Memoir

ലളിതം, ഗഹനം, വിസ്മയം; അഭിനയ കലയുടെ പാഠപുസ്തകം

കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിലെ ആക്റ്റിംഗ് വിഭാഗം മേധാവി ജ്യോതിഷ് എം.ജി എഴുതുന്നു

ഒരു നടനാവുക എന്നത് പലപ്പോഴും അത് ആയിത്തീരുന്നത് വരെയുള്ള ശ്രമമാണ്. എന്നാല്‍ ഒരു നടിയായിത്തീരുക എന്നത് നടിയായ ശേഷവും സമൂഹത്തിൽ ജീവിക്കേണ്ടി വരിക എന്നത് വലിയ വെല്ലുവിളിയെക്കൂടിയാണ്.

സമൂഹം ഏറ്റവും യാഥാസ്ഥിതികമായ ഒരുകാലത്ത് അഭിനയ രംഗത്തേക്ക് കടന്നുവരികയും പതിറ്റാണ്ടുകളോളം ആ രംഗത്ത് ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്യുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. അഭിനയിക്കുന്നവർ ഒട്ടനവധി ഉണ്ടെങ്കിലും പൂർണാർത്ഥത്തിൽ ഒരു നടി എന്ന് വിളിക്കാവുന്നത് വളരെ കുറച്ചുപേരെ മാത്രമാണുള്ളത്. അത്തരത്തിലൊരു നടിയാണ് കെ.പി.എ.സി ലളിത.

നടീനടന്മാരെ സിനിമയില്‍ കാസ്റ്റ് ചെയ്യുന്നത് കഥാപാത്രങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ ഗുണങ്ങള്‍ അവര്‍ക്കുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടാണ്.

പലപ്പോഴും ഒരു കഥയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ തരത്തിൽ വിശ്വസനീയമായ പെരുമാറ്റം മാത്രമാണ് സംവിധായകർ നടീ നടന്മാരിൽ നിന്നും പ്രധാനമായും പ്രതീക്ഷിക്കുക. കഥാപാത്രവുമായി രൂപപരമായ സാമ്യം കൊണ്ട് തന്നെ 60% കഥാപാത്രത്തെ കുറിച്ചുള്ള വിശ്വാസ്യത രൂപപ്പെടും. ഇനിയൊരു 25% സ്വാഭാവികമായി സംഭാഷണം പറയാനുള്ള കഴിവും 15% അഭിനയിക്കാനുള്ള കഴിവുമുണ്ടെങ്കിൽ പലപ്പോഴും സിനിമാഭിനയം വലിയ തെറ്റില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും. ചെയ്ത കഥാപാത്രങ്ങളുടെ ആവർത്തനങ്ങൾ അല്ലാതെ പുതിയതായി പല നടീനടന്മാരും പലപ്പൊഴും ഒന്നും ചെയ്യാറില്ല. എന്നാല്‍, ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാകുമ്പോള്‍ പോലും തന്‍റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രതിഭാസമ്പന്നയായ കലാകാരിയാണ് കെ.പി.എ.സി ലളിത.

ഇതിൽ ഏറ്റവും പ്രത്യേകതയുള്ളത് നടിയുടെ പേരിനൊപ്പം വിളക്കി ചേർത്ത കെ.പി.എ.സി എന്ന നാമമാണ്. സാങ്കേതിക സാധ്യതകളുടെ സഹായങ്ങളോ, റീ ടേക്കുളോ ഇല്ലാതെ മണിക്കൂറോളം പ്രേക്ഷക ശ്രദ്ധയെ തന്റെ സർഗാത്മശേഷി കൊണ്ട് മാത്രം നിലനിർത്താനുള്ള കഴിവ്. മലയാളത്തിലെ എണ്ണം പറഞ്ഞ നടീനടന്മാരെല്ലാം ഈ കളരിയിൽ അഭ്യസിച്ചവരാണെന്ന് കാണാം.

അരങ്ങിന്റെ കരുത്തുമായി സിനിമയിലേക്ക് വന്ന കെ.പി.എ.സി ലളിത എന്ന അഭിനയത്രിയുടെ പ്രത്യേകത "പ്രത്യേകതകളെ പോലും അപ്രസക്തമാക്കിയ സാധാരണത്വം" ആയിരുന്നു. സ്റ്റാന്‍സിലാവിസ്‌കി അഭിനയ കലയുടെ പരമമായ ലക്ഷ്യമായി പറയുന്ന വാക്കുകൾ കടമെടുക്കുകയാണെങ്കിൽ അത് ഇങ്ങനെയാണ്.

"The ultimate aim of acting is to bring out the human spirit naturaly on stage"

സ്റ്റാന്‍സിലാവിസ്‌കിയെ ലളിത ചേച്ചി പഠിച്ചിരുന്നോ എന്ന് എന്നറിയില്ല. പക്ഷെ തോപ്പില്‍ ഭാസിയ്ക്ക് സ്റ്റാന്‍സിലാവിസ്‌കിയെ നന്നായി അറിയാമായിരുന്നു. എന്താണ് റിയലിസമെന്നും, എന്താണ് അതിന്റെ സാമൂഹിക ധര്‍മ്മമെന്നും വ്യക്തമായ ധാരണയുണ്ടായിരുന്ന തോപ്പില്‍ ഭാസി സ്‌കൂളിലാണ് ലളിത ചേച്ചിയും പഠിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച ഒരു നാടകസംഘത്തിന്റെ ഭാഗം.

എന്താണ് ഈ 'സാധാരണത്വം'?, അതാണോ സ്വാഭാവികത?. സ്വാഭാവികത എന്നത് ആപേക്ഷികമായ ഒന്നായിരിക്കെ (ഒരാള്‍ക്ക് സ്വാഭാവികം എന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് സ്വാഭാവികമാവണം എന്നില്ല) അഭിനയം സ്വാഭാവികമാകണം എന്നത് ഒരു പൊതു മാനദണ്ഢമായി

പരിഗണിക്കപ്പെടാറുണ്ട്. ലളിത ചേച്ചിയുടെ അഭിനയം, കേവലം സ്വാഭാവികമായ പെരുമാറ്റം എന്നതിനപ്പുറം, അവര്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളിലേക്ക് 'സാധാരണീകരണം' എന്ന അവസ്ഥ സൃഷ്ടിക്കലായിരുന്നു. അത്തരത്തില്‍ കലാപരമായ ഒരു ഔന്നിത്യം ഉണ്ടാക്കിയെടുകകാന്‍ പ്രകടനങ്ങളില്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

നമ്മള്‍ക്ക് ഏറ്റവും പരിചയമുള്ള, ഏറ്റവും അടുത്തറിയാവുന്ന ഒരു വ്യക്തിയായി കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിനൊപ്പം ആ കഥാപാത്രത്തിന്റെ എല്ലാ സ്വഭാവവിശേഷങ്ങളും, പ്രത്യേകതകളും, സവിശേഷ ഭാവവും, സ്ഥായിഭാവവും ഏറ്റവും സാധാരണമായി അനുഭവപ്പെടുത്താന്‍ KPAC ലളിത എന്ന അഭിനേത്രിക്ക് സാധിച്ചു.

കഥാപാത്രത്തിനായി പൊതുവായ ഒരു നിരീക്ഷണമല്ല അവര്‍ നടത്തിയിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരോ കഥാപാത്രത്തിന്റെയും സവിശേഷ സ്വഭാവത്തെയും അതിന്റെ പ്രത്യേകതളെയും അവര്‍ ആഴത്തില്‍ മനസിലാക്കും. അങ്ങനെ അഭിനയ കലയിലെ ഏറ്റവും സൂഷ്മമായ അംശത്തെ ഏറ്റവും ഫലവത്തായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കലാകാരി ആയാണ് കെപിഎസി ലളിത നിലകൊണ്ടത്.

നീരീക്ഷണപാടവത്തിലുപരി കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങളെ ഏറ്റവും തീക്ഷ്ണമായി ഉള്‍ക്കൊള്ളാനും അതേ തീവ്രതയില്‍ പ്രേക്ഷകരിലേക്ക് സംവദിക്കാനും അവര്‍ക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്. Stanislavsky യുടെ ഭാഷയില്‍ പറഞ്ഞാല്‍ 'Creative Actor Those who are able to enter into the feeling of their part.

അവര്‍ അനുപമമാക്കിയ കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങളുടെ ആഴത്തെ അളക്കുമ്പോഴാണ് ഒരു അഭിനേതാവിന്റെ 'റെയിഞ്ച്' എന്തെന്ന് നിര്‍ണയിക്കാനാകുന്നത്. ലളിത എന്ന അഭിനേത്രി കഥാപാത്രങ്ങളുടെ വൈകാരികത ഉള്‍കൊള്ളുന്നത് ഗ്ലിസറിന്‍ ഒഴിച്ച് ചുമന്ന് വീര്‍ത്ത കണ്ണുകള്‍ പകരുന്ന മെലോഡ്രാമകളിലൂടെ ആയിരുന്നില്ല. (ഗ്ലിസറിനും, ഡബ്ബിങ്ങും ഇല്ലാതിരുന്നെങ്കില്‍ പലരും ഈ പണി തന്നെ നിര്‍ത്തി പോയേനെ)

ആ കണ്ണുകള്‍ ഒരേ സമയം ഈറനണിയുകയും, സന്തോഷാശ്രുക്കള്‍ പൊഴിക്കുകയും, പകയും, അസൂയകൊണ്ട് ചുവന്ന് തുടുക്കുകയും അന്തരാത്മാവ് കലങ്ങും വിധം അലറിക്കരയാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. നിസഹായതയും, അസൂയയും ,വെറുപ്പും, പകയും അനായാസം ആ നടനശരീരം പ്രതിഫലിപ്പിച്ചു. അവരുടെ കണ്ണുകള്‍ ആ അഭിനേതാവിന്റെ ഹൃദയത്തിന്റെ കണ്ണാടികളായിരുന്നു.

കഥാപാത്രങ്ങളുടെ കേവല വൈകാരികതയ്ക്ക് അപ്പുറം അവസ്ഥകളെയാണ് KPAC ലളിത എന്ന നടി കൈകാര്യം ചെയ്തിരുന്നത് ,

'അവസ്ഥാനുകരണം നാട്യം' എന്ന നാട്യശാസ്തത്തിലെ നാട്യസങ്കല്‍പം ഏറ്റവും ശക്തമായ അനുഭവമാക്കാന്‍ കഴിഞ്ഞ കലാകാരിയാണ്

കെപിഎസി ലളിത. കഥാപാത്രങ്ങളുടെ ശാരീരികവും മാനസികവും,സാമ്പത്തികവും മതപരവുമായ, സവിശേഷതകളെ സമഗ്രമായ വ്യാഖ്യാനിക്കാനുള്ള പാടവം. അതിനൊപ്പം കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന 'അവസ്ഥകളെ ' പ്രേക്ഷകരിലേക്ക് ശക്തമായി പകരാനുള്ള ശേഷി. അതത്രയും സാധ്യമാകുന്ന ലോകത്തിലെ തന്നെ ചുരുക്കം കലാകാരില്‍ ഒരാളായിരുന്നു KPAC ലളിതയെന്ന് പറയാം.

അഭിനയകലയെ ആസ്വാദ്യകരമാക്കുന്നത് നടീനടന്‍മാരുടെ വ്യത്യസ്ഥങ്ങളായ ശേഷികളായിരിക്കെ ഓരോ അഭിനേതാക്കളും കഥാപാത്രത്തെ സമീപിക്കുന്ന രീതി മുതല്‍ അവതരണം വരെയുളള്ള ഘട്ടങ്ങള്‍ ആസ്വാദനത്തെ സാരമായി ബാധിക്കാറുണ്ട്. നിരീക്ഷണം, ടൈമിങ്ങ്, ഫ്‌ലെക്‌സിബിലിറ്റി, റിഥം, വോയിസ് മോഡുലേഷന്‍സ്, ഐഡന്റിഫിക്കേഷന്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ അവയില്‍ ഉള്‍ച്ചേരുമ്പോള്‍ ഇവയുടെ സമഗ്രമായ സമ്മേളനമാണ് ഈ അവസ്ഥാനുകരണാവസ്ഥയില്‍ സംഭവിക്കുന്നത്. ഒരോ നടീനടന്‍ മാരുടെയുടെ വിവിധങ്ങളായ കഴിവുകളാണ് പ്രേക്ഷകര്‍ ആസ്വദിക്കുന്നത്. പക്ഷെ ചുരുക്കം ചില കലാകാരന്‍മാരില്‍ മാത്രമാണ് ഇവയുടെ സമഗ്രമായ സമ്മേളനം സാദ്ധ്യമാക്കാറുള്ളത്.

അപ്പോള്‍ മാത്രമാണ് അവ ജീവിതത്തേക്കാള്‍ വലിയ കലാനുഭൂതിയായി മാറുന്നത്. അത്തരത്തില്‍ മനുഷ്യാവസ്ഥകളെ ഏറ്റവും ആഴത്തില്‍ ആവിഷ്‌കരിക്കാന്‍ പ്രാപ്തിയുള്ള ഉയര്‍ന്ന കലാകാരിയായിരുന്നു. KPAC ലളിത.

അവര്‍ ചെയ്ത ഒരോ കഥാപാത്രങ്ങളും അഭിനേതാവിന് ഒരോ പാഠപുസ്‌കങ്ങളാണ്. സമൂഹത്തിലെ ഏത് കഥാപാത്രത്തെയും കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രഗല്‍ഭന്‍മാര്‍ എന്നറിയപെടുന്ന പല നടന്‍മാര്‍ക്കു പോലുമില്ല. ഇത്രയും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു അഭിനേതാവ് അഭിനയകലയുടെ ചരിത്രത്തില്‍ തന്നെയുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. പൊതുവെ പരിശീലനത്തോടും പഠനത്തോടും വിമുഖത കാട്ടുന്ന നടീനടന്‍മാര്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്ന ഒരു കാര്യം KPAC ലളിത എന്ന നടി സിനിമയില്‍ വരുന്നതിന്

മുന്നേ തന്നെ നടിയായി മാറിയ ആളാണ് എന്ന കാര്യമാണ്. സിനിമാഭിനയത്തിന് സൗന്ദര്യം മാത്രം മാനദണ്ഡമായി മനസ്സിലാക്കിയിട്ടുള്ള നടീനടന്മാര്‍ ദയവുചെയ്ത് അഭിനയം ഒരു കലയാണ് എന്ന് മനസ്സിലാക്കുകയും ഇത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ലെന്നും കൃത്യമായ ചിന്തയുടെയും പരിശീലനത്തിലൂടെയും അനുഭവങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുക്കേണ്ട ഒരു കലയാണ് മനസിലാക്കേണ്ടിയിരിക്കുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT