Opinion

കിം കി ഡുക്ക്; യാഥാർത്ഥ്യത്തിനും സ്വപ്നത്തിനുമിടയിൽ സ്വന്തം മരണത്തെയും ഒളിപ്പിച്ചിട്ടുണ്ടാവാം

It is hard to tell that the world we live in is either a dream or a reality.

അങ്ങനെ അധികമാരും കൊണ്ടാടാത്ത ഒരു കിം കി ഡുക്ക് ചിത്രമായിരുന്നു 3 Iron. ആ ചിത്രം അവസാനിക്കുന്നത് പ്രണയിച്ചു പോയ രണ്ടു പേർ ഭാരമളക്കുന്ന ഒരു മെഷിനിൽ കയറി നിൽക്കുന്ന രംഗത്തിലാണ്. കൂടിക്കലർന്ന രണ്ടു പേരുടെ ഭാരമപ്പോൾ പൂജ്യമെന്ന് അടയാളപെടുത്തപ്പെടുന്നു. കിം ആ ചലച്ചിത്രം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, നാം ജീവിക്കുന്ന ഈ ലോകം ഒന്നുകിൽ സ്വപ്നമെന്നോ അല്ലെന്നാകിൽ യാഥാർത്ഥ്യമെന്നോ വേർതിരിക്കാനാവില്ല.

3 Iron ന്റെ പശ്ചാത്തലം ആളുകൾ അവധിക്കോ വിരുന്നിനോ മറ്റോ പോവുമ്പോൾ അടച്ചിടുന്ന വീട്ടിൽ കടന്നു കയറി താമസിക്കുന്ന ഒരു യുവാവിന്റെതാണ്. അയാളുടെ കൂടെ ഒരു പെൺകുട്ടിയും ചേരുന്നു. 3 iron ലെ മറ്റൊരു രംഗം, ഇങ്ങനെ അതിക്രമിച്ചു കയറിയ വീട്ടിലേക്ക് പിന്നീടൊരിക്കൽ ആ പെൺകുട്ടി വീണ്ടും ചെല്ലുന്നതാണ്. അപ്പോൾ വീട്ടുടമസ്ഥനായ യുവാവ് ചെടി നനച്ചു കൊണ്ടിരിക്കുകയാണ്. അവൾ ഒന്നും മിണ്ടാതെ അവിടെയുള്ള സോഫയിൽ പോയി കിടക്കുന്നു. വീട്ടിലേക്ക് കടന്നു വന്ന വീട്ടുടമസ്ഥന്റെ ഭാര്യ ഈ കാഴ്ച കാണുകയും അവളെ വിളിച്ചുണർത്താൻ പോവുകയും ചെയ്യുമ്പോൾ വീട്ടുകാരൻ പറയുന്നത്, അവൾ ഉറങ്ങട്ടെ എന്നാണ്. സിനിമ കൊണ്ട് മാത്രം, സിനിമയിൽ മാത്രം സാധ്യമാവുന്ന ഉജ്ജ്വലമായൊരു രംഗമാണിത്. യാഥാർത്ഥ്യത്തോട് ഇടപഴകുമ്പോൾ മാത്രമേ സിനിമ സംവദിക്കൂ എന്നതിനെ കാറ്റിൽ പറത്തുന്നുണ്ട് കിം. മായികമായൊരു രൂപത്തെ യഥാർത്ഥ ലോകത്തിലേക്ക്, കാഴ്ചയിലേക്ക് അഴിച്ചു വിട്ട സംവിധായകനാണ് കിം കി ഡുക്ക്.

3-Iron

മലയാളികളുടെ സ്വന്തം കിം കി ഡുക്ക് എന്നല്ലാതെ നമുക്ക് മഹാനായ ആ കൊറിയൻ ചലച്ചിത്രകാരനെ ഓർക്കാനാവില്ല. അത്രമേൽ നാം കാത്തിരുന്നിട്ടുണ്ട് കിം കി ഡുക്കിന്റെ ചിത്രങ്ങൾക്കായി. അത്രമേൽ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും നാം മറ്റൊരു ലോക ചലച്ചിത്രകാരനെയും നമ്മുടേതെന്ന് നെഞ്ചേറ്റിക്കാണില്ല. സാംസ്കാരിക പ്രവർത്തകനായ ശ്രീചിത്രൻ എം ജെ ഫേസ്ബുക്കിൽ കുറിച്ചത്, മാർക്കേസിനോളം മലയാളിയായിരുന്നു കിം കി ഡുക്ക് എന്നാണ്. മാർകേസിനോളം മറഡോണയോളം ഷേക്സ്പിയറോളം നാം നെഞ്ചേറ്റിയ മലയാളി തന്നെയായിരുന്നു കിം കി ഡുക്ക്. കെടുതിയുടെ ഈ കൊറോണക്കാലത്ത് കിം പോവുമ്പോൾ അതിനാൽ തന്നെ പറഞ്ഞറിയിക്കാനാവാത്ത വിധം നഷ്ടബോധമാണ് നമുക്കുള്ളത്. കിമ്മിനുള്ള ഓർമാദരമായി മുണ്ടുടുത്ത കിം കി ഡുക്കിന്റെ ഒരു ഗ്രാഫിറ്റി കാണുകയുണ്ടായി. മുണ്ടുടുത്ത ആ ബുദ്ധസന്യാസി നമുക്കൊരന്യബോധമാവാത്തത് അയാൾ അത്രത്തോളം നമ്മളായതിനാലാണ്.

Spring, Summer, Autumn, Winter… and Spring (2003)

എന്തു കൊണ്ടായിരിക്കാം കിമ്മിനെ മലയാളികൾ ഇത്രകണ്ട് നെഞ്ചേറ്റിയത്? ഒരു ലോക സിനിമയിൽ നിന്ന് നാം പ്രതീക്ഷിക്കുന്നതെല്ലാം അയാൾ തന്നു എന്നതുകൊണ്ടാവണം. നമ്മെ ഒരു സ്വപ്ന ലോകത്തിൽ തിരശ്ശീലയിൽ പ്രതിഷ്ഠിച്ചു എന്നത് കൊണ്ടാവണം. കിം കി ഡുക്ക് എന്ന സംവിധായകന് ലോകശ്രദ്ധ ലഭിക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ Spring, Summer, Fall, Winter and Summer എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രം തുടങ്ങുന്നത് ശാന്തമായൊരു ജലാശയത്തിനു നടുവിൽ ശാന്തമായി നിലകൊള്ളുന്ന ഒരു ബുദ്ധവിഹാരത്തിലേക്ക് തുറക്കപ്പെടുന്ന വാതിലിലൂടെയാണ്. വാസ്തവത്തിൽ ലോക സിനിമയിലേക്ക് നമുക്ക് മുന്നിൽ തുറക്കപ്പെട്ട വാതിൽ കൂടിയായിരുന്നു ആ രംഗം. ലോക സിനിമയെ ഒരു വലിയ വിഭാഗം ചലച്ചിത്ര പ്രേമികൾക്കുമുന്നിൽ അവതരിപ്പിക്കാൻ നമുക്ക് എളുപ്പം തിരഞ്ഞു പോവാവുന്ന ഒരു പേര് കിം കി ഡുക്കിന്റെതാണ്. കാഴ്ചയുടെയും ശബ്ദത്തിന്റെയും മായികമായ ലോകത്തേക്ക് അത് നമ്മെ കൂട്ടിച്ചെല്ലും. ഒരു ചലച്ചിത്ര വിദ്യാർത്ഥിക്ക്/ ചലച്ചിത്ര പ്രേമിക്ക് ലോക സിനിമയോടുള്ള താത്പര്യം ജനിപ്പിക്കാൻ ഒരു പക്ഷേ റഷ്യൻ മാസ്റ്റർ ചലച്ചിത്രകാരന്മാർക്കോ യൂറോപ്യൻ ചലച്ചിത്രങ്ങൾക്കോ ലാറ്റിനമേരിക്കൻ ചലച്ചിത്രങ്ങൾക്കോ കഴിഞ്ഞെന്നു വരില്ല. അവയുടെ ലോകത്തേക്ക് പ്രവേശിക്കണമെങ്കിൽ നമുക്ക് ധൈര്യപൂർവം തുറക്കാവുന്ന വാതിലാണ് കിം കി ഡുക്ക് സിനിമകൾ. വിശേഷിച്ചും Spring Summer Fall Winter and Spring എന്ന ചിത്രമൊക്കെ, അതുവരെ നാം കണ്ട ചലച്ചിത്ര കാഴ്ചാ രീതികളിൽ നിന്ന് നമ്മെ കുതറിമാറാൻ പ്രേരിപ്പിക്കുന്നതാണ്. ആ ചിത്രം ദൃശ്യപരമായി മാത്രമല്ല ദാർശനികമായും പുതിയൊരു മാനം സൃഷ്ടിക്കുന്ന ചിത്രമാണ്. ഒരു സെൻ കഥയിലേക്കാണ് നമ്മെ കിം കൂട്ടിക്കൊണ്ടു പോവുന്നത്. ശാന്തമായ ആ തടാകത്തിനു നടുവിൽ ജീവിക്കുന്ന ഒരു ബുദ്ധസന്യാസിയും അയാളുടെ ശിഷ്യനും. ഋതുഭേദങ്ങളിൽ അവർക്കു സംഭവിക്കുന്ന മാറ്റങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ ആത്മീയവും ഭൗതികവുമായ സമഗ്രമായൊരു ദർശനം മുന്നോട്ടു വെക്കുകയാണ് കിം. സ്വപ്നത്തിലേതു പോലൊരു ലോകത്തെ യാഥാർത്ഥ്യത്തിൽ പ്രതിഷ്ഠിക്കുകയാണ് കിം ചെയ്യുന്നത്. ഒരു ബുദ്ധവിഹാരം, ജലാശയം, ഒരു തോണി, ഒരു മത്സ്യം, തവള, പാമ്പ്, ഒരു പൂച്ച, ഒരു നായ്, ഒരു ആമ. പത്തിൽ താഴെ മനുഷ്യർ. വളരെ ചുരുങ്ങിയ പരിസരത്തിൽ വിശാലമായൊരു ലോകത്തെ അവതരിപ്പിച്ചതാണ് മാസ്റ്റർ എന്ന വിളിയിലേക്ക് കിമ്മിനെ ഉയർത്തിയത് എന്ന് കരുതാം. അത്ര കയ്യടക്കത്തോടെയാണ് കിം ഋതുഭേദങ്ങളുടെ ഈ ചലച്ചിത്രകാവ്യത്തെ സമീപിക്കുന്നത്. ഏതെങ്കിലും ഒരു ആക്ടിനെ ഒളിപ്പിച്ചു വെക്കാൻ കിമ്മിനില്ല. ഋതുഭേദങ്ങളുടെ ചക്രം പോലെയാണ് മനുഷ്യ ജീവിതവും എന്ന് തലക്കെട്ടിൽ തന്നെ വിളിച്ചു പറയുന്ന ഒരാൾക്ക് എന്താണ് ഒളിപ്പിക്കാനുള്ളത്? അയാൾക്ക് തുറക്കാനാണ് ഉണ്ടായിരുന്നത്. മായികമായ കാഴ്ചയിലേക്ക് തുറന്ന വാതിലുകൾ.

സമഗ്രമായ മനുഷ്യ ജീവിതത്തിന്റെ ദർശനമാണ് കിം കി ഡുക് ചലച്ചിത്രങ്ങൾ. ഭൗതികവും ആത്മീയവുമായ മാനങ്ങൾ അവയ്ക്കുണ്ട്. നാഗരികത, പണം, കോർപറേറ്റുകൾ, അതിർത്തികൾ, ഇവയിൽ പെട്ടു പോയ മനുഷ്യരുടെ സംഘർഷങ്ങൾ കിം പകർത്തി. കിം കി ഡുക്കിന്റെ ചലച്ചിത്രങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ വയലൻസ് എന്നു പറയുന്നത് ആ ചലച്ചിത്രകാരനോട് ചെയ്യുന്ന അനീതിയാണ്. ഗൗരവമായി കിമ്മിന്റെ സിനിമകളെ സമീപിക്കാത്തതിനാലാവണം അങ്ങനെ പറയുന്നത് അത് വാസ്തവത്തിലൊരു ചുരുക്കിക്കാണലുമാണ്. മനുഷ്യന്റെ അകമേ ഊറിക്കൂടിയ ഹിംസയെ കിം പുറത്തു കാണിക്കുന്നു. മനുഷ്യാസക്തികൾ, ആർത്തി, സ്വന്തമാക്കാനുള്ള തൃഷ്ണ എന്നിവയിൽ ഹിംസ അനിവാര്യമായും പ്രവർത്തിക്കുന്നു. അതിനാൽ അകമേ ഒരു സെൻസർ ബോർഡിനെ കിം കൊണ്ടു നടന്നിരുന്നില്ല.

കിം നിരന്തരമായ ഇടവേളകളിൽ സിനിമകളുമായെത്തി. അവയെ എല്ലാം നാം ആവേശത്തോടെ സ്വീകരിച്ചു. കാത്തിരുന്നു. ഷെഡ്യൂളിൽ കിം കി ഡുക്ക് എന്ന് കാണുമ്പോൾ സിനോപ്സിസ് പോലും വായിക്കാതെ നാം പ്രദർശനശാലകൾക്കു മുന്നിൽ ക്യൂ നിന്നു. ആ ക്യൂ പലപ്പോഴും വലിയ ജനസഞ്ചയങ്ങളായി. സംവിധാനം കിം കി ഡുക്ക് എന്ന് തിരശീലയിൽ തെളിയുമ്പോൾ നാം ആർപ്പുവിളിച്ചു. നമ്മെ കയ്യടിപ്പിക്കാൻ പാകത്തിലുള്ള കൗതുകങ്ങൾ കിം സിനിമയിലൊളിപ്പിച്ചു. അവ കണ്ട് നാം ആവേശരായി. പൂർണ സംതൃപ്തിയോടെ തിയറ്റർ വിട്ടു. 2013 ൽ രാജ്യാന്തര ചലച്ചിത്ര മേളക്ക് കിം കി ഡുക്ക് അതിഥിയായി വന്നപ്പോൾ ഏത് സൂപ്പർതാരത്തെയും അസൂയപ്പെടുത്തുന്ന വിധം അയാളെ ആൾക്കൂട്ടം ആർപ്പുവിളിയോടെ സ്വീകരിച്ചു. കിം കി ഡുക്കിനോടുള്ള നമ്മുടെ സ്നേഹമായിരുന്നത്.

The Net എന്ന ചിത്രത്തിൽ അതിർത്തി വലകളിൽ കുടുങ്ങി പോയ ഒരു മീൻപിടുത്തക്കാരൻ, The Bow യിൽ സ്വന്തമാക്കാനുള്ള തൃഷ്ണ, Arrirang ൽ സ്വന്തം ചലച്ചിത്ര യാത്ര. പിയത്ത, സമാരിറ്റൻ ഗേൾ, ദി ഐൽ... എണ്ണിയാൽ തീരാത്ത ആവേശക്കാഴ്ചകൾ.

തന്റെ ചലച്ചിത്ര ജീവിതത്തിൽ പകുതി മാത്രം തുഴഞ്ഞ ഒരു തോണിക്കാരനായിരുന്നു കിം. ഇനിയുമെത്രയോ കരകളിൽ തോണിപ്പാടു തീർക്കേണ്ടവൻ, പറഞ്ഞു തീരാത്തവൻ. ഇനിയുമൊരുപാടേറെ പറയാനുണ്ടായിരുന്നു കിമ്മിന്. കിം ചെയ്ത ചിത്രങ്ങളല്ല ചെയ്യാനിനിയും ബാക്കിയായ സിനിമകളാണ് നമുക്ക് നഷ്ടമാവുന്നത്. ഒരു പക്ഷേ തന്റെ ചലച്ചിത്രങ്ങളെ പോലെ യാഥാർത്ഥ്യത്തിനും സ്വപ്നത്തിനുമിടയിൽ സ്വന്തം മരണത്തെയും അയാൾ ഒളിപ്പിച്ചിട്ടുണ്ടാവാം. നിശ്ചയമായും അങ്ങനെയല്ലാതെ കിം കി ഡുക്കിന് ജീവിക്കാനും മരിക്കാനുമാവില്ലല്ലോ.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT