Opinion

സിനിമ 'മോണ്‍ അമോര്‍'; ഒരിക്കലും മറക്കാനാകാത്ത പ്രണയ സിനിമകള്‍

തിരശ്ശീലയില്‍ എത്ര കണ്ടാലും, കേട്ടാലും മടുക്കാത്ത ഒരു വിഷയം ഉണ്ടെങ്കില്‍ അത് പ്രണയം തന്നെയാണ്. നമ്മുടെ തന്നെ പ്രണയ സങ്കല്‍പ്പത്തെ നിയന്ത്രിക്കുന്നതില്‍ സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല കണ്ട സിനിമകള്‍ തന്നെ പിന്നെയും പിന്നെയും കാണുന്ന സിനിമാ പ്രേമികളുടെ വലിയ ശേഖരത്തിനുള്ളില്‍ ഉറപ്പായും പ്രണയ സിനിമകള്‍ ഒളിച്ചിരിപ്പുണ്ടാവും.. അത് ഒരുപക്ഷെ നഷ്ടപ്പെട്ട പ്രണയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നത് കൊണ്ടാവാം. അല്ലെങ്കില്‍ നഷ്ടപ്പെട്ട പ്രണയം തിരശ്ശീലയില്‍ വിജയിക്കുന്നത് കൊണ്ടാവാം.

വിവാഹത്തില്‍ എത്തി ചേരാത്ത, ഒരുമിക്കാനാവാത്ത പ്രണയ കഥകള്‍ക്ക് എല്ലാ കാലത്തും ആരാധകരുണ്ട്. മറ്റൊരു ഭാഷയില്‍ അത്തരം പ്രണയ കഥകളാണ് നമ്മള്‍ എന്നും ഓര്‍ത്ത് വെക്കാറുള്ളതും. കാരണം പലപ്പോഴും യാഥാര്‍ത്ഥ്യത്തോട്

അടുത്ത് നില്‍ക്കുന്നവയാണ് അവ. പ്രിയപ്പെട്ട ചില പ്രണയ സിനിമകളെ പറ്റി...

1. ബ്രിഡ്ജെസ് ഓഫ് മാഡിസൻ കൗണ്ടി

1992ലെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ക്ലിന്റ് ഈസ്റ്റ് വുഡ് ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി എടുത്തിരിക്കുന്നത്. പ്രണയം എപ്പോള്‍ വേണമെങ്കിലും അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നേക്കാം. അത്തരം ഒരു പ്രണയമാണ് ക്ലിന്റ് ഇസ്റ്റ് വുഡ് നമുക്ക് കാണിച്ച് തരുന്നത്. ഒരുപക്ഷേ മലയാളത്തിലേക്ക് മനോഹരമായ പകർത്താനാവുന്ന ഒരു ചിത്രം കൂടി ആയിരുന്നു ഇത്. മാഡിസൺ കൗണ്ടിയിലെ പാലത്തിൻ്റെ ചിത്രങ്ങൾ എടുക്കാൻ വരുന്ന റോബര്‍ട്ടും അയാളുടെ ഒപ്പം കുടൂന്ന ഫ്രാൻസെസ്കയും തമ്മിലുള്ള പ്രണയമാണ് സിനിമ പറയുന്നത്. നാല് ദിവസങ്ങള്‍ മാത്രമാണ് അവര്‍ ഒന്നിച്ച് ചിലവഴിക്കുന്നത്. പക്ഷെ അകലാനാവാത്ത വിധം അവര്‍ അടുക്കുന്നുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ ജീവിചിരുന്ന ഫ്രാന്‍സെസ്ക തന്നെ വീണ്ടെടുക്കുന്നതും ആ പ്രണയത്തിലൂടെയാണ്. റോബര്‍ട്ട്‌ പകര്‍ത്തുന്ന ഫ്രാന്സെസ്കയുടെ ചിത്രങ്ങള്‍ പോലെ തന്നെ പ്രണയം നിറയുന്ന ഫ്രെയിമുകളാണ് സിനിമയിലുള്ളതും ഹൃസ്വമെങ്കിലും അഗാധമായ അവരുടെ പ്രണയം കാണികളുടെ ഉള്ളിൽ നിന്നും ഒരിക്കലും മാഞ്ഞ് പോകില്ല.

2. ലോസ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ

വിവർത്തനത്തിൽ നഷ്ടപ്പെടുന്നത് ആണ് കവിത എന്ന പറയാറുണ്ട്. അത്തരത്തിൽ കവിത പോലെയുള്ള ഒരു സിനിമയാണ് സോഫിയ കൊപ്പോളയുടെ ലോസ്റ്റ് ഇൻ ട്രാൻസ്‌ലേഷൻ. അമേരിക്കൻ നടനായ ബോബ് ടോക്കിയോയിൽ ഒരു പരസ്യ ചിത്രീകരണത്തിനായി എത്തുന്നു. അവിടെവെച്ച് ഷാർലറ്റ്(സ്കാർലറ്റ് ജോഹാൻസൻ)എന്ന വിവാഹിതയായ ആയ പെൺകുട്ടിയെ കണ്ടുമുട്ടുന്നു. ഫോട്ടോഗ്രാഫർ ആയ ഭർത്താവ് പുറത്തുപോകുമ്പോൾ ഒക്കെയും അവർ പരസ്പരം കണ്ടുമുട്ടുന്നു. അവർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദം സിനിമയുടെ അന്ത്യത്തിൽ എന്താണ് എന്ന് സ്വയം നിർവചിക്കുന്നുണ്ട്. അപരിചിതമായ ഭാഷ സംസാരിക്കുന്ന, തങ്ങളുടേത് അല്ലാത്ത ഒരിടത്ത് വെച്ച് കണ്ട് മുട്ടിയത് കൊണ്ട് മാത്രമാണ് ബോബിനും ഷാർലറ്റിനും ഇടയിൽ സൗഹൃദം ഉടലെടുക്കുന്നത്. അവിടെ അവർ രണ്ടുപേരും ഏകാന്തതയുടെ, അന്യതയുടെ തടവറയിൽ സ്വയം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു. അപ്പോഴാണ് ഭാഷയുടെ പരിചിതത്വം അവരെ അടുപ്പിക്കുന്നത്. വിവര്‍ത്തനത്തില്‍ നഷ്ടപ്പെട്ടു പോയതിനെ വീണ്ടെടുക്കാനുള്ള അവരുടെ ശ്രമമാണ് അവര്‍ക്കിടയില്‍ പ്രണയമായി ഉടലെടുക്കുന്നത്.

3. ബിഫോർ ട്രിലോജി

1989 ൽ സംവിധായകനായ റിച്ചാർഡ് ലിങ്ക്ലേറ്റർ ഫിലാഡൽഫിയിൽ വെച്ച് എമി എന്ന ഒരു പെൺകുട്ടിയെ കണ്ട് മുട്ടുന്നു.അവർ ഒരുമിച്ച് ആ രാത്രി ചിലവഴിക്കുന്നു. പിന്നിട് പ്രണയം മുന്നോട്ട് പോയിയെങ്കിലും ഇടയിലെപ്പോഴോ ആ ബന്ധം അറ്റ് പോയി. പിന്നിട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ബിഫോർ സൺറൈസ് എന്ന സിനിമക്ക് ജന്മം നൽകി. സിനിമയിൽ ട്രയിനിൽ വെച്ച് കണ്ടുമുട്ടുന്ന ജെസ്സെയും സെലിനും വിയന്നയിൽ ഇറങ്ങുകയും പിറ്റേന്ന് സൂര്യോദയം വരെയും ഒരുമിച്ച് ചിലവഴിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു രാത്രി കൊണ്ട് അവർ തങ്ങൾക്ക് കഴിയുവോളം പരസ്പരം പങ്കു വയ്ക്കുന്നുണ്ട്. പിന്നീട് ഇത്ര നാളുകൾക്ക് ശേഷം കണ്ടുമുട്ടാം എന്ന് പറഞ്ഞുകൊണ്ട് അവർ യാത്ര പറയുന്നു. ഒരിക്കൽ തന്‍റെ സിനിമ കണ്ടതിനു ശേഷം എമി തിരികെ വരും എന്ന് കരുതിയാണ് എന്നാൽ സിനിമയുടെ റിലീസ് നു മുന്നേ തന്നെ അവർ മരണപ്പെട്ടു എന്ന് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം അറിയുന്നത്. തനിക്ക് നഷ്ടപ്പെട്ടതിനെ അദ്ദേഹം സിനിമയിൽ ആവിഷ്ക്കരിച്ചെടുക്കുകയാണ് ചെയ്തത്. പിന്നീട് വന്ന ബിഫോർ മിഡ്നൈറ്റ് ബിഫോർ സൺസെറ്റ് എന്നീ സിനിമകളിൽ കളിൽ സെലീനയും ജസ്ലയും വീണ്ടും കണ്ടുമുട്ടുകയും ഒരുമിക്കുകയും ചെയ്യുന്നു. ബിഫോർ മിഡ്നൈറ്റ് എന്ന മൂന്നാമത്തെ സിനിമയുടെ അവസാനം എമിയുടെ ഓർമ്മക്ക് എന്നദ്ദേഹം കുറിച്ച് വെക്കുന്നുണ്ട്.

പ്രണയ സിനിമകളുടെ ഏതൊരു ലിസ്റ്റിലും ബീഫോർ ത്രയത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടാകും.

4. സർട്ടിഫൈഡ് കോപ്പി

“When we fall in love we see everything as an original”

ഇറ്റലിയിലെ ടസ്കാനിയിൽ തന്റെ പുതിയ പുസ്തകം പ്രൊമോട്ട് ചെയ്യുന്നതിനായി, എത്തുന്ന ഇംഗ്ലീഷ് എഴുത്തുകാരനും മധ്യ വയസ്കനുമായ ജെയിംസ് എല്ല എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു. ഇരുവരും ആ ദിനം ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിച്ചു. അവർ അടുത്തുള്ള പട്ടണത്തിലേക്ക് യാത്ര ചെയ്യുകയും ഒരു മ്യുസിയം സന്ദര്‍ശിക്കുകയും ചെയ്തു. അയാൾ സംസാരിക്കുന്നതിനിടയിൽ യഥാർത്ഥ കൃതിയും പിന്നിട് ഉണ്ടാകുന്ന കോപ്പികളെയും പറ്റിയും പറയുന്നുണ്ട്.. അതുതന്നെയാണ് സംവിധായകനായ അബ്ബാസ് കിയരസ്ഥാമി സിനിമയിലൂടെ പറഞ്ഞു വെക്കുന്നതും. യഥാർത്ഥത്തിൽ വിവാഹിതർ അല്ലാത്ത അവർ ആ ദിവസം മുഴുവന്‍ വിവാഹിതരെ പോലെ പെരുമാറുന്നു. അവരുടെ സംഭാഷണങ്ങള്‍ക്ക് ഉണ്ടാകുന്ന മാറ്റം പോലും വളരെ സ്വാഭാവികമായിരുന്നു. അവർക്കിടയിൽ ഒരു ബന്ധത്തിൻറെ എല്ലാവിധ ആകുലതകളും പരാതികളും പരിഭവങ്ങളും കരുതലും മിന്നി മറയുന്നത് കാണാം . എന്താണ് യാഥാർത്ഥ്യം എന്താണ് അതിന്‍റെ പകര്‍പ്പ് എന്നത് അവിടെ അപ്രസക്തമാകുന്നു. ഒടുവില്‍ അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന തീക്ഷ്ണമായ വികാരം മാത്രമാണ് യാതാര്‍ത്ഥ്യമായി പ്രേക്ഷകന് അനുഭവപ്പെടുന്നത്.

5. ബിഫോർ വി ഗോ

രണ്ട് പേരെ ഒന്നിപ്പിക്കാന്‍ വാക്കുകളോളം കാരണമാകുന്ന മറ്റെന്തുണ്ട്.. നിയോൺ വെളിച്ചത്തിന്റെ മനോഹാരിതയിൽ ഒരു രാത്രി മുഴുവൻ വാക്കുകള്‍ കൈ മാറുന്ന രണ്ടു പേര്‍ക്കിടയില്‍ എങ്ങനെയാണ് പ്രണയം ഉടലെടുക്കാതെ ഇരിക്കുന്നത്. അവിടെ ഭൂതകാലവും ഭാവിയും അപ്രത്യക്ഷമാകും. ആ സമയം, ആ നിമിഷം അതിന് മാത്രമാണ് അവിടെ പ്രാധാന്യം. ഒരു ട്രെയിൻ മിസ്സ് ആകുന്നതോട് കൂടി അപരിചിതമായ ഒരു നഗരത്തിൽ വെച്ച് ഒറ്റക്കായി പോകുന്ന ബ്രുക്ക് എന്ന പെണ്‍കുട്ടിക്കും സ്റ്റേഷനിലെ ആൾക്കൂട്ടത്തിനു ഇടയിൽ ട്രമ്പറ്റ് വായിച്ചുകൊണ്ട് നിന്ന നിക്ക് എന്ന ചെറുപ്പക്കാരനുമിടയില്‍ പ്രണയം ഉടലെടുത്തതും അങ്ങനെയാണ്.. രാത്രിയുടെ ഭയാനതകൾക്കിടയിൽ പിന്നെയവർ പരസ്പരം തണലാകുന്നു. അന്നോളം ഉള്ളിൽ കൊണ്ട് നടന്ന ഭയങ്ങൾ ഒക്കെയും പങ്ക് വെച്ചു കൊണ്ട് ആ രാത്രി അവർ ഒരുമിച്ച് നടന്നു. ആ യാത്ര പലപ്പോഴും സ്വയം തിരിച്ചറിയാനും ഉത്തരങ്ങള്‍ ഇല്ലാതിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനും അവരെ പ്രാപ്തരാക്കുന്നു.

6. വൺസ് എഗയിൻ

ഡിവോഴ്സി ആയ അമറും(നീരജ്‌ കബി) വിധവയായ താരയും തമ്മിലാണ് ഇവിടെ പ്രണയം. താര(ഷെഫാലി ഷാ) തോളിലേക്ക് വാരിയിടുന്ന അവരുടെ സാരിത്തുമ്പിൽ ആലസ്യമുള്ള നടത്തത്തിലൊക്കെ പ്രണയം തുളുമ്പുന്നത് കാണാം.. അയാൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുമ്പോൾ ചേർക്കുന്ന മസാലക്കൂട്ടുകളിൽ അവരുടെ പ്രണയവും ഇഴചേർന്നിട്ടുണ്ട്. വിരലുകളിൽ മല്ലിയില ഞെരടി ആ ഗന്ധം അയാളിലേക്ക് എത്തിക്കുമ്പോൾ അത് പ്രണയത്തിൻറെ ഗന്ധം തന്നെയായി മാറുന്നു . താരക്ക് കടലിനെ ഭയമാണ് എന്ന് സിനിമയുടെ ആദ്യം തന്നെ പറയുന്നുണ്ട്.. എന്നാൽ ഈ ഭയം ലോകത്തോട് മുഴുവനായി ഉള്ളതാണ് .ഏറ്റവുമൊടുവിൽ പ്രണയത്തിലൂടെയാണ് അത് ഇല്ലാതാവുന്നതും. നാല്‍പ്പതുകളിലെ പ്രണയത്തിനെ അതിന്‍റെ എല്ലാ വിധ ഭംഗിയോടെയും സിനിമ ഒപ്പിയെടുക്കുന്നുണ്ട്.

7. പോട്ട്രയിറ്റ് ഓഫ് എ ലേഡി ഓൺ ഫയർ

കവിത എന്നല്ലാതെ ഈ സിനിമയെ വിശേഷിപ്പിക്കാൻ ആവില്ല. ഓരോ സീനിലും കവിത മാത്രമേയുള്ളൂ. ഓരോ ഫ്രെയിമും ഒരു ചായാചിത്രം ആണ്. അതീവ സുന്ദരമായ ഒരു പ്രണയകാവ്യമാണ് സെലിൻ സിയമയുടെ ഈ ചിത്രം. ഹെലുയിസ് എന്ന പെൺകുട്ടിയുടെയും അവളുടെ അമ്മയുടെ ആവശ്യപ്രകാരം ചിത്രം വരയ്ക്കാൻ കടൽ കടന്ന എത്തുന്ന മരിയൻ എന്ന ചിത്രകാരിയുടെയും കഥയാണ് സിനിമ. ആർക്കും ചിത്രം വരയ്ക്കാനായി നിന്നു കൊടുക്കാതിരുന്ന ഹെലൂയിസ് പക്ഷേ മരിയന് മുന്നിൽ ചലിക്കാതെ നിൽക്കുന്നു. അവർക്കിടയിൽ അഗാധമായ ഒരു പ്രണയം ഉടലെടുക്കുന്നത് അവിടെയാണ്. സ്വവർഗ്ഗാനുരാഗത്തെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഉണ്ടോ എന്ന് തന്നെ സംശയമാണ്.

8. ത്രീ ആന്‍റ് എ ഹാഫ്

(ഗോഡ് ഓഫ് ലവ്)

God Of Death ,God of Dance, God of Love എന്നിങ്ങനെ മൂന്ന് കഥയാണ് ഈ ആന്തോളജിയില്‍ ഉള്ളത്. ഓരോ കഥകളും ഓരോ ഷോട്ടുകൾ.

ഈ മൂന്നു പേരുകളും ശിവൻറെ മൂന്നു ഭാവങ്ങളാണ്. മറ്റ് രണ്ട് സിനിമയിലും അപരിചിതർ ആയിരുന്ന രണ്ടു പേരിലാണ് പ്രണയം വിരുന്നെത്തുന്നത് എങ്കിൽ ഇവിടെ വർഷങ്ങളോളം ഒന്നിച്ചു താമസിച്ച ദമ്പതികളിലാണത്.. ഇവിടെ സ്ത്രീക്കും പുരുഷനും നാമങ്ങൾ ഇല്ല ..അവർ ലോകത്തിൻറെ ഏതു കോണിലുമുള്ള സ്ത്രീയും പുരുഷനും ആവാം ..അങ്ങനെയൊരു യൂണിവേഴ്സൽ സ്വഭാവം കൂടി സിനിമ കൈവരിക്കുന്നു..പുറത്തേക്ക് പോയ അയാൾ ഒരിക്കൽ യാദൃശ്ചികമായി തിരികെ വീട്ടിലെത്തുമ്പോൾ അവൾ നൃത്തം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്...അയാൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു.. പിന്നീട് അയാൾ ഇല്ലാത്തപ്പോൾ താൻ സിഗരറ്റ് വലിക്കാറുണ്ടെന്നും അവർ പറയുന്നുണ്ട്..അത് ഒളിപ്പിച്ചിരുന്നത് ആകട്ടെ അവരുടെ കിടക്കയിലും..അതയാളിൽ പുതിയ ചില തിരിച്ചറിവുകൾ ഉണ്ടാക്കുന്നു .. ആ തിരിച്ചറിവുകൾ പൂർണ്ണമാകുന്നത് അവർ ഒരുമിച്ച് ചേർന്ന് കിടക്കുന്ന ആ ഫ്രെയിമിൽ തന്നെ ആണ് .. ജനാലക്കപ്പുറമുള്ള കടലിരമ്പലുകൾ അവരുടെ ശ്വാസത്തോട് ചേർന്ന് ഒരേ താളം പ്രാപിക്കുന്നു..

9. ബിഗിന്‍ എഗെയിന്‍

"𝒚𝒐𝒖 𝒄𝒂𝒏 𝒕𝒆𝒍𝒍 𝒂𝒍𝒐𝒕 𝒂𝒃𝒐𝒖𝒕 𝒂 𝒑𝒆𝒓𝒔𝒐𝒏 𝒃𝒚 𝒘𝒉𝒂𝒕'𝒔 𝒐𝒏 𝒕𝒉𝒆𝒊𝒓 𝒑𝒍𝒂𝒚l𝒊𝒔𝒕"

ചുറ്റുമുള്ള ലോകം വളരെ വേഗതയിൽ മുന്നോട്ട് പോകുമ്പോൾ നടുവിൽ എവിടെയോ രണ്ട് മനുഷ്യർ തങ്ങളുടെ ലോകത്തിൽ ഒരു നിമിഷം നിശ്ചലമായി നിൽക്കുന്നു. പിന്നെ അവർക്ക് മാത്രം മനസ്സിലാവുന്ന ഭാഷയിൽ സംവദിക്കുന്നു. ഗ്രേറ്റയെയും ഡാൻനെയും സംബന്ധിച്ച് അത് സംഗീതത്തിലൂടെ ആണ്. രണ്ട് ഇയർ ഫോണുകൾ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ഒരു അഡാപ്ടറും അവസാനിക്കാത്ത സംഗീതവും മാത്രം മതി രാത്രിയുടെ മനോഹാരിതയിൽ തിരക്കേറിയ നഗരത്തിലൂടെ മറ്റൊരു ലോകത്തിലൂടെ എന്നോണം അവർക്ക് മുന്നോട്ട് പോകാൻ. ഒടുവിൽ രണ്ട് വഴിയിൽ പിരിയുമ്പോൾ ഒരു നോട്ടത്തിൽ എല്ലാം ഒളിപ്പിച്ച് ഒരു നിമിഷം കൂടെ അവർ പരസ്പരം നോക്കി നിൽക്കുന്നുണ്ട്. മറ്റാർക്കും മനസ്സിലാവാത്ത ഒരു ഭാഷ അവർക്കിടയിൽ ഉടലെടുക്കുന്നത് കാണാം. അതി മനോഹരമായ ഒരു സംഗീതം ആണ് ഈ സിനിമ.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT