Memoir

ബുദ്ധദേവ് ഭട്ടാചാര്യ, എന്നും നിസ്വരോടൊപ്പം നിന്നയാൾ

ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം

സഖാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗ വാര്‍ത്ത‍ അറിഞ്ഞത് വേദനയോടെയാണ്. സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ എനിക്ക് കഴിഞ്ഞു. വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. ചെറുപ്പത്തില്‍തന്നെ അനിതരസാധാരണമായ സംഘാടന-നേതൃ പാടവം ബുദ്ധദേവ് കാഴ്ച്ച വെയ്ക്കുകയുണ്ടായി. പശ്ചിമ ബംഗാളില്‍ 1970 കളിലെ ഏകാധിപത്യ അര്‍ദ്ധ-ഫാസിസ്റ്റ് ഭീകരതയുടെ നാളുകളില്‍ പാര്‍ട്ടിയെയും പാര്‍ട്ടിപ്രവര്‍ത്തകരെയും സംരക്ഷിക്കുവാന്‍ ബുദ്ധദേവ് നിര്‍ഭയം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

എന്നും നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂടത്തിൻ്റെ അടിച്ചമര്‍ത്തലുകളെ സധൈര്യം ചെറുത്ത് അവരുടെ ജനാധിപധ്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിയമസഭാംഗം എന്ന നിലയിലും മന്ത്രിയെന്ന നിലയിലും കഴിവുറ്റ ഭരണാധികാരികൂടിയാണ് താന്നെന് തെളിയിക്കുകയുണ്ടായി. സാംസ്കാരിക മന്ത്രിയായി പ്രവര്‍ത്തിക്കുന്ന വേളയില്‍ പശ്ചിമ ബംഗാളിന്‍റെ സാംസ്കാരിക പരിപ്രേക്ഷ്യം വിശാലമാക്കി പുതുതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പുതു തലമുറയെ നവോത്ഥാനമൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതിനും യത്നിച്ചു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പശ്ചിമ ബംഗാളിന്‍റെ വ്യവസായ വല്‍ക്കരണത്തിനായും, ഭരണത്തുടര്‍ച്ച ലഭിച്ചിരുന്നെങ്കില്‍ സുദീഘമായ വികസനയുഗത്തിലേക്ക് നയിക്കുമായിരുന്ന സുവ്യക്തമായ പദ്ധതികള്‍ രൂപപ്പെടുത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിനായുള്ള നിരന്തര ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ ഇടതു ജനാധിപത്യ മുന്നണിയെയും പാര്‍ട്ടിയെയും ദുര്‍ബ്ബലപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടുള്ള വലിയ തോതിലുള്ള ദുഷ്പ്രചരണങ്ങളെയും വ്യാജ വാര്‍ത്തകളെയും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടപ്പോഴും നിശ്ചയദാർഢ്യത്തോടെ നിലകൊണ്ടു. ക്ലേശകരമായ ഈ സമയത്തെല്ലാം സര്‍ക്കാര്‍-പാര്‍ട്ടി സംവിധാനങ്ങളെ മുന്നോട്ട് നയിച്ചു.

അദ്ദേഹത്തിന്‍റെ ഓരോ പ്രവര്‍ത്തനങ്ങളിലും ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ഉറച്ച വിശ്വാസം നിറഞ്ഞു നിന്നിരുന്നു. ബുദ്ധദേവിൻ്റെ ലളിതജീവിതം പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക് ഉത്തമ മാതൃകയാണ്.

ഭാരത സര്‍ക്കാര്‍ പത്മഭൂഷന്‍ ബഹുമതി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ജനസേവനത്തിനായുള്ള ജീവിതം ഏന്തെങ്കിലും അംഗീകാരം പിടിച്ചുപറ്റാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്ന, അത് മാനവികതയ്ക്കായി സമര്‍പ്പിച്ചതാണെന്ന, കമ്യൂണിസ്റ്റുപാര്‍ട്ടി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളില്‍ അദ്ദേഹം ദൃഢതയോടെ ഉറച്ചു നിന്നു എന്നതിന് ഇത് തെളിവാണ്.

ബുദ്ധദേവ് ഭട്ടാചാര്യയുടെ വേര്‍പാടില്‍ ദുഖിക്കുന്നവരുടെ പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെ സി പി ഐഎം. അംഗങ്ങളുടെ ദുഖത്തോടൊപ്പം നിലകൊള്ളുന്നു. ജനാധിപധ്യം ശക്തിപ്പെടുത്താനും മതേതരത്വം സംരക്ഷിക്കാനും സോഷ്യലിസം യാഥാർത്ഥ്യമാക്കാനുമുള്ള പോരാട്ടങ്ങൾ തുടരുവാന്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ശക്തി പകരും.

കേരള സര്‍ക്കാരിന് വേണ്ടിയും വ്യക്തിപരമായും അദ്ദേഹത്തിന്‍റെ കുടുംബത്തോടും ബന്ധുമിത്രാദികളോടും അനുശോചനം രേഖപ്പെടുത്തുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT