Memoir

നമ്പൂതിരിയും കുറെ രേഖാചിത്രവിശേഷങ്ങളും

നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചും ശൈലിയെക്കുറിച്ചും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, കാര്‍ട്ടൂണിസ്റ്റുമായ ജോഷി ജോർജ് എഴുതുന്നു

എഴുത്തുകാരന്‍ ഭാവനയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി കഥയും കവിതയുമൊക്കയായി വരുമ്പോല്‍ അത് വായനക്കാര്‍ക്ക് കൂടുതല്‍ ആസ്വാദകരമാക്കുന്നതിന് ദൃശ്യമായ ഒരു ഗോവണിയായി മാറുകയാണ് ചിത്രകാരന്‍. അവര്‍ വരഞ്ഞിടുന്ന ചിത്രങ്ങള്‍ വായനക്കാരന്റെ മനസ്സിലേക്ക് കാന്തം കണക്കെ ആകര്‍ഷിക്കപ്പെടുന്നു.

പ്രസിദ്ധീകരണങ്ങളുടെ വളര്‍ച്ചക്കുനുസരിച്ച് വികസിച്ചുവന്ന രേഖാചിത്രണം അച്ചടിരംഗത്ത് അഭൂതപൂര്‍വ്വമായ പ്രാധാന്യം കൈവരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. രേഖാചിത്രം ഉപയോഗിക്കുന്നതിന്റെ ആദ്യത്തെ കാരണം പേജ് മോടികൂട്ടുക എന്നതാണ്. ഇന്ത്യന്‍ ഭരണഘടന അച്ചടിച്ചപ്പോള്‍ അതിന് മോടി കൂട്ടാന്‍ ചിത്രം വരച്ച ആളാണ് ആര്‍ട്ടിസ്റ്റ് നന്ദലാല്‍ ബോസ്.

ഇന്ന് പത്രമാസികകള്‍ക്ക് ടിവിയോട് മത്സരിക്കേണ്ടിവരുന്നതുകൊണ്ട് ഫോട്ടോകളും ചിത്രങ്ങളും ഭംഗിയായി ഡിസ്‌പ്ലേ ചെയ്യേണ്ടിയിരിക്കുന്നു. ഗ്രാഫിക് ഡിസൈനെക്കൂറിച്ചൊന്നും കാര്യമായി പിടിപാടില്ലാത്ത പത്രാധിപന്മാര്‍ പോലും ഈ വകകാര്യങ്ങള്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. അതിനായ മികച്ച ആര്‍ട്ട് ഡയറക്ടര്‍മാരും ഗ്രാഫിക് ഡിസൈനേഴ്‌സും ലേ ഔട്ട് ആര്‍ട്ടിസ്റ്റുമാരും ഏതൊരു പ്രസിദ്ധീകരണത്തിന്റെ അണിയറയിലും കാണും.

രേഖാചിത്രങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് അമേരിക്കന്‍ അച്ചടി മാധ്യമങ്ങളിലായിരുന്നു. 1860കളില്‍ യുദ്ധഭൂമിയുടെ മാപ്പ് വരച്ചുണ്ടാക്കിയണ് ഒരു പത്രം പുറത്തിറങ്ങിത്. ഫിലാഡല്‍ഫിയ എന്‍ക്വയറര്‍ ആണ് ആ പത്രം. പിന്നീടവര്‍ ജനറല്‍മാരുടേയും മറ്റ് പ്രമുഖരുടേയും രേഖാചിത്രങ്ങള്‍ മരത്തടിയില്‍ വരച്ച് കൊത്തിയെടുത്താണ് അച്ചടിച്ചത്. 1873 മാര്‍ച്ച് 11 മുതല്‍ ന്യൂയോര്‍ക്കിലെ 'ദി ഡെയ്ലി ഗ്രാഫിക്' എന്ന പത്രത്തില്‍ രേഖാചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

ന്യൂയോര്‍ക്ക് വേള്‍ഡ്, ന്യൂയോര്‍ക്ക് ട്രൂത്ത് എന്നീപത്രങ്ങല്‍ തുടര്‍ന്നങ്ങോട്ട് രേഖാചിത്രങ്ങള്‍ അച്ചടിക്കാന്‍ മത്സരിക്കുകയായിരുന്നു. ന്യൂയോര്‍ക്ക് വേള്‍ഡ് സണ്‍ഡേ സപ്ലിമെന്റില്‍ ലേഖനങ്ങള്‍ക്കും കഥകള്‍ക്കുമൊപ്പം രേഖാചിത്രങ്ങള്‍കുടി ഉള്‍പ്പെടുത്തി മോടികുട്ടി. ഇതേത്തുടര്‍ന്ന് ഇന്റര്‍ ഓഷ്യന്‍, ഡെയിലി ന്യൂസ്, ചിക്കാഗോ ട്രിബൂണ്‍, ഈവനിംഗ് ടെലഗ്രാഫ്, ഡെയിലി ഗ്രാഫിക് തുടങ്ങിയ പത്രങ്ങളിലും എല്ലാദിവസവും രേഖാചിത്രങ്ങളും ഹാസ്യചിത്രങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

റോണാള്‍ഡ് സേള്‍ വരച്ച ചിത്രം

മലയാളത്തില്‍ തുടക്കം മാതൃഭൂമിയിലൂടെ

1909ല്‍ കോഴിക്കോട് ജനിച്ച എം. ഭാസ്‌ക്കരനാണ് മലയാളക്കരയില്‍ രേഖാചിത്രങ്ങള്‍ക്ക് തുടക്കമിട്ടത്. അതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതാകട്ടെ മാണിക്കോത്ത് രാവുണ്ണിനായര്‍ എന്ന എം. ആര്‍ നായരും. സഞ്ജയന്‍ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം ഏറെ പ്രസിദ്ധനായത്.

നമ്പൂതിരി ചിത്രം

1932ലണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ആരംഭിക്കുന്നത്. പിറ്റേവര്‍ഷം ഭാസ്‌ക്കരന്റെ രേഖാചിത്രങ്ങളുമായി ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയപ്പോള്‍ അത് വായനക്കാരില്‍ കൗതുകമുണര്‍ത്തി. എം. വി ദേവന്‍ കൂടെക്കൂടെ പറയാറുണ്ടായിരുന്നു ഭാസ്‌ക്കരന്‍ തന്റെ ഗുരുവാണെന്ന്.

എം. ആര് നായര്‍ 1935ല്‍ 33 മത്തെ വയസ്സില്‍ സഞ്ജയന്‍ എന്ന ഹാസ്യമാസിക തുടങ്ങി. അത് കുറച്ച് നാളുകള്‍ക്കുള്ളില്‍ നിലച്ചു. 1938 മുതല്‍ 42 വരെ എം. ആര്‍ നായര്‍ കോളേജ് അധ്യാപകനായിരിക്കെ മാതൃഭൂമിയില്‍ നിന്ന് അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ വിശ്വരൂപം പുറത്തിറങ്ങിയിരുന്നു. ലോകപ്രസിദ്ധമായ പഞ്ച് മാസികയായിരുന്നു എം. ആര്‍ നായര്‍ക്ക് മാതൃക. പത്രരംഗത്തെ അതികായനായ പോത്തന്‍ ജോസഫ് കാര്‍ട്ടൂണിസ്റ്റ് ശങ്കറെ കണ്ടെത്തിയതുപോലെ, എം. ആര്‍ നായര്‍ ഭാസ്‌ക്കരനെ കണ്ടെത്തുകയായിരുന്നു. മാതുഭൂമിയില്‍ രേഖാചിത്രം വരച്ചുകൊണ്ടിരുന്ന ഭാസ്‌ക്കരനെ ഹാസ്യരചനാരംഗത്തേക്ക് ആനയിച്ചു. എം. ആര്‍ നായര്‍ തന്റെ മനസ്സിനും മാസികയ്ക്കും ഇണങ്ങുന്ന ശൈലിവിശേഷമുള്ള ഭാസ്‌ക്കരനെ കണ്ടെത്തിയതാണ്, വിശ്വരൂപത്തിന്റേയും സഞ്ജയന്റേയും സവിശേഷ വ്യക്തിത്വത്തിനും വലിയ ജനപ്രീതിക്കും കാരണമായത്. പഞ്ച് വാരികയോട് കിടപിടിക്കാന്‍ പോന്നവയായിരുന്നു ഭാസ്‌ക്കരന്റെ ചിത്രങ്ങളും.

സഞ്ജയന്റെയും വിശ്വരുപത്തിന്റേയും മുഖചിത്രങ്ങള്‍, ഹാസ്യകഥകള്‍ക്കും കവിതകള്‍ക്കും ചിത്രീകരണം രാഷ്ടീയ കാര്‍ട്ടൂണുകള്‍, പതിവ് പംക്തികള്‍ക്കും ലേഖനങ്ങള്‍ക്കുമുള്ള തലക്കെട്ടുകള്‍ എന്നുവേണ്ട പരസ്യങ്ങള്‍ക്കുപോലും അദ്ദേഹം വരച്ചിട്ടുണ്ട്. സൂഷ്മാംശങ്ങളുടെ വിശദീകരണം, വളരെ നേര്‍ത്തതും ആഴപ്പെട്ടതുമായ വരകള്‍, മനുഷ്യശരീരങ്ങളുടെ അനാട്ടമിയില്‍ കാണിക്കുന്ന വ്യക്തത, വിഷയത്തിനനുസരണമായ രുപഭാവങ്ങളോടെ കറുപ്പും വെളുപ്പും ഇടകര്‍ത്തി പ്രത്യേകം സൃഷ്ടിച്ചെടുക്കുന്ന ഒരുതരം ഇന്ദ്രജാലം. ഭാസ്‌ക്കരന്‍ അഥവ എം. ബി എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം വരച്ചിരുന്നത്.

മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ മാതൃഭൂമിതന്നെയാണ് അമ്പതുകളുടെ തുടക്കത്തില്‍ രേഖാചിത്രണം സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. മദ്രാസ് സ്‌ക്കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ നിന്നും കലാബിരുദം നേടിയെത്തിയ എം. വി ദേവന്‍ മാതൃഭൂമിയില്‍ ആര്‍ട്ടിസ്റ്റായി ചേര്‍ന്നു. ജലച്ചായത്തിലും എണ്ണച്ചായത്തിലും ചിത്രരചന പരിശീലിച്ച ദേവന് മാതൃകയായിരുന്നത് ആര്‍ട്ടിസ്റ്റ് ഭാസ്‌ക്കരന്റെ ചിത്രങ്ങളായിരുന്നു.

വായനയില്‍ താല്പര്യമില്ലാത്ത അനേകം പേരെ ദേവന്‍ തന്റെ ചിത്രങ്ങളിലൂടെ വായനയിലേക്ക് അടുപ്പിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ തന്നെ പറയുന്നു. അദ്ദേഹം ജീവിതം കലക്കുവേണ്ടി ഉഴിഞ്ഞുവച്ച മനുഷ്യനായിരുന്നു. ചിത്രകാരനും വാസ്തുശില്പിയും സാഹിത്യകാരനുമായ അദ്ദേഹം കേരളത്തിലെ രേഖാചിത്രകലയ്ക്ക് നല്‍കിയ സംഭാവന തനതായ ഒരു പാരമ്പര്യത്തിന് വഴിതെളിച്ചിട്ടുണ്ട്. ഒന്‍പതുവര്‍ഷം അദ്ദേഹം മാതൃഭൂമിയില്‍ വരച്ചു. പിന്നെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ മാതൃഭൂമിയില്‍ തന്റെ പിന്‍ഗാമിയാക്കണമെന്ന് പത്രാധിപരായ കൃഷ്ണവാര്യരോട് അഭ്യര്‍ത്ഥിച്ചു.

അതിന്റെ ഫലമായി പത്രാധിപര്‍ നമ്പൂതിരിക്ക് എഴുതിയ കത്തിങ്ങനെ.

24. 5. 1960

പ്രിയപ്പെട്ട വാസുദേവന്‍,

മാതൃഭൂമിയില്‍ ആര്‍ട്ടിസ്റ്റ് ദേവനോടൊരുമിച്ച് ജോലിചെയ്യാന്‍ താങ്കള്‍ക്ക് ഇഷ്ടമാണോ? ആണെങ്കില്‍ ഉടനെ ഇവിടെ വന്ന് മാനേജിംഗ് എഡിറ്ററെ കാണാനപേക്ഷ. വ്യവസ്ഥകള്‍ അപ്പോള്‍ സംസാരിക്കാം.

സുഖമാണല്ലോ.

സ്വന്തം

എന്‍. വി കൃഷ്ണവാര്യര്‍

ആ കത്ത് നമ്പൂതിരിയുടെ ശേഖരത്തിലുണ്ട്. അങ്ങിനെ ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമിയില്‍ ചേര്‍ന്നു. ഒരുവര്‍ഷം ദേവനും നമ്പൂതിരിയും അവിടെ ഒരുമിച്ചുണ്ടായിരുന്നു. ദേവന്‍ മാതുഭൂമി വിടാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒഴുവിലേക്കാണ് എ. എസ് (ശിവരാമന്‍) എത്തിയത്.

മാതൃഭൂമിയിലെ ബോക്സ്‌ കാർട്ടുൺ - നമ്പൂതിരി വരച്ചത്

ഇന്ത്യയിലെതന്നെ ഏറ്റവും വ്യക്തിത്വമുള്ള ചിത്രകാരന്‍ നമ്പൂതിരിയാണ്. നമ്പൂതിരിയുടെ സ്റ്റെയില്‍ നമ്പൂതിരിയുടെ മാത്രമാണ്. അദ്ദേഹത്തോട് ആരെയെങ്കിലും താരതമ്യപ്പെടുത്തണമെങ്കില്‍ അത് മാരിയോ മീറാന്‍ഡയെ മാത്രമാണ്. രണ്ടുപേരിലും ചില സജാത്യങ്ങളുണ്ട്. ഒരുപക്ഷേ, അവര്‍ രണ്ടുപേരും മനസ്സില്‍ റോണാള്‍ഡ് സേളിനെ ഉള്‍ക്കൊള്ളുന്നതുകൊണ്ടാവണം അങ്ങിനെ സംഭവിച്ചത്. മരിയോ മിറാന്‍ഡയില്‍ നിന്നും നമ്പൂതിരി വ്യത്യസ്തനായിതീരുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതില്‍ പ്രധാനം സൂഷ്മമായ നീണ്ട ഋജുരേഖകളെ വേര്‍തിരിച്ച് സഹൃദയന്റെ ഹൃദയത്തിലേക്ക് പതിപ്പിക്കുന്ന സമ്പ്രദായമാണ്. കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ അതിന്റെ ആഴവും സങ്കീര്‍ണതയും ഇത്രയേറെ പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്നത് ഒരത്ഭുതം തന്നെയാണ്. ഇതായിരുന്നു എം. വിദേവന്റെ അഭിപ്രായം.

റോണാള്‍ഡ് സേള്‍ എന്ന അനുഗ്രഹീത കലകാരനെ നമ്പൂതിരി ആദ്യകാലങ്ങളില്‍ അനുകരിച്ചിരുന്നെങ്കിലും ക്രമേണ ചിത്രകലയില്‍ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുക്കുന്നതില്‍ വന്‍ വിജയം നേടി. അതുകൊണ്ടുതന്നെയാണ് 'വരയുടെ പരമശിവന്‍ ' എന്ന് വി.കെ.എന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്. മാതൃഭൂമിയില്‍ നമ്പൂതിരി ബോക്‌സ് കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ഇടയായത് വി.എം. നായര്‍ നിര്‍ബന്ധപ്രകാരമായിരുന്നു.

' നാണിയമ്മയുടെ ലോകം ' അതായിരുന്നു ബോക്‌സ് കാര്‍ട്ടൂണ്‍.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT