Memoir

ഒരു സിംഹത്തിന്റെ മടയിൽ

മലയാള നാടകവേദിയിൽ എക്കാലവും ഒരു ഒറ്റയാനെ പോലെ തലയെടുത്തു പിടിച്ചുനിന്ന എൻ എൻ പിള്ള ചരിത്രത്തിന്റെ ഭാഗമായത് ഇരുപത്തിയെട്ടുവർഷങ്ങൾക്ക് മുൻപുള്ള ഒരു നവംബർ 14 നാണ്. അതുല്യനായ ആ നാടകചാര്യനുമായുണ്ടായ സവിശേഷമായ ഒരു കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമപ്രവർത്തകനായ ബൈജു ചന്ദ്രൻ അനുസ്മരിക്കുന്നു

ഒരു സിംഹമടയിൽ ചെന്നുകയറുമ്പോഴുള്ള ഭയാശങ്കകളോടെയാണ് അന്ന് ഞങ്ങളാ വീടിന്റെ പടിക്കൽ ചെന്നുനിന്നത്.നേരത്തെ ഫോണിൽ വിളിച്ചറിയിക്കാതെ,കാണാൻ സൗകര്യപ്പെടുമോ എന്ന്‌ തിരക്കാതെ ചെന്നതാണ്. കാര്യം മുൻകൂട്ടി അറിയിച്ചാൽ,പറ്റില്ലെന്ന് മുഖത്തടിച്ചതുപോലെ പറഞ്ഞാലോ എന്ന പേടി കാരണം രണ്ടും കൽപ്പിച്ച് പോരുകയായിരുന്നു.

'മലയാള നാടകത്തിന്റെ ഇന്നലെ,ഇന്ന്,നാളെ' എന്ന വിഷയത്തെ ആസ്പദമാക്കി യുള്ള ഒരു ഡോക്യൂമെന്ററി അതായിരുന്നു ഉദ്ദേശ്യം. അന്ന് ദൂരദർശനിൽ കൂടെ പ്രവർത്തിച്ചിരുന്ന ലീൻ ബി ജെസ്മസും ക്യാമറാമാൻ ബാബുവുമായിരുന്നു ഒപ്പമുണ്ടായിരുന്ന രണ്ടുപേർ. നാടകാചാര്യന്മാരായ തോപ്പിൽ ഭാസി,കെ ടി മുഹമ്മദ്,എസ് എൽ പുരം സദാനന്ദൻ,തിക്കോടിയൻകാവാലം നാരായണപ്പണിക്കർ എന്നിവരെയൊക്കെ ചെന്നുകണ്ട് അഭിമുഖങ്ങൾ പകർത്തി. ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോഴാണ് കോട്ടയത്തിറങ്ങി ഈയൊരു അഭിമുഖത്തിന് വേണ്ടി ഒന്നു ശ്രമിച്ചു നോക്കിയാലോ എന്ന തോന്നലുണ്ടായത്.അപ്പോഴേക്കും സമയം ഏതാണ്ട് സന്ധ്യയോടടുത്തിരുന്നു.

കോട്ടയം ടൗണിൽ നിന്ന് അല്പം അകന്നുമാറി ഒളശ എന്ന സ്ഥലത്തുള്ള 'ഡയനീഷ്യ' എന്ന വീടിന്റെ വാതിൽ തുറന്നു പുറത്തേയ്ക്ക് വന്നത് അദ്ദേഹം തന്നെയാണ്. നാടകമെഴുത്തും സംവിധാനവും അഭിനയവുമെല്ലാം മതിയാക്കി വിശ്രമജീവിതം നയിക്കുന്ന സാക്ഷാൽ എൻ എൻ പിള്ള.

"ഊം....ആരാ നിങ്ങളൊക്കെ? എവിടുന്നു വരികയാ?വിജയരാഘവനെ കാണാനാണെങ്കിൽ അവനിവിടില്ല,ഷൂട്ടിംഗിന് പോയിരിക്കുകാ..."

ഞാൻ അല്പം പരുങ്ങലോടെ സ്വയം പരിചയപ്പെടുത്തി. ദൂരദർശനിൽ നിന്ന് ഒരു പരിപാടി യുടെ ഭാഗമായി വരികയാണെന്ന് പറഞ്ഞപ്പോൾ തികഞ്ഞ സൗഹാർദ്ദത്തോടെ അകത്തേക്ക് ക്ഷണിച്ചു.

"ങാഹാ, അകത്തേക്ക് കേറിയിരിക്ക്.എല്ലാരും യാത്രയൊക്കെ ചെയ്തു ക്ഷീണിച്ചു വന്നിരിക്കുകയല്ലേ... ഒരു ചായയോ കാപ്പിയോ ആകാം,ന്താ?...

എന്നിട്ടു പിറകിലേക്ക് നോക്കി ഉറക്കെ വിളിച്ചു.

"മോളേ....സുലൂ.... മോളേ..."

കേരളസമൂഹത്തിന്റെ കപടസദാചാരമുഖത്തിന് നേർക്ക് കാർക്കിച്ചു തുപ്പിയ 'കാപാലിക'യിലെയും മറ്റു പല നാടകങ്ങളിലെയും നായിക, എൻ എൻ പിള്ളയുടെ മൂത്തപുത്രി സലോചന അങ്ങോട്ടേക്ക് വന്നു.

"മോളേ,എല്ലാർക്കും കാപ്പി വേണം....വല്ലോമിച്ചിരി കഴിക്കാനും."

മകൾ സുലോചന നാടകത്തിൽ

അതിഥിസൽക്കാരത്തിന്റെയും ഉപചാരങ്ങളുടെയും ബഹളമൊന്നടങ്ങിയപ്പോൾകാര്യത്തിലേക്ക് കടന്നു. ഞങ്ങൾ ചെന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് തിരക്കി.അപ്പോഴേക്കും എനിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടിക്കഴിഞ്ഞിരുന്നു. ആ ധൈര്യത്തിന്റെ പിൻബലത്തിൽ ഒറ്റശ്വാസത്തിന് കാര്യമവതരിപ്പിച്ചു. വളരെ താൽപ്പര്യത്തോടെയാണ് അദ്ദേഹം അതുകേട്ടിരുന്നത്.

"മലയാള നാടകത്തിന്റെ ഇന്നലെ ഇന്ന്....അല്ലേ?നാളെയുടെ കാര്യം...ആ,ആർക്കറിയാം... നിങ്ങളൊക്കെക്കൂടി വിചാരിച്ചാൽ പറ്റുമോ നാടകത്തെ രക്ഷപ്പെടുത്താൻ? ങേ...അണ്ണാൻ കുഞ്ഞിനും...എന്നല്ലേ? ങേ...അപ്പൊ നിങ്ങളുടെ ഈ സംരംഭത്തിന് എന്റെ എല്ലാ ആശംസകളും...അതുപോരേ..."

"അതുപോര സാർ" ഞാൻ പറഞ്ഞു."സാറിന്റെ ഒരു അഭിമുഖം കൂടി വേണം."

അതുവരെ ഞങ്ങളോട് സൗഹൃദഭാവത്തിൽ ഇടപെട്ടുകൊണ്ടിരുന്ന ആളിന്റെ മുഖം പെട്ടെന്നു മങ്ങി.

"ഊം...? അഭിമുഖം...അല്ലേ? എന്നുവെച്ചാൽ എന്റെ ഇന്റർവ്യൂ നിങ്ങൾക്ക് വേണമെന്ന്...അല്ലേ?മേലല്ലോ..."

നീട്ടിയും കുറുക്കിയും നീളത്തിലൊന്നു മൂളിയും അണപ്പല്ലുകൾ ക്കിടയിൽ വെച്ചു ചവച്ചരച്ചും വാക്കുകൾ പുറത്തേക്ക് തൊടുത്തുവിടുന്ന സ്വതസിദ്ധമായ ആ ശൈലിയിൽ എൻ എൻ പിള്ള തന്റെനയം വ്യക്തമാക്കി. അതുവരെയുണ്ടായിരുന്ന സൗഹാർദ്ദഭാവം കണ്ട് തികഞ്ഞ ശുഭപ്രതീക്ഷ യോടെ ഇരിക്കുകയായിരുന്ന ഞങ്ങൾക്ക് അതൊരു തിരിച്ചടിയായി.

"അയ്യോ...അത്...സാറിന്റെ ഇന്റർവ്യൂ ഇല്ലാതെ....

'എന്നാത്തിന്?.... ഞാൻ കൂടിയേ തീരൂ എന്താ ഇത്ര നിർബന്ധം? നിങ്ങൾ ഇതുവരെ ഇന്റർവ്യൂ എടുത്തവരൊക്കെ വലിയ ആൾക്കാരല്ലേ? അവരൊക്കെ ധാരാളമല്ലേ?"

അവർ മാത്രം പോരെന്നും മലയാള നാടകരംഗത്ത് പലതുകൊണ്ടും വിപ്ലവം സൃഷ്ടിച്ച നാടകങ്ങളെഴുതിയ,നാടകദർപ്പണം പോലെയുള്ള ഒന്നാന്തരമൊരു ലക്ഷണഗ്രന്ഥം രചിച്ച നാടകാചാര്യന്റെ കൂടി അഭിമുഖമില്ലാതെ ഈ പരിപാടി പൂർണമാകില്ലെന്ന ഉറച്ച നിലപാട് ഞങ്ങളും വ്യക്തമാക്കി. പക്ഷെ അദ്ദേഹം ഒരുതരത്തിലും അയയുന്ന മട്ടുകണ്ടില്ല.ഞങ്ങളുടെ വിനയപൂർവ്വമായ അപേക്ഷകൾക്കൊന്നും വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ഈ ഒഴിഞ്ഞുമാറ്റത്തിന്റെ കാരണമൊന്നറിയണമെന്ന് എനിക്ക് തോന്നി.

"ഏയ്,പ്രത്യേകിച്ചങ്ങനെ കാരണമൊന്നുമില്ല.എനിക്ക് വേണ്ടെന്ന് തോന്നി.അത്രേയുള്ളൂ."

എന്റെ കുഴഞ്ഞ മുഖഭാവം കണ്ടപ്പോൾ തുടർന്നു പറഞ്ഞു.

"കുറച്ചു നാൾ മുമ്പ് നിങ്ങടെ ദൂരദർശനിൽ നിന്ന് വൺ മിസ്റ്റർ ആർ എസ് അയ്യർ ഇവിടെ വന്നാരുന്നല്ലോ,എന്റെ ഇന്റർവ്യൂ എടുക്കാൻ?"

അതെ, അതു കണ്ടപ്പോഴാണല്ലോ എൻ എൻ പിള്ള വിശ്രമജീവിതം നയിക്കുകയാണെന്നും ആരോഗ്യത്തിന് വലിയ കുഴപ്പമൊന്നുമില്ലെന്നുമൊക്കെ അറിഞ്ഞത്.

"അപ്പൊ എന്താ, ഞാൻ എന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും ഒരുപാട് പറഞ്ഞുകഴിഞ്ഞു. ഇനി കൂടുതലൊന്നും പറയാനില്ല."

ഇതൊരു വ്യക്തിപരമായ അഭിമുഖപരിപാടി അല്ലെന്നും മലയാള നാടകത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനാത്മകമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് എന്റെ ഉദ്ദേശമെന്നും ഒരിക്കൽ കൂടി പറഞ്ഞുനോക്കി.

മുഖത്തെ പുഞ്ചിരി മടങ്ങിവന്നെങ്കിലും എന്തോ ഒരു തടസ്സമപ്പോഴും ബാക്കിനിൽക്കുന്നതുപോലെ.ഒടുവിൽ ഞാനെന്റെ ശ്രമമുപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ അതിനു മുമ്പ് ഒരുകാര്യം അറിയണമെന്ന് തോന്നി.

ഉറൂബ്, എൻ എൻ പിള്ള, കെ വി എസ് ഇളയത്, കെ എസ് ചന്ദ്രൻ

"എന്നാൽ ശരി സാർ, ഞങ്ങളിനി കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല. എന്നാലും എന്തുകൊണ്ടാണ് ഇത്രത്തോളം വാശിപിടിക്കുന്നതെന്നെങ്കിലും ഒന്നു പറയാമോ?"

എൻ.എൻ പിള്ള പെട്ടെന്ന് അതിനൊരു മറുപടി പറഞ്ഞില്ല. രണ്ടു കൈകളും കൂട്ടിത്തിരുമ്മി, വലംകൈ മുന്നോട്ടു നീട്ടിപ്പിടിച്ച്, ആ കൈവെള്ളയിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒന്നു നീട്ടിമൂളി.

"ഊം!...അനിയൻ ഇത്രയും നിർബന്ധിക്കുന്നതുകൊണ്ട്‌ മാത്രം...ങേ....അന്ന് അയ്യരുടെ കൂടെ ഇന്റർവ്യൂ എടുക്കാൻ വന്ന ചെറുപ്പക്കാരൻ ജേർണലിസ്റ്റ് ബഹുമിടുക്കനാ... എന്റെ ഒരടുത്ത സ്നേഹിതന്റെ മകനുമാ.... പക്ഷെ ഞാനിങ്ങനെ ഇന്റർവ്യൂ എടുക്കാനൊക്കെ റെഡിയായി വന്നപ്പോ ആ കൊച്ചൻ എന്നോടൊരു കാര്യം ചോദിച്ചു.അത്....സാറിനെ കുറിച്ചു ചില കാര്യങ്ങൾ എനിക്ക് പറഞ്ഞു തരണം.എന്നാത്തിനാ?അയാൾക്ക് ചോദ്യങ്ങൾ ഉണ്ടാക്കാൻ.ഞാനെന്തു വേണം? പറഞ്ഞുകൊടുത്തു.എന്നെ ഇന്റർവ്യൂ ചെയ്യാൻ വേണ്ട സകല കാര്യങ്ങളും ഞാൻ തന്നെ പറഞ്ഞുകൊടുത്തു.ഞാൻ പിന്നെ നാടകത്തിലേതു മാതിരി ഇങ്ങനെ വേഷമൊക്കെ കെട്ടി ഇരിക്കുകാണല്ലോ.ഇന്റർവ്യൂ ഒക്കെ ഭംഗിയായി നടന്നു,ദൂരദർശനിൽ ഗംഭീരമായി കാണിക്കുകേം ചെയ്തു.പക്ഷേ അന്ന്....ങേ...ആ ദിവസം ഞാൻ ഒരു കാര്യം നിശ്ചയിച്ചു.മേലിൽ...ങേ...മേലിൽ ദൂരദർശൻ എന്നല്ല ഒരൊറ്റ ഒരാൾക്കും വേണ്ടി ഞാൻ ഇങ്ങനെയൊരു വിഡ്ഢി വേഷം കെട്ടാൻ നി ന്നു കൊടുക്കുകേലെന്ന്...ഇന്റർവ്യൂ! ഹാ!!"

ഞങ്ങൾ ഒന്നും മിണ്ടാനാകാതെ തല കുനിച്ചിരുന്നു പോയി. ഒരക്ഷരം ഉരിയാടാനുള്ള ധൈര്യമുണ്ടായില്ല. ഒരായുഷ്ക്കാലം മുഴുവൻ അരങ്ങിനായി സമർപ്പിച്ച മനുഷ്യനാണ് മുമ്പിലിരിക്കുന്നത്. ഭാര്യയെയും മകളെയും സഹോദരിയെയും മുഖത്തു ചായമിടീച്ചു തട്ടേൽ കയറ്റിയതിന്റെ പേരിൽ വിമർശനവും പരിഹാസവും പിടിച്ചുപറ്റിയ നിഷേധി.

മലയാള അരങ്ങിന്റെ വൃത്തവും അലങ്കാരവും മാറ്റിപ്പണിഞ്ഞ നാടകകാരൻ. ലോകമഹായുദ്ധത്തിന്റെ രണാങ്കണത്തിൽ വീറോടെ പോരാടിയ ഐ എൻ എ യുടെ യോദ്ധാവ്.മറ്റാരും ഒരുമ്പെടാത്തതുപോലെ സ്വന്തം ജീവിതത്തെ മറനീക്കി തുറന്നുകാണിച്ച 'ഞാൻ' എന്ന ആത്മകഥ പോലും വായിക്കാൻ കൂട്ടാക്കാതെയാണോ എന്റെ ജേർണലിസ്റ്റ് സുഹൃത്ത് എൻ എൻ പിള്ളയെ അഭിമുഖം നടത്താനെത്തിയത്!അദ്ദേഹത്തിന്റെ മനസിനെ മുറിവേല്പിച്ചതിന്റെ ഉത്തരവാദിത്തം എന്റേതുകൂടിയാണെന്നു തോന്നി.

ഞങ്ങൾ പതുക്കെ എഴുന്നേറ്റു.

"ക്ഷമിക്കണം സാർ, ഈ സംഭവം ഞങ്ങൾക്ക് അറിയില്ലായിരുന്നു.അതുകൊണ്ടാണ് സാറിനെ ഇത്രയും നിർബന്ധിച്ചത്. ഏതായാലും സാറിനെപ്പോലെ വലിയൊരു വ്യക്തിയെ നേരിൽ കാണാനും പരിചയപ്പെടാനുമൊക്കെ സാധിച്ചത് തന്നെ വല്യ ഭാഗ്യം. ഇറങ്ങട്ടെ, ഒരുപാട് രാത്രിയാകുന്നതിനു മുമ്പ് ഞങ്ങൾക്ക് തിരുവനന്തപുരത്ത് എത്തണം."

"ഹ ! അതെന്നാത്തിനാ നിങ്ങളെണീറ്റേ? അതിന് അനിയൻ അല്ലല്ലോ അന്നങ്ങനെ ചെയ്തത്. ഇരിയ്ക്കവിടെ.ഇന്റർവ്യൂ വേണ്ടെന്നേ ഞാൻ പറഞ്ഞൊള്ളൂ. നമുക്ക് വേറെ എന്തേലുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കാം. നേരം ഏതായാലും ഇരുട്ടി. ഇനി എന്തേലും കഴിച്ചേച്ചു പോയാൽ മതി....ചിന്നേ..."

അദ്ദേഹം അകത്തേക്ക് നോക്കി വിളിച്ചു. ചിന്നമ്മ എന്ന കല്യാണിക്കുട്ടിയമ്മ സ്വീകരണമുറിയിലേക്ക് കടന്നുവന്നു.' ഞാൻ' എന്ന ആത്മകഥയിലെ രംഗങ്ങൾ പലതും എന്റെ മനസിലൂടെ കടന്നുപോയി.

"ചിന്നേ...ഇവരൊക്കെ ദൂരദർശനിൽ നിന്ന് വന്നതാ.ഇന്ന് രാത്രിതന്നെ അവർക്ക് തിരുവനന്തപുരത്ത് ചെല്ലേണ്ടതാ.എല്ലാർക്കും ഊണ് കൊടുക്കണം....ങേ...പെട്ടെന്ന് വേണം.ങേ..."

സ്നേഹം നിറഞ്ഞ ആ ക്ഷണത്തിൽ നിന്നൊഴിവാകാൻ അദ്ദേഹം ഒരുവിധത്തിലും സമ്മതിച്ചില്ല. കുറച്ചുനേരം കൂടി ആ സവിശേഷമായ സംഭാഷണവും കേട്ടുകൊണ്ട് അവിടെ തന്നെയിരിക്കാൻ എനിക്ക് സന്തോഷമായിരുന്നു. മറ്റൊരുദ്ദേശവുമുണ്ടായിരുന്നു.

എൻ എൻ പിള്ള നാടകത്തിൽ

അഭിമുഖം ഏതായാലും കിട്ടില്ലെന്ന് തീർച്ചയായി. അദ്ദേഹത്തിന്റെ പുസ്തകങ്ങളും നാടകത്തിൽ നിന്നുള്ള ചിത്രങ്ങൾ വല്ലതുമുണ്ടെങ്കിൽ അതും ക്യാമറ യിൽ പകർത്താൻ പറ്റുമോയെന്നു ശ്രമിച്ചുനോക്കാം. ഞാൻ അക്കാര്യം സാറിനോട് ചോദിച്ചു. ഈ പിള്ളേരോട് ഇത്രയെങ്കിലും വിട്ടുവീഴ്ച കാണിച്ചില്ലെങ്കിൽ അത് തെറ്റാണെന്ന് തോന്നിയതുകൊണ്ടാകാണം അദ്ദേഹം ഉടനെ സമ്മതിച്ചു. ലൈബ്രറി മുറിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. നാടകസംബന്ധിയായ -- നാടകം മാത്രമല്ല, ചരിത്രവും ഫിലോസഫിയും ഉൾപ്പെടെയുള്ള ഒരുപാട് പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ആ ലൈബ്രറി. നാടകങ്ങളിൽ നിന്നുള്ള സ്റ്റില്ലുകൾ കാണാൻ എനിക്ക് ധൃതി യായി. പല ആൽബങ്ങളിലും അല്ലാതെയുമായി ധാരാളം ചിത്രങ്ങൾ അവിടെ സൂക്ഷിച്ചിരുന്നു. ഓരോ പടവും എടുത്തുനോക്കി എനിക്ക് കൈമാറുമ്പോൾ അതാത് നാടകങ്ങളുടെ പേരുകൾ ഓർത്തെടുക്കാൻ അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

"കുട്ടനാ എല്ലാം അറിയാവുന്നത്. അവൻ പക്ഷെ ഷൂട്ടിംഗിന് പോയേക്കുകാണല്ലോ. ഞാൻ ഓമനയെ വിളിക്കാം.ങേ...അവൾക്ക് എല്ലാം മനഃപാഠമാ."

ഞാൻ ആകട്ടെ ആ ഫോട്ടോകളെല്ലാം കണ്ട് ആകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു. അതൊക്കെ കണ്ടപ്പോൾ ആ നാടകങ്ങൾ പലതുംഎന്റെ ഓർമ്മയിൽ തെളിഞ്ഞു. കൊച്ചിലേ അച്ഛന്റെ കൂടെയും പിന്നെ കോളേജിൽ പഠിക്കുമ്പോഴുമൊക്കെ ടാഗോർ തീയേറ്ററിലും കാർത്തിക തിരുനാൾ തീയേറ്ററിലും സെനറ്റ് ഹാളിലും പോയി കണ്ടവയാണ് ആ നാടകങ്ങളിൽ പലതും. പോരെങ്കിൽ എത്രയോവട്ടം വായിച്ചതുമാണ്. അതുകൊണ്ട് ഓരോ സ്റ്റില്ലും ഏതു നാടകത്തിലേതാ ണെന്ന് പറയാൻ എനിക്ക് വലിയ പ്രയാസം തോന്നിയില്ല.

"ഇത് ഗറില്ല അല്ലേ, ഇത് സുപ്രീം കോർട്ട്.....പ്രേതലോകം,കാപാലിക,ക്രോസ്സ് ബെൽറ്റ്,ഈശ്വരൻ അറസ്റ്റിൽ...."

ആവേശം കൊണ്ട് ഞാൻ പരിസരമാകെ മറന്ന് ഉറക്കെ വിളിച്ചുപറയുകയാണെന്നു തിരിച്ചറിഞ്ഞത്,ഗംഭീരമായ ആ മൂളൽ കേട്ട് എൻ എൻ പിള്ളയുടെ നേർക്ക് നോക്കിയപ്പോഴാണ്. ചാരുകസേരയിൽ കിടന്നുകൊണ്ട് കണ്ണടയുടെ മുകളിലൂടെ എന്നെത്തന്നെ സൂക്ഷിച്ചുനോക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് അവിടെ അരങ്ങത്ത് കണ്ടിട്ടുള്ള എൻ എൻ പിള്ള പ്രത്യക്ഷപ്പെട്ടു. നാടകസ്റ്റേജിൽ നിന്നുകൊണ്ടെന്ന പോലെ അദ്ദേഹം ഉറക്കെ വിളിച്ചു.

"ഓമനേ ! ചിന്നമ്മേ! സുലൂ !"

എൻ എൻ പിള്ളയുടെ മനസാക്ഷി എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കാറുണ്ടായിരുന്ന ഓമന -- പട്ടാളം ഭവാനി,അർത്തുങ്കൽ കാർത്ത്യായനി,കടക്കാവൂർ അത്ത --അഭിനയപാടവം കൊണ്ട് ചേട്ടനെഅതിശയിപ്പിച്ച അനുജത്തി പതുക്കെ ആ മുറിയിലേക്ക് നടന്നു വന്നു.

"എന്നാ ചേട്ടാ..."

തൊട്ടുപിന്നാലെ ചിന്നമ്മയും സുലോചനയുമെത്തി.എൻ എൻ പിള്ള ഏതാണ്ട് ഭൂതാവേശം ബാധിച്ചതുപോലെയായിരുന്നു.

"ഓമനേ, സുലൂ....നോക്കിക്കേ... ഈ കൊച്ചന്.. ങേ...ഈ കൊച്ചന് നമ്മടെ നാടകത്തെക്കുറിച്ചൊക്കെ നന്നായിട്ടറിയാം...ങേ..."

എന്നിട്ട് അടുത്തുണ്ടായിരുന്ന ഷെൽഫിൽ നിന്ന് ഒരു പുസ്തകമെടു ത്ത് എഴുതിയൊപ്പിട്ട് എനിക്ക് തന്നു.'പ്രസിഡന്റ്' എന്ന നാടക മായിരുന്നു അത്. ഞാൻ ആ കാൽപാദങ്ങൾ തൊട്ടുവന്ദിച്ചു. അപ്പോഴാണ് ഞാൻ അദ്ദേഹത്തിന്റെ ഒരടുത്ത സുഹൃത്തിന്റെ മകനാണെന്ന വിവരം പറയാനുള്ള ധൈര്യമുണ്ടായത്.

"ആഹാ...ഈ കാര്യമെന്നാ നേരത്തെ പറയാഞ്ഞേ..."

കിലുകിലാ വിറച്ചുകൊണ്ട് അദ്ദേഹം എന്നെ സ്വന്തം ശരീരത്തോട് ചേർത്തണച്ചു പിടിച്ചു. മറ്റു മൂന്നുപേരും നിറഞ്ഞ വാത്സല്യത്തോടെ അതു കണ്ടു നിന്നു.

ഒരു കാലത്ത് മലയാള നാടകവേദിയെ പ്രകമ്പനം കൊള്ളിച്ച 'എൻ എൻ പിള്ളയും കുടുംബ'വുമാണ് എന്റെ മുമ്പിൽ നിൽക്കുന്നത്!കൊള്ളേണ്ടത്,കൊള്ളേണ്ടിടത്ത് കൊള്ളേണ്ടതുപോലെ കൊണ്ടുകയറുന്ന മൂർച്ചയുള്ള സംഭാഷണങ്ങളും, നാടകീയ മുഹൂർത്തങ്ങളും കൊണ്ട് അരങ്ങത്ത് നിറഞ്ഞാടിയ ഒരു നാടകസംഘം.തങ്ങളെ ഓരോരുത്തരെയും തന്നെ ക്രൂരമായ പരിഹാസത്തിനിരയാക്കുന്ന 'ഞാൻ സ്വർഗത്തിൽ' എന്ന നാടകം ഈ നാലുപേരും കൂടി ഒരുമിച്ചവതരിപ്പിക്കുകയായിരുന്നു!

എൻ എൻ പിള്ളയും കുടുംബവും. സുലോചന, രേണുക, ചിന്നമ്മ,എൻ എൻ പിള്ള, ഓമന, വിജയരാഘവൻ

ഇനിയാണ് നാടകീയ മായ ക്ലൈമാക്സ്. എൻ എൻ പിള്ള ചാരുകസേരയിൽ നിന്ന് പതുക്കെ എഴുന്നേറ്റ് രണ്ടു ചുവടുകൾ മുന്നോട്ട് നടന്നു. എന്നിട്ട്,പെട്ടെന്ന് തിരിഞ്ഞ് എന്നോട് ചോദിച്ചു.

"ഊം....നിങ്ങൾക്ക് ഇന്റർവ്യൂ എടുക്കാൻ വേണ്ടി ഞാൻ എവിടെയാ ഇരിക്കേണ്ടത്?"

എന്റെ മാദ്ധ്യമ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അഭിമുഖസംഭാഷണം അങ്ങനെ,1990 ജൂൺമാസം ഇരുപത്തിമൂന്നാം തീയതി അരങ്ങേറി.

എന്‍എന്‍ പിള്ള ബൈജു ചന്ദ്രന് അന്ന് ഒപ്പിട്ട് നല്‍കിയ ദ പ്രസിഡന്റ് എന്ന പുസ്തകം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT