ലോകത്തിലെ ഒരു മതവും സ്ത്രീ-പുരുഷ തുല്യത പൂര്‍ണതോതില്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് മതത്തിനകത്ത് തന്നെ സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇസ്ലാം മതത്തിനകത്ത് ഇസ്ലാമിക ഫെമിനിസ്റ്റുകള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. അവര്‍ സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടി മതത്തിനകത്ത് നിന്നുകൊണ്ട് ഇടപെട്ടുകൊണ്ടിരിക്കുന്നു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.ഇ.എൻ എഴുതുന്നു.
ജന്‍ഡര്‍ ന്യൂട്രല്‍ സംവാദത്തില്‍ സൂക്ഷ്മത നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് സെക്‌സും ജന്‍ഡറും തമ്മിലുള്ള വ്യത്യാസം അവ്യക്തമാകുന്നതാണ്. സെക്‌സ് എന്നത് ജീവശാസ്ത്രപരമാണെന്നും ജന്‍ഡര്‍ എന്നത് പ്രത്യയശാസ്ത്ര പരിഗണനയിലാണെന്നും തിരിച്ചറിയുന്നതിലുള്ള വീഴ്ച്ച.
ഉദാഹരണത്തിന് പുരുഷന്മാരുടെ വസ്ത്രം സ്ത്രീകള്‍ ധരിക്കുകയാണെങ്കില്‍ എന്തുകൊണ്ട് സ്ത്രീകളുടെ വസ്ത്രം പുരുഷന്മാര്‍ക്ക് ധരിച്ചുകൂടാ എന്ന ചോദ്യം ഉയരുന്നത് ജന്‍ഡറിനെ കുറിച്ചുള്ള സൂക്ഷ്മമായ ആലോചനയുടെ കുറവില്‍ നിന്നാണ്. നിലവില്‍ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളെല്ലാം സ്ത്രീകളുടെ തെരഞ്ഞെടുപ്പാണ് എന്ന് സ്വയം തീര്‍ച്ചപ്പെടുത്തിക്കൊണ്ടാണ് ഈ ചോദ്യം രൂപപ്പെടുത്തുന്നത്. എന്നാല്‍ സത്യത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവര്‍ ജനിക്കുന്ന സമയം തൊട്ട് വ്യത്യസ്ത രീതിയിലാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. അവരെ തുല്യമായ രീതിയില്‍ വളര്‍ത്തുകയാണെങ്കില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം ഇടിഞ്ഞു വീഴും.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും, ട്രാന്‍സ്ജന്‍ഡര്‍ മനുഷ്യരും ജീവിക്കുന്നത് ഒരേ പുരുഷാധിപത്യ വ്യവസ്ഥതയ്ക്കകത്താണ്.
ഇതൊരു സൈദ്ധാന്തിക പ്രശ്‌നമായിട്ട് നമുക്ക് അനുഭവപ്പെടുന്നത് നമ്മള്‍ പുരുഷാധിപത്യ മൂല്യവ്യവസ്ഥയ്ക്കകത്ത് ജീവിക്കുന്നതുകൊണ്ടാണ്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും, ട്രാന്‍സ്ജന്‍ഡര്‍ മനുഷ്യരും ജീവിക്കുന്നത് ഒരേ പുരുഷാധിപത്യ വ്യവസ്ഥതയ്ക്കകത്താണ്. ഉദാഹരണമായി, ആണ്‍കുട്ടിക്കുള്ള കളികള്‍, പെണ്‍കുട്ടിക്കുള്ള കളികള്‍. ആണ്‍കുട്ടിക്കുള്ള വസ്ത്രം, പെണ്‍കുട്ടിക്കുള്ള വസ്ത്രം. ആണ്‍ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, പെണ്‍കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ രീതിയിലുള്ള വിഭജനമാണ് തുടക്കം മുതലുള്ളത്. അതുകൊണ്ട് വസ്ത്രത്തിന്റെ ഒരു പ്രശ്‌നമായിട്ട് ഇതിനെ ചുരുക്കുന്നത് ഉചിതമാകില്ല.
ജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലും തുല്യരാണ് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവുകയാണ് വേണ്ടത്. അത് ഇന്ന് ഉണ്ടാകണമെങ്കില്‍ ഈ ആണ്‍കോയ്മയുടെ കണ്ണട എടുത്ത് മാറ്റപ്പെടണം. ആ കുതിരക്കണ്ണട എടുത്ത് മാറ്റുമ്പോള്‍ ഇതുവരെ ആണ്‍കോയ്മ അധികാരത്തിന്റെ സൗകര്യങ്ങള്‍ സ്വാഭാവികമായി സ്വീകരിച്ച് ജീവിച്ചുവരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ അമ്പരക്കും.
പുരുഷന്‍ എന്നതിന്റെ ഒരു സ്വാഭാവികമായ നീട്ടിയെഴുത്തല്ല പൗരുഷം എന്നത്. അത് സ്വാഭാവികമാണെന്ന് കരുതുന്നതുകൊണ്ടാണ് ഒരു സ്ത്രീ ധീരമായ ഇടപെടല്‍ നടത്തുമ്പോള്‍, അവള്‍ ഒരു ആണാണ് എന്ന പ്രയോഗമുണ്ടാകുന്നത്
അതുകൊണ്ട് സെക്‌സ് എന്ന് പറയുന്നത് ജീവശാസ്ത്രപരമാണെങ്കില്‍, ജന്‍ഡര്‍ എന്ന് പറയുന്നത് വിവിധ ചരിത്ര ഘട്ടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടതുകൂടിയാണ്. പുരുഷന്‍ എന്നതിന്റെ ഒരു സ്വാഭാവികമായ നീട്ടിയെഴുത്തല്ല പൗരുഷം എന്നത്. അത് സ്വാഭാവികമാണെന്ന് കരുതുന്നതുകൊണ്ടാണ് ഒരു സ്ത്രീ ധീരമായ ഇടപെടല്‍ നടത്തുമ്പോള്‍, അവള്‍ ഒരു ആണാണ് എന്ന പ്രയോഗമുണ്ടാകുന്നത്. സത്യത്തില്‍, പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും അവരുടെ വളര്‍ത്തല്‍ സാഹചര്യത്തിനും അവരുടെ ശാരീരികവും മാനസികവുമായ കഴിവിനനുസരിച്ചും, അവര്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. ഏതെങ്കിലും വിഭാഗത്തിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ അതിന്റെ വേര് അവരുടെ വളര്‍ത്തല്‍ പശ്ചാത്തലത്തിലും സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന പ്രത്യേയശാസ്ത്രത്തിലുമാണ് നമ്മള്‍ പരിശോധിക്കേണ്ടത്.
നമ്മുടെ ഇന്നത്തെ പരിശോധനകള്‍ മുഴുവന്‍ നേരത്തെയുള്ള ആണത്തം പെണ്ണത്തം എന്നീ വാര്‍പ്പ് മാതൃകകളെ വച്ചാണ്. സത്യത്തില്‍ ഈ സാംസ്‌കാരിക വാര്‍പ്പ് മാതൃകകള്‍ തകര്‍ക്കപ്പെടുകയാണ് വേണ്ടത്. ഈ സംവാദത്തിന്റെ ഉപരിപ്ലവതകളെല്ലാം അതോടുകൂടി അവസാനിക്കും.
ലോകത്തിലെ ഒരു മതവും സ്ത്രീ-പുരുഷ തുല്യത പൂര്‍ണതോതില്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് മതത്തിനകത്ത് തന്നെ സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇസ്ലാം മതത്തിനകത്ത് ഇസ്ലാമിക ഫെമിനിസ്റ്റുകള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. അവര്‍ സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടി മതത്തിനകത്ത് നിന്നുകൊണ്ട് ഇടപെട്ടുകൊണ്ടിരിക്കുന്നു.
വസ്ത്രത്തിന്റെ കാര്യം മാത്രമല്ല, സ്വത്തവകാശത്തിന്റെ കാര്യത്തിലും. സ്ത്രീകള്‍ക്ക് ഇപ്പോള്‍ പകുതി സ്വത്ത് മാത്രമല്ലേ കൊടുക്കുന്നത്, അവര്‍ക്ക് പൂര്‍ണ്ണ സ്വത്തിനുള്ള അവകാശമുണ്ട് എന്നതടക്കമുള്ള വാദങ്ങള്‍ ആളുകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അതോടൊപ്പം തന്നെ, സ്ത്രീകള്‍ക്ക് പ്രകൃതി നല്‍കുന്ന ചില പ്രത്യേകതകളുണ്ട് എന്ന അടിസ്ഥാന കഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് മതങ്ങളുടെ സൈദ്ധാന്തികത രൂപപ്പെടുന്നത്. പക്ഷെ മതങ്ങള്‍ ഇവിടെ പ്രകൃതി എന്ന് പറയുന്നത് ശെരിക്കും സെക്‌സ് ആണ്, അത് ജന്‍ഡര്‍ അല്ല.
ട്രാന്‍സ്ജന്‍ഡര്‍ ആളുകളെക്കുറിച്ച് സമൂഹത്തില്‍ ഒരു കൗതുകമായിരുന്നു ഉണ്ടായിരുന്നത്. നിരന്തര സാംസ്‌കാരിക ഇടപെടലുകള്‍ കാരണം അത് മാറിവരുന്നുണ്ട്
സംവാദം അനിവാര്യമായും രൂപപ്പെടുത്തിയെടുക്കേണ്ടത് ലിംഗപദവി സംബന്ധിച്ച കാര്യത്തിലാണ്. അതായത് മതത്തിനകത്ത് നില്‍ക്കുന്നവര്‍ തന്നെ ലിംഗപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നുണ്ട്. എന്നാല്‍, മത കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നവര്‍ ലിംഗപദവിയുമായി ബന്ധപ്പെട്ട് മതത്തിനകത്തു നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള സൈദ്ധാന്തിക സംവാദങ്ങളെ വേണ്ടത്ര സംബോധന ചെയ്യാതെയാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രകൃതിപരമായ വ്യത്യാസത്തെക്കുറിച്ച് പറയുന്നത്.
ട്രാന്‍സ്ജന്‍ഡര്‍ ആളുകളെക്കുറിച്ച് സമൂഹത്തില്‍ ഒരു കൗതുകമായിരുന്നു ഉണ്ടായിരുന്നത്. നിരന്തര സാംസ്‌കാരിക ഇടപെടലുകള്‍ കാരണം അത് മാറിവരുന്നുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകളില്‍ ഇപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ ഉണ്ട്. സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സിലില്‍ വിജയരാജ മല്ലിക ഉണ്ട്. അങ്ങനെ കോടതി വിധികള്‍ക്ക് മുമ്പുതന്നെ പലതരം സാംസ്‌കാരിക ഇടപെടലുകള്‍ നടന്നിട്ടുണ്ട്.
ആണ്‍ ലിംഗവും പെണ്‍ലിംഗവും ഉള്ള കാലം തൊട്ട് ഇവിടെ ട്രാന്‍സ്ജന്‍ഡര്‍ ആളുകളുണ്ട്. എന്നാല്‍, അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വളരെ വൈകി. വൈകിയെങ്കിലും ഉള്‍ക്കൊള്ളുന്നത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. മുമ്പ് ഒരു കൗതുകമായിരുന്നെങ്കില്‍, ഇന്ന് നമ്മളില്‍ ഒരാളായി കാണുന്നു. പക്ഷെ ഇനിയും കുറേ മുമ്പോട്ട് പോകാനുണ്ട്.