Memoir

എ.സഹദേവൻ, മാധ്യമ ലോകത്തെ സൗമ്യ സാന്നിധ്യം

ഒരാഴ്ച മുമ്പാണ് സഹദേവേട്ടൻ്റെ ഫോൺ വിളി വന്നത്. ഞാനെഴുതിയ ഒരു ഫേസ്ബുക്ക്‌ കുറിപ്പ് വായിച്ചപ്പോൾ തോന്നിയ ഒരു സംശയ നിവൃത്തി വരുത്താൻ വിളിച്ചതായിരുന്നു. സഹദേവേട്ടന് സംശയ നിവൃത്തി പ്രധാനമാണ്. എല്ലാം കൃത്യതയിൽ അറിയുക എന്ന ശാഠ്യം ഒരിക്കലും കൈവിട്ടിരുന്നില്ല. മിക്കപ്പോഴുള്ള ഫോൺ വിളികൾ ഇത്തരം വ്യക്തത തേടിയുള്ളവയായിരുന്നു. കേരളത്തിൻ്റെ സാമൂഹ്യാന്തരീക്ഷം വർഗീയതയിൽ മുങ്ങിത്താഴുന്നതിനെക്കുറിച്ചുള്ള ആശങ്കകളും അടുത്തകാലത്തായി സംഭാഷണങ്ങളിൽ നിറയാറുണ്ട്. ആ മനസ്സ് അതൊക്കെ ആലോചിച്ച് അസ്വസ്ഥമാവാറുണ്ടായിരുന്നു. പതിവുപോലെ ഞങ്ങളുടെ സംസാരം വളരെ നേരം നീണ്ടു. പല കാര്യങ്ങളും സംസാരിച്ചു. എം.ടിയെപ്പറ്റിയും മാതൃഭൂമിയെപ്പറ്റിയും ബാലാമണിയമ്മയെപ്പറ്റിയും അടുത്തമാസം നടത്താൻ പോകുന്ന വയനാടൻ യാത്രയെപ്പറ്റിയുമൊക്കെ… കുറച്ചു കാലമായി ഞാൻ സഹദേവേട്ടൻ്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയും ചോദിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇക്കുറി അതുണ്ടായില്ല.

എന്നെപ്പോലുള്ള സുഹൃത്തുക്കളുടെ ജീവിതത്തിലെ ഒരു പ്രകാശം കെട്ടു പോയിരിക്കുന്നു. ആ സൗമ്യ സാന്നിധ്യം ഒരു തണലായിരുന്നു. ഒരു വഴികാട്ടിയും. ആ മനസ്സിൻ്റെ ശുദ്ധത എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

രണ്ടു മാസം മുമ്പ് ഞങ്ങൾ നേരിൽ കണ്ടിരുന്നു. എൻ്റെ മകൻ്റെ വിവാഹത്തിന് സഹദേവേട്ടനും പുഷ്പേച്ചിയും വന്നിരുന്നു. അടുത്തു തന്നെ കോട്ടയത്തു വരുമ്പോൾ കാണാമെന്നും പറഞ്ഞാണ് ഞാൻ ഫോൺ വെച്ചത്. ഇനിയത് സാധ്യമല്ലാതായിരിക്കുന്നു. സഹദേവേട്ടൻ്റെ ഹൃദയം എന്നേക്കുമായി നിലച്ചിരിക്കുന്നു. ഇനിയൊരിക്കലും ആ ഫോൺ വിളിയും കാണലും ഉണ്ടാവില്ല . എ. സഹദേവൻ എന്ന സഹോദരതുല്യനായ സുഹൃത്തിൻ്റെ നഷ്ടം എനിക്ക് വ്യക്തിപരമാണ്. സന്ദേഹിയായ ഒരു സുഹൃത്ത് എന്ന നിലയിലാണ് ഞാൻ സഹദേവേട്ടനെ കണ്ടിരുന്നത്.

കണക്കുകൾ പ്രകാരം സഹദേവേട്ടന് 72 വയസ്സായി. 1950-ൽ പാലക്കാട്ടാണ് ജനനം. ശരീരവും ആ പ്രായത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ വളരെ ആധുനികനായ ഒരു യുവാവിൻ്റെ മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. സുഹൃത്തുക്കളിലധികവും യുവാക്കളായിരുന്നു. ആ മനസ്സാണ് യുവാക്കളുമായി അദ്ദേഹത്തെ ചേർത്തു നിർത്തിയത്. സിനിമയുടെ ലോകമാണ് ആ മനസ്സിനെ ഊർജ്വസ്വലമാക്കി നിർത്തിയത്. 1982- ലാണ് സഹദേവൻ റിപ്പോർട്ടർ എന്ന നിലയിൽ മാതൃഭൂമിയിൽ ചേരുന്നത്. 2003 വരെ സബ് എഡിറ്റർ, അസി.എഡിറ്റർ എന്നീ നിലകളിൽ മാതൃഭൂമിയിൽ പ്രവർത്തിച്ചു. അക്കാലത്താണ് ഞാൻ സഹദേവേട്ടനുമായി പരിചയത്തിലാവുന്നത്. 2003 മുതൽ 2014 വരെ ഇന്ത്യാവിഷൻ ന്യൂസ് ചാനലിൽ അസോസിയേറ്റ് എഡിറ്റർ എന്ന നിലയിലും പ്രവർത്തിച്ചു. ഈ കാലയളവിലാണ് സിനിമയുടെ വിശാല ലോകത്തേക്ക് കടക്കുന്നത്. ലോക സിനിമകളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിൻ്റെ പരിപാടിയായ '24 ഫ്രെയിംസ് ' ഇന്ത്യാവിഷൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച ഒന്നായിരുന്നു. സഫാരി ടി.വിയിൽ സഹദേവേട്ടൻ അവതരിപ്പിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് മറ്റൊരു പോപ്പുലർ ടെലിവിഷൻ ഷോ ആയിരുന്നു. ഇടയ്ക്കൊക്കെ സിനിമകളിലും ചെറിയ ചില വേഷങ്ങളിൽ സഹദേവേട്ടൻ മിന്നി മറിഞ്ഞു. പത്രപ്രവർത്തകൻ എന്ന നിലയിൽ ചില പുരസ്കാരങ്ങളും സഹദേവേട്ടന് ലഭിച്ചിരുന്നു. 1996- ൽ കണ്ണൂർ പ്രസ് ക്ലബ്ബിൻ്റെ പാമ്പൻ മാധവൻ സ്മാരക പുരസ്കാരവും 2008 ൽ ടെലിവിഷൻ അവതാരകനുള്ള കേരള സംസ്ഥാന സർക്കാർ അവാർഡും നേടി. ഇപ്പോൾ മലയാള മനോരമയുടെ മീഡിയ സ്കൂളിൽ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചോരപൊടിയാത്ത ഭാഷ, കാണാതായ കഥകൾ, കേരളം: അമ്പതു വർഷം - സംഭാഷണങ്ങൾ (എഡിറ്റർ) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കാണാതായ കഥകൾ എന്ന സമാഹാരത്തിൽ സഹദേവേട്ടൻ രചിച്ച ഒക്ടോബർ പക്ഷിയുടെ ശവം എന്ന ഒരു കഥയും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 1971 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. തന്നെ പ്രസിദ്ധപ്പെടുത്തിയ കഥ. മറ്റു ചിലരുടെ കഥകളോടൊപ്പം അത് പുസ്തമാക്കിയപ്പോൾ അത് പ്രകാശനം ചെയ്യാനും എം .ടി. വന്നത് ആവേശത്തോടെ സഹദേവേട്ടൻ ഓർത്തെടുക്കുമായിരുന്നു.


മാതൃഭൂമിയിൽ എം.ടിയോടൊപ്പം പ്രവർത്തിച്ച കാലത്തെപ്പറ്റി വളരെ അഭിമാനത്തോടെ സഹദേവേട്ടൻ ഓർക്കാറുണ്ടായിരുന്നു. എം ടിയുമായുള്ള ബന്ധത്തെപ്പറ്റിയാണ് ചോരപൊടിയാത്ത ഭാഷ എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. പത്രാധിപരെന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും സാഹിത്യ ലോകത്ത് വ്യാപരിച്ച എം.ടിയുടെ മനസ്സിനെ ആ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യാവിഷനിലേക്ക് സഹദേവേട്ടനെ ക്ഷണിച്ചതും എം.ടിയായിരുന്നു. ചീഫ് പ്രോഗ്രാം കണ്‍സള്‍ട്ടന്റ് എന്ന തസ്തികയിലേക്ക്. മാതൃഭൂമിയിലെ തൻ്റെ വിശ്വസ്തനെ എം.ടി. ഇന്ത്യാവിഷനിലെത്തിക്കുകയായിരുന്നു.

'എം.ടി എനിക്ക് എഡിറ്റർ മാത്രമല്ല, സന്നിഗ്ദ ഘട്ടങ്ങളിൽ ഞാൻ വായിക്കുന്ന പരിഹാര പാഠവുമാണ്' എന്ന് സഹദേവേട്ടൻ എഴുതിയിട്ടുണ്ട്. സഹദേവേട്ടനൊടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്കും സഹദേവേട്ടൻ അതുതന്നെയായിരുന്നു. ഒരു പരിഹാര പാഠപുസ്തകം. മലയാള മാധ്യമ പ്രവർത്തനത്തിൽ ശോഭ പരത്തിയ ആ സൗമ്യ മുഖമാണ് ഇന്ന് എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നത്.

എന്നെപ്പോലുള്ള സുഹൃത്തുക്കളുടെ ജീവിതത്തിലെ ഒരു പ്രകാശം കെട്ടു പോയിരിക്കുന്നു. ആ സൗമ്യ സാന്നിധ്യം ഒരു തണലായിരുന്നു. ഒരു വഴികാട്ടിയും. ആ മനസ്സിൻ്റെ ശുദ്ധത എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ആ പരിഭ്രാന്തിയുടെ തപം അടുത്തറിഞ്ഞവരിൽ ഞാനും ഉണ്ടായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT