ശുദ്ധി വാദത്തിന്റെ കുപ്പായമെടുത്തിട്ട് ഇനിയും കേരളത്തിൽ ആശയപ്രചാരണം നടത്തുക എന്നത് ശുദ്ധ അസംബന്ധമാണ്. ഇതിനെല്ലാം പിന്തുണ നല്കാൻ, മുഖ്യധാരാ മാധ്യമങ്ങളും, ജാതിമേൽക്കോയ്മയും, നവഫാസിസവുമുണ്ട് എന്ന ധൈര്യത്തിലാണ് ഇങ്ങനെയൊക്കെ ആളുകൾ സംസാരിച്ച് തുടങ്ങുന്നത്. കെ.ഇ.എൻ എഴുതുന്നു
കേരളത്തനിമ എന്ന് പറയുന്നത് ഫ്യൂഡൽ പഴമയല്ല. മറിച്ച് മലയാള പൊതുമയാണ്. പൊതുമ എന്ന് പറഞ്ഞാൽ വിവിധ തരം മലയാളികൾ, വിവിധ മതത്തിൽ വിശ്വസിക്കുന്ന, വിവിധ ജാതിയിൽ പെട്ട, മതം ഇല്ലാത്ത, അങ്ങനെ എല്ലാ തരം മലയാളികളുടെയും ജീവിതത്തിലൂടെ ഉരുവം കൊള്ളുന്ന മാറിക്കൊണ്ടിരിക്കുന്ന ഉള്ളടക്കമാണ് ശരിക്ക് നമ്മുടെ പൊതുമ എന്ന് പറയുന്നത്. കഥകളി നമ്മുടെ ക്ലാസിക്കൽ കലയാണ്. ആ കലാരൂപം അർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കപ്പെടേണ്ടതുണ്ട്. അതേസമയം കുഴിമന്തി കേരളത്തിലെ ജനങ്ങളുടെ ഭക്ഷണമാണ്. അത് സമീപ കാലത്ത് വന്നതാണ് എന്നതുകൊണ്ടുതന്നെ ഒരു സീനിയോറിറ്റി പ്രശ്നമുണ്ട്. നേരത്തെ വന്നതെല്ലാം ശ്രേഷ്ഠമാണ്, എന്നാൽ സമീപ കാലത്തു വരുന്നതിനൊക്കെ എന്തൊക്കെയോ കുഴപ്പമുണ്ട്, എന്നുള്ള ബോധം നമുക്കിടയിലുണ്ട്.
ഞാൻ ഈ ഇടപെടൽ നടത്താൻ കാരണം, നവഫാസിസ്റ്റുകൾ കേരളത്തിന്റെ ഭക്ഷണ വിപണി അറബി അഭിരുചി കീഴടക്കും, അത് പ്രതിരോധിക്കപ്പെടണം എന്ന വലിയ ക്യാമ്പയിൻ നടത്തുന്നുണ്ട്. അത്തരം വിലയിരുത്തലുകൾ നിലനിൽക്കെ ഇത്തരത്തിലുള്ള നിരുപദ്രവകരമെന്ന് തോന്നുന്ന അഭിപ്രായങ്ങൾ പോലും സൂക്ഷിച്ച് വേണം പറയാൻ.
നമ്മുടെ വസ്ത്രമെടുത്താലും നമ്മുടെ ഭക്ഷണമെടുത്താലും, നമ്മുടെ ഭാഷ തന്നെ എടുത്താൽ, അതെല്ലാം വിവിധ കാലങ്ങളിൽ നവീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണാം. എന്റെ വീട്ടിലൊന്നും, ടവ്വൽ എന്നോ, കർചീഫ് എന്നോ തൂവാല എന്നോ പറയാറില്ല. 'ഉറുമാൽ' എന്ന വാക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഉറുമാൽ എന്നത് പേർഷ്യയിൽ നിന്ന് മലയാളത്തിലേക് വന്ന വാക്കാണ്. ഞങ്ങളുടെ കുടുംബക്കാരാരും പേർഷ്യയിൽ പോയിട്ടില്ല. ഞങ്ങളുടെ കുടുംബക്കാരൊന്നും പേർഷ്യയിൽ ഉണ്ടായിരുന്നുമില്ല. അത് വിവിധ ചരിത്ര ഘട്ടത്തിലെ മനുഷ്യർ തമ്മിലുള്ള സമ്പർക്കത്തിലൂടെ വരുന്നതാണ്. അതേസമയം നമ്മളുടെ മേൽ കെട്ടിവെക്കപ്പെടുന്നതിനെ നമ്മൾ ചെറുക്കണം. പരസ്പര സമ്പർക്കത്തിലൂടെയുള്ള സമന്വയം സ്വാഗതാർഹമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ അതാണ് സംഭവിച്ചിട്ടുള്ളത്. നേരത്തെ മലബാറിൽ മാത്രമേ കുഴിമന്തി കണ്ടിരുന്നുള്ളൂ. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ കേരളം മുഴുവൻ കുഴിമന്തി. ഒരു ഭക്ഷണ ഇനം മാത്രമാണ് കുഴിമന്തിയെങ്കിലും ഇപ്പോൾ ഹോട്ടലിന്റെ പേരുതന്നെ കുഴിമന്തി എന്നാണ്. പിന്നെ കിഴിശ്ശേരി കുഴിമന്തി ആലുവ കുഴിമന്തി, അങ്ങനെ ഓരോ പ്രാദേശിക കുഴിമന്തിയുടെ വകഭേദങ്ങൾ. പിന്നെ പാവം ഒരു ഭക്ഷണമല്ലേ, വേണ്ടവർ കഴിച്ചാൽ പോരെ?
ശുദ്ധി വാദത്തിന്റെ കുപ്പായമെടുത്തിട്ട് ഇനിയും കേരളത്തിൽ ആശയപ്രചാരണം നടത്തുക എന്നത് ശുദ്ധ അസംബന്ധമാണ്. ഇതിനെല്ലാം പിന്തുണ നല്കാൻ, മുഖ്യധാരാ മാധ്യമങ്ങളും, ജാതിമേൽക്കോയ്മയും, നവഫാസിസവുമുണ്ട് എന്ന ധൈര്യത്തിലാണ് ഇങ്ങനെയൊക്കെ ആളുകൾ സംസാരിച്ച് തുടങ്ങുന്നത്.
നമ്മുടെ നാട്ടിൽ ഒരാൾ മാത്രം കഴിക്കുന്ന ഒരു ഭക്ഷണമുണ്ടെന്നു കരുതുക, അതിനെ ആക്ഷേപിക്കാൻ നിങ്ങൾക്കെന്ത് അധികാരമാണുള്ളത്? നിങ്ങൾക്ക് മിണ്ടാതിരുന്നാൽ പോരെ? ഞങ്ങൾക്കിതാണ് ഇഷ്ടം എന്ന് പറയാം. നിങ്ങളുടെ ഇഷ്ടം കേരളത്തിന്റെ തത്വമല്ല. ആരുടെ ഇഷ്ടവും കേരളത്തിന്റെ തത്വമല്ല. ഇഷ്ടത്തെ തത്വത്തിന്റെ മേൽവസ്ത്രമണിയിച്ച് അവതരിപ്പിച്ചാൽ മലയാളി പുറം കാലുകൊണ്ട് ചവിട്ടി തെറിപ്പിക്കും. പുതിയ ലോകം പിറന്നുകൊണ്ടിരിക്കുകയാണ് എന്ന് പഴയലോകത്തിരിക്കുന്നവർ ദയവു ചെയ്ത് തിരിച്ചറിയണം. ഞണ്ട് ഉൾപ്പെടെയുള്ള പല ഭക്ഷണ സാധനങ്ങളും ആളുകൾ പണ്ട് അറപ്പോടെ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ വളരെ വിലപിടിപ്പുള്ള ഭക്ഷണ സാധനങ്ങളാണ്. അതുപോലെ ഓരോ പ്രത്യേക വിഭാഗങ്ങളുടെ എത്‌നിക് ഭക്ഷണങ്ങളുണ്ടല്ലോ, അത് മറ്റുള്ള വിഭാഗങ്ങളുമായി ഏറെ പങ്കുവെക്കപ്പെട്ടിട്ടുമുണ്ട്. അപ്പോഴാണ് കുഴിമന്തിയെ ചൊല്ലി ഇവിടെ തർക്കം.
ഇതിന്റെയെല്ലാം ഉള്ളിൽ ജാതി മേൽക്കോയ്മയുടെ ഒരു പ്രച്ഛന്ന രൂപമുണ്ട്. മാംസ ഭക്ഷണങ്ങൾക്ക് മൊത്തത്തിൽ എന്തോ പ്രശ്നമുണ്ട്, മാംസം കഴിക്കുന്നവർക്കും എന്തോ കൊഴപ്പമുണ്ട്, ഇതൊരു നല്ല ഭക്ഷണമല്ല തുടങ്ങി ജാതീയതയിൽ ഊന്നി നിൽക്കുന്ന ഒരുപാട് ബോധ്യങ്ങളുണ്ട്. വിവേകാനന്ദനടക്കം പറഞ്ഞിട്ടുണ്ട്, നിങ്ങൾ ബീഫ് കഴിക്കണം, പക്ഷെ അതൊരു പവിത്രമായ ഭക്ഷണമല്ല, പക്ഷെ നിങ്ങൾക്ക് ശക്തി കിട്ടണമെങ്കിൽ ഇന്നത്തെ കാലത് നിങ്ങൾ ഇത് കഴിക്കണം. ഗുണ്ടകൾക്കുള്ള ഭക്ഷണം എന്ന കാഴ്ചപ്പാടാണ് അവിടെ വരുന്നത്. അവിടെയാണ് മഹാത്മാ ഗാന്ധിയുടെ അനുഭവം പ്രധാനമാകുന്നത്, ഗാന്ധിയോട് വിദ്യാർത്ഥികാലത്തെ സുഹൃത്ത് പറഞ്ഞു; ബ്രിട്ടീഷുകാരെ പുറത്താക്കാൻ ശക്തി വേണം, ശക്തി കിട്ടണമെങ്കിൽ മാംസം കഴിക്കണം. അങ്ങനെയാണ് ഗാന്ധി പരീക്ഷണത്തിന് മുതിർന്നതും. കിടന്നുറങ്ങുമ്പോൾ ഗാന്ധി വയറ്റിൽ നിന്ന് ആടിന്റെ കരച്ചിൽ കേട്ടു. അതോടുകൂടി ഗാന്ധി നിർത്തി. അത് നല്ല തീരുമാനമാണ്. എന്നാൽ എല്ലാവരുടെയും വയറ്റിൽ നിന്ന് ആടിന്റെ കരച്ചിൽ കേൾക്കുന്നുണ്ട് എന്ന് പറയുന്നതും, ഇത് കഴിക്കുന്നവരെ ശല്യം ചെയ്യാൻ പോകുന്നതും ചികിത്സ ആവശ്യമുള്ള രോഗമാണ്.
ഇന്ത്യൻ മതപരിവർത്തനത്തിന്റെ ഒരു യുക്തി എന്താണെന്നു വച്ചാൽ, തങ്ങളുടെ ഭക്ഷണ രീതി പരസ്യമായി പ്രഖ്യാപിക്കുക എന്നതാണല്ലോ. ഭക്ഷണം വളരെ സ്വകാര്യമായിട്ടുള്ള ഒരു കാര്യമാണ്. വ്യക്തി അഭിരുചിയുടെ കാര്യം. അത് പരസ്യമാക്കേണ്ട യാതൊരു ആവശ്യവുമില്ല. ഞങ്ങളുടെ ഭക്ഷണം കേമമാണ്, ആ ഭക്ഷണ രീതിയിലേക്ക് മറ്റുള്ളവരെ കൊണ്ട് വരികയാണ് വേണ്ടത്, ഇതാണ് ശ്രേഷ്‌ഠഭക്ഷണം. വി.എൻ. ഗോപാലൻ നായരുടെ 'കേരള സംസ്കാരം' എന്ന പുസ്തകത്തിലാണെന്നു തോന്നുന്നു, അശുദ്ധിയുടെ ഭാഗമായിട്ടാണ് മാംസാഹാരത്തെ കണ്ടത് എന്ന് പറയുന്നുണ്ട്. ഈ പുസ്തകത്തിൽ ഏതു ഭക്ഷണം കഴിക്കാം എന്നൊക്കെ പറഞ്ഞതിന് ശേഷം, അവസാനം പറയുന്നുണ്ട്, എന്നാലും പൊതുവിൽ മാംസാഹാരം ഒഴിവാക്കുന്നതാണ് നല്ലത് എന്ന്. അത് പറയാൻ ഇയാളാരാണ്? ഇത് കഴിക്കുന്ന ആളുകളല്ലേ അത് തീരുമാനിക്കേണ്ടത്? മറ്റൊരു വാദം മാംസം കഴിച്ചാൽ രോഗങ്ങളുണ്ടാകും എന്നതാണ്. അത് അങ്ങേ അറ്റത്തെ അസംബന്ധമാണ്. ഇത് മാത്രം കഴിക്കുന്ന വിഭാഗങ്ങളുണ്ട്. എസ്കിമോ എന്ന് പറയുന്ന വിഭാഗത്തിൽ പെട്ടവർ മാംസം മാത്രമേ കഴിക്കൂ. അവർക്ക് രോഗങ്ങളില്ല.
ആളുകൾക്ക് ആവശ്യമുള്ള ഭക്ഷണം കഴിക്കാൻ കഴിയണം എന്നെ ഉള്ളു. ഇവർ എന്ത് ഭക്ഷണം കഴിക്കുന്നു, ഇവരുടെ ഫ്രിഡ്ജിൽ എന്താണ് ഉള്ളത് എന്നൊക്കെ നോക്കാൻ ആരാണ് ഈ ആളുകളെ ഏൽപ്പിച്ചത്? വളരെ തമാശയായി തോന്നാവുന്ന പലതും അത്ര തമാശയല്ല എന്ന് അടിച്ചമർത്തപ്പെട്ട ജനത തിരിച്ചറിയും. പിന്നീട് അവരത് പറയുമ്പോൾ ജനാധിപത്യ മതനിരപേക്ഷ കാഴ്ച്ചപ്പാടുള്ള ആളുകൾ അത് തിരിച്ചറിയും. അത് അംഗീകരിക്കാൻ കഴിയാത്തവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടകളിലേക്ക് വലിച്ചെറിയപ്പെടും.