Memoir

ചരിത്രത്തെ പേരിനൊപ്പം കൂട്ടിയ മഹാനടി

വെറും ലളിതയല്ല , കെ.പി.എ.സി. ലളിത: ചരിത്രം എന്നും ആ പേരിന്റെ മുന്നില്‍ ഒപ്പം നടന്നു, അഭിനയമികവിന്റെ പെണ്‍ചരിത്രമായി. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാനെപ്പോലെ അംഗീകൃത 'നായിക ' യാവാതെ തന്നെ മഹാനടിയായി .

നായിക എന്ന പദവി ഇല്ലാതെ പോയത് അവരുടെ പരിമിതിയായിരുന്നില്ല. അത് നായികാ സങ്കല്‍പങ്ങളെക്കുറിച്ചുള്ള ആണത്തഭാവനയുടെയും സിനിമയുടെയും പരിമിതി മാത്രം. ആദ്യനായിക പി.കെ. റോസിയെ ബാഷ്പീകരിച്ച മാതൃശൂന്യമായ പരമ്പരയുടെ ബാക്കിപത്രം. എന്നാലെന്ത് . വെള്ളിത്തിരയുടെ സിംഹസമയം മുഴുവനും അപഹരിച്ച മുന്‍നിരനായികമാരെ മുഴുവനും തന്നെ തന്റെ കൊച്ചു കൊച്ചു വേഷങ്ങളിലൂടെ കെ.പി.എ.സി . ലളിത മറികടന്നു. മുമ്പേ പറന്നു. ശബ്ദമായും സാന്നിദ്ധ്യമായും വിസ്മയമായി. ഉര്‍വ്വശിപ്പട്ടങ്ങള്‍ ആ ഉയരത്തിന് താഴെ വിറങ്ങലിച്ചു നിന്നു. സ്ത്രീ എന്ത് എന്നതിന്റെ വെള്ളിത്തിരയിലെ പാഠപുസ്തകമായി. ഉള്ളെടുത്ത് പുറത്തിട്ട് കഥാപാത്രങ്ങള്‍ കൊണ്ട് ഹൃദയങ്ങളില്‍ വേരു പടര്‍ത്തി മഹാവൃക്ഷമായി.

അവര്‍ നായികയായിരുന്നില്ല എന്നും പറയാനാവില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലെ അദൃശ്യനായികയായിരിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുത്ത ശബ്ദസാന്നിദ്ധ്യം കെ.പി.എ.സി. ലളിതയുടെതായിരുന്നു. അത് ആ അഭിനയ ജീവിതത്തിന് കാലം കരുതി വച്ച ഒരംഗീകാരം കൂടിയായിരുന്നു. ബഷീറിന്റെ മതിലുകള്‍ക്കപ്പുറത്തും അടൂരിന്റെ മതിലുകള്‍ക്കപ്പുറത്തും സ്പന്ദിച്ച ആ ഹൃദയം ലളിതച്ചേച്ചിയുടെ ശബ്ദത്തിലൂടെയായി എന്നത് ചരിത്രപരമായ ഒരു തിരഞ്ഞെടുപ്പായിരുന്നു. മലയാളി സാഹിത്യ ഭാവനയിലെ ഏറ്റവും അശരീരിയായ നായിക അങ്ങിനെ ലളിതച്ചേച്ചിയുടെ ശബ്ദത്തില്‍ മൂര്‍ത്തരൂപം പ്രാപിച്ചു. അതാണ് 'മതിലുകള്‍'(1990) . ബഷീറിന്റെയും അടൂരിന്റെയും മമ്മുട്ടിയുടെയും നായിക .

ഫാസിലിന്റെ 'അനിയത്തി പ്രാവ് ' (1997) നോക്കുക. അതിലാരാണ് നായിക ? എല്ലുറപ്പില്ലാത്ത ദുര്‍ബ്ബലതയുടെ പ്രതീകമായ ശാലിനി അവതരിപ്പിച്ച കഥാപാത്രമാണോ? അതോ അവസാനത്തെ ഒരൊറ്റ രംഗത്തില്‍ സിനിമയെയും ജനഹൃദയങ്ങളെയും നിമിഷങ്ങള്‍ കൊണ്ട് മറച്ചിട്ട് കയ്യിലെടുത്ത കെ.പി.എ.സി. ലളിതയുടെ അമ്മയാണോ? ആ ഒറ്റ രംഗം കിഴിച്ചാല്‍ ശൂന്യമാണ് ആ സിനിമ. വെറുമൊരു പച്ചപ്പൈങ്കിളി. ആ ഒറ്റ രംഗത്തിന്റെ മികവിന്റെ പുറത്തേറിയാണ് അത് ബോക്‌സ് ഓഫീസില്‍ വിസ്മയം പണിതത്.

അത് ലളിതച്ചേച്ചി ഒരുക്കിപ്പറഞ്ഞ വിസ്മയ രംഗമായിരുന്നു. എത്ര സമയം വെള്ളിത്തിരയില്‍ നിന്നു എന്നതല്ല ഉള്ള സമയത്തില്‍ എത്ര കാലം എത്ര ആഴം പ്രസരിപ്പിച്ചു എന്നതാണ് ഒരു കഥാപാത്രത്തെ പ്രസക്തമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ 'അനിയത്തിപ്രാവിലെ ' നായിക കെ.പി.എ.സി. ലളിത അവതരിപ്പിച്ച അമ്മയാണ്. അതിന് ദേശീയ അവാര്‍ഡുണ്ടോ? ഉണ്ടാകില്ല. അമ്മയും നായികയാണ് എന്ന തോന്നല്‍ നമ്മുടെ ജൂറിമാര്‍ക്ക് ഉണ്ടാകാറില്ല. അത് ചലച്ചിത്രചരിത്രത്തെ മറച്ചിട്ടത് പെണ്‍ചരിത്രങ്ങളുടെ ഒരു ബൃഹത്‌ശേഖരത്തെയാണ്.

അമ്മമാര്‍ സഹനടികളായിരിക്കാന്‍ പിറന്നതാണെന്ന സിനിമയിലെ ഹൃസ്വദൃഷ്ടികളുടെ അന്ധത ജൂറി തീരുമാനങ്ങളെയും കാണികളെയും എല്ലാം അടക്കിഭരിയ്ക്കുന്നു. ഇന്നും. ഭരതന്റെ 'അമരം ' ( 1990), ജയരാജിന്റെ ' ശാന്തം ' (2000) ഒക്കെ അങ്ങിനെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമായി ചുരുങ്ങി. 'നീലപൊന്മാന്‍ ' (1975) , 'ആരവം ' ( 1978) , 'അമരം' (1990) , ' കടിഞ്ഞൂല്‍ കല്യാണം ' , ' ഗോഡ് ഫാദര്‍ ' , 'സന്ദേശം ' (1991) ഒക്കെ സംസ്ഥാന പുരസ്‌കാരപ്പട്ടികയില്‍ മികച്ച രണ്ടാമത്തെ നടി മാത്രമാവുകയും ചെയ്തു.

1978 ല്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തി ഒരിടവേളക്ക് ശേഷം 1983 ല്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നത് മാഷിന്റെ കാറ്റത്തെ കിളിക്കൂടിലൂടെയായിരുന്നു. അവരത് ആത്മകഥയില്‍ പറയുന്നുണ്ട്. ആ കഥാപാത്രത്തെ അന്വേഷിച്ച് നടക്കുന്ന കാലത്ത് എന്തിനാ പുറത്ത് നോക്കുന്നത് വീട്ടില്‍ തന്നെ ഒരാളുണ്ടല്ലോ എന്ന ചോദ്യമാണ് ഭരതന്റെ കണ്ണു തുറപ്പിച്ചത്. 5 വര്‍ഷത്തെ ഇടവേളയുടെ അവസാനമായി അത്.

വേഷം പകര്‍ന്ന 500 ലധികം സിനിമകളിലെ കഥാപാത്രങ്ങളില്‍ നിന്നും മികച്ചതേത് എന്ന ഒരു തിരഞ്ഞെടുപ്പ് ദുഷ്‌ക്കരമാണ്. എങ്കിലും വ്യക്തിപരമായി എനിക്കേറ്റവും പ്രിയപ്പെട്ടത് ജയരാജിന്റെ 'ശാന്ത' ത്തിലെ അമ്മയാണ്. തീരാത്ത രാഷ്ടീയപ്പക സ്വന്തം മക്കളെ കൊന്നുതള്ളുന്ന ദുരന്തത്തെ പ്രതിരോധിയ്ക്കാന്‍ ആ കൊലക്കത്തികള്‍ക്ക് നടുവിലേക്ക് ഹൃദയം വച്ചു നീട്ടുന്ന അമ്മ. രാഷ്ട്രീയ കൊലപാതങ്ങള്‍ ഹൃദയം നുറുക്കുന്ന അവസ്ഥയില്‍ നിന്നും ഇന്നും മുക്തമല്ല കേരളം. രാഷ്ട്രീയത്തിലെയും സിനിമയിലെയും ഈ മാതൃശൂന്യതക്ക് ബദല്‍ സ്ത്രീശക്തി തന്നെയാണ് . കെ.പി.എ.സി. ലളിതയുടെ ലെഗസി ( പൈതൃകം എന്ന മലയാളത്തിന് മറ്റൊരു പദം ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല ഇപ്പോഴും ) ഓര്‍ക്കുകയും വീണ്ടെടുക്കുകയും ചെയ്യുക എന്നത് ഭാവിയിലേക്കുള്ള പിടിവള്ളിയാണ്. കെ.പി.എ.സി. ലളിത എന്ന മഹാനടി പകര്‍ന്നാടിയ വേഷങ്ങള്‍ ഏത് നിലക്കും ആ ഭാവിയ്ക്ക് ഒരു ഖനിയാണ്. വരും കാലം അതില്‍ നിന്നും പുതിയ വായനകള്‍ കുഴിയെടുക്കട്ടെ. മരിയ്ക്കാത്ത നക്ഷത്രങ്ങളിലേക്ക് വിട.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT