെ മ്ലാനമായ മുഖം കണ്ടപ്പോള്‍ മനസിലായി. ഭയപ്പെട്ടത് സംഭവിച്ചു. സത്യന്‍ മരിച്ചുപോയെന്നും വൈകുന്നേരം മദ്രാസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്നുമൊക്കെ റേഡിയോയില്‍ കേട്ടറിഞ്ഞ കാര്യം അമ്മ പറഞ്ഞു. അച്ഛന്‍ എയര്‍പോര്‍ട്ടിലേക്ക് ചിലപ്പോള്‍ പോയേക്കുമെന്ന് പറഞ്ഞുവെന്നും. സ്‌കൂളില്‍ നിന്ന് നേരത്തെയെത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ അച്ഛന്‍ ഒപ്പം കൊണ്ടു പോയേനെയെന്നോര്‍ത്തപ്പോള്‍ നിരാശ തോന്നി. ബോക്‌സ് വാങ്ങാനായി അയല്പക്കത്തെ ചേട്ടന്റെ കൂടെ പൊയ്‌ക്കൊള്ളാന്‍ അമ്മ പറഞ്ഞെങ്കിലും വലിയ ഉത്സാഹമൊന്നും തോന്നിയില്ല. ശംഖുമുഖത്തുളള വിമാനത്താവളത്തില്‍ നിന്ന് നിന്ന് പെരുന്താന്നിയില്‍ ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ നേരെ മുന്നിലുള്ള ആറാട്ട് റോഡില്‍ കൂടിയാണ് സത്യന്റെ ഭൗതിക ശരീരം കൊണ്ടുപോകുന്നത് അത് കണ്ടിട്ട് മതി ബോക്‌സ് വാങ്ങിക്കാന്‍ ചാല മാര്‍ക്കറ്റിലേക്ക് പോകുന്നതെന്ന് തീരുമാനിച്ചു.
പിന്നീട് അക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു. ഏതാണ്ട് ആറ് മണികഴിഞ്ഞപ്പോള്‍ 'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്രപോകുന്നു' എന്ന ഗാനവുമാലപിച്ചുകൊണ്ട് സത്യനെയും വഹിച്ചുകൊണ്ട് മന്ദഗതിയില്‍ സഞ്ചരിച്ചിരുന്ന വിലാപയാത്ര ഞങ്ങളുടെ വീടിന്റെ തൊട്ടു മുന്നിലെത്തി. മുന്നില്‍ സത്യന്റെ വലിയൊരു പടവുമായി അലങ്കരിച്ച,മുകള്‍ ഭാഗം തുറന്ന ആ വലിയ ബസ്സില്‍ കുറച്ച് ഉയരത്തില്‍ വെച്ചിരിക്കുന്ന ശവമഞ്ചം കാണാം. അതിന്റെ തല ഭാഗത്തായി,റോഡിന് ഇരുവശവും തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഏറ്റവും മുന്നില്‍ ഇരിക്കുന്നത് സത്യന്റെ ഒപ്പം താര നായകപദവി പങ്കിട്ടിരുന്ന പ്രേം നസീറാണ്. സിനിമയിലും ചിത്രത്തിലും മറ്റും കണ്ടിട്ടുള്ള വേറെയും പല താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ ആ വാഹനത്തിലുണ്ടായിരുന്നു. മധു, തിക്കുറിശ്ശി, കൊട്ടാരക്കര, കെ പി ഉമ്മര്‍,ശങ്കരാടി, ബഹദൂര്‍,രാമുകാര്യാട്ട്, പി ഭാസ്‌ക്കരന്‍, തോപ്പില്‍ ഭാസി എം ഒ ജോസഫ്, ഹരിപ്പോത്തന്‍, കണ്മണി ബാബു. വാഹനത്തിന്റെ ഏറ്റവും പിറകില്‍ ഇരുന്നത് അടൂര്‍ ഭാസിയാണ്. ജനക്കൂട്ടത്തില്‍ നിന്ന് ഉറക്കെ എന്തോ കമന്റ് വിളിച്ചുപറഞ്ഞ ആളുടെ നേര്‍ക്ക് ഭാസി രൂക്ഷമായി നോക്കുന്നത് കണ്ടു. കൂട്ടത്തില്‍ നടികള്‍ ആരെയും കാണാനുണ്ടായിരുന്നില്ല. ഹിന്ദുവിന്റെ പ്രത്യേക ഡക്കോട്ട വിമാനത്തില്‍ ആകെ ഇരുപത് പേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് ഷീലയും ശാരദയും അംബികയും ജയഭാരതിയും സുകുമാരിയും കവിയൂര്‍ പൊന്നമ്മയുമടക്കമുള്ള നടികളെ കൊണ്ടു വരേണ്ടെന്ന് ചലച്ചിത്ര പരിഷത്ത് തീരുമാനിച്ചതായി പിന്നീട് വായിച്ചു.
അന്ന് താരങ്ങളില്‍ പലരെയും ആദ്യമായി ഇങ്ങനെ തൊട്ടടുത്തു കാണാന്‍ അവസരമുണ്ടായിട്ടും എനിക്ക് സങ്കടമടക്കാനായില്ല. ആ യാത്ര കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സത്യനില്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സത്യനെ എന്നെങ്കിലും നേരില്‍ കാണാനുള്ള അവസരം ഇനിയുണ്ടാകില്ലല്ലോ എന്ന സങ്കടമായിരുന്നു മറ്റൊന്ന്. ആരുടെയെങ്കിലും ഒപ്പം വി ജെ ടി ഹാളില്‍ പോയി ആ മൃതശരീരമൊന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടുത്തെ തള്ളും തിരക്കും ഓര്‍ത്ത് അമ്മ വിട്ടില്ല. അങ്ങനെ കനം തൂങ്ങിയ മനസ്സുമായി ചാല മാര്‍ക്കറ്റിലേക്ക് പോയി. ഇഷ്ടപ്പെട്ട തരത്തിലുള്ള ഒരു പെട്ടി വാങ്ങിയിട്ടും അതില്‍ ആഹ്ലാദിക്കാനും ആഘോഷിക്കാനുമൊന്നും അന്നെനിക്ക് കഴിഞ്ഞില്ല.....
സിനിമ ആസ്വദിക്കാന്‍ തിരിച്ചറിവ് വന്നതു തൊട്ട് അന്നേ വരെ ഏറ്റവും ആസ്വദിച്ചു കണ്ടിട്ടുള്ളത് സത്യന്റെ സിനിമകളാണ്. കൊല്ലം ഗ്രാന്റ് തിയറ്ററില്‍ കണ്ട ചെമ്മീന്റെ സ്‌പെഷ്യല്‍ ഷോ ആണ് വ്യക്തമായ ആദ്യത്തെ ഓര്‍മ്മ. അന്നാളുകളില്‍ തന്നെ കണ്ട 'കുടുംബം',ഓടയില്‍ നിന്ന് , 'തൊമ്മന്റെ മക്കള്‍','അനാര്‍ക്കലി','തിലോത്തമ','കായംകുളം കൊച്ചുണ്ണി', 'അന്വേഷിച്ചു കണ്ടെത്തിയില്ല', 'കാവാലം ചുണ്ടന്‍'.... ഇങ്ങനെ എത്രയെത്ര സിനിമകള്‍. സിനിമയോടുള്ള ഭ്രമം മൂര്‍ച്ഛിച്ച്, കോട്ടയത്ത് നിന്നിറങ്ങുന്ന സിനിമാ മാസികയും കൊല്ലത്തെ സിനിരമയുമൊക്കെ ആവേശത്തോടെ കമ്പോട് കമ്പു വായിച്ചു തുടങ്ങിയ പ്രായത്തിലാണ് 'യക്ഷി', 'അടിമകള്‍', 'കടല്‍പ്പാലം' , 'കാട്ടുകുരങ്ങ്', 'മൂലധനം' തുടങ്ങിയ സിനിമകളൊക്കെ കാണുന്നത്. കൊല്ലത്തെ കുമാര്‍, കൃഷ്ണ, എസ് എം പി തുടങ്ങിയ തിയറ്ററുകളിലൊക്കെ പോയി കണ്ടിരുന്ന സിനിമകളെകുറിച്ച്, വീട്ടില്‍ വന്നാലുടനെ ഞാനും ചേച്ചിയും തമ്മില്‍ കൂലങ്കഷമായ ചര്‍ച്ചയിലേര്‍പ്പെടും. രണ്ടാള്‍ക്കും പ്രത്യേകം പ്രത്യേകം വാങ്ങിച്ച പാട്ടുപുസ്തകങ്ങള്‍ (തമ്മില്‍ അടി യുണ്ടാക്കാതിരിക്കാനാണ് രണ്ടു പേര്‍ക്കും ഓരോന്ന്!) മനപാഠമാക്കും. അടുത്ത് കാണേണ്ട സിനിമകളെ കുറിച്ചൊക്കെ 'സിനി രമ' യിലും മറ്റും നോക്കി മനസിലാക്കിവെക്കും.. ഷീലയെയും ശാരദയെയും സംബന്ധിച്ച് എനിക്കും ചേച്ചിക്കുമിടയില്‍ അഭിപ്രായ ചില്ലറ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ഇഷ്ടമുള്ള നടനാരെന്ന കാര്യത്തില്‍ ഒറ്റയൊരു അഭിപ്രായമായിരുന്നു. പ്രേം നസീറിനെ ഇഷ്ടമൊക്കെ തന്നെ, പക്ഷെ പ്രിയപ്പെട്ട നടന്‍ അതാരാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമുണ്ടായിരുന്നില്ല. സിനിമ കാണാനുള്ള 'പ്രായ'മായതോടെ അനിയനും കൂട്ടത്തില്‍ ചേര്‍ന്നു.
ഞങ്ങള്‍ തിരുവനന്തപുരത്ത് താമസമാക്കിയ 1970, സത്യന്റെ കുറേ നല്ല ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമാണ്. 'സ്ത്രീ','അമ്മ എന്ന സ്ത്രീ','കുരുക്ഷേത്രം', 'ഒതേനന്റെ മകന്‍','വിവാഹിത','കുറ്റവാളി','ക്രോസ്സ് ബെല്‍റ്റ്', 'ത്രിവേണി''നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'താര', 'വാഴ്വേമായം'..... ആ വര്‍ഷത്തിന്റെ അവസാനത്തില്‍ മാത്തുക്കുട്ടിയുടെ ചെറിയ റോളില്‍ അഭിനയിച്ച 'അരനാഴിക നേരം' ഇറങ്ങി. ( കൊട്ടാരക്കര, സത്യന്‍, ശങ്കരാടി, ബഹദൂര്‍, നസീര്‍, രാഗിണി എന്നീ ഒന്നാന്തരം അഭിനേതാക്കള്‍ എല്ലാവരും കൂടി പ്രത്യക്ഷപ്പെടുന്ന ഒരു സീന്‍ ഉണ്ടതില്‍.ഗംഭീരം!അടൂര്‍ ഭാസി, ഉമ്മര്‍, ഗോവിന്ദന്‍ കുട്ടി, ജോസ് പ്രകാശ്,അംബിക,ഷീല... ഇവരെല്ലാമായുള്ള കോമ്പിനേഷന്‍ വേറെയും. അഭിനയ ശൈലിയില്‍ സത്യന്‍ ആ വലിയ ആര്‍ട്ടിസ്റ്റുകളുടെയൊക്കെ മുകളില്‍, ഉയരങ്ങളിലേക്ക് നടന്നുകയറിപ്പോകുന്ന കാഴ്ചയൊന്ന് കാണേണ്ടതു തന്നെയാണ്!)
1971 ന്റെ തുടക്കത്തില്‍, 'ഒരു പെണ്ണിന്റെ കഥ' എത്തി. പിറകെ 'ശിക്ഷ', 'കുട്ട്യേടത്തി', 'തെറ്റ്', 'കരിനിഴല്‍' എന്നീ ചിത്രങ്ങളും. ഇതില്‍ 'കുട്ട്യേടത്തി' ഒഴിച്ച് മറ്റെല്ലാ ചിത്രങ്ങളിലും വില്ലന്‍ ഛായയുള്ള കഥാപാത്രങ്ങളായിരുന്നു. അതില്‍ ഞങ്ങള്‍ക്ക് ചെറിയൊരു പ്രതിഷേധമൊക്കെയുണ്ടായിരുന്നു. അങ്ങനെ നല്ലതെന്ന് അമ്മയും കൂടി പറയുന്ന സിനിമകള്‍ മിക്കവാറും വിടാതെ കണ്ടും അതിനെക്കുറിച്ചു വരുന്ന സകല വാര്‍ത്തകളും വായിച്ചും ഞങ്ങളുടെ കൊച്ചു സദസ്സില്‍ ചര്‍ച്ച ചെയ്തുമൊക്കെ അങ്ങനെ മുന്നോട്ടുപോയിരുന്ന ആ നാളുകളിലാണ് അശനിപാതം പോലെയുള്ള സത്യന്റെ മരണം.
അഭിശഹപ്തമായ ജൂണ്‍ 15 ന് തൊട്ടുപിറകെ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത 'ശരശയ്യ' തിയേറ്ററുകളിലെത്തി. ഓണത്തിന് 'അനുഭവങ്ങള്‍ പാളിച്ചകളും' 'പഞ്ചവന്‍ കാടും'. വൈകാതെ 'കരകാണാക്കടല്‍', 'ഇന്‍ക്വിലാബ് സിന്ദാബാദ്' (ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാണ് സത്യന്‍ നേരെ കെ ജെ ഹോസ്പിറ്റലിലേക്ക് പോകുന്നത് ) എന്നീ ചിത്രങ്ങളും.സത്യന്റെ പെട്ടെന്നുള്ള മരണം ആ സിനിമകളെയൊക്കെ പല തരത്തില്‍ ബാധിച്ചിരുന്നു. 'ശരശയ്യ'യില്‍ സത്യന് ഡബ്ബ് ചെയ്യാന്‍ സാധിക്കാതെ പോയതുകൊണ്ട്, ഒറിജിനല്‍ സൗണ്ട് ഉപയോഗിച്ചപ്പോള്‍ കയറിക്കൂടിയ കാക്കയുടെ കരച്ചില്‍ മാതിരിയുള്ള ബാഹ്യ ശബ്ദങ്ങള്‍, 'അനുഭവങ്ങള്‍ പാളി ച്ചകളി'ല്‍ ജയിലില്‍ വെച്ചു നസീറിന്റെ ഗോപാലനെ കണ്ടുമുട്ടുമ്പോള്‍ കാണിച്ച, വേറൊരു സന്ദര്‍ഭത്തിലേക്ക് വേണ്ടിയെടുത്ത റിയാക്ഷന്‍ ഷോട്ട്, 'അഗ്‌നിപര്‍വതം പുകഞ്ഞൂ' വിന്റെ ചിത്രീകരണത്തില്‍ കാണിച്ച ഡമ്മിയുടെ ബാക്ക് ഷോട്ട് ,'ഇന്‍ക്വിലാബ് സിന്ദാബാദി'ലും 'കരകാണാക്കടലി'ലും 'പഞ്ചവന്‍ കാടി'ലുമെല്ലാം സത്യന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ചില പ്രധാന രംഗങ്ങളില്‍ ഇല്ലാതെ പോയത്....ഇതൊക്കെ അന്നു തന്നെ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയും പിന്നീടുള്ള ഞങ്ങളുടെ 'ചര്‍ച്ചകളി'ല്‍ വരികയും ചെയ്തിരുന്നു.
'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍, 'എന്റെ മോന്‍ അവന്റെ അച്ഛനെ ഒന്നു കണ്ടോട്ടെ ' എന്നു കരഞ്ഞു പറഞ്ഞു കൊണ്ട് ഷീലയുടെ ഭവാനി, കോടതിമുറിയുടെ വാതില്‍ മറച്ചുകൊണ്ട് കൂടിനില്‍ക്കുന്നവരുടെ അടുക്കലേക്ക് മാറി മാറി ഓടിച്ചെല്ലുന്നതും അപ്പോള്‍ 'ചെല്ലപ്പന്‍ ചേട്ടനെ തൂക്കാന്‍ വിധിച്ചു' എന്നാരോ പറയുന്നതു കേട്ട് നിലത്ത് തളര്‍ന്നിരുന്നു പോകുന്നതും അവതരിപ്പിച്ച സേതു മാധവന്റെ സംവിധാനമികവ് സത്യന്റെ സാന്നിധ്യമില്ലാതെ തന്നെ ആ രംഗം അവിസ്മരണീയമാക്കി. അതുപോലെ 'കുമാരി ചത്തുപോയച്ചാ ' എന്നു കുട്ടപ്പന്‍ പറയുമ്പോഴും 'നമ്മുടെ മോനേ ഒന്നു നോക്കിയേച്ചുപോണേ, അവന്‍ അവിടുത്തെ മോനാണ് 'എന്ന് ഭവാനി കേണപേക്ഷിക്കുമ്പോഴുമുള്ള സത്യന്റെ ഭാവാഭിനയത്തിന് പകരം വെക്കാന്‍ യോഗ്യതയാര്‍ജ്ജിച്ച ഒരു പ്രകടനം ഇനിയും കാണാന്‍ ഇരിക്കുന്നതേയുള്ളൂ !
മഹാനടന്‍, അഭിനയ ചക്രവര്‍ത്തി, കരുത്തിന്റെയും ആണത്തത്തിന്റെയും ആള്‍രൂപം,സ്വാഭാവികാഭിനയത്തിന്റെ പാഠശാല... സത്യന്‍ എന്ന അഭിനേതാവിനെ കുറിച്ച് ധാരാളം വിലയിരുത്തലുകളും വിശകലനങ്ങളും വന്നു കഴിഞ്ഞു. ഇനിയും വന്നുകൊണ്ടിരിക്കുന്നു. എന്റെ ബാല്യകൗമാരദിനങ്ങള്‍ പകര്‍ന്നു നല്‍കിയ കാഴ്ച്ചാനുഭവങ്ങളിലെ ഏറ്റവും മിഴിവുറ്റ, ശക്തമായ സാന്നിദ്ധ്യ മായിരുന്നു സത്യന്‍.'നീലക്കുയിലും' 'മുടിയനായ പുത്രനും' 'തച്ചോളി ഒതേനനും' 'ഭാര്യ'യും 'ഉണ്ണിയാര്‍ച്ച'യും 'ആദ്യകിരണങ്ങളും' പോലെ അന്നു കാണാന്‍ കഴിയാതെപോയതും കണ്ടിട്ടും ആസ്വദിക്കാന്‍ കഴിയാതിരുന്നതുമായ സിനിമകള്‍ പില്‍ക്കാലത്ത് തിയേറ്ററിലും ടെലിവിഷനി ലുമൊക്കെയായി എത്രതവണ കണ്ടിരിക്കുന്നു. ഇപ്പോഴും സമയമുള്ളപ്പോഴൊക്കെ കാണുന്നു. എന്റെ പ്രായത്തിലുള്ള ഒരു സിനിമാസ്വാദകനെ സംബന്ധിച്ച്, സത്യന്‍ ഒരിക്കലും ഒഴിഞ്ഞുപോകാത്ത ഒരു ബാധ പോലെയാണെന്ന് തിരിച്ചറിയുന്നു.
പ്രേം നസീര്‍ എന്ന മറ്റേ താരനായകന്‍ അനസൂയ വിശുദ്ധിയുള്ള മനസ്സോടെ അന്നു പറഞ്ഞ ആ കാര്യം ,ഈ അന്‍പത്തിരണ്ടാം വര്‍ഷത്തിലും ഏറ്റവും വലിയ സത്യമായി നിലനില്‍ക്കുന്നുവെന്ന് വീണ്ടും വീണ്ടും ബോദ്ധ്യപ്പെടുന്നു. 'സത്യന്റെ സിംഹാസനം... അതെന്നും ഒഴിഞ്ഞുതന്നെ കിടക്കും.'