t p rajeevan  
Memoir

ടി.പി. രാജീവൻ, ഒരു നീണ്ട വേദനയുടെ ഓർമ്മ

യൂണിവേഴ്സിറ്റി ബുദ്ധിജീവികളെ പരിഹസിച്ച് 'ദ കുറുക്കൻ' എന്ന പേരിൽ രാജീവൻ എഴുതിയ കവിത ഒറ്റയടിക്ക് അവനെ ഇടതുവിരുദ്ധനായി മുദ്രകുത്തുന്നതിന് ഇടയാക്കി. ന്യായം പി.ഇ. ഉഷയുടെ പക്ഷത്തായിരുന്നു എങ്കിലും യൂണിവേഴ്സിറ്റി ഇടതു ബുദ്ധിജീവികൾ പൊതുവിൽ അവർക്കെതിരായിരുന്നു.

ടി.പി രാജീവനെ സുഹൃത്തും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രേംചന്ദ്‌ അനുസ്‌മരിക്കുന്നു

1977-79 കാലത്ത് അടിയന്തരാവസ്ഥ കഴിഞ്ഞ് കാമ്പസ്സുകൾ ഉണർന്നുവരുന്ന സമയത്ത് കോഴിക്കോട് പൊക്കുന്നിലെ ഗുരുവായൂരപ്പൻ കോളേജിൽ നിന്ന കിട്ടിയ സൗഹൃദത്തിന്റെ പേരാണ് എനിക്ക് ടി.പി. രാജീവൻ. സീനിയറായിരുന്നു. എന്നാൽ അടുത്തിടെ വിടപറഞ്ഞ നടനും നാടകകൃത്തുമായിരുന്ന പ്രിയഗുരുനാഥൻ രാമചന്ദ്രൻ മൊകേരിയുടെ സൗഹൃദങ്ങളിൽ ടി.പി. രാജീവനും ഉണ്ടായിരുന്നതുകൊണ്ട് വളരെപ്പെട്ടെന്ന് തന്നെ അടുത്തു. ഇണങ്ങിയും പിണങ്ങിയും അതൊരു ആയുഷ്ക്കാല സൗഹൃദം പോലെ നാല് പതിറ്റാണ്ട് നീണ്ടു.

മൂർച്ചയേറിയ പരിഹാസം അണയാതെ കാത്തുസൂക്ഷിക്കുന്ന ചിരിയായിരുന്നു അന്നേ രാജീവന്റെ ആയുധം. ആരെയും പരിഹസിച്ച് ചിരിക്കും. സ്വയം പരിഹസിച്ചും ചിരിക്കും. ആ പരിഹാസമാണ് അവനെ എഴുത്തുകാരനാക്കിയത്. കവിയായും നോവലിസ്റ്റായും ലേഖകനായുമൊക്കെ. ഞങ്ങളെ കൂട്ടിയിണക്കിയ രാമചന്ദ്രൻ മൊകേരി മാഷ്ക്ക് പിറകെ ആ ചിരിയും നിശബ്ദമായി മാഞ്ഞു പോകുമ്പോൾ വേദനകൾ മാത്രം ബാക്കിയാകുന്നു.

പൊക്കുന്നിലെ ഗുരുവായൂരപ്പൻ കോളേജ് ഇന്നത്തെപ്പോലെ മതിലു കെട്ടി മുറിച്ചതായിരുന്നില്ല അന്ന്. കോളേജ് വിട്ടാലും കുന്നിൻ ചെരുവിൽ പാതിരാവോളം ഇരിക്കുന്നതിൽ പരം ആഹ്ലാദം മറ്റൊന്നില്ലാത്ത കാലം. അദ്ധ്യാപകനും കോളേജ് മെൻസ് ഹോസ്റ്റൽ വാർഡനുമായ രാമചന്ദ്രൻ മൊകേരിയും കൂട്ടിനുള്ളതു കൊണ്ട് ഒരു സെക്യൂരിറ്റിയെയും ഭയക്കേണ്ട. രാജീവനും ഹോസ്റ്റലിൽ തന്നെയായിരുന്നു താമസം. കുന്നിൻ ചെരുവിൽ പാതിരാവ് പെയ്യുമ്പോൾ അയ്യപ്പപ്പണിക്കരുടെ 'രാത്രികൾ പകലുകൾ' മുഴുകിപ്പാടുന്ന രാജീവനെ ഒരിക്കലും മറന്നിട്ടില്ല. അതാണ് അവനെക്കുറിച്ചുള്ള ഏറ്റവും പഴയൊരോർമ്മ. അന്നവൻ കവിയായി മാറിയിട്ടില്ല. പാടിക്കഴിയുമ്പോൾ ഒരു നീണ്ട നിശബ്ദത ബാക്കിയാകും. പിന്നെ ആ പാതിരാവിൽ ആരും ഒന്നും പറയില്ല. കാറ്റിനൊപ്പം താഴ് വരയിൽ നിന്നുള്ള പക്ഷികളുടെ ശബ്ദങ്ങൾ ഉറക്കംവരാതെ പിടിച്ചുനിർത്തും . നാടിന്റെ ഓർമ്മയിലേക്ക് മനസ്സുകൊണ്ടുള്ള സഞ്ചാരങ്ങളുടെ വേള. പിന്നെ ജീവിതം കടന്നുപോയ വഴിയിൽ എത്രയെത്ര പാതിരാകൊലപാതകങ്ങൾ അരങ്ങേറിയെന്ന് കണക്കെടുക്കാനാവില്ല.

അന്നത്തെ കാമ്പസ് രാഷ്ട്രീയത്തോട് രാജീവൻ പുറംതിരിഞ്ഞു നിൽക്കുകയാണ് ചെയ്തത്. രാമചന്ദ്രൻ മൊകേരി വഴി കിട്ടിയ മധു മാഷിന്റെ 'അമ്മ' നാടകസംഘത്തിലേക്കോ വിപ്ലവ വിദ്യാർത്ഥിസംഘടനയിലേക്കോ ജനകീയ സാംസ്കാരികവേദിയിലേക്കോ ഒന്നും അവൻ എത്തിനോക്കിയിട്ടില്ല. എന്നാൽ ഒരു പരിഹാസിയായി ചുറ്റും ഉണ്ടായിരുന്നു താനും.

ഇത്തിരി ആത്മീയതയുടെ അസുഖം രാജീവന് അന്നുണ്ടായിരുന്നു എന്നു തോന്നിയിരുന്നു. പഠിക്കുന്ന കാലത്തേ കാവി മുണ്ടുടുത്ത് വരുന്നതിനെ മൊകേരി മാഷ് പരിഹസിക്കുമായിരുന്നത് ഓർമ്മയുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടും കടമ്മനിട്ടയും കെ.ജി.എസ്സും സിവിക് ചന്ദ്രനുമൊക്കെ കാമ്പസിന്റെ പ്രിയ കവികളായിരുന്ന കാലത്തും അയ്യപ്പപ്പണിക്കരുടെ കവിതയിലെ പരിഹാസത്തോടായിരുന്നു അവന് പ്രതിപത്തി. ആ വഴിയിൽ അവന്റെ കവിതകൾ മുളച്ചതും കവിയായതും പിന്നെ അതും പിന്നിട്ട് നോവലിൽ ആ കമ്മ്യൂണിസ്റ്റ് വിമർശനധാരയുടെ കൊടി ഉയർത്തിപ്പിടിച്ചതും ഒക്കെ പിന്നീടുള്ള യാത്രകളിൽ സംഭവിച്ച വിസ്മയങ്ങൾ.

മാതൃഭൂമിയിൽ ആദ്യ കാലത്ത് ഞാനും കെ.കെ. ബലരാമനുമായിരുന്നു അവന്റെ സുഹൃത്തുക്കൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പി.ആർ . വകുപ്പിൽ ജീവനക്കാരനായതോടെ മാതൃഭൂമിയിലേക്കുള്ള വരവുകൾ കൂടി. ആഴ്ചപ്പതിപ്പിന്റെയും വാരാന്തപ്പതിപ്പിന്റെയും എഴുത്തിന്റെ പടവുകളിലേക്ക് കയറുമ്പോൾ ഞങ്ങളുടെ അടുത്തുവരും. ചിലപ്പോൾ അതൊന്ന് രുചിച്ചു നോക്കാൻ പറയും. അങ്ങിനെ കണ്മുന്നിൽ നിന്ന രാജീവൻ കണ്ണടച്ചു തുറക്കുമ്പോഴേക്ക് വലിയ എഴുത്തുകാരനായി . കവിയും നോവലിസ്റ്റും ലേഖകനുമായി. മറക്കാൻ പറ്റാതാണ് പലതും.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നു പറയുന്നതിന് മറുപുറവും ഉണ്ട്. അത് 'നിങ്ങളെന്നെ കോൺഗ്രസ്സാക്കി' എന്നോ 'നിങ്ങളെന്നെ സംഘപരിവാറാക്കി' എന്നോ പറയാവുന്ന ചാപ്പ കുത്തലാണ്. അതിൽ രാജീവനും പെട്ടു. അതിൽ ഏററവും കഠിനമായ ഓർമ്മ അവൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പി.ആർ. ഒ. ആയിരുന്ന കാലത്ത് ഒരു സ്ത്രീപീഡന പരാതിയിൽ അവിടുത്തെ ഇടത് ട്രേഡ് യൂണിയനുകൾ പ്രതിയോടൊപ്പം ചേർന്നു നിന്നപ്പോൾ രാജീവൻ അവരുമായി നടത്തിയ ഏറ്റുമുട്ടലുകളാണ്.

നീതിക്ക് വേണ്ടി പി.ഇ. ഉഷക്ക് നടത്തേണ്ടി വന്ന നീണ്ട പോരാട്ടങ്ങൾ കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർക്കിടയിലും ഫെമിനിസ്റ്റുകൾക്കിടയിലും നിരവധി ചേരിതിരിവുകൾക്കും വഴിയൊരുക്കിയിരുന്നു. യൂണിവേഴ്സിറ്റി ബുദ്ധിജീവികളെ പരിഹസിച്ച് 'ദ കുറുക്കൻ' എന്ന പേരിൽ രാജീവൻ എഴുതിയ കവിത ഒറ്റയടിക്ക് അവനെ ഇടതുവിരുദ്ധനായി മുദ്രകുത്തുന്നതിന് ഇടയാക്കി. ന്യായം പി.ഇ. ഉഷയുടെ പക്ഷത്തായിരുന്നു എങ്കിലും യൂണിവേഴ്സിറ്റി ഇടതു ബുദ്ധിജീവികൾ പൊതുവിൽ അവർക്കെതിരായിരുന്നു. കോടതി പ്രതിയെ ശിക്ഷിച്ച സംഭവത്തിൽ പോലും യൂണിവേഴ്സിറ്റി അഭ്യന്തര പരാതിപരിഹാരസമിതി അയാളെ രക്ഷിക്കും വിധം റിപ്പോർട്ട് സമർപ്പിച്ചു. അതായിരുന്നു കുറുക്കൻ കവിതയുടെ പ്രചോദനം എന്നാണോർമ്മ. തിരിച്ച് രാജീവനെ യൂണിവേഴ്സിറ്റിയും ഒതുക്കി.

ഒടുവിൽ തൊട്ടുപിറകെ വന്ന യു .ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിട്ട് സാംസ്കാരിക മന്ത്രിയുടെ ഉപദേശകനായിരുന്നു കൊണ്ടായിരുന്നു ഇതിന് രാജീവന്റെ മറുപടി. ചരിത്രത്തിലുടനീളം ഇത്തരം പ്രതികാരങ്ങൾ എത്ര വേണമെങ്കിലും കാണാനാവും. ഏതായാലും അതോടെ രാജീവന്റെ ക്യാമ്പ് ഏതെന്ന് വിധിയെഴുതപ്പെട്ടു. എന്നാൽ മലയാളത്തിന്റെ കൊച്ചു മണ്ണിലല്ലായിരുന്നു രാജീവന്റെ എഴുത്ത്. മലയാളിയുടെ കൊച്ചു ലോകത്തിനപ്പുറത്തേക്ക് പല ഭാഷകളുടെ എഴുത്തുവഴിയിലേക്ക് അവൻ കയറിപ്പോയി.

സിനിമ വലിയ ആഗ്രഹമായിരുന്നു രാജീവന്. തൊണ്ണൂറുകളിൽ ഞാൻ മാതൃഭൂമിയിൽ താരാപഥം പേജിന്റെയും 2004-2012-ൽ ചിത്രഭൂമിയുടെയും ചുമതല വഹിച്ചിരുന്ന കാലങ്ങളിലാണ് തന്റെ ചലച്ചിത്ര സത്യാന്വേഷണ പരീക്ഷണയാത്രകളുമായി രാജീവൻ ഏറ്റവും കൂടുതൽ ഞാനുമായി ബന്ധപ്പെട്ടത്. സംവിധായകരിലേക്ക് എളുപ്പവഴികളൊന്നും ഉണ്ടായിരുന്നില്ല. എന്നാലും സിനിമയ്ക്കായി അവൻ പോരാടി. അതിനിടയിൽ 'കുഞ്ഞാലി മരയ്ക്കാർ' അടക്കം നടക്കുമെന്നു വിചാരിച്ചിരുന്ന എത്രയോ തിരക്കഥകൾ ബാഷ്പീകരിക്കപ്പെട്ടു. 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവൽ അതേ പേരിലും 'കെ.ടി.എൻ. കോട്ടൂർ - എഴുത്തും ജീവിതവും' എന്ന നോവൽ 'ഞാൻ' എന്ന പേരിലും സിനിമയാക്കാനായതാണ് ആ യാത്രയുടെ നല്ല ഫലങ്ങൾ. അവന്റെ പാതിരാകൊലപാതകത്തിൽ ദാമോദരൻ മാഷ് ഒരു പ്രധാന വേഷമിട്ടു. മാഷ് വർഷങ്ങൾക്കു ശേഷം ചെയ്ത വേഷം. അതും ഒരോർമ്മയാണ്. സിനിമയെ എത്രയോ ഉന്നതങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന തിരക്കഥാകൃത്താകുമായിരുന്നു അവൻ. എന്നാൽ സിനിമ തുണച്ചില്ല. വെറും കഥക്കുളള കെഡിറ്റിൽ രണ്ടു ബൃഹദ് നോവലുകളുടെയും ക്രെഡിറ്റ് ചുരുക്കപ്പെട്ടതോടെ ആ യാത്രക്ക് മുറിവേറ്റു. വേദന പുറത്തു പറഞ്ഞില്ല. സ്വകാര്യമായി പങ്കുവച്ചിരുന്നു. പുറത്ത് പറഞ്ഞാൽ ഉള്ള സാധ്യതകൾ കൂടി ഇല്ലാതാക്കപ്പെടും എന്ന ബോധ്യമുണ്ടായിരുന്നത് കൊണ്ട് മിണ്ടാതിരുന്നു. അതിലൂടെ ഒരു മികച്ച തിരക്കഥാകൃത്തിനെ മലയാള സിനിമക്ക് എന്നെന്നേക്കുമായി നഷ്ടമായി. 'കുഞ്ഞാലി മരയ്ക്കാർ' മമ്മൂട്ടിയെടുക്കും മോഹൻലാലെടുക്കും പ്രിയദർശൻ ചെയ്യും ജയരാജ് ചെയ്യും എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. അതാണ് സിനിമ.

2013-16 കാലത്ത് മാതൃഭൂമി എഡിറ്റ് പേജിന്റെ ചുതലത വഹിച്ചിരുന്ന കാലത്താണ് രാജീവനുമായി ഒടുവിൽ ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടായ കാലം. എഡിറ്റ് പേജിന്റെയും എഡിറ്റോറിയലുകളുടെയും സൂക്ഷ്മനിരീക്ഷകനായിരുന്നു അവൻ. അതിന്റെ പലവിധ വായനകളുമായി വിളിക്കും. അതു വഴി കടന്നുപോകുമ്പോൾ ഓഫീസിൽ കയറും. ദീർഘനേരം ഉപദേശങ്ങൾ തരും. രാജീവന്റെ നിരവധി ആക്ഷേപഹാസ്യ ലേഖനങ്ങൾ ആ സമയത്ത് പ്രസിദ്ധീകരിക്കാൻ എനിക്കായിട്ടുണ്ട്. പലതും വലിയ ചർച്ചയാവുകയും നിരവധി കത്തുകളും വിമർശനങ്ങളും വിളിച്ചു വരുത്തുകയും ചെയ്തു. എല്ലാം ഞങ്ങളുടെ രണ്ടുപേരുടെയും പ്രിയസുഹൃത്ത് തിരക്കഥാകൃത്ത് ടി. എ. റസാക്കിന്റെ മരണത്തെ (2016 ആഗസ്റ്റ് 15) തുടർന്നുണ്ടായ ഭൂകമ്പത്തിൽ അവസാനിച്ചു. ഏകദേശം നാലു പതിറ്റാണ്ട് പിന്നിട്ട ഞങ്ങളുടെ സൗഹൃദവും. അതുവരെയും അവന്റെ ജീവിതപങ്കാളി സാധനയും മക്കളുമൊക്കെ എന്റെയും ദീദിയുടെയും മുക്തയുടെയുമൊക്കെ സുഹൃത്തായിരുന്നു എന്നത് മറ്റൊരു കഥയായി മാറി. അതാണ് ജീവിതം.

റസാക്കിന്റെ മരണത്തെ തുടർന്നുണ്ടായ ആ കലാപത്തിൽ സിനിമക്കാരുടെ രോഷത്തിന് വിധേയനായി ഞാൻ കോട്ടയത്തേക്ക് സ്ഥലം മാറ്റപ്പെട്ടു. സ്വാഭാവികമായും സിനിമയിൽ നിൽക്കുകയായിരുന്ന പ്രിയ സുഹൃത്ത് ടി.പി. രാജീവനടക്കമുള്ള നിരവധി സുഹൃത്തുകൾക്ക് നിശബ്ദരായിരിക്കാനേ കഴിഞ്ഞുള്ളൂ. [ഇന്നും ടി.എ. റസാക്ക് മരിച്ച സമയം ഏതാണെന്ന് ലോകത്തിന് മുമ്പാകെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. സിനിമക്കാരുടെ തലസ്ഥാനമായ എറണാകുളം അമൃത ആസ്പത്രിയിൽ വച്ചു മരിച്ച റസാക്കിന് എറണാകുളത്ത് ആർക്കും ആദരവർപ്പിക്കാൻ അവസരം നൽകാതെയാണ് മൃതദേഹം കോഴിക്കാട്ടെത്തിച്ചത് എന്നും ആരും ഓർക്കാറില്ല.]

ടി.പി. രാജീവന്റെ നിശബ്ദതയിൽ എനിക്ക് വേദനയുണ്ടായിരുന്നു. പിന്നീടും കണ്ടിട്ടുണ്ടെങ്കിലും പഴയ അടുപ്പത്തിനിടയിൽ ഒരു കല്ല് വീണു കിടപ്പുണ്ടായിരുന്നു. അത് പിന്നെ ഒരു വേദനയായി അവശേഷിച്ചു. അവന്റെ മകളുടെ വിവാഹനിശ്ചയവും വിവാഹവും ഒക്കെ സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു. അവന്റെ ജീവിതത്തിൽ ഞാനോ എന്റെ ജീവിതത്തിൽ അവനോ പതുക്കെ ഇല്ലാതായി. ഒരു കഥ പോലെ അതവസാനിച്ചു.

അവസാനം കുറേ കാലമായി അവനെക്കുറിച്ച് ഒന്നും കേൾക്കാനുണ്ടായിരുന്നില്ല. പരസ്പരം ഒന്നും കേൾക്കാനില്ലാതാകുന്ന നീണ്ട നിശബ്ദത മരണത്തിന്റെ അരങ്ങാണ്. അത് നിശബ്ദം പണിയെടുക്കുന്നു.

കഴിഞ്ഞ രാത്രിയിൽ അവന്റെ മരണ വാർത്ത ഫെയ്സ്ബുക്ക് വഴി തേടിയെത്തിയപ്പോൾ പണ്ട് പൊക്കുന്നിന്റെ കുന്നിൻ ചെരുവിൽ രാത്രികൾ പകലുകൾ പാടിത്തീർന്ന പാതിരാവിലെ നിശബ്ദത വീണ്ടും മനസ്സിൽ തിരിച്ചെത്തി. മറ്റെല്ലാം മാഞ്ഞുപോയി. അവൻ മാത്രം ഒരോർമ്മയായി അവശേഷിച്ചു. ഒരു പാതിരാകൊലപാതകത്തിന്റെ കഥ പോലെ.

പ്രിയ സ്നേഹിതന് വിട.

പ്രേംചന്ദ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT