Memoir

എല്ലാത്തിലും അറിവുള്ള ജോണ്‍ പോള്‍ : കെ മധു

മലയാള സിനിമയുടെ പ്രിയ തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ കെ.മധു. എല്ലാ തരത്തിലും അറിവുള്ള വ്യക്തിയായിരുന്നു ജോണ്‍ പോള്‍. 80കളില്‍ മലയാളത്തിലെ വ്യത്യസ്തമായ സിനിമകളുടെ വക്താവായിരുന്നു അദ്ദേഹമെന്നും ജോണ്‍ പോളിന്റെ വിയോഗം മലയാള സിനിമയുടെ വലിയ നഷ്ടമാണെന്നും കെ മധു ദ ക്യുവിനോട് പറഞ്ഞു.

സംവിധായകന്‍ ജെ.സി ഡാനിയലിനൊപ്പം പ്രവര്‍ത്തിക്കുന്ന കാലത്താണ് താന്‍ ജോണ്‍ പോളിനെ പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ച് സിനിമകള്‍ ചെയ്തു. തനിക്ക് എന്നും ജോണ്‍ പോള്‍ ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു എന്നും കെ.മധു കൂട്ടിച്ചേര്‍ത്തു.

കെ മധുവിന്റെ വാക്കുകള്‍:

ഞാന്‍ 80കളുടെ ആദ്യം ജെ.സി ഡാനിയല്‍ സാറിനോടൊപ്പം ജോലി ചെയ്യുന്ന കാലത്താണ് ജോണ്‍ പോള്‍ സാറിനെ പരിചയപ്പെടുന്നത്. അന്ന് ഈറന്‍ സന്ധ്യ എന്ന ജെ.സി സാറിന്റെ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതിയിരുന്നു. പിന്നീട് എന്റെ രണ്ട് മൂന്ന് സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അതിന് ശേഷം ഒരുപാട് കാലം ഞങ്ങള്‍ മാക്ട എന്ന സാംസ്‌കാരിക സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ആരംഭ കാലം തൊട്ട് അദ്ദേഹം ജനറല്‍ സെക്രട്ടറിയായും ഞാന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. അത്തരത്തില്‍ സംഘടന തലത്തിലും ഞങ്ങള്‍ തമ്മില്‍ പ്രവര്‍ത്തനത്തിന്റെ ഒരു അടുപ്പം ഉണ്ടായിരുന്നു.

എല്ലാ തരത്തിലും അറിവുളള ഒരു വ്യക്തിയായാണ് എനിക്ക് ജോണ്‍ പോളിനെ മനസിലാക്കാന്‍ സാധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനം, സാഹിത്യ രചനയോടുള്ള താത്പര്യം, അതുകൊണ്ടാണല്ലോ എംടി സാറിനും അദ്ദേഹത്തോട് സൗഹൃദം ഉണ്ടാവാന്‍ കാരണം. പിന്നെ ഭരതേട്ടന്റെ സിനിമകളും എഴുതി. അന്നത്തെ കാലത്തെ വ്യത്യസ്ത സിനിമകളുടെ ഒരു വക്താവ് തന്നെയായിരുന്നു അദ്ദേഹം.

പില്‍ക്കാലത്ത് അദ്ദേഹം സിനിമകളില്‍ നിന്നൊക്കെ മാറി നിന്നു. അപ്പോഴും സിനിമ എന്ന ലൈം ലൈറ്റില്‍ നിന്ന് മാറി നിന്നതല്ലാതെ അദ്ദേഹം എല്ലായിടത്തും സജീവമായിരുന്നു. എപ്പോഴും നമ്മള്‍ അദ്ദേഹത്തെ കാണുമ്പോള്‍ നമുക്ക് ഒരു തികഞ്ഞ ആത്മവിശ്വാസം തോന്നും. അതാണ് എനിക്ക് അദ്ദേഹവുമായുള്ള ബന്ധം. എന്നെക്കാളും കുറച്ച് പ്രായത്തില്‍ മൂത്തതാണ്. ഞാന്‍ ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ഒരു ജേഷ്ഠ സഹോദരന്റെ ബന്ധമെനിക്കും, ഒരു ഇളയ സഹോദരന്റെ ബന്ധം എന്നോടും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഒരു കഥയാണെങ്കിലും തിരക്കഥയാണെങ്കിലും എല്ലാത്തിലും അദ്ദേഹത്തിന്റേതായൊരു അപ്പ്രോച്ചാണ്. അതിപ്പോള്‍ കൊമേര്‍ഷ്യലി സക്‌സസ് ആയോ ഇല്ലയോ എന്നല്ല, അദ്ദേഹത്തിന്റെതായൊരു ഭാഷ അതിലെല്ലാം ഉണ്ടാകും. എല്ലാം കൊണ്ടും തികഞ്ഞൊരു നഷ്ടമാണ് സിനിമയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് അത് താങ്ങാനുള്ള ശക്തി ജഗദീശ്വരന്‍ കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT