Memoir

ചായം തേയ്ക്കാത്ത യൗവനം

ചിത്രഭൂമിയില്‍ എ.സഹദേവന്റെ പിന്‍ഗാമിയായി ചുമതല നിര്‍വഹിച്ചിരുന്ന മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് എഴുതുന്നു

''പോരാടുന്നത് പ്രതീകമല്ല, പ്രക്ഷുബ്ധവും സമ്മിശ്രവും ആയ വിചാരങ്ങളുടെ നിലയില്ലാ ആഴങ്ങളില്‍ മുങ്ങിയും താഴ്ന്നും മുകളില്‍ എത്താന്‍ അവസരം ലഭിക്കുന്ന മനസ്സും ശരീരവുമാണ്. എതാനും വാക്കുകളില്‍ പറയാവുന്ന ജീവിതമൊന്നുമല്ല അത്. ആത്മാര്‍ത്ഥമായിത്തന്നെ പിന്തുണക്കുന്നവരുടെ പങ്കു പോലും ആ പോരാട്ടത്തില്‍ ചെറുതാണ്.

പ്രതീകത്തിന് രൂപവും മനസ്സും വേണം. ഇല്ലെങ്കില്‍ തിരിച്ചെടുത്ത് കൊടുക്കണം

- എ. സഹദേവന്‍, ഫെയ്‌സ്ബുക്ക് പോസ്റ്റ് , 19-02-2022

ഇരുപതാറാമത് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവം ഉല്‍ഘാടനം ചെയ്യപ്പെട്ടതിന്റെ തൊട്ടു പിറ്റേന്ന് 19 ന് സഹദേവേട്ടന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കൊച്ചു കുറിപ്പാണിത്. വ്യാഖ്യാനമൊന്നും ആവശ്യമില്ലാത്ത വണ്ണം അതിഗഹനമായ ഒരു വിഷയത്തെ ഒരു ഹൈക്കു ഭാഷയില്‍ ആറ്റിക്കുറുക്കിയിടുന്നു. ഫെസ്റ്റിവല്‍ വേദിയിലേക്ക് ഭാവന കടന്നുവന്നതിലെ നാടകീയതയെ സൂഷ്മമായ തന്റെ ഫെമിനിസ്റ്റ് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വായിയ്ക്കുന്നു. ആക്രമിക്കപ്പെട്ട നടിയോട്, അതിജീവിതയോട് കൂറു പ്രഖ്യാപിക്കുന്നു.

മാര്‍ച്ച് പത്തൊമ്പതിന് തന്നെയാണ് സഹദേവേട്ടന്റെ അവസാനത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

''ഇന്ദുലേഖ എഴുതിയ മുന്‍സിഫ് ചന്തു മേനോന്റെ കാര്യമങ്ങനെ ആയിരുന്നില്ല. അദ്ദേഹത്തിന് ശബ്ദം കേട്ടില്ലെങ്കിലാണ് ഉറക്കം വരാതിരിക്കുക. ചെണ്ടമേളം, കീചകന്റെയോ ബകന്റെയോ അലര്‍ച്ച...

വാദിയെ കോടതി മുറിയില്‍ നിര്‍ത്തിയാണ് അദ്ദേഹം ചെണ്ടമേളം വായിപ്പിച്ചത്. ചെണ്ടമിടുക്കു നിര്‍ണ്ണയിക്കാന്‍! അങ്ങിനെയും ജഡ്ജിമാര്‍ എന്നേ പറക വയ്ക്കു.

അന്ന് ശബ്ദം ശല്യം പറഞ്ഞു കലിതുള്ളിയത് സായിപ്പ് ജഡ്ജി ആയിരുന്നു. അതിന്റെ ഒരു പാരമ്പര്യം ഞാനടക്കമുള്ള നാട്ടുകാരില്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷേ നമ്മള്‍ നാട്ടുകാര്‍ ഭൂരിഭാഗവും മേനോനെ കണ്ടു പഠിച്ചെന്നു വരാം. നമ്മള്‍ ആ വെള്ള പാരമ്പര്യം ത്തില്‍ നീന്നു മോചിതരാവാ നാണ് ഗാന്ധിയെയും ഗുരുവിനെയും മൊയ്തു മൗലവിയെയും എല്ലാം പിന്തൂടരാന്‍ നോക്കിയത്. മുഴുവന്‍ ആവില്ല. ഇത്തിരി അവിടെയും ഇവിടെയുമായി...'

വിഷയം വ്യക്തമാണ്. വിഖ്യാത നര്‍ത്തകി നീന പ്രസാദിന്റെ നൃത്തം നിര്‍ത്തിച്ചതിനെച്ചൊല്ലിയുള്ള പ്രതികരണങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നു.

മാര്‍ച്ച് 16 നാണ് അവസാനമായി സഹദേവേട്ടന്റെ കോള്‍ വരുന്നത്. അടുത്തിടെ ആ വിളിയുടെ ഇടവേള എന്തുകൊണ്ടോ കുറഞ്ഞു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി അട്ടിമറിയ്ക്കാന്‍ നടത്തപ്പെടുന്ന പ്രബലരുടെ നീക്കങ്ങള്‍ പൊതുസമൂഹത്തിന് മതിയാം വണ്ണം ചെറുത്തു തോല്പിക്കാനാവുന്നില്ലല്ലോ എന്നത് ഒരു ആധി തന്നെയായി മാറിയിരുന്നു സഹദേവേട്ടന്.

എന്തും അങ്ങിനെയാണ്. അതിതീവ്രമായി അനുഭവിച്ച് അതിന്റെ ഭാരം തലവേദനയായി വരും. മാതൃഭൂമിയില്‍ നിന്നും രാജിവയ്ക്കും വരെ ഞാനടക്കമുള്ള പിന്‍തലമുറയെ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തി. ഒരിയ്ക്കലും മുകളിലുള്ള ഒരാള്‍ എന്ന മട്ടിലല്ലാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറി. വഴികാട്ടി. നേരത്തെ മാതൃഭൂമി ദിനപത്രത്തിലെ താരാപഥം ഫീച്ചര്‍ പേജ് അടക്കമുള്ള ഫിലിം വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വ്യക്തിയായിരുന്നത് കൊണ്ട് തന്നെ ഫിലിം ഇന്റസ്ടിയില്‍ വിപുലമായ സൗഹൃദ ബന്ധങ്ങള്‍ സഹദേവേട്ടനുണ്ടായിരുന്നു. 1991 എന്റെ വിവാഹം കഴിഞ്ഞ ഉടന്‍ ഞങ്ങളെ രണ്ടുപേരെയും സഹദേവേട്ടന്‍ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ദീദിയുടെ അച്ഛന്‍ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററുമായി നേരത്തെ തന്നെ അടുപ്പമുണ്ടായിരുന്നത് കൊണ്ട് കുടുംബവും സിനിമയും ഫെമിനിസ്റ്റ് രാഷ്ട്രീയവും മാധ്യമ ജീവിതവും എല്ലാം കൂടിച്ചേര്‍ന്ന ഒരു സൗഹൃദ കാലമാണ് പിന്നിട്ട മുപ്പത് വര്‍ഷകാലത്തെത് . ഋതുക്കള്‍ മാറിമാറി വരുന്നത് പോലെ ഫിലിം ഫെസ്റ്റിവലുകളും സിനിമകളും സംവാദങ്ങളും അതിനിടയില്‍ ഒന്നിച്ചു പങ്കിട്ടതാണ്. ഉയര്‍ന്നു വരുന്ന ഏത് ഫെമിനിസ്റ്റ് വിഷയവും ദീദിയുമായി വിളിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. 2017 ല്‍ ഡബ്ല്യു.സി.സി.യുടെ രൂപീകരണം മുതല്‍ അത് നേരിടുന്ന ഓരോ വെല്ലുവിളികളിലും വരെ അദ്ദേഹത്തിന്റെ പിന്തുണ ദീദിക്കുണ്ടായിരുന്നു. അത് അവസാനത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വരെ തുടര്‍ന്നു.

'ഡൈ' ചെയ്യുന്നതിനെക്കുറിച്ച് പണ്ട് സഹദേവേട്ടന്‍ കലാകൗമുദിയില്‍ ഒരു ലേഖനം എഴുതിയത് ഞാനോര്‍ക്കുന്നു. അത്രയും മനോഹരവും ലളിതവുമായി അതിഗഹനമായ ഒരു വിഷയത്തെക്കുറിച്ച് മറ്റാരും തന്നെ മലയാളത്തില്‍ എഴുതിയതായി ഞാനോര്‍ക്കുന്നില്ല. ഇരുപത് വര്‍ഷം മുമ്പായിരിക്കണം. സഹദേവേട്ടന്‍ അമ്പതുകളിലേക്ക് കടന്നപ്പോഴായിരിക്കണം. എന്തിനാണ് മനുഷ്യര്‍ ' ഡൈ ' ചെയ്യുന്നത് ? മരണഭയം കൊണ്ടാണോ? അതോ മരണത്തെ മറച്ചുവയ്ക്കാനോ? സഹദേവേട്ടന്റെ നിലപാട് ഇതായിരുന്നു : കഷ്ടിച്ച് ഒരമ്പത് വയസ്സ് വരെയൊക്കെ ഒരാള്‍ തന്റെ പ്രായം മറച്ചു വയ്ക്കാന്‍ തലമുടി കറുപ്പിക്കുന്നത് ( എന്തൊരു വാക്കാണ് - ഡൈ ചെയ്യല്‍ ) മനസ്സിലാക്കാം. എന്നാല്‍ അമ്പത് പിന്നിട്ടിട്ടും അതേ വ്യാജ പ്രതിച്ഛായയില്‍ തുടരുവാനാണ് തീരുമാനമെങ്കില്‍ അതൊരു ദുരന്തമാണ്. എപ്പോള്‍ വേണമെങ്കിലും ഒരു ഹൃദയാഘാതം വന്ന് മരിക്കാവുന്ന വയസ്സെത്തിയിട്ടും പ്രതീതികളില്‍ ജീവിയ്‌ക്കേണ്ടി വരുന്നതിന്റെ നഷ്ടം ഓര്‍മ്മപ്പെടുകയായിരുന്നു അദ്ദേഹം. അതില്‍ പിന്നെ ഒരിയ്ക്കലും നരയ്ക്കാതെ മരണം വരെയോ മരിയ്ക്കാന്‍ പോകുന്ന നേരം വരെയോ ഒരു വ്യാജ ജീവിതം നയിയ്ക്കുന്നവരെ കാണുമ്പോള്‍ ആ ഇരുതല ജീവിതം നമ്മുടെ ദൈന്യംദിന ജീവിതത്തെ അതിസൂഷ്മമായി എങ്ങിനെയെല്ലാം തുരന്നു തിന്നുന്നു എന്നോര്‍ക്കാറുണ്ട്. അത്തരക്കാരെ കാണുമ്പോഴൊക്കെ സഹദേവേട്ടനെ ഓര്‍ക്കാറുമുണ്ട്. ചായം തേയ്ക്കാത്ത യൗവ്വനം ഇവിടെ യുണ്ടായിരുന്നു എന്നതിന്റെ നിത്യ സാക്ഷ്യമാണ് സഹദേവേട്ടന്‍. അദ്ദേഹത്തിന് പ്രായമായതായി, എഴുപത്തൊന്നായതാണ് അറിഞ്ഞിട്ടേയില്ല. നശ്വരമായ ശരീരത്തിന്റെ കെട്ടുകാഴ്ചകളില്‍ ഒരിയ്ക്കലും ജീവിയ്ക്കാത്ത ജീവിതമായിരുന്നു അത്.

മുഖ്യധാരാ പത്രമോഫീസുകള്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പോലെ തന്നെ പലതരം ആണത്തങ്ങള്‍ നിറഞ്ഞാടുന്ന കേന്ദ്രങ്ങളാണ്. എഡിറ്റോറിയല്‍ തീരുമാനമെടുക്കപ്പെടുന്ന പരമോന്നത സമിതികളില്‍ സ്ത്രീകള്‍ ഉണ്ടാകുന്നത് വിരളമാണ്. നിലപാടുകളിലും അധിപത്യം ആണത്ത ദര്‍ശനങ്ങള്‍ക്കാണ്. അത് ചരമ വാര്‍ത്ത വായിച്ചാല്‍ പോലുമറിയാം. വാര്‍ത്താചാരമനുസരിച്ച് ഇന്നയാളുടെ ഭാര്യ, അല്ലെങ്കില്‍ അമ്മ, അതുമല്ലങ്കില്‍ മകള്‍ എന്ന നിലയിലാണ് പരിചരണം. 'പെണ്‍കെണി ' എന്ന അടിമുടി സ്ത്രീവിരുദ്ധമായ വാക്ക് നിര്‍മ്മിച്ച് നിര്‍ലജ്ജം അതാഘോഷിക്കുന്ന ഡസ്‌കിലെ ആണത്ത ലോബികള്‍ക്കിടയില്‍ സഹദേവേട്ടന്‍ എന്നും ഒരു വേറിട്ട വ്യക്തിത്വമായിരുന്നു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിക്കൊപ്പം അതിന്റെ ഉള്‍ക്കാഴ്ചകള്‍ ഉള്‍ക്കൊണ്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ ആണത്ത ധാരയില്‍ തിരുത്തല്‍ വരുത്താന്‍ അദ്ദേഹം മുമ്പേ നടന്നു. അത് ഒരു ശക്തിയായിരുന്നു. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലപാടുകള്‍ വഹിക്കുന്ന പങ്ക് സ്വയം പ്രയോഗിച്ചു കൊണ്ടാണ് അദ്ദേഹം മാതൃകയായത്. പൗലോ ഫ്രെയര്‍ പറഞ്ഞത് പോലെ ഭാഷയിലെ തിരുത്തുകള്‍ ഒരു വലിയ പ്രത്യയ ശാസ്ത്ര പോരാട്ടം തന്നെയായിരുന്നു. അതെത്ര മാത്രം കഠിനമായ പോരാട്ടമായിരുന്നു എന്നത് ആ പ്രക്രിയയുടെ ഉള്ളിലൂടെ കടന്നുപോയവര്‍ക്കറിയാം.

മാതൃഭൂമിയില്‍ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടിങ്ങില്‍ എന്റെ മുന്നിലുണ്ടായിരുന്ന മാതൃക സഹദേവേട്ടന്‍ കൊത്തിവച്ചതാണ്. ബാറ്റണ്‍ കൈമാറും പോലെയാണ് അദ്ദേഹം ആ ചുമതല 1990 കാലത്ത് എന്നെ ഏല്പിച്ചത്. അതിനു മുമ്പുള്ള ദീര്‍ഘകാലത്ത് ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടിങ്ങിന്റെ അജണ്ട അദ്ദേഹം നേരിട്ട് സൃഷ്ടിച്ചതാണ്. അതിന്നും തുടരുന്നു. ആ സ്‌റ്റൈലില്‍ വലിയ മാറ്റമൊന്നും അച്ചടി മാധ്യമങ്ങളില്‍ വന്നിട്ടില്ല. പിന്നീട് 2003 ല്‍ ഇന്ത്യാവിഷനിലേക്ക് ചുവടു മാറ്റിയപ്പോള്‍ അവിടെയും സഹദേവേട്ടന്റെ കുട്ടികള്‍ തന്നെയാണ് ദൃശ്യ മാധ്യമ രംഗത്ത് സ്വതസിദ്ധമായ പാത വെട്ടിത്തുറന്ന് പുതിയ ഫെസ്റ്റിവല്‍ അനുഭവം സൃഷ്ടിയ്ക്കാന്‍ മുന്നിട്ടിറങ്ങിയത്. ഫിലീം ഫെസ്റ്റിവല്‍ ഗോവയില്‍ സ്ഥിരം താവളമാക്കിയതോടെ അനുപമയും മനീഷ് നാരായണനുമൊക്കെ അമൃതയില്‍ അനന്തപത്മനാഭനും കൈരളിയില്‍ ബിജു മുത്തത്തിക്കുമൊപ്പം പുതിയ ഭാഷ സൃഷ്ടിയ്ക്കുമ്പോള്‍ ചാലക ശക്തിയായി ഇന്ത്യവിഷനില്‍ സഹദേവേട്ടന്‍ ഉണ്ടായിരുന്നു.

ഫിലിം ഫെസ്റ്റിവലുകള്‍ തനിക്ക് ശേഷം വന്ന തലമുറകള്‍ക്കായി വിട്ടു കൊടുത്ത് ലോക സിനിമകളിലൂടെ അദ്ദേഹം നടത്തിയ അതിഗംഭീരമായ യാത്രയായാണ് 24 ഫ്രെയിംസ്. അതിഗഹനമായ കാര്യങ്ങള്‍ അത്യന്തം ലളിതമായി പറയാനാവും എന്ന് തെളിയിച്ചു കൊണ്ട് ജനകീയ ചലച്ചിത്രാധ്യാപനത്തില്‍ മുന്‍ മാതൃകകളില്ലാത്ത ഒരു വഴി വെട്ടിത്തുറക്കുകയായിരുന്നു അദ്ദേഹം.

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലാണെന്നാണ് ഓര്‍മ്മ പത്രസ്ഥാപനങ്ങളില്‍ മാര്‍ക്കറ്റിങ്ങ് റിസര്‍ച്ചിന്റെ ഭാഗമായി മുകളില്‍ നിന്നും താഴേക്ക് നടപ്പിലാക്കപ്പെടുന്ന തീരുമാനങ്ങള്‍ വര്‍ദ്ധിച്ചു വന്നത്. എഡിറ്റോറിയല്‍ ടീമിന്റെ നിലപാടുകള്‍ക്ക് തീര്‍ത്തും വിരുദ്ധമായ നടപടികളാണ് അതു വഴി പലപ്പോഴും പത്രങ്ങളിലും മാഗസിനുകളിലും നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കപ്പെടാറ്. അങ്ങിനെ അക്കാലത്ത് സഹദേവ്ജിയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിത്രഭൂമിയുടെ ഉള്ളടക്കത്തില്‍ മാര്‍ക്കറ്റിങ്ങ് റിസര്‍ച്ചിന്റെ ഭാഗമായി നടപ്പിലാക്കാന്‍ നിര്‍ദേശിക്കപ്പെട്ട പരിഷ്‌ക്കാരങ്ങളാണ് ഒരര്‍ത്ഥത്തില്‍ അദ്ദേഹം മാതൃഭൂമി വിട്ടു പോകാനിടയാക്കിയത്. മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനത്ത് തന്നെ നല്ല നിലയില്‍ സര്‍ക്കുലേഷന്‍ ഉള്ള വാരികയായിരിക്കുമ്പോഴാണ് ചിത്രഭൂമിയുടെ സെന്‍ട്രല്‍ സ്‌പെറെഡ് ഒരു സെമി പോണ്‍ ചിത്രം കൊടുക്കണമെന്നും അക്കാലത്ത് മലയാള സിനിമയില്‍ വീശിയടിച്ച പോണ്‍ തരംഗം ചിത്രഭൂമിയിലും കൊടുക്കണം എന്നും മുകളില്‍ നിന്നും നിര്‍ദ്ദേശം വന്നത്. എന്നാല്‍ നിര്‍ദ്ദേശം നടപ്പിലാക്കിയതോടെ അതൊരു മഹാ ദുരന്തമായാണ് മാറിയത്. കുടുംബ വായനക്കാര്‍ ഒന്നടക്കം ചിത്രഭൂമി വിട്ടു പോയി. മാതൃഭൂമി ഓഫീസിലെ സ്ത്രീ ജീവനക്കാര്‍ പോലും സൗജന്യമായി കിട്ടുന്ന കോപ്പി വീട്ടില്‍ കൊണ്ടുപോവാതായി. സര്‍ക്കുലേഷന്‍ കുറയുന്നതിന്റെ സമ്മര്‍ദ്ദം മുഴുവനും സഹദേവേട്ടന്റെ മേലാവുകയും ചെയ്തു. വെട്ടിപ്പൊളിയ്ക്കുന്ന തലവേദനയുമായി മുടി വലിച്ചു പറച്ച് സ്വയം വേദന തിന്നുന്ന അവസ്ഥയിലായിരുന്നു അക്കാലത്ത് സഹദേവേട്ടന്‍.

അതേസമയത്ത് ദിനപത്രത്തിന്റെ സെന്‍ട്രല്‍ ഡസ്‌കില്‍ പത്രാധിപര്‍ കെ.ഗോപാലകൃഷ്ണന്‍ നയിയ്ക്കുന്ന പത്രത്തിന്റെ വഴി തെറ്റിയ പോക്കില്‍ നിത്യേനയുള്ള പോസ്റ്റ്‌മോര്‍ട്ടം എഴുത്തില്‍ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച ഞാനടക്കമുള്ള അഞ്ചാറു പേരെ ടാര്‍ജറ്റ് ചെയ്ത് ഞങ്ങളെയെല്ലാം മാറ്റാനായി നിര്‍ദേശിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റം ഉറപ്പായെന്നും പുറത്തറിയുന്നത്. അമ്മ തന്നെ ദൈവം എന്ന് മാതാ അമൃതാനന്ദമയിയെ സ്തുതിച്ച് പത്രാധിപര്‍ കെ.ഗോപാലകൃഷ്ണന്‍ തുടക്കമിട്ട തരം ജേര്‍ണ്ണലിസം വിമര്‍ശിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മാതൃഭൂമി പത്രത്തിന്റെ ഒരപചയഘട്ടമായിരുന്നു അത്. അമൃതാനന്ദമയി എന്നു മാത്രം പത്രത്തില്‍ കൊടുത്താല്‍ മതി എന്നും ദേവി എന്നുള്ള മറ്റുള്ള വിശേഷണങ്ങള്‍ വേണ്ട എന്നും സര്‍ക്കുലര്‍ അയച്ചിരുന്ന മുന്‍ പത്രാധിപര്‍ കെ.കെ. ശ്രീധരന്‍ നായരെ പീരിയോഡിക്കല്‍സ് എഡിറ്ററായി മൂലക്കിരുത്തിയായിരുന്നു കെ.ഗോപാലകൃഷ്ണന്റെ വരവ്. പോസ്റ്റ്‌മോര്‍ട്ടം പ്രശ്‌നമായിട്ടുടെന്നും അത് ഉടന്‍ നിര്‍ത്തണമെന്നും പത്രം നന്നാക്കിക്കളാമെന്ന വ്യാമോഹം വേണ്ടെന്നും പ്രധാന വിമര്‍ശകര്‍ ഹിറ്റ് ലിസ്റ്റിലാണെന്നും എന്‍.പി.രാജേന്ദ്രനാണ് രഹസ്യമായി അറിയിച്ചത്. കുടുംബപരമായി ബന്ധമുള്ള വ്യക്തി കൂടിയായത് കൊണ്ട് മാനേജിങ്ങ് എഡിറ്റര്‍ പി.വി. ചന്ദ്രേട്ടന്‍ എന്നെ നേരിട്ട് വിളിച്ച് എഡിറ്റര്‍ നിങ്ങളെയൊക്കെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തൊട്ടടുത്തുള്ള മലപ്പുറമോ വയനാടോ തരട്ടേ എന്ന് ചോദിച്ചു. ഡെയ്‌ലിയില്‍ നിന്നും പീരിയോഡിക്കല്‍സിലേക്ക് തരുമോ എന്ന് ചോദിച്ചപ്പോള്‍ അവിടെയൊന്നും ഒഴിവില്ലെന്നായിരുന്നു മറുപടി. ഒരു സ്ഥലം മാറ്റ ഉത്തരവ് ഒപ്പുവയ്ക്കണ്ട ആ ദിവസമാണ് സഹദേവേട്ടന്‍ മാതൃഭൂമിയില്‍ നിന്നും രാജിവച്ച് ഇന്ത്യാവിഷനിലേക്ക് പോകാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെടുന്നതും അദ്ദേഹത്തിന്റെ കൂടി നിര്‍ദ്ദേശാനുസരണം പിന്‍ഗാമിയായി എന്നെ ചിത്രഭൂമിയുടെ ചുമതലയിലേക്ക് മാറ്റുന്നു. 2003 മുതല്‍ 2012 വരെയുള്ള എന്റെ ജീവിതത്തെ മാറ്റി മറച്ച തീരുമാനത്തിന്റെ ഉറവിടം സഹദേവേട്ടന്റെ ആ രാജിക്കത്തായിരുന്നു . കീസ്ലോവ്‌സ്‌കിയുടെ ' ബ്ലൈന്റ് ചാന്‍സ് ' പോലെ ആ ടെയില്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. മലപ്പുറത്തോ വയനാട്ടിലോ .

മാര്‍ച്ച് 16 ന് അവസാനത്തെ കോള്‍ വരെ എന്തു വിഷയവും ഒരു വിദഗ്ദ അഭിപ്രായം ആവശ്യമായി വന്നാല്‍ സഹദേവേട്ടനോട് ചോദിച്ചാണ് ചെയ്തത്. ഒരു വിളിപ്പുറത്ത് എന്നും അദ്ദേഹമുണ്ടായിരുന്നു. എനിക്കും ദീദിക്കും. ഇനി അതില്ല എന്നത് ഒരു വലിയ ശൂന്യതയാണ്.

സാധ്യതകളുടെ ഒരു വലിയ ഖനിയായിരുന്നു സഹദേവേട്ടന്‍. അത് കാണാതെ പോയി എന്നതില്‍ മാതൃഭൂമിക്കും മനോരമക്കും വലിയ തെറ്റ് തന്നെയാണ് സംഭവിച്ചത്. മാതൃഭൂമിയുടെ പത്രാധിപരാകാന്‍ യോഗ്യതയുണ്ടായിരുന്ന നിരവധി പ്രതിഭകളെ മറ്റു സ്ഥാപനങ്ങള്‍ക്ക് പില്‍ക്കാലത്ത് മുതല്‍ക്കൂട്ടായിട്ടുണ്ട്. അതില്‍ എ. സഹദേവന്‍ എന്ന പേരും ഉണ്ട്, ടി.എന്‍.ഗോപകുമാര്‍, എം.ജി.രാധാകൃഷ്ണന്‍ തുടങ്ങിയ പ്രഗല്‍ഭരുടെ നിരയില്‍. ഒരു പക്ഷേ ഇന്ത്യാവിഷന്‍ കാലത്ത് ചെയ്ത 24 ഫ്രെയിംസ് തന്നെയാകും അദ്ദേഹത്തിന് കാലം കരുതി വച്ച സ്മാരകം. ഒറ്റക്ക് ഒരു ചലച്ചിത്രപാഠശാലയാവുകയായിരുന്നു ആ മനുഷ്യന്‍ അതു വഴി. 26 ഫിലീം ഫെസ്റ്റിവല്‍ വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ ചലച്ചിത്ര അക്കാദമിക്ക് സാധിക്കാത്തത്.

അതു വഴി സഹദേവേട്ടന്‍ ഓര്‍ക്കപ്പെടും. സ്വന്തം സ്മാരകം സ്വയം നിര്‍മ്മിച്ച മനുഷ്യനായി : 24 ഫ്രെയിംസ് എന്ന വിസ്മയക്കാഴ്ചയായി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT