Memoir

ആ കാലം ആവേശകരമായ ഓർമ്മ

കെ.എസ്.യുവിന്റെ പ്രവർത്തനങ്ങളിലൂടെ ആദ്യകാലത്തു തന്നെ എനിക്ക് ഉമ്മൻ ചാണ്ടിയെ പരിചയം ഉണ്ടായിരുന്നു. 1963 ൽ വയലാർ രവി പ്രസിഡന്റായിരുന്ന കാലത്ത് ഞാൻ കെ.എസ്.യു. ട്രഷറർ ആയിരുന്നു. അക്കാലത്താണ് ഞാൻ ഉമ്മൻ ചാണ്ടിയെ കൂടുതൽ അടുത്തറിയുന്നത്. ക്രമേണ ഞങ്ങൾ സുഹൃത്തുക്കളായി. 1964 ൽ ഞാൻ കെ.എസ്.യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്റെ കൂടെ ജനറൽ സെക്രട്ടറിമാരായത് ഉമ്മൻ ചാണ്ടിയും എ.സി.ഷൺമുഖദാസുമാണ്. വയലാർ രവിയും ഉമ്മൻ ചാണ്ടിയും ഞാനും ഒരുമിച്ച് പ്രവർത്തിച്ച ആ കാലഘട്ടം ഇന്നും ആവേശത്തോടുകൂടി മാത്രമേ എനിക്ക് ഓർക്കാൻ കഴിയുകയുള്ളൂ. ഒരുമിച്ച് പ്രവർത്തിച്ചിരുന്ന സമയത്ത് ഞങ്ങൾ മാത്രമല്ല പ്രവർത്തിച്ച് നേതാക്കളായത്. തിരുവനന്തപുരം മുതൽ കണ്ണൂർ (ഇന്നത്തെ കാസർഗോഡ് അടക്കം) വരെയുള്ള എല്ലാ ജില്ലകളിലും ഡെസൺ കണക്കിന് ജനസമ്മതിയുള്ള, പോരാട്ട വീര്യമുള്ള ഒരു വലിയ നിര നേതാക്കളെ ഞങ്ങളോടൊപ്പം നേതൃനിരയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അത്തരം ജനസമ്മതിയുള്ള, ചുറുചുറുക്കുള്ള, പോരാട്ടവീര്യമുള്ള, ത്യാഗമനസ്ഥിതിയുള്ള ഒരു യുവനേതൃനിര ഇനിയും സംസ്ഥാനമൊട്ടാകെ വളർന്നു വരണം എന്നാണ് എന്റെ ആഗ്രഹം.

1970 സെപ്റ്റംബർ 17 ന് നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് വന്നവരിൽ അഞ്ച് പേർക്കാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മത്സരിക്കുവാൻ ആദ്യമായി അവസരം നൽകിയത്. അതുവഴി കോൺഗ്രസിനു വേണ്ടി കന്നി അങ്കം കുറിച്ചവരാണ് ഉമ്മൻ ചാണ്ടി (പുതുപ്പള്ളി), എ.സി.ഷൺമുഖദാസ് (ബാലുശ്ശേരി), എൻ.രാമകൃഷ്ണൻ (എടക്കാട്), കൊട്ടറ ഗോപാലകൃഷ്ണൻ (കൊട്ടാരക്കര) പിന്നെ ചേർത്തലയിൽ നിന്ന് ഞാനും. ഞങ്ങൾ അഞ്ചുപേരോടും ഒരു കടുത്ത പരീക്ഷണത്തെ നേരിടാനാണ് കെ.പി.സി.സി. നേതൃത്വം ആവശ്യപ്പെട്ടത്. കോൺഗ്രസിന് തീരെ ജയ സാദ്ധ്യത കുറഞ്ഞ ഈ അഞ്ചു മണ്ഡലങ്ങളിൽ കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും പോരാട്ടങ്ങളിൽ കൂടി വളർന്നു വന്ന യുവാക്കളായ ഞങ്ങൾ കോണ്‍ഗ്രസിനു വേണ്ടി സീറ്റ് പിടിച്ചെടുക്കുക എന്ന ദുഷ്കരമായ ദൗത്യമാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഏൽപ്പിച്ചത്. ഈ അഞ്ചു മണ്ഡലങ്ങളും കോണ്‍ഗ്രസ്സിന് ഒട്ടും പ്രതീക്ഷ ഇല്ലാത്തതാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് ഞങ്ങൾ അഞ്ചുപേരും ആ തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറി.

1977ൽ കരുണാകരൻ മുഖ്യമന്ത്രി ആയപ്പോൾ ഉമ്മൻ ചാണ്ടി തൊഴിൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായി. നിർഭാഗ്യവശാൽ ഒരു മാസം കഴിഞ്ഞപ്പോൾ ബഹുമാന്യനായ കരുണാകരന് രാജി വയ്ക്കേണ്ടി വന്നു. 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചിരുന്നില്ല എങ്കിലും എം.എൽ.എ. അല്ലാത്ത എന്നെയാണ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. എന്റെ മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി തൊഴിൽ, ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായി തുടർന്നു. ഒന്നര വർഷത്തിനുശേഷം ഞാനും രാജിവച്ചു. ഉമ്മൻ ചാണ്ടിയും ഞാനും ഒന്നര വർഷക്കാലമേ ഒന്നിച്ച് മന്ത്രിസഭയിൽ പ്രവർത്തിച്ചിട്ടുള്ളു എങ്കിലും ആ കാലഘട്ടം നേട്ടങ്ങളുടെ കാലഘട്ടമായിരുന്നു. ഇന്ത്യയിൽ ആദ്യമായി തൊഴിലില്ലായ്മ വേതനം നടപ്പാക്കിയ ചരിത്രപരമായ തീരുമാനം എന്റെ മന്ത്രിസഭ എടുക്കുകയും അത് പെട്ടെന്ന് നടപ്പാക്കുന്നതിന് തൊഴിൽ വകുപ്പ് മന്ത്രിയായ ഉമ്മൻ ചാണ്ടി പ്രധാന പങ്ക് നിർവഹിക്കുകയും ചെയ്തു. കൂടാതെ തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് നവോത്ഥാന നായകൻ മഹാനായ അയ്യങ്കാളിക്ക് പ്രതിമ നിർമ്മിക്കുവാനും അത് സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുവാനും എന്റെ മന്ത്രിസഭ തീരുമാനിച്ചു. ഈ കാലഘട്ടത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ കുറിപ്പിൽ ഞാൻ വിശദീകരിക്കുന്നില്ല.

ഒരു രഹസ്യം കൂടി പങ്കു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2004 ആഗസ്റ്റ് 29 നാണ് ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചത്. മാധ്യമങ്ങൾ എന്റെ രാജിയെ നാടകീയ നീക്കം എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ നാടകീയ നീക്കമൊന്നും ആയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2004 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നത് മെയ് 13 ന് ആയിരുന്നു. ആ ദിവസം ഉച്ചയ്ക്ക് തന്നെ യു.ഡി.എഫിന് ഉണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പദം രാജിവയ്ക്കാനുള്ള അനുവാദം ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഫാക്സും കത്തും അയയ്ക്കുകയും നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന് ഡൽഹിയിൽ പോയി സോണിയാ ഗാന്ധിയെ നേരിട്ട് കണ്ട് ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.

സംസാരമധ്യേ ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി എന്ന് ചോദിക്കുകയും എന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടിയുടെ പേര് ഞാൻ നിർദ്ദേശിക്കുകയും സോണിയാ ഗാന്ധി എന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ ജനങ്ങളോട് നൽകിയിട്ടുള്ള ചില വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി കുറച്ച് സാവകാശം ആവശ്യമുണ്ടെന്നും അതിനു ശേഷം രാജിവയ്ക്കുന്നതിനുള്ള തീയതി തീരുമാനിക്കാമെന്നുള്ള എന്റെ നിർദ്ദേശവും അംഗീകരിക്കപ്പെട്ടു. ഈ രഹസ്യങ്ങൾ ഒന്നും തന്നെ എന്റെ സഹപ്രവർത്തകരോടോ, സുഹൃത്തുക്കളോടോ, കുടുംബാംഗങ്ങളോടോ ഞാൻ വെളിപ്പെടുത്തിയിരുന്നില്ല.

എല്ലാവർക്കും അറിയുന്നതുപോലെ 2002 ലെ 32 ദിവസം നീണ്ടു നിന്ന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമാണ്. ആ സമരം പിൻവലിക്കുമ്പോൾ ജീവനക്കാർക്കു കൊടുത്ത വാക്ക് പാലിക്കുന്നതിനു വേണ്ടിയാണ് രാജി വയ്ക്കുവാനുള്ള എന്റെ തീരുമാനം പ്രധാനമായും നീട്ടി വച്ചത്. 2001 ൽ ഞാൻ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കുമ്പോൾ സംസ്ഥാന സാമ്പത്തിക സ്ഥിതി ദൈനംദിന ഭരണച്ചിലവുകൾ നിർവഹിക്കാൻ പോലും കഴിയാത്ത വിധം അതീവ ദയനീയമായിരുന്നു. ഈ സ്ഥിതി തരണം ചെയ്യാനും സംസ്ഥാന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമായി ധനമന്ത്രിയായിരുന്ന എന്റെ സുഹൃത്ത് കെ.ശങ്കരനാരായണൻ സമർപ്പിച്ച നിർദ്ദേശങ്ങൾ യു.ഡി.എഫ്. നേതൃയോഗം ചർച്ച ചെയ്ത് അംഗീകരിക്കുകയും തുടർന്ന് മന്ത്രിസഭ അനുമതി ലഭ്യമാക്കുകയും ചെയ്തു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കാൻ ഇടയായത്. ഇതിൽ പ്രതിഷേധിച്ചാണ് സർക്കാർ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ വെട്ടിക്കുറച്ച എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുമെന്ന് ഈ സമരം പിൻവലിച്ച ഘട്ടത്തിൽ ഞാൻ ഉറപ്പ് നൽകിയിരുന്നു. ധനകാര്യ മന്ത്രി ശങ്കരനാരായണന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും മൂന്ന് വർഷക്കാലത്തെ കഠിനാധ്വാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയേറെ മെച്ചപ്പെടുവാൻ ഇടയായി. തുടർന്ന് അദ്ദേഹവുമായി ആലോചിച്ച് വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ എല്ലാം പുനഃസ്ഥാപിക്കാനും കൂടാതെ നായനാർ സർക്കാർ നൽകാനുണ്ടായിരുന്ന എല്ലാ ഡി.എ. കുടിശ്ശികകളും നൽകാനും രണ്ടു മൂന്ന് മന്ത്രിസഭാ യോഗങ്ങൾ വഴി തീരുമാനമെടുത്തു. ഞാൻ നൽകിയിരുന്ന എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ചാരിതാർത്ഥ്യത്തോടുകൂടി എനിക്ക് മുഖ്യമന്ത്രി പദം ഒഴിയാനായി.

2004 ആഗസ്റ്റ് 29 ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കൊല്ലത്ത് എസ്.എൻ.ഡി.പി. യോഗത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഞാൻ എന്റെ രാജി തീരുമാനം പ്രഖ്യാപിച്ചു. ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്ന പോലെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജി വയ്ക്കുന്ന തീരുമാനവും, എന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടിയെ നിർദ്ദേശിച്ചതും ഉൾപ്പെടെ സോണിയാ ഗാന്ധിയും ഞാനും തമ്മിൽ നടത്തിയ ചർച്ചകളും തീരുമാനങ്ങളും രാജിവയ്ക്കുന്ന സമയം വരെ മറ്റാരുമായും ഞാൻ പങ്കു വച്ചിരുന്നില്ല. എ.ഐ.സി.സി. നിരീക്ഷകരായ പ്രണബ് മുഖർജി, അഹമ്മദ് പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിൽ ആഗസ്റ്റ് 30 ന് കൂടിയ പാർലമെന്ററി പാർട്ടി യോഗത്തിൽ ഞാൻ ഉമ്മൻ ചാണ്ടിയുടെ പേര് നിർദ്ദേശിക്കുകയും യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. ആഗസ്റ്റ് 31 ന് ഉമ്മൻ ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരം ഏൽക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടി മുഖ്യമന്തിയായിരുന്ന കാലഘട്ടം കേരള വികസന ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. ഈ സമയത്ത് കേരളത്തിന്റെ അങ്ങോളം ഇങ്ങോളം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നിരവധിയാണ്. അവയെന്നും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഉണ്ടാവുകയും ചെയ്യും. കൂടാതെ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും ചേർന്ന് തുടങ്ങി വച്ച കാരുണ്യ പദ്ധതി അനേകം പേരുടെ കണ്ണീരൊപ്പാൻ ഉതകി. 2002 ൽ ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ആദ്യമായി ജനസമ്പർക്ക പരിപാടി ആരംഭിച്ചത്. എല്ലാ ജില്ലകളും സന്ദർശിച്ച് പരാതികൾ കേൾക്കുകയും അവയ്ക്ക് പെട്ടെന്ന് പരിഹാരം ഉണ്ടാക്കുകയും ചെയ്ത ആ ജനോപകാരപ്രദമായ പരിപാടി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ പതിൻമടങ്ങ് വിജയകരമായും ജനോപകാരപ്രദമായും നടപ്പാക്കാൻ സാധിച്ചു.

കെ.എസ്.യു. പ്രവർത്തനങ്ങളുടെ കാലഘട്ടം മുതൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഉമ്മൻ ചാണ്ടി ഒരു ചരിത്ര നേട്ടത്തിന്റെ ഉടമയാണ്. ഒരേ മണ്ഡലത്തിൽ നിന്ന് സ്ഥിരമായി നിയമസഭാ അംഗമായി 50 വർഷം പൂർത്തിയാക്കിയിട്ടുള്ള സാമാജികർ ഇന്ത്യയിൽ അധികം പേർ ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. കേരള രാഷ്ട്രീയത്തിലെ അത്ഭുതങ്ങളിൽ ഒന്നാണ് ഉമ്മൻ ചാണ്ടിയുടെ തുടർച്ചയായ പതിനൊന്ന് തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പരമ്പര. 1970 ൽ തുടങ്ങിയ ആ ജൈത്രയാത്ര പിന്നീട് നടന്നിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുക വഴി ഉമ്മൻ ചാണ്ടി തുടർച്ചയായി അൻപതു വർഷം കേരള നിയമസഭാ അംഗമായി തുടർന്നു എന്ന പുതിയ ചരിത്രം കോൺഗ്രസിനു വേണ്ടി സൃഷ്ടിക്കുക കൂടി ആയിരുന്നു. വിജയിച്ചതെല്ലാം പുതുപ്പള്ളിയെന്ന ഒരേ ഒരു മണ്ഡലത്തിൽ നിന്ന് മാത്രമായിരുന്നു എന്നതും കോൺഗ്രസിനു വേണ്ടി മറ്റൊരു ചരിത്രം സൃഷ്ടിക്കലാണ്.

നിയമസഭാ അംഗം എന്ന നിലയിൽ കഴിഞ്ഞ അൻപതു വർഷം മാതൃകാപരവും ശ്ലാഘനീയവുമായ പ്രവർത്തനങ്ങളാണ് ഉമ്മൻ ചാണ്ടി നിർവഹിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടി എപ്പോഴും ആൾക്കൂട്ടത്തോടൊപ്പം ആണ്. അതാണ് അദ്ദേഹത്തിന്റെ ശക്തിയും ഊർജ്ജവും. ഇരുപത്തിനാലു മണിക്കൂറും കർത്തവ്യനിരതനാകുന്നതിന് ഉമ്മൻ ചാണ്ടി സന്നദ്ധനാണ്. കെ.എസ്.യുവിന്റെ പ്രവർത്തനങ്ങളിൽ കൂടി കടന്നുവന്ന ഉമ്മൻ ചാണ്ടി തുടർന്ന് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പടവുകൾ ഒന്നൊന്നായി ചവിട്ടി മുന്നോട്ട് കയറിയപ്പോഴും, ഞാൻ പരിചയപ്പെട്ട കാലം മുതൽ അദ്ദേഹത്തിൽ കണ്ടിരുന്ന സ്വഭാവ വൈശിഷ്ട്യവും പ്രവർത്തന ശൈലികളും ഇപ്പോഴും അതേപോലെ തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കം മുതൽ ഞാൻ ഉമ്മൻ ചാണ്ടിയിൽ കണ്ടിരുന്ന പ്രത്യേകത ഏത് കഠിനാധ്വാനവും ചെയ്യാനുള്ള സ്ഥിരോത്സാഹം, ജീവിതത്തിലെ ലാളിത്യം, കൂടാതെ പ്രശ്നങ്ങളുമായി തന്നെ തേടിവരുന്ന ജനങ്ങളെ സഹായിക്കുവാൻ അവസാന ശ്രമം നടത്താൻ വരെ തയ്യാറുള്ള ജനസേവന മനോഭാവം എന്നിവയാണ്. ഈ ജനസേവന മനോഭാവമാണ് ഉമ്മൻ ചാണ്ടിയെ കൂടുതൽ ജനപ്രിയനാക്കുന്നത്. ദീർഘകാലം ജനസേവനത്തിലൂടെ ഒരു ജനപ്രിയ നേതാവായി പ്രവർത്തിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയട്ടെയെന്നും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഐശ്വര്യവും നന്മകളും ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.

(ഉമ്മൻചാണ്ടി നിയമസഭയിൽ അര നൂറ്റാണ്ട് തികച്ച സന്ദർഭത്തിൽ 2021 നവംബറിൽ വീക്ഷണം പുറത്തിറക്കിയ 'ഇതിഹാസം-നിയമസഭയിലെ അര നൂറ്റാണ്ട്' എന്ന പുസ്തകത്തിൽ നിന്ന്)

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT