കേരള രാഷ്ട്രീയത്തിൽ എനിക്ക് വളരെയേറെ അടുപ്പവും ആത്മബന്ധവുമുണ്ടായിരുന്ന നേതാക്കളിൽ ഒരാളായിരുന്നു സ. കൊടിയേരി ബാലകൃഷ്ണൻ. ഗൾഫിൽ നിന്ന് മടങ്ങിയെത്തി സാഹിത്യത്തിന്റെ മാത്രം ചുറ്റുവട്ടത്ത് ഒതുങ്ങി ജീവിച്ചപ്പോൾ അതങ്ങനെ പോരെന്നും സമൂഹം നിങ്ങൾക്ക് നൽകുന്ന സ്നേഹത്തിനു പകരം അങ്ങോട്ടും ചിലത് കൊടുക്കാൻ ബാദ്ധ്യസ്ഥനാണെന്നും സ്നേഹബുദ്ധ്യാ ഉപദേശിച്ചത് അദ്ദേഹമായിരുന്നു. എന്നുമാത്രമല്ല നോർക്കയുടെ ഭാഗമായ പ്രവാസി കമ്മീഷനിൽ അംഗമായി പ്രവർത്തിക്കാൻ നിർബന്ധിച്ചതും അദ്ദേഹം തന്നെ. അക്കാലത്ത് ഞാൻ ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ‘ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതിൽ ചില ഇടങ്ങളിൽ പാർട്ടി വിമർശനം ഉണ്ട് എന്നതുകൊണ്ട് ആ ചുമതല ഏറ്റെടുക്കാൻ ഞാൻ തുടക്കത്തിൽ ഇത്തിരി വിമുഖത കാണിച്ചിരുന്നു. എന്നാൽ അത്തരം വിമർശനങ്ങളെ ഒക്കെ നേരിടാനും വിലമതിക്കാനും പാർട്ടിക്ക് കരുത്തുണ്ട്, നിങ്ങൾ അതൊന്നും ഓർത്ത് ഏല്പിക്കുന്ന ചുമതലയിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതില്ല എന്ന് പറഞ്ഞതും അദ്ദേഹം തന്നെ.
നോവൽ പുറത്തിറങ്ങിയ ശേഷവും അദ്ദേഹം തന്റെ നിലപാട് തിരുത്തിയില്ല. എന്നെ വീണ്ടും അതേ കമ്മീഷനിൽ അംഗമായി നിയമിച്ചു. അങ്ങനെ രണ്ടു ടേം പൂർത്തിയാക്കി അഞ്ചു വർഷക്കാലം കമ്മീഷൻ അംഗമായി പ്രവർത്തിക്കുവാൻ, കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് മടങ്ങി വന്ന പ്രവാസികളൂടെ പ്രശ്‌നങ്ങൾ കേൾക്കുവാനും ഒരുപരിധി വരെ അവരുടെ പരാതികൾക്ക്ക് പരിഹാരം ഉണ്ടാക്കുവാനും കഴിഞ്ഞു എന്നത് ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു.
ഇങ്ങനെ ചില ചുമതല ഏല്പിച്ച് എന്നെ മറന്നിരിക്കുന്നു എന്ന് ഞാൻ വിചാരിച്ച അവസരത്തിലാണ് എന്റെ പിതാവ് മരണപ്പെടുന്നത്. അറിഞ്ഞ നിമിഷം തന്നെ അദ്ദേഹം ദീർഘദൂരം സഞ്ചരിച്ച് എന്റെ വീട്ടിലെത്തി. വളരെനേരം എനിക്കൊപ്പം ചിലവിട്ട് എന്നെ സമാശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം അന്ന് മടങ്ങിയത്.ബെന്യാമിന്‍
അങ്ങനെ ഒരു സ്ഥാനം ഏല്പിച്ചു എന്നതുകൊണ്ട് ഏതെങ്കിലും ഒരവസരത്തിൽ പോലും പാർട്ടിക്ക് അനുകൂലമായി ഏതെങ്കിലും പ്രസ്ഥാവന ഇറക്കുന്നതിനോ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കുന്നതിനോ അദ്ദേഹം എന്നെ വിളിക്കുകയോ ചെയ്‌തിട്ടില്ല എന്നത് അദ്ദേഹത്തിന്റെ വിശാലതയ്ക്ക് സാക്ഷ്യമാവുന്നു. സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ എനിക്ക് യാതൊന്നും വിലങ്ങു തടിയായിട്ടില്ല.
ഇങ്ങനെ ചില ചുമതല ഏല്പിച്ച് എന്നെ മറന്നിരിക്കുന്നു എന്ന് ഞാൻ വിചാരിച്ച അവസരത്തിലാണ് എന്റെ പിതാവ് മരണപ്പെടുന്നത്. അറിഞ്ഞ നിമിഷം തന്നെ അദ്ദേഹം ദീർഘദൂരം സഞ്ചരിച്ച് എന്റെ വീട്ടിലെത്തി. വളരെനേരം എനിക്കൊപ്പം ചിലവിട്ട് എന്നെ സമാശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം അന്ന് മടങ്ങിയത്. പരസ്പരം ബന്ധപ്പെടുന്നില്ല എങ്കിലും ഉള്ളിൽ കരുതലും സ്നേഹവും കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് ഞാനന്ന് തിരിച്ചറിഞ്ഞു.
കോവിഡ് കാലം കഴിഞ്ഞ് ലോകം സാധാരണ നിലയിൽ ആയപ്പോഴാണ് അദ്ദേഹം രോഗവസ്ഥയിൽ ആണെന്ന വാർത്ത വരുന്നത്. ചികിത്സ കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഞാൻ അദ്ദേഹത്തെ ഫ്ലറ്റിൽ ചെന്ന് കണ്ടു. രോഗം ഏതാണ്ട് പൂർണ്ണമായും ഭേദമായി ഊർജ്ജസ്വലനായ ഒരു നേതാവിനെയാണ് ഞാനവിടെ കണ്ടത്. പലവിധ തിരക്കുകൾ ഉണ്ടായിരുന്നെങ്കിലും ദീർഘനേരം പൊതുവിഷയങ്ങൾ സംസാരിച്ചാണ് ഞാനന്ന് അവിടെ നിന്ന് മടങ്ങിയത്. അതുകൊണ്ടുതന്നെ പെട്ടെന്ന് അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു എന്ന കാര്യവും ഒട്ടും നിനച്ചിരിക്കാത്ത നിമിഷത്തിലെ ഈ വിയോഗവും ശരിക്കും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്.
സ്വന്തം നിലപാടിലും വിശ്വാസങ്ങളിലും ഉറച്ചു നിൽക്കുമ്പോഴും മറ്റുള്ളവരുടെ സ്വതന്ത്ര്യത്തിനു നൽകിയ വിലയാണ് അദ്ദേഹം ഇക്കാലത്തിനു നൽകിയ ഏറ്റവും വലിയ സന്ദേശം എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ സ്വകാര്യമായ ചില അനുഭവങ്ങളാണ് ഞാനിവിടെ പങ്കുവച്ചതെങ്കിലും എല്ലാപേർക്കും സമാനമായ അനുഭവങ്ങളാവും പങ്കുവയ്ക്കാനുള്ളത് എന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനു പാർട്ടിക്ക് അതീതമായ സ്നേഹബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞത്. സ്വന്തം നിലപാടിലും വിശ്വാസങ്ങളിലും ഉറച്ചു നിൽക്കുമ്പോഴും മറ്റുള്ളവരുടെ സ്വതന്ത്ര്യത്തിനു നൽകിയ വിലയാണ് അദ്ദേഹം ഇക്കാലത്തിനു നൽകിയ ഏറ്റവും വലിയ സന്ദേശം എന്ന് ഞാൻ വിശ്വസിക്കുന്നു.
വേർപാടുകൾ എന്നും വേദന ഉളവാക്കുന്നതാണ്. എന്നാൽ അത് അനിവാര്യവുമാണ്. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിന്റെ ദുഖം കാലം മായ്ക്കട്ടെ.
വിട സഖാവേ.