പ്രവാസിയുടെ മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാട്ടിലങ്ങിനെയൊരു ആകുലതയുണ്ടോ?.. വാര്‍ത്തയുണ്ടോ?. ചാനല്‍ ചര്‍ച്ചകളുണ്ടോ?, തലക്കെട്ടുകളുണ്ടോ..ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു
കേരളത്തിലെ ജനങ്ങളില്‍ കോവിഡ് സൃഷ്ടിച്ച ഭീതിയുടേയും ദുരിതത്തിന്റെയും പതിന്മടങ്ങാണ് ഈ മഹാമാരി ഗള്‍ഫ് മേഖലയില്‍ ജോലിയെടുക്കുന്ന മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. അനുദിനം വര്‍ധിച്ചു വരുന്ന മരണങ്ങള്‍, മതിയായ ചികിത്സ കിട്ടാതെ വിഷമിക്കുന്നവര്‍, ജോലിയില്ലാതെ താമസസ്ഥലങ്ങളില്‍ പുറത്തിറങ്ങാതെ കഴിയുന്നവര്‍, മാസങ്ങളായി ശമ്പളം കിട്ടാത്തവര്‍, സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കുന്ന സഹായങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍, സന്ദര്‍ശക വിസകളിലെത്തി തിരിച്ചു പോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്ന രോഗികള്‍, പ്രായമാവയവര്‍, ഗര്‍ഭിണികള്‍. നാട്ടില്‍ നിന്ന് എത്തേണ്ട അവശ്യ മരുന്നുകള്‍ കിട്ടാതെ വിഷമിക്കുന്നവര്‍.. ഗള്‍ഫില്‍ പ്രയാസപ്പെടുന്ന മലയാളികളുടെ പട്ടിക തയ്യാറാക്കിയാല്‍ അതിനിയും നീണ്ടു പോകും.
അത്യത്ഭുതമാണ് അവരുടെ കാര്യം.. കുബ്ബൂസും ഒരാഴ്ച പഴക്കമുള്ള ചൂടാക്കിയ കറിയും കഴിച്ച് ദിവസം തള്ളി നീക്കുന്നവര്‍. പത്തും പതിനഞ്ചും പേര് ഒന്നിച്ചുറങ്ങുന്ന ലേബര്‍ ക്യാമ്പുകളിലെ ഇടുങ്ങിയ റൂമുകളില്‍ പകലും രാത്രിയും കഴിച്ചു കൂട്ടുന്നവര്‍. ഭൂരിഭാഗം പേരുടെയും അവസ്ഥ അതാണ്.
എല്ലാ നേതാക്കന്മാരും സമയം കിട്ടുമ്പോഴൊക്കെ പ്രവാസികളുടെ കാര്യം പറയുന്നുണ്ട്, അവരോടുള്ള സ്‌നേഹവും ഇഷ്ടവും പങ്ക് വെക്കുന്നുണ്ട്. അവരോടുള്ള കടപ്പാടുകള്‍ ഊന്നിയൂന്നി പറയുന്നുണ്ട്. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന വിദേശപണം കൊണ്ട് നാട് മെച്ചപ്പെട്ട കഥകള്‍ അയവിറക്കുന്നുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോഡി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ അതില്‍ ഏകാഭിപ്രായക്കാരാണ്. ഇടത് പക്ഷത്തും വലതുപക്ഷത്തും അതില്‍ എതിരഭിപ്രായക്കാരില്ല.. പ്രവാസികള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാര്‍ക്കിടയിലെല്ലാം വാശിയേറിയ ഒരു മത്സരം തന്നെയുണ്ട്, പക്ഷെ പ്രവൃത്തി പഥത്തില്‍ പ്രവാസികള്‍ക്ക് മുന്നില്‍ തെളിയുന്നത് ഒരേയൊരു കാന്‍വാസാണ്, അവഗണനയുടെ കാന്‍വാസ്.
കേരളം കോവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ലോകത്തിന് തന്നെ മാതൃക തീര്‍ത്ത് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചപ്പോള്‍ അതില്‍ അഭിമാനം കൊണ്ടവരാണ് പ്രവാസികള്‍. ടെസ്റ്റിംഗ്, ട്രേസിങ്, റൂട്ട് മാപ്പിംഗ്, ക്വാറന്റൈന്‍ എന്നിങ്ങനെ നാട്ടില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് ഒരു കേരളീയനായതില്‍ അഭിമാനിച്ചിരിക്കുമ്പോഴും നാട്ടില്‍ നിന്നൊരു മരണവാര്‍ത്ത എത്തിയാല്‍ ഉറക്കം നഷ്ടപ്പെടുന്നവരാണവര്‍ . വീട്ടുകാരെ വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് ആകുലപ്പെടുന്നവര്‍, അവരുടെ സുരക്ഷ ഉറപ്പ് വരുത്താനും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും പാട് പെടുന്നവര്‍, പട്ടിണിക്കിടയിലും കടം വാങ്ങിച്ച് നാട്ടിലേക്ക് പണമയക്കാന്‍ മണി എക്സ്ചേഞ്ചുകളിലേക്ക് ഓടുന്നവര്‍.. എന്നാല്‍ പ്രവാസിയുടെ മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാട്ടിലങ്ങിനെയൊരു ആകുലതയുണ്ടോ?.. വാര്‍ത്തയുണ്ടോ?. ചാനല്‍ ചര്‍ച്ചകളുണ്ടോ?, തലക്കെട്ടുകളുണ്ടോ.. ഒന്നും കാണാറില്ല.. ഗള്‍ഫില്‍ ഇന്ന് പത്ത് മലയാളികള്‍ മരിച്ചു എന്നൊരു സ്‌ക്രോള്‍ ന്യൂസ് കാണാം. മൊത്തം വിദേശത്ത് മരിച്ച ആളുകളുടെ എണ്ണത്തില്‍ ആ പത്തും കൂട്ടിച്ചേര്‍ത്തുള്ള ഒരു സംഖ്യ പറയുന്നത് കേള്‍ക്കാം. തീര്‍ന്നു.. പ്രവാസികളുടെ കാര്യം അത്രയേ ഉള്ളൂ..
അത്യത്ഭുതമാണ് അവരുടെ കാര്യം.. കുബ്ബൂസും ഒരാഴ്ച പഴക്കമുള്ള ചൂടാക്കിയ കറിയും കഴിച്ച് ദിവസം തള്ളി നീക്കുന്നവര്‍. പത്തും പതിനഞ്ചും പേര് ഒന്നിച്ചുറങ്ങുന്ന ലേബര്‍ ക്യാമ്പുകളിലെ ഇടുങ്ങിയ റൂമുകളില്‍ പകലും രാത്രിയും കഴിച്ചു കൂട്ടുന്നവര്‍. ഭൂരിഭാഗം പേരുടെയും അവസ്ഥ അതാണ്.. കുടുംബവും ഫ്ളാറ്റും കാറും ഉയര്‍ന്ന ജോലിയും ശമ്പളവും ബിസിനസ്സും ഉള്ളവരുണ്ട്. പക്ഷെ അവരുടെ ശതമാനം കുറവാണ്. ഈ പറഞ്ഞ ഏത് വിഭാഗത്തില്‍ പെട്ടവര്‍ ആണെങ്കിലും അവര്‍ക്കൊക്കെയും പ്രവാസികള്‍ എന്ന നിലക്ക് ചില പൊതുരീതികളും സ്വഭാവങ്ങളുമുണ്ട്.. പ്രവാസം സൃഷ്ടിച്ച ചില രീതിശാസ്ത്രങ്ങളുണ്ട്.. അതിലൊന്നാണ് നാട്ടിലേക്കുള്ള വിളികളും ക്ഷേമാന്വേഷണങ്ങളും. പ്രവാസിയുടെ മാത്രം ഉത്തരവാദിത്വമാണത്. നാട്ടിലെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍, വാര്‍ത്തകള്‍ കേട്ടാല്‍ പ്രവാസികളുടെ വിളികളുടെ കുത്തൊഴുക്കാണ് നാട്ടിലേക്ക്.. അന്വേഷണങ്ങള്‍, ആകുലതകള്‍, സഹായങ്ങള്‍. ആ വിളികള്‍ക്ക് പിറകെ അതൊക്കെയും പ്രവഹിക്കും.. എന്നാല്‍ ഗള്‍ഫില്‍ ഒരു പ്രശ്‌നമുണ്ടായാല്‍, പ്രവാസികളുടെ ദുരിത വാര്‍ത്തകള്‍ കേട്ടാല്‍ തിരിച്ചിങ്ങോട്ടൊരു വിളി, അതാരും പ്രതീക്ഷിക്കരുത്. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണത്. അപ്പോഴും പ്രവാസി അങ്ങോട്ട് വിളിച്ചു പറയണം, എനിക്കിവിടെ കുഴപ്പമൊന്നുമില്ല കെട്ടോ, ഞാനിവിടെ സുരക്ഷിതനാണ് കെട്ടോ.. വാര്‍ത്തകള്‍ കേട്ട് വിഷമിക്കേണ്ട കെട്ടോ.. ഈ കോവിഡ് കാലത്തും സംഭവിക്കുന്നത് മറിച്ചല്ല, പ്രവാസലോകത്ത് നിന്നുള്ള മരണത്തിന്റെ കണക്കുകള്‍ അന്തരീക്ഷത്തില്‍ പാറി നടക്കുമ്പോഴും ഇവിടെ നിന്ന് അങ്ങോട്ട് വിളിച്ചു പറയണം എനിക്കിവിടെ കുഴപ്പമൊന്നുമില്ല എന്ന്, ഞാനിപ്പോഴും മരിച്ചിട്ടില്ല എന്ന്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏഴ് മലയാളികള്‍ സൗദിയില്‍ മരിച്ചു എന്ന സ്‌ക്രോള്‍ ന്യൂസാണ് ഇതെഴുതുമ്പോള്‍ കാണുന്നത്. ഇരുന്നൂറിലധികം മലയാളികള്‍ ഇതിനകം ഗള്‍ഫില്‍ കോവിഡ് മൂലം മരിച്ചു വീണു എന്ന് ഒരു ഏകദേശ കണക്ക് പറയാമെന്നല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും പെടാത്തതുമായി എത്ര മലയാളി മരണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഇപ്പോള്‍ പറയുക വയ്യ.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് മനുഷ്യരാണ് നാട്ടിലെത്താനായി പേര്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. എത്രയിടങ്ങളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് മാത്രമേ അറിയൂ.. ദിവസേന ഫ്ളൈറ്റുകള്‍ പറന്നാല്‍ പോലും അവരെയൊക്കെയും നാട്ടിലെത്തിക്കുവാന്‍ മാസങ്ങളെടുക്കും എന്നത് ഉറപ്പാണ്. ആഴ്ചയിലൊരു ചെറിയ ഫ്ളൈറ്റ്. പേരിനൊരു വന്ദേ ഭാരത് മിഷന്‍. ലക്ഷക്കണക്കിന് മലയാളികള്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഗള്‍ഫ് നഗരങ്ങളില്‍ നിന്നുള്ള അവസ്ഥയാണിത്. ഇങ്ങനെയാണ് ഇവാക്ക്വേഷന്‍ മിഷനെങ്കില്‍ രണ്ടായിരത്തി ഇരുപത് പിന്നിട്ടാലും നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നവര്‍ ഗള്‍ഫില്‍ തന്നെ തുടരേണ്ടി വരും. അതുകൊണ്ടാണ് വില കൂടിയ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകള്‍ പോലും ബുക്ക് ചെയ്ത് അടിയന്തര അവസ്ഥകളുള്ളവരെ നാട്ടിലെത്തിക്കാന്‍ കെഎംസിസി യെ പ്പോലുള്ള സന്നദ്ധ സംഘടനകള്‍ ശ്രമിക്കുന്നത്.
അതിനിടയിലാണ് ചാർട്ടേർഡ് ഫ്ലൈറ്റുകൾക്ക് വന്ദേ ഭാരത് ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്കിനേക്കാൾ വിലയിടാക്കരുതെന്ന വിചിത്ര നിർദ്ദേശവുമായി കേരള സർക്കാർ രംഗത്ത് വന്നിട്ടുള്ളത്.. ഫലത്തിൽ ഇത് ആ സംവിധാനത്തേയും ഇല്ലാതാക്കും
വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍, തൊഴില്‍ കരാറുകളും ഉടമ്പടികളും, വിസ ചട്ടങ്ങള്‍,വിമാനത്താവളങ്ങളുടെയും വിമാന സര്‍വീസുകളുടെയും ചുമതല, എംബസ്സി കോണ്‍സുലേറ്റ് സര്‍വീസുകള്‍ തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടേയും അതോറിറ്റി കേന്ദ്രസര്‍ക്കാര്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വിഷയങ്ങളില്‍ ഇടപെടാനും സ്വാതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും കഴിയില്ല എന്നത് സത്യമാണ്. അതുകൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹം വിദേശ രാജ്യങ്ങളില്‍ അനുഭവിക്കുന്ന മുഴുവന്‍ പ്രയാസങ്ങളുടെയും പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വരിക കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അതില്‍ നിന്ന് കൈ കഴുകാന്‍ അവര്‍ക്കാവില്ല.
ആഴ്ചയിലൊരിക്കല്‍ പോകുന്ന വിമാനങ്ങളില്‍ പോകാനുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കുന്ന പണി മാത്രമാണ് ഇപ്പോള്‍ പ്രവാസ ലോകത്ത് എംബസ്സികളും കോണ്‍സുലേറ്റുകളും ചെയ്യുന്നതായി പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുന്നത്. മറ്റെവിടേയും അവരുടെ സാന്നിധ്യം കാണുന്നില്ല. എന്നാല്‍ ഈ കൊടിയ പ്രയാസങ്ങളുടെ കാലത്തും സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി സന്നദ്ധ സേവനം നടത്തുന്ന സംഘടനകളുടെ പ്രവര്‍ത്തകരെ എവിടേയും കാണാന്‍ പറ്റും. കെ എം സി സിയുടെ പേര് ഇവിടെ പരാമര്‍ശിക്കാതെ പോകുന്നത് അത് കൊണ്ട് തന്നെ വലിയൊരു പാതകമാകും. ഈ കോവിഡ് കാലത്ത് ഗള്‍ഫ് മേഖലയില്‍ ഏതെങ്കിലും ഒരു സന്നദ്ധ സംഘടനയെ മനസ്സ് തുറന്ന് അഭിനന്ദിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് കെ എം സി സിയെ ആണ്.. ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന തൊഴിലാളികള്‍ക്ക് അതെത്തിച്ചു കൊടുക്കുന്നതില്‍, അവശ്യ മരുന്നുകള്‍ എത്തിക്കുന്നതില്‍, മരിച്ച മനുഷ്യരുടെ മയ്യത്തുകള്‍ കബറടക്കുന്നതില്‍, എല്ലായിടത്തും കാണുന്നത് അവരുടെ സാന്നിധ്യമാണ്. ആ സാന്നിധ്യത്തെ ഇപ്പോള്‍ അഭിനന്ദിച്ചില്ലെങ്കില്‍ പിന്നെയെപ്പോള്‍ അഭിനന്ദിക്കും.. അവര്‍ മാത്രമാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് തെറ്റിദ്ധരിക്കരുത്, മറ്റ് സന്നദ്ധ സംഘടനകളും അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യാവുന്നത് ചെയ്യുന്നുണ്ട്, എടുത്തു പറയേണ്ടതുണ്ടെന്ന് തോന്നിയതിനാല്‍ കെ എം സി സിയുടെ പേര് പറഞ്ഞു എന്ന് മാത്രം.
അതാതിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് ഇടപെടാന്‍ സാധിക്കുന്ന നിരവധി മേഖലകളുണ്ട്, ഒരു പ്രവാസി കോവിഡ് മൂലം മരിച്ചു കഴിഞ്ഞാല്‍ ഒരു കടലാസില്‍ ഒപ്പിട്ടു കൊടുക്കുക മാത്രമല്ല അവരുടെ ഉത്തരവാദിത്വം. മരിച്ച മനുഷ്യന്റെ തൊഴിലുടമയുമായി ബന്ധപ്പെട്ട് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കുടുംബങ്ങള്‍ക്ക് നേടിക്കൊടുക്കുന്നതിലും, മരിച്ചവരുടെ കൂടെ കഴിഞ്ഞിരുന്ന തൊഴിലാളികളുടെ ചികിത്സ ഉറപ്പ് വരുത്തുന്നതിലും അവര്‍ക്ക് ഇടപെടാന്‍ കഴിയും. വൈദ്യസഹായം കിട്ടാതെ വിഷമിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കാനും ഇടപെടാനും കഴിയും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കാന്‍ വേണ്ട ഡോക്യൂമെന്റുകള്‍ തയ്യാറാക്കി നല്‍കാന്‍ സാധിക്കും. പ്രവാസികളെ പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍ അവര്‍ക്ക് ഇത്തരമൊരു ദുരിതകാലത്ത് പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര മേഖലകളുണ്ട്, എന്നാല്‍ എത്ര പ്രവാസികള്‍ കോവിഡ് മൂലം മരിച്ചു വീണിരിക്കുന്നു എന്ന പ്രാഥമിക കണക്ക് പോലും അവരുടെ കൈവശമുണ്ടോ എന്നത് സംശയകരമാണ്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏഴ് മലയാളികള്‍ സൗദിയില്‍ മരിച്ചു എന്ന സ്‌ക്രോള്‍ ന്യൂസാണ് ഇതെഴുതുമ്പോള്‍ കാണുന്നത്. ഇരുന്നൂറിലധികം മലയാളികള്‍ ഇതിനകം ഗള്‍ഫില്‍ കോവിഡ് മൂലം മരിച്ചു വീണു എന്ന് ഒരു ഏകദേശ കണക്ക് പറയാമെന്നല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും പെടാത്തതുമായി എത്ര മലയാളി മരണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഇപ്പോള്‍ പറയുക വയ്യ. മരിച്ച വ്യക്തിയുടെ സുഹൃത്തുക്കളോ ബന്ധുക്കളോ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവാസ ലോകത്തെ മരണത്തിന്റെ കണക്കുകള്‍ പുറത്തു വരുന്നത്. അതല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍. അതൊന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവര ശേഖരണത്തിന്റെ ഭാഗമായി നടക്കുന്ന ഒന്നല്ല. രേഖകളുടെ പിന്‍ബലമുള്ള ഒന്നല്ല, അതുകൊണ്ട് തന്നെ മരിച്ച കുടുംബങ്ങള്‍ക്കുള്ള സഹായങ്ങള്‍, അവരുടെ അതിജീവനത്തിന് വേണ്ട പദ്ധതികള്‍, ഇവയിലൊന്നും പ്രവാസികള്‍ പെടുന്നില്ല.. അവര്‍ എവിടെയൊക്കെയോ മരിച്ചു വീഴുന്നു, അവരുടെ മയ്യത്തുകള്‍ എവിടെയൊക്കെയോ സംസ്‌കരിക്കപ്പെടുന്നു, സംസ്‌കരിക്കപ്പെടാത്തവ ഏതൊക്കെയോ മോര്‍ച്ചറികളില്‍ സൂക്ഷിപ്പെടുന്നു. ഭീതി വേണ്ട, ജാഗ്രത മതി എന്ന് എത്ര തവണ നിങ്ങള്‍ പറഞ്ഞാലും ഭീതിപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെയാണ് ഓരോ പ്രവാസിയും കടന്നു പോകുന്നത് എന്ന് ചുരുക്കം.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ബസ്സ് കാത്ത് കഴിയുന്ന മനുഷ്യരാണ് ഇവിടെ വിഷയം. അതുകൊണ്ടു തന്നെ അവരെക്കുറിച്ചുള്ള പുകഴ്ത്തലുകള്‍ ഇപ്പോള്‍ വേണ്ട, അവര്‍ നേടിത്തന്ന വിദേശ നാണയത്തെക്കുറിച്ചുള്ള കണക്കുകള്‍ വേണ്ട, കേരളത്തെ മാറ്റിമറിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ വേണ്ട, ഈ ദുരിത കാലത്ത് അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കാണാനുള്ള ഒരു കണ്ണ് മാത്രം മതി, അതിനെന്തെങ്കിലും പരിഹാരം കാണാനുള്ള മനസ്സുണ്ടായാല്‍ മാത്രം മതി.. അതുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് പ്രവാസികള്‍ ഇപ്പോള്‍ ചോദിക്കുന്ന ഒരേയൊരു ചോദ്യം.