സാമ്പത്തികമാന്ദ്യം, സാമ്പത്തിക വളര്‍ച്ചാ വേഗതക്കുറവ്, നേരിയ പണലഭ്യതക്കുറവ്, ജനങ്ങളുടെ വാങ്ങല്‍ ശേഷി ശോഷണം എന്നിങ്ങനെ ഓരോരുത്തര്‍ അവരവരുടെ രാഷ്ട്രീയത്തിനുനനുസരിച്ച് പേര് ചൊല്ലി വിളിക്കുന്ന നിസാരമല്ലാത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുന്ന സമയത്താണ് പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചത്. മുന്‍പെങ്ങും ഇല്ലാത്ത വിധം കലുഷിതമായ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കേന്ദ്രഭരണകൂടവും സംസ്ഥാനഭരണകൂടവും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന ഒരു കാലഘട്ടം കൂടിയാണ്. പക്ഷെ, ഈ സാഹചര്യങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെയും മനസാന്നിധ്യത്തോടെയും അഭിമുഖീകരിക്കാന്‍ സാധിക്കുമെന്നുള്ള ശുഭാപ്തിവിശ്വാസമാണ് പൊതുവില്‍ കേരള ബജറ്റ്-2020 മുന്നോട്ട് വക്കുന്നത്. കഴിഞ്ഞ മൂന്ന് ബജറ്റുകളുടെയും പിന്തുടര്‍ച്ച എന്നതിനപ്പുറം കാലോചിതമായി നവീകരിക്കപ്പെടുന്ന സാമ്പത്തിക കാഴ്ചപ്പാടുകളുടെ വിളംബരമാണ്. കേരളത്തിന്റെ നിലവിലെ ധനസ്ഥിതി പരിഗണിച്ച് അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുന്ന നിര്‍ദേശങ്ങളും ബജറ്റ് മുന്നോട്ട് വക്കുന്നു.
പൊതുജനങ്ങള്‍ക്ക് വിലക്കുറവില്‍ ഭക്ഷണം നല്‍കുന്ന ആലപ്പുഴയിലെ ന്യായവില ഹോട്ടലിന്റെ വിജയത്തില്‍ നിന്ന് ഊര്‍ജ്ജം കൈക്കൊണ്ട് സംസ്ഥാനമാകെ ന്യായവില ഹോട്ടലുകള്‍ തുടങ്ങാനുള്ള ആശയം വിപ്ലവകരമാണ്. 'വിശപ്പില്ലാത്ത കേരളമെന്ന' സന്ദേശത്തോടെ ഇരുപത്തിയഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഹോട്ടലുകളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ക്ഷേമ പെന്‍ഷനുകള്‍ നൂറു രൂപ വര്‍ധിപ്പിച്ച് 1,300 രൂപയാക്കുന്നതും ലക്ഷ്യമിടുന്നത് അടിസ്ഥാനവിഭാഗങ്ങളുടെ ക്ഷേമം തന്നെയാണ്. ക്ഷേമപദ്ധതികളില്‍ അര്‍ഹരായ പരമാവധി പേരെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അനര്‍ഹരെയും ഒന്നിലധികം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഒരേ സമയം അനുഭവിക്കുന്നവരെയും ഒഴിവാക്കാനുള്ള പട്ടിക ശുദ്ധീകരണവും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
അനേകം സ്ത്രീത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന പരമ്പരാഗത മേഖലകളുടെ ശാക്തീകരണത്തിന് ബജറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. പരക്കെ പ്രതിസന്ധിയിലായ മത്സ്യബന്ധനം, കൈത്തറി-ഖാദി, കയര്‍, കശുഅണ്ടി മുതലായ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ബജറ്റ് ആശ്വാസം പകരുന്നുണ്ട്. നെല്‍ കൃഷി, പച്ചക്കറി കൃഷി, കോഴിവളര്‍ത്തല്‍, റബര്‍ കൃഷി തുടങ്ങി പ്രതിസന്ധി നേരിടുന്ന ഭക്ഷ്യ-കാര്‍ഷികമേഖലയെയും ബജറ്റ് പരിഗണിച്ചിട്ടുണ്ട്. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ ശുചീകരണവും പുനരുദ്ധാരണവും തുടങ്ങി പ്രളയാനന്തര കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ വ്യവസായവല്‍ക്കരണവും ഗതാഗത-ചരക്ക് നീക്കമേഖലയിലെ വികസനവും വഴി പൊതുവെയുള്ള പുരോഗതിക്കും തൊഴിലവസര സൃഷ്ടിക്കും ബജറ്റ് ഊന്നല്‍ നല്‍കുന്നു. പൊതു വിദ്യാഭ്യാസ മേഖലയുടെ പരിപോഷണത്തിനും സ്‌കൂളുകളുടെയും കലാശാലകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ അധ്യാപക നിയമനത്തിനും പ്രാധാന്യം കൊടുമ്പോള്‍ തന്നെ നിയമനത്തിന്റെ പേരില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തുന്ന അധാര്‍മ്മിക നടപടികളേയും ബജറ്റ് അഭിമുഖീകരിക്കുന്നുണ്ട്.
സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കൂട്ടുന്നതിനൊപ്പം കെട്ടിട നികുതി, ആഡംബരനികുതി, ഭൂമിയുടെ ന്യായവില, വിലകൂടിയ വാഹനങ്ങളുടെ നികുതി എന്നിവ വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനനയത്തിന്റെ ഭാഗമായി പുതുതായി വാങ്ങുന്ന ഇലക്ട്രിക മോട്ടോര്‍ ബൈക്കുകള്‍, ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക് പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമാക്കി നിജപ്പെടുത്താനും ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ദൃശ്യത ഉയര്‍ത്തുന്നതിനും കുടുംബശ്രീ മിഷന്‍ വഹിച്ച പങ്കിനെ ധനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. എല്ലാ നഗരങ്ങളിലും ഷീലോഡ്ജ്, കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍, ഹരിത കര്‍മ സേനകളുമായി യോജിച്ച് ഹരിത സംരംഭങ്ങള്‍, വിശപ്പുരഹിതകേരളം ഹോട്ടലുകള്‍, ടോയ്ലറ്റ് കോംപ്ലക്സുകളുടെ നടത്തിപ്പ്, വിവിധ ജൈവകൃഷി സംരംഭങ്ങള്‍, വിവിധ തൊഴില്‍ സംരംഭങ്ങള്‍, ജെന്‍ഡര്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, കോഴിക്കോട് മാതൃകയില്‍ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കാന്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. റീബില്‍ഡ് കേരള, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മുതലായവയില്‍ പലതും കുടുംബശ്രീകളുമായി സഹകരിച്ചാവും നടപ്പിലാക്കുക.
തോമസ് ഐസക്കിന് കിഫ്ബിയോടുള്ള പ്രിയവും വാത്സല്യവും ഈ ബജറ്റിലും പ്രകടമാണ്. വിഭവ പരിമിതിയുടെയും സാമ്പത്തികപ്രതിസന്ധിയുടെയും നടുവില്‍ നില്‍ക്കുമ്പോള്‍ കിഫ്ബി പോലൊരു നവീന ആശയം മുന്‍ മാതൃകകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സമ്മതിക്കാതെ വയ്യ. അതേ സമയം, പാളിപ്പോയാല്‍ ഖജനാവിന് വലിയ ബാധ്യത വരുത്തി വെക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പ്രത്യുല്‍പാദനപരവും ലാഭകരവുമായ പദ്ധതികള്‍ക്കാണ് കിഫ്ബി ഫണ്ടുകള്‍ വിനിയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒരു ചിത്രമായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ പുറംചട്ടയില്‍ ഉണ്ടായിരുന്നത്. ഗ്രാമപുരോഗതിയ്ക്ക് ഊന്നല്‍ കൊടുത്ത ഗാന്ധി സമൂഹത്തിലും രാഷ്ട്രീയത്തിലും അപ്രസക്തനാക്കപ്പെടുകയും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്തവരുടെ എണ്ണം കൂടുകയും ചെയ്യുന്ന ഇന്ത്യയില്‍ അടിസ്ഥാനവിഭാഗങ്ങളുടെ ക്ഷേമത്തിന് ഊന്നല്‍ കൊടുത്ത് ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ഈ ബജറ്റ് മോശമല്ലാത്ത ഒന്ന് തന്നെയാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുമ്പോള്‍ തന്നെ, വ്യക്തികളുടെയും പൊതുസമൂഹത്തിന്റെയും ഉത്തമ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സംസ്ഥാനത്തിന്റെ വികസനസങ്കല്‍പങ്ങള്‍ക്ക് രൂപഭാവങ്ങള്‍ പകര്‍ന്നു നല്‍കാനും ബജറ്റിന് സാധിച്ചിട്ടുണ്ട്.