Memoir

മരണത്തിന്റെ മതിലിനുമപ്പുറം നില്‍ക്കുന്ന പ്രിയപ്പെട്ട നാരായണിക്ക്, സാഷ്ടാംഗം വിട

ഒരു ആര്‍ട്ടിസ്റ്റ്, സമൂഹത്തിന് വേണ്ടപ്പെട്ടയാളാകുന്നത് അവര്‍ ചെയ്തുവെച്ച കലയുടെ ആകെത്തുക കൊണ്ടല്ല. അത്ര ലളിതമല്ല മനുഷ്യരും കലയും ആര്‍ട്ടിസ്റ്റുകളും തമ്മിലെ ബന്ധം. ഓരോ കാലത്തു നില നില്‍ക്കുന്ന ഭാവ സാന്ദ്രതകളെ തൊട്ടുണര്‍ത്തുകയും, പുതിയവ ആവിഷ്‌കരിക്കുകയും, ഇതുവരെ പറയപ്പെടാത്തവ തന്നിലൂടെ ആദ്യമായി ആവിഷ്‌കരിക്കുകയും ചെയ്യുന്നതിലൂടെ ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്ത മനുഷ്യരുമായി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഏറ്റവും ആഴത്തിലുള്ള ആത്മബന്ധം ഉടലെടുത്തു വരുകയാണ് ചെയ്യുന്നത്. അത് ഒരാളുടെ വര്‍ക്കുകളുടെ ആകെത്തുകയല്ല. മനുഷ്യന്റെ വേദനകളെ ശമിപ്പിക്കാത്ത, തൃഷ്ണകളെ തൃപ്തിപ്പെടുത്താത്ത, ആഗ്രഹങ്ങളെ രൂപപ്പെടുത്താത്ത, തൊട്ടടുത്തയാളോട് കരുണ തോന്നിപ്പിക്കാത്ത ഒരാളും ഒരു കലയും അങ്ങനെയൊരു സ്ഥാനത്തെത്തില്ല.

KPAC ലളിത അവിടത്തെ ഏറ്റവും തലപ്പൊക്കമുള്ളയാളായിരുന്നു. മലയാളിക്ക് ആ പേര് ഒരൊറ്റ വാക്കായിരുന്നു. KPAC ലളിത അവതരിപ്പിച്ചിട്ടില്ലാത്ത മലയാളി സ്ത്രീ ഭാവഭേദങ്ങള്‍ ഇല്ല എന്ന് തന്നെ പറയണം. ഭാവ തീവ്രം മുതല്‍ ലളിത സാന്ദ്രമായവ വരെ.

പുറത്തേയ്ക്ക് എറിയപ്പെടുന്ന ഭക്ഷണം നോക്കി ഞെട്ടലോടെ കണ്ണ് നിറഞ്ഞുകൊണ്ടു കുഞ്ഞുമറിയം ആകെ പറയുന്നത് 'രാത്രി ഒരു പോള കണ്ണടയ്ക്കാതിരുന്നുണ്ടാക്കിയതാ.. ' എന്ന ഒരൊറ്റ വാചകം മാത്രമാണ്. അത് വേദനിപ്പിച്ചതുപോലെ എന്നെ അധികം സ്‌ക്രീന്‍ സന്ദര്‍ഭങ്ങള്‍ വേദനിപ്പിച്ചിട്ടില്ല. താന്‍ ഇവിടെ പുറത്തേറിയപ്പെടേണ്ടവളാണ് എന്ന തിരിച്ചറിവില്‍ കുഞ്ഞുമറിയം മിണ്ടാതെ തിരിഞ്ഞു നടന്നുപോകുമ്പോള്‍ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിക്കാന്‍ തോന്നിയിട്ടുണ്ട് അന്ന്.

അച്ഛന്റെയും മകന്റെയും വാശിക്ക് നടുക്ക് നിസ്സഹായായി ജീവിക്കുന്ന എത്രയോ വേഷങ്ങള്‍ KPAC ലളിത ചെയ്തിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്നുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചു മകനെ കരിക്കട്ടയാക്കിയ അച്ഛനോടുള്ള അരിശം, മകന് സഹായങ്ങള്‍ ചെയ്തു തീര്‍ക്കുന്ന അമ്മയായ മേരി. തോമയുടെ സ്വന്തം 'പൊന്ന'മ്മ. ഒടുക്കം, പറഞ്ഞതില്‍ കൂടുതല്‍ പറയാതെ ഇറങ്ങിപ്പോകുന്ന, ഉള്ളില്‍ വേദനയുടെ അഗ്‌നിപര്‍വതം കൊണ്ട് നടക്കുന്ന ഒരാള്‍. എപ്പോഴും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന അവര്‍ക്ക് മറ്റാര്‍ക്കാണ് ഇതിനേക്കാള്‍ ജീവന്‍ കൊടുക്കാന്‍ സാധിക്കുക.

തിരുമുറ്റത്ത് കൊച്ചു തോമയുടെ ഫീസില്ലാ കോഴ്സിനും റോയുടെ ജീവിതം പഠിക്കലിനും ഇടയില്‍ നുറുങ്ങിയതും മേരിപ്പെണ്ണായിരുന്നു. അച്ഛനും മകനുമിടയില്‍ വീര്‍പ്പുമുട്ടുന്ന മറ്റൊരു മേരി. അങ്ങനെ പുരുഷ വാശികള്‍ക്കിടയില്‍ ഒച്ചയിടാന്‍ പറ്റാതെ ചത്തുപോയ എത്രയോ രൂപമില്ലാത്ത സ്ത്രീകള്‍ക്കാണ് KPAC ലളിത ശരീരവും ശബ്ദവും മനസ്സും ആത്മാവും നല്‍കിയത്. മേരിപ്പെണ്ണ് മിച്ചം പിടിച്ച കാശില്‍ നിന്നാടാ ഇതൊക്കെ ഉണ്ടായത് എന്ന് മലയുടെ മുകളില്‍ നിന്ന് കൊച്ചുതോമ റോയിയോട് പറയുമ്പോള്‍ മേരിപ്പെണ്ണിന്റെ രൂപം ആകാശത്തോളം വലുതാകുന്നത് കാണാം. കൊച്ചുതോമയുടേയും മക്കളുടെയും പ്രഭുത്വം, പെട്ടെന്ന്, കൊച്ചുതോമ അന്നുമിന്നും താക്കോല്‍ കണ്ടിട്ടില്ലാത്ത ഒരു കൊച്ചു ട്രങ്ക് പെട്ടിയിലേക്ക് ചുരുങ്ങുന്നത് കാണാം അവിടെ. എപ്പോഴും പണിയിലായിരിക്കുന്ന, ഒരുനേരം അടങ്ങിയിരിക്കാത്ത മേരിപ്പെണ്ണിന്റെ വിയര്‍പ്പിന്റെ മണം പോലും നമ്മെ അനുഭവിപ്പിക്കാന്‍ സാധിക്കുന്ന മായാജാലമായിരുന്നു KPAC ലളിത.

'അവനെ ഇറക്കിവിടല്ലേ, എന്റെ മോനെ വിളിക്ക്..' എന്ന് നിലവിളിക്കുന്ന മേരിപ്പെണ്ണിനെ മൂത്തമകനെക്കൊണ്ട് അകത്തേയ്ക്ക് പിടിച്ചുവലിച്ചുകൊണ്ടു പോകുന്നുണ്ട് കൊച്ചുതോമ. കൊച്ചുതോമയുടെ അടക്കിപ്പിടിച്ച വേദനയും ദേഷ്യവും നമ്മള്‍ കണ്ട ആഴത്തില്‍ മേരിപ്പെണ്ണിലേക്ക് നമ്മുടെ ശ്രദ്ധ പോയിട്ടുണ്ടോ? സംശയമാണ്. 'ഇനി ആ ഗേറ്റ് കടന്നു വരരുത്, ഞാനുമെന്റെ ഭാര്യയും മരിച്ചെന്ന് കേട്ടാല്‍ പോലും..' എന്ന കൊച്ചുതോമയുടെ പ്രകമ്പനം കൊള്ളുന്ന സ്വരം അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍ അതിന് പിന്നണിയായി മേരിപ്പെണ്ണിന്റെ ഒരു നിലവിളി ഉയരുന്നുണ്ട്... 'ഈശോ.. അങ്ങനെ പറയല്ലേ.. എന്റെ മോനെ എനിക്ക് വേണ..' മെന്ന് മേരിപ്പെണ്ണ് അലമുറയിട്ട് കരയുന്നത് നമ്മളും കൊച്ചുതോമയെപ്പോലെ കണ്ടില്ലന്ന് നടിച്ചു.

അങ്ങനെ ഒരു നോട്ടംപോലും ചെന്നെത്താത്ത, ഒഴിവാക്കപ്പെടുന്ന, പരിഗണിക്കപ്പെടാത്ത എത്രയെത്ര സ്ത്രീകഥാപാത്രങ്ങള്‍ ചേര്‍ന്നാണ് നമ്മുടെ മനസ്സില്‍ KPAC ലളിതയെന്ന മഹാചിത്രം വരയ്ക്കുന്നത്.

തിലകന്‍ ഡോക്റ്ററായി അഭിനയിച്ചൊരു നാടകമുണ്ട്. ഒരു ഡോക്റ്ററുടെ കുടുംബത്തിലെ താളപ്പിഴകളാണ് കഥയുടെ ഇതിവൃത്തം. തട്ടില്‍ കഥാപാത്രമായി തിലകന്‍ നിറഞ്ഞാടുകയാണ്. അങ്ങനെ കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു രംഗത്തില്‍, ഭാര്യയായ KPAC ലളിതയോട് തന്റെ ജീവിത പ്രത്യേകതകള്‍ അംഗീകരിക്കാന്‍ ആജ്ഞാപിക്കുന്ന പോലെ തിലകന്റെ ഒരു ഡയലോഗുണ്ട്

'ഞാനൊരു ഡോക്റ്ററാണ്...' അതിനോടൊപ്പമോ അതിനേക്കാള്‍ മുകളിലോ ആയ ഭാവ തീവ്രതയോടെ, തിലകന്‍ പറഞ്ഞ അതേ ടോണില്‍ KPAC ലളിത അതിനു മറുപടി പറയുന്നുണ്ട്. 'ഞാനൊരു ഡോക്റ്ററല്ല'

ഡോക്റ്ററല്ലാത്ത എന്റെ ജീവിതവും വിലപ്പെട്ടതാണ് എന്നും, ഡോക്ടറല്ലാത്ത എന്നെയും നിങ്ങള്‍ മനസ്സിലാക്കണമെന്നും KPAC ലളിത, അയത്ന ലളിതമായി ചെയ്തുകാണിച്ചുകളഞ്ഞു. അരങ്ങില്‍ തിലകന്‍ വിറച്ചുപോയ വിരലില്‍ എണ്ണാവുന്ന നിമിഷങ്ങളില്‍ ഒന്നായിരുന്നു അതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ആ മനുഷ്യരൂപം പൂണ്ട ദൈവീക സിദ്ധിയാണ് ഇന്നലെ ഭൂമിയിലെ തന്റെ ഭൗതിക വാസം അവസാനിപ്പിച്ച് വിടവാങ്ങിയത്. ബാക്കിവെച്ചുപോയത് കേരളത്തിന്റെ തന്നെ സാംസ്‌കാരിക ചരിത്രമാണ്. നിലച്ചുപോയത് നമ്മുടെതന്നെ മനസ്സിന്റെ ഒരു കഷ്ണം കൂടിയാണ്. മരവിപ്പില്‍ നിന്ന് മരവിപ്പിലേക്ക് നീങ്ങുന്ന യാതനയുടെ കാലമായിരിക്കണം ഇത്.

പ്രപഞ്ചത്തില്‍ ഒരൊറ്റ മലയാളി മാത്രം അവശേഷിച്ചാലും KPAC ലളിത എന്ന മഹാകലാകാരി ഓര്‍മ്മിക്കപ്പെടും. നഷ്ട സാഗരം ബാക്കിയാക്കിപ്പോയ ആ മഹാകലാകാരിക്ക്, ചോരയില്‍ ചുവപ്പ് വറ്റാത്തിടത്തോളം കാലം സഖാവായിരിക്കുമെന്ന് പറഞ്ഞ KPAC ലളിതയ്ക്ക്, മരണത്തിന്റെ മതിലിനുമപ്പുറം നില്‍ക്കുന്ന പ്രിയപ്പെട്ട നാരായണിക്ക്

സാഷ്ടാംഗം വിട

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT