ചന്ദ്രൻ വയ്യാറ്റുമ്മൽ  
Memoir

ചന്ദ്രൻ വയ്യാറ്റുമ്മൽ, വിഷാദച്ചുഴിയിലെ സ്മരണകളെ കൊളുത്തി വലിച്ചെടുത്തൊരാള്‍

ഉള്ളിലുറങ്ങിക്കിടക്കുന്ന വിഷാദത്തിന്റെ ചുഴിയിലെ സ്മരണകളെ കൊളുത്തി വലിച്ചെടുക്കാൻ പാകത്തിലൊരു സ്ട്രിംഗ് വയ്യാറ്റുമ്മൽ ചന്ദ്രൻ എന്ന പാരിസ് ചന്ദ്രന്റെ സംഗീതത്തിലുണ്ടായിരുന്നു. ഒടുങ്ങാത്ത സങ്കടത്തെ ഉൾക്കൊള്ളുന്ന ആ കമ്പിയാണ് മുറിഞ്ഞു പോയത്.

സംഗീത സംവിധായകന്‍ വയ്യാറ്റുമ്മല്‍ ചന്ദ്രനെക്കുറിച്ച് (പാരിസ് ചന്ദ്രന്‍) ചലച്ചിത്ര നിരൂപകന്‍ ജിതിന്‍ കെ.സി എഴുതുന്നു

'മാരിവില്ലിൻ തേൻമലരേ, മാഞ്ഞു പോകയോ..'എന്ന് കെ. എസ്. ജോർജ് പാടുമ്പോൾ ഓർമ്മകളിലെവിടെയോ തങ്ങിനിൽക്കുന്നൊരു സങ്കടത്തിന്റെ മുഴപ്പ് തൊണ്ടയെ കനപ്പിക്കും. ഹൈറേഞ്ചിലേക്ക് ഓടിക്കയറുന്നൊരു വണ്ടിയെ മഞ്ഞുമൂടുന്ന പോലെ ഒരു വിഷാദം നമ്മെ മൂടും. നമ്മുടേതെന്നും അപ്പോൾ തന്നെ സാർവലൗകിക മെന്നും പറയാവുന്ന ഒരു ഫോക്ട്യൂണുണ്ട് ആ പാട്ടിന്.

അപാരമായി ഫോക് ട്യൂണിന്റെ ശേഷിയെ ആവാഹിക്കുകയും തരംപോലെ പുറത്തെടുക്കുകയും ചെയ്ത സംഗീതജ്ഞനായിരുന്നു വയ്യാറ്റുമ്മൽ ചന്ദ്രൻ എന്ന പാരിസ് ചന്ദ്രൻ. മറ്റൊരു മാരിവില്ലിന്റെ തേങ്ങലായി ഈട എന്ന ചിത്രത്തിൽ (സംവിധാനം ബി. അജിത് കുമാർ) പാരിസ് ചന്ദ്രൻ ഒരു പാട്ടിനെ തുറന്നുവിടുന്നുണ്ട്. അൻവർ അലി എഴുതി സിത്താര കൃഷ്ണകുമാർ പാടിയ 'മാരിവിൽ മായണ് കാർമുകിൽ മൂടണ്..' എന്ന പാട്ടിന് ഭൂമിയിലെ മുഴുവൻ സങ്കടത്തെയും ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് എന്ന് തോന്നിയേക്കും. ഒരു തിറയാട്ടത്തിന്റെ രാത്രിയിൽ തങ്ങിനിൽക്കുന്ന ഈണത്തിലേക്ക് ദുഖത്തിന്റെ ഛായയെ ഒഴിക്കുന്ന ചിത്രകാരനായി വയ്യാറ്റുമ്മൽ ചന്ദ്രൻ മാറുന്നു. ചായില്യം (സംവിധാനം മനോജ് കാന) എന്ന ചിത്രത്തിലെ 'അമ്പിളിപ്പൂവുകൾ..' എന്ന ഗാനത്തിൽ പ്രാണനദി നീന്തി പോയോള് എന്ന വരിയിൽ നാം ആ നായികാകഥാപാത്രത്തിന്റെ വേദനയെ മുഴുവൻ മനസ്സിലാക്കുന്നത് വയ്യാറ്റുമ്മൽ ചന്ദ്രൻ ആ വേദനയെ വരികളിൽ ആവാഹിച്ചെടുക്കുന്നതു കൊണ്ടു കൂടിയാണ്.

ചന്ദ്രൻ വയ്യാറ്റുമ്മൽ

ഇരവിക്കുട്ടിപ്പിള്ളയുടെ പോരിലെ പോകരുതെൻ മകനേ.. ' എന്ന പാട്ട് ഞാൻ സ്റ്റീവ് ലോപ്പസിൽ രാജീവ് രവി ഉപയോഗിക്കുമ്പോൾ അതിന് സംഗീതം നൽകിയത് വയ്യാറ്റുമ്മൽ ചന്ദ്രനാണ്. ആ പാട്ടിലും ഉയർന്നുനിൽക്കുന്ന സങ്കടത്തിന്റെ കൊളുത്തിവലിവിനെ പ്രകടിപ്പിക്കാൻ ചന്ദ്രന് സാധിക്കുന്നു.

ഈട എന്ന ചിത്രത്തിലെ തന്നെ 'മിഴി നിറഞ്ഞു മിന്നും..' എന്ന് തുടങ്ങുന്ന പാട്ടിൽ നാട്ടീണത്തിൽ നിന്ന് തെല്ലു പുറത്തുവരുന്ന മെലഡിയെ നമ്മെ അലട്ടാതെ കടന്നുപോവുന്ന തണുത്തൊരു കാറ്റിന്റെ അനുഭൂതിയിലേക്കുയർത്തുന്ന വയ്യാറ്റുമ്മൽ ചന്ദ്രനെ കാണാം. ആ പ്രണയഗാനത്തിലും മറ്റൊരു കാലത്ത് സംഭവിച്ചേക്കാവുന്ന വിരഹത്തെ പ്രഡിക്ട് ചെയ്ത് ഒളിപ്പിച്ചു വെക്കുന്നുണ്ട് ചന്ദ്രൻ.

ചന്ദ്രൻ വയ്യാറ്റുമ്മൽ

വയ്യാറ്റുമ്മൽ ചന്ദ്രൻ തന്നെയാണ് സ്റ്റീവ് ലോപ്പസിന്റെ പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്തത്. കെ.എം.മധുസൂദനൻ സംവിധാനം ചെയ്ത ബയോസ്കോപ്പ് എന്ന ചിത്രത്തിലൂടെ മികച്ച സംഗീതത്തിനുള്ള സംസ്ഥാനപുരസ്കാരം പാരിസ്ചന്ദ്രൻ നേടി.

സിനിമയിലും സംഗീതം ചെയ്തു എന്നു പറയുന്നതാവും പാരിസ് ചന്ദ്രനെക്കുറിച്ചോർക്കുമ്പോൾ കൂടുതൽ ശരി. ചന്ദ്രൻ വയ്യാറ്റുമ്മൽ തന്റെ ആഗോള സംഗീതശേഷി മുഴുവൻ പുറത്തെടുക്കുന്നത് നാടകത്തിലാണ്. നാടകത്തിന്റെ പാഠത്തിലെ സംഗീതത്തെ മുഴുവനായും ആവാഹിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.

ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നാടകമായിരുന്നല്ലോ. ആ നാടകത്തെ അരീനാ സ്റ്റേജിൽ നിന്ന് വായുവിലേക്കുയർത്തുന്നത് വയ്യാറ്റുമ്മൽ ചന്ദ്രന്റെ സംഗീതമാണ് എന്ന് തോന്നിയിട്ടുണ്ട്. ഖസാക്ക് എന്ന പാഠത്തെ ചന്ദ്രൻ വയ്യാറ്റുമ്മൽ ഒരു സംഗീതമായി മാറ്റിയെടുക്കുന്നത് അത്ഭുതത്തോടെയല്ലാതെ അനുഭവിക്കാനാവില്ല.

ചെതലിയുടെ താഴ് വാരത്തിലെ കാറ്റും കുതിരയുടെ കുളമ്പടി ശബ്ദവും നിലാവും ഖസാക്കിലെ ബാങ്ക് വിളിയും കലർന്ന സംഗീതത്തിന്റെ ഒരു സിംഫണി ഖസാക്കിന്റെ ഇതിഹാസത്തെ ഒരു ഒറിജിനൽ സൗണ്ട് ട്രാക്കായിക്കൂടി മാറ്റിയെടുക്കുന്നു. നിങ്ങൾക്കപ്പോൾ സംഗീതം കൊണ്ട് ഖസാക്കിനെ കേൾക്കാം.

ഖസാക്കിലെ പാട്ടുകളിലും ചന്ദ്രൻ വിഷാദാനുഭൂതിയെ കലർത്തുന്നുണ്ട്. 'കുഞ്ഞമ്പൂന്റമ്മേനെ കണ്ടീനോ...' എന്ന പാട്ടിൽ ഒരു രംഗവേദി മുഴുവനായി സങ്കടത്തിന്റെ കാർമുകിൽ കൊണ്ട് മൂടുന്നു.

ഇങ്ങനെ നിരവധി തരത്തിൽ നിരവധി തലത്തിൽ നമ്മുടേതെന്നും അപ്പോൾ തന്നെ സാർവലൗകികവും എന്നും കരുതാവുന്ന അപാരശേഷിയുള്ള സംഗീതജ്ഞനെയാണ് വയ്യാറ്റുമൽ ചന്ദ്രന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമാവുന്നത്. സിനിമാസംഗീതത്തിന്റെ പലപ്പോഴും മടുപ്പിക്കുന്ന ഫോർമാറ്റുകളുടെ പുറത്തുനിന്നത് കൊണ്ടാവണം സിനിമ ചന്ദ്രൻ എന്ന സംഗീതശേഷിയെ വേണ്ടത്ര ഉപയോഗിക്കാത്തത്. അത് നിശ്ചയമായും സിനിമയുടെ നഷ്ടമാണ്.

ഉള്ളിലുറങ്ങിക്കിടക്കുന്ന വിഷാദത്തിന്റെ ചുഴിയിലെ സ്മരണകളെ കൊളുത്തി വലിച്ചെടുക്കാൻ പാകത്തിലൊരു സ്ട്രിംഗ് ചന്ദ്രൻ വയ്യാറ്റുമ്മൽ എന്ന പാരിസ് ചന്ദ്രന്റെ സംഗീതത്തിലുണ്ടായിരുന്നു. ഒടുങ്ങാത്ത സങ്കടത്തെ ഉൾക്കൊള്ളുന്ന ആ കമ്പിയാണ് മുറിഞ്ഞു പോയത്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT