Memoir

കെ.എന്‍.ശശിധരന്‍, ഓര്‍ക്കപ്പെടേണ്ട സിനിമകളുടെ സംവിധായകന്‍

യഥാര്‍ത്ഥത്തില്‍ കെജി ജോര്‍ജിന്റെ അന്വേഷണ സിനിമകളുടെ അവതരണശൈലിയെയും കയ്യൊതുക്കത്തെയും അനുഭവിപ്പിക്കുന്ന സംവിധാനമികവാണ് 'കാണാതായ പെണ്‍കുട്ടി'യില്‍ ദൃശ്യമാകുന്നത്.

അന്തരിച്ച സംവിധായകന്‍ കെ.എന്‍.ശശിധരനെക്കുറിച്ചും അക്കരെ, കാണാതായ പെണ്‍കുട്ടി എന്നീ സിനിമകളെക്കുറിച്ചും സംവിധായകന്‍ പ്രേംലാല്‍ എഴുതുന്നു

'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്ന പ്രസ്താവനയുടെയും നിലപാടിന്റെയും കാതലും രാഷ്ട്രീയവും ചരമക്കുറിപ്പുകളില്‍ സന്നിവേശിപ്പിക്കുകയെന്നത് ഉത്തരവാദിത്വബോധവും ചരിത്രബോധവും ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ അന്തരിച്ച കെ.എന്‍.ശശിധരന്‍ എന്ന സംവിധായകനെക്കുറിച്ചു കണ്ട ചില ചരമക്കുറിപ്പുകളില്‍ ''വന്നല്ലോ വനമാല'' എന്ന പരസ്യചിത്രത്തിന്റെ സംവിധായകനെന്ന തലക്കെട്ട് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. 1980-കളുടെ പകുതിയില്‍ പുറത്തിറങ്ങിയ 'അക്കരെ', 'കാണാതായ പെണ്‍കുട്ടി' എന്നീ രണ്ടു മികച്ച സിനിമകളേക്കാള്‍ അലക്കുസോപ്പിന്റെ പരസ്യം മുന്‍ഗണനാപ്പട്ടികയില്‍ ഒന്നാമതെത്തുന്നത് നിര്‍ഭാഗ്യകരം.

പി.കെ. നന്ദനവര്‍മ്മയുടെ കഥയെ അടിസ്ഥാനപ്പെടുത്തി കെ.എന്‍ ശശിധരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'അക്കരെ' (1984). മദ്ധ്യവര്‍ഗ്ഗമലയാളിയുടെ അത്യാഗ്രഹങ്ങളെയും ജീവിതാസക്തികളെയും ഇത്രയും കാമ്പുള്ള നര്‍മ്മഭാവനയോടെ അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്.

ഗള്‍ഫുകാരന്‍ ജോണിയുടെ മെച്ചപ്പെട്ട വീടും ആധുനികോപകരണങ്ങളും ജീവിതവുമൊക്കെ കണ്ട് തഹസീല്‍ദാര്‍ ഗോപിയുടെ (ഭരത്‌ഗോപി) ആര്‍ത്തിക്കാരിയായ ഭാര്യയുടെ (മാധവി) മനസ്സില്‍ തന്റെ ഭര്‍ത്താവും 'അക്കരെ' കടക്കണമെന്ന ചിന്തയ്ക്ക് വിത്തുപാകപ്പെടുന്നു. ആ മോഹം തഹസീല്‍ദാറുടേതുമാകുന്നു. തുടര്‍ന്ന് ഗള്‍ഫിലേയ്ക്ക് പോകാനായി ഒരു കൈത്തൊഴില്‍ പഠിക്കാനായി തഹസീല്‍ദാര്‍ നടത്തുന്ന പരിശ്രമങ്ങളും തുടര്‍സംഭവങ്ങളുമാണ് കുടുംബത്തെയും സമൂഹത്തെയും മുന്‍നിര്‍ത്തി ഒരു 'സറ്റയര്‍' രൂപേണ സിനിമ ആവിഷ്‌ക്കരിക്കുന്നത്. 'അക്കരെ' എന്ന ആശയത്തെ സാമ്പത്തികതാല്പര്യങ്ങള്‍ക്കു വേണ്ടി അന്യനാട്ടിലേയ്ക്കുള്ള യാത്രയുടെ സ്വപ്നം എന്നതിനപ്പുറത്ത് , മദ്ധ്യവര്‍ഗ്ഗ മലയാളിയുടെ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള അസംതൃപ്തി കലര്‍ന്ന വീക്ഷണങ്ങളുടെയും ഏകതാനമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിയന്ത്രിതമാക്കപ്പെടുന്ന ലൈംഗികസങ്കല്പങ്ങളുടെയും പോലും അതിരുകള്‍ക്കപ്പുറത്തെ 'അക്കരെ'യിലേയ്ക്കുള്ള ചില ഒറ്റയടിപ്പാതാസഞ്ചാരങ്ങളെയും കൂടി പ്രതീകാത്മകമായി അവതരിപ്പിക്കുന്നിടത്താണ് സംവിധായകന്റെ പ്രതിഭ തെളിഞ്ഞു കിടക്കുന്നത്.

ആരുമറിയാത്ത നാട്ടിലാണെങ്കില്‍ എന്തു ജോലിയും ചെയ്യാമെന്ന തഹസില്‍ദാറുടെ നിലപാടിനെ വെളിച്ചമില്ലെങ്കില്‍, ആരുമറിയില്ലെന്ന ഉറപ്പുണ്ടെങ്കില്‍ കുടുംബ -സമൂഹ സദാചാരധാര്‍മ്മികതാ ചിന്തകളുടെ വേലിക്കെട്ടുകള്‍ ചാടിക്കടക്കാന്‍ അവസരം പാര്‍ത്തുകഴിയുന്ന മദ്ധ്യവര്‍ഗ്ഗജീവിതമനോഭാവത്തോട് ചേര്‍ത്തുവച്ചുകൊണ്ട് മികച്ച ആക്ഷേപഹാസ്യാനുഭവം സമ്മാനിക്കുന്നുണ്ട്, അക്കരെ. അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ പോലും അതീവനിയന്ത്രണം പുലര്‍ത്തുന്ന പ്രകടനത്തോടെ തഹസില്‍ദാര്‍ ഗോപി ഭരത് ഗോപി എന്ന നടന്റെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിലൊന്നായി രൂപം കൊണ്ടിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.

മലയാളത്തിലെ അന്വേഷണാത്മകസിനിമകളില്‍ മുന്‍നിരയില്‍ സ്ഥാനമര്‍ഹിക്കുന്ന ചിത്രമാണ് 'കാണാതായ പെണ്‍കുട്ടി'. പരാതിക്കാരിലേയ്ക്കു തന്നെ അവസാന ഉത്തരത്തിന്റെ വഴികള്‍ നീളുന്ന കുറ്റാന്വേഷണസിനിമകളുടെ ആദ്യ മാതൃകകളിലൊന്ന്. ദാമ്പത്യത്തിനും കുടുംബത്തിനും പുറത്തെ ബന്ധങ്ങളുടെ രഹസ്യാത്മകത തകരുന്ന നിമിഷം രക്തബന്ധങ്ങള്‍ മറന്നും കുറ്റകൃത്യങ്ങള്‍ സംഭവിക്കാമെന്ന, സമൂഹത്തിന്റെ സദാചാരനിലപാടുകളെ അലോസരപ്പെടുത്തുന്ന പ്രമേയപരിസരത്തിലേയ്ക്ക് പുരോഗമിക്കുന്ന കഥാഗതി ഉള്ളതിനാല്‍ കൂടിയാകാം 'കാണാതായ പെണ്‍കുട്ടി'യെ പ്രേക്ഷകരും അക്കാലത്ത് ഏറെക്കുറെ കണ്ടില്ലെന്ന് നടിച്ചു.

Jayabharathi in Kaanathaya Penkutty

എന്നാല്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം ആ സിനിമ തിരിച്ചറിയപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കെജി ജോര്‍ജിന്റെ അന്വേഷണ സിനിമകളുടെ അവതരണശൈലിയെയും കയ്യൊതുക്കത്തെയും അനുഭവിപ്പിക്കുന്ന സംവിധാനമികവാണ് 'കാണാതായ പെണ്‍കുട്ടി'യില്‍ ദൃശ്യമാകുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം നേടി പുറത്തിറങ്ങിയ കെ.എന്‍.ശശിധരന്‍ സംവിധാനം ചെയ്ത ആദ്യ രണ്ടു സിനിമകളായ 'അക്കരെ'യും കാണാതായ പെണ്‍കുട്ടിയും സിനിമയെക്കുറിച്ചുള്ള തികഞ്ഞ ബോദ്ധ്യവും നിലപാടുമുള്ള ഒരു ചലച്ചിത്രകാരനെ അടയാളപ്പെടുത്തുന്നുണ്ട്. കേന്ദ്രപ്രമേയത്തിലൂന്നി നിന്നുകൊണ്ടുതന്നെ കഥ പറയുമ്പോഴും ചെറുകഥാപാത്രങ്ങള്‍ക്കും സാമൂഹ്യമായ വേരുകളും പ്രസക്തിയും നിലനിര്‍ത്താന്‍ കഴിയുന്നുവെന്നത് ശശിധരന്‍സിനിമകളുടെ സവിശേഷതയായി പറയാന്‍ കഴിയും.

80-കളിലെ മദ്ധ്യവര്‍ത്തിസിനിമയുടെ പതാകാവാഹകരായി കെ ജി ജോര്‍ജിന്റെയും ഭരതന്റെയും പത്മരാജന്റെയും മോഹന്റെയും പേരുകള്‍ പരാമര്‍ശിക്കപ്പെടുന്ന കൂട്ടത്തില്‍ ഉള്‍പ്പെടാന്‍തക്ക പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കെ.എന്‍ ശശിധരന്റെ സിനിമകളില്‍ പ്രകടമാണ്. പക്ഷേ കച്ചവടവിജയത്തിന്റെ കണക്കുപട്ടികകളില്‍ വരവുവയ്ക്കപ്പെടാതെ പോയ ചിത്രങ്ങളായതിനാല്‍ അവയുടെ സംവിധായകന്‍ വിസ്മൃതിയുടെ ഇരുളിലേയ്ക്ക് വീണുപോവുകയായിരുന്നു. എങ്കിലും മൂന്നരപ്പതിറ്റാണ്ടുകള്‍ക്കു ശേഷവും ആ സിനിമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും കാലഘട്ടങ്ങളുടെ ഭാവുകത്വപരിണാമങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വിജയിച്ചുകൊണ്ട് ഇന്നും പ്രമേയത്തിലും അവതരണശൈലിയിലും പുതുമയോടെ നിലനില്ക്കുകയും ചെയ്യുന്നു. ആ ചിത്രങ്ങള്‍ തന്നെയാണ് ആത്യന്തികമായി കെഎന്‍ ശശിധരന്റെ ഓര്‍മ്മയും അടയാളവുമാകുന്നതും ആകേണ്ടതും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT