Memoir

ലതാജിയ്ക്ക് പകരം വിവാദ ഫിലിം ഫെയര്‍ നേടിയ ശാരദ : ഒരു ഗായികയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്

1965ല്‍ ഇറങ്ങിയ ഗൈഡ് എന്ന സിനിമ മാത്രമല്ല അതിലെ പാട്ടുകളും സൂപ്പര്‍ഹിറ്റ് ആയിരുന്നു. എസ് ഡി ബര്‍മ്മന്റെ സംഗീതസംവിധാനത്തില്‍ ഇറങ്ങിയ പടത്തിന്റെ ഡിസ്ക്ക് വില്‍പ്പനയില്‍ റെക്കോ‍‍ഡ് സൃഷ്ടിച്ചു.പക്ഷേ ബോളിവുഡിന്റെ അഭിമാന പുരസ്ക്കാരം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഫിലിം ഫെയര്‍ അവാര്‍ഡില്‍ നിന്നും ഗൈഡിലെ പാട്ടുകളും പാട്ടുകാരും എസ് ഡി ബര്‍മ്മനും തഴയപ്പെട്ടു!

1966ലെ ഫിലിം ഫെയര്‍ അവാര്‍ഡ് ഒപ്പിച്ചു തരാമെന്ന് പറഞ്ഞ് ഒരു ഏജന്റ് എസ് ഡി ബര്‍മ്മനെ സമീപിച്ചു. അതിന് ഇത്ര തുക വേണമെന്നും ആവശ്യപ്പെട്ടു. കുപിതനായ ബര്‍മ്മന്‍ ഏജന്റിനെ ആട്ടിപ്പായിച്ചു. ആ പണം തന്റെ ആരാധകര്‍ക്ക് കൊടുക്കുമെന്ന് ബര്‍മ്മന്‍ അയാളോട് പറഞ്ഞു. ഗൈഡിലെ പാട്ടുകള്‍ക്ക് തനിക്ക് പുരസ്ക്കാരം ഉറപ്പാണെന്ന് ബര്‍മ്മന്‍ വിശ്വസിച്ചു.

അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. ബര്‍മ്മന്‍ ആകെ തകര്‍ന്നു പോയി. ഗൈഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ലാത്ത സൂരജ് എന്ന പടത്തിലെ പാട്ടുകള്‍ അവാര്‍ഡ് കൊണ്ടു പോയി. ശങ്കര്‍ ജയ്കിഷന്‍ ടീമിന്റേതായിരുന്നു സൂരജിലെ പാട്ടുകള്‍.

പക്ഷേ ഇതിനെക്കാളും സംഗീത നിരൂപകരെയും സിനിമാ മേഖലയിലുള്ളവരെയും ഞെട്ടിച്ചത് മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്ക്കാരമായിരുന്നു. അത് സൂരജിലെ തിത്ലി ഉഡാ എന്ന ഗാനം പാടിയ ശാരദ അയ്യങ്കാര്‍ക്ക് ആണ് ലഭിച്ചത്. ഗൈഡിലേത് അടക്കം ഒട്ടേറെ ഗംഭീര ഗാനങ്ങള്‍ ലതാ മങ്കേഷ്ക്കര്‍ പാടിയ വര്‍ഷമായിരുന്നു 1965. മേരാ സായാ യിലെ തു ജഹാ ചലേഗാ എന്ന എക്കാലത്തെയും മികച്ച ലതാജി ഹിറ്റ് ഗാനം ഇറങ്ങിയതും 1965ലായിരുന്നു.

സ്വാഭാവികമായും ലതാജിക്ക് തന്നെയാണ് ആ വര്‍ഷത്തെ അവാര്‍ഡും കിട്ടേണ്ടത്. പക്ഷേ ആരും ശ്രദ്ധിക്കാത്ത ശാരദ എന്ന ഗായിക അത് നേടി.

ആരായിരുന്നു ശാരദ അയ്യങ്കാര്‍?

ശാരദ രാജന്‍ അയ്യങ്കാര്‍ എന്ന ഗായിക ജൂണ്‍ 14ന് അന്തരിച്ചു. ചരമവാര്‍ത്ത അറിഞ്ഞപ്പോഴാണ് ആ ഗായിക ഇത്തരം ഒരു വിവാദത്തിലൂടെയാണ് ഹിന്ദി സിനിമാ മേഖലയില്‍ പ്രശസ്തയായത് എന്ന് അറിയുന്നത്.

ഫിലിം ഫെയര്‍ അവാര്‍ഡിന് ജൂറിയുടെ നിര്‍ണയത്തെക്കാള്‍ പ്രധാനം ആസ്വാദകരുടെ വോട്ടെടുപ്പ് ആണ്. ശങ്കര്‍ ജയ്കിഷന്‍ ഇതില്‍ കൃത്രിമത്വം കാണിച്ചാണ് അവാര്‍ഡ് ഒപ്പിച്ചതെന്ന് പിന്നീട് വെളിവാക്കപ്പെട്ടു. ശാരദയുടെ അവാര്‍ഡും അങ്ങനെ തന്നെയാണത്രെ കിട്ടിയത്. സൂരജിലെ ബഹാരോ ഫൂല്‍ ബര്‍സാവോ എന്ന മനോഹര ഗാനത്തിനാണ് മുഹമ്മദ് റഫിക്കും അക്കൊല്ലം ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടിയത്. പക്ഷേ ഗായകന്‍ എന്ന നിലയ്ക്കും ഗൈഡിലെ ഗാനങ്ങള്‍ക്ക് ആയിരുന്നു തനിക്കും പുരസ്ക്കാരം കിട്ടേണ്ടിയിരുന്നതെന്ന് ഗൈഡിനെ തഴ‍ഞ്ഞതില്‍ കുപിതനായ റഫി സാഹിബ് തുറന്നടിച്ചു.

രാജ്കപൂറിന്റെ കണ്ടെത്തലായിരുന്നു തമിഴ്നാട്ടുകാരിയായ ശാരദ. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഒരു വിരുന്നില്‍ ശാരദ പാടിയ പാട്ട് കേട്ട ഇഷ്ടപ്പെട്ട രാജ്കപൂര്‍ ശാരദയെ ബോംബെയിലേക്ക് വരാന്‍ ക്ഷണിച്ചു. ജിസ് ദേശ് മേം ഗംഗാ ബഹ്തി ഹേ എന്ന പടത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ടെഹ്റാനിലെ വിരുന്ന്. ബോംബെയിലെ ആര്‍ കെ സ്റ്റുഡിയോയില്‍ നടന്ന ശബ്ദപരിശോധനയില്‍ ശാരദ മികവ് തെളിയിച്ചു. തന്റെ സംഗീത സംവിധായകരായ ശങ്കര്‍ ജയ്കിഷനെ കാണാന്‍ രാജ്കപൂര്‍ നിര്‍ദേശിച്ചു. അങ്ങനെ അവരുടെ സംഗീത സംവിധാനത്തില്‍ സൂരജ് എന്ന പടത്തിലെ തിത്ലി ഉ‍ഡാ എന്ന ഗാനം ശാരദ ആലപിച്ചു.

ശങ്കര്‍ ജയ്കിഷന്‍ ടീമിലെ ശങ്കറിനെ അന്നാണ് ശാരദ പരിചയപ്പെടുന്നത്. ശങ്കറിന് ശാരദയോട് എന്തോ ഒരു അടുപ്പം ഉള്ളതായി പിന്നീട് ബോളിവുഡ് വൃത്തങ്ങള്‍ പറഞ്ഞു പരത്തി. അത് ശരിയാണെങ്കിലും അല്ലെങ്കിലും ലതാ മങ്കേഷ്ക്കറിനെ മറികടന്ന് ശങ്കര്‍ ശാരദയ്ക്ക് പാട്ടുകള്‍ നല്‍കിത്തുടങ്ങി. 60 കളില്‍ ശങ്കര്‍ ചെയ്ത് ഏതാണ്ട് എല്ലാ ഗാനങ്ങളും പാടിയത് ശാരദയായിരുന്നു. ടീമിലെ ജയ്കിഷനെ ഇത് ചൊടിപ്പിച്ചു. ജയ്കിഷന് ലതയ്ക്ക് അപ്പുറം മറ്റൊരു ഗായികയുണ്ടായിരുന്നില്ല.

1964ല്‍ ഇറങ്ങിയ രാജ് കപൂര്‍ ഹിറ്റ് ചിത്രമായ സംഗത്തിലെ മനോഹരമായ യേ മേരാ പ്രേം പഥ് പഠ്കര്‍ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്ന് ഒരു അഭിമുഖത്തില്‍ ജയ്കിഷന്‍ പറഞ്ഞത് ശങ്കറിനും ഇഷ്ടമായില്ല. ഒരു പടത്തില്‍ ഏത് ഗാനം ടീമിന്റെ പേരില്‍ ആര് ചെയ്താലും അത് ടീമിന്റെ പേരില്‍ തന്നെ അറിയപ്പെടണമെന്ന കരാറിന്റെ ലംഘനമാണ് ഇതെന്നായിരുന്നു ശങ്കര്‍ പറഞ്ഞത്. സംഗത്തിന് ശേഷം ശങ്കറും ജയ്കിഷനുമായുള്ള ബന്ധം സുഗമമായിരുന്നില്ല. അപ്പോഴാണ് ശാരദ ശങ്കറിനെ കണ്ടു മുട്ടുന്നത്. 1965ന് ശേഷം ശങ്കര്‍ കൂടുതല്‍ ഗാനങ്ങള്‍ ശാരദയ്ക്ക് നല്‍കിയെന്ന് മാത്രമല്ല പല നിര്‍മ്മാതാക്കളോടും ശാരദയ്ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ തുടങ്ങി. ബോളിവുഡില്‍ അക്കാലത്ത് തിളങ്ങി നിന്ന നായികാനടിമാര്‍ക്ക് ചേരാത്ത ശബ്ദമായിരുന്നു ശാരദയുടേത്. എന്നിട്ടും ശങ്കറിന്റെ ഇടപെടല്‍ ഒന്ന് കൊണ്ടു മാത്രം നിര്‍മ്മാതാക്കളും സംവിധായകരും വഴങ്ങി.

1966ലെ പിന്നണി ഗായകര്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് ഒരു പ്രത്യേകത കൂടിയുണ്ട്. അന്ന് വരെ മികച്ച പിന്നണി ഗായകര്‍ക്കുള്ള അവാര്‍ഡ് മാത്രമേ ഫിലിം ഫെയര്‍ നല്‍കിയിരുന്നുള്ളു. അത് ഗായകനോ ഗായികയോ ആവാം. ആ വര്‍ഷം റഫിയുടെ ഗാനത്തിനൊപ്പം ശാരദയുടെ തിത്ലി ഉഡായും ശ്രോതാക്കളുടെ വോട്ടെടുപ്പില്‍ വന്നു. ഇരുവര്‍ക്കും തുല്യ വോട്ട്. ഒടുവില്‍ രണ്ട് പേര്‍ക്കുമായി പുരസ്ക്കാരം പങ്കിട്ടു നല്‍കി. അന്ന് മുതല്‍ മികച്ച പിന്നണി ഗായികയ്ക്കും ഗായകനും പ്രത്യേകം അവാര്‍ഡ് ഫിലിം ഫെയര്‍ ഏര്‍പ്പെടുത്തി. ഒരു ശരാശരി ഗാനമായ തിത്ലി ഉഡാ ആലപിച്ചതിന് റഫിക്കൊപ്പം ശാരദയ്ക്ക് അവാര്‍ഡ് നല്‍കിയെങ്കില്‍ അതും ലതാജിയുടെ മികച്ച പാട്ടുകള്‍ മറികടന്ന് നല്‍കിയെങ്കില്‍ അത് ശങ്കര്‍ നടത്തിയ ഇടപെടല്‍ തന്നെയാണെന്ന് ബോളിവുഡ് ഉറച്ചു വിശ്വസിച്ചു.

ഈ പുരസ്ക്കാരത്തിന് ശേഷം ശങ്കറിനും ശാരദയ്ക്കും കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നില്ല. പിന്നീട് തനിക്ക് പല അവസരങ്ങളും നിഷേധിക്കപ്പെട്ടുവെന്ന് ശാരദ ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ശാരദ പാടിയ പാട്ടുകള്‍ റെക്കോഡ് ശേഷം സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മേരാ നാം ജോക്കറിലെ മൂന്ന് ഗാനങ്ങളും കല്‍ ഓര്‍ ആജ് കല്‍ ലെ ഒരു പാട്ടും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവയാണ്.

ലതാ മങ്കേഷ്ക്കര്‍ പാടുന്ന പാട്ടുകള്‍ കമ്പോസ് ചെയ്യുന്നത് ശങ്കര്‍ ജയ്കിഷന്‍ ടീം ആണെങ്കില്‍ അതില്‍ നിന്നും ശങ്കര്‍ ഒഴിവാകണമെന്ന് ലതാജി നിര്‍ബന്ധം പിടിച്ചിരുന്നു. ഒടുവില്‍ നടന്‍ മനോജ് കുമാര്‍ ഇടപെട്ടാണ് ലതാജിയെ തണുപ്പിച്ചത്. 1975ല്‍ ഇറങ്ങിയ സന്യാസി എന്ന പടത്തില്‍ ശങ്കര്‍ ജയ്കിഷന്‍ ടീമില്‍ ശങ്കറിന്റെ സംവിധാനത്തില്‍ തന്നെ ലതാജി പാടി.

ശാരദയ്ക്ക് പതിയെ പതിയെ അവസരങ്ങള്‍ ഇല്ലാതായി തുടങ്ങി. എങ്കിലും കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും നല്ല പരിശീലനം ലഭിച്ചിരുന്ന അവര്‍ ഉഷാ ഖന്ന, രവി, ദത്താറാം, ഇഖ്ബാല്‍ ഖുറേഷി എന്നീ സംഗീതസംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചു. 1970 കളില്‍ ഏതാനും സിനിമകള്‍ക്ക് വേണ്ടി ശാരദ സംഗീതസംവിധാനം നിര്‍വഹിച്ചു. പക്ഷേ ഇവ ചെയ്തത് ശങ്കര്‍ എന്നാണ് പറയപ്പെടുന്നത്. 1974ല്‍ ഇറങ്ങിയ മാ ബെഹന്‍ ഓര്‍ ബീവി എന്ന ചിത്രത്തിലെ ശാരദ സംഗീത സംവിധാനം നിര്‍വഹിച്ച അച്ഛാ ഹുവാ ദില്‍ ടൂട്ട് ഗയാ എന്ന ഗാനത്തിന് റഫി സാഹിബിന് ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. ഈ ഗാനത്തില്‍ ശങ്കര്‍ ശൈലി പ്രകടമാണെന്ന് ഗാനനിരൂപകര്‍ പറഞ്ഞിട്ടുണ്ട്.

സംഗീത സംവിധാനം മാത്രമല്ല ഗാനരചനയും ശാരദ നിര്‍വഹിച്ചിട്ടുണ്ട്. 1980ല്‍ ഇറങ്ങിയ ഗരം ഖൂന്‍ എന്ന പടത്തിലെ ഏക് ചെഹരാ ജോ ദില്‍ കി ഖരീബ് എന്ന ശാരദ എഴുതിയ ഗാനം കമ്പോസ് ചെയ്തത് ശങ്കറാണ്. തമാശ അതല്ല, അത് പാടിയിരിക്കുന്നത് ലതാജിയാണ്! തന്നില്‍ നിന്നും ഒരിക്കല്‍ ഫിലിം ഫെയര്‍ തട്ടി എടുത്ത ഗായികയ്ക്കും സംഗീതസംവിധായകനും വേണ്ടി തന്നെ ലതാജി പാടി. ഒരു പാട്ടില്‍ അവരുടെ വിദ്വേഷമെല്ലാം അലിഞ്ഞു തീര്‍ന്നു. അതാണല്ലോ സംഗീതം.

സംഗീതത്തെ മരണവും ബാധിക്കുന്നില്ല. ലതാജിയും ശങ്കറും മരണമടഞ്ഞു. ഇപ്പോള്‍ ശാരദയും. അവരുടെ പാട്ടുകള്‍ മാത്രം ജീവിക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT