Memoir

മാമുക്കോയ, നിഷ്കളങ്കവും ജൈവികവുമായ നടനശൈലി

നടൻ എന്ന ഒരു കേവലസംജ്ഞയിൽ ഒതുങ്ങിപ്പോകുന്നതല്ല മാമുക്കോയയുടെ പ്രസക്തി. സിനിമയിലെ തങ്ങളുടെ പ്രവർത്തനമേഖലകളിൽ 'മികച്ചത് ' എന്ന് പേരു കേൾപ്പിച്ച പല അഭിനേതാക്കളും മറ്റ് ചലച്ചിത്രപ്രവർത്തകരും സാമൂഹ്യവിഷയങ്ങളിലെ ബോദ്ധ്യമില്ലായ്മയാലും നിലപാടുകളിലെ വങ്കത്തരങ്ങളാലും അപഹാസ്യമാകും വിധം ചെറുതായിപ്പോകുന്നത് കേരളം കണ്ടിട്ടുണ്ട്. എന്നാൽ ചരിത്രബോധമുള്ള സാമൂഹ്യവീക്ഷണത്താലും മൂല്യബോധമുള്ള ജീവിതനിലപാടുകളാലും മാമുക്കോയ എന്നും വ്യത്യസ്തനായി. തങ്ങളുടെ പ്രതിഫലത്തുകയെ കുറിച്ചോർത്തു മാത്രം ആധി കൊള്ളുന്ന നടനകുലത്തിൽ നിന്ന് വേറിട്ടു നിന്ന് അയാൾ തനിക്ക് ചുറ്റുമുള്ള മനുഷ്യരെയും നാടിനെയും കുറിച്ച് വ്യഥകളോടെ ചിന്തിച്ചു, സംസാരിച്ചു.

വൈക്കം മുഹമ്മദ് ബഷീറിനെയും എസ് കെ പൊറ്റക്കാടിനെയും പോലുള്ള വന്മരങ്ങളുടെ സൗഹൃദത്തണലുകളും പരന്ന വായനയും സർവ്വോപരി തന്റെ ചുറ്റുപാടുകളിൽ നിന്നാണ് തന്റെ സ്വത്വം ഉരുവാകുന്നതെന്ന ഉറച്ച ബോദ്ധ്യവും ഒപ്പം ആ സ്വത്വശൈലികളെ കേരളം എന്ന ഭൂമികയോട് ഇണക്കിയും വിളക്കിയും ചേർത്തുനിർത്താനുള്ള സത്യസന്ധമായ പരിശ്രമങ്ങളും ചേർന്നാണ് മാമുക്കോയ എന്ന വ്യക്തിയെയും നടനെയും സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെയാകാം അഭിനയത്തിന്റെ സ്വാഭാവിക മുദ്രകൾക്കൊപ്പം ഒരേ സമയം കോഴിക്കോടൻ നാടകപാരമ്പര്യത്തിന്റെയും സമുദായ നവോത്ഥാനത്തിന്റെയുമടക്കം രാഷ്ട്രീയാടരുകളും ആ അഭിനയശൈലിയിൽ സന്നിവേശിച്ചിരുന്നുവെന്ന് നിരീക്ഷിക്കാൻ കഴിയുന്നത്.

കല്ലായിയിലെ തടിക്കച്ചവടരംഗത്ത് പേരെടുത്ത അളവുകാരന്റെ നടനശൈലിക്ക് അഭിനയത്തിന്റെ വ്യവസ്ഥാപിതമായ അളവുമൂർച്ചകളേക്കാൾ കല്ലായിപ്പുഴയുടെ ഇളവെയിൽമിനുക്കവും വഴക്കവുമുള്ള സ്വച്ഛന്ദസഞ്ചാരത്തോടായിരുന്നു ചേർച്ച. കോഴിക്കോടൻ ഭാഷയുടെ സൗന്ദര്യം കുതിരവട്ടം പപ്പുവിനെ പോലുള്ള നടന്മാരിലൂടെ മലയാളി മുമ്പും കണ്ടറിഞ്ഞിട്ടുണ്ടെങ്കിലും മാമുക്കോയയുടെ കോഴിക്കോടൻ നാട്ടുമൊഴിപ്രയോഗങ്ങളാണ് മലബാറിനു തെക്കുള്ള മലയാളസിനിമാപ്രേക്ഷകർക്കും ആ ശൈലി പ്രിയങ്കരപരിചിതമാക്കിയത്.

90-കളുടെ പകുതി വരെ ഏകപക്ഷീയമായിത്തന്നെ മലയാള സിനിമ പിന്തുടരാൻ അതിതാല്പര്യം കാണിച്ച വള്ളുവനാടൻ, തെക്കൻ -മദ്ധ്യതിരുവിതാംകൂർ സംഭാഷണശൈലികളുടെ ഏകതാനതയെ ഭേദിച്ച് സിനിമയെ അക്ഷരാർത്ഥത്തിൽ ബഹുസ്വരമാക്കിയതിൽ മാമുക്കോയയുടെ പങ്ക് നിസ്സാരമല്ല.

ബഷീറിന്റെ രചനാലോകത്തു നിന്ന് മലയാളി ഏറ്റെടുത്ത നിരവധി ഭാഷാ-പദപ്രയോഗങ്ങൾ പോലെ, ഇൻസ്റ്റഗ്രാമും റീൽസുമൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് മലബാറിലെ 'മാണ്ട' പോലുള്ള നാട്ടുപ്രയോഗങ്ങളെയും മൊഴിവഴക്കങ്ങളെയും കേരളത്തിനു മുഴുവൻ പരിചയപ്പെടുത്തുകയും ഇഷ്ടപ്പെടുത്തുകയും ചെയ്തു മാമുക്കോയ. എന്നാൽ കേവലമായ ഭാഷാശൈലീപ്രയോഗത്തിനപ്പുറം കോഴിക്കോടൻ ജീവിതപരിസരങ്ങളെയും പ്രത്യേകിച്ച് കോഴിക്കോടൻ മുസ്ലീം സാമൂഹ്യാവസ്ഥകളെയും തികച്ചും ജൈവികമായി ഉൾച്ചേർത്തുകൊണ്ടുള്ള അഭിനയശൈലി തന്നെയാണ് മാമുക്കോയ എന്ന നടനെ മലയാളിയുടെ പ്രിയപ്പെട്ടവനാക്കിയത്.

കാലിഫോർണിയയിലേക്ക് ചരക്കുമായി പോകുന്ന ഉരു ദുബായ് കടപ്പുറം വഴി തിരിച്ചുവിടാമെന്ന വാഗ്ദാനത്തോടെ, ചെന്നൈ കടപ്പുറത്ത് ദാസനെയും വിജയനെയും ഇറക്കിവിടുന്ന ദുഷ്ടൻ ഗഫൂർ പ്രേക്ഷകരുടെ സ്വന്തം ഗഫൂർക്കാ ദോസ്തായി മാറുന്നതിന്റെ ഒരു പ്രധാനകാരണം ലളിതസുന്ദരവും നിഷ്കളങ്കവും ജൈവീകവുമായ ആ നടനശൈലി തന്നെയായിരുന്നു.

എങ്കിലും തന്റെ രൂപവും സംഭാഷണശൈലിയും സമരസപ്പെട്ടുനിന്ന ഹാസ്യകല്പനകൾക്കൊത്ത് വട്ടം കറങ്ങുന്ന സ്റ്റീരിയോടൈപ്പ് വേഷങ്ങളിൽ കുടുങ്ങിക്കിടക്കാനേ അഭിനയജീവിതത്തിന്റെ ഭൂരിഭാഗം കാലത്തും മാമുക്കോയക്ക് കഴിഞ്ഞുള്ളൂ. പക്ഷേ ഒന്നു കുതറിമാറാൻ അവസരം കിട്ടിയപ്പോഴൊക്കെ ആസ്വാദകനെ അതിശയിപ്പിക്കാൻ മാമുക്കോയയിലെ നടനു കഴിയുകയും ചെയ്തിരുന്നു. പെരുമഴക്കാലത്തിലെയും ഏറ്റവുമൊടുവിൽ 'കുരുതി'യിലെയും കഥാപാത്രങ്ങൾ അതിന് ദൃഷ്ടാന്തങ്ങളാകുന്നു. ഇനിയുമേറെ ഉജ്വലസാദ്ധ്യതകൾ ആ നടനിൽ ബാക്കിയുണ്ടായിരുന്നുവെന്നതിന്റെ സ്പഷ്ടസാക്ഷ്യമാകുന്നുണ്ട് 'കുരുതി'യിലെ പ്രകടനം.

യഥാർത്ഥത്തിൽ മലയാളത്തിന്റെ ഭാഷാപരവും സാംസ്ക്കാരികവുമായ വടക്കൻ - തെക്കൻ കൊടുക്കൽ വാങ്ങലുകൾക്കിടയിലെ മൂല്യവത്തും ജനകീയവുമായ പാലമായി വർത്തിച്ചു എന്നതാണ് മാമുക്കോയ എന്ന നടന്റെ ഏറ്റവും സുപ്രധാന സംഭാവന. തഗ്ഗുകളായിരുന്നില്ല, മേല്പറഞ്ഞ സാസ്കാരിക മൂല്യവിനിമയമായിരുന്നു മാമുക്കോയ എന്ന നടന്റെ ചരിത്രദൗത്യം!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT