അർദ്ധരാത്രിയോടടുത്ത നേരത്ത് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ എറണാകുളം നഗരം ചുറ്റുകയായിരുന്നു. സിനിമയുമായി ബന്ധമുള്ള ഒന്നു രണ്ടു പേർ കൂട്ടത്തിലുള്ളതുകൊണ്ട് സ്വാഭാവികമായും സംഭാഷണം കൂടുതലും സിനിമയെ കുറിച്ചു തന്നെയായി. സംസാരവും ചിരിയുമൊക്കെയായി മുന്നോട്ടു പോയ്ക്കൊണ്ടിരുന്ന കാറിലിരുന്നുകൊണ്ട്, എം ജി റോഡിന്റെ ഇരുവശങ്ങളിലും വെച്ചിട്ടുള്ള പുതിയ സിനിമകളുടെ പോസ്റ്ററുകളും ബോർഡുകളും കട്ട് ഔട്ടുകളുമൊക്കെ കണ്ടു കണ്ട് മെല്ലെയാണ് യാത്ര. അടുത്തുതന്നെ റിലീസ് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ -- മമ്മൂട്ടി ഉൾപ്പെടെയുള്ള ഒരു വമ്പൻ താരനിര അഭിനയിച്ച 'പുറപ്പാട് ' എന്ന ചിത്രത്തിന്റെ പോസ്റ്ററിന്റെ മുന്നിലെത്തിയപ്പോൾ സംഘത്തിന്റെ തലവനും വണ്ടിയുടെ സാരഥിയുമായ സുഹൃത്ത് ബോബി ഹോർമിസ് ഒരു സംശയം ചോദിച്ചു.
"ദ് ന്താ സംഭവം? മലയാളസിനിമയിലെ സകലമാന പേരും അഭിനയിക്കണ് ണ്ടല്ലോ തില്. ന്താ ദ്ന്റെ കത?"
ഒരു നിമിഷം പോലും വൈകാതെ ബാക്ക് സീറ്റിലിരുന്ന ഒരാളിൽ നിന്ന് പ്രതികരണമുണ്ടായി.
"അത് ബോബിയ്ക്ക് അറിയില്ലേ? ഒരു ഗ്രാമത്തിൽ സംഭവിക്കുന്ന വലിയൊരു പ്രശ്നത്തെക്കുറിച്ചാണ് സിനിമ...."
വളരെ ഗൗരവത്തോടെ ഇത്രയും പറഞ്ഞശേഷം ആൾ ഒരു മാത്ര നിശബ്ദനായി. ഞങ്ങളെല്ലാവരും ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്നു.
".....എന്നിട്ട് ആ പ്രശ്നം നിർമ്മാതാവിന്റെ വീടിനകത്തേക്ക് വ്യാപിക്കുകയാണ്. അതാണ് പടം!"
ചിരിയടക്കാനാകാതെ ഞങ്ങളെല്ലാവരും പണിപ്പെടുമ്പോൾ, ചുണ്ടത്തൊരു മന്ദസ്മിതവുമായി സീറ്റിലേക്ക് ചാരിക്കിടക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ. പേര് സിദ്ദിക്ക്.1990 ജനുവരിയിലെ ആ രാത്രിക്ക് കുറച്ചു മാസങ്ങൾക്ക് മുൻപ് തീയേറ്ററുകളിലെത്തി ചിരിയുടെ വെള്ളപ്പൊക്കത്തിലാഴ്ത്തിയ 'റാംജി റാവു സ്‌പീക്കിംഗ്' എന്ന സിനിമയൊരുക്കിയ രണ്ടുപേരിൽ ഒരാൾ. കൂട്ടു സംവിധായകനായ ലാൽ സിദ്ദിക്കിന്റെ ഈ 'കൗണ്ടർ' ആസ്വദിച്ചു കൊണ്ട് കാറിന്റെ മുൻ സീറ്റിലിരിപ്പുണ്ടായിരുന്നു.....
മലയാള സിനിമയുടെ നാൾ വഴികളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു വർഷമാണ് 1989. മലയാളി പ്രേക്ഷകസമൂഹം മനസ്സിൽ കൊണ്ടു നടക്കുന്ന, 'കൾട്ടു' കളായി മാറിയ ഒരുപിടി ചിത്രങ്ങൾ പിറന്നു വീണ വർഷം. ഒരു വടക്കൻ വീരഗാഥ, കിരീടം, ദശരഥം, വടക്കുനോക്കി യന്ത്രം, മഴവിൽക്കാവടി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അർത്ഥം, ചാണക്യൻ, നായർ സാബ്, വന്ദനം, മൃഗയ, മുദ്ര, ഉത്തരം, ജാതകം.. ഇതിനിടയിലേക്കാണ് വളരെ കുറച്ചു കഥാപാത്രങ്ങളും അതിനേക്കാൾ കുറച്ചു സംഭവങ്ങളും മാത്രമുള്ള, അതുവരെ കേട്ടിട്ടില്ലാത്ത വിചിത്രമായ ഒരു പേരുമൊക്കെയായി 'റാംജി റാവു സ്പീക്കിംഗ്' എത്തുന്നത്. സംവിധായകർ (തിരക്കഥാകൃത്തുക്കളും) മാത്രമല്ല, നായകനും നായികയും സംഗീതസംവിധായകനും പുതുമുഖങ്ങൾ. ഇന്നസെന്റ്, മുകേഷ്, മാമുക്കോയ എന്നീ സഹതാരങ്ങൾക്കും വലിയ താരവില അവകാശപ്പെടാനാവില്ല. ആദ്യത്തെ കുറച്ചു ദിവസങ്ങൾ തീയേറ്ററിലും പ്രതികരണം അത്രത്തോളമേ ഉണ്ടായിരുന്നുള്ളൂ. ഞാനുൾപ്പെടെയുള്ള എത്രയോ പേർ, സിനിമ കണ്ട കുറച്ചുപേർ പറഞ്ഞും കേട്ടുമൊക്കെ അറിഞ്ഞാണ് പടം കാണാൻ ചെല്ലുന്നത്. പിന്നെ സംഭവിച്ചതൊക്കെ ചരിത്രം.
1989 ഒക്ടോബർ മാസത്തിലോ മറ്റോ സിദ്ദിക്ക് ലാൽ മാരെ ഞാൻ ആദ്യമായി കാണുന്നത് ഞങ്ങളുടെയെല്ലാം ഉറ്റ ചങ്ങാതിയായിരുന്ന ബോബി ഹോർമീസിന്റെ ഓഫീസിൽ വെച്ചാണ്. എറണാകുളത്ത് എം ജി റോഡിൽ പണ്ടത്തെ പാസ്സ്പോർട്ട് ഓഫീസിനു സമീപത്ത് പീകോക്ക് ടെലിവിഷൻ എന്ന സ്ഥാപനം നടത്തുകയായിരുന്നു ഫെഡറൽ ബാങ്കിന്റെ സ്ഥാപകനായ കെ പി ഹോർമീസിന്റെ മകനായ ബോബി ഹോർമീസ്. ദൂരദരശന്റെ ആദ്യത്തെ ന്യൂസ് സ്ട്രിങ്ങർ ആയിരുന്നു പീകോക്ക് ടെലിവിഷൻ. ഒരു സിനിമയൊക്കെ നിർമ്മിച്ച, സ്വാമി എന്നുകൂടി വിളിപ്പേരുള്ള കൃഷ്ണനോടൊപ്പമാണ്, ക്യാമറ കൂടി കൈകാര്യം ചെയ്യുന്ന ബോബി ആ സ്ഥാപനം തുടങ്ങിയതെങ്കിലും, പിന്നീട് അവർ വഴിപിരിഞ്ഞു. കാഴ്ച്ചയിൽ അല്പം ഇരുണ്ടനിറത്തിൽ ആജാന ബാഹുവായ രൂപമായിരുന്നു ബോബിയുടേത്. കാലുഷ്യലേശമില്ലാത്ത മനസിന്റെ ഉടമ. ഏത് പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിൽക്കുന്ന ഒരാൾ. ഞാനും എന്റെ എക്കാലത്തെയും ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പി എസ് സന്തോഷും (അന്ന് മനോരമയിൽ ജേർണലിസ്റ്റ്) ആ സൗഹൃദവലയത്തിലെ പ്രധാന കണ്ണികളായി. ഞാൻ മാത്രമല്ല എന്റെ കുടുംബവും. അന്നൊക്കെ ഞാൻ എറണാകുളത്തു ചെന്നാൽ താമസിക്കുന്നത് ഹോട്ടൽ എയർ ലൈൻസിലാണ്. ബോബിയുടെ ഓഫിസിന്റെ തൊട്ടടുത്ത്.
അങ്ങനെ ഒരു ദിവസം ബോബിയാണ് സിദ്ദിക്കിനെയും ലാലിനെയും പരിചയപ്പെടുത്തുന്നത്. സന്തോഷും ഉണ്ടായിരുന്നു എന്റെയൊപ്പം. പിന്നെ ബോബിയുടെ സന്തത സാഹചരിയായ ബാബുവും. ദൂരദർശനിൽ അന്ന് റിപ്പോർട്ടർ ആയിരുന്ന ദേവൻ പിഷാരടിയും ഈ സംഘത്തിലേക്ക് വന്നു. പിന്നീട് സിദ്ദിക്ക് ലാൽ സിനിമകളിൽ കണ്ടിട്ടുള്ള പലരും അവിടെ വന്നും പോയുമിരുന്നു. ഇൻ ഹരിഹർ നഗറിന്റെ ഓപ്പണിങ് സീനിൽ കാറിൽ കയറുമ്പോൾ വെടിയേറ്റു മരിക്കുന്ന വില്ലൻ,'ഗോവിന്ദൻ കുട്ടി സാറിന്റെ ടൈം ബെസ്റ്റ് ടൈം ' എന്ന് അസൂയപ്പെടുന്ന വേലക്കാരൻ (കഷ്ടം! ഇവരുടെയൊക്കെ പേര് മറന്നുപോയി ).... ഇൻ ഹരിഹരനഗർ തൊട്ടുള്ള ഓരോ സിദ്ദിക്ക് ലാൽ സിനിമയും ഞങ്ങളുടെ സ്വന്തം പടങ്ങൾ പോലെയായിരുന്നു. റിലീസിന് ആകാംക്ഷയോടെ കാത്തിരുന്നു, ആദ്യ ദിവസം തന്നെ പോയിക്കണ്ടു, കഴിഞ്ഞ പടത്തിന്റെ വിജയത്തെ കടത്തിവെട്ടുന്നത് കണ്ടാഹ്ലാദിച്ചു.
ഞാൻ സിദ്ദിക്ക് ലാൽ മാരെ ആദ്യമായി കാണുമ്പോൾ റാംജി റാവു വിന്റെ അപ്രതീക്ഷിതമായ വിജയത്തിന്റെ ഓളങ്ങൾ അപ്പോഴും അടങ്ങിയിട്ടു ണ്ടായിരുന്നില്ല. എന്നാൽ അന്നു കണ്ട ആ ചെറുപ്പക്കാരെ ആ ഗംഭീരവിജയത്തിന്റെ ലഹരി അല്പം പോലും ബാധിച്ചിരുന്നില്ല. എന്നു മാത്രമല്ല, അവർക്കു തന്നെ ആ അപൂർവ വിജയം ശരിക്കും അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നാണ് എനിക്കു തോന്നിയത്.തലയ്ക്കു ചുറ്റും പ്രശസ്തിയുടെ പ്രകാശവലയമൊന്നും കൊണ്ടുനടക്കാത്ത, ബസിലും ബൈക്കിലുമൊക്കെയായി യാത്ര ചെയ്യുന്ന വെറും സാധാരണക്കാരായ രണ്ടുപേർ. അടുത്ത പടം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് അന്നവരുടെ മനസിലന്നുണ്ടായിരുന്നത് . ഒരു കഥയല്ല, പല കഥകൾ കൈവശമുണ്ട്, നിർമ്മാണമെറ്റെടുക്കാൻ ആളുമുണ്ട്. എന്നിട്ടും പടം ചെയ്യാനാകുന്നില്ല. ഗുരുവും വഴികാട്ടിയുമൊക്കെയായ ആളിന്റെ ഗ്രീൻ സിഗ്നലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു അന്നവർ. എന്തുകൊണ്ടോ അതു കിട്ടാൻ വൈകുകയാണ്. അതിനിടയിലാണ് എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ നടക്കുന്നത്. ആ പടത്തിന്റെ ചിത്രീകരണത്തിൽ ഗുരുവിനെ സഹായിക്കാനായി രണ്ടുപേരും പോകുകയും ചെയ്തു. പോയ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയുടെ ആ സംവിധായകർ.
ബോബി അന്നു ദൂരദർശനു വേണ്ടി ചില പരിപാടികൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ടായിരുന്നു. സിനിമ എന്ന മാധ്യമത്തിന്റെ വ്യാകരണവും സൗന്ദര്യ ശാസ്ത്രവുമൊക്കെ മനസിലാക്കിക്കൊടുക്കുന്ന അവതരിപ്പിക്കുന്ന ഒരു പരമ്പര ( നാഷണൽ ചാനലിൽ വന്ന 'ബാതോം ഫിലിമോം കി' യുടെ രീതിയിൽ ), മറ്റൊന്ന് ഒരു സിറ്റ് കോം പരമ്പര. ആദ്യത്തേതിന്റെ കോൺസെപ്റ്റും പ്രൊപോസലും സ്ക്രിപ്റ്റുമൊക്കെ എഴുതാനുള്ള ചുമതല സൗഹൃദത്തിന്റെ പേരിൽ ഞാനാണ് ഏറ്റെടുത്തത്. കോമഡി പരമ്പര സിദ്ദിക്ക് ലാൽ മാരെയുമേൽപ്പിച്ചു അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഒന്നു രണ്ടു ദിവസങ്ങൾ ഹോട്ടൽ എയർലൈൻസിലെ ഒരു റൂമിൽ ഒരുമിച്ചു കൂടി. അന്നാണ് ഞാൻ ആ രണ്ടുപേരെയും അടുത്തറിയുന്നത്. എൺപതുകളുടെ തുടക്കത്തിൽ മറൈൻ ഡ്രൈവിൽ നടന്ന ഒരു മേളയിൽ വെച്ച് കലാഭവന്റെ മിമിക്സ് പരേഡ് കണ്ടിട്ടുണ്ടായിരുന്നു. അക്കാലത്തെ ഒരുപാട് കഥകൾ കേട്ടു. ആബേലച്ചനെക്കുറിച്ച്, അവരുടെ ചങ്ങാതിയും കൂട്ടത്തിലെ സിനിമാ നടനുമായിരുന്ന കലാഭവൻ അൻസാറിനെ കുറിച്ച്, സൈനുദീനെ കുറിച്ച്, ഒരു ദിവസം ബോബിയുടെ ഓഫീസിൽ വെച്ചു ഞാൻ പരിചയപ്പെട്ട എൻ എഫ് വർഗീസ് എന്ന മിമിക്രി ആർട്ടിസ്റ്റ് കം നാടക നടനെ കുറിച്ച്, പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് എന്നീ ചിത്രങ്ങളുടെ കഥയെഴുതിയ അനുഭവങ്ങളെ കുറിച്ച്.. അങ്ങനെ ഒരുപാട് ഒരുപാട് കഥകൾ. ഇതിൽ ചിലതൊക്കെ പല സിനിമകളിലായി പല രൂപത്തിൽ പിന്നീട് വന്നു.
ഈ ചങ്ങാതിമാരുടെ രചനാ പ്രക്രിയ നടക്കുന്ന അപൂർവ ദൃശ്യത്തിനും അന്ന് ഞാൻ കൗതുകത്തോടെ സാക്ഷ്യം വഹിച്ചു. ലാൽ അങ്ങനെ ഒരിടത്ത് അടങ്ങിയിരിക്കാറില്ല. പുകച്ചുകൊണ്ട് റൂമിലാകെ നടക്കുകയാണ് പതിവ്. സിദ്ദിക്കാണ് എഴുതുന്നത്. ലാൽ അതു വായിച്ചിട്ട് സന്ദർഭങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ ഭേദഗതികൾ (ആവശ്യമെങ്കിൽ) നിർദ്ദേശിക്കും. തർക്കങ്ങളോ വാദപ്രതിവാദങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങൾ, (കൗണ്ടറുകൾ) രണ്ടുപേരുടെയും ആവനാഴിയിൽ ഇഷ്ടം പോലെയുണ്ട്. സ്ലാപ് സ്റ്റിക് കോമഡിയുടെയും സിറ്റുവേഷൻ കോമഡിയുടെയും സമർത്ഥമായ സങ്കലനമായിരുന്നു അവരുടെ എഴുത്ത്. എത്രയെത്ര സിനിമകളിൽ നമ്മളത് ആസ്വദിച്ചതാണ്. പിൽക്കാലത്ത് സിനിമയിൽ ഉപയോഗിച്ച നമ്പറുകളിൽ ചിലത് അന്നവർ ചർച്ച ചെയ്തത് ഓർമ്മിക്കുന്നു. നിർഭാഗ്യവശാൽ, (അതോ ഭാഗ്യവശാലോ) ബോബിയുടെ ആ പരിപാടി നടന്നില്ല. അതുകൊണ്ട് വിശാലമായൊരു പ്രേക്ഷക ലോകത്തിന്റെ അടുക്കലേക്ക് സന്ദർഭങ്ങളും രംഗങ്ങളുമൊക്കെയായി ആ തമാശകൾ വലിയ സ്ക്രീനിലെത്തി.
റാംജി റാവു കഴിഞ്ഞ് മാസങ്ങളോളം വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലായിരുന്നു എന്നു പറഞ്ഞല്ലോ. അടുത്ത പടം ചെയ്യാൻ കഴിയാത്തതിന്റെ frustation ലൂടെ കടന്നുപോകുകയായിരുന്നു അന്നവർ എന്നു തോന്നിയിട്ടുണ്ട്. അപ്പോഴാണ് ഇൻ ഹരിഹർ നഗർ ചെയ്യാനുള്ള തീരുമാനമാകുന്നത്.
അന്നൊരു സന്ധ്യക്ക് വളരെ അപ്രതീക്ഷിതമായി അവർ രണ്ടുപേരും കൂടെ തിരുവനന്തപുരത്ത് ഞാൻ താമസിക്കുന്ന വീട്ടിൽ വന്നു. ദേവനാണ് കൂട്ടിക്കൊണ്ടുവന്നത്. ഒരു പുതിയ നായികയെ വേണം. ആരെങ്കിലുമുണ്ടോ എന്നു തിരക്കാനാണ്. ഞാനും ബീനയും കൂടി ആലോചിച്ചപ്പോൾ ഒരു മുഖം മനസിൽ തെളിഞ്ഞു വന്നു. ഞങ്ങൾക്ക് അടുത്തു പരിചയമുള്ള ഒരു കുടുംബത്തിൽ പെട്ട ഒരു മിടുക്കി കുട്ടി. പഠിച്ച കോളേജിലെ ചെയർ പേഴ്സൺ ഒക്കെയായിരുന്നു. രൂപഭാവങ്ങൾ കൊണ്ടൊക്കെ കഥാപാത്രത്തിന് വളരെ അനുയോജ്യയായി തോന്നി. ആളിനെ കണ്ടിരുന്നതുകൊണ്ട് ദേവനും പിന്താങ്ങി. പക്ഷെ കാര്യം നടക്കുമോയെന്ന് തിരക്കാൻ വേണ്ടി അടുത്ത ബന്ധുവിനെ വിളിച്ചപ്പോൾ ആദ്യം തന്നെ തടസ്സം പറഞ്ഞു. പല കാര്യങ്ങൾ കൊണ്ടും അതു ശരിയാകില്ല. കുട്ടിയോട് ചോദിക്കുന്ന കാര്യവും വിലക്കി. അങ്ങനെ സംവിധായ്കരെ നിരാശപ്പെടുത്തി മടക്കി അയക്കേണ്ടി വന്നു. പിന്നെ ബോബി അന്ന് ദൂരദർശൻ ഡയറക്ടറായിരുന്ന കുഞ്ഞികൃഷ്ണൻ സാറും വഴിയാണെന്ന് തോന്നുന്നു, ഗീതാ വിജയൻ എന്ന പുതുമുഖത്തെ കണ്ടെത്തിയത്. മായ തിരശീലയിലെത്തിയ കഥ അതാണ്.
(അന്ന് ഞങ്ങൾ 'കണ്ടെത്തിയ നായിക' വൈകിയാണെങ്കിലും വർഷങ്ങൾക്കു ശേഷം സിനിമയിലെത്തി. മദ്ധ്യവയസ്ക്കരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നത്തെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നു )
എറണാകുളത്തെ അന്നത്തെ രാത്രികൾക്ക് വല്ലാത്തൊരു രസമുണ്ടായിരുന്നു. സിദ്ദിക്കിന്റെ തമാശകൾ ഇടവേളകളില്ലാതെ വന്നുകൊണ്ടിരുന്നു. മദ്യം തൊട്ടു നോക്കുക പോലും ചെയ്യാത്ത സിദ്ദിക്കിനെ സംബന്ധിച്ചിടത്തോളം ഈ തമാശ പറച്ചിലായിരുന്നു ഏറ്റവും വലിയ ലഹരി.
ആ കൂടിക്കാഴ്ചകളിലെപ്പോഴോ ദൂരദർശനുമായി ബന്ധപ്പെട്ട കഥകൾ പറഞ്ഞ കൂട്ടത്തിൽ കലാകാരനായ ഒരു സുഹൃത്ത് കഥാപാത്രമായി. പ്രായം കൊണ്ട് ഞങ്ങളെക്കാളൊക്കെ മുതിർന്ന, എന്നാൽ ഹൃദയനൈർമ്മല്യം കൊണ്ട് വളരെ സെൻസിറ്റീവ് ആയ അഭിനേതാവും എഴുത്തുകാരനുമൊക്കെയായ ഒരു സുഹൃത്ത്. അദ്ദേഹത്തിന്റെ ചില സ്വഭാവസവിശേഷതകളെ കുറിച്ചുള്ള തമാശകളാണ് പറഞ്ഞത്.
കുറച്ചു കാലം കഴിഞ്ഞ് എനിക്കൊരു ദിവസം ഫോൺ വന്നു. ആ സുഹൃത്തിന്റേതാണ്.
" മോനേ, ഒരുപാട് നന്ദി. എന്നാലും എനിക്കു വേണ്ടി ബൈജു അതു ചെയ്തല്ലോ. ഒരിക്കലും ഞാനിത് മറക്കില്ല."
മലയാളം ടി വി പരമ്പരകളിലൊക്കെ പ്രധാന വേഷങ്ങൾ അഭിനയിച്ചു പേരെടുത്ത അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യണമെന്നായിരുന്നു. അങ്ങനെ സിദ്ദിക്ക് ലാൽ മാരെ സമീപിച്ചു. ഗോഡ് ഫാദർ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അന്നവർ.
ആ നടൻ ചെന്ന് പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തിയപ്പോൾ അവർ രണ്ടാളും പരസ്പരം നോക്കി.
"ഞങ്ങൾക്കറിയാം. ബൈജു ചന്ദ്രൻ പറഞ്ഞു കേട്ടിട്ടുണ്ട്." എന്നുപറഞ്ഞുകൊണ്ട് വളരെ കാര്യമായിത്തന്നെ സ്വീകരിച്ചു. കുറച്ചു നേരം കൂടി കാര്യങ്ങൾ സംസാരിച്ച ശേഷം തീരുമാനമറിയിക്കാമെന്നു പറഞ്ഞ് അദ്ദേഹത്തെ വിട്ടു. തൊട്ടു പിന്നാലെയാണ് നടൻ എന്നെ വിളിച്ചു സന്തോഷമറിയിച്ചത്.എനിക്ക് ചെറിയൊരു ടെൻഷൻ തോന്നിയെന്നുള്ളതാണ് വാസ്തവം. കാരണം ഞാൻ പറഞ്ഞ ആ തമാശ സംഭവമാണോ അതോ ഈ വ്യക്തിയെ കുറിച്ചു പറഞ്ഞ നല്ല വാക്കുകളാണോ സംവിധായകരുടെ മനസ്സിൽ കിടന്നിരുന്നതെന്ന് എന്നെനിക്ക് തീർച്ചയുണ്ടായിരുന്നില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നടന്റെ വിളി വീണ്ടുമെത്തി. പടത്തിൽ ഒരു ചെറിയ വേഷം ചെയ്യാൻ വിളിച്ചിട്ടുണ്ടെന്ന് അറിയിക്കാനായിരുന്നു അത്. അപ്പോഴാണ് എനിക്കാശ്വാസമായത്. പടം കണ്ടപ്പോൾ കുറച്ചു കൂടി സന്തോഷം തോന്നി. വളരെ നിർണ്ണായകമായ ഒരു രംഗത്തിൽ കണ്ടവരാരും മറന്നുപോകാത്ത ഒരു വേഷം തന്നെ അവർ അദ്ദേഹത്തിന് നൽകിയിരിക്കുന്നു. ആ ജ്യേഷ്ഠ സുഹൃത്ത് മരിക്കുന്നതുവരെ എന്നെ കാണുമ്പോഴൊക്കെ ആ അവസരം ലഭിച്ചതിന് നന്ദിയറിയിക്കുമായിരുന്നു. വാസ്തവത്തിൽ എന്റെ വാക്കല്ല, ആ വ്യക്തിയുടെ പെർഫോമൻസിനെ കുറിച്ച് സിദ്ധിക്കിനും ലാലിനും തോന്നിയ വിശ്വാസമാണ് ആ റോൾ നൽകാനും നന്നായി ചിത്രീകരിക്കാനും കാരണമായത്.
ഇൻ ഹരിഹർ നഗറും പിന്നീട് ഗോഡ്ഫാദറും ( സിദ്ധിക്ക് ലാൽ സിനിമകളിലെ എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം ) ഇറങ്ങിയ ശേഷം ഞങ്ങളുടെ കൂടിക്കാഴ്ചകൾ കുറഞ്ഞു വന്നു. പിന്നീട് 1993 ൽ ഉദയാ സ്റ്റുഡിയോയിൽ വെച്ച് വിയറ്റ്‌നാം കോളനിയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് കാണുന്നത്. അന്നാളുകളിലെ മലയാള സിനിമയെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനായിട്ടാണ് അവിടെ എത്തിയത്. അന്ന് ആലപ്പുഴയിൽ വെച്ചുതന്നെ വേണു നാഗവള്ളിയുടെ ആയിരപ്പറ, സുരേഷ് ഉണ്ണിത്താന്റെ ആർദ്രം എന്നീ ചിത്രങ്ങളുടെയും ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഒട്ടു മിക്ക താരങ്ങളും ആ ദിവസങ്ങളിൽ ആലപ്പുഴയിലുണ്ടായിരുന്നു.
വർഷങ്ങൾക്കു ശേഷം കാണുകയാണെങ്കിലും പണ്ടത്തെ അതേ ഊഷ്മളതയോടെയാണ് അവർ രണ്ടുപേരും ഞങ്ങളെ സ്വീകരിച്ചത്. മോഹൻലാൽ, ഇന്നസെന്റ്, സിദ്ദിക്ക് ലാൽ എന്നിവരെ അന്ന് ഞാൻ ഇന്റർവ്യൂ ചെയ്തു. അഴകപ്പനായിരുന്നു എന്നോടൊപ്പം ക്യാമറ മാനായി ഉണ്ടായിരുന്നത്. പണ്ട് സ്വകാര്യ സംഭാഷണങ്ങളിൽ സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പറഞ്ഞു കേട്ടിരുന്നെങ്കിലും ക്യാമറയുടെ മുന്നിൽ സിദ്ദിക്കും ലാലും സംസാരിക്കുന്നതുകേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. അന്ന് വേറെ ചാനലുകളൊന്നുമില്ലല്ലോ. കൂടുതൽ സംസാരിച്ചത് പതിവുപോലെ സിദ്ദിക്കായിരുന്നു.
സിദ്ദിക്ക് ലാൽ മാർ സംവിധാനം ചെയ്യുന്നതും ഞാനാദ്യമായി കാണുകയായിരുന്നു. എത്ര relaxed ആയിട്ടാണ് ആർട്ടിസ്റ്റുകൾക്കും ടെക്‌നിഷ്യൻ മാർക്കും കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത്. എടുക്കാൻ പോകുന്ന രംഗത്തെ കുറിച്ച് കൃത്യവും യുക്തിഭദ്രവുമായ ചോദ്യങ്ങൾ ചോദിക്കാൻ മടി കാട്ടാത്ത ക്യാമറാമാൻ വേണുവിനെയും അതുപോലെ സ്വന്തമായി ഒരുപാട് നമ്പറുകളുള്ള ഇന്നസെന്റിനെയുമൊക്കെ സിദ്ദിക്ക് നയത്തിൽ കൈകാര്യം ചെയ്യുന്ന രീതി ഞാൻ ശ്രദ്ധിച്ചു.
"ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ് " തുടങ്ങിയ രംഗങ്ങളാണ് അന്നാ ദിവസങ്ങളിൽ ചിത്രീകരിച്ചത്. സംവിധായകരെ പോലും പൊട്ടിച്ചിരിപ്പിച്ച രംഗങ്ങൾ ആയിരുന്നു അന്നവിടെ കണ്ടത്.
സിദ്ദിക്ക് ലാൽ കൂട്ടുകെട്ടും സിദ്ദിക്ക് തനിച്ചും സംവിധാനം ചെയ്ത സിനിമകളെ കുറിച്ചൊക്കെ ഒരുപാട് പറയപ്പെട്ടു കഴിഞ്ഞു. ഇംഗ്ലീഷിലിട്ട ടൈറ്റിലുകൾ, ആഖ്യാന ഘടനയിലെ സ്ലാപ് സ്റ്റിക് - സിറ്റുവേഷൻ കോമഡികളുടെ കൃത്യമായ അനുപാതത്തിലുള്ള കൂടിച്ചേരൽ, കഥാപാത്രങ്ങളുടെ സവിശേഷമായ പേരുകൾ, അവരുടെ സ്വഭാവ വൈചിത്ര്യങ്ങൾ, നിത്യ ജീവിതത്തിലെ സാധാരണ വർത്തമാനം പറച്ചിലുകൾക്കിടയിൽപ്പോലും ആളുകൾ ഓർത്തോർത്ത് എടുത്തുപയോഗിക്കുന്ന സിനിമാ ഡയലോഗുകൾ ,മെലോഡ്രാമയിലേക്ക് പൂർണ്ണമായും വഴുതി വീഴാതെ സൂക്ഷിച്ച വൈകാരിക മുഹൂർത്തങ്ങൾ, സംഭവങ്ങളിൽ നിന്ന് സംഭവങ്ങളിലേക്ക് ചങ്ങലക്കെട്ടുപോലെ കോർത്തു കോർത്തു വളരുന്ന കഥാഗതി, ഒരിക്കലും നടക്കാത്തത് ( ഗോഡ് ഫാദറിലെ വിവാഹരംഗം പോലെ) എന്നു നൂറു ശതമാനം ഉറപ്പുള്ള സന്ദർഭങ്ങളെ പോലും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തിക്കൊണ്ട് ചിത്രീകരിക്കുന്ന ആവിഷ്ക്കാരപടുത. എല്ലാത്തിനും ഉപരി ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടും കലർപ്പില്ലാത്ത നർമ്മം. റാംജി റാവു മുതൽ ഗോഡ് മാന്നാർ മത്തായി വരെയുള്ള സിനിമകളിലാണ് സിദ്ദിക്കിന്റെ കഥ പറച്ചിലിന്റെ മാജിക് കൂടുതലായി അനുഭവപ്പെടുന്നത്. ''നമക്ക് ഹരാം' -- 'ബക്കറ്റ്' എന്ന ഇംഗ്ലീഷ് ചിത്രം (വിയറ്റ് നാം കോളനി ), ഹിച്ച് കോക്കിന്റെ 'വെർട്ടിഗോ' യിൽ നിന്നും (മാന്നാർ മത്തായി സ്പീക്കിംഗ് )മൊക്കെ 'അടിച്ചുമാറ്റുമ്പോഴും' നമ്മുടെയിടയിൽ നടക്കുന്ന കഥാസന്ദർഭങ്ങളെന്ന് തോന്നിപ്പിക്കാനുള്ള അപൂർവ സിദ്ധി തിരക്കഥാ രചനയിൽ സിദ്ദിക്ക് പ്രദർശിപ്പിച്ചിരുന്നു. ഒടുവിലത്തെ പല സിനിമകളെ കുറിച്ചും അങ്ങനെ പറയാൻ പറ്റുന്നില്ല എന്നുകൂടി പറയേണ്ടിയിരിക്കുന്നു.
സിദ്ദിക്ക് എന്ന പഴയ സുഹൃത്തിലേക്ക് തിരിച്ചുവരട്ടെ. സിനിമാ അഭിനേതാവായി മാറിയ ലാലിനെ പിന്നീടും എപ്പോഴൊക്കെയോ കാണാൻ അവസരങ്ങളുണ്ടായെങ്കിലും സിദ്ദിക്കിനെ കണ്ടിട്ട് വർഷങ്ങൾ ഒരുപാടായിരുന്നു. സിദ്ദിക്ക് "ബൈജുവിന്റെ സുഖവിവരങ്ങൾ തിരക്കിയെ"ന്ന് ദൂരദർശനിലെ എന്റെ ഒരു സഹപ്രവർത്തകൻ ഒരിക്കൽ വന്നുപറഞ്ഞു. സിനിമയുടെ മായിക ലോകത്തെ വളരെ അകലത്തു നിന്നു മാത്രം നോക്കി ക്കാണുന്ന ഒരാളെന്ന നിലയിൽ സിദ്ദിക്കിനെ പിന്നെ കണ്ടതൊക്കെ ടെലിവിഷനിലൂടെ മാത്രമാണ്. അവസാനം കണ്ട മൂന്നാലു സിനിമകൾ എനിക്കൊട്ടും ഇഷ്ടമായതുമില്ല.
ഞങ്ങളുടെ അന്നത്തെ ആ ഒത്തുചേരലിലെ സുഹൃത്തുക്കളിൽ, മൂവാറ്റുപുഴ ആർ ഡി ഓ ആയിരുന്ന സന്തോഷ് 1995 ൽ ദുരൂഹമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു. 2001 ൽ ആകസ്മികമായി ബോബിയും. ഇടയിലെപ്പോഴോ ബാബുവും പോയി. ഞങ്ങളെല്ലാവരുമൊരുമിച്ചുള്ള ചിരിയും തമാശയും കളിയാക്കലും കഥ പറച്ചിലുമെല്ലാം കൂടി ആഘോഷമാക്കിയ ആ രാപകലുകൾ ശരിക്കും സംഭവിച്ചതുതന്നെയാണോ എന്നുപോലും ഇപ്പോൾ സംശയം തോന്നുന്നു.
സിനിമകളിലൂടെ ലോകത്തെ ആർത്തു ചിരിപ്പിച്ചെങ്കിലും സിദ്ദിക്ക് എന്നും ചിരിയുടെ സൗമ്യമായ മുഖമായിരുന്നു. അനാവശ്യമെന്നോ അനുചിതമെന്നോ തോന്നിപ്പിച്ച ഒരു വാക്കുപോലും ഉരിയാടാത്ത ഹൃദയശുദ്ധിയുള്ള മനുഷ്യൻ. വെട്ടിപ്പിടിക്കാൻ അവസരങ്ങൾ ഇങ്ങോട്ടുവന്ന് ക്ഷണിക്കുമ്പോഴും അകന്നു മാറി നിന്ന ഒരാൾ. എപ്പോഴും മനസ്സിൽ സൂക്ഷിച്ചു വയ്ക്കാൻ കണ്ണീരും ചിരിയും കലർന്ന കുറേ രസമുള്ള സിനിമകളും ചിരിയിൽ മാത്രം കുതിർത്ത കുറച്ചു നല്ല നിമിഷങ്ങളും തന്നതിന് ആ പ്രിയ സുഹൃത്തിനോട് ഒരിക്കലും പറയാൻ കഴിയാതെ പോയ നന്ദി ഇപ്പോൾ പറഞ്ഞുകൊള്ളട്ടെ.