Memoir

സഹദേവന്റെ വഴികള്‍

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സഹദേവനെക്കുറിച്ച് എഴുത്തുകാരനും സാഹിത്യനിരൂപകനുമായ ഡോ. ഷാജി ജേക്കബ് എഴുതുന്നു

‘ഇന്ത്യാടുഡെ’യിൽ ജോലി ചെയ്യുന്ന കാലത്താണ്‌ ഞാന്‍ ദേവന്‍ എന്ന തൂലികാനാമത്തിൽ അവിടെ സിനിമാനിരൂപണമെഴുതിയിരുന്ന എ. സഹദേവനെക്കുറിച്ചു കേള്‍ക്കുന്നത്‌. ഞങ്ങളുടെ പത്രാധിപസമിതിയംഗങ്ങളായ പി.എസ്‌. ജോസഫും പി.കെ. ശ്രീനിവാസനും എസ്‌. സുന്ദര്‍ദാസും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ഞാന്‍ ‘ഇന്ത്യാടുഡെ’ വിട്ട്‌ സംസ്‌കൃത സര്‍വകലാശാലയിൽ ചേര്‍ന്ന ശേഷം ആരംഭിച്ച മാധ്യമപഠനത്തിന്റെ ഭാഗമായി പല പ്രസിദ്ധീകരണങ്ങളിലും എഴുതിത്തുടങ്ങിയ മാധ്യമസംബന്ധിയായ ലേഖനങ്ങളും പംക്തിയും വായിച്ച്‌ ഒരിക്കൽ എന്നെ ഫോണ്‍ ചെയ്‌ത്‌ പരിചയപ്പെടുകയായിരുന്നു സഹദേവന്‍. 2004 ആണെന്നു തോന്നുന്നു. ഇന്ത്യാവിഷന്‍ ചാനലിനെക്കുറിച്ച്‌ ഞാനെഴുതിയത്‌ വായിച്ച്‌ അദ്ദേഹം എന്നോട്‌ ദീര്‍ഘമായി സംസാരിക്കുകയും ചാനലിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തു. പിന്നീടിങ്ങോട്ട്‌ ഇക്കഴിഞ്ഞ മാസം വരെ സഹദേവനുമായി ഇടമുറിയാത്ത സമ്പര്‍ക്കവും സൗഹൃദവും എനിക്കുണ്ടായിരുന്നു.

മാതൃഭൂമിക്കാലത്തെ സഹദേവനെ എനിക്കറിയില്ല. പക്ഷെ ഇന്ത്യാവിഷന്‍ കാലത്തെയും മനോരമക്കാലത്തെയും സഹദേവനെ എനിക്ക്‌ അടുത്തു പരിചയമുണ്ട്‌. നികേഷ്‌, ബഷീര്‍, നാസര്‍, ഷാനി, വീണ, പ്രമോദ്‌, ഭഗത് ചന്ദ്രശേഖരന്‍ എന്നിങ്ങനെ ഇന്ത്യാവിഷനിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും കാരണവരായി ആ സ്ഥാപനത്തിൽ അദ്ദേഹം രാപ്പകൽ ചെയ്‌ത കഠിനാധ്വാനം ഞാന്‍ പലപ്പോഴും അത്ഭുതത്തോടെ അടുത്തു കണ്ടിട്ടുണ്ട്‌. തൊഴിൽ ആവശ്യമുണ്ടായിരുന്ന രണ്ടിലധികം വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ത്യാവിഷനിൽ നിയമനം നേടാന്‍ അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുണ്ട്‌. നിരവധി തവണ ചാനലിലെത്തി സ്ഥാപനപരവും അക്കാദമികവുമായ ചില കാര്യങ്ങളിൽ അദ്ദേഹവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുമുണ്ട്‌. ഇന്ത്യാവിഷന്‍ മലയാള ദൃശ്യമാധ്യമരംഗത്തുണ്ടാക്കിയ അസാധാരണമായ ചലനവും സ്വാധീനവും നിശ്ചയമായും സഹദേവന്റെ കൂടി സംഭാവനയാണ്‌. സാംസ്‌കാരിക, രാഷ്ട്രീയ മാധ്യമപ്രവര്‍ത്തനങ്ങളിൽ ഒരുപോലെ കൃതഹസ്‌തതയുണ്ടായിരുന്ന മറ്റധികം മാധ്യമപ്രവര്‍ത്തകരെ എനിക്കറിയില്ല. ചാനലിന്റെ തകര്‍ച്ച, അവിടെനിന്ന്‌ മുന്‍പുതന്നെ സ്ഥാപനം മാറിയിരുന്ന ഭഗത്‌ ചന്ദ്രശേഖരന്‍, പ്രമോദ്‌, ഷാനി തുടങ്ങിയവരെ നേരിട്ടു ബാധിച്ചില്ലെങ്കിലും ബാക്കിയുള്ളവര്‍ അനുഭവിച്ച സംഘര്‍ഷം ചെറുതായിരുന്നില്ല. നികേഷ്‌ റിപ്പോര്‍ട്ടര്‍ തുടങ്ങിയതോടെ ഇന്ത്യാവിഷനിൽ വീണ മുഖ്യസ്ഥാനത്തേക്കു വരികയും ബഷീറിന്റെയും സഹദേവന്റെയും തോളില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുകയും ചെയ്‌തു. ഇക്കാലത്താണെന്നു തോന്നുന്നു, തൊഴിലിന്റെ സംഘര്‍ഷവും സമ്മര്‍ദ്ദവും സഹദേവന്റെ സര്‍ഗാത്മകതയെപ്പോലും ബാധിക്കും വിധം പ്രകടമായിത്തുടങ്ങുന്നത്‌. എന്തായാലും 24 ഫ്രെയിംസ്‌ അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി. ചാനലിന്റെ പ്രതിസന്ധിയെക്കുറിച്ചും എല്ലാ മേഖലകളിലുമുള്ള തളര്‍ച്ചയെക്കുറിച്ചും ഈ സമയത്ത്‌ പലതവണ അദ്ദേഹം വേദനയോടെ സംസാരിച്ചിരുന്നു. ഇന്ത്യാവിഷന്റെ ദൃശ്യഭാഷ രൂപപ്പെടുത്തുന്നതിലും മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും എത്ര കണിശതയുള്ള മതേതര-പുരോഗമന നിലപാടുകളാണ്‌ സഹദേവന്‍ പുലര്‍ത്തിയിരുന്നത്‌ എന്ന്‌ എനിക്കു നന്നായറിയാം. 2016-ൽ വീണ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ആലോചിച്ച സമയത്ത്‌ അവരെ ഏറ്റവും കൂടുതൽ ധാര്‍മ്മികമായി പിന്തുണച്ചതും രാഷ്ട്രീയമായി സഹായിച്ചതും സഹദേവനായിരുന്നു. ബഷീറിനും മറ്റും സൗത്ത്‌ ലൈവ്‌ തുടങ്ങാന്‍ പിന്‍ബലം നൽകിയതും അദ്ദേഹം തന്നെ.

മാധ്യമപ്രവര്‍ത്തനപരിശീലനസ്ഥാപനത്തിന്റെ ഡയറക്‌ടറായി മനോരമയിലെത്തിയതോടെ സഹദേവന്റെ താത്‌പര്യവും മേഖലയും അക്കാദമികമായി മാറി. ഏറ്റുമാനൂരിൽ നടന്ന മിക്ക സെമിനാറുകള്‍ക്കും അദ്ദേഹം കേള്‍വിക്കാരനായെത്തി. വൈകാതെ ആരോഗ്യപ്രശ്‌നങ്ങള്‍ സഹദേവനെ കുഴക്കി. എങ്കിലും കോട്ടയത്ത്‌ അദ്ദേഹം ഒറ്റപ്പെട്ടില്ല. സഫാരി ചാനലിൽ ശ്രദ്ധേയമായ ഒരു പരിപാടി അവതരിപ്പിച്ചുകൊണ്ട്‌ തന്റെ മാധ്യമജീവിതം നിലനിര്‍ത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി ഒരു ലൈഫ്‌ സര്‍ട്ടിഫിക്കറ്റിനായി എന്നെ വിളിച്ചപ്പോഴാണ്‌ സത്യത്തിൽ ഈ മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം എനിക്കു മനസ്സിലായത്‌. ഏതെങ്കിലും ഒരു മജിസ്‌ട്രേറ്റിന്റെ പക്കൽ നിന്ന്‌ വലിയ ചടങ്ങുകളൊന്നും കൂടാതെ കിട്ടേണ്ട ആ സര്‍ട്ടിഫിക്കറ്റിനുള്ള ബന്ധം പോലും ഇത്രയും കാലത്തെ മാധ്യമപ്രവര്‍ത്തനജീവിതത്തിൽ അദ്ദേഹം ഉണ്ടാക്കിയിരുന്നില്ല എന്നത് വിസ്‌മയകരമായി തോന്നി. അടുത്തകാലത്ത്‌ അദ്ദേഹം നേരിട്ട ഒരു സൈബര്‍ ആക്രമണത്തിന്റെ കാര്യത്തിലും പോലീസിൽ തനിക്ക്‌ യാതൊരു ബന്ധങ്ങളുമില്ല എന്നു പറഞ്ഞ്‌ അദ്ദേഹം സംസാരിച്ചിരുന്നു. മനോരമയെന്ന പേര്‌ മാത്രം മതിയായിരുന്നു ഈ രണ്ട്‌ സന്ദര്‍ഭങ്ങളെയും എളുപ്പം നേരിടാന്‍ അദ്ദേഹത്തിന്‌. പക്ഷെ സഹദേവന്റെ വഴി അതായിരുന്നില്ല. എത്ര നിഷ്‌കളങ്കമായിരുന്നു ആ പ്രൊഫഷണൽ ജീവിതം എന്ന്‌ ഞാന്‍ അത്ഭുതത്തോടെ ഓര്‍ത്തു.

മാര്‍ച്ച്‌ 24 വ്യാഴാഴ്ച രാത്രി, സഹദേവന്റെ മകള്‍ ചാരു, അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത്‌ കെ.യു. ജോണിക്കയച്ച ശബ്‌ദസന്ദേശത്തിൽ , ഡോക്‌ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടതായി സൂചിപ്പിക്കുകയും അടുപ്പമുള്ളവരെയും വേണ്ടപ്പെട്ടവരെയും കാര്യം അറിയിച്ചുകൊള്ളൂ എന്നു പറയുകയും ചെയ്‌തതോടെ അദ്ദേഹത്തിന്റെ നില അപകടകരമാണ്‌ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായിരുന്നു. ഞായറാഴ്‌ച രാവിലെ അദ്ദേഹം അന്തരിച്ചു.

തീര്‍ച്ചയായും എ. സഹദേവന്‍ അസാധാരണമായ ഉള്‍ക്കാഴ്‌ചകളും വ്യക്തിത്വവുമുള്ള ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. ഒരു സന്ദര്‍ഭം മാത്രം പറയാം. മലയാള മാധ്യമരംഗത്തെ ദലിതരുടെ അഭാവത്തെക്കുറിച്ച്‌ ഒരു പഠനത്തിനായി എനിക്കദ്ദേഹത്തെ കാണേണ്ടിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യവെ, ഇന്ത്യാവിഷന്‍ ആ കാര്യത്തിൽ ഒരു നിലപാടെടുക്കുകയാണ്‌ എന്നദ്ദേഹം പറഞ്ഞത്‌ ഞാന്‍ മറന്നിട്ടില്ല. അത്‌ വെറും വാക്കായിരുന്നില്ല എന്ന്‌ പിന്നീടെനിക്കു മനസ്സിലാവുകയും ചെയ്‌തു.

സിനിമ, മാധ്യമം, സാഹിത്യം, രാഷ്ട്രീയം...ഒരു മേഖലയും സഹദേവന്‌ അന്യമായിരുന്നില്ല. സാഹിത്യ-രാഷ്ട്രീയ മാധ്യമപ്രവര്‍ത്തനങ്ങള്‍ ഒരേപോലെ അദ്ദേഹത്തിനു വഴങ്ങി. അച്ചടി-ദൃശ്യ മാധ്യമരംഗങ്ങളിൽ ഒരേപോലെ അദ്ദേഹം വിജയിച്ചു. തൊഴിലിന്റെ ഭാഗമായി, സിനിമയെക്കുറിച്ചും മാധ്യമത്തെക്കുറിച്ചും ഇത്രമേൽ അക്കാദമികവും പ്രൊഫഷണലുമായി ഒരുപോലെ ചിന്തിച്ചവര്‍ വിരളമാണ്‌.

ഭാഷയിലും അവതരണത്തിലും പുലര്‍ത്തിപ്പോന്ന മികവ്‌, മാധ്യമനിലവാരത്തിലും പ്രൊഫഷണൽ സമീപനങ്ങളിലും പ്രകടിപ്പിച്ച നിതാന്തമായ ശ്രദ്ധ, മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിലും അവരുടെ ധാര്‍മ്മികത സംരക്ഷിക്കുന്നതിലും സൂക്ഷിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള തിരിച്ചറിവ്‌, അങ്ങേയറ്റം മാന്യതയും മര്യാദയുമുള്ള പെരുമാറ്റം, ഉത്സാഹഭരിതമായ അധ്യാപനം, മാധ്യമപ്രവര്‍ത്തകര്‍ പൊതുവിൽ എത്തിപ്പെടാറുള്ള അധികാരത്തിന്റെ ഇടനാഴികളി നിന്നുള്ള വഴിമാറിനടപ്പ്‌... എ. സഹദേവനെ അത്രവേഗം മറക്കാന്‍ മാധ്യമ മലയാളിക്കാവുമെന്നു തോന്നുന്നില്ല.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT