പി.പ്രേമചന്ദ്രൻ എന്ന അദ്ധ്യാപകന്റെ ലേഖനം നിരവധി പേരുടെ ആശങ്കകളെ ഉൾക്കൊള്ളുന്നതായിരുന്നു. ആ ലേഖനം വായിച്ചിട്ട് കുട്ടികളും രക്ഷിതാക്കളും ആശങ്കാകുലരാകുമെന്ന നിർമ്മിതി വിചിത്രമാണ്. സർക്കാർ തീരുമാനം കുട്ടികളിലും രക്ഷിതാക്കളിലുമുണ്ടാക്കിയ അമ്പരപ്പിനും ഭയത്തിനും ആരെയാണ് സെൻഷർ ചെയ്യേണ്ടത്. കവി മാധവൻ പുറച്ചേരി എഴുതുന്നു
പി. പ്രേമചന്ദ്രൻ ഈ മാസം 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന് ഒരു പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നു. വിരമിക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹത്തെ സെൻഷർ ചെയ്തിരിക്കുന്നു. സെൻഷർ എന്ന വാക്കിന് ശാസന , കുറ്റം ചുമത്തുക തുടങ്ങിയ അർത്ഥങ്ങളാണ് നിലണ്ടുവിൽ കാണുന്നത്. അദ്ദേഹം ചെയ്ത ഗുരുതരമായ കുറ്റമെന്തായിരുന്നു? കൊറോണക്കാലത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം കിട്ടാത്തതിനാൽ സർക്കാർ തന്നെ ഫോക്കസ് ഏരിയ പ്രഖ്യാപിച്ചിരുന്നു. + 2 പരീക്ഷയുടെ മാർക്ക് നിർണ്ണായകമായിരിക്കെ ഫോക്കസ് ഏരിയയുടെ പുറത്തു നിന്ന് ചോദ്യം ചോദിച്ചാൽ സ്വാഭാവികമായും കുട്ടികൾക്കു മാർക്കു കുറയും. രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും പ്രകടിപ്പിച്ച ഉൽക്കണ്ഠ പി.പ്രേമചന്ദ്രൻ എന്ന അദ്ധ്യാപകൻ അക്കാദമിക് വിമർശനമായി fb യിലെഴുതുന്നു . ഇതാണ് അദ്ദേഹത്തെ ശാസിക്കാൻ ഇടയാക്കിയ സംഭവം.
ജന്മിയുടെ ഇംഗിതത്തിന് ലിഖിത രൂപം കൊടുക്കുന്ന കാര്യസ്ഥപ്പണി ഇടതു സർക്കാരിൽ നിന്നുണ്ടായിയെന്ന് ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും. അതല്ല, സർക്കാരിതൊന്നും അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെയെന്തു പറയാനാണ്.
ആ വിമർശനത്തെ സാധൂകരിക്കുന്ന നടപടികൾ ഒടുവിൽ സർക്കാർ തന്നെ സ്വീകരിക്കുകയും ചെയ്തു. ഇത്തരം അക്കാദമിക്ക് വിമർശനം നടത്തിയതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനു പകരം സെൻഷർ ചെയ്യാൻ തീരുമാനിക്കുന്നതിലൂടെ ഫ്യൂഡൽ മനോഭാവം സർക്കാർ സംവിധാനത്തിന്റെ ഭാഗമായി ഇപ്പോഴും നിലനിൽക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഒരു കാര്യസ്ഥന്റെ കൈക്കുറ്റപ്പാടിന്റെ സ്വഭാവമുണ്ടതിന്. ജന്മിയുടെ ഇംഗിതത്തിന് ലിഖിത രൂപം കൊടുക്കുന്ന കാര്യസ്ഥപ്പണി ഇടതു സർക്കാരിൽ നിന്നുണ്ടായിയെന്ന് ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും. അതല്ല, സർക്കാരിതൊന്നും അറിഞ്ഞിട്ടില്ലെങ്കിൽ പിന്നെയെന്തു പറയാനാണ്. ട്രേഡ് യൂണിയൻ രംഗത്തും പൊതുരംഗത്തും ദീർഘകാലം പ്രവർത്തിച്ച പരിചയമുള്ള വിദ്യാഭ്യാസ മന്ത്രി ഈ വിവരം കെട്ട ഉടനെ ഉത്തരവ് പിൻവലിക്കാൻ നിർദ്ധേശം നൽകുന്നത് അദ്ദേഹത്തിന്റെ പൊതുജീവിതത്തിന് ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു.
കുറച്ചു ദിവസം മുമ്പാണ് പോലീസുകാർ കലാപ്രവർത്തനങ്ങളിലോ സാഹിത്യ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന ഉത്തരവിറങ്ങിയിട്ടുള്ളത്. ജനവിരുദ്ധ സർക്കാരുകളാണ്, വിമർശനത്തെ ഭയപ്പെടുന്നതിനാൽ ഇത്തരം കാലഹരണപ്പെട്ട നിയമങ്ങൾ പൊടി തട്ടി എടുക്കാറുള്ളത്. ഇപ്പോൾ പി.പ്രേമചന്ദ്രൻ മാഷിനെതിരെ സ്വീകരിച്ച നടപടി അദ്ധ്യാപകസംഘടനാ നേതാക്കന്മാർക്കെതിരെ ഉപയോഗിച്ചാൽ കേരളത്തിലെ ഒരൊറ്റ സംഘടനാ നേതാവും ശിക്ഷണ നടപടികളിൽ നിന്ന് ഒഴിവാകുകയില്ലെന്ന് ഓർമ്മിക്കുന്നത് നല്ലതാണ്. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കും നടപടികൾക്കുമെതിരെ ഘോരഘോരം പ്രസംഗിച്ചതിന്റെ വീഡിയോകൾ ഇഷ്ടം പോലെ ലഭ്യമാണ്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുമ്പോൾ പ്രധാനമന്ത്രിയെ വരെ പേരെടുത്ത് വിമർശിക്കുന്നത് ഞാൻ പലവട്ടം കേട്ടിട്ടുണ്ട്. പെട്ടെന്നൊരു ദിവസം ഇത്തരം നടപടികളോട് ഭയം തോന്നുന്നതിൽ അസ്വാഭാവികതയുണ്ട്.
1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം അക്കാദമിക വിമർശനത്തിനെതിരെ ഉന്നയിക്കുമ്പോൾ റദ്ദായിപ്പോവുന്നത് എന്തെല്ലാമാണെന്ന് ബന്ധപ്പെട്ടവർ സമയമെടുത്ത് ആലോചിക്കണം. ഇടതുപക്ഷ സംഘടനകളുടെ ചരിത്രം തന്നെ അക്കാദമിക്ക് ഇടപെടലുകളുടെ ചരിത്രം കൂടിയാണ്. നിരീക്ഷണത്തിന്റെ , നിയന്ത്രണത്തിന്റെ അമിതാധികാരത്തിന്റെ കീഴിൽ വേതനം പറ്റുന്ന അടിമകളെ സ്വപ്നം കാണുന്നവർ ജനാധിപത്യ ഭരണത്തിൽ അശ്ലീലമാണ്. വിമർശനാത്മക പഠനമെന്നത് വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന പാഠവുമാണ്. അക്കാദമിക് രംഗത്ത് ഇത്തരം അച്ചടക്ക നടപടികൾ സൃഷ്ടിക്കുന്ന നിർജീവാവസ്ഥ അത്യന്തം ഉൽക്കണ്ഠയുണ്ടാക്കുന്ന കാര്യമാണ്. ആയിരക്കണക്കിന് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഉൽക്കണ്ഠകൾ എഴുതിയതിന് ഒരദ്ധ്യാപകൻ സെൻഷർ ചെയ്യപ്പെടുമ്പോൾ കേരളീയ പൊതു സമൂഹത്തെയാണ് അപമാനിക്കുന്നതെന്ന് ബന്ധപ്പെട്ടവർക്കറിയില്ല.
അറിവിന് അതിരില്ല എതിരുണ്ടെന്നതാകണം അക്കാദമിക് രംഗത്തെ സമീപനം. തുറന്ന വിമർശനങ്ങളെ സഹർഷം സ്വാഗതം ചെയ്യാനുള്ള സമചിത്തതയാണ് ജനാധിപത്യത്തിന്റെ പ്രാണവായു . ഭരണകൂടങ്ങൾ പൊടി തട്ടി കാലഹരണപ്പെട്ട നിയമങ്ങൾ പുറത്തെടുക്കുമ്പോൾ നാമെത്ര പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് ബന്ധപ്പെട്ടവർക്ക് അറിയണമെന്നില്ല. ഇത്തരം ഫ്യൂഡൽ നടപടികൾ ഇതിനെക്കാൾ മോശമായി നടപ്പിലാക്കാനുള്ള ഭാവി സമ്മതപത്രത്തിലാണ് തുല്യം ചാർത്തുന്നത്. അക്കാദമിക് രംഗത്ത് നിരന്തരം ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയ പി.പ്രേമചന്ദ്രൻ എന്ന അദ്ധ്യാപകന് സർവ്വീസിൽ നിന്നും വിരമിക്കുന്ന വേളയിൽനൽകിയ ഈ ശാസന, കേരളം അത്രവേഗമൊന്നും മറക്കില്ലെന്നു ഞാൻ കരുതുന്നു.
പി.പ്രേമചന്ദ്രൻ എന്ന അദ്ധ്യാപകൻ അദ്ദേഹത്തിന്റെ പൗരവകാശംഉപയോഗിച്ചതിനെ സർവ്വീസ് റൂൾ കൊണ്ട് റദ്ദാക്കുന്നതെങ്ങിനെയെന്ന ചോദ്യം ഈ സെൻഷർ തീർച്ചയായും അവശേഷിപ്പിക്കുന്നുണ്ട്
2020 ൽ സ്ലൊവേനിയൻ സർക്കാരിനെതിരെ ബോറിസ് എ. നൊവാക് എഴുതിയ ഒരു കവിതയുടെ പേര് സ്വാതന്ത്ര്യം ഒരു ക്രിയാപദമാണ് എന്നാണ്. കവിതയ്ക്ക് ശിവകുമാർ അമ്പലപ്പുഴയുടെ ഹൃദ്യമായി മൊഴിമാറ്റമുണ്ട്. ആ കവിതയിലെ ചില വരികൾ ഓർമ്മിക്കുന്നു.
"സ്മാരകങ്ങളുടെ ഓർമ്മത്തിളക്കമല്ല സ്വാതന്ത്ര്യം
സ്വാതന്ത്ര്യം ജീവരക്തവും ചിറകും നിലവിളികളുമാണ്.
സ്വാതന്ത്ര്യം നിയമത്തിന് മുകളിലാണ്.
സ്വാതന്ത്ര്യം ഭരണകൂടം വാഗ്ദാനം ചെയ്യുന്ന ഉറപ്പല്ല "
വ്യക്തി സ്റ്റേറ്റിന്റെ അടിമയാണെന്ന അപകടകരമായ യുക്തിയാണ് പലപ്പോഴും ഭരണാധികാരികളെ നയിക്കുന്നത്. വ്യക്തിയെ നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന്റെയും പരിധിക്കുള്ളിൽ നിർത്തുന്നതിനെതിരെ ഉയർന്ന ധീരമായ ശബ്ദം ഗാന്ധിജിയുടെതായിരുന്നു. തോറോയെ ഉൾക്കൊണ്ടു കൊണ്ട് ഏറ്റവും കുറച്ച് ഭരിക്കുന്ന ഭരണമാണ് ഏറ്റവും നല്ല ഭരണമെന്ന് പ്രഖ്യാപിക്കാൻ അദ്ദേഹത്തിനായി. എതിരഭിപ്രായം പറയുന്നവരെല്ലാം അധികപ്പറ്റാണെന്ന യുക്തി ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധതയാണ്. ഭൂരിപക്ഷം വരുന്ന സാമാന്യ ജനതയ്ക്ക് ഭരണത്തിൽ യഥാർത്ഥത്തിൽ പങ്കില്ലെന്ന തോന്നലാണ് പൊതുവെ ശക്തിപ്പെടുന്നതെന്നോർക്കണം. മഹാമാരിക്കാലമുണ്ടാക്കിയ പ്രതിസന്ധി സ്റ്റേറ്റുകളെ പ്രബലമാക്കുകയും ജനതയെ ദുർബലരാക്കുകയും ചെയ്തിട്ടുണ്ട്. വർദ്ധിച്ച അച്ചടക്ക നടപടികൾ എല്ലാ രംഗത്തും പിടിമുറുക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് ഇത്തരം നടപടികളിലൂടെ സ്റ്റേറ്റിന്റെ പരിപാവനതയെ കുടിയിരുത്തേണ്ടത് ആരുടെ ആവശ്യമാണ്. അക്കാദമിക് രംഗത്ത് സജീവമായ ഇടപെടലുകളും സംവാദവുമില്ലെങ്കിൽ കെട്ടിനിർത്തിയ അഴുക്കു വെള്ളം പോലെ മലിനമാകും. പൊതു വിദ്യാഭ്യാസ രംഗത്തെ ജനകീയ ഇടപെടലുകളാണ് ഇടതുപക്ഷം എക്കാലവും ഉയർത്തിപ്പിടിച്ച നയം. പി.പ്രേമചന്ദ്രൻ എന്ന അദ്ധ്യാപകന്റെ ലേഖനം നിരവധി പേരുടെ ആശങ്കകളെ ഉൾക്കൊള്ളുന്നതായിരുന്നു. ആ ലേഖനം വായിച്ചിട്ട് കുട്ടികളും രക്ഷിതാക്കളും ആശങ്കാകുലരാകുമെന്ന നിർമ്മിതി വിചിത്രമാണ്. സർക്കാർ തീരുമാനം കുട്ടികളിലും രക്ഷിതാക്കളിലുമുണ്ടാക്കിയ അമ്പരപ്പിനും ഭയത്തിനും ആരെയാണ് സെൻഷർ ചെയ്യേണ്ടത്.
അദ്ധ്യാപനം രാഷ്ട്രസേവനമെന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചു കൊണ്ട് സമരഭരിതമായ ചരിത്രം നിർമ്മിച്ച ഒരു ഭൂതകാലം നമ്മളോർമ്മിക്കേണ്ടതുണ്ട്. അക്കാദമിക് രംഗത്തെ തെറ്റായ പ്രവണതകളെ വ്യക്തികൾക്കും സംഘടനകൾക്കും എതിർക്കാൻ അവകാശമുണ്ട്. അദ്ധ്യാപനത്തിന്റെ ലക്ഷ്യം വരുമാനം മാത്രമല്ല. റോബോട്ട്യൻ യന്ത്രമനുഷ്യരെ പോലെ പെരുമാറാൻ അവർക്കു കഴിയില്ല. കാലഹരണപ്പെട്ട അച്ചടക്ക നടപടികൾ പുറത്തെടുക്കുന്നത് സർവ്വീസിലുള്ള അദ്ധ്യാപകരെ ഭയപ്പെടുത്താൻ കൂടിയാണ്. സ്റ്റേറ്റിനെതിരെ വിരൽ ചൂണ്ടുമ്പോൾ അസ്വസ്ഥമാകുന്നത് ഉള്ളിലെ ജനാധിപത്യ ബോധ്യങ്ങളിലുള്ള വിശ്വാസക്കുറവുമാണ്.
ജനാധിപത്യം ഒരു ഭരണ രീതിയായി മാത്രം ഉൾക്കൊള്ളുന്നതിന്റെ പരിമിതി നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഒരു ജീവിത രീതി എന്ന നിലയിൽ അതിനെ സ്വീകരിക്കാനും സ്വാംശീകരിക്കാനും ഭരണാധികാരികൾ കൂടുതൽ ശ്രമിക്കുക തന്നെ വേണം. സ്റ്റേറ്റിന്റെ സമഗ്രാധിപത്യ പ്രവണതകൾ ജനത വേഗത്തിൽ തിരിച്ചറിയണമെന്നില്ല. സ്റ്റേറ്റിന്റെയോ ബൂറോക്രസിയുടെയോ താളത്തിനൊത്തു വേണം പൗരന്മാർ ജീവിക്കേണ്ടതെന്ന പ്രബലമായ വിശ്വാസം വേരുറച്ചിട്ടുണ്ട്. പി.പ്രേമചന്ദ്രൻ എന്ന അദ്ധ്യാപകൻ അദ്ദേഹത്തിന്റെ പൗരവകാശംഉപയോഗിച്ചതിനെ സർവ്വീസ് റൂൾ കൊണ്ട് റദ്ദാക്കുന്നതെങ്ങിനെയെന്ന ചോദ്യം ഈ സെൻഷർ തീർച്ചയായും അവശേഷിപ്പിക്കുന്നുണ്ട്. കരിനിയമങ്ങളെ തിരിച്ചറിയാനുള്ള വിവേകമാണ് നാം ആഗ്രഹിച്ചു പോകുന്നത്.