Opinion

കേരള ബജറ്റ് 2021; പൂര്‍ണരൂപം

1. നേരം പുലരുകയും

സൂര്യൻ സർവതേജസോടെ ഉദിക്കുകയും

കനിവാർന്ന പൂക്കൾ വിരിയുകയും

വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും

നാം കൊറോണയ്ക്കെതിരെ

പോരാടി വിജയിക്കുകയും

ആനന്ദം നിറഞ്ഞ പുലരിയെ

തിരികെ എത്തിക്കുകയും ചെയ്യും...

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിതയോടെ 2021-22 ലേയ്ക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഞാൻ ആരംഭിക്കട്ടെ.

2. കൊവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ട്. ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന പിണറായി സർക്കാർ തന്നെയാണ് ജനങ്ങളിൽ ഈ ആത്മവിശ്വാസം സൃഷ്ടിച്ചത് എന്ന് അഭിമാനത്തോടെയും വിനയത്തോടെയും അവകാശപ്പെടട്ടെ. സർക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണ്. സർ, ഭൂതകാലത്തിന്റെ ക്ഷേമനേട്ടങ്ങൾ നിലനിർത്തിക്കൊണ്ട്, പുതിയ വികസനപാതയിലേയ്ക്കു വഴി തെളിയിക്കുന്നവയായിരുന്നു കഴിഞ്ഞ അഞ്ച് ബജറ്റുകളും. ഈ നിലപാടിന്റെ തുടർച്ചയാണ് 2021-22ലേയ്ക്കുള്ള ബജറ്റ്. ആത്മവിശ്വാസത്തിന്റെ കരുത്തോടെ പറയട്ടെ, കൊവിഡാനന്തര കേരളത്തിന്റെ വികസന മുൻഗണനകളുടെയും മുൻകൈകളുടെയും രൂപരേഖയാണ് ഈ ബജറ്റ്.

3. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന്റെ ആദരവ് നേടി. ആദ്യഘട്ടത്തിൽ വ്യാപനത്തെത്തന്നെ തടയുന്നതിൽ വിജയിച്ചു. എന്നാൽ ഇപ്പോൾ വ്യാപനരേഖ വീണ്ടും മുകളിലേയ്ക്ക് ഉയരുകയാണ്. പക്ഷെ, ചികിത്സാ സൗകര്യങ്ങൾ കൊവിഡ് വ്യാപനരേഖയുടെ മുകളിൽ നിലനിർത്തുന്നതിനു നമ്മൾ വിജയിച്ചതുകൊണ്ട് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ തളയ്ക്കാൻ കഴിഞ്ഞു. ആരോഗ്യ ഇടപെടൽ ഫലപ്രദമല്ലായിരുന്നുവെങ്കിൽ മരണം പലമടങ്ങായി ഉയർന്നേനെ. സർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് സേന, റവന്യു ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി മുഴുവൻ കൊവിഡ് പോരാളികളെയും അഭിനന്ദിക്കുന്നതിന് സഭ എന്നോടൊപ്പം ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്.

4. കോവിഡിനു മുന്നിൽ പകച്ചു നിൽക്കാൻ നാം തയ്യാറല്ല. നമ്മുടെ കുട്ടികളടക്കം അതിജീവനത്തിന്റെ പുതുവഴികളെക്കുറിച്ചാണ് സ്വപ്നം കാണുന്നത്. തിരുവനന്തപുരം മടവൂർ എൻഎസ്എസ് എച്ച്എസ്എസിലെ ആർ.എസ്. കാർത്തികയുടെ പ്രത്യാശ പങ്കുവയ്ക്കട്ടെ...

യുദ്ധം ജയിച്ചിടും

യുവസൂര്യനുദിച്ചിടും

മുന്നോട്ടു നടന്നിടും നാമിനിയും

വിജയഗാഥകൾ ചരിത്രമായി വാഴ്ത്തിടും

കേരളത്തിന്റെ വിജയഗാഥ ലോകചരിത്രത്തിന്റെ ഭാഗമാകുമെന്ന പ്രത്യാശ പാഴാകില്ലെന്ന് ഈ ബജറ്റ് ഉറപ്പുനൽകുന്നു.

കേരളത്തിന്റെ ബദൽ

5. ഒരു ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി എടുക്കാവുന്ന നിലപാടുകൾക്ക് കർശനമായ പരിധിയുണ്ട്. എങ്കിലും കേരളം സ്വീകരിച്ച നടപടികൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു മനസോടെയാണ് നാം അതിജീവനത്തിന്റെ പുതിയ അധ്യായം രചിച്ചത്. തോൽക്കാൻ മനസില്ലാത്ത ഒരു ജനതയുടെ ഇച്ഛാശക്തിയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ആ പോരാട്ടം നമ്മുടെ കുട്ടികളുടെ ഹൃദയത്തിൽ എങ്ങനെ പതിഞ്ഞുവെന്ന് നോക്കൂ. വയനാട് കണിയാമ്പറ്റ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കെ.എച്ച്. അളകനന്ദയുടെയാണ് വരികൾ.

ഒരു പ്രോട്ടീൻ പാളിയ്ക്കുള്ളിൽ നിന്ന് നീ

ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ

തോറ്റുപോകാതിരിക്കാൻ കൂടി

ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു

ആയിരം യുദ്ധചരിത്രങ്ങൾ പോലും

പഠിപ്പിക്കാത്ത മഹത്തായ പുസ്തകം

സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു...

പ്രതിസന്ധിയുടെയും വിവേചനത്തിന്റെയും മുന്നിൽ പകച്ചു നിൽക്കാനല്ല, സ്വന്തം പാത കണ്ടെത്തി, ലോകത്തിനു മാതൃകയായ ഒരു പാഠം രചിക്കുകയായിരുന്നു സർക്കാർ ചെയ്തത്. കൂടപ്പിറപ്പുകൾക്കു കരുത്തു നൽകാൻ

ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ

നല്ല ലക്ഷ്യബോധമുള്ളൊരു

സർക്കാരുമുണ്ടുകൂടെ

എന്നാണ് അയ്യൻ കോയിക്കൽ ഗവ. എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി കനിഹ എഴുതിയത്.

എന്തൊക്കെയാണ് സർക്കാർ ചെയ്തത് എന്ന് ചുരുക്കിപ്പറയാം.

6. ഒന്ന്, കൊവിഡിന് സൗജന്യചികിത്സ മുഴുവൻ പേർക്കും ഉറപ്പുവരുത്തി. ആരോഗ്യവകുപ്പിന്റെ ചെലവുകൾ എല്ലാവിധ ധനകാര്യ നിയന്ത്രണങ്ങളിൽ നിന്നും സ്വതന്ത്രമാക്കി. മരുന്ന്, താൽക്കാലിക ജീവനക്കാരുടെ നിയമനം, കൊവിഡ് സെന്ററുകൾ സ്ഥാപിക്കൽ, ക്വാറന്റൈൻ - റിവേഴ്സ് ക്വാറന്റൈൻ നടപടികൾ തുടങ്ങിയവയെല്ലാം നമ്മുടെ കൊവിഡ് പ്രതിരോധത്തെ മികവുറ്റതാക്കി. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കരുത്ത് ഒരിക്കൽക്കൂടി ലോകശ്രദ്ധ നേടി. കേരള പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്. 221 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതിയ തസ്തികകൾ വേണം. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള തസ്തികകൾ മെഡിക്കൽ കോളേജുകളിൽ ഉറപ്പുവരുത്തണം. മറ്റ് ആശുപത്രികളിൽ കിഫ്ബി വഴി സൃഷ്ടിച്ച പുതിയ സൗകര്യങ്ങളുടെ പൂർണ്ണ വിനിയോഗത്തിനും ആവശ്യമായ തസ്തികകൾ കൂടിയേതീരൂ.

സർ, 2021-22ൽ 4000 തസ്തികകൾ ആരോഗ്യ വകുപ്പിൽ സൃഷ്ടിക്കും. ഇവ ഏതൊക്കെ മേഖലകളിൽ ഏതൊക്കെ തലങ്ങളിൽ വേണമെന്നത് ആരോഗ്യ വകുപ്പിനു തീരുമാനിക്കാം.

7. രണ്ട്, കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിൽ നമ്മൾ ഊന്നി. ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിൽത്തന്നെ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് കേരളം പ്രഖ്യാപിച്ചു. കുടിശികകൾ മുഴുവൻ തീർത്തു. പെൻഷൻ വർദ്ധിപ്പിച്ചു. പെൻഷൻ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങൾക്കും ഇതിലൊന്നും ഉൾപ്പെടാത്ത കുടുംബങ്ങൾക്കും പ്രത്യേക ധനസഹായം നൽകി. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യകിറ്റും കമ്മ്യൂണിറ്റി കിച്ചണുകളും ആരംഭിച്ചു. കുടുംബശ്രീ വഴി 2000 കോടി രൂപ പലിശരഹിത ഉപഭോക്തൃവായ്പയായി സാധാരണക്കാരുടെ വീടുകളിലെത്തിച്ചു.

സർ, എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തുന്നു.

8. മൂന്ന്, തദ്ദേശ ഭരണസ്ഥാപനങ്ങളെ പൂർണമായി കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാക്കി. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ചെലവുകൾ പ്ലാൻ ഫണ്ടിൽ നിന്ന് നടത്താമെന്നും ഈ അധികച്ചെലവ് വർഷാവസാനം അധികഗ്രാന്റായി നൽകുമെന്നും വ്യക്തമാക്കി. സംസ്ഥാന ധനകാര്യസ്ഥിതിയെക്കുറിച്ചുള്ള റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ ഒരുപേജ് കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങളെ പ്രകീർത്തിക്കുന്നതിനു നീക്കിവച്ചിരിക്കുന്നു.

സർ, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിക്കുന്നു. സംസ്ഥാന ഫിനാൻസ് കമ്മീഷൻ നിർദ്ദേശിച്ചതുപോലെ വികസന ഫണ്ട് 25 ശതമാനത്തിൽ നിന്നും 26 ശതമാനമായി ഉയർത്തുന്നു. മെയിന്റനൻസ് ഫണ്ട് 6 ശതമാനത്തിൽ നിന്നും 6.5 ശതമാനമായി ഉയർത്തുന്നു. ജനറൽ പർപ്പസ് ഫണ്ട് 3.5 ശതമാനത്തിൽ നിന്നും 4 ശതമാനമായി ഉയർത്തുന്നു.

9. നാല്, ഇതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു പ്രതിഭാസത്തിനുകൂടി കേരളം സാക്ഷ്യം വഹിച്ചു. കിഫ്ബി ഫണ്ടിംഗ് ഉപയോഗപ്പെടുത്തി നടപ്പാക്കപ്പെടുന്ന 60000 കോടി രൂപയുടെ ഉത്തേജകപാക്കേജ് ആണ് ആ സവിശേഷത. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനതല മാന്ദ്യവിരുദ്ധ പശ്ചാത്തലസൗകര്യ പാക്കേജ് കേരളത്തിലാണ് നടപ്പാക്കുന്നത്.

സർ, 2021-22ൽ 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും.

10. അഞ്ച്, ലോക്ഡൗണിൽ നിന്ന് പുറത്തു കടക്കുന്നതിന് സർക്കാർ ഭരണയന്ത്രത്തെ പ്രാപ്തമാക്കുന്നതിന് മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടി പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങൾ പൂർണമായി നടപ്പായി. 50000 തൊഴിലുകൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ സ്ഥലത്ത് ഒരു ലക്ഷത്തിലേറെ തൊഴിലുകൾ സൃഷ്ടിച്ചു. കാർഷിക മേഖലയിലും വലിയൊരു കുതിപ്പിന് സുഭിക്ഷ കേരളം വഴിയൊരുക്കി. സമയബന്ധിതമായി പ്രൊജക്ടുകൾ പൂർത്തീകരിക്കപ്പെട്ടു. ഇപ്പോൾ 10000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ രണ്ടാം കർമ്മപരിപാടിയായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

2021-22 ൽ 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും- 3 ലക്ഷം തൊഴിലവസരങ്ങൾ അഭ്യസ്തവിദ്യർക്കും 5 ലക്ഷം തൊഴിലവസരങ്ങൾ മറ്റുള്ളവർക്കും.

സാമ്പത്തിക പ്രതിസന്ധി

11. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കഴിഞ്ഞ ബജറ്റ് പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ വർഷത്തെ അവസാനപാദത്തിലെ കണക്കുകൾ പ്രകാരം സാമ്പത്തികവളർച്ച കേവലം 3.1 ശതമാനം മാത്രമായിരുന്നു. അതിനുശേഷമാണ് കോവിഡ് പകർച്ചവ്യാധി രാജ്യത്തെ ഗ്രസിച്ചത്. ലോക്ഡൗണും ചരക്കുകടത്ത് തടസ്സങ്ങളും വിതരണ ശൃംഖലകളെ തകർത്തു. തൊഴിലില്ലായ്മ സൃഷ്ടിച്ച വരുമാന ഇടിവുമൂലം ഡിമാന്റും തകർന്നു. ആഗോള ഉൽപാദനം 4.9 ശതമാനം കേവലമായി ചുരുങ്ങും എന്നാണ് കണക്കാക്കപ്പെടുന്നത്. ‘കച്ചവടമില്ലാ കാലം, വേലയും കൂലിയുമില്ലാതെ മനുഷ്യൻ വീട്ടിലിരിപ്പൂ’ എന്നാണ് തോട്ടട, ഗവ. ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നവാലു റഹ്മാൻ ഈ അവസ്ഥയെ വരച്ചിടുന്നത്.

12. അമേരിക്കയുടെ നിഷേധാത്മക നിലപാടുമൂലം പകർച്ചവ്യാധിയെയും സാമ്പത്തികപ്രതിസന്ധിയെയും പ്രതിരോധിക്കുന്നതിന് ആഗോളമായി യോജിച്ചൊരു സമീപനം രൂപപ്പെട്ടില്ല. വികസിതരാജ്യങ്ങൾ പൊതുവിൽ ഡിമാന്റിനെ ഉത്തേജിപ്പിക്കുന്നതിന് വൻതോതിൽ സർക്കാർ ചെലവ് വർദ്ധിപ്പിച്ചു. ഏറ്റവും പാവപ്പെട്ട രാജ്യങ്ങൾക്കാകട്ടെ, ഇത്തരത്തിലൊരു സമീപനം സ്വീകരിക്കാനുള്ള പ്രാപ്തിയില്ല. അവർക്ക് നൽകിയ ആഗോളസഹായം നന്നേ ചെറുതുമായിരുന്നു. ഇന്ത്യപോലുള്ള വികസ്വര രാഷ്ട്രങ്ങളുടെ നയം ഇവയ്ക്കു രണ്ടിനുമിടയിലാണ്.

13. കേന്ദ്രസർക്കാരിന്റെ ഉത്തേജന പാക്കേജിന് ബജറ്റിൽ നിന്നുള്ള യഥാർത്ഥത്തിൽ അധികച്ചെലവ് ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനത്തോളമേ വരൂ. ആരോഗ്യമേഖലയിൽപ്പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയിട്ടില്ല. ഇത്തരമൊരു നയംമൂലം ലോകത്ത് ഏറ്റവും രൂക്ഷമായ സാമ്പത്തികമാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇന്ന് ഇന്ത്യ. ഈ വർഷത്തെ ആദ്യപാദത്തിൽ ആഗോള ഉൽപാദനം 10 ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യാരാജ്യത്തെ ഉൽപാദനം 23 ശതമാനമാണ് ഇടിഞ്ഞത്. നമ്മുടെ വീണ്ടെടുപ്പും താരതമ്യേനെ ദുർബലമാണ്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണം.

കേന്ദ്ര വിവേചനം

14. കേന്ദ്ര സർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്തെ മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് സമാശ്വാസം നൽകുന്നതും ചികിത്സ ഉറപ്പുവരുത്തുന്നതും സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. സംസ്ഥാന സർക്കാരുകളുടെ വരുമാനം കൊവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്ന് കുറഞ്ഞു. കേന്ദ്രനികുതി വരുമാനം ഇടിഞ്ഞതുകൊണ്ട് ധനകാര്യകമ്മിഷൻ വഴിയുള്ള കേന്ദ്രധനസഹായവും കുറഞ്ഞു. കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ചു താമസിപ്പിക്കുകയും ചെയ്തു. പൂർണമായി നൽകുന്നതിന് ഇപ്പോഴും തയ്യാറായിട്ടുമില്ല. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ രണ്ടു ശതമാനം കൂടുതൽ വായ്പയെടുക്കുന്നതിന് അനുവദിച്ചെങ്കിലും കർക്കശമായ നിബന്ധനകൾമൂലം ഒരു സംസ്ഥാനത്തിനും പൂർണമായി ഇത് ഉപയോഗപ്പെടുത്താനാവില്ല. ഇവയെല്ലാം മൂലം മാന്ദ്യകാലത്ത് ചെലവ് ചുരുക്കുന്നതിന് സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതും പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.

15. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പൂർണ റിപ്പോർട്ട് ഇനിയും ലഭ്യമായിട്ടില്ല. കേരളത്തിന്റെ നികുതിവിഹിതം പതിനാലാം ധനകാര്യ കമ്മിഷന്റെ കാലത്ത് 2.34 ശതമാനം ആയിരുന്നത് 2020-21ൽ 1.94 ശതമാനമായി താഴ്ന്നു. ഇനിയുള്ള വർഷങ്ങളിലും ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ല. സംസ്ഥാനങ്ങളുടെ വായ്പകളുടെ മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ ഫിനാൻസ് കമ്മിഷൻ തയ്യാറാകുമോ എന്ന ആശങ്കയും പ്രബലമാണ്. കൂടുതൽ കർക്കശമായ ധനഉത്തരവാദിത്ത നിയമം വേണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ബജറ്റിന് പുറത്തുള്ള വായ്പകളുടെ മേലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കമുണ്ട്. ഇവയോടെല്ലാമുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ സമീപനം സംസ്ഥാന ധനകാര്യസ്ഥിതിയുടെ മേൽ ഡെമോക്ലിസിന്റെ വാളുപോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

16. കിഫ്ബിയ്ക്കെതിരായി സംഘടിതമായ നീക്കങ്ങൾ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ലെ ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ടിൽ 1999 മുതൽ നിലവിലുണ്ടായിരുന്നതും സഭ രണ്ടു പ്രാവശ്യം ചർച്ച ചെയ്തു പാസാക്കിയതുമായ നിയമത്തെ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ഇത്തരം പരാമർശങ്ങൾ കരട് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരിനു വിശദീകരണത്തിന് അവസരം നിഷേധിച്ചത് ഇന്ത്യാ രാജ്യത്ത് നിലവിലുള്ള ഓഡിറ്റ് മാർഗ്ഗനിർദ്ദേശങ്ങൾക്കു വിരുദ്ധമാണ്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലം മുതൽ നമ്മുടെ പൈതൃകമായി നിലനിന്നുവന്ന ട്രഷറി സേവിംഗ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽ നിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസുകാരനായ എസ്.എസ്. ജാക്സന്റെ വരികൾ ഓർമ്മിപ്പിക്കട്ടെ...

എത്ര താഴ്ചകൾ കണ്ടവർ നമ്മൾ

എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ

എത്ര തീയിലമർന്നവർ നമ്മൾ

ഉയർത്തെണീക്കാനായി ജനിച്ചവർ നമ്മൾ

മരിക്കിലും തോൽക്കില്ല നമ്മൾ

അതെ നാം തോൽക്കാൻ നിശ്ചയിച്ചിട്ടില്ല. അതിജീവിക്കുകയും മുന്നോട്ടു പോവുകയും തന്നെ ചെയ്യും. സർ, കേരള സർക്കാരിന്റെ ആസൂത്രിതമായ ഇടപെടലിന്റെ ഫലമായി ജനങ്ങൾക്ക് വലിയതോതിൽ ആശ്വാസം നൽകാൻ കഴിഞ്ഞുവെന്നു മാത്രമല്ല, സാമ്പത്തിക വീണ്ടെടുപ്പ് ശക്തിപ്പെടുത്താനും കഴിഞ്ഞു.

കാർഷിക പ്രതിസന്ധി

17. കൊവിഡ് പ്രതിസന്ധിയെ തങ്ങളുടെ നിയോലിബറൽ പരിഷ്കാരങ്ങൾ ഊർജിതമായി നടപ്പാക്കാനുള്ള സന്ദർഭമായിട്ടാണ് കേന്ദ്രസർക്കാർ കാണുന്നത്. കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള തങ്ങളുടെ വാശി വിദേശ മൂലധനത്തെ രാജ്യത്തിലേയ്ക്ക് കൂടുതൽ ആകർഷിക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഈയൊരു പ്രതീക്ഷയിലാണ് കമ്മി താഴ്ത്തി നിർത്തുന്നതിന് മുൻഗണന നൽകിക്കൊണ്ട് ദുർബലമായ ഉത്തേജകപ്പാക്കേജുമായി രംഗത്തിറങ്ങിയത്. വ്യാപകമായ പൊതുമേഖലാ സ്വകാര്യവൽക്കരണം, തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്ത്, പുത്തൻ വിദ്യാഭ്യാസ നയം, വൈദ്യുതി മോട്ടോർ വാഹന നിയമങ്ങൾ, തുടങ്ങിയവയെല്ലാം കുത്തകകളെ പ്രീണിപ്പിക്കുന്നുവെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരുകകൂടി ചെയ്യുന്നു. മൂന്ന് കർഷകവിരുദ്ധ നിയമങ്ങളാണ് ഇത്തരം പരിഷ്കാരങ്ങളിൽ ഏറ്റവും കുപ്രസിദ്ധം. അംഗീകൃത മാണ്ഡികൾക്കു പുറത്ത് വിപണിയെ പ്രോത്സാഹിപ്പിക്കൽ, അവശ്യസാധനങ്ങൾക്കു മേലുള്ള നിയന്ത്രണം ഇല്ലാതാക്കൽ, കരാർ കൃഷിയുടെ പ്രോത്സാഹനം എന്നീ നിയമങ്ങൾ തറവില സമ്പ്രദായത്തെ ഇല്ലാതാക്കും, ഇടത്തട്ടുകാരെ ശക്തിപ്പെടുത്തും, കൃഷിക്കാരെ കുത്തകകൾക്ക് കീഴ്പ്പെടുത്തും. ഇതിനെതിരെ ഇന്ത്യയിലെ കർഷകർ നടത്തുന്ന ദില്ലി ചലോ സമരം ഐതിഹാസിക മുന്നേറ്റമായിക്കഴിഞ്ഞു. പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കിഷ്ടമുള്ളതു ചെയ്യും, ആരു ചോദിക്കും എന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിന് കർഷകരുടെ മുന്നിൽ അടിയറവ് പറയേണ്ടി വരും.

18. കേരളം ഒറ്റക്കെട്ടായി നമ്മുടെ വാണിജ്യവിളകളെ സംരക്ഷിക്കുന്നതിന് രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. റബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. നാളികേരത്തിന്റെ താങ്ങുവില ഉയർത്തണം. വർദ്ധിച്ചു വരുന്ന ഇറക്കുമതി സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ മറ്റു വാണിജ്യവിളകൾക്കു കൂടി താങ്ങുവില പ്രഖ്യാപിക്കണം.

· ഏപ്രിൽ ഒന്നു മുതൽ റബ്ബറിന്റെ തറവില 170 രൂപയായി ഉയർത്തുന്നു.

· നെല്ലിന്റെ സംഭരണവില 28 രൂപയായി ഉയർത്തുന്നു.

· നാളികേരത്തിന്റെ സംഭരണവില 27 രൂപയിൽ നിന്നും 32 രൂപയായി ഉയർത്തുന്നു.

കേരളത്തിന്റെ വികസനക്കുതിപ്പ്

19. സംസ്ഥാനം വലിയ പ്രതിസന്ധികളെ നേരിട്ട വർഷങ്ങളാണ് നാം പിന്നിട്ടത്. നിപ്പയും രണ്ടു മഹാപ്രളയങ്ങളും അവസാനം കൊവിഡും. പുതിയ നികുതി സമ്പ്രദായമായ ജിഎസ്ടി ഇതുവരെ ഫലപ്രദമായി നടപ്പായിട്ടില്ല. ഇതെല്ലാം സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. എന്നാൽ ഇതൊന്നും സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തിന് തടസ്സമായില്ല.

i. 2011-12/2015-16 കാലയളവിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 4.9 ശതമാനമായിരുന്നു. പ്രളയങ്ങളുടെ തകർച്ചയെല്ലാം ഉണ്ടായിട്ടും കൊവിഡ് വർഷമായ 2020-21 മാറ്റി നിർത്തിയാൽ ഈ സർക്കാരിന്റെ ഭരണകാലത്ത് ശരാശരി സാമ്പത്തിക വളർച്ച 5.9 ശതമാനമാണ്.

ii. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് 9011 കോടി രൂപ പെൻഷനായി വിതരണം ചെയ്തപ്പോൾ, ഈ സർക്കാർ ഇതുവരെ 32034 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 2015-16ൽ 34 ലക്ഷം ആയിരുന്നത് ഇപ്പോൾ 48.6 ലക്ഷമാണ്. ക്ഷേമപെൻഷൻകാരടക്കം മൊത്തം 59.5 ലക്ഷം പേർ. സാമൂഹ്യസുരക്ഷാ പെൻഷൻകാരിൽ 30 ശതമാനം പേർ ഈ സർക്കാരിന്റെ കാലത്ത് ആദ്യമായി പെൻഷൻ വാങ്ങിയവരാണ്.

iii. പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി കഴിഞ്ഞ സർക്കാർ ആകെ 5242 കോടി രൂപയാണ് ചെലവഴിച്ചത്. ഈ സർക്കാർ ഇതുവരെ 10697 കോടി രൂപ ചെലവഴിച്ചു. നിശ്ചയിക്കപ്പെട്ട ഭക്ഷ്യസാധനങ്ങൾക്ക് മാവേലി സ്റ്റോറിലെ വില 2015-16നു ശേഷം ഉയർത്തിയിട്ടില്ല. സർ, 2020 സെപ്തംബർ വരെ ഇന്ത്യയിൽ പ്രതിമാസം ശരാശരി 6.70 ശതമാനം വിലക്കയറ്റം ഉണ്ടായപ്പോൾ കേരളത്തിൽ 6.13 ശതമാനമാണ് വിലക്കയറ്റം.

iv. 15 ലക്ഷം അർഹരായ കുടുംബങ്ങളെ ചുവപ്പ് കാർഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റേഷൻ ഗുണഭോക്തൃ ലിസ്റ്റിലെ അർഹതയില്ലാത്തവരെ നീക്കം ചെയ്തതുകൊണ്ടാണ് ഇതിനു കഴിഞ്ഞത്.

v. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 503 കോടി രൂപയാണ് ചെലവഴിച്ചത്. ഈ സർക്കാരിന്റെ കാലത്ത് 1703 കോടി രൂപ ചെലവഴിച്ചു. ഇതിനു പുറമേ പ്രളയ ദുരിതാശ്വാസത്തിനായി 3729 കോടി രൂപ ചെലവഴിച്ചു.

vi. 2011-16 കാലത്ത് പൊതുമരാമത്ത് വകുപ്പ് 7780 കിലോമീറ്റർ റോഡുകളാണ് പുനരുദ്ധരിക്കുകയോ നവീകരിക്കുകയോ ചെയ്തത്. 2016-21 കാലയളവിൽ ഇതുവരെ 11580 കിലോമീറ്റർ റോഡുകൾ പൂർത്തീകരിച്ചു. 4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം ഉടൻ പൂർത്തിയാകും.

vii. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 4.9 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് വാട്ടർ അതോറിറ്റി നൽകിയത്. എൽഡിഎഫ് സർക്കാർ ഇതിനകം 11.02 ലക്ഷം കണക്ഷനുകൾ നൽകിയിട്ടുണ്ട്.

viii. ഇതിനകം 17.14 ലക്ഷം കണക്ഷനുകൾ നൽകി സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൈദ്യുതി ഉൽപ്പാദനശേഷി 88 മെഗാവാട്ടാണ് വർദ്ധിച്ചത്. ഇപ്പോൾ 236 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപ്പാദിപ്പിച്ചു.

ix. പൊതു ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കുന്ന ജനങ്ങളുടെ ശതമാനം കുറഞ്ഞുവന്ന് ഒരു ഘട്ടത്തിൽ 38 ശതമാനമായി താഴ്ന്നു. 2019ൽ ഇത് 48 ശതമാനമായി. കൊവിഡ് കാലത്ത് മഹാഭൂരിപക്ഷം ജനങ്ങളും പൊതു ആരോഗ്യത്തെയാണ് ആശ്രയിച്ചത്. ശിശു മരണ നിരക്ക് 12 ആയിരുന്നത് ഇപ്പോൾ 7 ആയി താഴ്ന്നു.

x. പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തിൽ നിന്ന് 5.06 ലക്ഷമായി ഉയർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചെലവഴിച്ചത് 68 കോടി രൂപയാണ്. ഈ സർക്കാർ ഇതിനകം 180 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

xi. കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40 ലക്ഷത്തിൽ നിന്നും 45 ലക്ഷമായി ഉയർന്നു. ബാങ്ക് ലിങ്കേജ് വായ്പ 5717 കോടി രൂപയിൽ നിന്ന് 11804 കോടി രൂപയായി ഉയർന്നു. തൊഴിൽ സംരംഭങ്ങളുടെ എണ്ണം 10177ൽ നിന്ന് 30176 ആയി ഉയർന്നു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 54000ത്തിൽ നിന്ന് 71572 ആയി ഉയർന്നു.

xii. നെൽവയൽ വിസ്തൃതി വീണ്ടും ഉയർന്നു തുടങ്ങി. ഏതാനും പതിറ്റാണ്ടായി കുറഞ്ഞു വന്ന് 2016-17ൽ 1.7 ലക്ഷം ഹെക്ടറിൽ എത്തിയതാണ്. ഇന്ന് നെൽവയൽ വിസ്തൃതി 2.23 ലക്ഷം ഹെക്ടറാണ്.

xiii. ഒരു ഹാർബർ മാത്രമാണ് കഴിഞ്ഞ ഭരണത്തിൽ പൂർത്തീകരിച്ചത്. ഈ സർക്കാരിനു കീഴിൽ 5 എണ്ണം പൂർത്തീകരിച്ചു. 3 എണ്ണം മാർച്ചിൽ പൂർത്തിയാകും. 13018 വീടുകൾ മത്സ്യമേഖലയിൽ നിർമ്മിച്ചു.

xiv. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പാദനം 2015-16ൽ 2799 കോടി രൂപയായിരുന്നത് 2019-20ൽ 3148 കോടി രൂപയായി ഉയർന്നു. 2015-16ൽ സഞ്ചിതനഷ്ടം 213 കോടി രൂപയായിരുന്നത് 102 കോടി രൂപ സഞ്ചിതലാഭമായി മാറി.

xv. സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എണ്ണം 2015-16ൽ 82000 ആയിരുന്നു. 2020-21ൽ ഇത് 1.40 ലക്ഷം ആയി ഉയർന്നു. തൊഴിലാളികളുടെ എണ്ണം 4.18 ലക്ഷത്തിൽ നിന്നും 6.38 ലക്ഷം ആയി ഉയർന്നു.

xvi. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 300 സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത്. അതിപ്പോൾ 3900 ആയി വർദ്ധിച്ചു. 32000 പേർക്കാണ് തൊഴിൽ ലഭിച്ചത്.

xvii. പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസുകളിൽ 2016-21 കാലത്ത് 6.79 ലക്ഷം കുട്ടികൾ അധികമായി ചേർന്നിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ 4.99 ലക്ഷം കുട്ടികൾ കുറയുകയാണുണ്ടായത്.

xviii. വീടിനുള്ള ധനസഹായം 2.5 ലക്ഷത്തിൽ നിന്നും 4 ലക്ഷം രൂപയാക്കി. ഇതുവരെ ആകെ 273632 വീടുകൾ നിർമ്മിച്ചു നൽകിക്കഴിഞ്ഞു.

xix. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ 1.64 ലക്ഷം പട്ടയം വിതരണം ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യഥാർത്ഥത്തിൽ 1.15 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

xx. നവംബർ വരെ താൽക്കാലിക ജീവനക്കാരടക്കം 43224 തസ്തികകൾ സൃഷ്ടിച്ചു. 1.5 ലക്ഷം പി.എസ്.സി നിയമനങ്ങൾ നടന്നു.

ഭാഗം 2

അഭ്യസ്തവിദ്യർക്ക് തൊഴിൽ

20. സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ് അഞ്ചു വർഷം സംസ്ഥാനത്ത് ഉണ്ടായത്. ഈ നേട്ടങ്ങളുടെ അടിത്തറയിൽ കേരളം രൂപംകൊണ്ട നാൾ മുതൽ നേരിടുന്ന ഒരു സുപ്രധാന വികസന വെല്ലുവിളി ഏറ്റെടുക്കുകയാണ്. ഇതിനുള്ള കർമ്മ പരിപാടിയാണ് 2021-22ലെ ബജറ്റിന്റെ കാതൽ.

21. തൊഴിലില്ലായ്മയാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ വികസന വെല്ലുവിളി. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നിലവിലുള്ള തൊഴിൽദാന പദ്ധതികൾ അപര്യാപ്തമാണ്. 2018-19 ൽ 15നും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയതലത്തിൽ 5.8 ശതമാനം ആയിരുന്നപ്പോൾ കേരളത്തിലേത് 10.4 ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മയാണ് ഇതിനു മുഖ്യകാരണം. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 5.8 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 19.1 ശതമാനമാണ്. എത്ര ശ്രമിച്ചാലും ജോലി കിട്ടില്ലായെന്നു വരുമ്പോൾ സ്ത്രീകൾ തൊഴിലന്വേഷണം തന്നെ നിർത്തി തൊഴിൽ സേനയ്ക്ക് പുറത്തു പോകുന്നു. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 73.5 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 28.5 ശതമാനം മാത്രമാണ്.

22. വീട്ടമ്മമാരുടെ ജീവിതം കണ്ണൂർ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അരുന്ധതി ജയകുമാർ ഇങ്ങനെ വരച്ചിടുന്നു...

എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ

നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രം പോലെ

അവളുടെ ജീവിതം

അലക്കിത്തേച്ചുവച്ച തുണികൾക്കിടയിൽ

കഴുകിയടുക്കിവച്ച പാത്രങ്ങൾക്കിടയിൽ

തുടച്ചുമിനുക്കിവച്ച മാർബിൾ തറയിൽ

സ്വന്തം മുഖം കണ്ടെത്താൻ ശ്രമിക്കുകയും അത് എപ്പോഴോ അവൾക്ക് നഷ്ടമായെന്ന നിരാശ പങ്കുവയ്ക്കുകയും ചെയ്യുന്ന കവിതയാണിത്. സ്വന്തമായി തൊഴിലും വരുമാനവും ഉറപ്പുവരുത്തിയാൽ മാത്രമേ ഈ നിരാശയ്ക്ക് അറുതിയാകൂ. അതിനുള്ള ഒരു ബൃഹത് പദ്ധതിയാണ് ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.

23. കൊവിഡ് പകർച്ചവ്യാധി ആഗോളമായിത്തന്നെ തൊഴിൽ ഘടനയിൽ വലിയ ഇടർച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഇത് തുറക്കുന്ന സാധ്യതയെ നമുക്ക് ഉപയോഗപ്പെടുത്താനാകണം. കൊവിഡ് തൊഴിൽഘടനയെ അടിമുടി പൊളിച്ചെഴുതിക്കഴിഞ്ഞു. ആഗോളതലത്തിൽ 50 ലക്ഷത്തിൽ താഴെ ആളുകളാണ് കേന്ദ്രീകൃത ഓഫീസുകൾക്കു പുറത്തിരുന്ന് ഡിജിറ്റൽ ജോലികൾ ചെയ്തുകൊണ്ടിരുന്നത്. കൊവിഡ് കാലത്ത് ഇത് 3 കോടിയായി വർദ്ധിച്ചു. അടുത്ത അഞ്ചു വർഷംകൊണ്ട് ഇവരുടെ എണ്ണം 18 കോടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. എറണാകുളം വാളകം മാർ സെന്റ് സ്റ്റീഫൻ ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി അഞ്ജന സന്തോഷ് ഈ സാഹചര്യത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു...

പുറത്തേയ്ക്കു പോകണ്ട

ലാപ്ടോപ്പ് തുറന്നാൽ

പുറംജോലിയെല്ലാം യഥേഷ്ടം നടത്താം

പുറംലോകമെല്ലാം അതിൽക്കണ്ടിരിക്കാം

ഈ സാഹചര്യം ഏറ്റവും ഫലപ്രദമായും ഭാവനാത്മകമായും ഉപയോഗപ്പെടുത്തുന്ന പദ്ധതിക്കാണ് നമ്മൾ രൂപം നൽകാൻ ഉദ്ദേശിക്കുന്നത്.

24. കേന്ദ്രീകൃതമായ ഐടി പാർക്കുകൾക്കൊപ്പം കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കുണ്ടറ, ചേർത്തല, കൊരട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ ചെറുകിട പാർക്കുകളും ആരംഭിച്ചു. കൊവിഡ് കാലത്ത് വർക്ക് നിയർ ഹോം സ്കീം പ്രകാരം റിസോർട്ടുകളും മറ്റും വർക്ക് സ്റ്റേഷനുകളാക്കുന്നതിന് നടപടി സ്വീകരിച്ചു.

ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ 5000 സ്ക്വയർ ഫീറ്റെങ്കിലും കെട്ടിട സൗകര്യം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളായി രൂപാന്തരപ്പെടുത്തുന്നതിന് ഒരു സ്കീം പ്രഖ്യാപിക്കുകയാണ്. ഇതിനുവേണ്ടി 20 കോടി രൂപ വകയിരുത്തുന്നു.

25. “വർക്ക് നിയർ ഹോമി”നു പുറമെ, “വർക്ക് ഫ്രം ഹോം” അതായത് വീട്ടിലിരുന്ന് പണിയെടുക്കുന്നവർക്കു വേണ്ടിയുള്ള തൊഴിൽ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തുന്നതാണ്. കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ തലത്തിലേയ്ക്കുള്ള ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും.

26. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കമ്പനികൾ ജോലിയ്ക്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നൽകും.

· അവരുടെ ജോലിയ്ക്ക് ആവശ്യമായിട്ടുള്ള കമ്പ്യൂട്ടറും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിന് എക്രോസ് ദി കൗണ്ടർ വായ്പ കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വഴി ലഭ്യമാക്കും. രണ്ടുവർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന മാസഗഡുക്കളായിട്ടായിരിക്കും വായ്പ നൽകുക. അതിനിടയിൽ ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതിയാകും. ഇത്തരത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്കുണ്ടായേക്കാവുന്ന നഷ്ടം സർക്കാർ നികത്തും.

· ഇവർക്ക് വർക്ക് സ്റ്റേഷൻ സൗകര്യം വേണമെന്നുണ്ടെങ്കിൽ അത് സഹായവാടകയ്ക്ക് ലഭ്യമാക്കും.

· പ്രോവിഡന്റ് ഫണ്ടിലെ തൊഴിലുടമയുടെ വിഹിതം സർക്കാർ അടയ്ക്കും.

· പിഎഫ് വേണ്ടതില്ലെങ്കിൽ ജോലി കഴിയുമ്പോൾ ലഭിക്കുന്ന ടെർമിനേഷൻ ആനുകൂല്യത്തിന്റെ ഇൻഷ്വറൻസ് പ്രീമിയം സർക്കാർ നൽകും.

· ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാക്കും.

27. കരിയർ ബ്രേക്ക് ചെയ്ത് വീടുകളിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകൾ കേരളത്തിൽ 5 ലക്ഷത്തോളം ഉണ്ടെന്നാണ് കണക്ക്. മേൽപ്പറഞ്ഞ തൊഴിൽ കർമ്മപരിപാടിയുടെ ഭാഗമായി വീട്ടിലോ സമീപത്തോ ഇരുന്ന് പണിയെടുക്കാൻ തയ്യാറുള്ള മറ്റൊരു 40 ലക്ഷം അഭ്യസ്തവിദ്യരായ സ്ത്രീകളുമുണ്ട്. പതിനാറു ലക്ഷം അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനുവേണ്ടി കാത്തിരിക്കുന്നുണ്ട്. അങ്ങനെ മൊത്തം 60 ലക്ഷം പേർ.

20 ലക്ഷം പേർക്കെങ്കിലും അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ കൊടുക്കുന്ന ഒരു വിപുലമായ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നു. 2021 ഫെബ്രുവരി മാസം മുതൽ ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും.

28. ലോക തൊഴിൽ കമ്പോളത്തിലുണ്ടായ മാറ്റങ്ങളും കൊവിഡ് പ്രതിരോധത്തിലൂടെ കേരളം നേടിയ യശസ്സും ഈ തൊഴിൽ തന്ത്രത്തിന്റെ വിജയത്തിനു സഹായകരമാകും. കേരളമെന്ന ബ്രാൻഡ് ലോകമെമ്പാടുമുള്ള സാധാരണക്കാർക്കിടയിൽപ്പോലും ഇതുപോലെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാലമില്ല. ഈ അനുകൂല സാഹചര്യം പൂർണ്ണമായും പ്രയോജനപ്പെടുത്തി മേൽപ്പറഞ്ഞ പദ്ധതി വിജയിപ്പിക്കും.

29. ഇതിനുവേണ്ടി ആഗോളതലത്തിൽ തൊഴിൽദാതാക്കളായ കമ്പനികളോട് നിരന്തരമായി സമ്പർക്കം പുലർത്തിയും അവരുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് നൈപുണി പരിശീലനം നൽകിയും അവരുടെ വിവരങ്ങൾ ലഭ്യമാകുന്ന പ്ലാറ്റ്ഫോം പരിപാലിച്ചും ഇന്നവേഷൻസിനെ പ്രോത്സാഹിപ്പിച്ചും സങ്കീർണ്ണവും സമയബന്ധിതവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഇതിനുവേണ്ടി കേരള ഡെവലപ്പ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ-ഡിസ്ക്) മുഖ്യമന്ത്രി അധ്യക്ഷനായുള്ള രജിസ്റ്റേർഡ് സൊസൈറ്റിയായി പുനസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാർ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും. സ്കിൽ ട്രെയിനിംഗും ഇന്നവേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഐസിറ്റി അക്കാദമി, ട്രെസ്റ്റ് പാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, അസാപ്പ്, കേയ്സ് തുടങ്ങിയവയ്ക്കും യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർക്കും പ്രാതിനിധ്യമുണ്ടാകും. ഇതിനുപുറമേ അന്തർദേശീയ - ദേശീയ പ്രശസ്തിയുള്ള സാങ്കേതിക - വ്യവസായ വിദഗ്ധർക്കും കൗൺസിലിൽ അംഗത്വം നൽകും. സാങ്കേതികവിദ്യ, ഇന്നവേഷൻ, ബിസിനസ് പ്രോസസ് തുടങ്ങിയ മേഖലകളിൽ ദേശീയ അംഗീകാരവും കഴിവും തെളിയിച്ചിട്ടുള്ള ഒരാളെ കെ-ഡിസ്കിന്റെ മെമ്പർ സെക്രട്ടറിയായി നിയമിക്കും. കെ-ഡിസ്കിന്റെ ചുമതല മുഖ്യമായും ഏകോപനവും മോണിറ്ററിംഗുമാണ്. നിലവിലുള്ള സ്ഥാപനങ്ങളുടെ ഇന്നുള്ള മാൻഡേറ്റുകളിലോ ബജറ്റിലോ മാറ്റം വരുന്നതല്ല. ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കലും പരിശീലനത്തിനുള്ള മുന്നൊരുക്കവും കമ്പനികളുമായുള്ള ചർച്ചകളും 2021-22ൽത്തന്നെ പൂർത്തിയാക്കും.

കെ-ഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയിൽ 200 കോടി രൂപ വകയിരുത്തുന്നു. മൂന്നു ഗഡുക്കളായി ഈ പണം നൽകും. 2021-22ൽ പ്രൊഫഷണൽ ജോലിയിൽ നിന്ന് ബ്രേക്ക് ചെയ്തിരിക്കുന്ന 3 ലക്ഷം പേർക്കെങ്കിലും തൊഴിൽ ഉറപ്പുവരുത്തും. 5 വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും.

നൈപുണി പരിശീലനം

30. അഭ്യസ്തവിദ്യർക്ക് നൈപുണി പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യരാക്കി തീർക്കേണ്ടതുണ്ട്. അഭ്യസ്തവിദ്യരായി തൊഴിൽ ഇല്ലാതെ കഴിയുന്ന എല്ലാ യുവതീയുവാക്കളെയും കഴിവുകൾ കണക്കിലെടുത്ത് കമ്പനികൾക്കു വേണ്ടുന്ന നൈപുണി പരിശീലനം നൽകലാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഇത്തരം 60 ലക്ഷം പ്രൊഫഷണലുകളെയും ബിരുദധാരികളെയും മൂന്നായി തരംതിരിക്കാം.

· ഒന്നാമത്തേത് ജോലി നഷ്ടപ്പെട്ടതുകൊണ്ടോ അല്ലെങ്കിൽ മറ്റു കാരണങ്ങൾകൊണ്ടോ കേരളത്തിലേയ്ക്ക് ഇപ്പോൾ തിരിച്ചു വരുന്ന പ്രൊഫഷണലുകളാണ്. ഇവർക്കു പ്രത്യേക പരിശീലനമൊന്നും ഇല്ലാതെ തന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

· രണ്ടാമത്തേത് പ്രൊഫഷണലായി കുറച്ചുനാൾ ജോലി ചെയ്തശേഷം എന്തെങ്കിലും കാരണംകൊണ്ട് ദീർഘനാൾ ബ്രേക്ക് എടുത്തിട്ടുള്ളവരാണ്. സ്ത്രീ പ്രൊഫഷണലുകളുടെ ദുർഗതിയാണിത്. ഒരു ദേശീയ ഏജൻസി നടത്തിയ സർവ്വേ പ്രകാരം ഇന്ത്യയിലെ പ്രൊഫഷണലുകളിൽ 27 ശതമാനം സ്ത്രീകളാണ്. ഇവരിൽ 48 ശതമാനം അഞ്ച് വർഷങ്ങൾക്കുള്ളിൽ ജോലി വിടുന്നു. അവശേഷിക്കുന്നതിൽ 65 ശതമാനവും അടുത്ത 5 വർഷങ്ങൾക്കുള്ളിൽ പിരിഞ്ഞു പോകുന്നു. ഇത്തരത്തിലുള്ള പ്രൊഫഷണലുകളായ സ്ത്രീകൾക്ക് ഹ്രസ്വപരിശീലനം നൽകിയാൽ ജോലിക്ക് പ്രാപ്തരാക്കാം. അവർക്കു വീട്ടിലിരുന്നോ വീട്ടിനടുത്ത് ഇരുന്നോ പണിയെടുക്കാം.

· മൂന്നാമത്തേത് മറ്റു ബിരുദധാരികളാണ്. അവർക്ക് കുറച്ചുകൂടി ദൈർഘ്യമേറിയ പരിശീലനം നൽകേണ്ടിവരും.

31. ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 75 ശതമാനം യുവതികളായിരിക്കും. ഇത്തരത്തിൽ താൽപര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ പരിശീലനത്തിന് കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീയ്ക്കായിരിക്കും. ഇതിനായി പ്രത്യേകം സബ് - മിഷൻ കുടുംബശ്രീയിൽ ആരംഭിക്കും. ഇതിനായി 5 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിക്കുന്നു.

32. ഇവിടെ ഉദ്ദേശിക്കുന്നത് ഡേറ്റ എൻട്രി പോലുള്ള പരിശീലനമല്ലായെന്നു വ്യക്തമാക്കട്ടെ:

· ഇൻഡസ്ട്രി 4.0 സ്കിൽസ് : ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, നിർമ്മിത ബുദ്ധി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഫുൾ സ്റ്റാക് ഡെവലപ്പ്മെന്റ്, സൈബർ സെക്യൂരിറ്റി

· ഡിജിറ്റൽ സ്കിൽസ് : ഡിജിറ്റൽ ഡിസൈൻസ്, ഡിജിറ്റൽ കണ്ടെന്റ് ക്രിയേഷൻ ആൻഡ് ഡെലിവറി, ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്റ് ക്രിയേഷൻ ടൂൾസ്, മീഡിയ

· ലൈഫ് സ്കിൽസ് : ഓറൽ-റിട്ടൺ കമ്മ്യൂണിക്കേഷൻ, നെഗോഷ്യേഷൻ സ്കിൽസ്, ഫൈനാൻഷ്യൽ മാനേജ്മെന്റ്, ലീഗൽ ആൻഡ് ലേബർ ലോ അവൈർനെസ്, എത്തിക്സ് ഇൻ ബിസിനസ്,

· ലാംഗ്വേജ് സ്കിൽസ് : ഫോറിൻ ലാംഗ്വേജ് സ്കിൽസ്, മലയാളം കമ്പ്യൂട്ടിംഗ് സ്കിൽസ്,

· ഫങ്ഷണൽ സ്കിൽസ് : എച്ച് ആർ പ്രോസസ്, ഫൈനാൻസ് ആൻഡ് അക്കൌണ്ടിംഗ്, ഓഡിറ്റ് തുടങ്ങിയവ

· ഡൊമൈൻ സ്കിൽസ് : സിന്തറ്റിക് ബയോളജി, ജെനറ്റക് എഞ്ചിനീയറിംഗ്, റിന്യൂവബിൾ എനർജി, അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് അഡിറ്റീവ് മാനുഫാക്ചറിംഗ് ഡിസൈൻസ്, അഗ്രിക്കൾച്ചറൽ കൺസൾട്ടിംഗ്, പെറ്റ് കെയർ, പാരാമെഡിക്കൽ ഡൊമൈനിലുള്ള മെഡിക്കൽ കോഡിംഗ്, ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈൻ തുടങ്ങിയവ

· സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ് ആൻഡ് മാത്ത്സ് മേഖലയിലെ പുത്തൻ അവസരങ്ങൾ : അർബൻ പ്ലാനിംഗ്, സ്മാർട്ട് ഹാബിറ്റാറ്റ്സ്, സ്ട്രക്ചറൽ ഡിസൈൻസ്, റിമോട്ട് നെറ്റു്വർക്ക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയവ.

· ബിസിനസ് സ്കിൽസ് : ബിസിനസ് അനാലിസിസ്, പ്രോഡക്ട് ഡെവലപ്പ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് പ്രോസസ് റീ എഞ്ചിനീയറിംഗ് തുടങ്ങിയവ

· ഫിൻടെക് സ്കിൽസ് : ബാങ്കിംഗ്, ഫൈനാൻഷ്യൽ സർവീസുകൾ, ഇൻഷ്വറൻസ് തുടങ്ങിയ മേഖലകൾക്കായുള്ള പ്രത്യേക ഡൊമൈൻ പരിശീലനം.

ഇത്തരം മേഖലകളിൽ കമ്പനികളുടെ ആവശ്യം അനുസരിച്ച് പരിശീലനം കസ്റ്റമൈസ് ചെയ്ത് നൽകും.

33. അസാപ്പ് (ASAP), കേയ്സ് (KASE), ഐസിറ്റി അക്കാദമി എന്നിവയാണ് ഇന്ന് സ്കിൽ ട്രെയിനിംഗിൽ നേതൃത്വം നൽകുന്ന ഏജൻസികൾ. ഐറ്റിഐ, പോളിടെക്നിക് തുടങ്ങിയവ മാറ്റിനിർത്തിയാൽപ്പോലും വിവിധതരം പരിശീലനങ്ങൾക്കായി 250 കോടി രൂപ ചെലവഴിക്കുന്നുണ്ട്. എന്നാൽ ഈ പരിശീലന പരിപാടികളിൽ നല്ലപങ്കും ഹൈ എൻഡ് സ്കില്ലുകളുമായി ബന്ധമില്ലാത്തവയാണ്. അതുകൊണ്ട് മുൻഗണനകളിൽ ചില മാറ്റങ്ങൾ വേണ്ടിവരും. ആവശ്യമെങ്കിൽ പുതിയ ഏജൻസികൾക്കു രൂപം നൽകേണ്ടിവരും. നൈപുണിയുടെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത പരിശീലന കേന്ദ്രങ്ങൾ സജ്ജമാക്കും. ഇതിൽ നല്ലപങ്കും ഓൺലൈനായി ചെയ്യാവുന്നതാണ്.

ഏതാണ്ട് അമ്പതു ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് ഉന്നത നൈപുണി പരിശീലനം നൽകാനുള്ള അതിബൃഹത്തായ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ ആവിഷ്കരിക്കുന്നതാണ്. ഇതിനുവേണ്ടി കെ-ഡിസ്കിനു കീഴിൽ ഒരു സ്കിൽ മിഷനു രൂപം നൽകും.

34. എഞ്ചിനീയറിംഗ് കോളേജുകളെയും ഐറ്റി പാർക്കുകളെയും ഹൈസ്പീഡ് ഇന്റർനെറ്റ് മുഖാന്തിരം ബന്ധിപ്പിച്ച് ഓരോ വർഷവും 50000 കുട്ടികൾക്ക് പരിശീലനം നൽകാനുള്ള കേരള സ്കിൽ ഡെലിവറി പ്ലാറ്റ് ഫോമിന് 10 കോടി രൂപ വകയിരുത്തുന്നു.

35. കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദഗ്ധരെ സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. 215 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനു വകയിരുത്തുന്നു. ഇതിൽ 35 കോടി രൂപ എഞ്ചിനീയറിംഗ് കോളേജുകൾക്കും 40 കോടി രൂപ പോളിടെക്നിക്കുകൾക്കും ലഭിക്കും. സാങ്കേതിക വിദ്യാർത്ഥികളുടെ സ്കിൽ ഗ്യാപ്പ് റിഡക്ഷനു 13 കോടി രൂപ വകയിരുത്തുന്നു.

കേരളം – വിജ്ഞാന സമൂഹം

36. അഭ്യസ്തവിദ്യരെ നൈപുണി പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആഗോള തൊഴിൽ വിപണിയുമായി ബന്ധപ്പെടുത്തുന്നതിനുളള തന്ത്രം വിജയിക്കുന്നതിന് ചില ഉപാധികളുണ്ട്.

· കേരളം ഡിജിറ്റൽ ഇക്കണോമിയായി രൂപാന്തരപ്പെടണം.

· ഉന്നതവിദ്യാഭ്യാസം മികവുറ്റതാക്കണം.

· ഉൽപ്പാദിപ്പിക്കപ്പെടുന്ന വിജ്ഞാനം പ്രായോഗിക നൂതനവിദ്യകൾ അഥവാ ഇന്നവേഷൻസായി മാറണം.

· ഇന്നവേഷൻസിന്റെ അടിസ്ഥാനത്തിൽ സ്റ്റാർട്ട് അപ്പുകൾ രൂപംകൊള്ളണം.

· വിജ്ഞാന വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തണം.

· നൂതനവിദ്യകൾ എല്ലാ ഉൽപ്പാദനതുറകളിലും കൂടുതൽ കൂടുതൽ സന്നിവേശിക്കപ്പെടണം.

ചുരുക്കത്തിൽ കേരളം വിജ്ഞാന സമൂഹമായി മാറണം. ഇതിന്റെ ഘടകങ്ങൾ ഓരോന്നുമെടുത്തു പരിശോധിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു.

37. കേരള നവോത്ഥാനം നടപ്പിലാക്കപ്പെട്ടത് വിദ്യാഭ്യാസത്തിലുണ്ടായ വളർച്ചയിലൂടെയാണ്. ആ ആശയം അവതരിപ്പിച്ചാണ് ശ്രീനാരായണ ഗുരു “വിദ്യകൊണ്ടു സ്വതന്ത്രരാവുക” എന്നു പറഞ്ഞത്. 1937 ജനുവരിയിൽ വെങ്ങാനൂരിൽ വച്ച് ശ്രീ അയ്യൻകാളി മഹാത്മാഗാന്ധിയോട് “എന്റെ ജനങ്ങളുടെ ഇടയിൽ പത്തു ബിഎക്കാരെയെങ്കിലും കണ്ടിട്ടു വേണം എനിക്കു മരിക്കാൻ”, എന്നു പറഞ്ഞത്. കേരളമാകെ വിദ്യാഭ്യാസ സൗകര്യങ്ങൾ വ്യാപകമാക്കിയ ഒന്നാം ഇഎംഎസ് സർക്കാരും ഇതു തന്നെയാണ് ചെയ്തത്. കേരള സമൂഹത്തിന്റെ അടുത്ത ഒരു കുതിച്ചു ചാട്ടത്തിന് മറ്റൊരു വിദ്യാഭ്യാസ വിപ്ലവം അനിവാര്യമാണ്. കേരളത്തെ ഒരു നോളജ് ഇക്കണോമി ആക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റിൽ നിർദ്ദേശിക്കുന്നത്.

38. വൈജ്ഞാനിക സമ്പദ്ഘടന എന്ന സങ്കൽപ്പത്തിൽ ജാഗ്രത പുലർത്തേണ്ട ചില കാര്യങ്ങളുണ്ട്. ഡിജിറ്റൽ കഴിവ് എല്ലാവർക്കും ലഭ്യമാക്കണം. അഥവാ ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കണം. കൃഷിക്കാരടക്കം തൊഴിലെടുക്കുന്നവരുടെയുമെല്ലാം അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സങ്കേതങ്ങളെ എല്ലാ തുറകളിലും ഉൾച്ചേർക്കാൻ കഴിയണം. ഇത്തരമൊരു സമൂഹത്തിൽ നിരന്തരമായി വിജ്ഞാനം പുനഃസൃഷ്ടിക്കപ്പെടണം.

ഡിജിറ്റൽ ഇക്കോണമി

39. ഇത്തരമൊരു സമൂഹത്തിലേയ്ക്കുള്ള പരിവർത്തനത്തിന് അനുയോജ്യമായ വിവരവിനിമയ ആവാസ വ്യവസ്ഥ അനിവാര്യമാണ്. ഇത് സൃഷ്ടിക്കുന്നതിനുള്ള നിർണായക കാൽവെയ്പ്പാണ് സ്കൂളിലെ ഡിജിറ്റലൈസേഷൻ. അതിലൂടെ പുതിയ തലമുറ വിവരവിനിയമ സാങ്കേതിക വിദ്യയെയും അതു തുറക്കുന്ന വലിയ വിജ്ഞാനലോകത്തെയും പരിചയപ്പെടുന്നു. അടുത്തതായി വേണ്ടത് എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയാണ്. ഇതിനായി ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്ടോപ്പ് വിതരണ പദ്ധതി കൂടുതൽ വിപുലവും ഉദാരവുമാക്കും.

· പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ വീടുകൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഈ ചെലവ് വഹിക്കുക.

· സബ്സിഡി കഴിച്ചിട്ടുള്ള തുക മൂന്നു വർഷം കൊണ്ട് കെഎസ്എഫ്ഇ മൈക്രോ ചിട്ടി വഴി തിരിച്ചടച്ചാൽ മതി.

· കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോ ചിട്ടിയിൽ ചേരുന്നവർക്കെല്ലാം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാക്കും. ഇതിനുവേണ്ടി വരുന്ന പലിശ സർക്കാർ വഹിക്കും.

40. അടുത്ത നടപടി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുക എന്നതാണ്. ഇതിനുള്ള മാർഗ്ഗം കെ-ഫോൺ പദ്ധതിയുടെ പൂർത്തീകരണമാണ്. സർ, നെറ്റു്വർക്ക് ഓപ്പറേറ്റിംഗ് സെന്റർ, പതിനാല് ജില്ലാ പോപ്പുകൾ, അവയുമായി ബന്ധപ്പെട്ട 600 ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തീകരിക്കും. ഇതുകൊണ്ടു വരുന്ന മാറ്റങ്ങൾ ഇവയാണ്.

· ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും.

· 30000 സർക്കാർ സ്ഥാപനങ്ങൾ അതിവേഗ ഇൻട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കും.

· 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാകും.

· കേരളത്തിൽ ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ല. എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം ലഭിക്കും.

· ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉയരുകയും മെച്ചപ്പെട്ട സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാവുകയും ചെയ്യും.

· ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്ക് സഹായിക്കും.

· ചെറുകിട മേഖലയടക്കം കേരളത്തിലെ വ്യവസായ വാണിജ്യ ടൂറിസം സംരംഭങ്ങൾക്ക് ഇ-കോമേഴ്സും മറ്റു ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കും.

കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേയ്ക്ക് 166 കോടി രൂപ വകയിരുത്തുന്നു.

41. ഇ-ഗവേണൻസ് സമ്പ്രദായത്തിന് കെ-ഫോൺ വലിയ ഉത്തേജകമായി മാറും. ഇപ്പോൾത്തന്നെ പഞ്ചായത്തിൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് നടപ്പാക്കിത്തുടങ്ങി. ഇ-ഹെൽത്ത്, ഇ-എജ്യൂക്കേഷൻ, ഇ-കൊമേഴ്സ് തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടും. സർക്കാർ സേവനങ്ങളെല്ലാം ഇൻട്രാനെറ്റിൽ ആകുന്നതോടെ സേവനങ്ങളുടെ കാര്യക്ഷമത പതിന്മടങ്ങാകും. കേരളത്തിലെ പ്രമുഖ ഇ-ഗവേണൻസ് പരിപാടികളായ സ്റ്റേറ്റ് ഡാറ്റാ സെന്ററുകൾ, കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റുവർക്ക്, സെക്രട്ടേറിയറ്റ് വൈഡ് ഏര്യാ നെറ്റുവർക്ക്, ഡിജിറ്റൽ സർവ്വീസുകൾ എന്നിവയെല്ലാം നടപ്പാക്കുന്നത് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മുഖാന്തിരമാണ്. ഈ പരിപാടികൾക്കായി 125 കോടി രൂപ വകയിരുത്തുന്നു.

ഉന്നത വിദ്യാഭ്യാസ മികവിലേയ്ക്ക്

42. സ്കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ നിലവാരത്തെ അളക്കുന്നതിന് ഒട്ടേറെ വ്യത്യസ്തമായ സൂചകങ്ങൾ ആഗോളമായിത്തന്നെ ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രമുഖമായത് ടൈംസ് ഹയർ എഡ്യുക്കേഷൻ പ്രസിദ്ധീകരിക്കുന്ന ആഗോള സർവ്വകലാശാലകളുടെ റേറ്റിംഗാണ്. കേരളത്തിൽ നിന്നും ഒരു സർവ്വകലാശാല മാത്രമാണ്. ആയതു തന്നെ 600നും 800നും ഇടയ്ക്കുള്ള റാങ്കിലാണ്. മറ്റൊരു പ്രമുഖ റാങ്കിംഗ് ഷാംങ്ഹായ് റാങ്കിംഗ് കൺസൾട്ടൻസിയുടെ 54 വിഷയങ്ങളിലെ 4000ൽപ്പരം യൂണിവേഴ്സിറ്റികളുടെ ലിസ്റ്റാണ്. ഈ 54 വിഷയങ്ങളിൽ ഒന്നിൽപ്പോലും കേരളത്തിൽ നിന്നുള്ള ഒരു സർവ്വകലാശാല പോലുമില്ല. ഇന്നത്തേതിന്റെ പലമടങ്ങ് മുതൽ മുടക്ക് ഉന്നതവിദ്യാഭ്യാസത്തിൽ അനിവാര്യമാണ്. അതുപോലെ തന്നെ പഠന ഗവേഷണത്തോടുള്ള സമീപനത്തിലും അടിമുടി മാറ്റം വേണം. രണ്ടും അത്ര എളുപ്പമല്ല. എങ്കിലും ഈ ദിശയിലേയ്ക്ക് നമ്മൾ രണ്ടും കൽപ്പിച്ചു നീങ്ങിയേതീരൂ. അല്ലാത്തപക്ഷം ഇവിടെ വിവരിക്കുന്ന വികസന തന്ത്രം ഒരു മരീചികയായിരിക്കും. ആറ് സുപ്രധാന നടപടികളാണ് മുന്നോട്ടുവയ്ക്കുന്നത്.

i. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 3-5 ലക്ഷം പേർക്കുകൂടി പഠനസൗകര്യങ്ങൾ,

ii. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1000 അധ്യാപകരുടെ നിയമനം,

iii. സർവ്വകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ,

iv. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രതിമാസം 1 ലക്ഷം രൂപ വരെ,

v. സർവ്വകലാശാല പശ്ചാത്തലസൗകര്യ വികസനത്തിന് 2000 കോടി രൂപയുടെ കിഫ്ബി ധനസഹായം,

vi. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപയുടെ ധനസഹായം.

43. ഒന്ന്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എൻറോൾമെന്റ് റേഷ്യോ 75 ശതമാനമായെങ്കിലും ഉയർത്തണം. അഖിലേന്ത്യാ ശരാശരി 26 ശതമാനമാണ്. ഇപ്പോൾ കേരളത്തിലെ എൻറോൾമെന്റ് 37 ശതമാനമാണ്. പക്ഷെ ഇതിൽ പുറത്തു പഠിക്കുന്ന കുട്ടികളുടെ എണ്ണം ഉൾപ്പെടില്ല. ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് സമഗ്രമായ ഒരു പഠനം നടത്തും. ഇവരെക്കൂടി പരിഗണിക്കുകയാണെങ്കിൽ ഒരു പക്ഷെ ഏതാണ്ട് 16-17 ലക്ഷം കുട്ടികൾ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ട്. ഇത് 20-22 ലക്ഷമായി ഉയർത്തണം.

ഈ വർഷം കോളേജുകൾ തുറക്കുമ്പോൾ 20000 പേർക്ക് അധിക പഠനസൗകര്യം ഉണ്ടാകും. 10 ശതമാനം സീറ്റ് വർദ്ധന, പുതിയ കോഴ്സുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയിലൂടെയാണ് ഇത് നേടുക. 2021-22ൽ തെരഞ്ഞെടുത്ത കോളേജുകളിൽ ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളിലൂടെയും പരീക്ഷണാടിസ്ഥാനത്തിൽ പഠനസൗകര്യം ഒരുക്കും.

44. രണ്ട്, നമ്മുടെ സർവകലാശാലകളിൽ അനുവദിച്ച അധ്യാപക തസ്തികകൾ 1881 ആണ്. പക്ഷെ ഏതാണ്ട് 886 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇവ മുഴുവൻ അടിയന്തരമായി നികത്തും. ഇതിനു പുറമേ 150 അധ്യാപക തസ്തികകളെങ്കിലും പുതിയതായി അനുവദിക്കും.

സർ, ഈ 1000ൽപ്പരം തസ്തികകൾക്കു വേണ്ടി വരുന്ന അധികച്ചെലവ് നോൺ പ്ലാനിൽ പ്രത്യേകമായി അനുവദിക്കും.

45. മൂന്ന്, സർവ്വകലാശാലകൾക്കുള്ളിൽ, 30 ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുന്നതാണ്. ഏറ്റവും പ്രഗത്ഭരായ വിദഗ്ധരെയോ പണ്ഡിതന്മാരെയോ സേർച്ച് കമ്മിറ്റി വഴി ദേശീയതലത്തിൽ നിന്ന് തിരഞ്ഞെടുത്തതിനു ശേഷം മാത്രമായിരിക്കും ഈ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങൾ നടത്തുക. ഈ പ്രഗത്ഭമേധാവികളുടെ കൂടി സജീവ പങ്കാളിത്തത്തിലായിരിക്കും സ്കൂളുകൾ രൂപാന്തരപ്പെടുക. സർ, 70കളിൽ സ്ഥാപിതമായ സിഡിഎസ്, ശ്രീചിത്ര തുടങ്ങിയ അരഡസൻ ഉന്നതവിദ്യാഭ്യാസ മികവിന്റെ കേന്ദ്രങ്ങൾ ഇന്നും പ്രസിദ്ധമാണ്. അവയുടെ വിജയത്തിന്റെ ഒരു മുഖ്യഘടകം ഡോ. കെ.എൻ.രാജ്, ഡോ. വലിയത്താൻ തുടങ്ങിയ പ്രഗത്ഭരെ കണ്ടെത്തി അവർക്കു പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചതുകൊണ്ടാണ് എന്നത് നാം ഓർക്കണം.

46. ഇപ്രകാരം ആരംഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലെ ശാസ്ത്ര പ്രതിഭകളായ എം.ജി.കെ. മേനോൻ, ഇ.സി.ജി. സുദർശനൻ, ഇ.കെ. അയ്യങ്കാർ, ബി.സി. ശേഖർ, ജി.എൻ. രാമചന്ദ്രൻ, അന്നാമാണി, പി.കെ. മേനോൻ, ആർ.എസ്. കൃഷ്ണൻ, പി.ആർ. പിഷാരഡി, ഇ.കെ. ജാനകിയമ്മാൾ, കെ.ആർ. രാമനാഥൻ, ഗോപിനാഥ് കർത്ത, എം.കെ. വൈനു ബാപ്പു തുടങ്ങിയവരുടെയും ദേശീയതലത്തിലെ ശാസ്ത്രപ്രതിഭകളുടെയും പേരിലായിരിക്കും അറിയപ്പെടുക.

i. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ട്രാൻസ്ലേഷണൽ റിസർച്ച് - സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ കൃഷിയും വ്യവസായവുമായി ബന്ധിപ്പിക്കുന്നതിനുള്ള ശാസ്ത്ര പ്രവർത്തനങ്ങളായിരിക്കും ഇവിടെ നടത്തുക.

ii. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ,

iii. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസാസ്റ്റർ റിസൈലൻസ്,

iv. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ പോളിസി സ്റ്റഡീസ് ആന്റ് റിസർച്ച്

v. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി,

vi. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ഡാറ്റാ സയൻസ്,

vii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജി,

viii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് മാത്തമറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്,

ix. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് എനർജി മറ്റീരിയൽസ്,

x. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് മെറ്റീരിയൽ സയൻസ് ആന്റ് മെറ്റലർജി,

xi. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്,

xii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ലൈഫ് സയൻസസ്,

xiii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ഡിസൈൻ ഇന്നൊവേഷൻ ആന്റ് സോഷ്യൽ സയൻസസ്,

xiv. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് സോഷ്യൽ എന്റർപ്രണർഷിപ്പ് ആന്റ് നോൺ പ്രോഫിറ്റ് മാനേജ്മെന്റ്,

xv. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ്, ഇന്റർ നാഷണൽ കൊമേഴ്സ്യൽ ആന്റ് എൻവയോൺമെന്റ് ലോ,

xvi. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ബയോ സയൻസസ് ആന്റ് ജനറ്റിക്സ്,

xvii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഫോർ ഇൻഡസ്ട്രീ 4.0 ടെക്നോളജീസ്,

xviii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് സ്പെയ്സ് സയൻസസ് ആന്റ് ടെക്നോളജീസ്,

xix. സ്കൂൾ ഓഫ് ടെക്നോളജി ആന്റ് എൻഹാൻസ്ഡ് എജ്യുക്കേഷൻ,

xx. അഡ്വാൻസ് റിസർച്ച് ഇന്റർവെൻഷൻസ് ഫോർ വെർണാക്കുലർ അപ്ഗ്രഡേഷൻ,

xxi. സ്കൂൾ ഓഫ് ഫോറൻസിക് സയൻസസ്.

47. മേൽപ്പറഞ്ഞ ലിസ്റ്റ് പൂർണ്ണമല്ല. നിലവിലുള്ള യൂണിവേഴ്സിറ്റി സ്കൂളുകൾ / ഡിപ്പാർട്ട്മെന്റുകൾ / സെന്ററുകൾ എന്നിവയുടെ മികവ് പരിശോധിച്ച് അവയെ പുതിയ മികവിന്റെ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്താവുന്നതാണ്. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസന ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സഹായത്തോടെ കെ-ഡിസ്കായിരിക്കും ഇതു സംബന്ധിച്ച തീരുമാനമെടുക്കുക.

ഈ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പ്രത്യേക ധനസഹായമായി 100 കോടി രൂപ വകയിരുത്തുന്നു. ഈ പുതിയ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യസൃഷ്ടിയ്ക്ക് കിഫ്ബിയിൽ നിന്ന് 500 കോടി രൂപ അനുവദിക്കുന്നു.

48. നാല്, പ്രതിമാസം 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ഉള്ള 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കുന്നു. അധികമായി ലബോറട്ടറികളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിന് 50000 രൂപ വരെ ആവശ്യമെങ്കിൽ ലഭ്യമാക്കും. രണ്ടു വർഷത്തേയ്ക്കായിരിക്കും ഫെലോഷിപ്പ്. വേണമെങ്കിൽ ഒരു വർഷം കൂടി ദീർഘിപ്പിക്കാം. മൂന്നു വർഷം കൊണ്ടാണ് ഈ ഫെലോഷിപ്പുകൾ അനുവദിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിദഗ്ധർക്കും ഈ ഫെലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ദേശീയ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പ്രത്യേകം പരസ്യം ചെയ്താണ് ആളെ തിരഞ്ഞെടുക്കുക. സർവകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളിലോ സ്കൂളുകളിലോ ആണ് രജിസ്റ്റർ ചെയ്യുക. എന്നാൽ അതേ സമയം അവർ പുറത്തുള്ള ആശുപത്രികൾ, വ്യവസായങ്ങൾ, സാങ്കേതിക കേന്ദ്രങ്ങൾ ഇവയെല്ലാമായി ബന്ധപ്പെട്ടായിരിക്കും പഠനം നടത്തുക. കേരളത്തിന്റെ ഇന്നത്തെ വികസനാവശ്യങ്ങളുടെ പശ്ചാത്തലത്തിൽ താഴെപ്പറയുന്ന മേഖലകൾക്കാണ് മുൻഗണന നൽകുന്നത്.

· ആയുർവേദത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ബയോ ഇൻഫോമാറ്റിക്സ്, കമ്പ്യൂട്ടേഷണൽ ബയോളജി, ബയോ മാനുഫാക്ചറിംഗ്, ബയോ പ്രോസസിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സെൽ ആൻഡ് മോളിക്യൂലാർ ബയോളജി, സിസ്റ്റംസ് ബയോളജി, ബയോ ടെക്നോളജി എന്നീ മേഖലകളിലെ ഫെലോഷിപ്പ്.

· റബ്ബറിന്റെയും മറ്റു വാണിജ്യവിളകളുടെയും പശ്ചാത്തലത്തിൽ പോളിമർ സയൻസ് ആന്റ് ടെക്നോളജിയാണ് മറ്റൊരു മുൻഗണനാമേഖല. ബാംബൂ, കയർ, വുഡ് തുടങ്ങിയവയുടെ കോമ്പോസിറ്റുകൾക്കുകൂടി ഈ മേഖലയിൽ മുൻഗണന നൽകും.

· സൈബർ ഫിസിക്കൽ ഡിജിറ്റൽ ടെക്നോളജികളിലുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, റോബോട്ടിക്സ്, ബ്ലോക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഗെയിമിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ സെക്യൂരിറ്റി സിസ്റ്റംസ്, ജിയോ സ്പേഷ്യൽ സിസ്റ്റംസ്, ക്വാണ്ടം ടെക്നോളജി ആന്റ് ആപ്ലിക്കേഷൻസ്, സ്പെയ്സ് ടെക്നോളജീസ്, അഡ്വാൻസ്ഡ് മെറ്റീരിയൽസ്, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ.

· ജെനറ്റിക്സ്, ജീനോമിക്സ് തുടങ്ങിയ ശാസ്ത്ര ശാഖകളിൽ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങളെ അടിസ്ഥാനമാക്കി ജെനറ്റിക് മെഡിസിൻ, സ്റ്റെംസെൽ ബയോളജി, മെഡിക്കൽ ഇമേജിംഗ്, ബയോ മെഡിക്കൽ ഫോട്ടോണിക്സ്, മെഡിക്കൽ ഡിവൈസസ് ആൻഡ് മോഡലിംഗ്, ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്, എപ്പിഡെമോളജി, അസിസ്റ്റ്യൂ ടെക്നോളജീസ്, ജീനോമിക്സ് ഇൻ മെഡിസിൻ, സോഷ്യൽ മെഡിസിൻ പബ്ലിക് ഹെൽത്ത്, ഹെൽത്ത് സയൻസസ് ആന്റ് ടെക്നോളജീസ്,

· നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരം സാധ്യതകൾക്കായുള്ള അന്വേഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എനർജി സ്റ്റോറേജ്, ഫ്യൂവൽ സെൽസ്, ഇ മൊബിലിറ്റി, ബാറ്ററി ടെക്നോളജീസ്, ഫോട്ടോ വോൾട്ടേജ്, സോളാർ തെർമൽ, ബയോ എനർജി മോഡലിംഗ്, ബയോ മാസ് റീസൈക്ക്ളിംഗ്,

· കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയൻസ് ആന്റ ടെക്നോളജീസ്, ഫുഡ് പ്രോസസിംഗ്, ലാന്റ് ആന്റ് വാട്ടർ മാനേജ്മെന്റ്, അഗ്രിക്കൾച്ചർ സയൻസസ്, ഓർഗാനിക് ഫാമിംഗ്, കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ, പ്രിസിഷൻ അഗ്രിക്കൾച്ചർ, അഗ്രിക്കൾച്ചർ ഡ്രോൺസ്,

· കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് ഹൗസിംഗ് ട്രാൻസ്പോർട്ട് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ, കാലാവസ്ഥാ വ്യതിയാനം, ഡിസാസ്റ്റർ മാനേജ്മെന്റ്, കാർബൺ ഫുട്പ്രിന്റിംഗ്, ഹൈഡ്രോളജിക്കൽ മോഡലിംഗ്, ലാൻഡ് സ്ലൈഡ് പ്രെഡിക്ഷൻ, ഡിസാസ്റ്റർ ഫോർകാസ്റ്റിംഗ്, വേസ്റ്റ് റീസൈക്ലിംഗ്, മലിനീകരണ നിയന്ത്രണം,

· ഇന്നവേഷൻ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇന്നവേഷൻ ഇക്കോസിസ്റ്റം, ഇന്നവേഷൻ സ്റ്റഡീസ്, ഫ്രൂഗൽ ഇന്നവേഷൻ, ഇന്നവേഷൻ മെത്തഡോളജീസ്,

· കേരളത്തിന്റെ തനതു സംസ്കാരം, കേരള സമൂഹത്തിലെ തുല്യത, കെട്ടുറപ്പ് എന്നിവ ഊട്ടിയുറപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ആർക്കിയോളജി ആന്റ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ്, മൈഗ്രേഷൻ സ്റ്റഡീസ്, കല, ചരിത്രം, ഭാഷ, സാമൂഹ്യശാസ്ത്രങ്ങൾ, പരിസ്ഥിതി നിയമങ്ങൾ, ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ, കേരള സമ്പദ്ഘടനയുടെ എക്കണോമെട്രിക് മോഡലിംഗ്, കേരളത്തിലെ കോ-ഓപ്പറേറ്റീവ് മേഖലയുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിൻടെക് അടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ പ്രയോഗം തുടങ്ങിയവ.

49. അഞ്ച്, കിഫ്ബി ധനസഹായത്തോടെ സർവകലാശാലകളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ്. കൊച്ചി സർവകലാശാലയിൽ ഇതിനകം 242 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മറ്റു സർവകലാശാലകളുടെ പ്രൊപ്പോസലുകൾ അപ്രൈസൽ ഘട്ടത്തിലാണ്. ലാബുകൾ, ക്ലാസ് മുറികൾ, സ്റ്റുഡന്റ്/ ഫാക്കൽറ്റി ഹോസ്റ്റൽ, ഇന്റർനാഷണൽ ഹോസ്റ്റൽ എന്നിവയ്ക്കാണ് പണം അനുവദിക്കുക.

മേജർ സർവകലാശാലകൾക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതവും കിഫ്ബിയിൽ നിന്നും സഹായം അനുവദിക്കുന്നു.

50. പുതിയ ആസ്ഥാന മന്ദിരം പണിയുന്നതിന് കേരള സാങ്കേതിക സർവകലാശാലയ്ക്കും മെഡിക്കൽ സർവകലാശാലയ്ക്കും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്കും പ്രത്യേകം പണം അനുവദിക്കും. സർ, കിഫ്ബിയിൽ നിന്നും ഇതുവരെ അനുവദിച്ചതടക്കം മൊത്തം 2000 കോടി രൂപ സർവകലാശാലകളുടെ നവീകരണത്തിനായി ചെലവഴിക്കും.

51. ഉന്നതവിദ്യാഭ്യാസ മേഖലയുടെ മൊത്തം പദ്ധതി അടങ്കൽ 1175 കോടി രൂപയാണ്. ഇതിൽ 392 കോടി രൂപ 15 സർവ്വകലാശാലകൾക്കായി നീക്കിവച്ചിരിക്കുന്നു.

52. ഐഐഐടിഎംകെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയായി ഉയർത്തിയിട്ടുണ്ട്. 24 കോടി രൂപ വകയിരുത്തുന്നു. ഇന്നവേറ്റീവ് ഗവേഷണവും സംരംഭകത്വവും വ്യവസായ ഉന്നത വിദ്യാഭ്യാസ മേഖലകളുടെ ഏകോപനവും ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. ഇതിനായി 20 കോടി രൂപ നീക്കിവെയ്ക്കുന്നു. നൂതന സംരംഭക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിലായിരിക്കും.

53. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സ്വന്തമായി ഡിപ്പാർട്ട്മെന്റുകളും ഗവേഷണവും നടത്തുന്ന ഒരു സർവ്വകലാശാലയായി വികസിപ്പിക്കും. ഇവിടെ ആദ്യം സ്ഥാപിക്കുന്ന സ്കൂൾ ഓഫ് എപ്പിഡൊമോളജിക്കൽ സ്റ്റഡീസ് ഡോ. പൽപ്പുവിന്റെ പേരിലായിരിക്കും അറിയപ്പെടുക. തൃശ്ശൂർ മെഡിക്കൽ കോളേജിനെ കാമ്പസ് മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തും.

54. ആറ്, അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യും. കൈറ്റ്സിനു തന്നെയായിരിക്കും ചുമതല. ഇതിനായി 150 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുന്നു. ഇതിനകം തന്നെ കിഫ്ബിയിൽ നിന്ന് സർക്കാർ കോളജുകളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 594 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 92 കോടി രൂപയുടെ പ്രൊപ്പോസലുകൾ പരിഗണനയിലാണ്. 2021-22ൽ റൂസായിൽ നിന്ന് 144 കോടി രൂപ അഫിലിയേറ്റഡ് കോളജുകൾക്ക് ലഭ്യമാകും. സർക്കാർ കോളജുകളുടെ പശ്ചാത്തലസൗകര്യ വികസനത്തിന് 56 കോടി രൂപ വകയിരുത്തുന്നു. നാക് അക്രെഡിറ്റേഷനുവേണ്ടിയുള്ള സൗകര്യങ്ങളൊരുക്കുന്നതിന് 28 കോടി രൂപ വകയിരുത്തുന്നു. സർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ് 100 വർഷം പിന്നിടുകയാണ്. പിജിയുടെയും പികെവിയുടെയും സ്മാരകമായി പുതിയൊരു ലൈബ്രറി ബിൽഡിംഗ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ രജതജൂബിലി വർഷത്തിലെ പ്രത്യേക സ്കീമുകൾക്ക് 20 കോടി രൂപ അനുവദിക്കുന്നു.

55. കഴിഞ്ഞ ബജറ്റിൽ പറഞ്ഞതുപോലെ ‘എ’യ്ക്കു മുകളിൽ ഗ്രേഡുള്ള എല്ലാ കോളജുകൾക്കും പുതിയ കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. ചില കോർപറേറ്റ് മാനേജ്മെന്റുകൾക്ക് ഇതിനു പുറമേയും കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. മൊത്തം 197 കോഴ്സുകൾക്കാണ് അനുവാദം നൽകിയത്.

56. മേൽപ്പറഞ്ഞ നടപടികൾ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ സർവകലാശാലകൾ നാക് അക്രെഡിറ്റേഷന് 3.5 എന്ന ഗ്രേഡിലേയ്ക്കെങ്കിലും ഉയരണമെന്നതാണ് ലക്ഷ്യം. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഡിപ്പാർട്ടുമെന്റുകളും സ്കൂളുകളും ദേശീയതലത്തിൽ അംഗീകാരം നേടും. എല്ലാറ്റിനുമുപരി അവ വിജ്ഞാന സമൂഹത്തിലേയ്ക്കുള്ള കേരളത്തിന്റെ കുതിപ്പിന് പ്രധാന ഉത്തേജകമായി മാറണം.

57. ഉന്നതവിദ്യാഭ്യാസത്തിന്റെ ഈ പരിവർത്തനത്തിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ബന്ധപ്പെട്ട സ്ഥാപനങ്ങളും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. 131 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 51 കോടി രൂപ കൗൺസിലിന് കീഴെയുള്ള സിഡബ്ല്യൂഡിആർഎം, കെഎഫ്ആർഐ, നാറ്റ്പാക്ക് തുടങ്ങിയ ഏഴ് സ്ഥാപനങ്ങൾക്കാണ്, 50 കോടി രൂപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയ്ക്കും. ഹയർ എഡ്യൂക്കേഷൻ കൗൺസിലിന് 16 കോടി രൂപയും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന് 9 കോടി രൂപയും കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന് 5 കോടി രൂപയും വകയിരുത്തുന്നു. ഐഎച്ച് ആർഡിയ്ക്ക് 20 കോടി രൂപയും കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് 19 കോടി രൂപയും വകയിരുത്തുന്നു.

58. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇ-ജേർണൽ കൺസോർഷ്യം നടപ്പാക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു. സർവ്വകലാശാലകളിലെയും അഫിലേറ്റഡ് കോളേജുകളിലെയും ഡിപ്പാർട്ട്മെന്റുകളെ ഗ്രേഡ് ചെയ്യുന്നതിന് ഒരു പദ്ധതി ആവിഷ്കരിക്കും. മികച്ച ഗ്രേഡ് ലഭിക്കുന്ന ഡിപ്പാർട്ട്മെന്റുകൾക്ക് പ്രത്യേക ധനസഹായം നൽകും. ഉന്നതവിദ്യാഭ്യാസ കൗൺസിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് 5 കോടി രൂപ അനുവദിക്കുന്നു.

കേരളം – ഇന്നവേഷൻ സമൂഹം

59. വിജ്ഞാനോൽപ്പാദനം ഇന്നവേഷൻസായി രൂപാന്തരപ്പെടണം. സമൂഹത്തിലെ പുതിയ അറിവുകൾ സാമ്പത്തിക മേഖലയിലെ സങ്കേതങ്ങളോ, പ്രക്രിയയോ, സംഘാടനമോ, ഉൽപന്നമോ, വിപണനമോ ആയി രൂപാന്തരം പ്രാപിക്കുന്നതാണ് ഇന്നവേഷൻ അല്ലെങ്കിൽ നൂതനവിദ്യ. കേരളം അതിവേഗത്തിൽ വളരണമെങ്കിൽ എല്ലാ തലങ്ങളിലും നിരന്തരമായി ഇന്നവേഷൻ നടക്കണം. കഴിഞ്ഞ ബജറ്റിന്റെ ഒരു അനുഭവം ഉദാഹരിക്കട്ടെ. കേരള വികസനത്തെ ഗാഢമായി സ്വാധീനിക്കാൻപോന്ന പദ്ധതികളിലൊന്നായി ചകിരിച്ചോറ് കൊണ്ടുള്ള ബൈന്റർലെസ് ബോർഡ് ഉയർത്തിക്കാട്ടിയിരുന്നു. ഈ ആശയം വാഗ്നിനൻ സർവ്വകലാശാലയിലെ ലബോറട്ടറിയിൽ പിറന്നതാണ്. ഈ ആശയത്തെ ഫോംമാറ്റിംഗ്സിന്റെ പൈലറ്റ് പ്ലാന്റിൽ ഒരു പ്രോട്ടോടൈപ്പായിട്ടുണ്ട്. ചകിരിച്ചോറ് അല്ലെങ്കിൽ ഉണക്കത്തൊണ്ടിന്റെ പൊടിയിൽ നിന്ന് ഏറ്റവും ഉറപ്പുള്ള പലക ഒരു രാസപദാർത്ഥവും ഉപയോഗിക്കാതെ നിർമ്മിക്കാനാകുമെന്നു തെളിഞ്ഞിരിക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുന്നതോടെ കേരളത്തിലെ പ്ലൈവുഡ് വ്യവസായത്തിന്റെ മുഖ്യ ഉൽപ്പന്നമായി ഇതു മാറും. ഇത് വ്യവസായ കുതിപ്പിന് ഇടയാക്കുമെന്നു മാത്രമല്ല, കേരളത്തിലെ ഒരു നാളികേരത്തിന് ഉണക്കത്തൊണ്ട് ആണെങ്കിൽപ്പോലും ഒരു രൂപയെങ്കിലും അധികമായി ഉറപ്പുവരുത്തും.

60. ഇതുപോലെ എല്ലാ മേഖലകളിലും ഇന്നവേഷൻ സന്നിവേശിപ്പിക്കാനുള്ള അന്തരീക്ഷ സൃഷ്ടിക്കുവേണ്ടി ഒരു നാല് ഇന കർമ്മപരിപാടി ഈ ബജറ്റ് മുന്നോട്ടുവെയ്ക്കുകയാണ്. സർ, വിദഗ്ധർ മാത്രമല്ല ഇതിൽ പങ്കാളികളാവുക. അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ നൂതനമായ ചിന്തകളെ പുണരുന്ന കൃഷിക്കാർക്കും തൊഴിലാളികൾക്കും മറ്റു സാധാരണക്കാർക്കും ഇതിൽ പങ്കുണ്ടാവും.

61. ഒന്ന്, തങ്ങളുടെ പ്രദേശത്തെ കൃഷി, വ്യവസായം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിലെ ഏതെങ്കിലുമൊരു പ്രശ്നത്തിന് നൂതന സങ്കേതത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തുന്ന ഏതൊരാൾക്കും തങ്ങളുടെ നൂതനവിദ്യ അപ് ലോഡു ചെയ്യുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുണ്ടാകും. കെ-ഡിസ്ക് ഇങ്ങനെ വരുന്ന നൂതന ആശയങ്ങളെയും വിദ്യകളെയും തരംതിരിക്കുകയും അതത് മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ വിലയിരുത്തുകയും ചെയ്യും. അടുത്ത ഘട്ടത്തിൽ സ്റ്റാർട്ട് അപ് മിഷനും കേരള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനും ചേർന്ന് ഈ ഇന്നവേഷൻസിനെ ഗ്രേഡ് ചെയ്ത് അവ പ്രോഡക്ടുകളായി വികസിപ്പിക്കുന്നതിനുള്ള ധനസഹായവും മെന്ററിംഗും ഉറപ്പാക്കും. 5 സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന മുറയ്ക്ക് ഉൽപന്നങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിന് ഇവർ മുൻകൈയെടുക്കും. ഇങ്ങനെ വികസിക്കുന്ന സങ്കേതങ്ങൾ നിശ്ചിതവിലയ്ക്ക് ടെൻഡറില്ലാതെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ വാങ്ങുന്നതിന് അവസരമുണ്ടാകും. സേവനങ്ങളുടെയും സങ്കേതങ്ങളുടെയും ടേണോവറിന് ആനുപാതികമായി ഡിഫ്യൂഷൻ സബ്സിഡി നൽകുന്നതിനും പരിപാടിയുണ്ട്. പുതിയ സങ്കേതങ്ങൾ സന്നിവേശിപ്പിക്കുന്നതിൽ ഒരു ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകില്ല എന്നതിനുള്ള ബോധപൂർവമായ ഇടപെടലാണിത്.

62. രണ്ട്, പരീക്ഷണാടിസ്ഥാനത്തിൽ കെ-ഡിസ്ക് നടപ്പാക്കിയ യംഗ് ഇന്നവേഷൻ ചലഞ്ചും അസാപ്പിന്റെ ഹാക്കത്തോണും സംയോജിപ്പിച്ച് കേരള ഇന്നവേഷൻ ചലഞ്ച് എന്ന പേരിൽ വിപുലീകരിക്കുകയാണ്. 20 മേഖലകളിൽ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏത് വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും സംഘങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനു ശേഷം ബന്ധപ്പെട്ട ഡൊമൈൻ കേന്ദ്രങ്ങളിൽ അപേക്ഷകൾ വിശദമായി പരിശോധിക്കും. ഇവിടെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ജില്ലാതലത്തിൽ നേരിട്ട് അവതരണമുണ്ടായിരിക്കും. 25000 രൂപ വീതം 8000 സംഘങ്ങൾക്ക് സമ്മാനം നൽകും. ഇവിടെ നിന്നും സംസ്ഥാന തല അവതരണത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന 2000 സംഘങ്ങൾക്ക് 50,000 രൂപ വീതം സമ്മാനം നൽകും. സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രോട്ടോടൈപ്പുകൾ ഉൽപന്നമാക്കി മാറ്റുന്നതിന് മൂന്നുവർഷത്തേയ്ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം സർക്കാർ നൽകും. സർ, കേരള ഇന്നവേഷൻ ചലഞ്ച് പദ്ധതിയ്ക്കായി 40 കോടി രൂപ വകയിരുത്തുന്നു.

63. മൂന്ന്, കേരളത്തിലെ പ്രാദേശിക സർക്കാരുകൾ സ്കീമുകളല്ല, പ്രോജക്ടുകളാണ് നടപ്പാക്കുന്നത്. അതുകൊണ്ട് നൂതന സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യം വളരെയേറെയുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വികസനഫണ്ടിന്റെ അര ശതമാനം “എസ്ബി സെൻ ഇന്നവേഷൻ ഫണ്ടാ”യി മാറ്റിവെയ്ക്കുന്നതാണ്. കെ-ഡിസ്കിന്റെയും കിലയുടെയും ആഭിമുഖ്യത്തിൽ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സ്കീം വിപുലീകരിച്ച് ഓരോ വികസന മേഖലയിലും ഏറ്റവും മികച്ച നൂതനമായ പ്രോജക്ടുകൾക്ക് രൂപം നൽകുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഈ ഫണ്ടിൽ നിന്ന് പ്രത്യേക ധനസഹായം നൽകും. ഇതിനായി പുതിയ സങ്കേതങ്ങൾ, സംഘാടനരീതികൾ, പ്രക്രിയാ നവീകരണം, സുതാര്യതയും മോണിറ്ററിംഗും, വിപണനം എന്നീ തുറകളിലെ നൂതനത്വമാണ് പരിശോധിക്കുക. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഡിപിസി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജില്ലാ ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കുന്നതാണ്. ജലനിധി പദ്ധതി ഒളവണ്ണ പഞ്ചായത്തും ആശ്രയ പദ്ധതി നെടുമ്പാശ്ശേരി പഞ്ചായത്തും ബഡ്സ്കൂളുകൾ വെങ്ങാനൂർ പഞ്ചായത്തും ജനകീയ പച്ചക്കറി കഞ്ഞിക്കുഴി പഞ്ചായത്തും കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് ആലപ്പുഴ മുനിസിപ്പാലിറ്റിയുമാണ് ഇന്നവേറ്റ് ചെയ്തതെന്ന് ഓർക്കുക.

എസ്ബി സെൻ ഇന്നവേഷൻ ഫണ്ടിന് 35 കോടി രൂപ നീക്കിവയ്ക്കുന്നു.

64. നാല്, സർക്കാർ വകുപ്പുകളിൽ സ്റ്റാർട്ട് അപ്പ് ഇന്നവേഷൻ സോണുകൾ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സ്റ്റാർട്ട് അപ്പുകളെ ബോധപൂർവ്വം ബന്ധപ്പെടുത്തുന്നതിനുള്ള പരിപാടിയാണിത്. ഒരു ഉദാഹരണത്തിലൂടെ ഈ പരിപാടി എന്തെന്നു വിശദീകരിക്കാം. ഈ സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ മാൻഹോൾ സിനിമയെ പരാമർശിച്ചുകൊണ്ട് ശുചീകരണത്തിന് യന്ത്രവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇതുകേട്ട ഒരുപറ്റം എഞ്ചിനീയറിംഗ് കുട്ടികൾ മാൻഹോൾ ശുചീകരണത്തിന് ബാൻഡിക്യൂട്ട് എന്നൊരു റോബോട്ട് രൂപകൽപ്പന ചെയ്തു. വാട്ടർ അതോറ്റിയിൽ സ്റ്റാർട്ട് അപ്പ് മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഇന്നവേഷൻ സോൺ ഈ കുട്ടികൾ രൂപം നൽകിയ യന്ത്രത്തെ കൂടുതൽ മൂർത്തമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുമെല്ലാം അരങ്ങൊരുക്കി. ഇതിന് അന്തിമരൂപം നൽകുന്നതിനു കെഎഫ്സി സഹായം നൽകി. ഇന്ന് ഈ ജൻറോബോട്ടിക്സ് കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല കാമ്പസ് സ്റ്റാർട്ട് അപ്പുകളിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. 200 കോടി രൂപയാണ് ഈ കമ്പനിയുടെ ഇന്നത്തെ വിപണി മൂല്യം.

സ്റ്റാർട്ട് അപ്പ്

65. ഇന്നവേഷൻ പ്രോത്സാഹന സ്കീമുകളിലൂടെ രൂപം കൊള്ളുന്ന ഉൽപന്നങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കും. ഐടിയിൽ മാത്രമല്ല, നൂതന സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റു മേഖലകളിലെല്ലാം സ്റ്റാർട്ട് അപ്പുകൾ പ്രസക്തമാണ്. സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ശക്തമായ പ്രോത്സാഹനാന്തരീക്ഷ സൃഷ്ടിയിൽ ദേശീയതലത്തിൽ കേരളം കഴിഞ്ഞ രണ്ടു വർഷമായി ടോപ്പ് പെർഫോർമറാണ്. സ്റ്റാർട്ട് അപ്പ് പ്രോത്സാഹനത്തിന് ആറിന പരിപാടികൾ പ്രഖ്യാപിക്കുകയാണ്.

66. ഒന്ന്, കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന് രൂപം നൽകും. ഇതിലേയ്ക്ക് 50 കോടി രൂപ വകയിരുത്തുന്നു. പൂർണ്ണമായി പ്രൊഫഷണലും സ്വതന്ത്രവുമായ രീതിയിലായിരിക്കും ഈ ഫണ്ട് പ്രവർത്തിക്കുക. ഏതെങ്കിലും സ്റ്റാർട്ടപ്പ് പുറത്തുനിന്ന് നിക്ഷേപം ആകർഷിക്കുകയാണെങ്കിൽ, ഈ ഫണ്ടിൽ നിന്ന് മാച്ചിംഗ് നിക്ഷേപം ലഭ്യമാക്കും. ഇത്തരം സ്റ്റാർട്ട് അപ്പുകൾക്ക് ഇതിനകം സീഡ് ഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ അത് ഓഹരി പങ്കാളിത്തമായി മാറ്റും.

67. രണ്ട്, കെഎസ്ഐഡിസിയും കെഎഫ്സിയും കേരള ബാങ്കും സ്റ്റാർട്ട് അപ്പുകൾക്ക് നൽകുന്ന വായ്പയിൽ നഷ്ടമുണ്ടാവുമെങ്കിൽ അതിന്റെ 50 ശതമാനം സർക്കാർ താങ്ങായി നൽകുന്നതാണ്.

68. മൂന്ന്, ഇപ്പോൾ സ്റ്റാർട്ട് അപ്പ് മിഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരള ഫണ്ട് ഓഫ് ഫണ്ട് സ്കീം ഫോർ ടെക്നോളജി പ്രോഡക്ട് സ്റ്റാർട്ട് അപ്പ് വിപുലീകരിക്കുന്നതിനു 20 കോടി രൂപ വകയിരുത്തുന്നു. ഇതും പുറത്തുള്ള വെൻച്വർ ക്യാപിറ്റൽ ഫണ്ടുകളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിനു സഹായകരമാകും.

69. നാല്, സ്റ്റാർട്ട് അപ്പുകളുടെ വർക്ക് ഓർഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ പത്തുശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പർച്ചേസ് ഓർഡറുകൾ ആണെങ്കിൽ ഡിസ്കൗണ്ട് ചെയ്യുന്നതിനും പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററൽ സെക്യൂരിറ്റി വാങ്ങുന്നതല്ല. അതുപോലെതന്നെ സർക്കാരിന്റെ വികസനലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് 1 കോടി രൂപ വരെ ലഭ്യമാക്കും. കെഎഫ്സിയും കേരള ബാങ്കും വഴിയാണ് ഈ സ്കീമുകൾ നടപ്പാക്കുക.

70. അഞ്ച്, കേരള സർക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെണ്ടറുകളിൽ സ്റ്റാർട്ട് അപ്പുകളുമായി ചേർന്നുള്ള കൺസോർഷ്യം മോഡൽ പ്രോത്സാഹിപ്പിക്കും. ഇത്തരത്തിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ കൺസോർഷ്യം പാർട്ട്ണറായി എടുക്കുന്ന ടെണ്ടറുകൾക്ക് ചില മുൻഗണനകൾ നൽകും. ഇത്തരമൊരു സമീപനം എല്ലാ സർക്കാർ വകുപ്പുകളും സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കും.

71. ആറ്, കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ അന്തർദേശീയ കമ്പോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പ്രത്യേക പരിപാടിക്കു രൂപം നൽകും. വിദേശ സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വിദേശ കമ്പനികളും സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് 10 ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ ലോഞ്ച് പാഡുകൾ സ്ഥാപിക്കും.

72. സ്റ്റാർട്ട് അപ്പുകളുടെ വികസനവും വിവിധ വികസനമേഖലകളിലേയ്ക്കുള്ള ഇവയുടെ ഏകോപനവുമാണ് സ്റ്റാർട്ട് അപ് മിഷന്റെ ധർമ്മം. സ്റ്റാർട്ട് അപ് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ ടെക്നോളജി ഇന്നവേഷൻ സോൺ കഴിഞ്ഞ വർഷം സ്ഥാപിച്ചിരുന്നു. ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 10 കോടി രൂപ മാറ്റിവെയ്ക്കുന്നു. സ്റ്റാർട്ട് അപ്മിഷന്റെ ആഭിമുഖ്യത്തിലുളള യൂത്ത് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പരിപാടി, സ്റ്റാർട്ട് അപ്പുകളുടെ ഇൻക്യുബേഷൻ, ആക്സിലറേഷൻ, ഉൽപന്നങ്ങളുടെ വികസനവും മാർക്കറ്റിംഗും, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ്പുകൾക്കുള്ള പ്രോത്സാഹന പരിപാടി എന്നിവയ്ക്കായി 59 കോടി വകയിരുത്തുന്നു. കെഎസ്ഐഡിസിയുടെ ഇന്നവേഷൻ ആക്സിലറേഷൻ സ്കീമിന് 11 കോടി രൂപ വകയിരുത്തുന്നു. സ്റ്റാർട്ട് അപ്പുകൾക്കായി ഒരു മെന്ററിംഗ് പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതാണ്.

ഇപ്പോൾ പ്രഖ്യാപിച്ച ആറിന പരിപാടികളുടെ ബലത്തിൽ 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ 2021-22ൽ ആരംഭിക്കും.

ഐടി വ്യവസായം

73. പറന്നുയരാൻ തുടങ്ങിയിരുന്ന ഐടി വ്യവസായത്തിന് കൊവിഡ് പകർച്ചവ്യാധി വലിയ തിരിച്ചടിയായി. ചെറിയൊരു ശതമാനം ജീവനക്കാരേ ഇപ്പോൾ ഓഫീസിൽ നിന്ന് പണിയെടുക്കുന്നുള്ളൂ. പല കമ്പനികളും അവരുടെ ഓഫീസ് സ്പേസ് വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിലും 2000 ഐടി പ്രൊഫഷണലുകൾക്ക് ജോലി നൽകുന്ന എട്ടു കമ്പനികൾ തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിച്ചു. ക്വാന്റിഫീ എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി 2021 ആദ്യപാദത്തിൽ പ്രവർത്തനം ആരംഭിക്കും. ടെക്നോസിറ്റിയിൽ ടോറസ് ഡൗൺടൗണിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബ്രിഗേഡ് എന്റർപ്രൈസ് വേൾഡ് സെന്ററിന്റെ നിർമ്മാണം ഏപ്രിലിൽ ആരംഭിക്കും. കൊച്ചി ഇൻഫോ പാർക്കിൽ 2000 പേർക്ക് ജോലി നൽകുന്ന 40 കമ്പനികൾ ആരംഭിച്ചു. ഇതിൽ ഏറ്റവും പ്രധാനം അമേരിക്കയിലെ ഓർത്തോ എഫക്ട്സ് എന്ന ഡെന്റൽ കമ്പനിയാണ്. കൊച്ചിയിൽ ക്ലേസീസ് ടെക്നോളജീസ്, മീഡിയാ സിസ്റ്റംസ് സോഫ്റ്റ് സൊല്യൂഷൻസ്, കാസ്പിയൻ ടെക്സ്പാർക്ക്, ഐബിഎസ് സോഫ്റ്റു്വെയർ സർവീസസ് എന്നീ കമ്പനികളുടെ പാർക്കുകളുടെ നിർമ്മാണം വേഗതയിൽ പുരോഗമിക്കുകയാണ്.

74. വികേന്ദ്രീകൃത ഐടി വർക്ക് സ്റ്റേഷനുകൾ തുടങ്ങുമ്പോഴും പാർക്കുകളുടെ വികസന ഊന്നലിൽ ഒരു കുറവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. ടെക്നോപാർക്കിന്റെ വികസനത്തിന് 22 കോടിയും ഇൻഫോ പാർക്കിന് 36 കോടിയും സൈബർ പാർക്കിന് 12 കോടിയും നീക്കിവെയ്ക്കുന്നു. ടെക്നോസിറ്റിയിലും കൊച്ചി ഇൻഫോപാർക്കിലും കിഫ്ബി പിന്തുണയോടെ 4.6 ലക്ഷം ചതുരശ്രയടിയുടെ തൊഴിൽ സമുച്ചയങ്ങൾ 2021-22ൽ ഉദ്ഘാടനം ചെയ്യും.

മറ്റു വൈജ്ഞാനിക വ്യവസായങ്ങൾ

75. കേരളത്തിലെ ജൈവവൈവിദ്ധ്യം, ആയുർവേദ പാരമ്പര്യം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ബയോ ടെക്നോളജി വ്യവസായങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളുണ്ട്. ബയോ ടെക്നോളജി വ്യവസായ യൂണിറ്റുകളുടെയും ബന്ധപ്പെട്ട ആർ ആൻഡ് ഡി സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് തോന്നയ്ക്കലിലെ 260 ഏക്കർ വിസ്തൃതിയുള്ള ലൈഫ് സയൻസ് പാർക്ക് നിർണായക പങ്കുവഹിക്കും. 70 ഏക്കർ സംരംഭകർ ഏറ്റെടുത്തു കഴിഞ്ഞു. 136 കോടിയുടെ ബയോ ഇൻക്യുബേഷൻ സെന്റർ നിർമ്മാണത്തിലാണ്. 24 കോടി രൂപ വകയിരുത്തുന്നു.

76. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേർന്ന് ലൈഫ് സയൻസ് പാർക്കിൽ 230 കോടി രൂപയുടെ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കുന്നുണ്ട്. നീതി ആയോഗിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞ ഈ പദ്ധതിയ്ക്ക് 24 കോടി രൂപ വകയിരുത്തുന്നു.

77. ഫാർമസ്യൂട്ടിക്കൽ വ്യവസായമാണ് കേരളം ഊന്നേണ്ടുന്ന ഒരു മേഖല. ഇന്ത്യയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെല്ലാം വിറ്റുതുലച്ചുകൊണ്ടിരിക്കുമ്പോൾ കെഎസ്ഡിപി കേരളത്തിന്റെ ബദലായി ഉയരുന്നതിൽ നമുക്ക് അഭിമാനിക്കാം. കെഎസ്ഡിപിയുടെ ഉത്പാദനം 2015-16ൽ ഏതാണ്ട് 20 കോടി രൂപയായിരുന്നു. അത് 2020-21ൽ 150 കോടിയായി ഉയരും. നോൺ ബീറ്റാ ലാക്ടം ഇഞ്ചക്ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉൽപാദന ശേഷി 250 കോടി രൂപയായി ഉയരും. നിലവിലുള്ള പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് 15 കോടി രൂപ അനുവദിക്കുന്നു.

· കിഫ്ബിയിൽ നിന്ന് 150 കോടി രൂപയുടെ ധനസഹായത്തോടെ കെഎസ്ഡിപിയുടെ മാനേജ്മെന്റിൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർത്ഥ്യമാകും.

· അവയവമാറ്റ ശസ്ത്രക്രിയ രോഗികൾക്ക് അനിവാര്യമായതും 250 രൂപ കമ്പോളവില വരുന്നതുമായ 6 ഇനം മരുന്നുകൾ ഫെബ്രുവരിയിൽ 40 രൂപയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും.

· 15 ഫോർമുല മരുന്നുകൾ പുതിയതായി 2021-22ൽ കമ്പോളത്തിൽ ഇറക്കും.

· ഡബ്ല്യു.എച്ച്.ഒ സർട്ടിഫിക്കേഷനോടെ ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക് മരുന്ന് കയറ്റുമതി ആരംഭിക്കും.

78. കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിലെ 600 ഏക്കറിൽ 170 ഏക്കർ ബിപിസിഎൽ വാങ്ങിക്കഴിഞ്ഞു. 1864 കോടി രൂപ മുതൽമുടക്കുള്ള പാർക്ക് 3 വർഷത്തിനുള്ളിൽ പൂർത്തിയാകും. ഇവിടെ ബൾക്ക് ഡ്രഗ്ഗുകൾ ഉൽപാദിപ്പിക്കാൻ ഒരു ഫാർമ പാർക്കു കൂടി സ്ഥാപിക്കും.

79. ലൈറ്റ് എഞ്ചിനീയറിംഗ് മേഖലയിൽ പ്രധാനം കെഎസ്ഐഡിസിയുടെ പാലക്കാട്ടെ എഞ്ചിനീയറിംഗ് ഇൻഡസ്ട്രിയൽ പാർക്കാണ്. 5 കോടി രൂപ വകയിരുത്തുന്നു. കിൻഫ്രാ ഫിലിം വീഡിയോ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് 7 കോടി രൂപ വകയിരുത്തുന്നു. കൊച്ചിയിലെ 240 ഏക്കർ ഹൈടെക് പാർക്കിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

80. ഇലക്ട്രോണിക് വിപ്ലവത്തിന്റെ തുടക്കകാലത്താണ് കെൽട്രോൺ സ്ഥാപിച്ചത്. പലകാരണങ്ങൾ കൊണ്ടും സാധ്യതകൾ ഉപയോഗപ്പെടുത്താനായില്ല. കേരളത്തിലെ ഇലക്ട്രോണിക് ഹാർഡ് വെയർ വ്യവസായത്തിന്റെ നട്ടെല്ലായി ഇനിയും കെൽട്രോൺ തുടരും. വിവിധ കെൽട്രോൺ സ്ഥാപനങ്ങൾക്കായി 25 കോടി രൂപ വകയിരുത്തുന്നു. ആമ്പല്ലൂരെ ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്കിന്റെ നിർമ്മാണം ഊർജിതപ്പെടുത്തും.

മറ്റു വൻകിട വ്യവസായങ്ങൾ

81. മൂന്ന് സുപ്രധാന വ്യവസായ വികസന ഇടനാഴികളാണ് ഇന്ന് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നാമത്തേത്, കൊച്ചി – പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോറാണ്. ചെന്നൈ ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യൽ പർപ്പസ് കമ്പനിയാണ് ഈ പ്രോജക്ട് നടപ്പാക്കുക. 10000 കോടി നിക്ഷേപവും 22000 പേർക്ക് നേരിട്ട് ജോലിയും ലഭ്യമാകും. പാലക്കാടും കൊച്ചിയിലും 2321 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. കിഫ്ബിയിൽ നിന്നാണ് പണം അനുവദിക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ‘ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി)’ എന്ന ഹൈടെക് സർവ്വീസുകളുടെയും ഫിനാൻസിന്റെയും ഹബ്ബ് അയ്യമ്പുഴയിൽ 220 ഹെക്ടറിൽ സ്ഥാപിക്കും. 20 കോടി രൂപ വകയിരുത്തുന്നു.

82. രണ്ടാമത്തേത്, മലബാറിന്റെ വികസനം ലക്ഷ്യമിട്ട് നമ്മുടെ മുൻകൈയിൽ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന കൊച്ചി – മംഗലാപുരം വ്യവസായ ഇടനാഴിയാണ്. ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാകേണ്ടതുണ്ട്. അതിനിടയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ സമീപത്ത് 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 12000 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.

83. മൂന്നാമത്തേത്, ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ്. വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയും അതിന്റെ ഇരുവശങ്ങളിലുമായി 10000 ഏക്കറിൽ നോളഡജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ ഒരു വമ്പൻ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിർദ്ദിഷ്ട മേഖലയിൽ ആര് ഭൂമി വിൽക്കുന്നതിനു തയ്യാറായാലും കമ്പോളവിലയ്ക്ക് വാങ്ങാൻ കമ്പനി സന്നദ്ധമാകും. വില ലാന്റ് ബോണ്ടായി നൽകാം. റെഡി ക്യാഷ് വേണ്ടവർക്ക് അതും നൽകും. ഭൂമി വിൽക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ലാന്റ് പൂളിംഗ് പദ്ധതിയിൽ പങ്കാളികളാവാം. കൈവശം വയ്ക്കുന്ന ഭൂമിയ്ക്ക് 10 വർഷംകൊണ്ട് നാലിരട്ടി വില വർദ്ധന ഉറപ്പുനൽകും. അല്ലെങ്കിൽ നാലിരട്ടി വിലയ്ക്ക് കമ്പനി വാങ്ങാൻ തയ്യാറാകും. കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് പശ്ചാത്തലസൗകര്യങ്ങൾ ഉറപ്പുവരുത്തി ഇൻവെസ്റ്റേഴ്സിനു കൈമാറും. 25000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റ് കമ്പനിക്ക് സീഡ് മണിയായി 100 കോടി രൂപ വകയിരുത്തുന്നു.

അങ്ങനെ ഏതാണ്ട് 50000 കോടി രൂപ മുതൽമുടക്കു വരുന്ന 3 വ്യവസായ ഇടനാഴികളുടെ നിർമ്മാണം 2021-22ൽ ആരംഭിക്കും.

84. പ്രധാനപ്പെട്ട വ്യവസായ വികസന ഏജൻസികളായ കെഎസ്ഐഡിസിയ്ക്കും കിൻഫ്രയ്ക്കും മൊത്തം 401 കോടി രൂപ അനുവദിക്കുന്നു. കാസർകോട്, ആമ്പല്ലൂർ, കുറ്റ്യാടി, വയനാട്, കോഴിക്കോട്, കാക്കനാട് എന്നിവിടങ്ങളിൽ കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിച്ചു വരികയാണ്.

85. ടയർ അടക്കമുള്ള റബ്ബറധിഷ്ഠിത വ്യവസായങ്ങളുടെ ഹബ് സ്ഥാപിക്കുന്നതിനുവേണ്ടി 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബ്ബർ ലിമിറ്റഡ് രൂപീകരിക്കും. 1050 കോടി രൂപയാണ് പ്രതീക്ഷിത മുതൽമുടക്ക്. അമുൽ മോഡലിൽ റബ്ബർ സംഭരിക്കുന്നതിനുള്ള സഹകരണസംഘം ഈ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചസ്ഥലത്തായിരിക്കും കമ്പനിയുടെ ആസ്ഥാനം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നതിനുവേണ്ടി 250 കോടി രൂപ സർക്കാർ അനുവദിച്ചു കഴിഞ്ഞു. കമ്പനി രൂപീകരണത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി 4.5 കോടി രൂപ നീക്കിവെയ്ക്കുന്നു.

86. 2021-22ൽ നിർമ്മാണത്തിലേയ്ക്കു നീങ്ങുന്ന മറ്റൊരു സുപ്രധാന കാർഷിക മൂല്യവർദ്ധിത വ്യവസായ സംരംഭമാണ് പാലക്കാട്ടെ സംയോജിത റൈസ് ടെക്നോളജി പാർക്ക്. 20 കോടി രൂപ അനുവദിക്കുന്നു. വയനാട്ടെ കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ നിർമ്മാണം കിഫ്ബി ധനസഹായത്തോടെ പൂർത്തിയാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ അനുവദിക്കുന്നു.

87. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മൊത്തം 250 കോടി രൂപ വകയിരുത്തുന്നു. ഈ സ്ഥാപനങ്ങളുടെ സാങ്കേതിക നവീകരണത്തിനും ഉൽപന്ന വൈവിദ്ധ്യവത്കരണത്തിനുമാണ് പണം ചെലവഴിക്കുക. കെമിക്കൽ വ്യവസായങ്ങൾക്ക് 57 കോടി രൂപയും ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് 25 കോടി രൂപയും എഞ്ചിനീയറിംഗ് വ്യവസായങ്ങൾക്ക് 42 കോടി രൂപയും സെറാമിക് വ്യവസായങ്ങൾക്ക് 13 കോടി രൂപയും ഇലക്ട്രിക്കൽ വ്യവസായങ്ങൾക്ക് 57 കോടിരൂപയും ടെക്സ്റ്റൈൽ വ്യവസായത്തിന് 28 കോടി രൂപയും മറ്റുള്ളവയ്ക്ക് 21 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. 35 കോടി രൂപ പ്രവർത്തന മൂലധനത്തിനായി വകയിരുത്തുന്നു.

88. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്സിൽ കേരളത്തിന്റെ സ്ഥാനം 2021-22ൽ ആദ്യത്തെ 10ലേയ്ക്ക് ഉയർത്തുന്നതിനുള്ള തീവ്രപരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒറ്റ സ്ഥലത്ത് അപേക്ഷകൾ നൽകിയാൽ മതി; അഡ്വാൻസ് അനുമതിയും ലഭിക്കും എന്ന രീതിയിൽ നടപടിക്രമങ്ങൾ ലഘൂകരിക്കും.

ടൂറിസം

89. കോവിഡുമൂലം സമ്പൂർണ അടച്ചുപൂട്ടലിലേയ്ക്ക് നീങ്ങിയ മേഖലയാണ് ടൂറിസം. ടൂറിസം സംരംഭകർക്ക് പലിശയിളവോടു കൂടിയ വായ്പയും ഹൗസ് ബോട്ടുകൾക്ക് ധനസഹായവും അനുവദിക്കുകയുണ്ടായി. കെടിഡിസിയ്ക്ക് ശമ്പളം നൽകുന്നതിനുവേണ്ടി 35 കോടി രൂപ അനുവദിക്കുകയുണ്ടായി. 2021-22ൽ ടൂറിസം മേഖല സാധാരണനിലയിലേയ്ക്ക് തിരിച്ചു വരും. ഈയൊരു ലക്ഷ്യം വെച്ചുകൊണ്ട് നടപ്പുവർഷത്തിൽ തന്നെ ഊർജ്ജിത മാർക്കറ്റിംഗ് ആരംഭിച്ചു തുടങ്ങി. 25 കോടി രൂപ അധികമായി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

90. കേരള ടൂറിസത്തിൽ ഇപ്പോൾ ഏറ്റവുമധികം ഊന്നുന്നത് ഹെറിറ്റേജ് സ്പൈസ് റൂട്ട് പ്രോജക്ടിലാണ്. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്കു പുറമെ, തിരുവനന്തപുരവും കോഴിക്കോടും 2021-22ൽ ഇതിന്റെ ഭാഗമാകുന്നുണ്ട്. ഈ പദ്ധതികൾക്കായി 40 കോടി രൂപ അനുവദിക്കുന്നു. തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കുവേണ്ടി 10 കോടി രൂപ പ്രത്യേകം വകയിരുത്തുന്നു. സർ, ഹെറിറ്റേജ് ടൂറിസം പദ്ധതികളുടെ ലക്ഷ്യം വിനോദ സഞ്ചാരം മാത്രമല്ല, അനൗപചാരിക വിദ്യാഭ്യാസവും കേരളത്തനിമയിൽ അഭിമാനബോധം സൃഷ്ടിക്കലും കൂടിയാണ്. മുസിരിസ് പദ്ധതി പ്രദേശം സന്ദർശിക്കുന്നതിനും പഠിക്കുന്നതിനും വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേക പ്രോഗ്രാം തയ്യാറായിട്ടുണ്ട്. ഇത്തരത്തിലുള്ള പഠനടൂറുകളെ പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപ വകയിരുത്തുന്നു.

91. മൂന്നാർ പട്ടണത്തിന്റെ തുടക്കം മുതൽ ട്രെയിനിനും ഒരു സ്ഥാനമുണ്ടായിരുന്നു. വിനോദസഞ്ചാര കൗതുകത്തിനായി ട്രെയിൻ യാത്ര പുനരുജ്ജീവിപ്പിക്കും. റ്റാറ്റ എസ്റ്റേറ്റുമായി ചർച്ച ചെയ്യുകയും ഭൂമി വിട്ടുതരാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.

92. നിലവിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 117 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമെ, ടൂറിസം ഗസ്റ്റ് ഹൗസുകളുടെ നവീകരണത്തിനുവേണ്ടി 25 കോടി രൂപ വകയിരുത്തുന്നു. സ്വകാര്യമേഖലയിലെ പൈതൃക വാസ്തുശിൽപ സംരക്ഷണത്തിനും നൂതന ടൂറിസം ഉൽപന്നങ്ങൾക്കും വേണ്ടി 13 കോടി രൂപ വകയിരുത്തുന്നു. ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കും കെടിഡിസിയ്ക്കും 10 കോടി രൂപ വീതം അനുവദിക്കുന്നു.

93. കോവിഡുമൂലം മുടങ്ങിയ ചാമ്പ്യൻസ് ബോട്ട് ലീഗ് 2021-22ൽ പുനരാരംഭിക്കും. 20 കോടി രൂപ വകയിരുത്തുന്നു. എക്കോ ടൂറിസം അടക്കം നൂതന ടൂറിസം ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിനായി 3 കോടി രൂപ അനുവദിക്കുന്നു. കൊച്ചി ബിനാലെയ്ക്ക് 7 കോടി രൂപയും കൊച്ചി ബിനാലെയുടെ ആലപ്പുഴ ആഗോള ചിത്രപ്രദർശനത്തിന് 2 കോടി രൂപയും വകയിരുത്തുന്നു. മറ്റു സാംസ്ക്കാരിക മേളകൾക്കുവേണ്ടി 10 കോടി രൂപ വകയിരുത്തുന്നു.

കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കും.

94. കൊവിഡാനന്തര കാലത്ത് നമ്മുടെ ടൂറിസത്തെ വീണ്ടും ബ്രാൻഡ് ചെയ്ത് പ്രചരിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

മാർക്കറ്റിംഗിനുവേണ്ടി, എക്കാലത്തെയും ഏറ്റവും ഉയർന്ന തുക, 100 കോടി രൂപ അനുവദിക്കുന്നു.

ആധുനിക ചെറുകിട വ്യവസായങ്ങൾ

95. 2021-22ൽ വ്യവസായ വകുപ്പ് 1600 കോടി രൂപ മുതൽ മുടക്കും 55000 പേർക്ക് തൊഴിലും നൽകുന്ന 16000 എംഎസ്എംഇ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുവേണ്ടി മുഖ്യമായും നാലുതരം ഇടപെടലുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്.

· ചെറുകിട വ്യവസായങ്ങൾക്കു വേണ്ടിയുള്ള ഡെവലപ്പ്മെന്റ് ഏര്യാകളുടെയും എസ്റ്റേറ്റുകളുടെയും പശ്ചാത്തലസൗകര്യവികസനത്തിന് 38 കോടി രൂപ വകയിരുത്തുന്നു. സ്വകാര്യ സഹകരണത്തോടെ പാർക്കുകൾ നിർമ്മിക്കുന്നതിനും പരിപാടിയുണ്ട്.

· രണ്ടാമത്തെ ഇടപെടൽ സംരംഭകത്വ വികസന പരിപാടികളാണ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിനെ വിപുലീകരിക്കുന്നതിന് 8 കോടി രൂപ വകയിരുത്തുന്നു.

· പുതിയ എംഎസ്എംഇ സംരംഭകർക്ക് മൂലധന സഹായം നൽകുന്നതിന് 68 കോടി രൂപ വകയിരുത്തുന്നു.

· പീഡിത എംഎസ്എംഇ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് 11 കോടി രൂപ വകയിരുത്തുന്നു.

പ്രവാസികൾ

96. പുതിയകാല തൊഴിലുകളിലേയ്ക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികൾക്ക് നിർണ്ണായക പങ്കുവഹിക്കാനുണ്ട്. വിദേശ പണവരുമാനം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 25-30 ശതമാനം വരുന്നുണ്ട്. ഇവരുടെ നൈപുണിയും സമ്പാദ്യവും ലോകപരിചയവും ഉപയോഗപ്പെടുത്താനാവണം. അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളുടെയും കൊവിഡിന്റെയും പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നവരെ സംരക്ഷിക്കുകയും വേണം.

97. ജൂലൈ മാസത്തിൽ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കുന്നതാണ്. വിദേശത്തു നിന്നും മടങ്ങിവന്നവരുടെയും മടങ്ങിവരാൻ ഉദ്ദേശിക്കുന്നവരുടെയും ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തിൽ ക്രോഡീകരിക്കുകയും അവ ജില്ലാ അടിസ്ഥാനത്തിൽ കർമ്മ പരിപാടിയായി മാറ്റുകയും ചെയ്യും.

98. അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാല് സ്കീമുകളിൽ മടങ്ങിവരുന്ന പ്രവാസികൾക്കു മുൻഗണന നൽകും. മടങ്ങിവരുന്നവർക്ക് നൈപുണി പരിശീലനം നൽകി വീണ്ടും വിദേശത്തു പോകാനുള്ള സഹായവും ലഭ്യമാക്കും.

ഈ ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു വേണ്ടി 100 കോടി രൂപ അനുവദിക്കുന്നു.

സമാശ്വാസ പ്രവർത്തനങ്ങൾക്കു 30 കോടി രൂപ അനുവദിക്കുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ കേന്ദ്രസർക്കാർ തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഗൗരവത്തിലെടുക്കാൻ തയ്യാറല്ല.

മേൽസൂചിപ്പിച്ച പ്രവാസി പുനരധിവാസ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയതിനുശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചു ചേർക്കും.

99. പ്രവാസി ക്ഷേമനിധിയ്ക്ക് 9 കോടി രൂപ വകയിരുത്തുന്നു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും അവരുടെ പെൻഷൻ 3500 രൂപയായും ഉയർത്തുന്നു. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർദ്ധിപ്പിക്കുന്നു.

100. പ്രവാസി ഡിവിഡന്റ് സ്കീമിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് 10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ തുക കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. കിഫ്ബി പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എന്നാൽ അത് നിക്ഷേപകരെ ബാധിക്കുന്നതല്ല. ക്ഷേമപ്രവർത്തനമെന്ന നിലയിൽ അധികം വേണ്ടിവരുന്ന പലിശച്ചെലവ് സർക്കാർ വഹിക്കും. പ്രവാസി ചിട്ടിയിൽ 30230 പ്രവാസികൾ ചേർന്നിട്ടുണ്ട്. പ്രതിമാസ സല 47 കോടി രൂപയാണ്. കിഫ്ബി ബോണ്ടിൽ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൊവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തും.

ഭാഗം 3

ഉപജീവന തൊഴിലുകൾ

101. നാം ഇതുവരെ ചർച്ച ചെയ്തത് ഉന്നതവിദ്യാഭ്യാസം നേടിയവർക്കു വേണ്ടിയുള്ള തൊഴിലവസരങ്ങളെക്കുറിച്ചാണ്. ഇനി ചർച്ച ചെയ്യാൻ പോകുന്നത് സാധാരണക്കാരുടെ ഉപജീവന തൊഴിലവസരങ്ങളെക്കുറിച്ചും അവരുടെ സേവന–വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുമാണ്.

കണ്ണൂർ പാച്ചേനി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരി ഇനാര അലി ആഹ്വാനം ചെയ്യുന്നു.

ഇരുട്ടാണു ചുറ്റിലും

മാഹാമാരി തീർത്തൊരു കൂരിരുട്ട്

കൊളുത്തണം നമുക്ക്

കരുതലിന്റെ ഒരു തിരിവെട്ടം.

സർക്കാർ ഒരുക്കിയ കരുതലിന്റെ തിരിവെട്ടത്തിൽ നാമൊരു മഹാമാരിയെ അതിജീവിക്കുകയാണ്. ഈ കെട്ടകാലം തീർത്ത ദുരിതത്തിൽ നിന്ന് പൂർണ്ണമായും കരകയറാൻ തുടർന്നും കൈത്താങ്ങ് ആവശ്യമുള്ള ജനസാമാന്യത്തോടൊപ്പം സർക്കാർ ഉണ്ടാവും. സർ, ഉപജീവനവുമായി ബന്ധപ്പെട്ട സ്കീമുകൾക്ക് വലിയ പരിഗണനയാണ് പദ്ധതിയിൽ നൽകിവരുന്നത്. 7500ഓളം കോടി രൂപയാണ് ബന്ധപ്പെട്ട സ്കീമുകളുടെ അടങ്കൽ.

തൊഴിലുറപ്പു പദ്ധതി

102. ഇപ്പോൾ തൊഴിലുറപ്പു പദ്ധതിയിൽ 13-14 ലക്ഷം പേരാണ് പണിയെടുക്കുന്നത്. ശരാശരി 50-55 പ്രവൃത്തി ദിനങ്ങളാണ് ലഭ്യമാകുന്നത്. 2021-22ൽ 4057 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ. എന്നാൽ തൊഴിൽ ദിനങ്ങൾ ഈ തുകയിൽ ഒതുക്കാൻ ഉദ്ദേശിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതിയിൽ ചുരുങ്ങിയത് മൂന്നുലക്ഷം പേർക്കുകൂടി തൊഴിൽ നൽകും. 2021-22ൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ ദിനങ്ങൾ നൽകുന്നതു ലക്ഷ്യം വെച്ചുകൊണ്ട് ലേബർ ബജറ്റുകൾ ക്രമീകരിക്കും.

103. തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി ഫെബ്രുവരി മാസത്തിൽ രൂപംകൊള്ളും. കരട് നിയമം തയ്യാറായിക്കഴിഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽ സേനയിൽ നിന്ന് പുറത്തുപോകുമ്പോൾ ഈ തുക പൂർണമായും അംഗത്തിന് ലഭ്യമാക്കും. മറ്റു പെൻഷനുകളില്ലാത്ത എല്ലാ അംഗങ്ങൾക്കും 60 വയസു മുതൽ പെൻഷൻ നൽകും. ഇനിമേൽ ഫെസ്റ്റിവെൽ അലവൻസും ക്ഷേമനിധി വഴിയാകും. 75 ദിവസം തൊഴിലെടുത്ത മുഴുവൻപേർക്കും ഫെസ്റ്റിവെൽ അലവൻസിന് അർഹതയുണ്ടാകും.

അയ്യൻകാളി പദ്ധതി

104. തൊഴിലുറപ്പു പദ്ധതി ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ മാത്രമാണുള്ളത്. ഇത് നഗരമേഖലയിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ അയ്യൻകാളി തൊഴിലുറപ്പു പദ്ധതി കേരളത്തിലെ നഗരങ്ങളിൽ ആരംഭിച്ചത്. നിലവിൽ ശുചീകരണം അടക്കമുള്ള കായിക അധ്വാന പ്രവർത്തനങ്ങൾക്കാണ് അയ്യൻകാളി തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തുന്നത്. ഇന്ന് തൊഴിലുറപ്പ് പദ്ധതിയുടെ തുക എല്ലാ വാർഡുകൾക്കും തുല്യമായി വീതിക്കുകയാണ്. ഇതിനുപകരം നഗരങ്ങളിലെ ഗ്രാമീണ വാർഡുകൾക്ക് മുൻഗണന നൽകുന്നതിന് മാർഗ്ഗനിർദ്ദേശം നൽകും

സർ, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തുന്നു.

105. വിശേഷാൽ വൈദഗ്ധ്യമുള്ള അഭ്യസ്തവിദ്യരായ യുവതി-യുവാക്കളെയും ഈ സ്കീമിൽ ഉൾപ്പെടുത്തുന്നതിനുള്ള പരിപാടിയ്ക്ക് 2021-22ൽ രൂപം നൽകും. ഇവരെ സ്വകാര്യസംരംഭങ്ങളിൽ അപ്രന്റീസുകളായി / ഇന്റേണുകളായി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പുകൂലി സബ്സിഡിയായി നൽകും. പണിയെടുക്കുന്നവർക്ക് നിശ്ചയിക്കപ്പെട്ട കൂലി സംരംഭകർ ബാങ്ക് വഴി നൽകണം. നിർണയിക്കപ്പെട്ട ഒരു കാലയളവിലേയ്ക്കാണ് അപ്രന്റീസ് / ഇന്റേണുകളായി ജോലിയ്ക്ക് അവസരമുണ്ടാവുക. ഒരു സ്ഥാപനത്തിൽ ഇപ്രകാരം എടുക്കാവുന്നവരുടെ എണ്ണത്തിനും പരിധിയുണ്ടാകും. നിലവിലുള്ള തൊഴിലാളികളെ ഈ സ്കീമിൽ ഉൾപ്പെടുത്താൻ പാടില്ല. അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയിലെന്നപോലെതന്നെ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയായിരിക്കും ഈ പദ്ധതിയും നടപ്പാക്കുക. ചെലവിന്റെ ഒരു വിഹിതം പ്ലാൻ ഫണ്ടിൽ നിന്നു കണ്ടെത്തണം.

സർ, അയ്യൻകാളി ഇന്റേൺഷിപ്പ് സ്കീമിന് 100 കോടി രൂപ വകയിരുത്തുന്നു. അങ്ങനെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ ആകെ അടങ്കൽ 200 കോടി രൂപയാണ്.

കാർഷിക മേഖലയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ

106. തരിശുരഹിത കേരളമാണ് ലക്ഷ്യം. ഒരുപ്പൂ ഇരുപ്പൂ ആക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാക്കും. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പുകളിൽ ഇന്ന് 3 ലക്ഷം സ്ത്രീകൾക്ക് പണിയുണ്ട്. 2021-22ൽ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരുലക്ഷമാക്കും. അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും. ഈ സംഘങ്ങൾക്കെല്ലാം കാർഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. പലിശ സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും. ബ്ലോക്കുതലത്തിൽ കാർഷിക കർമ്മസേനകൾ രൂപീകരിച്ചുകൊണ്ട് യന്ത്രപിന്തുണ ഉറപ്പു നൽകും. പാടശേഖരസമിതികൾ, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കൃഷി പ്രോത്സാഹിപ്പിക്കും. ഇവയ്ക്ക് പിന്തുണ നൽകുന്ന രീതിയിൽ തൊഴിലുറപ്പു പ്രവൃത്തികൾ ഏറ്റെടുക്കും.

107. കർഷകത്തൊഴിലാളി ക്ഷേമനിധിക്കുള്ള അതിവർഷാനുകൂല്യം നൽകുന്നതിന് 130 കോടി രൂപ ഇതുവരെ അനുവദിച്ചു. 100 കോടി രൂപ കൂടി അനുവദിക്കുന്നു. ഈ മാർച്ച് മാസത്തിനുള്ളിൽ നൽകും.

സർ, കാർഷിക മേഖലയിൽ 2 ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകും.

കാർഷികേതര മേഖലയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ

108. മൂന്നു രീതിയിലാണ് കാർഷികേതര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നത്. ഒന്നാമത്തേത്, സഹകരണ സംഘങ്ങളിൽ നിന്നും മറ്റു സർക്കാർ ഏജൻസികളിൽ നിന്നും നൽകുന്ന വായ്പകളുടെ അടിസ്ഥാനത്തിലുള്ള ചെറുകിട സംരംഭങ്ങളാണ്. സർക്കാർ സ്ഥാപനങ്ങളായ കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ, വിവിധ വികസന കോർപറേഷനുകൾ, സഹകരണസംഘങ്ങളും കേരള ബാങ്കുകളും, ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള വായ്പകൾ എന്നിവയെല്ലാം ഏകോപിപ്പിച്ച് കഴിയുന്നത്ര ഏകീകൃതമായ സൂക്ഷ്മ ചെറുകിട തൊഴിൽ സംരംഭ പ്രോത്സാഹന പരിപാടി ആവിഷ്കരിക്കും. 2021-22ൽ 50000 സംരംഭങ്ങളിലായി 2 ലക്ഷം പേർക്ക് തൊഴിൽ നൽകും. ഈ തൊഴിൽ സംരംഭങ്ങൾക്കുവേണ്ടി 2000 കോടി രൂപ എല്ലാ ഏജൻസികളും ചേർന്ന് വായ്പ നൽകും. ഈ വായ്പകളുടെ പലിശ ഒരേ നിരക്കിലാക്കും. സബ്സിഡി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും സംയുക്തമായി വഹിക്കും.

109. മൈക്രോ സംരംഭങ്ങൾക്കുള്ള വായ്പാ നടപടികൾ ലഘൂകരിക്കുന്നതിന് പൊതുവായ സംവിധാനം ഉണ്ടാക്കും. കുടുംബശ്രീ ജില്ലാ മിഷനുകൾ പരിശോധിച്ച് പരിശീലനവും മേൽനോട്ടവും നൽകി നടപ്പാക്കുന്ന പ്രോജക്ടുകൾക്ക് എക്രോസ് ദി കൗണ്ടർ വായ്പ ലഭ്യമാക്കും. ഈട് ആവശ്യമില്ല. ആഴ്ച തിരിച്ചടവ് ആയിരിക്കും. പലിശ സബ്സിഡി ഉണ്ടാകും. തിരിച്ചടവ് ഉറപ്പാക്കൽ കുടുംബശ്രീയുടെ ചുമതലയായിരിക്കും. സർ, മുഖ്യമന്ത്രിയുടെ സൂക്ഷ്മസംരംഭ വികസന പരിപാടിയിൽ 600 മൈക്രോ വായ്പകൾ കെഎഫ്സി നൽകിയതിൽ ഒന്നുപോലും മുടക്കം വന്നിട്ടില്ല. മാർച്ചിനു മുമ്പ് 2000 മൈക്രോ സംരംഭങ്ങൾക്ക് കെഎഫ്സി വായ്പ നൽകും. ഇതുപോലെ എല്ലാ സർക്കാർ ധനകാര്യ സ്ഥാപനങ്ങൾക്കും 2021-22ൽ ടാർജറ്റുകൾ ഉണ്ടാകും. കുടുംബശ്രീക്ക് പുറത്തുള്ള മൈക്രോ സംരംഭ അപേക്ഷകളെ പരിശോധിക്കുന്നതിന് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തുന്നതായിരിക്കും.

110. കുടുംബശ്രീയ്ക്ക് നിലവിൽ 150 ഉൽപ്പാദന സേവന മേഖലകളിലായി 30000 സൂക്ഷ്മസംരംഭങ്ങളുണ്ട്. ഇവയിൽ സമാനസ്വഭാവമുള്ള ഉൽപ്പന്നങ്ങളുടെ ക്ലസ്റ്ററുകൾ രൂപീകരിക്കും. ക്ലസ്റ്റർ കേന്ദ്രം, മാർക്കറ്റിംഗിനു വേണ്ടിയുള്ള കമ്പനികൾ എന്നിവയിൽ കുടുംബശ്രീ മിഷന്റെ നേരിട്ടുള്ള പങ്കാളിത്തത്തോടെ കൂടുതൽ ഏകീകൃത സ്വഭാവം വരുത്തുന്നതാണ്. കുടയ്ക്കുള്ള മാരി ക്ലസ്റ്റർ പോലുള്ള മാർക്കറ്റിംഗ് കമ്പനികൾക്കു കുടുംബശ്രീ നൽകിയ വായ്പയും ഗ്രാന്റും ഷെയറാക്കി മാറ്റി അവയെ പുനസംഘടിപ്പിക്കും. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ്, പൊലീസ് കാന്റീൻ, സഹകരണ വിപണനശാലകൾ തുടങ്ങിയവയുടെ വിറ്റുവരവിന്റെ 10 ശതമാനമെങ്കിലും ഈ ക്ലസ്റ്ററുകളിൽ നിന്നോ കേരളത്തിലെ എംഎസ്എംഇ മേഖലയിൽ നിന്നോ വാങ്ങേണ്ടതാണ്.

111. രണ്ടാമത്തേത്, കുടുംബശ്രീ, ബ്ലോക്ക് ട്രെയിനിംഗ് കേന്ദ്രങ്ങൾ, അസാപ്, തദ്ദേശഭരണ സ്ഥാപനങ്ങൾ രൂപം നൽകുന്ന പ്രത്യേക പരിശീലന പരിപാടികൾ വഴി നൈപുണി പോഷണ പരിപാടികളാണ്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സ്വയം തൊഴിലിന് അല്ലെങ്കിൽ വേതനാധിഷ്ഠിത തൊഴിലിനുള്ള പ്രത്യേക സ്കീമുകൾ തയ്യാറാക്കുന്നതാണ്. സർ, ഒരു ലക്ഷം ആളുകൾക്ക് ഇത്തരത്തിൽ തൊഴിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എറൈസ് പദ്ധതി ശ്രദ്ധേയമാണ്. എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും ഒന്നോ അതിലധികമോ പ്ലംബർ, കാർപെന്റർ, ഇലക്ട്രീഷ്യൻ, മേസൺ, ഗാർഹികോപകരണങ്ങളുടെ റിപ്പയറർ തുടങ്ങിയ പരിശീലനം സിദ്ധിച്ച സ്ത്രീകളുടെ മൾട്ടീടാസ്ക് ടീമുകൾ സംരംഭക മാതൃകയിൽ രൂപീകരിക്കും. കൊവിഡ് ഡിസ്ഇൻഫക്ടന്റ് ടീമുകൾ, കെട്ടിട നിർമ്മാണ സംഘങ്ങൾ തുടങ്ങിയ തൊഴിൽ സംഘങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും.

112. മൂന്നാമത്തേത്, കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ, പച്ചക്കറി വിപണനശാലകൾ, ഹോം ഷോപ്പികൾ, സേവനഗ്രൂപ്പുകൾ, നാളികേര സംഭരണ – സംസ്കരണ കേന്ദ്രങ്ങൾ, കോ-ഓപ്പ് മാർട്ട് തുടങ്ങിയ തൊഴിൽ ശൃംഖലകൾ നൂറുദിന പരിപാടിയുടെ ഭാഗമായി രൂപം കൊണ്ടിട്ടുണ്ട്. ഇവ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും. അരി, വെളിച്ചെണ്ണ, ധാന്യ-മസാല പൊടികൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ വികേന്ദ്രീകൃതമായി ഉൽപ്പാദിപ്പിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കും. ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിക്കും. 50000 പേർക്ക് ഈ ശൃംഖലകളിൽ ജോലി നൽകും.

കാർഷികേതര മേഖലയിൽ 3 ലക്ഷം അവിദഗ്ധ, വിദഗ്ധ തൊഴിലവസരങ്ങൾ 2021-22ൽ സൃഷ്ടിക്കും.

113. നാനോ യൂണിറ്റുകൾക്കു ധനസഹായം നൽകുന്നതിനും പഞ്ചായത്തുതലത്തിൽ വ്യവസായ സഹകരണ സംഘങ്ങൾക്ക് രൂപീകരിക്കുന്നതിനും വ്യവസായ വകുപ്പിനു സ്കീമുകളുണ്ട്. ഇതിനുപുറമേ കേന്ദ്രസർക്കാരുമായി സഹകരിച്ചുകൊണ്ട് സൂക്ഷ്മതല ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും സ്കീമുണ്ട്. കേന്ദ്രവിഹിതമടക്കം 20 കോടി രൂപ 2021-22ൽ ലഭ്യമാണ്. മറ്റു മൈക്രോ സംരംഭങ്ങൾക്കും സ്കീമുകളുണ്ട്. ഇവയെല്ലാം പഞ്ചായത്തുതലത്തിൽ ഏകോപിപ്പിക്കാൻ കഴിയണം.

പരമ്പരാഗത തൊഴിൽ മേഖലകൾ

114. പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും നവീകരണത്തിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും നയമാണ് സ്വീകരിച്ചിരിക്കുന്നത്.

കയർ

115. കയർ വ്യവസായത്തിലെ ഉൽപ്പാദനം 2015-16ൽ 7000 ടൺ ആയിരുന്നത് 30000 ടണ്ണായി വർദ്ധിച്ചു. 2021-22ൽ ഉൽപ്പാദനം 50000 ടണ്ണായി ഉയരും. 10000 പേർക്കെങ്കിലും അധികമായി ജോലി നൽകും. കയർപിരി മേഖലയിൽ ഇൻകം സപ്പോർട്ട് സ്കീമിന്റെ സഹായത്തോടെ 300 രൂപ പ്രതിദിനം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് സബ്സിഡി ഇല്ലാതെ ശരാശരി 500 രൂപയായി തൊഴിലാളിയുടെ വരുമാനം ഉയർത്തും.

116. സമൂലമായ യന്ത്രവൽക്കരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ സാങ്കേതികമാറ്റം സഹകരണ അടിസ്ഥാനത്തിൽ നിയന്ത്രിക്കപ്പെടുന്നുവെന്നുള്ളതുകൊണ്ട് വ്യവസായത്തിൽ ഒരു സംഘർഷവും സൃഷ്ടിക്കുന്നില്ല. ചകിരി മില്ലുകളുടെ എണ്ണം 300 ഉം, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം 4000 ഉം, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 200 ഉം ആയി ഉയരും. കയർ ഉൽപ്പാദനം വർദ്ധിക്കുന്ന മുറയ്ക്ക് വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്. ജിയോടെക്സ്റ്റയിൽസിന് വിപുലമായ വിപണി കണ്ടെത്തിയേതീരൂ. ഈ ലക്ഷ്യംവച്ച് കയർമേള ഡിജിറ്റലായി ഫെബ്രുവരി മാസത്തിൽ ആലപ്പുഴയിൽ നടക്കാൻ പോവുകയാണ്. സർ, രാജ്യത്ത് കൊവിഡുകാലത്ത് നടക്കുന്ന പ്രഥമ ഡിജിറ്റൽ വ്യാപാര മേളകളിൽ ഒന്നാണ് ആലപ്പുഴയിൽ നടക്കാൻ പോകുന്നത്.

117. 2021-22ൽ കയർ മേഖലയ്ക്ക് 112 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 41 കോടി രൂപ യന്ത്രവൽക്കരണത്തിനും 38 കോടി രൂപ പ്രൈസ് ഫ്ലക്ച്യുവേഷൻ ഫണ്ടിനുമാണ്. ഇതിനുപുറമേ കയർ ബോർഡിൽ നിന്ന് ക്ലസ്റ്റർ രൂപീകരണത്തിന് 50 കോടി രൂപയും എൻസിഡിസിയിൽ നിന്ന് 100 കോടി രൂപയും കയർ വ്യവസായത്തിനു ലഭ്യമാകും. സർ, പള്ളിപ്പുറം ഗ്രോത്ത് സെന്ററിൽ 10 ഏക്കറിൽ വിപുലമായൊരു കയർ ക്ലസ്റ്റർ സ്ഥാപിക്കും. കയർ ബൈന്റർലെസ് ബോർഡ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള ഫാക്ടറി കണിച്ചുകുളങ്ങരയിൽ സ്ഥാപിക്കും. 2021-22ൽ 10 യന്ത്രവൽകൃത സഹകരണ ഉൽപ്പന്ന ഫാക്ടറികൾക്കു തുടക്കം കുറിക്കും. ചെറുകിട ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകളുടെ നവീകരണത്തിനായി പ്രത്യേക സ്കീമിനു രൂപം നൽകും. ഇതിനായി 20 കോടി രൂപ പ്രത്യേകം വകയിരുത്തുന്നു.

കശുവണ്ടി

118. കശുവണ്ടി മേഖയിൽ 2020-21ൽ 5000 തൊഴിലാളികൾക്ക് കശുവണ്ടി കോർപ്പറേഷനിലും കാപ്പക്സിലുമായി തൊഴിൽ നൽകി. 2021-22ൽ 2000 പേർക്കുകൂടി തൊഴിൽ നൽകും. കാഷ്യു ബോർഡിന്റെ രൂപീകരണം തോട്ടണ്ടി താരതമ്യേന താഴ്ന്ന വിലയ്ക്കു ലഭ്യമാക്കുന്നതിൽ വിജയിച്ചു. അടുത്ത വർഷം 30000 ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 40 കോടി രൂപ കാഷ്യു ബോർഡിന് അനുവദിക്കുന്നു. കാപ്പക്സിന്റെയും കശുവണ്ടി കോർപ്പറേഷന്റെയും നവീകരണത്തിന് 10.5 കോടി രൂപയും കശുവണ്ടി കൃഷി വ്യാപനത്തിന് 5.5 കോടി രൂപയും വകയിരുത്തുന്നു.

119. കഴിഞ്ഞ സർക്കാർ കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരു പൈസപോലും അനുവദിച്ചില്ല. 2011 മുതൽ ഉള്ള ഗ്രാറ്റുവിറ്റി കുടിശിക ഘട്ടം ഘട്ടമായി തീർത്തുകൊണ്ടിരിക്കുകയാണ്. ഈ സർക്കാർ ഇതിനോടകം 52 കോടി രൂപ കൊടുത്തു തീർത്തിട്ടുണ്ട്. മുഴുവൻ കുടിശികയും കൊടുത്തു തീർക്കുന്നതിന് 63 കോടി രൂപ അനുവദിക്കുന്നു.

കൈത്തറി

120. ഈ സർക്കാരിന്റെ കാലത്ത് കൈത്തറി തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനു സ്വീകരിച്ച ഏറ്റവും സുപ്രധാനമായ നടപടി സ്കൂൾ യൂണിഫോം പദ്ധതിയാണ്. 52 കോടി രൂപ കൈത്തറി മേഖലയ്ക്കുവേണ്ടി വകയിരുത്തുന്നു. ഇതിനുപുറമേ യൂണിഫോം പദ്ധതിക്കായി 105 കോടി രൂപയും നീക്കിവയ്ക്കുന്നു. സർ, ഹാന്റക്സിനും ഹാൻവീവിനും പുനരുദ്ധാരണ പാക്കേജിന് രൂപം നൽകുന്നതാണ്.

121. ഖാദി ഗ്രാമീണ വ്യവസായങ്ങൾക്ക് 16 കോടി രൂപ വകയിരുത്തുന്നു. 2021-22ൽ ഗ്രാമോദയ ഖാദി ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിനുള്ള ഒരു പുതിയ സ്കീമിനു തുടക്കം കുറിക്കുന്നതാണ്.

122. ഹാന്റി ക്രാഫ്റ്റ് മേഖലയ്ക്ക് 4 കോടി രൂപ വകയിരുത്തുന്നു. ഈറ്റ - പനമ്പ് തൊഴിലാളികൾക്ക് തൊഴിലും വരുമാനവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗം വലിയ തോതിൽ പനമ്പ് ബാംബു പ്ലൈവുഡ് ഉൽപ്പാദനത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. ഇതിന്റെ പൈലറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിനുവേണ്ടി ബാംബു കോർപ്പറേഷന് 5 കോടി രൂപ അനുവദിക്കുന്നു.

മത്സ്യക്കൃഷിയും സംസ്കരണവും

123. മത്സ്യസംസ്കരണ വിപണന മേഖലയിൽ മത്സ്യഫെഡ്ഡും തീരദേശ വികസന കോർപ്പറേഷനും മുൻകൈയ്യെടുത്ത് വലിയ തോതിൽ തൊഴിൽ വൈവിധ്യവൽക്കരണത്തിനും മൂല്യവർദ്ധനയ്ക്കും നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമേ തീരമൈത്രി, സാഫ് സ്ത്രീ കൂട്ടായ്മ എന്നിവയുടെ സംരംഭങ്ങളുമുണ്ട്. 2021-22ൽ 5000 പേർക്കെങ്കിലും തൊഴിൽ നൽകും.

124. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക മത്സ്യക്കൃഷി മേഖലയിലാണ്. 20000 കുളങ്ങളിൽ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഫിഷറീസ് ഡിപ്പാർട്ട്മെന്റാണ് ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തുക. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഗുണഭോക്തൃ ഗ്രൂപ്പ് ഉണ്ടാക്കും. അക്വാകൾച്ചറിന് 66 കോടി രൂപ വകയിരുത്തുന്നു.

കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോർ

125. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കുകയാണ്. ഈ കടകളിൽ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉൽപന്നങ്ങളായ കയർ, കളിമൺ പാത്രങ്ങൾ, കൈത്തറി ഫർണിഷിംഗ്, പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാവിധ ഉൽപന്നങ്ങളും ലഭ്യമായിരിക്കും. അതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പി കേന്ദ്രങ്ങളുമായിരിക്കും. പരമ്പരാഗത മേഖലകൾക്ക് ഇതു വലിയ ഉത്തേജകമാകും.

സർ, ഒരു സ്റ്റാളിന് 5 ലക്ഷം രൂപ വീതം പലിശരഹിതവായ്പ നൽകുന്നതാണ്.

126. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൈത്തൊഴിലുകാർക്കു വേണ്ടിയുള്ള മൾട്ടി ട്രേഡ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു 4 കോടി രൂപ വകയിരുത്തുന്നു.

തൊഴിലും തൊഴിലാളിക്ഷേമവും

127. ലേബർ കമ്മീഷണറേറ്റിന് 100 കോടി രൂപ വകയിരുത്തുന്നു. അസംഘടിത തൊഴിലാളികളുടെ സുരക്ഷയ്ക്ക് 13 കോടി രൂപ നീക്കിവയ്ക്കുന്നു. 5 കോടി രൂപ ഗാർഹിക തൊഴിലാളികൾക്കുള്ള പ്രത്യേക ധനസഹായമായി വകയിരുത്തുന്നു. പരമ്പരാഗത തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്കീമിന് 72 കോടി രൂപയുണ്ട്.

128. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് 10 കോടി രൂപ വകയിരുത്തുന്നു. പായിപ്പാട്, പട്ടാമ്പി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഇവരുടെ താമസകേന്ദ്രങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പൊതുസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സ്കീം പുതിയതായി ആരംഭിക്കുകയാണ്.

129. സ്കിൽ പരിശീലനത്തിനുള്ള പല കേന്ദ്രാവിഷ്കൃത പദ്ധതികളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടപ്പാക്കുന്നത്. വിധവകൾ, അവിവാഹിതരായ അമ്മമാർ, മാറാരോഗികളുടെ ഭാര്യമാർ എന്നിവർക്കുള്ള സ്വയംതൊഴിൽ പരിപാടിക്ക് 18 കോടി രൂപ വകയിരുത്തുന്നു. ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്വയംതൊഴിൽ പുനരധിവാസത്തിന് 6 കോടി രൂപ വകയിരുത്തുന്നു. പ്രായമുള്ളവർക്കുള്ള സ്വയംതൊഴിലിനുള്ള പുതിയ സ്കീം 2021-22ൽ ആരംഭിക്കും.

130. വ്യവസായ പരിശീനത്തിന് 98 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 34 കോടി രൂപ കേയ്സിനാണ്. ഐറ്റിഐകളുടെ നവീകരണത്തിന് 51 കോടി രൂപയും.

ഭാഗം 4

കേവല ദാരിദ്ര്യം തുടച്ചു നീക്കാൻ

131. തൊഴിലവസരങ്ങളുടെ വർദ്ധന ദാരിദ്ര്യത്തെ ലഘൂകരിക്കും. രാജ്യത്ത് ഏറ്റവും വേഗതയിൽ ദാരിദ്ര്യം കുറയുന്ന സംസ്ഥാനം കേരളമാണ്. ഇനി നമുക്ക് ദാരിദ്ര്യം സമ്പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യണം. 2011ലെ റിസർവ്വ് ബാങ്കിന്റെ കണക്കു പ്രകാരം കേരളത്തിൽ ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവർ 11.3 ശതമാനമേ വരൂ. ഇതിനേക്കാൾ കുറഞ്ഞ തോത് ഗോവയിൽ മാത്രമാണുള്ളത്. അഖിലേന്ത്യാ ശരാശരി 22 ശതമാനമാണ്. ഇതിനുശേഷമുള്ള ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ഈ ദശാബ്ദത്തിൽ കേരളത്തിൽ ഈ തോത് 5-6 ശതമാനമായെങ്കിലും താഴുന്നതിനാണ് സാധ്യത. അതായത് ഏതാണ്ട് 4-5 ലക്ഷം കുടുംബങ്ങൾ. ഇവരെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്നും അവരെ ഉയർത്താൻ കൃത്യമായ കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകൾ ഉണ്ടാക്കണം.

മൈക്രോ പ്ലാനുകൾ

132. പരമദരിദ്രരായ 4-5 ലക്ഷം കുടുംബങ്ങളെ കൃത്യമായി കണ്ടെത്തി പട്ടികപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. സംസ്ഥാനാടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് തയ്യാറാക്കുക. നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നോമിനേറ്റ് ചെയ്യുന്ന പുതിയ കുടുംബങ്ങളെയും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ സർവ്വേ നടത്തി മുൻഗണനാ ലിസ്റ്റ് തയ്യാറാക്കും. ഇപ്പോൾ ആശ്രയ പദ്ധതിയിൽ 1.5 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്. ഇവരിൽ അർഹതയുള്ളവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് 3-4 ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളാക്കാനാണ് ഉദ്ദേശിക്കുന്നത്.

133. ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് ഓരോന്നിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിന് ചെയ്യേണ്ടുന്ന കാര്യങ്ങളും അവയ്ക്കു വേണ്ടിവരുന്ന ചെലവും രേഖയാക്കുന്നതാണ് മൈക്രോപ്ലാനിംഗ്. ആശ്രയ പദ്ധതി ഈയൊരു സമീപനത്തോടെ ആവിഷ്കരിക്കപ്പെട്ടതാണ്. പക്ഷെ അത് വീട് പോലുള്ള ആനുകൂല്യങ്ങളെ ഊന്നിയുള്ള പരിപാടിയായി ചുരുങ്ങി. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും വ്യാപകമായ അപാകതകൾ ഉണ്ട്.

134. ആലപ്പുഴയിൽ പി.കെ. കാളൻ പദ്ധതി പ്രകാരം ഉള്ളാടർ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് മൈക്രോ പ്ലാനുകൾ തയ്യാറാക്കിയ രീതിയാണ് പുതിയ സ്കീമിൽ അവലംബിക്കാൻ ഉദ്ദേശിക്കുന്നത്. ഉള്ളാടർ സമുദായത്തിലെ 165 കുടുംബങ്ങളിൽ 76 ശതമാനവും പരമദരിദ്രരാണെന്നു കണ്ടെത്തി. ഏതാണ്ട് 15-20 ശതമാനം കുടുംബങ്ങൾക്ക് അടിസ്ഥാന അവകാശങ്ങളായ റേഷൻ, തൊഴിൽ, ഹെൽത്ത് കാർഡുകൾപോലും ഉണ്ടായിരുന്നില്ല. ഇവരുടെ വീടും കക്കൂസും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ഉറപ്പുവരുത്തി. 56 സ്ത്രീകൾക്ക് കയർ ഫാക്ടറിയിൽ തൊഴിൽ ഏർപ്പെടുത്തി. ഫാക്ടറിപ്പണി അവരിൽ വലിയ പരിവർത്തനം വരുത്തി. വീടുകളിൽ വിദ്യാഭ്യാസ, ആരോഗ്യ, ശുചിത്വ മാറ്റത്തിന്റെ ഏജൻസിയായി അവർ മാറി. ഇപ്പോൾ അവസാനം പുരുഷൻമാർക്ക് മരംവെട്ട് സഹകരണസംഘവും ആധുനിക ഉപകരണങ്ങളും ഉറപ്പായി. ചുരുക്കം ചില കുടുംബങ്ങളെ മാറ്റിനിർത്തിയാൽ മറ്റുള്ളവരെ സ്ഥായിയായി പരമദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ കഴിഞ്ഞു.

135. മൈക്രോ പ്ലാനുകൾ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് – മുനിസിപ്പൽ തലത്തിൽ രൂപീകരിക്കുന്ന റിസോഴ്സ് പേഴ്സൺസ് ടീമുകൾക്ക് പരിശീലനം നൽകും. നിലവിലുള്ള സ്കീമുകളെ പരമാവധി പ്ലാനുകളിൽ സംയോജിപ്പിക്കും. ഉദാഹരണത്തിന് പരമദരിദ്രരുടെ ഒരു മുഖ്യപ്രശ്നം പാർപ്പിടമാണ്. ഭൂമി ഉണ്ടാകണമെന്നില്ല. നിശ്ചയമായും അവർ ലൈഫ് മിഷന്റെ ലിസ്റ്റിൽ വന്നിരിക്കും. ഇല്ലെങ്കിൽ ബദൽമാർഗ്ഗം കണ്ടെത്തും. ഇതുപോലെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴിലാദി കാര്യങ്ങളിലെല്ലാം നിലവിലുള്ള സ്കീമുകളെ ഉപയോഗപ്പെടുത്തിയാണ് പ്ലാൻ ഉണ്ടാക്കുക. പ്രത്യേകമായി നിർദ്ദേശങ്ങൾക്കും രൂപം നൽകാം. ജോലി ചെയ്യുന്നതിനും വരുമാനം ആർജ്ജിക്കുന്നതിനും നിവർത്തിയില്ലാത്ത കുടുംബങ്ങൾക്ക് ഇൻകം ട്രാൻസ്ഫറായി മാസംതോറും സഹായം നൽകുന്നതിനും അനുവാദവും ഉണ്ടാകും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സർക്കാർ ലഭ്യമാക്കും.

136. ഈ മൈക്രോ പ്ലാനുകൾ പഞ്ചായത്ത് / മുനിസിപ്പൽ ഭരണസമിതികൾ പരിശോധിച്ച് അംഗീകാരം നൽകിക്കഴിഞ്ഞാൽ കുടുംബശ്രീ വഴി നടപ്പാക്കും. പദ്ധതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഉറപ്പുവരുത്തും. അഞ്ചു വർഷംകൊണ്ട് ഇവരെ സ്ഥായിയായ രൂപത്തിൽ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ കഴിയണം.

ഇങ്ങനെ 4-5 ലക്ഷം കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അഞ്ചു വർഷംകൊണ്ട് 6000-7000 കോടി രൂപയായിരിക്കും വിവിധ സ്കീമുകൾ വഴി ചെലവഴിക്കപ്പെടുക.

സംസ്ഥാന പദ്ധതിയിൽ 40 കോടി രൂപ ആശ്രയ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ആശ്രയയ്ക്ക് അധികമായി 100 കോടി രൂപകൂടി അനുവദിക്കുന്നു.

വിശപ്പുരഹിത കേരളം

137. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതി പ്രാവർത്തികമാക്കും. ആയിരത്തിലേറെ ന്യായവില ഹോട്ടലുകൾ കുടുംബശ്രീ ആരംഭിച്ചു. ഈ ഹോട്ടലുകൾക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിൽ നിന്നു വാങ്ങാം. പാലിയേറ്റീവ് സംഘടനകളും മറ്റു സന്നദ്ധസംഘടനകളും ഇത്തരത്തിൽ വിശപ്പുരഹിത കേരളം പദ്ധതിയിൽ പങ്കാളികളായാൽ ഈ ആനുകൂല്യം അവർക്കും ലഭ്യമാക്കും. കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകേണ്ടുന്ന സഹായങ്ങൾ കൃത്യമായി ലഭ്യമാക്കണം. മൈക്രോ പ്ലാനുകളിൽ അത്യാവശ്യമെന്നു കണ്ടെത്തുന്നവർക്ക് വീടുകളിൽ സൗജന്യഭക്ഷണം ഇത്തരം ഹോട്ടലുകളിൽ നിന്നും ലഭ്യമാക്കാം.

പട്ടികജാതി - പട്ടികവർഗം

138. പരമദരിദ്രരിൽ ഏറ്റവും കൂടുതൽ പട്ടികജാതി-പട്ടികവർഗ്ഗക്കാരായിക്കും. ഈ പശ്ചാത്തലത്തിൽ ഇവർക്കായുള്ള പ്രത്യേക വികസന പദ്ധതികൾക്കു സവിശേഷ പ്രാധാന്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും വ്യത്യസ്തമായി പട്ടികവിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ ഉയർന്ന നിരക്കിൽ ഉപപദ്ധതികൾക്ക് കേരളത്തിൽ പണം നീക്കിവയ്ക്കുന്നുണ്ട്. പട്ടികജാതി ഉപപദ്ധതിയുടെ അടങ്കൽ 2709 കോടി രൂപയും പട്ടികവർഗ്ഗ ഉപപദ്ധതിയുടെ അടങ്കൽ 781 കോടി രൂപയുമാണ്. ഇത് യഥാക്രമം പദ്ധതി അടങ്കലിന്റെ 9.81 ശതമാനവും 2.83 ശതമാനവുമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്ന് 468 കോടി രൂപ കൂടി ലഭ്യമാകും.

139. ഏറ്റവും മുന്തിയ പരിഗണന പാർപ്പിടത്തിനാണ്. ഭൂരഹിതർക്ക് ഭൂമി വാങ്ങാൻ, പണി തീരാത്ത വീടുകൾ പൂർത്തിയാക്കാൻ, ലൈഫ് മിഷൻ വിഹിതം, പഠനമുറി എന്നിവയ്ക്ക് പട്ടികജാതി ഉപപദ്ധതിയിൽ 635 കോടി രൂപയും പട്ടികവർഗ്ഗ ഉപപദ്ധതിയിൽ 247 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

സർ, 2021-22ൽ ലൈഫ് മിഷനിൽ നിന്ന് 40000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും വീട് നൽകുന്നതാണ്. ഇതിനായി 2080 കോടി രൂപ ചെലവാക്കുന്നതാണ്.

140. പാർപ്പിടം കഴിഞ്ഞാൽ വിദ്യാഭ്യാസത്തിനാണ് മുൻതൂക്കം. പട്ടികജാതി ഉപപദ്ധതിക്ക് 387 കോടി രൂപയും പട്ടികവർഗ്ഗ ഉപപദ്ധതിക്ക് 121 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് കിഫ്ബി വഴി 93 കോടി രൂപയും പദ്ധതിയിൽ നിന്നും 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പരിഹാരബോധന സ്കീമുകൾക്കും പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കുമെല്ലാം മുൻകാലത്തേക്കാൾ പ്രാധാന്യം ഈ ബജറ്റ് നൽകുന്നുണ്ട്.

141. പട്ടികവിഭാഗ യുവജനങ്ങൾക്ക് നൈപുണി പോഷണത്തിന്റെ അടിസ്ഥാനത്തിൽ പ്ലെയ്സ്മെന്റ് നൽകുന്നതിനുള്ള പദ്ധതിയിൽ ഇതുവരെ 1997 യുവതി-യുവാക്കൾക്കു തൊഴിൽ നൽകി. ഇവരിൽ 201 പേർക്ക് വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിച്ചു. 2021-22ൽ 2500 പേർക്ക് തൊഴിൽ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.

142. പട്ടികജാതി, പട്ടികവർഗ്ഗ സഹകരണ സംഘങ്ങളെ സമൂലമായി പുനസംഘടിപ്പിക്കും, പുനരുജ്ജീവിപ്പിക്കും. പട്ടികജാതി, പട്ടികവർഗ്ഗ സംഘങ്ങൾക്ക് ജില്ലാ സഹകരണ ബാങ്കുകളിലും മറ്റുമുള്ള കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള ഒരു സ്കീം ആവിഷ്കരിക്കുന്നതാണ്.

മത്സ്യമേഖല

143. താരതമ്യേന കൂടുതൽ ദരിദ്രരുള്ള മറ്റൊരു മേഖല മത്സ്യത്തൊഴിലാളി രംഗമാണ്. ഈ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടിയിട്ടാണ് തീരദേശ വികസനത്തിനു വേണ്ടി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. അഞ്ചു വർഷം കൊണ്ടാണ് ഇത് നടപ്പാക്കുക.

സർ, 2021-22ൽ 1500 കോടി രൂപ മത്സ്യ മേഖലയിൽ ചെലവഴിക്കുന്നതാണ്.

144. വാർഷിക പദ്ധതിയിൽ 209 കോടി രൂപ തീരദേശ വികസനത്തിനു വകയിരുത്തുന്നു. ഇതിനു പുറമേ കിഫ്ബിയിൽ നിന്ന് ഫിഷിംഗ് ഹാർബറുകൾക്ക് 209 കോടി രൂപ, കടൽഭിത്തി 109 കോടി രൂപ, ആശുപത്രികളും സ്കൂളുകളും 165 കോടി രൂപ, 65 മാർക്കറ്റുകൾക്ക് 193 കോടി രൂപ എന്നിങ്ങനെ മൊത്തം 676 കോടി രൂപ ചെലവഴിക്കും.

145. ചേർത്തല – ചെല്ലാനം പോലുള്ള പല തീരപ്രദേശങ്ങളിലും കടൽഭിത്തി പൂർത്തീകരിക്കേണ്ടതുണ്ട്. മുൻഗണനാ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിലെ തീരസംരക്ഷണത്തിനു കിഫ്ബിയിൽ നിന്നും 100 കോടി രൂപ അനുവദിക്കുന്നു. തീരദേശ റോഡുകൾക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് 100 കോടി രൂപ വകയിരുത്തുന്നു.

146. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് തീരപ്രദേശത്ത് 13018 വീടുകൾ നിർമ്മിച്ചു. 2021-22ൽ ലൈഫ് മിഷനിൽ നിന്ന് 300 കോടി ചെലവിൽ 7500 വീടുകൾ നിർമ്മിക്കും. 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചെലവഴിച്ച് പുനർഗേഹം പദ്ധതിയിൽ പുനരധിവസിപ്പിക്കും.

147. ആഴക്കടൽ മത്സ്യബന്ധനത്തിന് ആധുനിക സംവിധാനങ്ങളോടെ 100 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് വായ്പ അനുവദിക്കും. 25 ശതമാനം സബ്സിഡിയുണ്ടാകും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. 25 കോടി രൂപ വകയിരുത്തുന്നു.

148. ഉൾനാടൻ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കും വേണ്ടി 92 കോടി രൂപ അനുവദിക്കുന്നു.

149.

· പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കിൽ ലഭ്യമാക്കും. 60 കോടി രൂപ വകയിരുത്തുന്നു.

· 10 വർഷത്തിൽ കൂടുതൽ കാലപ്പഴക്കംചെന്ന മണ്ണെണ്ണ എഞ്ചിനുകൾ മാറ്റി പെട്രോൾ എഞ്ചിനാക്കുന്നതിന് മോട്ടോറൈസേഷൻ സബ്സിഡി നൽകും.

· ചെറുകിട ഇൻബോർഡ് യന്ത്രവൽകൃത വള്ളങ്ങൾക്കും ഇന്ധന സബ്സിഡി നൽകുന്നതാണ്. 10 കോടി രൂപ വകയിരുത്തുന്നു.

· 2018-19ൽ പലിശ സബ്സിഡി നിലവിൽ വരുന്നതിനുമുമ്പ് നൽകിയിട്ടുള്ളതും നിഷ്ക്രിയാസ്തികളായ വായ്പകളുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പ് പദ്ധതി ആവിഷ്കരിക്കും. 5 കോടി രൂപ അധികമായി വകയിരുത്തുന്നു.

· ഓൺലൈൻ വ്യാപാരത്തിന് ഇ-ഓട്ടോ വാങ്ങുന്നതിന് വായ്പ മത്സ്യഫെഡ് നൽകും. 25 ശതമാനം സബ്സിഡി സർക്കാർ നൽകും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു.

· മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന തൊഴിൽ ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴിയുള്ള വായ്പകൾക്ക് 25 ശതമാനം സബ്സിഡി സർക്കാർ നൽകും.

· കക്ക സംഘങ്ങൾക്ക് പ്രത്യേക ധനസഹായമായി 3 കോടി രൂപ അനുവദിക്കുന്നു.

150. പ്രതിഭാതീരം പദ്ധതിക്കുവേണ്ടി 10 കോടി രൂപ വകയിരുത്തുന്നു.

മറ്റു വിഭാഗങ്ങൾ

151. പിന്നോക്ക സമുദായ ക്ഷേമത്തിനുവേണ്ടി 101 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 53 കോടി രൂപ ഒഇസി വിദ്യാഭ്യാസ സ്കീമുകൾക്കാണ്. 84 കോടി രൂപ കേന്ദ്രവിഹിതമടക്കം സ്കോളർഷിപ്പുകൾക്കായുണ്ട്. പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന് 20 കോടി രൂപ അനുവദിക്കുന്നു. മൺപാത്ര വികസന കോർപ്പറേഷന് 1 കോടി രൂപ വകയിരുത്തുന്നു. ബാർബർ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ വായ്പ സബ്സിഡി സ്കീമിനായി അനുവദിക്കുന്നു.

152. ന്യൂനപക്ഷ ക്ഷേമത്തിനായി 42 കോടി രൂപ വകയിരുത്തുന്നു.

153. മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിനായി 31 കോടി രൂപ വകയിരുത്തുന്നു.

ഭിന്നശേഷിക്കാർ

154. പാവപ്പെട്ടവരുടെ വീട്ടിൽ ഭിന്നശേഷിക്കാരുണ്ടെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ അവർ പരമദാരിദ്ര ഗണത്തിലേയ്ക്ക് വീഴുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. ഇങ്ങനെയുള്ള വീടുകൾക്കെല്ലാം ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമുള്ള പ്രത്യേക ധനസഹായം നിലവിലുള്ള സ്കീമുകളിൽ നിന്നുതന്നെ കണ്ടെത്താൻ കഴിയും. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും 50 കോടി രൂപയും മാനസികാരോഗ്യ പരിപാടികൾക്ക് 64 കോടി രൂപയും വകയിരുത്തുന്നു.

155. ഭിന്നശേഷിക്കാരുടെ ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നൽകാനുതകുന്ന നയപരിപാടി കേരളത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഗർഭാവസ്ഥയിൽ തന്നെ വൈകല്യങ്ങളെ തടയുന്നതിനുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ശൈശവാവസ്ഥയിൽ തന്നെ വൈകല്യങ്ങളെ കണ്ടെത്താനുള്ള പരിപാടികൾ, തുടർന്നുള്ള പിന്തുണാ പ്രവർത്തനങ്ങൾ ഇവയ്ക്കെല്ലാമായി അനുയാത്ര പോലുള്ള സ്കീമുകളുണ്ട്. അനാമയം സമഗ്ര ഇൻഷ്വറൻസ് പ്രോഗ്രാം ആരംഭിക്കും.

156. 250 തദ്ദേശഭരണ സ്ഥാപനങ്ങളിൽക്കൂടി ബഡ്സ്കൂളുകൾ 2021-22ൽ ആരംഭിക്കും. ഇപ്പോൾ 342 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് ബഡ്സ്കൂളുകൾ ഉള്ളത്.

157. സ്കൂളുകളിലെ മൈൽഡ് മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി കൂടുതൽ കൗൺസിലേഴ്സിനെ നിയമിക്കുകയും കൂടുതൽ അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്യും.

158. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം 60 കോടി രൂപയായി ഉയർത്തുന്നു. കൂടുതൽ സ്കൂളുകളെ ഉൾക്കൊള്ളിക്കും. ഇതിനുപുറമേ 18 വയസ്സ് കഴിഞ്ഞവരുടെ സംരക്ഷണത്തിനുവേണ്ടി 10 കോടി രൂപ വകയിരുത്തുന്നു. തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്സ് സെന്ററിന് 1 കോടി രൂപ വകയിരുത്തുന്നു.

159. രാജ്യത്തെ ആദ്യത്തെ പൂർണ്ണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനുള്ള സമയബന്ധിത പരിപാടി തയ്യാറാക്കും. സർക്കാർ ഫണ്ടുകൊണ്ട് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങൾക്കും ഭിന്നശേഷിക്കാർക്കുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ഭിന്നശേഷി സൗഹൃദ തദ്ദേശഭരണ സ്ഥാപനത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ പരിപാടി ഏറ്റെടുക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ സർക്കാർ സ്ഥാപനങ്ങളും പൊതുയിടങ്ങളും ബാരിയർ ഫ്രീയാക്കുന്നതിനു മുൻഗണന നൽകും. ബാരിയർ ഫ്രീ പദ്ധതിക്കു വേണ്ടി 9 കോടി രൂപ നീക്കിവയ്ക്കുന്നു.

160. സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി 321 കോടി രൂപയാണ് ഭിന്നശേഷിക്കാർക്കായി നീക്കിവയ്ക്കുന്നത്. ഇതിനുപുറമേ തദ്ദേശഭരണ സ്ഥാപനങ്ങൾ 290 കോടി രൂപയെങ്കിലും നീക്കിവയ്ക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെ മൊത്തം 600 കോടിയിൽപ്പരം രൂപ ഈ മേഖലയിൽ ഏകോപിതമായും കനിവോടെയും ചെലവഴിക്കാനായാൽ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ രൂപാന്തരപ്പെടുത്താൻ കഴിയും.

വയോജനങ്ങൾ

161. ജീവിതശൈലി രോഗങ്ങൾക്കും മറ്റും സ്ഥിരമായി മരുന്നു കഴിക്കുന്ന നിരവധിപേർ നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ചും വയോജനങ്ങൾ. ഇവർക്ക് മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്നും മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്ന ഈ പദ്ധതിയിൽ വയോജനങ്ങൾക്ക് 1 ശതമാനം അധിക ഇളവും നൽകും. രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് കൃത്യമായ പ്രിസ്ക്രിപ്ഷന്റെ അടിസ്ഥാനത്തിലുള്ള മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുക. കൊവിഡിനൊപ്പം ജീവിക്കുകയെന്ന സാഹചര്യത്തിൽ കേരളത്തിലെ വയോജനങ്ങൾക്ക് കാരുണ്യ അറ്റ് ഹോം പദ്ധതി വലിയ കൈത്താങ്ങായി മാറും.

162. കഴിഞ്ഞ ബജറ്റിൽ മുന്നോട്ടുവച്ച സുപ്രധാന തീരുമാനമായിരുന്നു എല്ലാ വാർഡുകളിലും വയോ ക്ലബ്ബ് എന്ന നിർദ്ദേശം. എന്നാൽ കോവിഡു കാലത്ത് ഇത്തരത്തിലൊരു കൂടിച്ചേരൽ കേന്ദ്രം റിവേഴ്സ് ക്വാറന്റൈൻ മാനദണ്ഡങ്ങൾക്കു വിരുദ്ധമാകുമായിരുന്നു. എന്നാൽ 2021-22ൽ കോവിഡ് പിൻവാങ്ങുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടി സ്വീകരിക്കും. പുതിയ കെട്ടിടങ്ങൾ പണിയേണ്ടതില്ല. നിലവിലുള്ള വായനശാലകളെയും വാടകയ്ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്താം. വയോജന അയൽക്കൂട്ടങ്ങൾ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും 290 കോടി രൂപയെങ്കിലും വയോജനങ്ങൾക്കായി മാറ്റിവയ്ക്കുന്നതിന് അവർ ബാധ്യസ്ഥരാണ്. 2021-22ൽ 5000 വയോക്ലബ്ബുകൾ ആരംഭിക്കുന്നതാണ്. വയോമിത്രം, സായംപ്രഭ സ്കീമുകൾക്കു 30 കോടി രൂപ വകയിരുത്തുന്നു.

ഭക്ഷ്യസുരക്ഷ

163. കേരള സർക്കാരിന്റെ കമ്പോള ഇടപെടൽ എത്രമേൽ ആശ്വാസമാണ് ഈ നാടിന് ഉണ്ടാക്കിയതെന്ന് ഈ ദുരിതകാലം തെളിയിച്ചു. ഒരാളും പട്ടിണി കിടക്കരുതെന്നു കരുതി ഭക്ഷ്യധാന്യ വിതരണവും റേഷൻ വിതരണവും നടത്തിയത് ദുരിതകാലത്തെ ഏറ്റവും വലിയ കരുതലായി മാറി. ലോക്ഡൗണിന്റെയും തുടർന്നുള്ള മഹാമാരിയുടെയും കാലത്ത് കേരളത്തിലെ എല്ലാ പ്രധാന ഉത്സവകാലങ്ങളും കടന്നുവന്നു. പതിവു പല്ലവി ആകാറുള്ള വിലക്കയറ്റം അര കോളം വാർത്തയ്ക്കുപോലും വഴിവച്ചില്ല. ഓണക്കാലത്ത് കേരളീയർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 5 ഇനം അരികളുടെയും പ്രധാന പച്ചക്കറികളുടെയും വില കുറഞ്ഞൂവെന്നാണ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്രമേൽ ഫലപ്രദമായ ഇടപെടലാണ് കമ്പോളത്തിൽ കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

164. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് 40 കോടി രൂപയും, സപ്ലൈകോ അടക്കം ഡിപ്പാർട്ട്മെന്റിന്റെ നവീകരണത്തിന് 25 കോടി രൂപയും സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന് വകയിരുത്തുന്നു. കൊവിഡു കാലത്ത് ഇതുവരെ 5.5 കോടി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടൺ അധികം റേഷനരിയും ലഭ്യമാക്കി. സാർവ്വത്രിക പ്രശംസ നേടിയ ഫലപ്രദമായ ഒരു ഇടപെടലായിരുന്നു. കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇതിനു പുറമേ നീല, വെള്ള കാർഡുകാരായ 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ വിലയ്ക്ക് ലഭ്യമാക്കുന്നതാണ്.

165. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുന്നു. മാർക്കറ്റ് ഇന്റർവെൻഷന് 230 കോടി രൂപ വകയിരുത്തുന്നു. അടുത്ത വർഷത്തെ കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമായ വർദ്ധനവ് പിന്നീട് അനുവദിക്കും. സർ, 2021-22 മുതൽ ഹോട്ടലുകൾ, പലചരക്കുകടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ഔദ്യോഗിക റേറ്റിംഗ് നൽകുന്നതിനുള്ള സ്കീം പ്രഖ്യാപിക്കുന്നു. ഇത് ഉപഭോക്താക്കൾക്കുള്ള സേവനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

ഭാഗം 5

അധികാരവികേന്ദ്രീകരണം

166. ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിൽ പുതിയ തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികൾ അധികാരത്തിൽ വന്നിരിക്കുകയാണ്. ഉപജീവനത്തൊഴിലുകൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യനിർമ്മാർജനത്തിനും തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഏറ്റവും നിർണായക പങ്കുണ്ടാകും. കഴിഞ്ഞ 25 വർഷക്കാലത്തെ അധികാരവികേന്ദ്രീകരണത്തിന്റെ ഒരു മുഖ്യ ദൗർബല്യം ഉൽപ്പാദന തൊഴിൽ മേഖലകളിലാണ്. ഇത് തിരുത്താൻ കഴിയുമെന്നുള്ള പാഠമാണ് സുഭിക്ഷകേരളം പദ്ധതി നൽകുന്നത്.

പ്രാദേശിക വ്യവസായ ക്ലസ്റ്ററുകൾ

167. ചൈനയിലെ വ്യവസായ കുതിപ്പിൽ പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട് വളർന്നുവന്ന ടൗൺ ആൻഡ് കൺട്രി എന്റർപ്രൈസസ് വഹിച്ച പങ്ക് പ്രസിദ്ധമാണ്. നമ്മുടെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ ക്ലസ്റ്ററുകൾ വളർത്തിയെടുക്കണം. ഇതിന് നിലവിലുള്ള കേന്ദ്ര സംസ്ഥാന സർക്കാർ സ്കീമുകളെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അവ സൂക്ഷ്മമായി പഠിച്ച് അതത് പ്രദേശത്ത് നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കാം, സംരംഭകർക്ക് പലിശ സബ്സിഡി നൽകാം. ബ്ലോക്ക് ജില്ലാ തലത്തിൽ മാർക്കറ്റിംഗിന് സംവിധാനമുണ്ടാക്കാം. ഇത്തരത്തിൽ സ്കീമുകൾ നടപ്പാക്കുന്നതിന് അനുബന്ധമായി വരുന്ന ചെലവുകൾ പ്ലാൻ ഫണ്ടിൽ നിന്നെടുക്കാം. 1000 ജനങ്ങൾക്ക് 5 വീതമെങ്കിലും പുതിയ തൊഴിലവസരങ്ങൾ ഓരോ പ്രാദേശിക ഭരണകൂടവും സൃഷ്ടിക്കണം. ഇതിനായി ഒരു പ്രത്യേക ഏകോപന സമിതി പഞ്ചായത്ത് - മുനിസിപ്പൽ തലത്തിൽ രൂപീകരിക്കും.

168. കേന്ദ്രാവിഷ്കൃത പദ്ധതികളായ ഗ്രാമീണ – നഗര ഉപജീവന മിഷനുകളിൽ നിന്ന് 2021-22ൽ 225 കോടി രൂപയെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കും. ഇതിന്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കാനാവും. ദേശീയ റൂർബെൻ മിഷന്റെ 50 കോടിയിൽ നല്ലപങ്കും സംരംഭകത്വവികസനത്തിനായി ഉപയോഗപ്പെടുത്താനാവും.

169. വഴിയോരക്കച്ചവടക്കാർക്ക് ഐഡി കാർഡ് വിതരണം ചെയ്യുന്നത് പൂർത്തിയാക്കും. 10000 രൂപ വരെ 7 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും.

നീർത്തടാസൂത്രണം

170. ജനകീയാസൂത്രണകാലം മുതൽ പറഞ്ഞുവരുന്നതാണെങ്കിലും നീർത്തടാധിഷ്ഠിത ആസൂത്രണം ഇതുവരെ നടപ്പാക്കാനായിട്ടില്ല. പ്രകൃതി ദുരന്തങ്ങൾ ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

· കാട്ടാക്കട – തളിപ്പറമ്പ് മാതൃകയിൽ നീർത്തട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വിപുലമായ കാമ്പയിൻ സംഘടിപ്പിക്കും.

· നിലവിൽ നല്ലൊരുപങ്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലും വ്യത്യസ്ത ഏജൻസികൾ തയ്യാറാക്കിയ നീർത്തട വികസന റിപ്പോർട്ടുകൾ നിലവിലുണ്ട്. അവയെ ഈ കാമ്പയിനു പൂർണ്ണമായും ഉപയോഗപ്പെടുത്തണം.

· കില, ലാൻഡ് യൂസ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, മണ്ണ് ജലസംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെയെല്ലാം ഏകോപനമുണ്ടാകണം.

· വിവിധവകുപ്പുകളുടെയും ഏജൻസികളുടെയും നീർത്തട സ്കീമുകൾ ഭാവിയിൽ ഈ അടിസ്ഥാനരേഖയെ ആസ്പദമാക്കിവേണം. ഇതിനുതകുന്ന രീതിയിൽ എല്ലാവരും പങ്കാളികളായിക്കൊണ്ടുവേണം ഈ നീർത്തട രേഖകൾ തയ്യാറാക്കാൻ.

171. കൊവിഡ് കടന്നുവന്നതുമൂലം പ്രാദേശിക ദുരന്തനിവാരണ റിപ്പോർട്ടുകൾ പല തദ്ദേശഭരണ സ്ഥാപനങ്ങൾക്കും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. നീർത്തട വികസന രേഖയ്ക്കു വേണ്ടി ശേഖരിക്കുന്ന വിവരങ്ങൾകൂടി ഉൾപ്പെടുത്തി സമഗ്രമാക്കുന്നതിന് ഒരു കർമ്മസമിതിയെ നിയോഗിക്കേണ്ടതാണ്.

172. 2021-22ൽ ഹരിതമിഷന്റെ ലക്ഷ്യങ്ങൾ ഇവയാണ് -

· 10000 കിലോമീറ്റർ തോടുകളും 100 കിലോമീറ്റർ പുഴകളും പുതുതായി വൃത്തിയാക്കി കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും,

· പച്ചത്തുരുത്തുകളുടെ വിസ്തൃതി 529 ഏക്കറിൽ നിന്നും 1000 ഏക്കറിലേയ്ക്ക് വ്യാപിപ്പിക്കും,

· 1000 ഹരിത സമൃദ്ധി വാർഡുകൾകൂടി സൃഷ്ടിക്കും,

· എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും ജല ഗുണനിലവാര നിർണ്ണയ ലാബുകൾ സ്ഥാപിക്കും,

· മാതൃകാ ബ്ലോക്കുകളിൽ ജല ബജറ്റിനു രൂപം നൽകും,

· ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ഒരു വലിയ കുളം വീതമെങ്കിലും മാതൃകാപരമായി പുനരുജ്ജീവിപ്പിക്കും.

ശുചിത്വ കേരളം

173. 2021-22ൽ വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ ശുചിത്വ പദവിയിലേയ്ക്കു നീങ്ങാൻ കഴിയണം. “സമ്പൂർണ്ണ സാക്ഷരതതൻ കൊമ്പത്തിരിക്കിലും, തെല്ലും അറപ്പില്ലാതെറിയുന്നു മാലിന്യമെമ്പാടും രാവിൻ മറവിൽ” എന്ന് കണ്ണൂർ കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസുകാരനായ ഷിനാസ് അഷ്റഫ് തെല്ലുരോഷത്തോടെ ചൂണ്ടിക്കാണിക്കുന്ന ദുശ്ശീലത്തിൽ നിന്ന് നമുക്ക് എന്നെന്നേയ്ക്കുമായി മോചനം നേടണം.

· ഇതുവരെ 501 പഞ്ചായത്തുകളും 55 നഗരസഭകളും ഖരമാലിന്യസംസ്ക്കരണത്തിൽ ശുചിത്വ മാനദണ്ഡങ്ങൾ കൈവരിച്ചിട്ടുണ്ട്. മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളും ശുചിത്വ മാനദണ്ഡ പദവിയിൽ എത്തിക്കും,

· വടകര – കുന്നംകുളം – തളിപ്പറമ്പ് മാതൃകയിൽ സംരംഭകത്വ അടിസ്ഥാനത്തിൽ മാലിന്യസംഭരണവും വേർതിരിക്കലും സംസ്ക്കരിച്ച് വിപണനം നടത്തലുമാണ് ലക്ഷ്യം,

· സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തെ സ്ലോട്ടർ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കും,

· 100 സെപ്റ്റേജുകൾ സ്ഥാപിക്കും,

· സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഗ്രീൻ ഗ്രേഡിംഗും സർട്ടിഫിക്കേഷനും കൊണ്ടുവരും,

· ജൈവവളം ഹരിതമിത്രം ബ്രാൻഡിൽ വിപണിയിലിറക്കും.

174. ഹരിതമിഷന് ഇതിനായി 15 കോടി രൂപ അനുവദിക്കുന്നു. 57 കോടി രൂപ ശുചിത്വ കേരളം പദ്ധതിയ്ക്ക് വകയിരുത്തുന്നു. സ്വച്ഛ് ഭാരത് മിഷന് കേന്ദ്രമടക്കം 87 കോടി രൂപ ലഭ്യമാണ്.

175. നിലവിലുള്ള 1235 ടോയ്ലറ്റ് ബ്ലോക്കുകൾ പുനർനിർമ്മിക്കുകയോ നവീകരിക്കുകയോ ചെയ്യും. ഹരിതകർമ്മ സേനകൾക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് തുടർന്നും നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകം.

176. ലോകബാങ്കിന്റെ ശുചിത്വ പരിപാടിയിൽ ഉൾപ്പെടുത്തി താഴെപ്പറയുന്നവ നടപ്പാക്കും.

· റീജിയണൽ ലാന്റ് ഫില്ലുകൾ

· മെഡിക്കൽ കോളേജ്, ജില്ലാ-താലൂക്ക് ആശുപത്രികളിലെ ബയോ-മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ്

· മോഡൽ കൺസ്ട്രക്ഷൻ ആന്റ് ഡിമോളിംഷ് വേസ്റ്റ് റിക്കവറീ സെന്ററുകൾ

· ഗ്രീൻ പ്രോട്ടോക്കോളിനുള്ള ധനസഹായം

ഗ്രാമീണ റോഡുകൾ

177. വാർഡ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് അനഭിലഷണീയമായ പ്രവണതയാണ്. റോഡ് അടക്കം എല്ലാ മേഖലയിലേയ്ക്കുമുള്ള അഞ്ചു വർഷത്തെ പദ്ധതി തയ്യാറാക്കുകയാണ് ഇതിനുള്ള പരിഹാരം. മുൻഗണനയുടെ അടിസ്ഥാനത്തിൽ പദ്ധതികൾ എടുക്കുകയാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ എല്ലാ വാർഡുകളിലും വികസനം എത്തും. അതുപോലെ തന്നെ റോഡ് മെയിന്റനൻസിന് റോഡ് പൊളിയാൻ കാത്തു നിൽക്കുന്ന പ്രവണതയും അവസാനിപ്പിക്കണം.

178. റീബിൽഡ് കേരളയുടെ ഭാഗമായുള്ള 488 കോടി രൂപയുടെയും മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായുള്ള 1000 കോടി രൂപയുടെയും റോഡ് നിർമ്മാണം 2021-22 ആരംഭത്തിൽ പൂർത്തീകരിക്കും. പിഎംജിഎസു്വൈ പദ്ധതിയ്ക്ക് 120 കോടി രൂപ വകയിരുത്തുന്നു. കേന്ദ്ര വിഹിതമായി 130 കോടി രൂപയും ലഭിക്കും.

179. സംസ്ഥാനത്ത് 935 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും ഐഎസ്ഒ നിലവാരത്തിലേയ്ക്ക് ഉയർന്നു. 2021-22ൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും. സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പരസ്യപ്പെടുത്തും. സ്കൂളുകൾ, ആശുപത്രികൾ, തൊഴിലുറപ്പ് എന്നീ മൂന്നു മേഖലകളിൽ 2021-22ൽ സോഷ്യൽ ഓഡിറ്റ് നടത്തും.

പതിനാലാം പഞ്ചവത്സര പദ്ധതി

180. പതിനാലാം പഞ്ചവത്സര പദ്ധതി രേഖ തയ്യാറാക്കുന്നതിന് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതാണ്. എന്നാൽ ഇതിനു പ്രാരംഭമായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ തങ്ങളുടെ പ്രദേശത്ത് ഉണ്ടായ മാറ്റങ്ങളെയും വികസന നേട്ടങ്ങളെയും പരിഹരിക്കേണ്ട പ്രശ്നങ്ങളെയുംകുറിച്ച് സമഗ്രമായ ഒരു അവലോകനം തയ്യാറാക്കേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത പഞ്ചവത്സര പദ്ധതിക്കു രൂപം നൽകേണ്ടത്.

181. ഏറ്റവും മികച്ച പ്രകടനവും റിപ്പോർട്ടുകളും തയ്യാറാക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പങ്കാളിത്ത പഠനപരമ്പരയ്ക്ക് രൂപം നൽകുന്നതാണ്.

182. തലസ്ഥാന നഗര വികസനത്തിന് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ഈ കാഴ്ചപ്പാടിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്;

· സിറ്റി റോഡ് ഇംപ്രൂവ്മെന്റ് സ്കീം രണ്ടാം ഘട്ടം - 864 കോടി രൂപ,

· കിഫ്ബി, പൊതുമരാമത്ത് പ്രവൃത്തികൾ - 900 കോടി രൂപ

· നെയ്യാർ-അരുവിക്കര കുടിവെള്ള പദ്ധതി – 635 കോടി രൂപ,

· സമ്പൂർണ്ണ ശുചിത്വം, സ്വീവേജ് പൂർത്തിയാക്കൽ - 525 കോടി രൂപ,

· നഗരത്തെ വിദ്യാഭ്യാസ-ആരോഗ്യ ഹബ്ബാക്കൽ - 900 കോടി രൂപ,

· തിരുവനന്തപുരം പൈതൃക പദ്ധതി – 250 കോടി രൂപ,

· ആക്കുളം, വേളി ടൂറിസം വികസനം - 150 കോടി രൂപ,

· ചിത്രാഞ്ജലി ഫിലിം സിറ്റി കോംപ്ലക്സ്, മറ്റു സാംസ്കാരിക കേന്ദ്രങ്ങൾ - 150 കോടി രൂപ,

· ഐറ്റി, ലൈഫ് സയൻസ്, വീഡിയോ പാർക്കുകളുടെ വികസനം – 534 കോടി രൂപ,

· റിംഗ് റോഡും ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റും

· കളിയിക്കാവിള റോഡ് രണ്ടാംഘട്ടം

കില

183. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് 30 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 19 കോടി രൂപ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പരിശീലനങ്ങൾക്കും അനുബന്ധകാര്യങ്ങൾക്കും വേണ്ടിയാണ്. ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ഡിസംബറിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന അന്തർദേശീയ സെമിനാർ 2021ൽ നടത്തുന്നതാണ്. രജതജൂബിലി വർഷത്തിൽ ഇതുവരെയുള്ള അധികാരവികേന്ദ്രീകരണ അനുഭവങ്ങളെക്കുറിച്ച് 25 പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും കില പ്രസിദ്ധീകരിക്കുന്നതാണ്. ഇതിന് 3 കോടി രൂപ പ്രത്യേകമായി അനുവദിക്കുന്നു.

ആറാം ധനകാര്യ കമ്മീഷൻ

184. ആറാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചു കഴിഞ്ഞു. ഈ സമ്മേളനത്തിൽ തന്നെ ആക്ഷൻ ടേക്കൺ റിപ്പോർട്ടു സഹിതം സഭയിൽ സമർപ്പിക്കുന്നതാണ്.

185. പദ്ധതി അടങ്കലിന്റെ 25 ശതമാനം, അതായത് 6903 കോടി രൂപയാണ് ഇപ്പോൾ വികസന ഫണ്ടായി പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ധനകാര്യ കമ്മീഷന്റെ ശുപാർശയനുസരിച്ച് 26 ശതമാനമായി ഉയർത്തുന്നു. അതായത് 277 കോടി രൂപ അധികമായി വികസന ഫണ്ടിൽ വകയിരുത്തുന്നു. ഇതിൽ നിന്നും പട്ടികവിഭാഗങ്ങൾക്ക് ആനുപാതിക വിഹിതം വകയിരുത്തുന്നതാണ്. അടുത്ത ഓരോ വർഷവും അരശതമാനം വീതം പദ്ധതി വിഹിതം വർദ്ധിപ്പിക്കുന്നതിനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

186. ജനറൽ പർപ്പസ് ഗ്രാന്റായി തനത് നികുതിയുടെ 4 ശതമാനം അതായത് 1950 കോടി രൂപയും മെയിന്റനൻസ് ഫണ്ടായി തനത് നികുതിയുടെ 6.5 ശതമാനം അതായത് 2944 കോടി രൂപയും വകയിരുത്തുന്നു.

187. അങ്ങനെ മൊത്തം ഉപാധിരഹിത ഫണ്ടായി 12074 കോടി രൂപയാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നീക്കിവച്ചിട്ടുള്ളത്. ഇതിനുപുറമേ ലോകബാങ്കിന്റെ നഗര ശുചിത്വ പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയെങ്കിലും അധികമായി ലഭിക്കും.

188. ഇവയ്ക്കു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു 2021-22ൽ 6952 കോടി രൂപ കൂടി ലഭ്യമാകും.

· തൊഴിലുറപ്പ് ഉൾപ്പെടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ 5714 കോടി രൂപ

· കേന്ദ്രാവിഷ്കൃത പദ്ധതികളിലെ സംസ്ഥാന വിഹിതം 1238 കോടി രൂപ

· സംസ്ഥാനാവിഷ്കൃത പദ്ധതികൾ 534 കോടി രൂപ

· ലൈഫ് മിഷൻ 4000 കോടി രൂപ

· തനതു വരുമാനം 2000 കോടി രൂപ

അങ്ങനെ മൊത്തം 25660 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 2021-22ൽ ചെലവഴിക്കാനായി ഉണ്ടാകും.

189. 2020-21ൽ യാതൊരുവിധ ട്രഷറി നിയന്ത്രണങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്നില്ല. എങ്കിൽത്തന്നെയും ഈ സർക്കാരിന്റെ മുൻവർഷങ്ങളിലെന്നപോലെ തന്നെ 20 ശതമാനം ഫണ്ട് ചെലവഴിക്കപ്പെട്ടില്ലെങ്കിൽ അടുത്ത വർഷത്തേയ്ക്ക് ക്യാരിഓവർ ചെയ്യുന്നതിനുള്ള അനുമതിയുണ്ടാകും.

190. എല്ലാ ജനപ്രതിനിധികളുടെയും ഹോണറേറിയം 1000 രൂപ വീതം വർദ്ധിപ്പിക്കുന്നു.

ഭാഗം 6

കൃഷിയും അനുബന്ധ മേഖലകളും

191. കോവിഡുകാലം കേരളത്തിൽ ഭക്ഷ്യസുരക്ഷയുടെ വെല്ലുവിളി വീണ്ടും ഉയർത്തി. ഇതിനോട് സംസ്ഥാനം പ്രതികരിച്ചത് സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ്. പച്ചക്കറി, നെല്ല്, കിഴങ്ങു വർഗ്ഗങ്ങൾ, പഴങ്ങൾ, പാൽ, മുട്ട, ഇറച്ചി ഇവയുടെ ഉൽപ്പാദനത്തിൽ ഒരു കുതിപ്പു സൃഷ്ടിക്കുന്നതിനുള്ള ഒരു ജനകീയ യജ്ഞമാണ് സുഭിക്ഷ കേരളം പദ്ധതി. വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കാർഷിക ഏജൻസികളും ചേർന്ന് ഭക്ഷ്യോൽപ്പാദന മേഖലയിൽ 1500 കോടി രൂപയെങ്കിലും 2021-22ൽ മുതൽമുടക്കും. പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയംപര്യാപ്തത നമുക്ക് രണ്ടോ മൂന്നോ വർഷംകൊണ്ട് കൈവരിക്കാനാകും. കൊല്ലം കോയിക്കൽ ഗവ. എച്ച്എസ്എസിലെ ഒൻപതാം ക്ലാസുകാരനായ അലക്സ് റോബിൻ റോയ് പ്രതീക്ഷിക്കുന്നതുപോലെ

ഇനിയും വരും വസന്തങ്ങളും

ഇല കൊഴിയും ശിശിരങ്ങളും

ശരത്കാല വൃഷ്ടിയും പേമാരിയും

തോൽക്കാതെ ഇനിയും നാം പടപൊരുതും

മന്ദമാരുതൻ തൊട്ടുതലോടും

നെൽപ്പാടങ്ങൾ കതിരണിയും

ഒന്നിച്ചൊന്നായി മുന്നോട്ടെങ്കിൽ

എല്ലാമിനിയും തിരികെവരും

പച്ചക്കറി

192. രാജ്യത്ത് ആദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. എല്ലാ വീടുകളിലും പച്ചക്കറിയെന്നത് യാഥാർത്ഥ്യമാക്കാവുന്ന ഒരു ലക്ഷ്യമാണ്. സ്വന്തം ആവശ്യത്തിനുവേണ്ടി ഉൽപ്പാദിപ്പിക്കുന്നവർക്കും ചിലപ്പോൾ അധിക വിളവുണ്ടാകാം. ഇതുകൂടാതെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരുമുണ്ട്. ഇതിന്റെ സംഭരണം ഉറപ്പാക്കിയാൽ കൃഷി വലിയ തോതിൽ മെച്ചപ്പെടുത്താം. ഇതിനാണ് തറവില പ്രഖ്യാപിച്ച കോ-ഓപ്പ് മാർട്ടുകൾ സ്ഥാപിച്ചത്. വാണിജ്യ കൃഷിയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ സംഭരണം വിഎഫ്പിസികെയാണ്. കോ-ഓപ്പ് മാർട്ടുകൾക്ക് തറവില നടപ്പാക്കുന്നതിനുള്ള നഷ്ടം നികത്തുന്നതിന് 5 ലക്ഷം രൂപ വരെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ചെലവഴിക്കാം. വിഎഫ്പിസികെയ്ക്ക് 20 കോടി രൂപ ഇതിനായി അനുവദിക്കുന്നു.

193. പച്ചക്കറിയുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും വികസനത്തിന് 80 കോടി രൂപ വകയിരുത്തുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ 400 കോടി രൂപയെങ്കിലും അടുത്ത വാർഷിക പദ്ധതിയിൽ നീക്കിവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. വിഎഫ്പിസികെ, നടീൽവസ്തു ഉൽപ്പാദന സ്കീം, ആർകെവിവൈ തുടങ്ങിയ സ്കീമുകളിൽ നിന്ന് മറ്റൊരു 75 കോടി രൂപ പച്ചക്കറി വികസനത്തിനായി ഉണ്ടാകും.

194. വർഷംതോറും ഒരുകോടി ഫലവൃക്ഷതൈകൾ നടുന്നതിനുള്ള ദശവത്സര പരിപാടി 50000 കോടി രൂപയുടെ അധിക വരുമാനം സംസ്ഥാനത്തു സൃഷ്ടിക്കും. കൃഷി വകുപ്പിന്റെ ഏജൻസികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേഴ്സറികൾ വഴിയാണ് ആവശ്യമായ നടീൽ വസ്തുക്കൾ കണ്ടെത്തുക. ഓരോ പഞ്ചായത്തിലും നടുന്ന ഫലവൃക്ഷങ്ങളെ സംബന്ധിച്ച് പ്ലോട്ട് അടിസ്ഥാനത്തിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കും, മോണിറ്റർ ചെയ്യും. 22 കോടി രൂപ വകയിരുത്തുന്നു.

നെല്ല്

195. നെൽകൃഷി വികസനത്തിന് 116 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 60 കോടി രൂപ ഹെക്ടറിന് 5500 രൂപ വീതം നെൽകൃഷിക്കാർക്കുള്ള ധനസഹായമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾ 5000 മുതൽ 10000 രൂപ വരെ അധിക ധനസഹായം നൽകും. ഇതിനുപുറമേ ഹെക്ടറിന് 2000 രൂപ വീതം 40 കോടി രൂപ റോയൽറ്റിയായി നൽകുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന തോതിലുള്ള സബ്സിഡി കേരളത്തിലാണ്. കേന്ദ്ര സർക്കാർ 18 രൂപയാണ് സംഭരണ വില നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിൽ ഈ ബജറ്റോടെ 28 രൂപയാണ് സംഭരണവില. സംഭരണ വില കൃഷിക്കാർക്ക് കൃത്യമായി നൽകുന്നതിന് ചില പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ള പോരായ്മ പരിഹരിക്കുന്നതാണ്.

വാണിജ്യവിളകൾ

196. നാളികേര കൃഷിക്കായി 75 കോടി രൂപ വകയിരുത്തുന്നു. ഇത് മുഖ്യമായും പഴയ മരങ്ങൾ വെട്ടിമാറ്റി താരതമ്യേന പൊക്കം കുറഞ്ഞ, ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള നാളികേര ഇനങ്ങൾ റീ-പ്ലാന്റ് ചെയ്യുന്നതിനു വേണ്ടിയാണ് ചെലവഴിക്കുക. ടിഷ്യുകൾച്ചർ സാങ്കേതികവിദ്യ ഇതിനായി പ്രോത്സാഹിപ്പിക്കും. ഇടവിള കൃഷിയും ജലസേചനവും പ്രോത്സാഹിപ്പിക്കും.

197. നാലുപതിറ്റാണ്ടു മുമ്പ് കേരളത്തിലെ നാളികേരളത്തിൽ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 40 ശതമാനം മൂല്യവർദ്ധനയിൽ നിന്നോ ഉപഉൽപ്പന്നങ്ങളുടെ വിലയിൽ നിന്നോ ആയിരുന്നു. എന്നാൽ ഇന്ന് 95 ശതമാനം വരുമാനവും നാളികേരത്തിൽ നിന്നു മാത്രമാണ്. കൃഷിക്കാരുടെ ഉടമസ്ഥതയിൽ നാളികേര മൂല്യവർദ്ധിത വ്യവസായങ്ങളെ വളർത്തിയെടുത്തുകൊണ്ടു മാത്രമേ കൃഷിക്കാരുടെ വരുമാനം ഗണ്യമായി ഉയർത്താനാകൂ. ഇതിനായി സർവ്വീസ് സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ നേരിട്ടോ കൃഷിക്കാരുടെ ഉടമസ്ഥതയിലോ നാളികേര ക്ലസ്റ്റർ സ്ഥാപിക്കും. ഇതിനൊക്കെ പുറമേ തേങ്ങയിടുന്നതിനും സംഭരിക്കുന്നതിനുമുള്ള സംവിധാനത്തിനു രൂപം നൽകുന്നതിന് ക്ലസ്റ്റർ ഒന്നിന് 10 ലക്ഷം രൂപ വീതം സഹായം നൽകും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു. ചകിരി മില്ലിന്റെ നിക്ഷേപത്തിന്റെ 90 ശതമാനം കയർ വകുപ്പ് സബ്സിഡി നൽകും. വെളിച്ചെണ്ണ മില്ലിനും മറ്റും ആകർഷകമായ സഹായം വ്യവസായ വകുപ്പിൽ നിന്നു ലഭ്യമാകും. താങ്ങുവിലയേക്കാൾ 2-3 രൂപ മൂല്യവർദ്ധനയിൽ നിന്ന് ബോണസായി കൃഷിക്കാർക്കു നൽകാനാവും.

198. നാളികേരത്തിനെന്നപോലെ താങ്ങുവില വയനാട്ടിലെ കാപ്പി കൃഷിക്കാർക്ക് 2021-22ൽ കൊണ്ടുവരുന്നതാണ്. വയനാട് കാപ്പി ബ്രാൻഡിന്റെ ഉൽപ്പാദനം അടുത്ത മാസം ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ ബ്രഹ്മഗിരിയിലെ കോഫി പ്ലാന്റാണ് ഉപയോഗപ്പെടുത്തുക. ഇത് വിപുലപ്പെടുത്തുന്നതിന് 5 കോടി രൂപ ബ്രഹ്മഗിരി സൊസൈറ്റിക്കു അടിയന്തിരമായി നൽകും. ഏപ്രിൽ മാസത്തിനുള്ളിൽ വയനാട് കാപ്പിയുടെ 500 ഓഫീസ് വെന്റിംഗ് മെഷീനുകളും 100 കിയോസ്കുകളും കുടുംബശ്രീ വഴി ആരംഭിക്കും. ഇതിനായി കുടുംബശ്രീയ്ക്ക് 20 കോടി രൂപ അധികമായി അനുവദിക്കുന്നു. ബ്രാന്റഡ് കോഫി ഉൽപ്പാദനത്തിനു സംഭരിക്കുന്ന കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ തറവില നിശ്ചയിക്കുന്നു. ആവശ്യമെങ്കിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സർക്കാർ നൽകും. 2021-22ൽ കിഫ്ബി മുതൽമുടക്കിൽ വയനാട് കോഫി പാർക്ക് സജ്ജമാകും. ഭൂരിപക്ഷം കൃഷിക്കാരുടെയും കാപ്പിക്കുരു അതോടെ തറവില അടിസ്ഥാനത്തിൽ സംഭരിക്കുന്നതിനുള്ള സംവിധാനമൊരുങ്ങും.

199. അനിയന്ത്രിതമായ ഇറക്കുമതിമൂലം അടയ്ക്ക, കുരുമുളക്, ഏലം, തേയില തുടങ്ങിയ നാണ്യവിളകളുടെ വിലയിൽ വലിയ അനിശ്ചിതത്വം ഉണ്ടാകുന്നുണ്ട്. ഇവയ്ക്ക് റബ്ബർ താങ്ങുവിലയുടെ മാതൃകയിൽ സംരക്ഷണം നൽകണമെന്ന് കേരളം ശക്തമായി കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടതുണ്ട്. റബ്ബറിനു താങ്ങുവില 170 രൂപയിൽ നിന്നും 200 ആയി ഉയർത്തുന്നതിന് കേന്ദ്രം സഹായിച്ചേതീരൂ.

200. ബ്ലോക്കുകളിലെ ആഗ്രോ സർവ്വീസ് സെന്ററുകൾ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപ വകയിരുത്തുന്നു. കൃഷിക്കാർക്കുവേണ്ട സേവനങ്ങളുടെയെല്ലാം ഏകജാലകമായി കൃഷിശ്രീ പ്രവർത്തിക്കും. കാർഷിക കർമ്മസേനകൾ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. മണ്ണിന്റെയും വേരുകളുടെയും ആരോഗ്യ പരിപാലനത്തിനും വിളകളുടെ രോഗപ്രതിരോധത്തിനും വേണ്ടി 38 കോടി രൂപ വകയിരുത്തുന്നു.

201. കാർഷിക യന്ത്രവൽക്കരണത്തിനും ഹോർട്ടികൾച്ചർ വികസനത്തിനും കൃഷി ഉന്നതി യോജനയിൽ നിന്ന് 258 കോടി രൂപ വരെ ലഭ്യമാണ്. കൃഷി വിപണനം ശക്തിപ്പെടുത്തുന്നതിന് 30 കോടി രൂപ വകയിരുത്തുന്നു. ബ്ലോക്കുതോറും സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കോൾഡ് റൂം ശൃംഖല സ്ഥാപിക്കും. കാർഷിക സംസ്കരണ വ്യവസായങ്ങളുടെ സാധ്യത മനസ്സിലാക്കി സംരഭകത്വ വികസന സ്കീമുകളുമായി സംയോജിപ്പിക്കും. മൂല്യവർദ്ധന പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ വകയിരുത്തുന്നു.

ജലസേചനം

202. കാർഷിക ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ ആവശ്യമായ സമയത്ത് ആവശ്യമുള്ള വെള്ളം അനിവാര്യമാണ്. ചെറുകിട ജലസേചനത്തിനുവേണ്ടി 168 കോടി രൂപ വകയിരുത്തുന്നു. മൈക്രോ ഇറിഗേഷൻ പദ്ധതി നബാർഡ് സഹായത്തോടെ തുടരും. ഇതിൽ 26 കോടി രൂപ ലിഫ്റ്റ് ഇറിഗേഷനും 25 കോടി രൂപ ഗ്രൗണ്ട് വാട്ടർ വികസനത്തിനും റീ-ചാർജ്ജിംഗിനുമാണ്. ബാക്കി തുക ചെക്ക് ഡാമുകൾ, സ്ലൂയിസസ്, റെഗുലേറ്റേഴ്സ്, ബണ്ടുകൾ, ഡ്രെയിനേജ് ചാലുകൾ തുടങ്ങിയവയ്ക്കാണ്. ജലസേചന വകുപ്പ് നദീതട അടിസ്ഥാനത്തിലും വൻനീർത്തടാടിസ്ഥാനത്തിലുമുള്ള ആസൂത്രണമാണ് ഏറ്റെടുക്കുക. ഇതിന് 1.5 കോടി രൂപ വകയിരുത്തുന്നു. സൂക്ഷ്മനീർത്തടങ്ങളുടെ ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാകണം. അവയോടു ബന്ധപ്പെടുത്തി വേണം ചെറുകിട ജലസേചനം പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ.

203. വൻകിട ജലസേചന പദ്ധതികൾ കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമല്ല. അവയുടെ പൂർത്തീകരണം അനന്തമായി നീണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. നടപ്പുവർഷത്തിൽ ഇടമലയാർ, മൂവാറ്റുപുഴയാർ ജലസേചന പദ്ധതികൾക്ക് 40 കോടി രൂപ വകയിരുത്തുന്നു. അന്തർസംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനി, ഭവാനി, പമ്പ, കാവേരി തടങ്ങളിലെ ഇടത്തരം - ചെറുകിട ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 49 കോടി രൂപ വകയിരുത്തുന്നു. ചമ്രവട്ടം പദ്ധതിയുടെ പൂർത്തീകരണത്തിന് 4 കോടി രൂപ വകയിരുത്തുന്നു.

204. ലോകബാങ്ക് സഹായത്തോടെയുള്ള ഡാം റീഹാബിലിറ്റേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 16 ഡാമുകൾക്ക് 216 കോടി രൂപ ലഭ്യമാകും. കാഞ്ഞിരപ്പുഴ, ചിറ്റൂർപ്പുഴ പദ്ധതികളുടെ പ്രവൃത്തികൾ ഈ വർഷം പുതിയതായി ഏറ്റെടുക്കുകയാണ്. 25 കോടി രൂപ വകയിരുത്തുന്നു.

മൃഗപരിപാലനം

205. പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയുടെ വക്കിലെത്തിച്ച വികസനതന്ത്രം തന്നെ തുടരും. 385 കോടി രൂപയാണ് മൃഗപരിപാലനത്തിന് വകയിരുത്തിയിട്ടുള്ളത്. 50 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്നു നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്ക് വകയിരുത്തുന്നു. രാത്രികാലമടക്കം കൃഷിക്കാർക്ക് വെറ്റിനറി സേവനങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ആംബുലൻസ് വാഹനസൗകര്യമടക്കമുള്ള കേന്ദ്രങ്ങൾ ബ്ലോക്കുകളിൽ സ്ഥാപിക്കും. 10 കോടി രൂപ വകയിരുത്തുന്നു.

206. ഡയറി വകുപ്പിന് 96 കോടി രൂപ വകയിരുത്തുന്നു. 40 കോടി രൂപ മിൽക്ക് ഷെഡ്ഡ്, തീറ്റപ്പുല്ല് വികസന പദ്ധതിക്കും 14 കോടി രൂപ കാലിത്തീറ്റ സബ്സിഡിക്കും വകയിരുത്തുന്നു.

മണ്ണുജല സംരക്ഷണം

207. മണ്ണുജല സംരക്ഷണത്തിന് 103 കോടി രൂപ വകയിരുത്തുന്നു. ഇതിന്റെ സിംഹപങ്കും വിവിധ വാട്ടർഷെഡ്ഡ് അടിസ്ഥാനത്തിലും അല്ലാതെയുമുള്ള മണ്ണുജല സംരക്ഷണ, വെള്ളപ്പൊക്ക നിയന്ത്രണ പരിപാടികൾക്കു വേണ്ടിയുള്ളതാണ്.

ഭാഗം 7

മികവേറിയ സേവനത്തുറകൾ

208. കേരളത്തിന്റെ ഒരു പ്രത്യേകത പൗരന്മാരുടെ അടിസ്ഥാന സേവനങ്ങൾ സർക്കാർ തന്നെ നേരിട്ട് നൽകുന്നു എന്നുള്ളതാണ്. നീണ്ടകാലത്തെ ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ് ഇത്തരമൊരു സംവിധാനം ഉരുത്തിരിഞ്ഞു വന്നത്. എന്നാൽ ഈ പൊതുസൗകര്യങ്ങളുടെ ഗുണനിലവാരം പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, ഈ സേവനങ്ങൾ വീണ്ടും ആധുനികകാലത്തിന് അനുയോജ്യമായ തരത്തിൽ മികവുറ്റതാക്കി എന്നുള്ളതാണ്.

സ്കൂൾ വിദ്യാഭ്യാസം

209. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തിരിച്ചറിയാനാകാത്തവിധം മാറിക്കഴിഞ്ഞു. സ്കൂളുകൾ ഡിജിറ്റലായതോടെ കുട്ടികളുടെ അക്കാദമിക മികവിലും സർഗ്ഗശേഷിയിലും വന്ന വിസ്മയകരമായമാറ്റം സമൂഹത്തിനാകെ അനുഭവവേദ്യമാണ്. ആ മാറ്റത്തിനുള്ള അംഗീകാരമെന്ന നിലയിലാണ് ഈ ബജറ്റിൽ കുട്ടികളുടെ കവിതകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അതു മാത്രമല്ല, ബജറ്റ് രേഖകളുടെ കവർ ചിത്രങ്ങളും കുട്ടികളുടെ സൃഷ്ടിയാണ്. കോവിഡുകാലത്ത് വീടുകളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു വേണ്ടി അക്ഷരവൃക്ഷം എന്നൊരു പദ്ധതി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിരുന്നു. 4947 വിദ്യാലയങ്ങളിൽ നിന്നായി 56399 സൃഷ്ടികളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വിപുലമായ ഈ സാഹിത്യ സഞ്ചയം ആർക്കും വായിക്കാവുന്ന രൂപത്തിൽ സ്കൂൾവിക്കി വെബ്സൈറ്റിൽ ലഭ്യമാണ്. അവയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രചനകളാണ് ഈ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ആധുനികമാക്കി കുട്ടികളുടെ വിവിധ ശേഷികളെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചരിത്രത്തിൽ ഇല്ലാത്ത മൂലധന നിക്ഷേപമാണ് ഈ സർക്കാർ വിദ്യാലയങ്ങളിൽ സാധ്യമാക്കിയത്.

210. പൊതുവിദ്യാലയങ്ങളിൽ വന്ന ഗുണപരമായ മാറ്റത്തെ കേരളത്തിലെ രക്ഷിതാക്കൾ അംഗീകരിക്കുന്നു എന്നുള്ളതിന് തെളിവാണ് പൊതുവിദ്യാലയങ്ങളിലേയ്ക്കുള്ള കുട്ടികളുടെ ഒഴുക്ക്. മുഖ്യമായും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് 85.7 ലക്ഷം ചതുരശ്രയടി സ്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർണമായും ഡിജിറ്റലൈസ് ചെയ്തു. എന്നിരുന്നാലും ഈ ബജറ്റിലും സ്കൂൾ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുന്നതിന് 120 കോടി രൂപ വകയിരുത്തുന്നു. ഈ തുക ഉപയോഗപ്പെടുത്തി,

· പുതിയ കെട്ടിടങ്ങളിൽ പുതിയ ഫർണിച്ചറിനുവേണ്ടിയുള്ള ഒരു സ്കീമിന് രൂപം നൽകും. പഴയ ഫർണിച്ചറുകൾ പുതുക്കി പുനരുപയോഗിക്കും.

· മുഴുവൻ സ്കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും.

· ലാബുകൾ നവീകരിക്കും.

· സ്ഥലസൗകര്യം ഒട്ടുമില്ലാത്ത സ്കൂളുകളുടെ സ്ഥലവിസ്തൃതി വർദ്ധിപ്പിക്കുന്നതിനും സ്കീമുണ്ടാകും.

· കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തും.

211. ഇനി നാം ഊന്നേണ്ടുന്നത് വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ്. ഇതിനായി വ്യത്യസ്ത മേഖലകളെയും വിഭാഗങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒട്ടേറെ സ്കീമുകളുണ്ട്. അവയ്ക്കു 73 കോടി രൂപ വകയിരുത്തുന്നു.

· ഐറ്റി അധിഷ്ഠിത അധ്യയനത്തിൽ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം,

· ജില്ലാ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രം പോലെ പ്രത്യേക വിഷയങ്ങൾക്കുള്ള പരിപാടികൾ,

· പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും മേഖലകൾക്കും വേണ്ടിയുള്ള ശ്രദ്ധ പോലുള്ള പരിപാടികൾ,

· ശ്രുതിപാഠം, ഇന്ത്യൻ ആംഗ്യഭാഷയിൽ പരിശീലനം, തേൻകൂട് പോലുള്ള ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്കീമുകൾ,

· അധ്യയനത്തിൽ മികവു പ്രകടിപ്പിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികൾ,

· സെൽഫ് റിഫ്ലക്ഷൻ കിയോസ്കൂൾ, തിങ്ക് ആന്റ് ലേൺ പ്രോജക്ട്, വിവിധതരം സ്കൂൾ ക്ലബ്ബുകൾ തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ,

· കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനുള്ള കെ-ഡാറ്റ് ഓൺലൈൻ അഭിരുചി പരീക്ഷ,

· കലാകായിക വികസനത്തിനായുള്ള പരിപാടി.

212. സ്കൂളുകളിൽ വിന്യസിക്കപ്പെട്ട ഐടി സൗകര്യങ്ങളുടെ പൂർണവിനിയോഗം ഉറപ്പുവരുത്തുന്നതിന് ഇനിയും നാം മുന്നേറേണ്ടതുണ്ട്. ഈ ചുമതലകൾ ഏറ്റെടുക്കുന്നതിന് കൈറ്റിന് 30 കോടി രൂപ വകയിരുത്തുന്നു.

213. സ്കൂൾ യൂണിഫോമിന് 105 കോടി രൂപ വകയിരുത്തുന്നു. ഉച്ചഭക്ഷണ വിതരണത്തിന് 526 കോടി രൂപ വകയിരുത്തുന്നു.

214. സാക്ഷരതാ മിഷന് 18 കോടി രൂപ വകയിരുത്തുന്നു. പ്രേരക്മാരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് പുനർവിന്യസിക്കുന്നതാണ്. ഇവരുടെ അലവൻസ് തദ്ദേശഭരണ സ്ഥാപനങ്ങൾക്കു സർക്കാർ അധികമായി ലഭ്യമാക്കും.

215. വൊക്കേഷണൽ/ ഹയർ സെക്കൻഡറി മേഖലയ്ക്ക് 111 കോടി രൂപ വകയിരുത്തുന്നു. സമഗ്രശിക്ഷാ അഭിയാന്റെ അടങ്കൽ 240 കോടി രൂപയാണ്. ഇതടക്കം സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൊത്തം അടങ്കൽ 1655 കോടി രൂപയാണ്.

216. ക്രമേണ എല്ലാ സ്കൂളുകളിലും ഒരു കൗൺസിലറെയെങ്കിലും നിയോഗിക്കാൻ ഉദ്ദേശിക്കുന്നു. സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സിന്റെ ഹോണറേറിയം 24000 രൂപയായി ഉയർത്തുന്നു. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവൻസിൽ 50 രൂപയുടെ വർദ്ധനവ് വരുത്തുന്നു. സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകർ/ആയമാരിൽ 10 വർഷത്തിൽ താഴെയുള്ളവരുടെ അലവൻസ് 500 രൂപ വീതവും അതിനു മുകളിലുള്ളവരുടേത് 1000 രൂപ വീതവും വർദ്ധിപ്പിക്കുന്നു.

217. കഴക്കൂട്ടത്തെ സൈനിക സ്കൂളിലെ റിട്ടയർമെന്റ് ആനുകൂല്യമടക്കം സിംഹഭാഗം ചെലവ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അടിച്ചേൽപ്പിക്കുകയാണ്. ഇതാണ് കേന്ദ്രസർക്കാർ നയം. കേന്ദ്ര സർക്കാരിന്റെ പല സ്കീമുകളുടെയും തുടർ നടത്തിപ്പ് സംസ്ഥാന സർക്കാരിന്റെ ചുമലിലേയ്ക്ക് മാറ്റുന്ന നയമാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാനവിഹിതവും കുത്തനെ കേന്ദ്ര സർക്കാർ കൂട്ടിയിട്ടുണ്ട്. ഇത് തികച്ചും പ്രതിഷേധാർഹവും ചെറുക്കേണ്ടതുമാണ്. എന്നാൽ സൈനിക സ്കൂളിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഏകപക്ഷീയമായ തീരുമാനമാണെങ്കിലും പുതിയ ധാരണാപത്രത്തിൽ ഒപ്പിടുന്നതാണ്.

പൊതുജനാരോഗ്യം

218. കോവിഡ് പ്രതിരോധം നമ്മുടെ ആരോഗ്യ മേഖലയുടെ മികവ് ലോകത്തിന്റെ മുന്നിൽ തെളിയിച്ചു. മുഴുവൻ ആരോഗ്യ പ്രവർത്തകരും ഇതിനു നാടിന്റെ ആദരവ് അർഹിക്കുന്നു. സർ, ഇവരിൽ ആശ പ്രവർത്തകരുടെ പങ്ക് എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. തുച്ഛമായ അലവൻസിന് എത്ര വലിയ സേവനമാണ് അവർ നിർവ്വഹിച്ചത്. അവരുടെ അലവൻസിൽ 1000 രൂപയുടെ വർദ്ധനവ് വരുത്തുന്നു.

219. വിദ്യാഭ്യാസ മേഖലയിലെന്നപോലെ തന്നെ വലിയൊരു കുതിപ്പാണ് ആരോഗ്യ മേഖലയിലും ഉണ്ടായിട്ടുള്ളത്. 2021-22ൽ ആരോഗ്യ മേഖലയുടെ പദ്ധതി ബജറ്റ് 2341 കോടി രൂപയാണ്. ഇതിൽ ദേശീയ ആരോഗ്യ മിഷനിൽ നിന്നുള്ള 811 കോടി രൂപയും ഉൾപ്പെടും.

220. 221 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ പ്രാഥമികാരോഗ്യതലത്തിലെ പരിവർത്തനം പൂർത്തിയാവുകയാണ്. ഇനിമേൽ എല്ലായിടത്തും ഉച്ചകഴിഞ്ഞും ഒപിയുണ്ടാകും. ലാബും ഫാർമസിയുമുണ്ടാകും. 90 ശതമാനത്തിലധികം മാർക്കോടുകൂടി 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്നും ദേശീയ അക്രഡിറ്റേഷൻ കരസ്ഥമാക്കിയത്. ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.

221. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കേരളം ആരോഗ്യ ഇൻഷ്വറൻസിൽ നിന്ന് ആരോഗ്യ അഷ്വറൻസ് സമ്പ്രദായത്തിലേയ്ക്ക് മാറി. വ്യത്യസ്ത ആരോഗ്യ ഇൻഷ്വറൻസ് സ്കീമുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) വഴിയാണ് ഇത് നടപ്പാക്കുന്നത്.

സർ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 41.5 ലക്ഷം കുടുംങ്ങൾക്ക് 5 ലക്ഷം രൂപ വരെ കിടത്തി ചികിത്സാ ആനുകൂല്യം സർക്കാർ നേരിട്ടു നൽകുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് തുടരും.

222. കഴിഞ്ഞ രണ്ടു വർഷംകൊണ്ട് 16.2 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. 941 കോടി രൂപ ചെലവഴിച്ചു. 190 സർക്കാർ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്കു കീഴിൽ എംപാനൽ ചെയ്തിട്ടുണ്ട്.

· റോഡ് അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യത്തെ 48 മണിക്കൂറിൽ സൗജന്യമായി ചികിത്സ നൽകുന്നതിനുള്ള പദ്ധതി ഈ സ്കീമിനു കീഴിൽ നടപ്പാക്കുന്നതാണ്.

· അർഹരായ ചെറിയൊരു ശതമാനം കുടുംബങ്ങൾ ഡാറ്റാ ബെയ്സിൽ ഉൾപ്പെടാതെ പോയിട്ടുള്ളവരെ സ്കീമിൽ ഉൾപ്പെടുത്തുന്നതാണ്.

· സർ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ കുടുംബങ്ങൾക്കുവേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി തുടരുന്നതാണ്.

223. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജ്, ജില്ലാ-താലൂക്ക് ആശുപത്രികൾ അതിവേഗത്തിൽ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. 3122 കോടി രൂപ കിഫ്ബിയിൽ നിന്ന് ഇതിനായി അനുവദിച്ചു കഴിഞ്ഞു. ചേർത്തല താലൂക്ക് ആശുപത്രിയും ഈ സ്കീമിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതാണ്. 2021-22ൽ മെഡിക്കൽ കോളേജുകൾക്ക് 420 കോടി രൂപയും ദന്തൽ കോളേജുകൾക്ക് 20 കോടി രൂപയും അനുവദിക്കുന്നു.

224. പുതിയ മെഡിക്കൽ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി സർവ്വീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുള്ള 4000 തസ്തികകളിൽ പ്രഥമ മുൻഗണന മെഡിക്കൽ കോളേജുകൾക്കായിരിക്കും.

225. റീജിയണൽ ക്യാൻസർ സെന്ററിന് 71 കോടി രൂപ അനുവദിക്കുന്നു. ഇതിൽ 30 കോടി രൂപ പ്രാരംഭ ഘട്ടത്തിൽ തന്നെ ക്യാൻസർ രോഗം കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനാണ്. മലബാർ ക്യാൻസർ സെന്ററിന് 25 കോടി രൂപ അനുവദിക്കുന്നു. കൊച്ചി ക്യാൻസർ സെന്റർ 2021-22ൽ പൂർത്തിയാകും.

226. പാരിപ്പള്ളി, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നേഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതാണ്. നേഴ്സിംഗ് പാസ്സായവർക്ക് വിദേശഭാഷാ നൈപുണിയിലടക്കം ഫിനിഷിംഗ് കോഴ്സുകൾ വിപുലപ്പെടുത്തും. വിദേശ ആശുപത്രികളുമായി ഇക്കാര്യത്തിൽ സഹകരിക്കും.

227. ഇ-ഹെൽത്തിനെ ആരോഗ്യ വകുപ്പിന്റെ മുഴുവൻ ഐറ്റി അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കുന്ന ഏജൻസിയായി ഉയർത്തും. ഇ-ഹെൽത്തിനും ഇ-ഗവേണൻസിനുമായി 25 കോടി രൂപ അനുവദിക്കുന്നു.

228. ആയൂർവ്വേദ മേഖലയ്ക്ക് 78 കോടി രൂപ അനുവദിക്കുന്നു. ഇതിൽ 30 കോടി രൂപ ആശുപത്രികളുടെ നവീകരണത്തിനാണ്. കിഫ്ബി സഹായത്തോടെയുള്ള 69 കോടി രൂപയുടെ കണ്ണൂരിലെ ആയൂർവ്വേദ ആശുപത്രി-ഗവേഷണ കേന്ദ്രം, 38 കോടി രൂപയുടെ തൃപ്പുണ്ണിത്തുറ ആയൂർവ്വേദ റിസർച്ച് സെന്റർ എന്നിവ 2021-22ൽ ഉദ്ഘാടനം ചെയ്യും. ആയൂർവ്വേദ കോളേജുകൾക്ക് 43 കോടി രൂപ അനുവദിക്കുന്നു. കോട്ടയ്ക്കൽ ആയൂർവ്വേദ സ്റ്റഡീസ് ആന്റ് റിസർച്ച് സൊസൈറ്റിക്ക് 5 കോടി രൂപ അനുവദിക്കുന്നു.

229. ഹോമിയോപ്പതി മേഖലയ്ക്ക് 32 കോടി രൂപ അനുവദിക്കുന്നു. ഇതിൽ 8 കോടി രൂപ ഹോമിയോ കോളേജുകൾക്കാണ്. കേരള സ്റ്റേറ്റ് ഹോമിയോപ്പതി കോ-ഓപ്പറേറ്റീവിന്റെ പുതിയ ഫാക്ടറി കെട്ടിടം പൂർത്തിയായി. അത് പ്രവർത്തനക്ഷമമാക്കുന്നതിനുവേണ്ടി 10 കോടി രൂപ അനുവദിക്കുന്നു.

230. മലപ്പുറം മലഞ്ചേരി ജിയുപിഎസിലെ ഏഴാം ക്ലാസുകാരി ദേവനന്ദയുടെ വരികൾ ഞാൻ ഉദ്ധരിക്കട്ടെ...

കറുത്ത മേഘങ്ങളെ തള്ളിമാറ്റി

വേദനയേറും ദിനരാത്രങ്ങൾ

തുഴഞ്ഞു നീക്കി

നഖവും കൊക്കും പതംവരുത്തി

ഉന്നതങ്ങളിൽ പറന്നുയരും

പക്ഷി ശ്രേഷ്ഠനാം ഗരുഡനെപ്പോലെ

നമുക്കുമുയരാം പുതു പ്രഭാതത്തിനായി

പറന്നു പറന്നു പറന്നുയരാം...

മഹാമാരി ഉയർത്തിയ വെല്ലുവിളിയെ നേരിടാൻ നമ്മുടെ ആരോഗ്യ വകുപ്പു തന്നെയാണ് കേരളത്തിന് ഈ ആത്മവിശ്വാസം നൽകിയത്.

231. കൊവിഡിനെതിരായ മാനവരാശിയുടെ പോരാട്ടം വിജയം കാണുകയാണ്. കൊവിഡ് വാക്സിൻ യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. കൊവിഡ് ചികിത്സ പൂർണ്ണമായും സൗജന്യമായി നൽകുന്ന സംസ്ഥാനമാണ് കേരളം.

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പും സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കട്ടെ.

കുടിവെള്ളം

232. 1300 കോടി രൂപയാണ് ജൽജീവൻ മിഷൻ വഴി 12 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ വേണ്ടി 2021-22ൽ ചെലവഴിക്കുക. സംസ്ഥാന സർക്കാർ 400 കോടി രൂപയും തദ്ദേശഭരണ സ്ഥാപനങ്ങൾ 250 കോടി രൂപയും ഗുണഭോക്താക്കൾ 130 കോടി രൂപയുമാണ് ഈ പദ്ധതിക്കായി മുതൽ മുടക്കുന്നത്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രാമതലത്തിൽ പൂർണ്ണമായും തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയാണ് ഈ പദ്ധതി നടപ്പാക്കുക.

233. ജലനിധി വഴി 5889 ചെറുകിട പദ്ധതികളിലായി 4.51 ലക്ഷം കുടുംബങ്ങൾക്കു കുടിവെള്ള നൽകിയിട്ടുണ്ട്. എന്നാൽ സിഎജി റിപ്പോർട്ടു പ്രകാരം ഒന്നാംഘട്ടത്തിൽ 35 ശതമാനം പദ്ധതികൾ ഭാഗീകമായോ പൂർണ്ണമായോ പ്രവർത്തനരഹിതമായി. ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിന് 30 കോടി രൂപ വകയിരുത്തുന്നു. ഭൂഗർഭജലം റീചാർജ്ജ് ചെയ്യുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും 10 കോടി രൂപ വകയിരുത്തുന്നു.

234. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികൾക്കുവേണ്ടി 285 കോടി രൂപ വകയിരുത്തുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 4046 കോടി രൂപയുടെ 60 കുടിവെള്ള പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

പാർപ്പിടം

235. ലൈഫ് മിഷൻ 2021-22ൽ 1.5 ലക്ഷം വീടുകൾകൂടി നിർമ്മിക്കും. ഇതിൽ 60000ത്തോളം വീടുകൾ പട്ടികവിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമാണ്. ഭൂരഹിതരും ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങൾക്കായിരിക്കും ഈ ഘട്ടത്തിൽ മുൻഗണന. അവരിൽ 20000 പേർക്ക് ഇതിനകം ഭൂമി ലഭ്യമായിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാർക്ക് ഭൂമി വാങ്ങി നൽകുന്നതിന് 185 കോടി രൂപ വകയിരുത്തുന്നു. ഭൂരഹിതർക്ക് 26 ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. 21 എണ്ണത്തിന് 2021-22ൽ തുടക്കംകുറിക്കും. മൊത്തം 6000 കോടി രൂപ ലൈഫ് പദ്ധതിക്കു വേണ്ടിവരും. 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമൊഴിച്ച് ബാക്കി കെയുആർഡിഎഫ്സി വഴി വായ്പയെടുക്കും.

236. ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിൽ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സർക്കാർ വഹിക്കുന്നതാണ്.

237. ഹൗസിംഗ് ബോർഡു വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി രൂപയും മറ്റു സ്കീമുകൾക്ക് 23 കോടി രൂപയും വകയിരുത്തുന്നു.

സ്പോർട്സ്

238. സ്പോർട്സിനും യുവജനക്ഷേമത്തിനും കൂടി 120 കോടി രൂപ വകയിരുത്തുന്നു. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 762 കോടി രൂപയുടെ 44 സ്പോർട്സ് സ്റ്റേഡിയങ്ങളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. സ്പോർട്സ് കൗൺസിലിന് 33 കോടി രൂപ വകയിരുത്തുന്നു. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന്റെയും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെയും നിർമ്മാണം അടിയന്തരമായി ആരംഭിക്കും.

239. ഗ്രാമീണ കളിക്കളങ്ങൾ പുനരുദ്ധരിക്കുന്നതിനുവേണ്ടി 30 കോടി രൂപ പ്രത്യേകമായി വകയിരുത്തുന്നു. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളോ എംഎൽഎ വികസന ഫണ്ടിൽ നിന്നോ സ്പോൺസർഷിപ്പ് വഴിയോ പകുതി ചെലവ് വഹിക്കണം. പരമാവധി 25 ലക്ഷം രൂപയാണ് ഈ സ്കീം പ്രകാരം ലഭ്യമാക്കുക.

240. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ജനങ്ങൾക്ക് ഒത്തുകൂടുന്നതിനും ലഘുവ്യായാമം ചെയ്യുന്നതിനും പാർക്ക് പോലുള്ള പൊതുയിടങ്ങൾ ഉണ്ടാക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തുന്നു. പരമാവധി 5 ലക്ഷം രൂപയാണ് അനുവദിക്കുക. പകുതി പണം പ്രാദേശികമായി കണ്ടെത്തണം.

സംസ്കാരം

241. സാംസ്കാരിക മേഖലയ്ക്ക് 157 കോടി രൂപയാണ് അടങ്കൽ. വിവിധ അക്കാദമികൾ, സാംസ്കാരിക സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പണം വകയിരുത്തിയിട്ടുണ്ട്. ശ്രദ്ധേയമായ ചില നൂതന സ്കീമുകൾ ഇവയാണ്:

· വനിതാ സംവിധായകരുടെ പ്രോത്സാഹനത്തിന് 3 കോടി രൂപയും പട്ടികവിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് 2 കോടി രൂപയും വകയിരുത്തുന്നു. ഒരാൾക്കു നൽകുന്ന ധനസഹായം 50 ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.

· അമച്വർ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ വകയിരുത്തുന്നു. ഒരു നാടകത്തിന് പരമാവധി 5 ലക്ഷം രൂപയാണ് നൽകുക. പ്രൊഫഷണൽ നാടകങ്ങൾക്ക് 2 കോടി രൂപ വകയിരുത്തുന്നു.

· ജനപങ്കാളിത്തത്തോടു കൂടി പുരാവസ്തുരേഖകൾ ഡിജിറ്റലൈസ് ചെയ്യന്നതിനും സംരക്ഷിക്കുന്നതിനും ഒരു സ്കീം ആരംഭിക്കുന്നതാണ്.

· മലയാളം മിഷന് 4 കോടി രൂപ അധികമായി വകയിരുത്തുന്നു.

· കൊച്ചി കടവന്ത്രയിൽ ഒരു സിനിമാ പോസ്റ്റ് പ്രൊഡക്ഷൻ സെന്റർ ആരംഭിക്കുന്നതാണ്.

· കലാകാരന്മാരുടെ വാസനയും നൈപുണിയും പ്രോത്സാഹിപ്പിക്കുന്നതിനും അന്തർദേശീയ കലാകമ്പോളവുമായി ബന്ധിപ്പിക്കുന്നതിനും റൂറൽ ആർട് ഹബുകൾ തുടങ്ങുന്നതാണ്.

· സാംസ്ക്കാരികത്തെരുവ്/പൊതു ഇടങ്ങൾ സൃഷ്ടിക്കുന്നതിന് സ്കീം ആരംഭിക്കുന്നതാണ്.

· ഗെയിമിംഗ് ആനിമേഷൻ ഹാബിറ്റാറ്റ് ആരംഭിക്കും.

· യുവ കലാകാരന്മാർക്കുള്ള 1000 ഫെലോഷിപ്പ് തുടരും.

· ഫീൽഡ് ആർക്കിയോളജിയ്ക്ക് 5 കോടി രൂപ അനുവദിക്കുന്നു.

· സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഒരു സാഹിത്യ മ്യൂസിയം നിർമ്മിക്കും.

· കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം രാജാരവിവർമ്മയുടെ സ്മാരകമായി അന്തർദേശീയ നിലവാരത്തിലുള്ള ആർട്ടിസ്റ്റ് സ്ക്വയർ നിർമ്മിക്കും. ലളിതകലാ അക്കാദമിയുടെ ചുമതലയിലായിരിക്കും ഇത് നടപ്പാക്കുക.

· തിരുവിതാംകൂർ, കൊച്ചി നിയമസഭാ അംഗങ്ങളായിരുന്നിട്ടുള്ള പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ നവോത്ഥാനനായകർക്കെല്ലാം അവരുടെ നാട്ടിൽ സ്മാരകം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ വീതം അനുവദിക്കുന്നു. നിലവിലുള്ള ലൈബ്രറി പോലുള്ള സ്ഥാപനങ്ങളെ പുനർനാമകരണം ചെയ്ത് വിപുലീകരിക്കുന്നതാകും ഉത്തമം.

· കേരളത്തിലെ ഏറ്റവും പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സമുചിതമായ സ്മാരകം നിർമ്മിക്കുന്നതിലേയ്ക്ക് 5 കോടി രൂപ അനുവദിക്കുന്നു.

· ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാണ്. അവിടെ മലയാള കവിതകളുടെ ദൃശ്യ-ശ്രവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് 2 കോടി രൂപ ട്രസ്റ്റിന് അനുവദിക്കുന്നു.

· കെ.പി.എ.സിയുടെ നാടക ചരിത്ര പ്രദർശന സ്ഥിരംവേദി ഒരുക്കുന്നതിന് 1 കോടി രൂപ അനുവദിക്കുന്നു.

· കൂനമ്മാവിലെ 175 വർഷം പഴക്കമുള്ള ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്റെ ആസ്ഥാനം മ്യൂസിയമാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.

· സൂര്യ ഫെസ്റ്റിവൽ, തൃശ്ശൂരിലെ ഹൈദരാലി കഥകളി അക്കാദമി, ഉമ്പായി മ്യൂസിക് അക്കാദമി എന്നിവർക്ക് 50 ലക്ഷം രൂപ വീതം അനുവദിക്കുന്നു.

· തൃശ്ശൂരിൽ സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിന് പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിന് 25 ലക്ഷം രൂപ അനുവദിക്കുന്നു.

· സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിലുളള ലൈബ്രേറിയൻമാരുടെ മാസ അലവൻസ് 1000 രൂപ വർദ്ധിപ്പിക്കുന്നു.

മാധ്യമങ്ങൾ

242. മാധ്യമങ്ങൾക്കുള്ള സർക്കാർ കുടിശിക ബില്ലുകൾ തയ്യാറാകുന്ന മുറയ്ക്ക് മാർച്ച് മാസത്തിനുള്ളിൽ മുഴുവൻ കൊടുത്തു തീർക്കും.

243. മീഡിയ അക്കാദമിക്ക് 5 കോടി രൂപയും കേരള ന്യൂസിയത്തിന് 1 കോടി രൂപ വകയിരുത്തുന്നു. പ്രത്യേകം നൽകുന്നു. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്രപ്രവർത്തകർക്ക് തലസ്ഥാന നഗരിയിൽ താമസസൗകര്യത്തോടെയുള്ള പ്രസ് ക്ലബ്ബ് ഉണ്ടാക്കും.

244. ജേർണലിസ്റ്റ്, നോൺ-ജേർണലിസ്റ്റ് പെൻഷനുകൾ 1000 രൂപ വീതം വർദ്ധിപ്പിക്കുന്നു. പത്രപ്രവർത്തക ആരോഗ്യ ഇൻഷ്വറൻസിനുള്ള സംസ്ഥാന സഹായം 50 ലക്ഷം രൂപയായി ഉയർത്തുന്നു.

ഭാഗം 8

പശ്ചാത്തലസൗകര്യങ്ങൾ

245. കഴിഞ്ഞ അഞ്ചു വർഷക്കാലം അവലോകനം ചെയ്യുമ്പോൾ ഏറ്റവും നിർണ്ണായകമായ വഴിമാറ്റം ഉണ്ടായിട്ടുള്ളത് പശ്ചാത്തലസൗകര്യ സൃഷ്ടിയിലാണെന്നു കാണാം. ഈ അഭൂതപൂർവ്വമായ വർദ്ധന ബജറ്റിലെ വകയിരുത്തലിനേക്കാൾ ബജറ്റിനു പുറത്താണ് ഉണ്ടായിട്ടുള്ളത്. ഇതു ബോധപൂർവ്വം സ്വീകരിച്ച നയത്തിന്റെ ഫലമാണ്. കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുള്ള 60000 കോടി രൂപയുടെ പദ്ധതികളുടെ സിംഹപങ്കും അടുത്ത രണ്ടു വർഷങ്ങളിലായിട്ടാണ് ചെലവഴിക്കുന്നത്.

വൈദ്യുതി

246. 2040 വരെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് ട്രാൻസ്ഗ്രിഡ്. 2000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്കുള്ള വൈദ്യുതി കൊച്ചി–ഇടമൺ ഇടനാഴിയിലൂടെ കൊണ്ടുവരാനാകും. എന്നാൽ ഇത് കേരളത്തിലുടനീളം എത്തിക്കണമെങ്കിൽ 400 കെവിയുടെ ട്രാൻസ്മിഷൻ ലൈൻ പൂർത്തീകരിക്കണം. ഇതാണ് 10000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2. 11 കെവി ലൈനിൽ നിന്നും ട്രാൻസ്ഫോർമറിലേയ്ക്ക് രണ്ട് ലൈനെങ്കിലും ഉറപ്പുവരുത്തിയാൽ മാത്രമേ പല കാര്യങ്ങൾകൊണ്ടും ദിവസംതോറും ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാനാകൂ. ഇതിനാണ് 4000 കോടി രൂപയുടെ ദ്യുതി എന്ന വിതരണ–നവീകരണ പദ്ധതി. ഇതു രണ്ടും പൂർത്തിയാകുന്നതോടെ വ്യവസായ കുതിപ്പിനുള്ള വൈദ്യുതി പശ്ചാത്തലം ഒരുങ്ങും. പ്രസരണ നഷ്ടം 3.7 ശതമാനമായും വിതരണ നഷ്ടം 8.7 ശതമാനമായും ഇതിനകം താഴ്ന്നു കഴിഞ്ഞു.

247. 2021-22ൽ 170 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 452 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനവുമുള്ള 8 ജലവൈദ്യുത പദ്ധതികൾ കമ്മീഷൻ ചെയ്യും. 414 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 13 ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം ആരംഭിക്കും. ജലവൈദ്യുത പദ്ധതികളുടെ അടങ്കൽ 97 കോടി രൂപയാണ്.

പൊതുമരാമത്ത്

248. 2021-22ൽ 8383 കിലോമീറ്റർ റോഡുകൾ പൂർത്തിയാക്കും. ഇതിൽ നാലിലൊന്ന് കിഫ്ബി - റീബിൽഡ് ഡിസൈൻഡ് റോഡുകളായിരിക്കും. ഫുൾ ഡെപ്ത് റിക്ലമേഷൻ, കോൾഡ് റീസൈക്ലിംങ്, തിൻ വൈറ്റ് ടോപ്പിംങ്, ജിയോ ടെക്സ്റ്റയിൽസ്, ബിറ്റുമിൻ - പ്ലാസ്റ്റിക് - റബ്ബർ മിശ്രിതങ്ങൾ തുടങ്ങിയ സങ്കേതങ്ങൾ വ്യാപകമാക്കും.

249. പൊതുമരാമത്തിൽ കിഫ്ബി, റീ-ബിൽഡ്, കെ.എസ്.റ്റി.പി, ആന്വിറ്റി സ്കീമുകൾ അടക്കം ഏതാണ്ട് 25000 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 2021-22ൽ 10000 കോടി രൂപയുടെയെങ്കിലും പ്രവൃത്തികൾ പൂർത്തിയാകും. പദ്ധതിയിൽ നിന്ന് 910 കോടി രൂപ വകയിരുത്തുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവമെടുത്താൽ പദ്ധതി അടങ്കലിനേക്കാൾ 75 ശതമാനം കൂടുതലാണ് പൊതുമരാമത്ത് ചെലവഴിക്കുന്ന തുക. നോൺ പ്ലാൻ ഇനത്തിൽ മെയിന്റനൻസിനും പഴയ ബില്ലുകൾക്കും മറ്റും വേണ്ടി 1123 കോടി രൂപ വകയിരുത്തുന്നു.

250. 2021-22ൽ പുതിയതായി ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട റോഡ് - പാലം പ്രോജക്ടുകൾ ഇവയാണ്.

· ആലപ്പുഴ – ചങ്ങനാശ്ശേരി സെമി എലവേറ്റഡ് ഹൈവേ

· പാരിസ്ഥിതിക അവലോകനം പൂർത്തീകരിച്ച് വയനാട് തുരങ്കപാത

· 36 റെയിൽവേ മേൽപ്പാലങ്ങൾ

· പൊന്നാനി, മുനമ്പം പാലങ്ങൾ

· പുനലൂർ - കോന്നി – പ്ലാച്ചേരി - പൊൻകുന്നം 82 കി.മീ റോഡ്

· സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം: തിരുവനന്തപുരം രണ്ടാംഘട്ടം, കോഴിക്കോട് രണ്ടാംഘട്ടം, കൊല്ലം, തൃശ്ശൂർ, ആലപ്പുഴ

· മലയോര ഹൈവേയുടെ 12 റീച്ചുകളുടെ പൂർത്തീകരണം.

· ദേശീയപാത 66ന്റെ പുതിയ റീച്ചുകൾ.

· തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് എലിവേറ്റഡ് സമാന്തരപാതയടക്കം കൊച്ചിയിലെ പ്രധാന റോഡ് നെറ്റു്വർക്ക്.

കെഎസ്ആർടിസി

251. കെഎസ്ആർടിസി നിലനിർത്തുന്നതിന് പ്ലാൻഫണ്ട് അടക്കം കഴിഞ്ഞ അഞ്ചു വർഷം 5000 കോടി രൂപ ചെലവഴിച്ചു. എന്നാൽ പുനഃസംഘടന വിജയിച്ചില്ല. ഇപ്പോൾ വീണ്ടും രണ്ടാമതൊരു പുനഃസംഘടന നടത്തുകയാണ്.

· 3000 ബസുകൾ പ്രകൃതി സൗഹൃദമായ സിഎൻജി / എൽഎൻജി എഞ്ചിനുകളിലേയ്ക്ക് മാറ്റുന്നതുവഴി പ്രതിമാസം 25 കോടി രൂപ ഇന്ധനച്ചെലവ് ലാഭിക്കും. ഇതിനായി 50 കോടി രൂപ അനുവദിക്കുന്നു.

· കിഫ്ബിയിൽ നിന്ന് 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച 1000 പുതിയ ബസുകളിൽ 300 എണ്ണമേ ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ. കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി പ്രവർത്തനക്ഷമമായാൽ ബാക്കികൂടി പരിഗണിക്കും.

· ദീർഘദൂര സർവ്വീസുകൾ കെ-സ്വിഫ്റ്റ് എന്ന നാലാം മേഖലയായി മാറ്റും. ഇത് ലാഭകേന്ദ്രമായി പ്രവർത്തിക്കും.

· ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ചിട്ട് വകമാറ്റിയ തുകയും മെഡിക്കൽ ആനുകൂല്യം തുടങ്ങിയവയുടെ കുടിശികകളും കൊടുക്കുന്നതിന് 225 കോടി രൂപ അനുവദിക്കുന്നു.

· വികാസ്ഭവൻ ഡിപ്പോയിലെ 2.89 ഏക്കർ ഭൂമിയിൽ കെഎസ്ആർടിസിയും കിഫ്ബിയും സംയുക്തമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതാണ്.

· എറണാകുളം, കായംകുളം തുടങ്ങിയ ബസ് സ്റ്റാന്റുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പുനരുദ്ധാരണം 2021-22ൽ നടക്കും.

· 2021-22ൽ ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് തുടങ്ങിയവയ്ക്ക് 1000 കോടി രൂപ വകയിരുത്തുന്നു.

· പദ്ധതിയിൽ ഗാരേജുകളും വർക്ക്ഷോപ്പുകളും നവീകരിക്കുന്നതിന് 30 കോടി രൂപയും ഇ-ഗവേണൻസിന് 19 കോടി രൂപയും വകയിരുത്തുന്നു.

കെഎസ്ആർടിസിയ്ക്ക് 2021-22ൽ ആകെ സഹായം കുറഞ്ഞത് 1800 കോടി രൂപയായിരിക്കും.

ദൗർഭാഗ്യവശാൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവൽക്കരിക്കണമെന്നും, റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെല്ലാം ഇല്ലാതാക്കുന്നതിനുള്ള മോട്ടോർ വാഹന നിയമ ഭേദഗതി അനുകൂലിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടുകാർ കെഎസ്ആർടിസിയെ രക്ഷിക്കുന്നതിനുള്ള ഈ പാക്കേജിനെതിരെ ഇന്നു രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവണതകൾ ആത്മഹത്യാപരമാണെന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ.

തുറമുഖം

252. 2021-22ൽ ഒരു വൻകിട ഹാർബറിന്റെ നിർമ്മാണത്തിനു തുടക്കം കുറിക്കും. അഴീക്കൽ ഒരു നദീമുഖ ഹാർബറാണ്. ഇതിന് 14.5 മീറ്റർ ആഴത്തിൽ 3698 കോടി രൂപ ചെലവിൽ ഒരു ഔട്ടർ ഹാർബർ നിർമ്മിക്കുന്നതിനുവേണ്ടി മലബാർ ഇന്റർനാഷണൽ പോർട്ട് എന്നൊരു കമ്പനി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. മൂന്നു ഘട്ടമായിട്ടാണ് ഈ തുറമുഖം നിർമ്മിക്കുക. വിശദമായ രൂപരേഖയും അതിനുള്ള ധനസമാഹരണ പ്ലാനും പുതിയ കമ്പനി തയ്യാറാക്കും.

253. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് നിർമ്മാണത്തെ കോവിഡും പ്രകൃതിദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടർ നിർമ്മാണവും ലാന്റ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. 2000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് 2021-22ൽ പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം കാർഗോ ടെർമിനൽ പ്രധാന ക്രൂ ചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു.

254. കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയിൽ നിന്ന് പണം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു തുറമുഖങ്ങൾക്കെല്ലാംകൂടി 80 കോടി രൂപ വകയിരുത്തുന്നു.

ഉൾനാടൻ ജലഗതാഗതം

255. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് 28 കോടി രൂപ അനുവദിക്കുന്നു. അതിൽ സിംഹഭാഗവും പുതിയ ബോട്ടുകൾ വാങ്ങുന്നതിനും പഴയവ നവീകരിക്കുന്നതിനും വേണ്ടിയാണ്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷന് 9 കോടി രൂപ അനുവദിക്കുന്നു.

256. പശ്ചിമ കനാൽ ശൃംഖലയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. മാഹിയ്ക്കും വളപട്ടണത്തിനും ഇടയ്ക്കുള്ള 26 കിലോമീറ്റർ കനാലുകൾ പുതുതായി കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഇവയും കനാലുകളുടെ വീതി കൂട്ടുന്ന പ്രവർത്തനങ്ങളും 2021-22ൽ പൂർത്തീകരിക്കും. മെയിൻ കനാലിനു പുറമെ ആയിരത്തിൽപ്പരം കിലോമീറ്റർ ഫീഡർ കനാലുകളും പദ്ധതിയിൽ ഉൾപ്പെടും. 1000 കോടി രൂപ കിഫ്ബി ഫണ്ടിനു പുറമെ 107 കോടി രൂപ വകയിരുത്തുന്നു.

257. കൊച്ചിയിലെ വാട്ടർ മെട്രോയുടെ 19 ബോട്ട് ജെട്ടികളുടെ ഒന്നാംഘട്ടം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യുകയാണ്. രണ്ടാംഘട്ടമായി 19 എണ്ണം 2021-22ൽ പൂർത്തീകരിക്കും. 682 കോടി രൂപയാണ് ജർമ്മൻ സഹായത്തോടെയുള്ള പദ്ധതിയുടെ മൊത്തം ചെലവ്.

റെയിൽവേ

258. കൊച്ചി മെട്രോയുടെ പേട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള 2 കിലോമീറ്റർ എക്സ്റ്റൻഷൻ 2021-22ൽ പൂർത്തിയാകും. ഇതിനുള്ള വിഭവസമാഹരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം 1957 കോടി രൂപ ചെലവിൽ കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെയുള്ള 11 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമ്മാണവും നടക്കും.

259. തിരുവനന്തപുരം – കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതുക്കിയ ഡിപിആർ കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ശബരിമല എയർപോർട്ടിന്റെയും ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ എയർ സ്ട്രിപ്പുകളുടെയും ഡിപിആർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. 9 കോടി രൂപ വകയിരുത്തുന്നു.

260. 60000 കോടി രൂപയുടെ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ എന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. 2021-22ൽ പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. കെആർഡിസി തന്നെയാണ് തലശേരി - മൈസൂർ, നിലമ്പൂർ - നാഞ്ചങ്കോട് തുടങ്ങിയ റെയിൽ ലൈനുകൾ നിർമ്മിക്കുന്നത്.

261. ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയിൽവേയുടെ ചെലവിൽ ശബരി പാത നിർമ്മിക്കണമെന്ന നമ്മുടെ ആവശ്യം ചെവികൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. ഈ പശ്ചാത്തലത്തിൽ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ ഏതാണ്ട് 2000 കോടി രൂപയിലധികം വരുന്ന തുക കിഫ്ബിയിൽ നിന്നും അനുവദിക്കും.

കേരള പുനർനിർമ്മാണ പദ്ധതി

262. കേരള പുനർനിർമ്മാണ പദ്ധതിയിൽ 7192 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിൽ 3909 കോടി രൂപയുടെ പ്രോജക്ടുകൾ ടെണ്ടർ ചെയ്തിട്ടുണ്ട്. 1830 കോടി രൂപയാണ് 2021-22 വർഷത്തേയ്ക്ക് വകയിരുത്തുന്നത്.

263. ലോകബാങ്കിന്റെ 25 കോടി ഡോളർ വായ്പ ലഭിച്ചു കഴിഞ്ഞു. അടുത്ത ഘട്ടമായി 10 കോടി പൗണ്ടിന്റെ ജർമ്മൻ വായ്പ പൂജ്യം ശതമാനം പലിശയ്ക്കു ലഭിച്ചു. മറ്റൊരു 25 കോടി ഡോളറിന്റെ ലോകബാങ്ക് വായ്പ ഫെബ്രുവരി അവസാനം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയുള്ള ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് 21 കോടി ഡോളർ വായ്പാ കരാർ അവസാനഘട്ടത്തിലാണ്.

ഭാഗം 9

സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ

264. സംസ്ഥാനത്തിന്റെ വികസനത്തിന് ബജറ്റിലൂടെയുള്ള വിഭവസമാഹരണം അപര്യാപ്തമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ നൂതനങ്ങളായ നടപടികൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ധനകാര്യസ്ഥാപനങ്ങൾക്ക് വികസനത്തിൽ നിർണായകമായ പങ്കു വഹിക്കാൻ കഴിയും. ഇതിലേറ്റവും പ്രധാനം കിഫ്ബിയും കേരള ബാങ്കുമാണ്. ആദ്യത്തേത് പശ്ചാത്തല സൗകര്യവികസനത്തിനുള്ള മൂലധന നിക്ഷേപത്തിനാണ്. രണ്ടാമത്തേതാകട്ടെ, കൃഷിക്കാർക്കും സംരംഭകർക്കും ആവശ്യമുള്ള പ്രവർത്തനമൂലധനമടക്കം ലഭ്യമാക്കുന്നതിനും. ഒരു ബദൽ ധനകാര്യനയമാണ് കേരളം മുന്നോട്ടു വെയ്ക്കുന്നത്.

കിഫ്ബി

265. ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ കിഫ്ബി മാത്രമല്ല, ഏറ്റെടുക്കാൻ പോകുന്ന പ്രധാന പദ്ധതികളും പ്രഖ്യാപിച്ചു. 50000 കോടി രൂപയുടെ മുതൽമുടക്കിനെ ഒരു ദിവാസ്വപ്നമായിട്ടാണ് പ്രതിപക്ഷം അന്ന് വിമർശിച്ചത്. പക്ഷേ, ഇന്ന് നമ്മുടെ കൺമുന്നിൽ അവ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. 7000ൽപ്പരം കോടി രൂപയുടെ പദ്ധതികളേ തീർന്നിട്ടുള്ളൂ എങ്കിലും എന്തൊരു വലിയ ചലനമാണ് കേരള സമ്പദ്ഘടനയിലും സമൂഹത്തിലും അത് സൃഷ്ടിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ അടുത്ത രണ്ടോ മൂന്നോ വർഷം കൊണ്ട് ഈ പ്രൊജക്ടുകൾ പൂർത്തീകരിക്കുമ്പോൾ എന്തൊരു വലിയ മാറ്റമായിരിക്കും കേരളത്തിൽ വരാൻ പോവുക? 821 പ്രോജക്ടുകളിലായി 40100 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു. ഇതിനു പുറമെ വ്യവസായ പാർക്കുകൾക്കും മറ്റും ഭൂമി ഏറ്റെടുക്കുന്നതിനും മറ്റും 20000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 19100 കോടി രൂപയുടെ പ്രോജക്ടുകൾ ടെൻഡർ വിളിക്കുകയോ നിർവഹണഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയോ ചെയ്തിട്ടുണ്ട്. 2021-22 ൽ 15000 കോടി രൂപയുടെയെങ്കിലും കിഫ്ബി പ്രോജക്ടുകൾ പൂർത്തിയാകും.

266. ഈ പ്രോജക്ടുകൾ വേണ്ടതാണ് എന്നതിനെക്കുറിച്ച് ഈ സഭയിൽ അഭിപ്രായവ്യത്യാസം ഉണ്ടാവില്ലെന്ന് ഞാൻ കരുതുന്നു. കൂടുതൽ കിഫ്ബി പ്രോജക്ടുകൾ വേണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. സാധാരണഗതിയിൽ 15-20 വർഷം കൊണ്ടേ, ബജറ്റിൽ പണം കണ്ടെത്തി മേൽപ്പറഞ്ഞ പ്രോജക്ടുകൾ നടപ്പാക്കാനാവൂ. ഇവയുടെ ഗുണഫലം കിട്ടാൻ അത്രയും നാൾ കാത്തിരിക്കണം. നിർമ്മാണ ചെലവുകളും പല മടങ്ങ് വർദ്ധിക്കും. അതുകൊണ്ട് കിഫ്ബി വഴി വായ്പയെടുത്ത് ആ പ്രോജക്ടുകളെല്ലാം ഇന്നു തന്നെ നടപ്പാക്കുകയാണ് അഭികാമ്യം. മുൻകാലങ്ങളിൽ ഏറ്റെടുത്തിരുന്ന ആന്വിറ്റി പദ്ധതികൾ പോലെ ഈ പണം വാർഷിക ഗ്രാന്റുകളായി കിഫ്ബിയ്ക്ക് സർക്കാർ നൽകും. ഒരു വ്യത്യാസം മാത്രം. ആന്വിറ്റി തുല്യതുകകളാണെങ്കിൽ, കിഫ്ബിയ്ക്ക് നൽകുന്ന ആന്വിറ്റി മോട്ടോർ വാഹന നികുതിയും പെട്രോൾ സെസും വർദ്ധിക്കുന്നതിന് ആനുപാതികമായി വർദ്ധിച്ചുകൊണ്ടിരിക്കും. ഇതുവരെ ഒരാളും ആന്വിറ്റി സമ്പ്രദായത്തിൽ പണിയുന്ന പദ്ധതികൾ സർക്കാരിന്റെ വായ്പയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ സിഎജി ഇന്ന് വാദിക്കുന്നത് ഇതാണ്. ഈ വാദം തെറ്റാണെന്ന് മാത്രമല്ല, കേരളത്തോടുള്ള കടുത്ത വിവേചനവുമാണ്. കിഫ്ബി പോലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും ഇൻഫ്രാസ്ട്രക്ചർ ധനകാര്യസ്ഥാപനങ്ങളുണ്ട്. അവരും വായ്പകൾ എടുക്കുന്നുണ്ട്. എന്നാൽ കിഫ്ബി പോലെ വലിയ തോതിൽ വിഭവസമാഹരണം നടത്താൻ ആർക്കും കഴിഞ്ഞിട്ടില്ലായെന്നു മാത്രം. ഈ സ്ഥാപനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നു ഇന്നേവരെ ഒരു സിഎജി റിപ്പോർട്ടും പറഞ്ഞിട്ടില്ല. പക്ഷേ, കിഫ്ബി ഭരണഘടനാ വിരുദ്ധമാണത്രേ. കേരളത്തിന്റെ വികസനത്തെ തുരങ്കം വെയ്ക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ നാം ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കണം.

കേരള ബാങ്ക്

267. ഈ സർക്കാരിന്റെ പ്രഥമ ബജറ്റിൽ വാഗ്ദാനം ചെയ്ത കേരള ബാങ്ക് ഇന്ന് യാഥാർത്ഥ്യമായി. 61000 കോടി രൂപയുടെ ഡെപ്പോസിറ്റുള്ള ഈ ബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണ്. എൻആർഐ ഡെപ്പോസിറ്റിനുള്ള അംഗീകാരം ആർബിഐയിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ ബാങ്കിന്റെ ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയരുമെന്നതിന് പ്രയാസമുണ്ടാകില്ല. ഏതു പ്രവാസിയ്ക്കും ഈ ബാങ്കിൽ ഡെപ്പോസിറ്റു ചെയ്യുന്നതിന്റെ ഭാഗമായി കേരള വികസനത്തിൽ പങ്കാളിയാകാം. കാർഷിക വികസന വായ്പകൾക്കു മാത്രമല്ല, കൃഷിക്കാരുടെ സംരംഭങ്ങളിലൂടെ മൂല്യവർദ്ധിത ഉൽപന്ന വ്യവസായങ്ങൾ വളർത്തുന്നതിനും ഈ ഡെപ്പോസിറ്റുകൾ ഉപയോഗപ്പെടുത്താം. ഈ ബജറ്റിന്റെ ആദ്യഭാഗത്ത് ചർച്ച ചെയ്ത സംരംഭകത്വ വികസനം ഫിനാൻസ് ചെയ്യുന്നതിൽ കേരള ബാങ്കിന് നിർണ്ണായക പങ്കു വഹിക്കാനാകും.

268. ഇതിനോട് ചേർത്തു കണക്കിലെടുക്കേണ്ടതാണ് പ്രാഥമിക സഹകരണ ബാങ്കുകളിലെ 1.6 ലക്ഷം കോടി രൂപയുടെ ഡെപ്പോസിറ്റുകൾ. ഇവർക്ക് അപ്പെക്സ് ബാങ്കു വഴി കോർ ബാങ്കിംഗ് സംവിധാനത്തിൽ പങ്കാളിയാകുന്നതിനും എല്ലാവിധ ആധുനിക സാങ്കേതിക സേവനങ്ങളും ജനങ്ങൾക്കു നൽകുന്നതിനും കഴിയും. ഇത് ഇവരുടെ ഡെപ്പോസിറ്റ് ബേസ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കോർ ബാങ്കിംഗിന്റെ ഭാഗമാകുന്നതോടെ സഹകരണ ബാങ്കുകളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാങ്കറാക്കി മാറ്റാൻ കഴിയും.

269. കേരള ബാങ്ക് പൂർണമായും സഹകരണ തത്ത്വങ്ങളിലും മൂല്യങ്ങളിലും ഉറച്ചു നിൽക്കുമ്പോഴും റിസർവ് ബാങ്കിന്റെ എല്ലാ മാർഗ നിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യും. അതുകൊണ്ട് നേരിട്ട് ബാങ്കിംഗ് ഇതര സേവനങ്ങൾ ഏറ്റെടുക്കാനാവില്ല. എന്നാൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കാർഷിക ഉൽപന്ന സംസ്ക്കരണമടക്കമുള്ള സേവനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയും. പച്ചക്കറി തറവില നടപ്പാക്കുന്നതിനുള്ള കോ-ഓപ് മാർട്ടുകൾ അതിവേഗത്തിൽ സാർവ്വത്രികമാക്കും. നാളികേര സംഭരണ സംസ്കരണ യൂണിറ്റുകളുടെ ശൃംഖല കാർഷിക സംസ്ക്കരണ മേഖലയിലേയ്ക്കുള്ള ശ്രദ്ധേയമായ കാൽവെയ്പ്പായിരിക്കും.

270. സഹകരണ മേഖലയുടെ അടങ്കൽ 159 കോടി രൂപയാണ്. ഇതിൽ 40 കോടി രൂപ പ്രാഥമിക ക്രെഡിറ്റ് സഹകരണ സംഘങ്ങൾക്കാണ്.

കെഎഫ്സി

271. രാജ്യത്ത് ഏറ്റവും കാര്യക്ഷമതോടെ പ്രവർത്തിക്കുന്ന സംസ്ഥാന ധനകാര്യ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ. ഭാവനാപൂർണ്ണമായ ധനകാര്യ പുനസംഘടനയിലൂടെ 2015-16ൽ 10.7 ശതമാനമായിരുന്ന നിർജ്ജീവ ആസ്തികൾ 3.52 ശതമാനമായി കുറയ്ക്കുന്നതിനു കഴിഞ്ഞു. റിസ്ക് വെയ്റ്റഡ് അസറ്റ് റേഷ്യോ 17.65 ശതമാനമായിരുന്നത് 22.4 ശതമാനമായി ഉയർത്തുന്നതിനു കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ എഎ റേറ്റിംഗ് നേടി. ഇതുമൂലം കമ്പോളത്തിൽ നിന്നും താരതമ്യേന കുറഞ്ഞ ചെലവിൽ കൂടുതൽ ധനം സമാഹരിക്കാൻ കഴിഞ്ഞു. 2015-16ൽ 657 കോടി വായ്പ വിതരണം ചെയ്ത സ്ഥാനത്ത് 2020-21ൽ ഇതുവരെ 2764 കോടി രൂപ വായ്പകൾ വിതരണം ചെയ്തു. 2015-16 ൽതിരിച്ചടവ് 684 കോടി രൂപയായിരുന്നു. 2020-21ൽ ഇതുവരെ 1407 കോടി രൂപ തിരിച്ചു കിട്ടിക്കഴിഞ്ഞു. വായ്പകൾ ഉദാരമാക്കി, പലിശ കുറച്ചു. എന്നിട്ടും ലാഭം 5 കോടി രൂപയിൽ നിന്ന് 2020-21ൽ ചുരുങ്ങിയത് 20 കോടി രൂപയായി ഉയരും.

272. കെഎഫ്സി 1951ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്ടിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇതിനു പകരം സംസ്ഥാന സർക്കാരിന്റെ നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായി പുനസംഘടിപ്പിക്കും. റിസർവ്വ് ബാങ്കിന്റെ അനുമതിയോടെ ഡെപ്പോസിറ്റ് സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റും. ഇത് കൂടുതൽ വിഭവങ്ങൾ സമാഹരിക്കുന്നതിനും സംരംഭകർക്ക് കൂടുതൽ സഹായകരമായ വായ്പ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സഹായിക്കും.

കെഎസ്എഫ്ഇ

273. മറ്റൊരു സുപ്രധാന ധനകാര്യ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്. 8000 കോടി രൂപ ഈ സ്ഥാപനം ട്രഷറിയിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. പ്രവാസി ചിട്ടി വഴി കിഫ്ബി ബോണ്ടുകളിലുള്ള നിക്ഷേപം 2021-22ൽ 1000 കോടി രൂപയായി ഉയരും. കേരളത്തിന്റെ വികസനത്തിന് കെഎസ്എഫ്ഇയുടെയും മറ്റൊരു ഫലപ്രദമായ ഇടപെടലാണ് വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി.

274. 2015-16ൽ കെഎസ്എഫ്ഇയുടെ ടേണോവർ 28960 കോടി രൂപയായിരുന്നു. 2020-21ൽ കോവിഡുമൂലം ഏതാണ്ട് മൂന്നുമാസക്കാലം ചിട്ടി അടക്കം നിർത്തിവയ്ക്കേണ്ടി വന്നൂവെങ്കിലും നവംബർ മാസം വരെയുള്ള ടേണോവർ 51000 കോടി രൂപയാണ്. ചിട്ടി സല 1433 കോടി രൂപയിൽ നിന്ന് 2228 കോടി രൂപയായി ഉയർന്നു. നികുതിക്കു മുമ്പുള്ള ലാഭം 154 കോടി രൂപയിൽ നിന്നും 313 കോടി രൂപയായി കഴിഞ്ഞ ധനകാര്യ വർഷത്തിൽ ഉയർന്നു. താഴെപ്പറയുന്ന പുതിയ സ്കീമുകൾ 2021-22ൽ നടപ്പാക്കും.

· പുതിയ മാർക്കറ്റിംഗ് വിഭാഗം ആരംഭിക്കും. മടങ്ങിയെത്തിയ പ്രവാസികൾക്ക് പരിഗണന നൽകിക്കൊണ്ട് 3000 ബിസിനസ് പ്രമോട്ടർമാരെ നിയമിക്കും.

· കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകും.

· ഓൺലൈൻ അധിഷ്ഠിത നിവാസി ചിട്ടികൾ തുടങ്ങും.

· കുടിശിക നിവാരണ പദ്ധതി തുടരും.

സ്റ്റേറ്റ് ഇൻഷ്വറൻസ്

275. 2021-22 സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിപ്പാർട്ട്മെന്റിന്റെ പുനസംഘടനാ വർഷമായിരിക്കും. സമൂലമായ ആധുനികവൽക്കരണവും ബിസിനസ് വിപുലപ്പെടുത്താനുള്ള ഊർജ്ജിത നടപടികളും സ്വീകരിക്കും. 2015-16ലെ വരവ് 411 കോടി രൂപയായിരുന്നത് 2020-21ൽ 658 ആയി ഉയർന്നിട്ടുണ്ട്. ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം പരിമിതമായ പ്രവർത്തന മണ്ഡലത്തിൽ നിന്ന് 8348 കോടി രൂപ ഫണ്ട് ബാലൻസ് ഇൻഷ്വറൻസ് ഡിപ്പാർട്ട്മെന്റിന് ഉണ്ട്. ഈ ഫണ്ട് ബാലൻസ് ഗണ്യമായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന് കുടുംബശ്രീ, സഹകരണസംഘങ്ങൾ, തൊഴിലുറപ്പ്, ക്ഷേമനിധികൾ തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട മേഖലകളിൽ ഇൻഷ്വറൻസ് പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

276. സർ, ഇതുപോലെ മറ്റു ധനകാര്യ സ്ഥാപനങ്ങളായ പവർ ഫിനാൻസ് കോർപ്പറേഷൻ, കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ, ടൂറിസം ഫിനാൻസ് കോർപ്പറേഷൻ, കെയുആർഡിഎഫ്സി, വനിതാ വികസന കോർപ്പറേഷൻ പോലുള്ള മറ്റു കോർപ്പറേഷനുകളും സമഗ്രമായി പുനസംഘടിപ്പിക്കുന്നതു സംബന്ധിച്ച് ഒരു വിദഗ്ധസമിതിയെക്കൊണ്ട് വിലയിരുത്തുന്നതാണ്.

277. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ ഒരു കൗൺസിൽ രൂപീകരിക്കുന്നതാണ്. സംരഭകത്വ വികസനത്തിനുവേണ്ടിയുള്ള വായ്പകളുടെ ലക്ഷ്യം നിർവ്വചിക്കുകയും പുരോഗതി അവലോകനം ചെയ്യുകയുമായിരിക്കും ഈ കൗൺസിലിന്റെ മുഖ്യ ചുമതല.

ഭാഗം 10

പരിസ്ഥിതി പരിഗണന

ഒരു മത്സ്യവും കടലിനെ

മുറിവേൽപ്പിക്കാറില്ല

ഒരു പക്ഷിച്ചിറകും

ആകാശത്തിനു മീതെ

വിള്ളലുകൾ ആഴ്ത്തുന്നില്ല

ഒരു ഭാരവും ശേഷിപ്പിക്കാതെയാണ്

ശലഭം പൂവിനെ ചുംബിക്കുന്നത്.

എന്നിട്ടും മനുഷ്യൻ മാത്രം

ഭൂമിയെ ഇങ്ങനെ നശിപ്പിക്കുന്നു.

സർ, ഒരു ഏഴാം ക്ലാസുകാരിയുടെ വരികളാണിത്. മലപ്പുറം കരിങ്കപ്പാറ ജിയുപിഎസിലെ അഫ്റ മറിയം എഴുതിയത്. പരിസ്ഥിതിയെക്കുറിച്ച് നമ്മുടെ കുട്ടികൾക്കുള്ള ഈ തിരിച്ചറിവുപോലും മുതിർന്നവർക്ക് ഇല്ലായെന്നത് ഒരു യാഥാർത്ഥ്യമാണ്.

278. ഇതിനകം ഈ ബജറ്റ് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട പദ്ധതികൾ കൂട്ടിവായിച്ചാൽ ഒരു സമഗ്ര പരിസ്ഥിതി സമീപനം രൂപംകൊള്ളുന്നതായി കാണാം. നീർത്തടാടിസ്ഥാനത്തിൽ മണ്ണുജല സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും സമഗ്രമായ പദ്ധതികൾ ജനകീയ കാമ്പയിന്റെ അടിസ്ഥാനത്തിൽ രൂപം നൽകലാണ് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 13-ാം പഞ്ചവത്സര പദ്ധതി തയ്യാറെടുപ്പിന്റെ മുഖ്യ പ്രവർത്തനം. ഇതിനകം തയ്യാറാക്കിയിട്ടുള്ള പ്രാദേശിക ദുരന്തനിവാരണ പദ്ധതി റിപ്പോർട്ടിന് അവസാനരൂപം നൽകുകയും വേണം. തോടുകളും പുഴകളും ജലാശയങ്ങളും ശുചീകരിക്കുകയും ആഴംകൂട്ടി സംരക്ഷിക്കുകയും ചെയ്യുന്നതിന് നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന്റെ നേട്ടങ്ങൾ നിലനിർത്തണമെങ്കിൽ വൃഷ്ടി പ്രദേശത്തെ ഖര-ജല മാലിന്യ സംസ്കരണം വിജയിപ്പിച്ചേതീരൂ. തുടർന്ന് ഒരുകോടി ഫലവൃക്ഷം വർഷംതോറും നടുന്നതിനും പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കുന്നതിനും പരിപാടിയുണ്ട്. പ്രാദേശിക ജൈവവൈവിധ്യ രജിസ്റ്ററുകൾ പരിഷ്കരിക്കുകയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈവിധ്യ പോഷണത്തിനുള്ള പ്രാദേശിക പരിപാടി തയ്യാറാക്കുകയും ചെയ്യും.

279. നഗരങ്ങളിലെ കനാലുകളും പുഴകളും മാലിന്യ വാഹിനികളായി മാറിയിരിക്കുകയാണ്. കിള്ളിയാർ പോലുള്ളവ ജനകീയമായി ഏറ്റെടുത്തിട്ടുണ്ട്. നഗരസാഹചര്യത്തിൽ ജനപങ്കാളിത്തത്തോടൊപ്പം നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയേതീരൂ. കോർപ്പറേഷനുകളിലെ പ്രധാന കനാലുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇതിനായി പ്രത്യേക സ്കീമിനു രൂപം നൽകും. ഫോർട്ട് കൊച്ചി ബൗണ്ടറി കനാൽ, തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്, ആലപ്പുഴ കാപ്പിത്തോട് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ലോകബാങ്ക് സഹായത്തോടുകൂടിയുള്ള ശുചിത്വ പദ്ധതി, കിഫ്ബി, അമൃത് എന്നിവയിൽ നിന്ന് ഇതിനുള്ള പണം കണ്ടെത്തും.

ഇ-വാഹന നയം

280. കേരളമാണ് രാജ്യത്ത് ആദ്യമായി ഇ-വാഹന നയം രൂപീകരിച്ച സംസ്ഥാനം. രാജ്യത്ത് ആദ്യമായി സോളാർ, ഇലക്ട്രിക് ഫെറികൾ ഉപയോഗത്തിൽ കൊണ്ടുവന്നത് കേരളത്തിലാണ്. ഇപ്പോൾ 2000 ഇ-വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇ-വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് ആദ്യത്തെ അഞ്ചു വർഷം 50 ശതമാനം മോട്ടർ വാഹന നികുതിയിൽ ഇളവു നൽകുന്നതാണ്.

281. കേരള ഓട്ടോമൊബൈൽസ് ഇ-ഓട്ടോറിക്ഷകൾ ഉൽപ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തു തുടങ്ങി. സർ, 10000 ഇ-ഓട്ടോറിക്ഷകൾക്ക് 25000-30000 രൂപ സബ്സിഡി അനുവദിക്കുന്നതാണ്.

282. 3000 കെഎസ്ആർടിസി ഡീസൽ എഞ്ചിനുകൾ എൽഎൻജി / സിഎൻജി എഞ്ചിനുകളിലേയ്ക്ക് മാറ്റുന്നതാണ്. സർക്കാർ കാറുകൾ പരമാവധി ഇ-വെഹിക്കിൾക്കാക്കി മാറ്റും. 2021-22ൽ കെഎസ്ഇബി 236 ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.

283. കിഫ്ബി ധനസഹായത്തോടെ സ്ട്രീറ്റ് ലൈറ്റുകൾ എൽഇഡിയിലേയ്ക്ക് മാറ്റുന്ന പദ്ധതി ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. വൈദ്യുതി ചെലവിൽ വരുന്ന ലാഭത്തിൽ നിന്ന് ഏതാനും വർഷങ്ങൾകൊണ്ട് തുക കിഫ്ബിക്ക് തിരിച്ചടയ്ക്കും. ഇതേ മാതൃകയിൽ പുരപ്പുറം ചെറുകിട സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 250 കോടി രൂപ കിഫ്ബിയിൽ നിന്ന് നൽകുന്നതാണ്. റിന്യൂവൽ എനർജി സർവ്വീസ് കമ്പനി വഴി ഈ തുക അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ടതുണ്ട്. ഫിലമന്റ് ഫ്രീ പദ്ധതി പ്രകാരം 1 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്തുകഴിഞ്ഞു. 2021-22ൽ ഇത് ഒരു ജനകീയ കാമ്പയിനായി നടപ്പാക്കും.

284. പരിസ്ഥിതി സൗഹൃദമായ കെട്ടിടനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം രൂപീകരിക്കും. സർ, ഊർജ്ജ ദുർവ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദമായ നിർമ്മാണ രീതികൾ അവലംബിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾക്കു രൂപം നൽകും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്ക് താഴെപ്പറയുന്ന പ്രോത്സാഹനങ്ങൾ നൽകും.

· ഒറ്റത്തവണ കെട്ടിട നികുതിയിൽ 50 ശതമാനം ഇളവ്,

· ക്രയവിക്രയ വേളയിൽ ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 1 ശതമാനം ഇളവ്,

· 20 ശതമാനത്തിലേറെ വൈദ്യുതി ലാഭിക്കുകയാണെങ്കിൽ വൈദ്യുതി താരിഫിൽ 5 വർഷത്തേയ്ക്ക് 10 ശതമാനം ഇളവ്,

· പ്രാദേശിക കെട്ടിട നികുതിയിൽ 20 ശതമാനം ഇളവ്.

285. ഇലക്ട്രിക് കാറുകൾ, വാങ്ങുന്നതിന് കെഎഫ്സി 7 ശതമാനം പലിശയ്ക്ക് വാഹനത്തിന്റെ ഈടിൽ വായ്പ നൽകും. ഡീസൽ ബസുകൾ എൽഎൻജി / സിഎൻജിയിലേയ്ക്ക് മാറ്റുന്നതിന് 10 ശതമാനം പലിശയ്ക്ക് വായ്പ നൽകും.

വനം

286. വനങ്ങളെ സംരക്ഷിക്കുന്നതിനും ആവശ്യമുള്ള ഇടങ്ങളിൽ പുനരുജ്ജീവിപ്പിക്കുന്നതിനുംവേണ്ടി 200 കോടി രൂപ വകയിരുത്തുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും മറ്റൊരു 36 കോടി രൂപ അധികമായി പ്രതീക്ഷിക്കുന്നു. വനാതിർത്തികൾ ഡിജിറ്റലൈസ് ചെയ്ത് രേഖപ്പെടുത്തുകയും ബഫർസോൺ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനു 52 കോടി രൂപ അനുവദിക്കുന്നു. വന്യജീവി-മനുഷ്യ സംഘർഷ ലഘൂകരണത്തിന് കിഫ്ബിയിൽ നിന്നുള്ള 110 കോടി രൂപയ്ക്കു പുറമേ 22 കോടി രൂപ വകയിരുത്തുന്നു. ഉൾക്കാടുകളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് റീബിൽഡ് കേരളയിൽ നിന്നും പണം അനുവദിച്ചിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണത്തിന് 14 കോടി രൂപ മാറ്റിവയ്ക്കുന്നു.

കുട്ടനാട്

287. പരിസ്ഥിതി പുനസ്ഥാപനത്തിനും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പാക്കേജാണ് കുട്ടനാട് നടപ്പിലാക്കുന്നത്. കായലിന്റെ ശുചീകരണത്തിനുള്ള ജനകീയ കാമ്പയിന് 10 കോടി രൂപ അധികമായി വകയിരുത്തുന്നു. ഇതോടൊപ്പം യന്ത്രസഹായത്തോടെ കായൽ ചതുപ്പുകളിലെ ചെളി കട്ടകുത്തി അത് ഉപയോഗപ്പെടുത്തി പുറം ബണ്ടുകൾക്ക് വീതികൂട്ടി സംരക്ഷിക്കുന്നതിനുള്ള ബൃഹത് പദ്ധതിക്ക് 160 കോടി രൂപ ഇതിനകം കിഫ്ബിയിൽ നിന്ന് അനുവദിച്ചു കഴിഞ്ഞു. ഈ വേനൽക്കാലത്ത് പഴനില കായലിലും തെരഞ്ഞെടുത്ത പാടശേഖരങ്ങളിലും ഈ പ്രവൃത്തി ആരംഭിക്കും. 420 കിലോമീറ്ററോളം നീളം വരുന്ന തോടുകളുടെയും കനാലുകളുടെയും പുനരുദ്ധാരണത്തിനു തൊഴിലുറപ്പു പദ്ധതിയും വലിയ തോതിൽ ഉപയോഗപ്പെടുത്തും.

288. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പമ്പ–അച്ചൻകോവിൽ നദികളിലെ ഒഴുക്ക് സുഗമമാക്കുന്നതിനും ലീഡിംഗ് ചാനലിന് ആഴം കൂട്ടുന്നതിനും തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോജക്ടുകൾ നിർവ്വഹണത്തിന്റെ അവസാനഘട്ടത്തിലാണ്. ഏസി കനാലിന്റെ രണ്ടും മൂന്നും റീച്ചുകളുടെ പ്രവർത്തനവും ഏറ്റെടുക്കും. ഇതടക്കം 200 കോടി രൂപയാണ് റീബിൽഡ് കേരളയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

289. കുട്ടനാട് പദ്ധതികൾക്കുവേണ്ടി ജലസേചന വകുപ്പിന് 39 കോടി രൂപയും കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിലായി 20 കോടി രൂപയുമുണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച താറാവ് ഹാച്ചറിക്ക് 7 കോടി രൂപയും വകയിരുത്തുന്നു. താറാവ് കൃഷിക്കാർക്ക് പകർച്ചവ്യാധി ഇൻഷ്വറൻസ് ഏർപ്പെടുത്തും.

290. കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട മറ്റു പദ്ധതികളിൽ 291 കോടി രൂപയുടെ കുട്ടനാട് കുടിവെള്ള പദ്ധതിയും, 450 കോടി രൂപയുടെ ആലപ്പുഴ – ചങ്ങനാശ്ശേരി റോഡും, 150 കോടി രൂപയുടെ പുളിങ്കുന്ന് ആശുപത്രിയും ഉൾപ്പെടും. കിഫ്ബി പ്രോജക്ടുകളുടെ അടങ്കൽ 540 കോടി രൂപയാണ്. കുട്ടനാട് പാക്കേജിന്റെ മൊത്തം അടങ്കൽ 2400 കോടി രൂപയാണ്.

വയനാട്

291. ഇന്ന് ബ്രാന്റഡ് കാപ്പിപ്പൊടിയുടെ 10 ശതമാനമാണ് കുരുവിന്റെ വിലയായി കാപ്പി കൃഷിക്കാർക്ക് ലഭിക്കുന്നത്. കാപ്പിപ്പൊടി ബ്രാന്റ് ചെയ്തു വിൽക്കുന്നതിന്റെ ഭാഗമായി മൂന്നോ നാലോ വർഷംകൊണ്ട് ഈ അനുപാതം ഗണ്യമായി ഉയർത്താൻ കഴിഞ്ഞാൽ വയനാട്ടെ കൃഷിക്കാരുടെ പ്രതിസന്ധി പരിഹരിക്കാനാവും. കാപ്പി ബ്രാന്റ് ചെയ്യുന്നതിന് കാർബൺ ന്യൂട്രൽ പദ്ധതി വയനാടിനെ സഹായിക്കും. ഇപ്പോൾ ജില്ലയിലെ കാർബൺ എമിഷൻ 15ലക്ഷം ടണ്ണാണ്. ഇതിൽ 13ലക്ഷം ടൺ കാർബൺ ആഗീരണം ചെയ്യാൻ നിലവിലുള്ള മരങ്ങൾക്കു കഴിയും. പഞ്ചായത്തുകൾ കാർബൺ കുറയ്ക്കുന്നതിനുള്ള പ്രോജക്ടുകൾ ഏറ്റെടുക്കണം. ഇതിന് 6500 ഹെക്ടർ ഭൂമിയിൽ മുളയും 70ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് മീനങ്ങാടി മാതൃകയിൽ ട്രീ ബാങ്കിംഗ് നടപ്പിലാക്കാം. മരം വച്ചുപിടിപ്പിക്കുന്ന കൃഷിക്കാർക്ക് മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയെന്ന അടിസ്ഥാനത്തിൽ ആന്വിറ്റി വായ്പയായി നൽകുന്നതാണ് പദ്ധതി. കിഫ്ബിയുടെ ഗ്രീൻ ബോണ്ടുകളിൽ നിന്നും ഇത്തരത്തിൽ വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് ധനസഹായം നൽകാൻ കഴിയും. ജൈവവൈവിധ്യം ഇക്കോ ടൂറിസത്തിനും സഹായകരമാണ്. അതുപോലെ തന്നെ പഴവർഗ്ഗ സംസ്കരണ വ്യവസായങ്ങൾക്കും വഴിയൊരുക്കും.

292. വാർഷിക പദ്ധതിയിൽപ്പെടുത്തി വയനാട് ജില്ലയ്ക്ക് 100 കോടിയിൽപ്പരം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികവർഗ്ഗ സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി റ്റിഎസ്പിയിൽ നിന്നും 25 കോടി രൂപ ചെലവഴിക്കും. കിഫ്ബിയിൽ നിന്നും വിവിധ പദ്ധതികൾക്കായി 941 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുരങ്കപ്പാതയുടെ പാരിസ്ഥിതിക വിലയിരുത്തൽ നടക്കുകയാണ്. വയനാട് – ബന്ധിപ്പൂർ എലിവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാൽ അതിന്റെ ചെലവിൽ ഒരുഭാഗം കേരളം വഹിക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്നും 286 കോടി രൂപയുടെ പ്രവൃത്തികളാണ് ജില്ലയിൽ നടക്കുന്നത്. റീ-ബിൽഡിൽ നിന്നും 255 കോടി രൂപ ചെലവഴിക്കും.

293. വയനാടുകാരുടെ ദീർഘകാല അഭിലാഷമാണ് മെഡിക്കൽ കോളേജ് എന്നത്. 2021-22ൽ അത് യാഥാർത്ഥ്യമാകും. സർ, കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുന്നു. പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി സിക്കിൾസെൽ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിനുവേണ്ടി ഹീമോ ഗ്ലോബിനോപ്പതി റിസർച്ച് & കെയർ സെന്റർ സ്ഥാപിക്കുന്നതാണ്. ട്രൈബൽ കുട്ടികളുടെ സൗകര്യാർത്ഥം വയനാട് പഴശ്ശി ട്രൈബൽ കോളേജ് ആരംഭിക്കും.

ഇടുക്കി

294. തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും ചക്ക പോലുള്ള പഴവർഗ്ഗങ്ങളുടെയും മൃഗപരിപാലനത്തിന്റെയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ഉയർത്തുക, ഇവയുടെ അടിസ്ഥാനത്തിലുള്ള കാർഷിക സംസ്കരണ വ്യവസായങ്ങൾ സ്ഥാപിക്കുക, പ്രകൃതി സന്തുലനാവസ്ഥ സംരക്ഷിക്കുക എന്നിവയാണ് ഇടുക്കിയുടെ സമഗ്രവികസനത്തിനുള്ള അടിസ്ഥാന സമീപനങ്ങൾ. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗതിവേഗം കൈവരിച്ചിട്ടില്ല. ഈ പ്രവർത്തനങ്ങൾ 2021-22ൽ പ്രവർത്തനപഥത്തിലെത്തും. ഭൂവിനിയോഗം സംബന്ധിച്ച് ഒരു അഭിപ്രായ സമന്വയം താഴെത്തട്ടിൽ നിന്നും ഉയർന്നുവരേണ്ടതുണ്ട്. നീർത്തടാടിസ്ഥാനത്തിലുള്ള സമഗ്ര ഭൂവിനിയോഗ ആസൂത്രണമാണു വേണ്ടത്. ഇത്തരമൊരു പാക്കേജിന് ആവശ്യമായ പണം റീ-ബിൽഡ് കേരളയിൽ നിന്നാണ് കണ്ടെത്തുക. ബജറ്റ് കഴിഞ്ഞാലുടൻ ഇതുസംബന്ധിച്ചുള്ള ശിൽപ്പശാല മുഖ്യമന്ത്രികൂടി പങ്കെടുത്തുകൊണ്ട് ഇടുക്കിയിൽ ഈ മാസം സംഘടിപ്പിക്കും.

295. ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കാണ് ഏറ്റെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 245 കോടി രൂപയുടെ റോഡുകളും പാലങ്ങളുമാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ബോഡിമെട്ട് – മൂന്നാർ ദേശീയപാതയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളേജ് കെട്ടിടങ്ങളും നിർമ്മാണം പൂർത്തീകരിക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കും.

296. മൂന്നാറിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ 3 ഏക്കറിൽ 100 മുറികളും ഡോർമെറ്ററികളുമുള്ള കെറ്റിഡിസി ബജറ്റ് ഹോട്ടൽ 100 കോടി രൂപ ചെലവിൽ സ്ഥാപിക്കും. റവന്യു വരുമാനത്തിന്റെ 10 ശതമാനം കെഎസ്ആർടിസിക്കു നൽകും. പ്രാരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തുന്നു. മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡന്റെ വിപുലീകരണം, ഫാം ടൂറിസം, ഹൈഡൽ ടൂറിസം എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ടൂറിസം പദ്ധതികൾ.

297. കാസർഗോഡ് പാക്കേജിലേയ്ക്ക് 2021-22ൽ 125 കോടി രൂപ വകയിരുത്തുന്നു.

ഭാഗം 11

സ്ത്രീ സൗഹൃദം

298. കേരളത്തിൽ ജൻഡർ ബജറ്റിംഗ് സംവിധാനം അഞ്ചാം വർഷത്തിൽ എത്തുമ്പോൾ നമുക്ക് ഏറെ അഭിമാനിക്കാനുണ്ട്. 2016-17ൽ പൂർണ്ണമായും സ്ത്രീകൾക്കുള്ള സ്കീമുകളുടെ അടങ്കൽ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ 4 ശതമാനവുമായിരുന്നു. പ്രാദേശിക സർക്കാരുകളുടെ പദ്ധതിയിൽ വനിതാഘടക പദ്ധതി 10 ശതമാനം വകയിരുത്തുന്ന വേളയിലായിരുന്നു സംസ്ഥാനതലത്തിലെ ഈ നിരാശാകരമായ അവസ്ഥ. സർ, 2021-22ലെ ബജറ്റിൽ ഈ തുക 1347 കോടി രൂപയാണ്. പദ്ധതി വിഹിതം 6.54 ശതമാനവും. മറ്റു സ്കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകംകൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം വനിതാ വിഹിതം 19.54 ശതമാനമാണ്. 2017-18ൽ ഇത് 11.5 ശതമാനമായിരുന്നു. ഈ സ്ത്രീ പരിഗണന കേരള സർക്കാരിന്റെ ബജറ്റ് ചെലവുകളുടെ മുഖമുദ്രയായിരുന്നു.

299. 2021-22ലെ ബജറ്റിന്റെകാതൽ തൊഴിൽ സൃഷ്ടിയാണ്. ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കേരളത്തിലെ സ്ത്രീകളായിരിക്കും. തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന്റെ ഫലമായി സ്ത്രീകളുടെ തൊഴിലില്ലായ്മ ഗണ്യമായി കുറയ്ക്കുന്നതിനും തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനും സാധിക്കും. വനിതാസംരംഭകത്വ വികസനത്തിനും ഊന്നലുണ്ട്. 9 കെഎസ്ഐഡിസി കിൻഫ്രാ പാർക്കുകളിലും വിമൻ ഫെസിലിറ്റേഴ്സ് സെന്റർ സ്ഥാപിക്കും. കെഎസ്ഐഡിസിയിൽ പ്രത്യേക വിമൻ എന്റർപ്രണർ മിഷൻ ഉണ്ടാകും.

300. സ്ത്രീകളുടെ ഉയരുന്ന തൊഴിൽ പങ്കാളിത്തം സൃഷ്ടിക്കുന്ന ഇരട്ടി ഭാരം എങ്ങനെ ലഘൂകരിക്കാം? കൊവിഡിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ പുരുഷൻമാർകൂടി വീട്ടുപണികളിൽ പങ്കെടുത്തേതീരൂ. അതോടൊപ്പം വീട്ടുപണികളിൽ യന്ത്രവൽക്കരണത്തെ പ്രോത്സാഹിപ്പിക്കണം. ഇതിനായി സ്മാർട്ട് കിച്ചൺ പദ്ധതി പ്രഖ്യാപിക്കുകയാണ്. കെഎസ്എഫ്ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ ആരംഭിക്കുന്നതാണ്. യന്ത്രഗാർഹികോപകരണങ്ങളുടെ പാക്കേജുകളുടെ വില തവണകളായി ഏതാനും വർഷംകൊണ്ട് അടച്ചു തീർത്താൽ മതി. പലിശ മൂന്നിലൊന്നു വീതം ഗുണഭോക്താവ്, തദ്ദേശഭരണ സ്ഥാപനം, സർക്കാർ എന്നിവർ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കിൽ മറ്റ് ഈടുകളുടെ ആവശ്യമില്ല.

കുടുംബശ്രീ

301. കുടുംബശ്രീ 12000 കോടി രൂപയാണ് 45 ലക്ഷം കുടുംബങ്ങൾക്ക് ബാങ്കുകളിൽ നിന്നും വാങ്ങി ലഘുവായ്പകളായി നൽകിയിട്ടുള്ളത്. എന്നാൽ കുടുംബശ്രീ കേവലം മൈക്രോ ഫിനാൻസ് സംഘടനയല്ല. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പദ്ധതി ഏകോപിപ്പിക്കുന്നതിനുള്ള പ്ലാറ്റ് ഫോമായും സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും പ്രധാന ഉപാധിയായും പ്രവർത്തിക്കുന്നു. ഉപജീവന തൊഴിലുകൾ സൃഷ്ടിക്കുന്നതിലും ദാരിദ്ര്യനിർമ്മാർജ്ജനത്തിലും കുടുംബശ്രീ വഹിക്കുന്ന നിർണ്ണായക പങ്ക് ഇതിനകം ഞാൻ വിവരിച്ചുകഴിഞ്ഞു.

302. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് അറുതി വരുത്തേണ്ടത് അനിവാര്യമായ കടമയായി സർക്കാർ ഏറ്റെടുക്കുകയാണ്. പലതലങ്ങളിൽ സ്ത്രീകൾ വിധേയമാകുന്ന അതിക്രമങ്ങളെക്കുറിച്ച് നമ്മുടെ പുതിയ തലമുറ നല്ല നിശ്ചയത്തോടെയാണ് വളർന്നു വരുന്നത്. “അവളുയർത്തിയ ശിരസിനോളം വരില്ലൊരുവാളിന്റെ മൂർച്ചയും” എന്ന ഇടുക്കി ഇരട്ടയാർ എസ്ടി എച്ച്എസ്എസിലെ ആദിത്യ രവിയുടെ വരികളിൽ, അതിക്രമങ്ങൾക്കെതിരെ ശിരസുയർത്തി നിൽക്കുന്ന സ്ത്രീയുടെ അന്തസിന്റെ മുഴക്കമുണ്ട്. സർ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിന്ന് വിമുക്തമായ ഒരു കേരളത്തിന്റെ സൃഷ്ടിയ്ക്കുവേണ്ടി 2021-22ൽ വമ്പിച്ചൊരു കാമ്പയിൻ ആരംഭിക്കുകയാണ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ 5 വർഷംകൊണ്ട് 25 ശതമാനം കുറവ് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക അംഗീകാരം നൽകും.

303. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളുടെ മാപ്പിംഗ് നടത്തുന്നതാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളെ ഉപയോഗപ്പെടുത്തി സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ എവിടെവച്ച്? എപ്പോൾ? ആരിൽ നിന്ന് ഉണ്ടായിയെന്നതിനെക്കുറിച്ച് എന്നതു സംബന്ധിച്ച വിവരശേഖരണം നടത്തും. ഇതുസംബന്ധിച്ച പൂരിപ്പിച്ച് നൽകുന്ന ചോദ്യാവലിയുടെ രഹസ്യസ്വഭാവം പൂർണ്ണമായും ഉറപ്പുവരുത്തും. ക്രൈം മാപ്പിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ടുകൾ നിർബന്ധമായും വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തണം. പൊതുപ്രോജക്ടുകളിലും സ്ത്രീ പരിഗണന ഉറപ്പുവരുത്തണം. ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുകയും വേണം. ഈ കാമ്പയിനു വേണ്ടി കുടുംബശ്രീക്ക് 20 കോടി രൂപ അധികമായി അനുവദിക്കുന്നു.

304. അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കുള്ള രണ്ട് സുപ്രധാന പിന്തുണാ സംവിധാനങ്ങളാണ് നിർഭയ ഷോർട്ട്സ്റ്റേ ഹോമുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കും. നിർഭയ്ക്ക് 10 കോടി രൂപയുടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന് 7 കോടി രൂപയും വകയിരുത്തുന്നു.

305. 45 ലക്ഷം അംഗങ്ങളാണ് ഇന്നു കുടുംബശ്രീയിലുള്ളത്. എന്നാൽ ഇവരുടെ വീടുകളിലെ യുവതികൾക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലായെന്ന ഒരു പ്രശ്നം ഗൗരവമായി ഉയർന്നുവരുന്നുണ്ട്. സമാന്തര സ്വയംസഹായ സംഘങ്ങൾ വളരുന്നതിന് ഒരു കാരണവും ഇതാണ്. ഈ പശ്ചാത്തലത്തിൽ യുവതികൾക്കുവേണ്ടി ഓക്സിലറി യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. ഇത് കുടുംബശ്രീയുടെ അംഗത്വത്തിൽ ഒരു കുതിച്ചുചാട്ടം 2021-22ൽ സൃഷ്ടിക്കും.

306. 2015-16ൽ കുടുംബശ്രീക്ക് സർക്കാർ നൽകിയത് 75 കോടി രൂപയാണ്. 2021-22ൽ അത് 260 കോടി രൂപയായി ഉയർന്നു. എന്റെ ബജറ്റ് പ്രസംഗത്തിൽ 125 കോടി രൂപ അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ ലാപ്ടോപ്പിന്റെയും കൊവിഡ് സഹായത്തിന്റെയും പലിശ സബ്സിഡിയായി 300 കോടി രൂപയെങ്കിലും ലഭ്യമാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളായ ഗ്രാമീണ-നഗര ഉപജീവന പദ്ധതികൾ, സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ്, ദീൻദയാൽ ഉപാധ്യായ നൈപുണി വികസന പദ്ധതി, പ്രധാനമന്ത്രി നഗര ആവാസ് യോജന എന്നിവയിൽ നിന്ന് 1064 കോടി രൂപ ലഭ്യമാകും. അങ്ങനെ മൊത്തം 1749 കോടി രൂപ കുടുംബശ്രീയ്ക്കു ലഭിക്കും.

307. സിഡിഎസ് ചെയർപേഴ്സൺമാരുടെ ഹോണറേറിയം 8000 രൂപയായി ഉയർത്തുന്നു. സിഡിഎസ് അംഗങ്ങൾക്ക് റ്റിഎ ആയി 500 രൂപ വീതം പ്രതിമാസം അനുവദിക്കുന്നു.

വനിതാ-ശിശു ക്ഷേമം

308. കേന്ദ്രാവിഷ്കൃതമടക്കം 901 കോടി രൂപയാണ് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെ അടങ്കൽ. ഇതിൽ 607 കോടി രൂപയും അങ്കണവാടികൾക്കാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സ്മാർട്ട് അങ്കണവാടികൾക്ക് 11 കോടി രൂപ വകയിരുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളിൽ പ്രത്യേക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുവേണ്ടി സൗകര്യമൊരുക്കും. അങ്കണവാടികൾ കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകളായി വികസിപ്പിക്കുന്നതിനു 10 കോടി രൂപ വകയിരുത്തുന്നു.

309. അങ്കണവാടി ജീവനക്കാരുടെ പെൻഷൻ സ്വന്തം ഫണ്ടിൽ നിന്നുതന്നെയാണ് ലഭ്യമാക്കുന്നത്. അങ്കണവാടി ടീച്ചർമാർക്ക് പ്രതിമാസ പെൻഷൻ 2000 രൂപയായും, ഹെൽപ്പർമാർക്ക് 1500 രൂപയായും ഉയർത്തുന്നു. ഇരുവരുടെയും പ്രതിമാസ അലവൻസ് 10 വർഷത്തിൽ താഴെയുള്ളവർക്ക് 500 രൂപ വീതവും അതിനു മുകളിലുള്ളവർക്ക് 1000 രൂപ വീതവും വർദ്ധിപ്പിക്കുന്നു.

310. ശിശുസൗഹൃദ മാതൃകാ ഗ്രാമപഞ്ചായത്തുകൾക്കു പ്രോത്സാഹനം നൽകും. ഇതിനുള്ള മാനദണ്ഡങ്ങൾ കില തയ്യാറാക്കിയിട്ടുണ്ട്. ശിശു സംരക്ഷണത്തിനും വികസനത്തിനും 84 കോടി രൂപ വകയിരുത്തുന്നു.

311. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതാണ് ജൻഡർ പാർക്ക്. ഇപ്പോൾ ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ ജൻഡർ പാർക്കിന് ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടുകൂടി ഒരു പുതിയ മാനം കൈവരിക്കുകയാണ്. സൗത്ത് ഏഷ്യൻ മേഖലയിലെ കേന്ദ്രമായി അംഗീകരിച്ചുകൊണ്ടുള്ള ധാരണാപത്രം യുഎൻ വിമണുമായി ഒപ്പുവച്ചു. സ്ത്രീകളുടെ ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണനം ലക്ഷ്യമിട്ടുകൊണ്ട് ഇന്റർനാഷണൽ ട്രേഡ് സെന്റർ സ്ഥാപിക്കും. മാസ്റ്റർപ്ലാൻ പ്രകാരമുള്ള കെട്ടിടങ്ങൾ പണിയുന്നതിന് 25 കോടി രൂപ അനുവദിക്കുകയുണ്ടായി. മറ്റു പ്രവർത്തനങ്ങൾക്കുവേണ്ടി 15 കോടി രൂപ അനുവദിക്കുന്നു.

312. വനിതാ സംരക്ഷണത്തിനും വികസനത്തിനും 208 കോടി രൂപയാണ് അടങ്കലായുള്ളത്. വനിതാ വികസന കോർപ്പറേഷന് 25 കോടി രൂപ വകയിരുത്തുന്നു.

ട്രാൻസ്ജൻഡർ

313. ട്രാൻസ്ജൻഡേഴ്സിനു വേണ്ടിയുള്ള മഴവില്ല് പരിപാടിക്ക് 5 കോടി രൂപ വകയിരുത്തുന്നു.

ഭാഗം 12

റെഗുലേറ്ററി ഡിപ്പാർട്ട്മെന്റുകൾ

314. ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കും. കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കും. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെന്നപോലെ ശമ്പള കുടിശിക 3 ഗഡുക്കളായി പിന്നീട് നൽകുന്നതാണ്.

315. 2 ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രിൽ മാസം മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും. കുടിശിക പിഎഫിൽ ലയിപ്പിക്കും.

316. മെഡിസെപ്പ് 2021-22ൽ നടപ്പാക്കും.

യൂണിഫോംഡ് ഫോഴ്സസ്

317. പൊലീസ് വകുപ്പിൽ ഒട്ടേറെ ഐറ്റി അധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. നിർമ്മിതബുദ്ധി ഉപയോഗപ്പെടുന്നതിന് വെർച്വൽ പൊലീസ് സ്റ്റേഷനുകൾക്ക് 5 കോടി രൂപ അനുവദിക്കുന്നു. 143 കോടി രൂപയാണ് പൊലീസിന് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 53 കോടി രൂപ നിർമ്മാണ പ്രവൃത്തികൾക്കു വേണ്ടിയുള്ളതാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ പൊലീസ് നവീകരണത്തിന് 45 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

318. വിജിലൻസിന് 9 കോടി രൂപ വകയിരുത്തുന്നു.

319. ജയിൽ നവീകരണത്തിന് 18 കോടി രൂപ വകയിരുത്തുന്നു.

320. ഫയർ ആന്റ് റസ്ക്യൂ സർവ്വീസസിന്റെ നവീകരണത്തിന് 69 കോടി രൂപ വകയിരുത്തുന്നു. 2021-22ൽ സിവിൽ ഡിഫൻസ് എന്ന ഒരു പുതിയ സ്കീം ആവിഷ്കരിക്കുന്നതാണ്.

321. എക്സൈസ് വകുപ്പിന് 18 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 7 കോടി രൂപ വിമുക്തിക്കു വേണ്ടിയുള്ളതാണ്.

322. മോട്ടോർ വാഹന നികുതി വകുപ്പിന്റെ അടങ്കൽ 39 കോടി രൂപയാണ്. ഇതിൽ 8 കോടി രൂപ റോഡ് സുരക്ഷയ്ക്കാണ്.

മറ്റു റെഗുലേറ്ററി വകുപ്പുകൾ

323. കോർബാങ്കിംഗ് സംവിധാനത്തെ അടിസ്ഥാനമാക്കി ട്രഷറി ഇടപാടുകൾ സമ്പൂർണ്ണമായി കമ്പ്യൂട്ടറൈസ് ചെയ്തുകഴിഞ്ഞു. ഇതിന്റെ അപ്ഗ്രഡേഷനു വേണ്ടി 18 കോടി രൂപ വകയിരുത്തുന്നു.

324. റവന്യു വകുപ്പിന്റെ മൊത്തം അടങ്കൽ 93 കോടി രൂപയാണ്. സ്മാർട്ട് റവന്യു ഓഫീസുകളുടെ നിർമ്മാണത്തിന് 36 കോടി രൂപയും കമ്പ്യൂട്ടറൈസേഷന് 20 കോടി രൂപയും ലാന്റ് റെക്കോർഡ്സ് മൊബിലൈസേഷന് 11 കോടി രൂപയും വകയിരുത്തുന്നു.

325. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് 9 കോടി രൂപ അനുവദിക്കുന്നു.

326. ലോക്കൽ ഫണ്ട് ഓഡിറ്റിനെ ധനകാര്യ കമ്മീഷന്റെ ശുപാർശ അനുസരിച്ച് ഓഡിറ്റ് കമ്മീഷനായി പുനസംഘടിപ്പിക്കുന്നതാണ്.

327. രജിസ്ട്രേഷൻ കെട്ടിട നവീകരണത്തിന് 90 കോടി രൂപ കിഫ്ബിയിൽ നിന്നും ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. പഴയ ലെഗസി റെക്കോർഡുകൾ ഡിജിറ്റലൈസ് ചെയ്തു സംരക്ഷിക്കുന്നതിനും നവീകരണത്തിനും വേണ്ടി 20 കോടി രൂപ വകയിരുത്തുന്നു.

328. ജി.എസ്.ടി വകുപ്പിന് 12 കോടി രൂപ വകയിരുത്തുന്നു.

329. ലീഗൽ മെട്രോളജി വകുപ്പിന് 5 കോടി രൂപ വകയിരുത്തുന്നു. ലബോറട്ടറി കാലിബറേഷൻ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഊന്നൽ.

330. പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പിന് 9 കോടി രൂപ വകയിരുത്തുന്നു. മുഖ്യമായും പ്രസ്സിന്റെ നവീകരണത്തിനാണ് ഈ തുക.

331. കേരള സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 2 കോടി രൂപ വകയിരുത്തുന്നു. കാർഷിക സ്ഥിതിവിവര കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിനുവേണ്ടി 65 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കും. സ്ഥിതിവിവര കണക്കു ശേഖരണത്തിൽ നല്ല പങ്ക് കേന്ദ്രാവിഷ്കൃത പദ്ധതികളാണ്.

ഭരണഘടനാ സ്ഥാപനങ്ങൾ

332. ജുഡീഷ്യറിയുടെ നവീകരണത്തിന് 16 കോടി രൂപ വകയിരുത്തുന്നു. 60 കോടി രൂപ കോടതികളുടെയും ക്വാർട്ടേഴ്സുകളുടെയും നിർമ്മാണത്തിന് വകയിരുത്തിയിട്ടുണ്ട്.

333. കൂടുതൽ കൂടുതൽ നിയമനങ്ങൾ പബ്ലിക് സർവ്വീസ് കമ്മീഷനിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. നവീകരണത്തിനുവേണ്ടി 9 കോടി രൂപ വകയിരുത്തുന്നു. പി.എസ്.സി.യുടെ ഓൺലൈൻ പരീക്ഷാ സൗകര്യം കൊവിഡിന്റെ പശ്ചാത്തലത്തിൽ വിപുലീകരിക്കുന്നതിന് 5 കോടി രൂപ കൂടുതലായി അനുവദിക്കുന്നു.

മറ്റുള്ളവ

സംസ്ഥാന ഭാഗ്യക്കുറി

334. സംസ്ഥാന ഭാഗ്യക്കുറി ഒരുലക്ഷത്തിലധികം പാവങ്ങളുടെ ജീവിതമാർഗ്ഗമാണ്. 1967ൽ ആരംഭിച്ച കേരള സംസ്ഥാന ഭാഗ്യക്കുറി ഏറ്റവും സുതാര്യമായും സത്യസന്ധമായും നടക്കുന്ന ഒന്നാണ്. ഇടനിലക്കാർ വഴി നടപ്പിലാക്കുന്ന ഇതരസംസ്ഥാന ഭാഗ്യക്കുറികൾ നടത്തുന്ന അതിരില്ലാത്ത തട്ടിപ്പ് തടയുകയെന്നത് സംസ്ഥാനത്ത് സമവായമുള്ള ഒരു നിലപാടാണ്. ഈ സർക്കാരിന്റെ കാലത്ത് നാളിതുവരെ അന്യസംസ്ഥാന ഭാഗ്യക്കുറികൾക്ക് പ്രവർത്തിക്കുന്നതിനുള്ള അവസരം ഉണ്ടായിട്ടില്ല. ജി.എസ്.ടി നടപ്പിലായതോടെ ലോട്ടറിയുടെ നിയമപരമായിട്ടുള്ള പ്രത്യേകത മാറിമറിഞ്ഞു. ചരക്കുസേവന നികുതി ബാധകമായ ഒന്നായി ലോട്ടറിയും മാറി. അതോടെ സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന കേരള സ്റ്റേറ്റ് ടാക്സ് ഓൺ പേപ്പർ ലോട്ടറി നിയമം അസാധുവായി. ഇതിൻ പ്രകാരമുള്ള നിയന്ത്രണ നടപടികൾ അസാധ്യമാണെന്നും വന്നു. ജി.എസ്.ടി കൗൺസിലിൽ കേരളം നടത്തിയ വലിയ പോരാട്ടത്തിന്റെ ഫലമായിരുന്നു ഭാഗ്യക്കുറികളിന്മേൽ ഭിന്നനിരക്കിലുള്ള ജി.എസ്.ടി സമ്പ്രദായം. ഇതര സംസ്ഥാന ഭാഗ്യക്കുറികൾക്ക് 28 ശതമാനം നികുതിയും നമ്മുടെ ഭാഗ്യക്കുറിക്ക് 12 ശതമാനം നികുതിയുമെന്ന സ്ഥിതി ഈ പോരാട്ടത്തിന്റെ ഫലമായി ഉണ്ടായതാണ്. ഭാഗ്യക്കുറി മാഫിയ ഇതിനെ കോടതിയിൽ ചോദ്യം ചെയ്തുവെങ്കിലും കോടതി ഈ ഭിന്നനികുതി സമ്പ്രദായം സാധുവാണെന്നു വിധിച്ചു. ഇതോടെ ജുഡീഷ്യറിക്കു പുറത്ത് ഉപജാപങ്ങളിലൂടെ തങ്ങളുടെ നികുതി നിരക്കും കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. ജി.എസ്.ടി കൗൺസിലിൽ കേരളം വലിയ തോതിൽ പ്രതിരോധിച്ചു നിന്നു. കേന്ദ്ര സർക്കാർ വോട്ടിംഗിലൂടെ എല്ലാ ഭാഗ്യക്കുറികളുടെയും നികുതി 28 ശതമാനമാക്കി നിജപ്പെടുത്തുകയാണ് ചെയ്തത്. നികുതി കുറയ്ക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും ഏകീകൃതമായ നികുതി സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേയ്ക്ക് കടന്നുവരാൻ കഴിയുമോയെന്ന് ഈ ഭാഗ്യക്കുറി മാഫിയ പരിശ്രമിക്കുകയാണ്. ഇതിനു വീണ്ടും തടസ്സമായി നിന്നത് 2018ൽ കേരള ഭാഗ്യക്കുറി നിയന്ത്രണ ചട്ടങ്ങളിൽ നാം കൊണ്ടുവന്ന ഭേദഗതിയാണ്. ആ ഭേദഗതി ഇവർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. സംസ്ഥാന സർക്കാരിന് ഇത്തരമൊരു ചട്ടം നിർമ്മിക്കാൻ അധികാരമില്ലായെന്നാണ് സിംഗിൾ ബഞ്ച് വിധിച്ചത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതിനെതിരായി സമർപ്പിച്ച അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.

335. സർ, കേരളീയരെ കൊള്ളയടിക്കാൻ ഇടനിലക്കാർ മുഖാന്തിരമുള്ള അന്യ സംസ്ഥാന ഭാഗ്യക്കുറികളെ അനുവദിക്കില്ല. കേരള സംസ്ഥാന ജിഎസ്ടി ചട്ടങ്ങളിലെ വ്യവസ്ഥകൾ കർശനമായിത്തന്നെ നടപ്പിലാക്കും. പരിമിതമെങ്കിലും സർക്കാരിനുള്ള അധികാരങ്ങളും അവകാശങ്ങളും എല്ലാ അർത്ഥത്തിലും ഉപയോഗപ്പെടുത്തും. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കു നൽകിക്കൊണ്ട് കേന്ദ്ര ഭാഗ്യക്കുറി നിയന്ത്രണ നിയമം ഭേദഗതി ചെയ്യണമെന്നതാണ് കേരളത്തിന്റെ അഭിപ്രായം. ഇത് കേന്ദ്രത്തെ നേരത്തെതന്നെ അറിയിച്ചിട്ടുള്ളതാണ്. ഇനിയും ഇത് ആവശ്യപ്പെടും.

336. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും ദുർബല തൊഴിൽ വിഭാഗമായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് സർക്കാർ പരമാവധി സഹായം നൽകിയിട്ടുണ്ട്. ലോക്ഡൗണിനുശേഷം ഘട്ടംഘട്ടമായി വ്യാപാരം പുനസ്ഥാപിക്കുന്നതിനു സർക്കാർ സന്തുലിതമായ സമീപനം സ്വീകരിച്ചിട്ടുണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾക്കുള്ള വിഹിതം ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 40 ശതമാനമായിരുന്നു. അത് ഇപ്പോൾ 58.5 ശതമാനമാണ്. സമ്മാനവിഹിതം വിൽപ്പന വരുമാനത്തിന്റെ 1.5 ശതമാനംകൂടി വർദ്ധിപ്പിക്കുന്നു. ഇതോടെ പ്രതിവാര ഭാഗ്യക്കുറികൾക്ക് 11000 സമ്മാനങ്ങൾകൂടി ലഭ്യമാകും.

· 100 രൂപയുടെ സമ്മാനങ്ങൾക്ക് നൽകുന്ന ഏജന്റ്സ് പ്രൈസ് 10 രൂപയിൽ നിന്നും 20 രൂപയാക്കും.

· മറ്റെല്ലാ സമ്മാനങ്ങളിന്മേലുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വർദ്ധിപ്പിക്കുന്നു.

· എല്ലാ സ്ലാബിലുമുള്ള ഡിസ്കൗണ്ട് അരശതമാനം വീതം വർദ്ധിപ്പിക്കുന്നു.

· ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് ഭവന നിർമ്മാണ സഹായം നൽകുന്നതിനായി “ലൈഫ് ബംബർ ഭാഗ്യക്കുറി” നടത്തും. അടുത്ത മാർച്ച് മാസത്തിൽ ഇതിന്റെ നറുക്കെടുപ്പ് നടത്തും.

· ഏജന്റ് മരണപ്പെടുന്ന സാഹചര്യമുണ്ടായാൽ നോമിനിക്ക് ടിക്കറ്റുകൾ സംരക്ഷിച്ചു നൽകും. ഇതിന് ആവശ്യമായ ചട്ടഭേദഗതികൾ കൊണ്ടുവരും.

· ബാങ്ക് ഗ്യാരണ്ടിയിന്മേൽ ഏജന്റുമാർക്ക് ബംബർ ടിക്കറ്റുകൾ നൽകും. ഇതിന് ആവശ്യമായ സോഫ്ടു്വെയർ പരിഷ്കരണം പൂർത്തിയായിട്ടുണ്ട്.

· ജി.എസ്.ടി ഓൺലൈനായി ഒടുക്കുന്നതിന് സംവിധാനമുണ്ടാക്കും.

337. വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുള്ള ക്ഷേമാനുകൂല്യങ്ങളിൽ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

· വിവാഹ ധനസഹായം 5000 ൽ നിന്നും 25000 രൂപ ആയി,

· പ്രസവാനുകൂല്യം 5000 ൽ നിന്നും 10000 രൂപ ആയി,

· പ്രത്യേക ചികിത്സാ സഹായം 20000 ൽ നിന്നും 50000 രൂപ ആയി,

· ചികിത്സാ ധനസഹായം 3000 ൽ നിന്നും 5000 രൂപ ആയി,

· ഹയർ സെക്കണ്ടറി മുതൽ ബിരുദ-ബിരുദാനന്തരതലം വരെയും പ്രൊഫഷണൽ കോഴ്സുകൾക്കും പ്രതിവർഷ സ്കോളർഷിപ്പ് കൊണ്ടുവന്നു. 1500 മുതൽ 7000 രൂപ വരെ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പ്.

338. ഭാഗ്യക്കുറിയിൽ നിന്നും ലാഭം വർദ്ധിപ്പിക്കലല്ല, എന്തു വില കൊടുത്തും ലോട്ടറി മാഫിയയെ പ്രതിരോധിച്ച് ലക്ഷത്തിൽപ്പരം ഭാഗ്യക്കുറി വിൽപ്പനക്കാരുടെ ഉപജീവനത്തെ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം.

ദേവസ്വം

339. ദേവസ്വങ്ങൾക്ക് 2020-21ൽ ഇതുവരെ 118 കോടി രൂപ നൽകിയിട്ടുണ്ട്. 2021-22ൽ 150 കോടി രൂപ അനുവദിക്കുന്നു. സർ, 1949ൽ ദേവസ്വം ബോർഡ് രൂപീകൃതമായപ്പോൾ സർക്കാർ ഏറ്റെടുത്ത വസ്തുക്കളുടെ വാർഷിക ആന്വിറ്റിയായി 46 ലക്ഷം നിശ്ചയിച്ചു. ഇക്കാലമത്രയുംകൊണ്ട് 80 ലക്ഷമായിട്ടാണ് വർദ്ധിച്ചത്. വാർഷിക ആന്വിറ്റിയായി 10 കോടി രൂപ പ്രത്യേകം അനുവദിക്കുന്നു.

340. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിക്ക് 34 കോടി രൂപ വകയിരുത്തുന്നു.

341. പഞ്ചവത്സര പദ്ധതി ആസൂത്രണം മുന്നോട്ട് കൊണ്ടുപോകുന്ന ഏക സംസ്ഥാനമാണ് കേരളം. ആസൂത്രണ ബോർഡിന്റെ നവീകരണ ചെലവുകൾക്കായി 21 കോടി രൂപ വകയിരുത്തുന്നു.

ഭാഗം 13

നികുതി

342. ഏറെ പ്രതീക്ഷയോടെ നടപ്പിലാക്കിയ ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ മൂന്നു വർഷവും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. റിട്ടേൺ സംവിധാനം പൂർണ്ണമായും പ്രവർത്തനസജ്ജമാകാത്തതും (GSTR-1,2,3 സംവിധാനം) മറ്റു സാങ്കേതിക പ്രശ്നങ്ങളും (IGST സെറ്റിൽമെന്റ്) കാരണം ഡെസ്റ്റിനേഷൻ പ്രിൻസിപ്പിൾ പ്രകാരം കേരളത്തിനു ലഭിക്കേണ്ടിയിരുന്ന നികുതി വരുമാനം ലഭിച്ചില്ല. പോരാത്തതിന് ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേ നികുതി നിരക്കുകൾ ജി.എസ്.ടി കൗൺസിൽ കുത്തനെ വെട്ടിക്കുറയ്ക്കുകയും ചെയ്തു. കാര്യക്ഷമത വർദ്ധിപ്പിച്ചും മേൽപ്പറഞ്ഞ ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിച്ചും വരുന്ന വർഷങ്ങളിൽ വരുമാനം വർദ്ധിപ്പിച്ച് കോമ്പൻസേഷൻ കാലയളവിനുശേഷവും സംസ്ഥാനത്തിന്റെ ധനസ്ഥിതി സുശക്തമായി നിലനിർത്താൻ സാധിക്കും. ഇതുസംബന്ധിച്ച് ഇടക്കാല ധനനയ രേഖയുടെ അനുബന്ധത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കം ചില കാര്യങ്ങൾ മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ.

ചരക്കുസേവന നികുതി

343. ഏറെ പ്രതിസന്ധികൾക്കിടയിലും സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ കാര്യക്ഷമത ഉയർത്തുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചു.

നികുതി സമാഹരണം

· റിട്ടേൺ പരിശോധന:- ജി.എസ്.ടി റിട്ടേണുകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ഭൂരിഭാഗം ഉദ്യോഗസ്ഥരും ജി.എസ്.ടി സംബന്ധിച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ 36000-ത്തോളം ജി.എസ്.ടി റിട്ടേണുകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി. പൊരുത്തക്കേടുകൾ കണ്ട കേസുകളിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

· തേർഡ് പാർട്ടി വിവരങ്ങളും ഡാറ്റാ അനാലിസിസും :- ഡാറ്റാ അനലിറ്റിക്സ് ഉപയോഗിച്ച് ചരക്കുകളും സേവനങ്ങളും തരംതിരിച്ച് വിശകലനം ആരംഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ ഉപയോഗിച്ചാണ് നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തുന്നത്. മറ്റു സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ജി.എസ്.ടി റിട്ടേണുകളുമായി ഒത്തുനോക്കുന്നുണ്ട്.

· ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിംഗ് സംവിധാനം:- സംസ്ഥാനത്തിന്റെ അതിർത്തികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഇപ്പോൾ വിവിധ ജില്ലകളിലെ സംസ്ഥാനത്തിലേയ്ക്കുള്ള 18 പ്രധാന പാതകൾ നികുതി വകുപ്പിന്റെ ക്യാമറ നീരിക്ഷണത്തിൻ കീഴിലാണ്. ഇവയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ നികുതി വെട്ടിപ്പ് കണ്ടുപിടിക്കാൻ സഹായിക്കുന്നു.

· മൊബൈൽ ആപ്പുകൾ:- ജി.എസ്.ടി രജിസ്ട്രേഷനുകളുടെ ആധികാരികത പരിശോധിക്കാനും, രജിസ്ട്രേഷൻ എടുക്കാത്തവരുടെ വിവരശേഖരണത്തിനുമായും വകുപ്പിലെ ഉദ്യോഗസ്ഥർക്കു മൊബൈൽ ആപ്പുകൾ നൽകിയിട്ടുണ്ട്.

· ഇ-ഇൻവോയ്സ്:- 100 കോടിയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾക്ക് ‘ഇ-ഇൻവോയ്സ്’ നിർബന്ധമാക്കി.

· വ്യാജബില്ലിനെതിരെയുള്ള നടപടികൾ:- 6 കോടിയിലധികം വാർഷിക വിറ്റുവരവുള്ള നികുതി ദായകർ 1 ശതമാനം നികുതി പണമായി അടയ്ക്കണമെന്ന് ചട്ടങ്ങളിൽ ഭേദഗതി വരുത്തി.

· ഇൻഫോർമർ സ്കീം:- നികുതി വെട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി നടപ്പാക്കി.

· വാഹനപരിശോധന:- സർവ്വയലൻസ് സ്ക്വാഡുകൾ ഉപയോഗിച്ചുള്ള വാഹനപരിശോധന 24x7 അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തി. വാഹനപരിശോധനകളിൽ നികുതി വെട്ടിച്ചു കടത്തിയ 4 കോടിയോളം വരുന്ന 8.9 കിലോഗ്രാം സ്വർണ്ണം കണ്ടുകെട്ടി. ഈ മേഖലയിൽ നിന്നുതന്നെ നികുതി വെട്ടിപ്പു നടത്തിയ 54.43 കിലോഗ്രാം സ്വർണ്ണത്തിന് നികുതിയും പിഴയുമായി 1.62 കോടി രൂപ ഈടാക്കി.

നികുതി വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനം

· തിരുവനന്തപുരം ആസ്ഥാനമാക്കി ചരക്കുസേവന നികുതി അപ്പലേറ്റ് ട്രിബ്യൂണൽ പുതിയ സാമ്പത്തിക വർഷത്തിൽ പ്രവർത്തനം ആരംഭിക്കും.

· കണ്ണൂരിലും ആലപ്പുഴയിലും പുതിയ ചരക്കുസേവന നികുതി കോംപ്ലക്സുകൾ, എറണാകുളത്ത് അഡീഷണൽ നികുതി കോംപ്ലക്സ് എന്നിവയുടെ നിർമ്മാണം പുതിയ സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്നതാണ്.

· ചരക്കുസേവന നികുതി വകുപ്പിലെ എല്ലാ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷനുമായി സഹകരിച്ച് പരിശീലനം നൽകുന്നുണ്ട്. ഇതിനായി ട്രെയിനിംഗ് കലണ്ടർ തയ്യാറാക്കുന്നതാണ്. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ തുടങ്ങി മുകളിലുള്ള ഉദ്യോഗസ്ഥരുടെ പ്രൊബേഷൻ കാലാവധി പൂർത്തീകരിക്കുന്നതിന് ട്രെയിനിംഗ് നിർബന്ധമാക്കുന്നതാണ്.

നികുതിദായകർക്കുള്ള സേവനങ്ങൾ

· നികുതി വകുപ്പിന്റെ പുനസംഘടന:- സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് ടാക്സ് പേയർ സർവ്വീസസ്, ഓഡിറ്റ്, എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് എന്ന രീതിയിൽ പുനസംഘടിപ്പിക്കുന്നതാണ്.

· ഇ-ഓഫീസ്:- സംസ്ഥാന നികുതി വകുപ്പിന്റെ ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം നടപ്പാക്കും. നികുതിദായകർക്കും വ്യാപാരികൾക്കും ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും അവർ നൽകുന്ന നിവേദനങ്ങളുടെമേൽ സ്വീകരിക്കുന്ന നടപടികൾ കൃത്യമായി ട്രാക്ക് ചെയ്യാൻ ഇ-ഓഫീസ് സംവിധാനത്തിനു കഴിയും. ഇ-ഓഫീസ് നടപ്പാക്കുന്നതോടെ പേപ്പർരഹിത ഓഫീസും ഇന്റർനെറ്റ് അധിഷ്ഠിത ഫയൽ നീക്കവും യാഥാർത്ഥ്യമാകും. ഇതു ഭാവിയിൽ ഇൻകം ടാക്സ്, കസ്റ്റംസ് സംവിധാനങ്ങളെപ്പോലെ സംസ്ഥാന നികുതി വകുപ്പിനും മുഖരഹിതമായ നികുതി നിർണ്ണയ സംവിധാനം സൃഷ്ടിക്കാനുള്ള സാഹചര്യമൊരുക്കും.

· നിരീക്ഷണ ക്യാമറകൾ:- ചരക്കുസേവന നികുതി വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ബോഡിവോൺ ക്യാമറകൾ നൽകും. ഇത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തും.

· നികുതിദായക റിപ്പോർട്ട് കാർഡ്:- എല്ലാ നികുതിദായകർക്കും ടാക്സ് പേയർ റിപ്പോർട്ട് കാർഡുകൾ നൽകും. ഇത് നികുതിദായകർക്ക് കാര്യക്ഷമമായ സേവനങ്ങൾ ലഭിക്കുവാൻ സഹായകമാണ്. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന ക്രെഡിറ്റ് റേറ്റിംഗിനു മാനദണ്ഡമായും ഇവ ഉപയോഗിക്കാൻ കഴിയും.

· റിവ്യൂ സംവിധാനം:- ജി.എസ്.ടി നിയമത്തിലെ റിവ്യൂ സംവിധാനം ശക്തിപ്പെടുത്തും. ഇതിലൂടെ തെറ്റായ നികുതി നിർണ്ണയങ്ങൾ പരിശോധിക്കുവാനും നികുതി നിർണ്ണയത്തിൽ കൃത്യത കൊണ്ടുവരാനും സാധിക്കും.

· കേരള പ്രളയ സെസ്:- 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചരക്കുസേവന നികുതിക്കുമേൽ ഏർപ്പെടുത്തിയ 1 ശതമാനം സെസിന്റെ കാലാവധി 2021 ജൂലൈ മാസത്തിൽ അവസാനിക്കുകയാണ്. തുടർന്നും ഈ സെസ് ഈടാക്കുന്നതല്ല.

· അപ്പീലുകളുടെ കോർട്ട് ഫീ:- കേന്ദ്ര ചരക്കുസേവന നികുതി വകുപ്പിന്റെ കീഴിലുള്ള നികുതിദായകർ നൽകുന്ന അപ്പീലുകൾക്ക് അഡീഷണൽ കോർട്ട് ഫീ നൽകേണ്ടതില്ല. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ കീഴിലുള്ള നികുതിദായകർ നൽകുന്ന ജി.എസ്.ടി അപ്പീലുകളിൽ 1 ശതമാനം അഡീഷണൽ കോർട്ട് ഫീ നിലവിലുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ കീഴിലുള്ള നികുതിദായകരുടെ അപ്പീലുകളുടെ അഡീഷണൽ കോർട്ട് ഫീയ്ക്ക് പരിധി നിശ്ചയിക്കുന്നതാണ്.

· പബ്ലിക് റിലേഷൻസ്:- നികുതിദായകരെ ബോധവൽക്കരിക്കുന്നതിനായി ചരക്കുസേവന നികുതി വകുപ്പിൽ പബ്ലിക് റിലേഷൻസ് വിഭാഗം ശക്തിപ്പെടുത്തുന്നതാണ്. ഇതിനായി സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവനം അന്യത്രസേവന വ്യവസ്ഥയിൽ ലഭ്യമാക്കും.

മൂല്യവർദ്ധിത നികുതി

344. വാറ്റ് നികുതി കുടിശികക്കാർക്കായി സമഗ്രമായ ആംനസ്റ്റി പദ്ധതിയാണ് കഴിഞ്ഞ വർഷം നടപ്പാക്കിയത്. ഈ പദ്ധതിയിലൂടെ 32237 വ്യാപാരികൾക്ക് സമാശ്വാസം ലഭിച്ചു. ഇതുവഴി 3400 കോടി രൂപയുടെ നികുതി കുടിശികയാണ് തീർപ്പാകുന്നത്. കുടിശിക വാറ്റ് അസസ്സ്മെന്റുകൾ 2021 മാർച്ചോടുകൂടി മാത്രമേ പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ആംനസ്റ്റി സ്കീം പുതിയ സാമ്പത്തിക വർഷത്തിലും തുടരുന്നതാണ്. കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപ്പന നികുതി, ആഡംബര നികുതി, സർ ചാർജ്ജ് നിയമപ്രകാരമുള്ള കുടിശിക, കേരള കാർഷിക ആദായ നികുതി തുടങ്ങിയ നിയമങ്ങളുടെ കീഴിൽ വരുന്ന കുടിശികകൾക്കാണ് ഈ പദ്ധതി ബാധകമാകുന്നത്.

345. കുടിശിക തുക ഒരുമിച്ച് അടച്ചാൽ നികുതിയിൽ 40 ശതമാനം ഇളവും തവണകളായി അടച്ചാൽ 30 ശതമാനം ഇളവും നൽകുന്നതാണ്. ഓപ്ഷൻ 2021 ആഗസ്റ്റ് 31ന് മുമ്പ് ഫയൽ ചെയ്യേണ്ടതാണ്. ഇപ്പോൾ നിലവിലിരിക്കുന്ന ആംനസ്റ്റിയുടെ മറ്റു നിബന്ധനകൾ പുതിയ ആംനസ്റ്റിയിലും തുടരുന്നതായിരിക്കും.

346. ആംനസ്റ്റി സ്വീകരിക്കുന്ന നഷ്ടത്തിലോടുന്ന കേരള സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നികുതി കുടിശിക അടയ്ക്കുന്നതിനായി പ്രത്യേക വായ്പാ പദ്ധതി ആരംഭിക്കുന്നതാണ്. ഇതിനായി വിശദമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും.

എൽഎൻജി / സിഎൻജി നികുതി

347. ഇപ്പോൾ കേരളത്തിൽ എൽഎൻജി / സിഎൻജിയുടെ മേലുള്ള വാറ്റ് നികുതി 14.5 ശതമാനമാണ്. നിലവിലുള്ള ഉയർന്ന നികുതി നിരക്ക് ബിപിസിഎൽ, ഫാക്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും തടസ്സമാണെന്നു ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് എൽഎൻജി / സിഎൻജിയുടെ മേലുള്ള വാറ്റ് നികുതി തമിഴ്നാടിനു തുല്യമായി 5 ശതമാനമായി കുറയ്ക്കുന്നു. സിറ്റി ഗ്യാസ് പ്രോജക്ടിനും ഗാർഹികോപഭോക്താക്കൾക്കും ഈ നികുതിയിളവ് സഹായകരമായിരിക്കും. 166 കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകും.

കേരള പൊതുവിൽപ്പന നികുതി

348. 2005-06 മുതൽ 2017-18 വരെ കേരള പൊതുവിൽപ്പന നികുതി കുടിശികകൾക്ക് മുൻ ബജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി പുതിയ വർഷത്തിലും തുടരുന്നതാണ്.

349. സർക്കാർ നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയും പിന്നീട് ലൈസൻസ് ലഭിക്കുകയും ചെയ്ത ബാർ ഹോട്ടലുകൾക്കു സോഫ്ടു്വെയറിന്റെ പ്രശ്നങ്ങൾമൂലം റിട്ടേണുകൾ യഥാസമയം സമർപ്പിക്കുവാൻ കഴിഞ്ഞില്ല. ഇത്തരം കേസുകളിൽ വ്യാപാരികൾക്ക് അസസ്സ്മെന്റുകളിലൂടെ ചുമത്തപ്പെട്ട നികുതിയും പിഴയും ദുർവ്വഹമാണെന്നു പരാതിപ്പെടുകയുണ്ടായി. ആയതിനാൽ കോമ്പൗണ്ടിംഗ് രീതിയിൽ നികുതി കണക്കാക്കി അടയ്ക്കുവാൻ അനുവദിച്ചിരുന്നു. ഇവർക്ക് പിഴ പൂർണ്ണമായും പലിശയിൽ 50 ശതമാനം ഇളവും അനുവദിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിമൂലം 2020-21 വർഷത്തിലും റിട്ടേണുകൾ സമർപ്പിക്കാൻ കാലതാമസം വന്നിട്ടുണ്ട്. ആയതിനാൽ ഈ ഇളവുകൾ 2020 ഡിസംബർ 31 വരെയുള്ള കുടിശികകൾക്കുകൂടി ബാധകമാക്കുന്നു. ഇതിനുള്ള അപേക്ഷ 2021 ജൂൺ 30നകം സമർപ്പിക്കേണ്ടതും, ജൂലൈ 31നകം തുക അടച്ചു തീർക്കേണ്ടതുമാണ്.

350. 2019-20 വർഷത്തെ ബജറ്റിൽ 2014-15 വർഷത്തെ സർക്കാരിന്റെ അബ്കാരി നയത്തിന്റെ ഭാഗമായി ലൈസൻസ് നഷ്ടപ്പെട്ട ബാർ ഹോട്ടലുകളുടെ കോമ്പൗണ്ടഡ് നികുതി കണക്കാക്കുന്നതിനു മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് 2015-16 വർഷത്തിൽ ലൈസൻസ് നഷ്ടപ്പെട്ടവർക്കുകൂടി ബാധകമാകുന്നതാണെന്നു നിയമത്തിൽ വ്യക്തത വരുത്തുന്നതാണ്.

കേരള മണി ലെൻഡേഴ്സ് ആക്ട്

351. ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ, മൊബൈൽ ആപ്പുകൾ വഴി പണം വായ്പ കൊടുക്കുന്നതായും അമിത പലിശ ഈടാക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവണതകൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. നിയമവകുപ്പുമായി ആലോചിച്ച് കേരള മണി ലെൻഡിംഗ് ആക്ടിൽ യുക്തമായ ഭേദഗതികൾ വരുത്തുന്നതാണ്.

മോട്ടോർ വാഹന നികുതി

352. പുതിയതായി രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്ത 5 വർഷത്തേയ്ക്ക് 50 ശതമാനം വാഹന നികുതി ഒഴിവാക്കുന്നതാണ്.

353. പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതും, പൂർണ്ണമായും പാലിയേറ്റീവ് ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്നതുമായ വാഹനങ്ങളെ ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വാഹന നികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കുന്നു.

354. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2014 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും 15 വർഷത്തെ ഒറ്റത്തവണ നികുതിക്കു പകരം 5 വർഷത്തെ നികുതി അടച്ച മോട്ടോർ ക്യാബുകൾക്കും ടൂറിസ്റ്റ് മോട്ടോർ ക്യാബുകൾക്കും നികുതിയും പലിശയും അടയ്ക്കാൻ ബാക്കിയുണ്ട്. ഈ കുടിശിക 2021 മാർച്ച് 31നകം 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കുവാൻ അനുവദിക്കും.

രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും

355. 2018-19 ബജറ്റിൽ അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിന് കോമ്പൗണ്ടിംഗ് പദ്ധതി സർക്കാർ ആവിഷ്കരിച്ചു. ഇതിന്റെ കാലാവധി 2021 മാർച്ച് 31ന് അവസാനിക്കുകയാണ്. ഈ കോമ്പൗണ്ടിംഗ് പദ്ധതി പുതിയ സാമ്പത്തിക വർഷത്തിലേയ്ക്ക് ദീർഘിപ്പിക്കുന്നു. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

356. ഇപ്പോൾ തീറാധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി 8 ശതമാനവും രജിസ്ട്രേഷൻ ഫീസ് 2 ശതമാനവുമാണ്. കെഎസ്ഐഡിസി, കിൻഫ്ര, സിഡ്കോ, ഡിഐസി, സർക്കാർ രൂപീകരിക്കുന്ന വ്യവസായ വികസന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് തുടങ്ങിയവയുടെ വ്യവസായ പാർക്കുകളുടെയും പ്ലോട്ടുകളുടെയും ഷെഡ്ഡുകളുടെയും ലീസ് ഡീലുകൾ, ലീസ് കം സെയിൽ, സബ് ലീസ്, പൂർണ്ണ സെയിൽ ഡീഡ് എന്നിവയ്ക്കും ഈ ഡ്യൂട്ടി ബാധകമാണ്. വ്യവസായ നിക്ഷേപത്തെ ആകർഷിക്കുന്നതിനു മേൽപ്പറഞ്ഞ ഭൂമി ഇടപാടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി 4 ശതമാനമായും രജിസ്ട്രേഷൻ ഫീസ് 1 ശതമാനമായും കുറയ്ക്കുന്നു. ഇതിലൂടെ 25 കോടി രൂപയുടെ വരുമാന നഷ്ടം പ്രതീക്ഷിക്കുന്നു.

ഇലക്ട്രിസിറ്റി ഡ്യൂട്ടി

357. ഇന്ന് വൈദ്യുതി ഉപയോഗത്തിനുമേൽ 10 ശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടിയുണ്ട്. പുതിയ വ്യവസായ നിക്ഷേപങ്ങൾക്ക് ആദ്യത്തെ 5 വർഷം വൈദ്യുതി ചാർജ്ജിന്മേലുള്ള ഇലക്ട്രിസ്റ്റി ഡ്യൂട്ടിയിൽ നിന്നും ഒഴിവു നൽകുന്നതാണ്.

ലാൻഡ് റവന്യു

358. കഴിഞ്ഞ ബജറ്റിൽ സർക്കാർ ഭൂമി പാട്ടത്തിന്റെ തുക പിരിച്ചെടുക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പുതിയ സാമ്പത്തിക വർഷത്തിലേയ്ക്ക് ദീർഘിപ്പിക്കുന്നു. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

359. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്കുള്ള നികുതി ഇളവുകൾ നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു.

ഭാഗം 14

ഉപസംഹാരം

360. പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് കേരളത്തിനു മുന്നിൽ പുതിയൊരു പാത തുറക്കുകയാണ്. കഴിഞ്ഞ ഏതൊരു ഇടതുപക്ഷ സർക്കാരിന്റെ കാലത്തുമെന്നപോലെ സാമൂഹ്യക്ഷേമത്തിലും ഉപജീവന തൊഴിലുകളിലും ഊന്നിയുള്ളതായിരുന്നു കഴിഞ്ഞ അഞ്ചു ബജറ്റുകളും. എന്നാൽ തുടക്കം മുതൽ തന്നെ ശ്രദ്ധേയമായ ഒരു ചുവടുമാറ്റം ഉണ്ടായി. അത് പശ്ചാത്തലസൗകര്യ വികസനത്തിൽ നൽകിയ ഊന്നലാണ്. കിഫ്ബി വഴിയുള്ള മുതൽമുടക്കിലൂടെയാണ് ഇത് യാഥാർതഥ്യമായത്. ഈ അടിത്തറയിൽ വിജ്ഞാന സാന്ദ്രമായ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് അടുത്ത കടമ. ഇതിനു കേരളത്തെ വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യണം. അതുവഴി എല്ലാവർക്കും ക്ഷേമം മാത്രമല്ല, എല്ലാവർക്കും തൊഴിലും ഉറപ്പുവരുത്താൻ കഴിയും. ഇതാണ് ഇടതുപക്ഷത്തിന്റെ കേരള ബദൽ. ഇതാണ് 2021-22ലെ ബജറ്റ് തുറക്കുന്ന പാത.

361. സർ, ഫെഡറൽ സംവിധാനത്തിന്റെ കർശന ധനനയ ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് നമ്മൾ ഇത് ചെയ്യുന്നത്. വലിയ തോതിലുള്ള ക്ഷേമ ചെലവുകൾക്കുശേഷം പശ്ചാത്തല സൗകര്യ നിക്ഷേപത്തിനു മതിയായ പണം ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ ബജറ്റിനു പുറത്ത് ധനകാര്യ സ്ഥാപനങ്ങൾ വഴി വിഭവസമാഹരണം നടത്തിക്കൊണ്ടു മാത്രമേ മൂലധന നിക്ഷേപത്തിൽ കുതിപ്പ് ഉറപ്പുവരുത്താനാകൂ. ഇത്തരമൊരു ധനതന്ത്രത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമായ ഒരു മുൻ ഉപാധിയുണ്ട്. സംസ്ഥാന ബജറ്റിന്റെ ധനസ്ഥിതി സുസ്ഥിരമാക്കണം. ധനക്കമ്മി 3 ശതമാനത്തിൽ നിർത്താൻ കഴിയണം. റവന്യുക്കമ്മി പടിപടിയായി കുറച്ചുകൊണ്ടു വരണം.

362. ബജറ്റ് രേഖകളുടെ ഭാഗമായി എക്പെൻഡീച്ചർ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടും വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ധനസ്ഥിതിയുടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടു കാലത്തെ പരിണാമം സംബന്ധിച്ച അവരുടെ അവലോകനത്തിലേയ്ക്ക് സഭയുടെ ശ്രദ്ധ ഞാൻ ക്ഷണിക്കുകയാണ്. തൊണ്ണൂറുകളുടെ അവസാനം സംസ്ഥാനം നേരിട്ട ധനകാര്യ പ്രതിസന്ധി കർശന നടപടികൾ സ്വീകരിക്കാൻ നമ്മെ നിർബന്ധിതരാക്കി. ഇതിന്റെ ഫലമായി കമ്മി അടുത്ത പതിറ്റാണ്ടിലുടനീളം കുറച്ചുകൊണ്ടു വരുന്നതിനു കഴിഞ്ഞു. ആദ്യ അഞ്ചു വർഷം ചെലവുകൾ കർശനമായി വെട്ടിച്ചുരുക്കിക്കൊണ്ടാണ് ലക്ഷ്യം നേടിയത്. തുടർന്ന് അഞ്ചു വർഷമാകട്ടെ വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് ഊന്നൽ നൽകിയത്. ഇതിൽ നമ്മൾ വിജയിക്കുകയും ചെയ്തു.

363. എന്നാൽ 2013-14 മുതൽ വാറ്റ് വരുമാനം കുത്തനെ കുറയുകയും കമ്മി കൂടാനും തുടങ്ങി. എൻട്രി ടാക്സ് ഭരണഘടനാ വിരുദ്ധമായി വിധിച്ചതോടെ വാറ്റിന്റെ സാധ്യതകൾ അടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നാം ജി.എസ്.ടിയെ സ്വീകരിച്ചത്. എന്നാൽ ജി.എസ്.ടി പ്രതീക്ഷിച്ച ഫലം തന്നിട്ടില്ല. നമ്മുടെ നികുതി വരുമാനം ഏതാണ്ടൊരു 10 ശതമാനം വളർച്ചയിൽ കുരുങ്ങിക്കിടക്കുകയാണ്. എങ്കിലും സർ, ചെലവുകളുടെ കാര്യത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന്റെ ഫലമായി ഈ സർക്കാരിന്റെ കാലത്ത് പതുക്കെയാണെങ്കിലും ധനദൃഡീകരണം വീണ്ടും പ്രകടമായി. എക്സ്പെൻഡീച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നതുപോലെ ഇരു കമ്മികളും 2016-17നു ശേഷം കുറഞ്ഞു. ഈ ധന ദൃഡീകരണത്തെയാണ് കൊവിഡ് പ്രതിസന്ധി തകർത്തത്.

364. സർ, 2020-21ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിന്റെ കണക്കുകൾ നോക്കിയാൽ കൊവിഡിന്റെ പ്രത്യാഘാതം വ്യക്തമായി കാണാം. അതിന്റെ സംക്ഷിപ്തരൂപം ഞാൻ അവതരിപ്പിക്കട്ടെ.

2020-21ലെ പുതുക്കിയ എസ്റ്റിമേറ്റ്

ഇനം

കോടി രൂപ

റവന്യു വരവ്

93115.11

റവന്യു ചെലവ്

117321.55

റവന്യു കമ്മി

-24206.44

മൂലധന ചെലവ് (തനി)

-9350.82

വായ്പകളും മുൻകൂറുകളും

(തനി)

-1392.24

പൊതുകടം (തനി)

30499.96

പൊതുകണക്ക് (തനി)

4436.00

കണ്ടിജൻസി ഫണ്ട് (തനി)

74.50

ആകെ കമ്മി

60.96

വർഷാരംഭ രൊക്ക ബാക്കി

-184.97

വർഷാന്ത്യ രൊക്ക ബാക്കി

-124.01

Kerala Budget 2021 Full Details

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT