മോദിയും സംഘപരിവാറും ഉണ്ടാക്കിയ രാഷ്ട്രീയാഖ്യാനത്തെ ക്ഷേത്രദർശനം കൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്. എത്ര പൊള്ളയാണ് ആ പ്രതിരോധം എന്നത് തെളിഞ്ഞിരിക്കുന്നു. പ്രഗ്യാ സിങ് താക്കൂർ ഇന്നൊരു സൂചനയല്ല. ഈ രാജ്യത്തെ ഭരിക്കുന്ന രാഷ്ട്രീയമാണ്. അതിനെ എതിരിടാൻ കേവലമായ വാചകമടികൾ പോര.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകൾ കാണിക്കുന്നത് ഏറെയൊന്നും ഇനി മാറാനിടയില്ലാത്ത വിധത്തിൽ ബി ജെ പി സഖ്യം കേന്ദ്രഭരണം നിലനിർത്തുമെന്നാണ്. നിലനിർത്തും എന്ന് മാത്രമല്ല നിസാരമായ നഷ്ടങ്ങളെ ബംഗാളിലും ഒഡിഷയിലും ഉണ്ടാക്കുന്ന നേട്ടങ്ങൾക്കൊണ്ട് അവർ വലിയതോതിൽ മറികടക്കുമെന്നുമാണ്. എന്താണ് ഇന്ത്യയുടെ രാഷ്ട്രീയ സമൂഹം നൽകുന്ന സൂചനകൾ? കൂടുതൽ വിശദമായ, കണക്കുകളുടെ പിൻബലത്തോടെയുള്ള വിശകലനങ്ങൾ ഉണ്ടാകേണ്ടതുണ്ട് എങ്കിലും വളരെ പ്രകടമായ രാഷ്ട്രീയ വസ്തുതകൾ നമുക്ക് മുന്നിലുണ്ട്. അതിലൊന്ന് ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ നീണ്ട നാളായുള്ള ശ്രമത്തിലൂടെ ഒരു രാഷ്ട്രീയ ഹിന്ദുവിനെ, ഭൂരിപക്ഷ മത രാഷ്ട്രീയത്തെ, സാധാരണഗതിയിലുള്ള രാഷ്ട്രീയ സംവാദങ്ങളിലൂടെ ഇളക്കാനാകാത്ത തരത്തിലുള്ള പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ ഹിന്ദുവിനെ സൃഷ്ടിച്ചുകഴിഞ്ഞു എന്നാണ്. അവർ നോട്ടു നിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരാണ്, അവർക്ക് തൊഴിൽ നഷ്ടപ്പെട്ടതാണ്, അവരുടെ ദാരിദ്ര്യം പഴയപോലെ നിലനിൽക്കുകയാണ്, ഇതൊക്കെയായാലും അവർ ഹിന്ദു എന്ന തങ്ങളുടെ മതസ്വത്വത്തിൽ ഉറച്ചുനിൽക്കുന്നു. അതിനെ രാഷ്ട്രീയ പ്രതിബദ്ധതയാക്കി നിലനിർത്തുന്നു. അതിനുള്ളിലാണ് അവരുടെ അസംതൃപ്തികൾ. അതിനെ കൈവിട്ടിട്ടുള്ള പ്രതിഷേധമല്ല. ലോകത്തെവിടെയും, ചരിത്രത്തിൽ തീവ്രവലതുപക്ഷം നീണ്ട നാളുകൾ അധികാരത്തിൽ ഇരുന്നതെല്ലാം ഇത്തരത്തിൽ ചോദ്യങ്ങളില്ലാത്ത പ്രതിബദ്ധത സൃഷ്ടിച്ചാണ്.
ബിഹാറും ഉത്തർ പ്രദേശും കാണിക്കുന്നത് വളരെ സൂക്ഷ്മമായ social engineering-ലൂടെ സംഘപരിവാർ ജാതി രാഷ്ട്രീയത്തിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിശാലമായ ഹിന്ദു കുടക്കീഴിൽ കൊണ്ടുവന്നിരിക്കുന്നു എന്നാണ്. അത് ജാതിയെ അതിശക്തമായി നിലനിർത്തുന്നു; ഒപ്പം അതിനെ ഹിന്ദുത്വത്തിനുള്ളിലെ ഒരു വിലപേശൽ സംവിധാനമാക്കി മാറ്റുന്നു. മണ്ഡൽ കാലത്തിനു ശേഷമുള്ള ജാതി രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്രീയത്തിനുള്ളിലേക്ക് ഇഴചേർന്നുകൊണ്ടിരിക്കുകയാണ്. ഉത്തർ പ്രദേശിൽ ബി എസ് പി-എസ് പി സഖ്യത്തിന്റെ പരാജയസൂചനകൾ അതാണ് കാണിക്കുന്നത്.
രാജ്യത്തെ മതേതര സംവിധാനത്തിനു നേരെയുള്ള ആക്രമണം, കാർഷിക പ്രതിസന്ധി, ഉത്പാദന തൊഴിൽ മേഖലയിലെ ഇടിവ് ഇതൊന്നും തന്നെ ചർച്ച ചെയ്യപ്പെടാത്ത ഒരു രാഷ്ട്രീയാന്തരീക്ഷം ഉണ്ടാക്കിയെടുത്തു. അതൊരു ഫാഷിസ്റ്റ് പ്രചാരണ തന്ത്രമാണ് എന്ന് നിങ്ങൾക്ക് മനസിലാക്കാം. പക്ഷെ എന്തായിരുന്നു കോൺഗ്രസടക്കമുള്ള പ്രതിപക്ഷം അക്കാലത്ത് ചെയ്തത് എന്നുകൂടിയാണ് ചോദ്യം.
ആഭ്യന്തര ശത്രുവിന്റെ വൈദേശിക രൂപമായ പാകിസ്ഥാനും അതിനെതിരെ പോരാടി വിജയിക്കുന്ന ഹിന്ദു പുരുഷനും ലോകം കീഴടക്കുന്ന ഹിന്ദു രാജാവും എന്നൊക്കെയുള്ള സർവശക്തനായ നേതൃരൂപത്തെ ശരാശരി ഹിന്ദുക്കളുടെ പൂജാമുറിയിൽ വെക്കുന്നതിൽ സംഘപരിവാർ വിജയിച്ചിരിക്കുന്നു. അതിന്റെ ക്ഷുദ്രതയെ, രാഷ്ട്രീയ കാപട്യത്തെ തുറന്നുകാട്ടാൻ ശേഷിയില്ലാത്ത കോൺഗ്രസടക്കമുള്ള പ്രതിപക്ഷം പരാജയത്തിനപ്പുറം മറ്റൊന്നും കാണാൻ കഴിയാഞ്ഞവരാണ്. ഇന്ത്യയിലെ ഭരണവർഗത്തിന്റെ പാർട്ടിയായ കോൺഗ്രസിന് അതിന്റെ ചരിത്രപരമായ ശോഷണപ്രവണതയെ തടഞ്ഞുനിർത്താൻ കഴിയില്ല എന്ന് വീണ്ടും തെളിയുകയാണ്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശേഷി ഏതാണ്ട് നാമാവശേഷമാകുന്ന ഒരു ദേശീയ രാഷ്ട്രീയ സാഹചര്യം ഉണ്ടാവുകയാണ്. രാജ്യം ഒരു മതേതര ഭരണഘടനാ റിപ്പബ്ലിക് എന്ന നിലയിൽ പ്രായോഗികമായി പ്രവർത്തിക്കാതായിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് ഇല്ലാതാവുകയല്ല, തെരഞ്ഞെടുപ്പുകൾ ഒരു യാന്ത്രികമായ ഹിന്ദുത്വ പ്രതിബദ്ധതയുടെ പ്രഖ്യാപനമാവുകയാണ്
നീണ്ട രാഷ്ട്രീയ ശൈത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇടതുപക്ഷം എന്ന ആശയം കടുത്ത വെല്ലുവിളികൾ നേരിടുന്നു എന്ന് പറഞ്ഞാൽ അത് ആ വെല്ലുവിളിയെ ചെറുതാക്കിക്കാണലാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശേഷി ഏതാണ്ട് നാമാവശേഷമാകുന്ന ഒരു ദേശീയ രാഷ്ട്രീയ സാഹചര്യം ഉണ്ടാവുകയാണ്. രാജ്യം ഒരു മതേതര ഭരണഘടനാ റിപ്പബ്ലിക് എന്ന നിലയിൽ പ്രായോഗികമായി പ്രവർത്തിക്കാതായിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് ഇല്ലാതാവുകയല്ല, തെരഞ്ഞെടുപ്പുകൾ ഒരു യാന്ത്രികമായ ഹിന്ദുത്വ പ്രതിബദ്ധതയുടെ പ്രഖ്യാപനമാവുകയാണ്. അതിദേശീയതയുടെ ആഘോഷമാവുകയാണ്. മുക്കാൽ നൂറ്റാണ്ടുകാലം കൊണ്ടാണ് സംഘപരിവാർ ഈ രാഷ്ട്രീയം ഉണ്ടാക്കിയെടുത്തത്. മണ്ഡൽ കാല രാഷ്ട്രീയത്തെ സംഘപരിവാർ മറികടന്നിരിക്കുന്നു.
കുറുക്കുവഴികളില്ല ഇതിനെ നേരിടാൻ. മോദിയും സംഘപരിവാറും ഉണ്ടാക്കിയ രാഷ്ട്രീയാഖ്യാനത്തെ ക്ഷേത്രദർശനം കൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്. എത്ര പൊള്ളയാണ് ആ പ്രതിരോധം എന്നത് തെളിഞ്ഞിരിക്കുന്നു. പ്രഗ്യാ സിങ് താക്കൂർ ഇന്നൊരു സൂചനയല്ല. ഈ രാജ്യത്തെ ഭരിക്കുന്ന രാഷ്ട്രീയമാണ്. അതിനെ എതിരിടാൻ കേവലമായ വാചകമടികൾ പോര. ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങളുടെ പൂർണമായ തകർച്ചയും വിധേയത്വവും ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയവും ഉണ്ടാക്കുന്ന ഭയം നിറഞ്ഞ പൊതുസമ്മതിയുടെ സമൂഹത്തിൽ എങ്ങനെയാണ് ജനകീയ പ്രശ്നങ്ങൾ രാഷ്ട്രീയ സംവാദമാക്കി ഉയർത്തിക്കൊണ്ടുവരിക എന്നത് കടുത്ത വെല്ലുവിളിയാണ്.