Memoir

കുന്ദേരയുടെ കൃതികൾ ദുരധികാരത്തോടുള്ള കലാപങ്ങൾ

പലപ്പോഴും സ്വാർത്ഥമായ ആനന്ദത്തിലേക്കെന്ന് തോന്നിക്കുന്ന തൃപ്തികളിലേക്ക് കുന്ദേരയുടെ കഥാപാത്രങ്ങൾ പോകും. അതിലെല്ലാം അധികാരത്തോടുള്ള കലാപവും അധികാരത്തിന്റെ പ്രകടനവും കാണാം. ഈ വൈരുധ്യം കൂടിയാണ് ലോകമെന്ന് കുന്ദേര അങ്ങനെ പറയുന്നുണ്ട്.

യൂറോപ്പിന്റെ മാത്രമല്ല ലോകത്തിന്റെയും ഏറ്റവും തീവ്രമായ ഇളകിമറിയലുകളുടെ കാലത്തായിരുന്നു കുന്ദേര തന്റെ സാഹിത്യജീവിതം ജീവിച്ചത്. അതുകൊണ്ടുതന്നെ ആദ്യാവസാനം ആ കാലത്തിന്റെയും അതിന്റെ ഇളക്കങ്ങളുടെയും സകല സ്വാധീനവും കുന്ദേരയുടെ കൃതികളിലുണ്ടായിരുന്നു. അങ്ങനെയല്ലാതെ ആരും ഒന്നും എഴുതുന്നുമില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കടന്നുപോയ അധികാരത്തിന്റെ കുഴമറിച്ചിലുകളിൽ കുന്ദേരയുടെ ജന്മനാടായ ചെക്കോസ്ലൊവാക്യ സോവിയറ്റ് യൂണിയന്റെ നിഴലിലുള്ള സോഷ്യലിസ്റ്റ് രാഷ്ട്രമായി മാറി.

അതുവരെയുള്ള തീർത്തും അസമത്വം നിറഞ്ഞ സാമ്പത്തികാധികാര ക്രമത്തിനെ അത് മാറ്റിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും അസ്വാതന്ത്ര്യങ്ങളിൽ നിന്നും വിമോചിപ്പിക്കപ്പെട്ട മനുഷ്യനും സമൂഹത്തിന് വേണ്ടിയാണെന്നത് അതിവേഗം മാഞ്ഞുപോവുകയും രാഷ്ട്രീയാധികാരത്തിന്റെയും ഭരണകൂടത്തിന്റെയും ദുരധികാരം അതിന്റെ എല്ലാ നൃശംസതകളോടും കൂടി ഒരു യൂറോപ്യൻ ശീതകാലം പോലെ നിത്യമായി ഓരോ മനുഷ്യനെയും മരവിപ്പിക്കുകയും ചെയ്തു.

കുന്ദേരയുടെ കൃതികൾ അകാലത്തിൽ ഇല്ലാതാക്കപ്പെട്ട ഈ വിമോചനസ്വപ്നത്തിനോടും അതിനെത്തുടർന്നുള്ള ദുരധികാര ഭീകരതയോടുമുള്ള കലാപങ്ങളും തത്വചിന്താപരമായ പ്രതികരണങ്ങളുമായിരുന്നു.

ഫ്രാൻസിലേക്കുള്ള രാഷ്ട്രീയ പലായനത്തിന് ശേഷം (1975) കുന്ദേര തന്റെ നോവലുകളെ സർഗാത്മകമായി വീണ്ടും വികസിപ്പിച്ചെടുത്തു. അധികാരമായിരുന്നു അതിന്റെ എല്ലാ കഥാസന്ദർഭങ്ങളിലും കഥാപാത്രങ്ങളിലും അതിന്റെ രൂപവികാസത്തിലുമെല്ലാം നിറഞ്ഞുനിന്നത്. അധികാരത്തിന്റെ പല രൂപത്തിലുള്ള വിളയാട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന മനുഷ്യരെയും മനുഷ്യസമൂഹത്തെയും കുറിച്ചായിരുന്നു കുന്ദേര തന്റെ നോവലുകളിൽ എഴുതിയത്. ഓരോ തവണയും അത് കൂടുതൽ തത്വചിന്താപരമായ മേഖലകളിലേക്കും പരിവർത്തിപ്പിക്കപ്പെട്ടു. ആക്ഷേപഹാസ്യത്തിൽ നിന്നും തത്വചിന്തയിലേക്കുള്ള പോക്കുവരവുകൾ കുന്ദേരയിൽ സമൃദ്ധമാകുന്നത് ഇങ്ങനെയാണ്.

മനുഷ്യബന്ധങ്ങളെ ഒട്ടും കാല്പനികമായല്ല ഒരു തരത്തിൽ കുന്ദേര ചിത്രീകരിച്ചിരിക്കുന്നത്. അത്രയഗാധമായ സ്നേഹഗാഥകളോ പാരസ്പര്യമോ ഉള്ളവരല്ല അവർ. പലപ്പോഴും സ്വാർത്ഥമായ ആനന്ദത്തിലേക്കെന്ന് തോന്നിക്കുന്ന തൃപ്തികളിലേക്ക് കുന്ദേരയുടെ കഥാപാത്രങ്ങൾ പോകും. അതിലെല്ലാം അധികാരത്തോടുള്ള കലാപവും അധികാരത്തിന്റെ പ്രകടനവും കാണാം. ഈ വൈരുധ്യം കൂടിയാണ് ലോകമെന്ന് കുന്ദേര അങ്ങനെ പറയുന്നുണ്ട്.

സ്ത്രീ പുരുഷ ബന്ധങ്ങളെ ലൈംഗികതയുടെ പരപീഡയും സ്വാനന്ദസ്വാർത്ഥവും നിറയുന്ന കേളികളാക്കുന്നുണ്ട്. അതെല്ലാം അധികാരത്തിന്റെ ലോകത്തിൽ നിന്നും വേറിട്ടൊരു ലോകവുമല്ല. നിഷ്ക്കളങ്കതയുടെ വ്യാജവാത്സല്യങ്ങൾ ഇല്ലാതിരിക്കുന്നു എന്നത് ജീവിക്കുന്ന ലോകത്തിന്റെ തത്വചിന്ത കൂടിയാണ്.

കുന്ദേര ജീവിക്കാനും എഴുതാനും തുടങ്ങിയ ചെക്കോസ്ലോവാക്യയല്ല അദ്ദേഹം മരിക്കുമ്പോഴുള്ളത്. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു കുന്ദേര. രണ്ടുതവണ അകത്താവുകയും പുറത്താവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ വിമോചന സ്വപ്നങ്ങളും ശേഷം അധികാരത്തിലെത്തിയപ്പോൾ വളരെ വേഗം സംഭവിച്ച സമഗ്രാധിപത്യത്തിന്റെ പകർന്നാട്ടവുമൊക്കെ കിഴക്കൻ യൂറോപ്പിന് കേട്ടറിഞ്ഞ കഥകളല്ലാത്തതുകൊണ്ട് ഗൃഹാതുരത്വം അത്രയൊന്നുമില്ലാതെപ്പോകുന്നു അന്നാട്ടുകാർക്ക് ആ ചരിത്രത്തോട് എന്നത് കിഴക്കൻ യൂറോപ്പിൽ പോയാൽ നമുക്കറിയാൻ കഴിയും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ പലായനം ചെയ്തെത്തിയ നാട്ടിലെ ഭാഷയിൽ, ഫ്രഞ്ചിൽ എഴുതാനുള്ള കുന്ദേരയുടെ തീരുമാനം പോലും ഈ ചരിത്രഭാരത്തെ കുടഞ്ഞെറിയലായിരുന്നു.

കേവലമായ വ്യക്തി ജീവിതാനുഭൂതികളോ അസ്തിത്വാശങ്കകളുടെ ആത്മീയഭാവമോ ഒക്കെയല്ല കുന്ദേരയുടെ എഴുത്ത്. അത് അധികാരത്തെയും ഭരണകൂട അധികാരമടക്കമുള്ള അതിന്റെ ഹിംസാത്മകമായ രൂപങ്ങളെയും അത് സമൂഹത്തെയും വ്യക്തികളെയും വ്യക്തിബന്ധങ്ങളേയുമെല്ലാം എങ്ങനെ അമാനവീകരിക്കുന്നു എന്നും ഒരുതരത്തിൽ മാർക്സ് പറഞ്ഞ അന്യവത്ക്കരണം സൃഷ്ടിക്കുന്നു എന്നതിലേക്കുമുള്ള അതിസൂക്ഷ്മമായ വിചാരങ്ങൾക്കൂടിയാണ് കുന്ദേരയുടെ എല്ലാ കൃതികളും.

സമഗ്രാധികാരത്തിന്റെ നീളൻ കൈകൾ നിങ്ങളെ തൊടുമ്പോഴെല്ലാം, ഭരണകൂടം മനുഷ്യരെ ഉണ്ടുറങ്ങുക മാത്രം ചെയ്യുന്ന ജന്തുക്കളാക്കി മാറ്റാൻ ശ്രമിക്കുമ്പോഴെല്ലാം, നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെടുന്ന സ്വാർത്ഥമായ അമാനവികമായ അന്യവത്ക്കരണം സ്വാഭാവികമായി മാറുമ്പോഴെല്ലാം കുന്ദേര നമ്മളോട് ഇതാ ഞാനെഴുതിയത് വായിക്കൂ എന്ന് പറഞ്ഞുകൊണ്ടിരിക്കും. അതാകട്ടെ നിലയില്ലാതെ ആവർത്തിക്കുന്ന ചരിത്രമാകുമ്പോൾ മിലാൻ കുന്ദേര കാലത്തിന്റെ നൈരന്തര്യത്തിലേക്ക് കടന്നിരുന്ന വലിയ എഴുത്തുകാരനായി മാറുന്നു.

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT