Memoir

ഇന്ദിരയുടെ വീഴ്ചയും എകെജിയുടെ വിടവാങ്ങലും: ഓര്‍മ്മയില്‍ മായാത്ത '77ലെ ആ ദിനം

പാളയത്തെ കണ്ണിമേറാ മാർക്കറ്റിൻ്റെ പുറകുവശത്തുള്ള ആ ഓടിട്ട കെട്ടിടം അന്നാ ദിവസം , തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനു നടുവിൽ ചെറിയൊരു തുരുത്തുപോലെ കാണപ്പെട്ടു .നിമിഷം പ്രതി പെരുകിപ്പെരുകി വരുന്ന വെള്ളം പോലെ ജനങ്ങൾ കൂട്ടംകൂട്ടമായി അങ്ങോട്ടേക്ക് ഒഴുകിയെത്തിക്കൊണ്ടേയിരുന്നു.കേരളത്തിലെ അന്നത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ സി പി എമ്മിൻ്റെ സംസ്ഥാനക്കമ്മിറ്റി ഓഫീസിൻ്റെ ഉള്ളിലെ വലിയ മുറിയിൽ ജനനായകനെ ചോരച്ചെങ്കൊടി പുതപ്പിച്ചു കിടത്തിയിരിക്കുന്നു.മരണവുമായി മാസങ്ങളോളം നീണ്ടുനിന്ന മൽപ്പിടുത്തത്തിൻ്റെ ഒടുവിൽ,1977 മാർച്ച് 22 ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അടിയറവ് പറഞ്ഞ എ കെ ജി എന്ന സഖാവ് എ കെ ഗോപാലൻ.

പ്രിയങ്കരനായ നേതാവിനെ ഒരുനോക്കുകാണാനായി തിക്കിത്തിരക്കി അകത്തേക്ക് വന്നുകൊണ്ടിരുന്ന ആ വലിയ ജനാവലിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യർ ഉണ്ടായിരുന്നു. നീണ്ടു നീണ്ടുപോയ നിരയിൽ മണിക്കൂറുകൾ കാത്തുനിന്ന് വളരെ പ്രയാസപ്പെട്ട് അകത്തേക്ക് തള്ളിക്കയറി വന്ന ഒരു കർഷകത്തൊഴിലാളി വൃദ്ധ നെഞ്ചത്തടിച്ച് അലമുറയിട്ടു :

"എന്റെ ദൈവം പോയേ..."

....എ കെ ജിയുടെ ഭൗതിക ശരീരം ആശുപത്രിയിൽ നിന്ന് പാർട്ടി ഓഫീസിലേക്ക് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ അച്ഛനോടൊപ്പം അവിടേക്ക് എത്തി, ആ ഹാൾ മുറിയുടെ ഒരു കോണിലായി നിൽക്കുകയായിരുന്നു ഞാൻ.നാലു മണിക്കൂറിലേറെ നീണ്ടുപോയ ഒറ്റ നിൽപ്പ്. അന്ന് ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന എനിക്ക് ഏറ്റവും താല്പര്യമുള്ള വിഷയം രാഷ്ട്രീയമായിരുന്നു.പ്രത്യേകിച്ച് രാഷ്ട്രീയ ചരിത്രം.അച്ഛന്റെ കർമ്മമേഖല പത്രപ്രവർത്തനമായതുകൊണ്ട് ധാരാളം രാഷ്ട്രീയനേതാക്കളെ നേരിട്ടു കാണാനും അവർ സംസാരിക്കുന്നത് കേൾക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട, നേരിട്ടു കാണാൻ ലഭിച്ച അപൂർവാവസരങ്ങളിലൊക്കെ ഒരുപാട് സ്നേഹ വാത്സല്യങ്ങൾ പകർന്നു തന്ന ഒരു വലിയ മനുഷ്യനാണ് അവിടെ ചേതനയറ്റ് കിടക്കുന്നത്...

സമരം നയിക്കുന്ന എ കെ ജിയെ എന്റെ അച്ഛൻ കെ എസ് ചന്ദ്രൻ ഇന്റർവ്യൂ ചെയ്യുന്നു

ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.

ഇന്ത്യ മഹാരാജ്യത്തെ ഞെട്ടിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ഫലങ്ങൾ അപ്പോഴേക്ക് ഏതാണ്ട് പൂർണ്ണമായും പുറത്തുവന്നു കഴിഞ്ഞിരുന്നു. തലേന്ന് അർദ്ധ രാത്രി പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയും പുത്രനും പരാജയപ്പെട്ട വാർത്ത ആകാശവാണി ലോകത്തെയറിയിക്കുന്നത് ഉറക്കമിളച്ചിരുന്നു കേട്ടതിനു ശേഷമാണ് ഞാൻ എ കെ ജിയെ അവസാനമായി കാണാൻ വന്നിരിക്കുന്നത്.

പ്രതിപക്ഷത്തെ പ്രധാനപാർട്ടികൾ എല്ലാം കൂടിച്ചേർന്നുണ്ടാക്കിയ ജനതാ പാർട്ടി ഉത്തരേന്ത്യ പൂർണ്ണമായി പിടിച്ചടക്കിയപ്പോൾ ദക്ഷിണേന്ത്യ കോൺഗ്രസിനോടൊപ്പം നിന്നു. കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ പോരാടിയ സി പി എം ("57 ൽ ഇ എം എസ്,67ൽ ഇ എം എസ്,77ൽ ഇ എം എസ്... ")നയിച്ച പ്രതിപക്ഷ മുന്നണിയെ വെറും 29 സീറ്റുകളിലൊതുക്കി ക്കൊണ്ട് കോൺഗ്രസ്‌ -- സി പി ഐ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി 111 സീറ്റുകളിൽ വിജയിച്ച് ഭരണത്തുടർച്ച നേടിയിരിക്കുകയാണ്. ഇരുപത് ലോക്‌സഭാ സീറ്റുകളും ഐക്യ മുന്നണി പിടിച്ചെടുത്തു.

കെ ആർ ഗൗരി, വി എസ് അച്യുതാനന്ദൻ, ചാത്തുണ്ണി മാസ്റ്റർ, കെ എൻ രവീന്ദ്രനാഥ്‌, ഓ ഭരതൻ, പി കെ ചന്ദ്രാ നന്ദൻ, വി വി ദക്ഷിണാമൂർത്തി.....സി പി എമ്മിന്റെ തലയെടുപ്പുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തോൽവിയുടെ രുചിയറിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു

എ കെ ജിയെ കിടത്തിയിരിക്കുന്ന മുറിയിലേക്ക് ജയിച്ചവരും തോറ്റവരുമായ സി പി എമ്മിൻ്റെ നേതാക്കൾ ഓരോരുത്തരായി എത്തുന്നുണ്ടായിരുന്നു.തിരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയ തിരിച്ചടിയുടെ തൊട്ടുപിന്നാലെ പാർട്ടിയ്ക്ക് സംഭവിച്ച ഏറ്റവും വലിയ ആഘാതം ഒട്ടുമുൾക്കൊള്ളാൻ കഴിയാത്ത പോലെ ആടിയുലഞ്ഞതുപോലെ നിൽക്കുകയായിരുന്നു അവരെല്ലാം.ആലത്തൂർ നിന്ന് വിജയിച്ച, മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന, ഇ എം എസ് തികഞ്ഞ അക്ഷോഭ്യതയോടെ കയ്യിൽ ഒരു കറുത്ത ബാഗുമായി അവിടുത്തെ നടപടികളെല്ലാം നിയന്ത്രിച്ചുകൊണ്ട് തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.....

മണിക്കൂറുകൾ പിന്നിട്ടു. രാഷ്ട്രീയനേതാക്കൾ, പാർട്ടിസഖാക്കൾ, സാമൂഹ്യ / സാംസ്കാരിക വ്യക്തിത്വങ്ങൾ,കക്ഷി രാഷ്ട്രീയത്തിനൊക്കെ അതീതമായുള്ള സാധാരണ മനുഷ്യർ....അന്തിമോപചാരമർപ്പിക്കാനായി ആൾക്കാർ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ് .ഇനിയുമൊട്ടേറെപ്പേർ കൊടും വെയിലത്ത് പുറത്തു കാത്തുനിൽപുണ്ട്.എ കെ ജിയുടെ അന്ത്യ വിശ്രമത്തിനുവേണ്ടി നിശ്ചയിക്കപ്പെട്ട കണ്ണൂരിലേക്ക് കൊണ്ടുപോകാനുള്ള സമയമടുത്തു.പ്രത്യേകമലങ്കരിച്ച ബസ്സിലേക്ക് ദേഹം മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആ നേരത്ത് പി ഗോവിന്ദപ്പിള്ള അങ്ങോട്ടേക്ക് വന്ന് ഇ എം എസിനോട് സ്വകാര്യമായി എന്തോ പറയുന്നത് കണ്ടു.അതുകേട്ടയുടനെ ഇ എം എസ് തിരിഞ്ഞ് മറ്റുള്ളവർക്ക് നിർദ്ദേശം കൊടുത്തു.

" എം എൻ ഇപ്പോൾ വരും.വന്നിട്ട് എടുത്താൽ മതി."

നിമിഷങ്ങൾ....ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന ആ മുറിയിലേക്ക് സഖാവ് എം എൻ ഗോവിന്ദൻ നായർ കടന്നു വന്നു.അപ്പോഴും സ്ഥാനമൊഴിഞ്ഞിട്ടില്ലാത്ത അച്യുത മേനോൻ മന്ത്രിസഭയിലെ അംഗം.തൊട്ടു തലേന്ന് തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലോക് സഭാംഗം.ദീർഘകാലം എ കെ ജി യോട് ഉറ്റ ബന്ധം പുലർത്തിയിരുന്ന അടുത്ത സഹ പ്രവർത്തകൻ. പിളർപ്പിനുശേഷം മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഏറ്റവും കടുത്ത പോരാട്ടത്തിലേർപ്പെട്ട രാഷ്ട്രീയ എതിരാളി.

അമരാവതി സമരകാലത്ത് സുശീലാ ഗോപാലൻ, കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എം എൻ, കെ പി സി സി പ്രസിഡന്റ്‌ സി കെ ഗോവിന്ദൻ നായർ, കേളപ്പജി തുടങ്ങിയവർ സമീപത്ത്

എ കെ ജിയുടെ സമീപത്തേക്ക് നടന്നു വന്ന എം എൻ,അന്ത്യ നിദ്രയിലാണ്ടുകിടക്കുന്ന പഴയ സഖാവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അൽപനേരം അങ്ങനെ നിന്നു. ആ മുറിയിലുണ്ടായിരുന്ന സകലരും ശ്വാസമടക്കിപ്പിടിച്ചാണ് വികാരനിർഭരമായ ആ രംഗം കണ്ടുനിന്നത്.

അക്കൂട്ടത്തിലൊരാളായി അവിടെ നിന്നിരുന്ന അന്നത്തെ പതിനാറുകാരന്റെ മനസ്സിൽ ഒരിക്കലും മായ്ചുകളയാനാകാത്ത, നനവുള്ള ഒരോർമ്മചിത്രമായി ആ കാഴ്ച ആഴത്തിൽ പതിഞ്ഞുചേർന്നുകിടക്കുന്നു ....

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT