Ratan Tata’s Journey  
Memoir

'ഞങ്ങൾ ഈ കാർ ഡിവിഷൻ വാങ്ങുന്നത് നിങ്ങളോടു ചെയ്യുന്ന ഔദാര്യമാണ്', രത്തൻ ടാറ്റയെന്ന ഭാവനാശാലി

ബിൽ ഫോർഡ് രത്തൻ ടാറ്റയോട് പത്തുവർഷം മുമ്പുപറഞ്ഞ വാചകം ഇങ്ങനെ മാറ്റി പറഞ്ഞു: "നിങ്ങൾ ഈ ചെയ്യുന്നത് ഞങ്ങൾക്ക് ഒരു വലിയ സഹായമാണ്, താങ്ക് യു!"

രത്തൻ ടാറ്റയെക്കുറിച്ച് ഷിബു ​ഗോപാലകൃഷ്ണൻ എഴുതുന്നു

‌‌‌"നിങ്ങൾക്ക് യാതൊന്നും അറിയില്ല, എന്നിട്ടും എന്തിനാണ് പാസഞ്ചർ കാറുകളുടെ നിർമാണം ആരംഭിച്ചത്. ഞങ്ങൾ ഈ കാർ ഡിവിഷൻ വാങ്ങുന്നത് നിങ്ങളോടു ചെയ്യുന്ന ഒരു ഔദാര്യമാണ്!"

ഈ വാക്കുകൾക്ക് ഫോർഡ് മേധാവിയായിരുന്ന ബിൽ ഫോർഡിനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. ടാറ്റ മോട്ടോഴ്സിന്റെ കാർ ഡിവിഷൻ വിൽക്കാൻ ഫോർഡിന്റെ ആസ്ഥാനത്തെത്തിയ രത്തൻ ടാറ്റയോട് മൂന്നു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ബിൽ ഇങ്ങനെയൊരു വാചകം പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ത്യൻ കാറുകളുടെ കാലചക്രം മറ്റൊന്നാകുമായിരുന്നു. പൂർണമായും ഇന്ത്യയിൽ രൂപകൽപന ചെയ്തു നിർമിച്ച ആദ്യത്തെ തദ്ദേശീയകാർ എന്ന രത്തൻ ടാറ്റയുടെ സ്വപ്നത്തിന്റെ പേരായിരുന്നു ടാറ്റ ഇൻഡിക്ക. എന്നാൽ, 1998 ൽ പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ആ സ്വപ്നത്തെ അടച്ചുപൂട്ടേണ്ടിവന്നു, അത്രയും പരിതാപകരമായിരുന്നു കച്ചവടം. എന്നാൽ, സ്വന്തം ടീമിന്റെ മുന്നിൽ വച്ചു ഇങ്ങനെയൊരു അധിക്ഷേപം കേൾക്കേണ്ടിവന്ന രത്തൻ ടാറ്റ വിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. അന്നുതന്നെ മുംബൈയിലേക്കു മടങ്ങി, തോറ്റയിടത്തു നിന്നും തുടങ്ങാൻ തീരുമാനിച്ചു, അവിടുന്നങ്ങോട്ട് കാറുകൾകൊണ്ട് ടാറ്റ റോഡുകളെ കീഴടക്കാൻ തുടങ്ങി.

പത്തുവർഷം കഴിഞ്ഞൊരു ദിവസം ഇതേ ബിൽ ഫോർഡ് അവരുടെ ജാഗ്വറും ലാൻഡ് റോവറും വിൽക്കാൻ മുംബൈയിലെത്തി. ഫോർഡിനെ ഒരു നഷ്ടകച്ചവടത്തിലേക്ക് ഓടിച്ചുകയറ്റികൊണ്ടിരുന്നത് ഈ രണ്ടു ബ്രാൻഡുകളായിരുന്നു. അപ്പോഴേക്കും ടാറ്റ മോട്ടോഴ്‌സ് ലോകത്തിലെ ഒന്നാംനിര കാർ കമ്പിനികളുടെ കൂട്ടത്തിലേക്ക് ഗിയർ മാറ്റിക്കഴിഞ്ഞിരുന്നു. കച്ചവടം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ ബിൽ ഫോർഡ് രത്തൻ ടാറ്റയോട് പത്തുവർഷം മുമ്പുപറഞ്ഞ വാചകം ഇങ്ങനെ മാറ്റി പറഞ്ഞു: "നിങ്ങൾ ഈ ചെയ്യുന്നത് ഞങ്ങൾക്ക് ഒരു വലിയ സഹായമാണ്, താങ്ക് യു!"

ഉപ്പുതൊട്ട് സോഫ്റ്റ്‌വെയർ വരെ നീളുന്ന ഉല്പന്ന ശൃംഖലയാണ് ടാറ്റ. ഏതെങ്കിലും രീതിയിൽ ടാറ്റയുടെ സ്പർശമേൽക്കാതെ ഒരു ഇന്ത്യക്കാരന്റെ ജീവിതം കടന്നുപോകുന്നില്ല. എല്ലാവർക്കും പറയാൻ ഏതെങ്കിലും ഒരു ടാറ്റ ഉല്പന്നത്തിന്റെ സ്മരണ ഉണ്ടാകും. ഏത് പ്രായത്തിലും അത് അങ്ങനെയൊരു സ്പർശത്തെ സാധ്യമാക്കുന്നു. അത്രയും ഇഴുകിച്ചേർന്നതാണ് ടാറ്റ. അതിനു പിന്നിലെ കഠിനാധ്വാനമാണ് കടന്നുപോകുന്നത്. ഒരു മനുഷ്യായുസ്സിൽ ഇത്രയുമൊക്കെ സാധ്യമാണ് എന്നൊരുപക്ഷേ നാളെ ലോകം അത്ഭുതപ്പെടാൻ പോകുന്ന അത്രയും വിപുലമായ ഒരു ലോകം പടുത്തുയർത്തിയാണ് രത്തൻ ടാറ്റ വിടപറയുന്നത്- എന്തൊരു ബൃഹത്തായ ജീവിതം!

(Image credit: @birla_vedant/Twitter)

ലോകത്തിനു മുന്നിൽ എടുത്തുയർത്താൻ നമുക്ക് ഒരു ബ്രാൻഡ് നൽകിയ ഭാവനാശാലി എന്നനിലയിലാകും രത്തൻ ടാറ്റ സ്മരിക്കപ്പെടുക. ഒരു കാലത്തു അസാധ്യമെന്നു കരുതിയിരുന്ന പലതും തദ്ദേശീയമായി സാധ്യമാണെന്നു കാണിച്ചുകൊടുത്ത നിശ്ചയദാർഢ്യം. ആദ്യത്തെ സ്റ്റീൽ പ്ലാന്റ്, ആദ്യത്തെ ഫൈവ് സ്റ്റാർ ഹോട്ടൽ, ആദ്യത്തെ പവർ പ്ലാന്റ്, ആദ്യത്തെ സോഫ്ട് വെയർ കമ്പനി, ആദ്യത്തെ കാർ മാനുഫാക്ച്ചറിങ് കമ്പിനി - അങ്ങനെ പലതിന്റെയും തുടക്കം ആയിരുന്നു ടാറ്റ.

പ്രവർത്തികൊണ്ടു തലമുറകൾക്കു എഴുന്നേറ്റുനിന്നു കൈയടിക്കാൻ കഴിയുന്ന ഒരു ഉദാഹരണം ആയിത്തീരുക എല്ലാവർക്കും കഴിയുന്ന കാര്യമല്ല. പരാജയങ്ങളുടെ മുനമ്പിൽ നിന്നും തിരിഞ്ഞു നടക്കാൻ, വിജയത്തിന്റെ നെടുംപാതകൾ താണ്ടാൻ, അപ്പോഴും മൂല്യങ്ങളുടെ മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ, സാമ്രാജ്യങ്ങൾ വിസ്തൃതമാകുന്തോറും വിനീതമാകാൻ, ലാഭം എന്നതിനു കാരുണ്യം എന്നൊരു അർഥം കൂടിയുണ്ടെന്നു കാണിച്ചുതരാൻ, എല്ലാവർക്കും കഴിയില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്ത്രീ സൗഹൃദ തൊഴിലിടം ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം

'പൊറാട്ട് നാടക'ത്തിന് രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന സ്വഭാവമുണ്ട്': സുനീഷ് വാരനാട്

അവസാനമായി സിദ്ദീഖ് സാറിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് 'പൊറാട്ട് നാടകം', അദ്ദേഹം ഇപ്പോഴും ഈ സിനിമയ്ക്ക് പിന്നിലുണ്ട്: ധർമ്മജൻ ബോൾഗാട്ടി

രണ്ടും കൽപ്പിച്ച് ഡബിൾ മോഹനൻ, പൃഥ്വിരാജിന്റെ പിറന്നാളിന് 'വിലായത്ത് ബുദ്ധ' മാസ് ലുക്ക്

ദീപാവലിയ്ക്ക് ഒരുങ്ങി ദുബായ്, ആഘോഷം 25 മുതല്‍

SCROLL FOR NEXT