Opinion

കോമ്രേഡ്, മാര്‍ക്സിസ്റ്റ്, ഗര്‍ഭഛിദ്രം: കമലയില്‍ ട്രംപ് ചാര്‍ത്തിയ 'കമ്മി' ചാപ്പയും യുഎസ്സിനെ പൊള്ളിച്ച ഹോട്ട് ടോപ്പിക്കുകളും

ലോകം ശ്രദ്ധിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് യുഎസില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ലോക രാഷ്ട്രീയത്തിലും സാമ്പത്തികക്രമത്തിലും വലിയ പങ്കുള്ള രാജ്യമായത് കൊണ്ട് തന്നെ മറ്റു രാജ്യങ്ങളും കമ്പനികളും സംഘടനകളും ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നത് ആരാകും അടുത്ത യുഎസ് പ്രസിഡന്റ് എന്നറിയുവാന്‍ വേണ്ടിയാണ്. എല്ലാ പ്രാവശ്യത്തെയും പോലും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പുതിയതും പഴയതുമായ ഒട്ടേറെ വിഷയങ്ങളും ആരോപണങ്ങളും ചര്‍ച്ചയാകുകയാണ്. ഒന്നുറപ്പിച്ചു പറയാം സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം കമ്യൂണിസം ചര്‍ച്ചയാകുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണ് 2024ലെ യുഎസ് തിരഞ്ഞെടുപ്പ്. കമല ഹാരിസിനെ കമ്യൂണിസ്റ്റ് എന്നും കമ്മി എന്നുമൊക്കെ ചാപ്പ കുത്തി ട്രംപ് നടത്തുന്ന ക്യാമ്പയിന്‍ റിപ്പബ്ലിക്കന്‍ ക്യാമ്പ് മുഴുവനായി ഏറ്റെടുത്തിട്ടുണ്ട്.

ഒരുപക്ഷേ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശവും തരംതാഴ്ന്നതുമായ ആരോപണങ്ങള്‍ ഉന്നയിച്ചും യാതൊരു പരസ്പര ബഹുമാനം ഇല്ലാതെയും സ്ഥാനാര്‍ത്ഥി പെരുമാറുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ കഴിഞ്ഞ പ്രാവശ്യത്തെ തോല്‍വിയെ തുടര്‍ന്ന് ക്യാപിറ്റോള്‍ ബില്‍ഡിങ്ങില്‍ നടന്ന വലതുപക്ഷവാദികളുടെ ആക്രമണവും തുടര്‍ന്നുള്ള അമേരിക്കന്‍ രാഷ്ട്രീയവും വീക്ഷിച്ചാല്‍ മഹത്തായ സ്വയം പ്രഖ്യാപിത ജനാധിപത്യ രാജ്യം നേരിടുന്ന അപചയം വ്യക്തവും പ്രകടവുമാണ്. ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ആര് ജയിക്കുമെന്ന് ആകാംക്ഷയോടെ നോക്കുകയാണ് ലോകം.

ജോ ബൈഡന്റെ പിന്മാറ്റത്തോടെയാണ് യുഎസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂട് പിടിക്കുന്നത്. ഓര്‍മപ്പിശകും അസുഖങ്ങളും അലട്ടുന്ന ജോ ബൈഡന്റെ പ്രസിഡന്റ് കാലം അത്ര മികച്ചതായിരുന്നില്ല. ട്രംപിനെക്കാള്‍ മികച്ച പ്രകടനം ചില മേഖലകളില്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഓര്‍മക്കുറവും മറ്റും മൂലം ഉണ്ടായ ചില അബദ്ധങ്ങള്‍ ബൈഡന്റെ പ്രതിച്ഛായയ്ക്ക് ചെറുതല്ലാത്ത കോട്ടം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഡൊണാള്‍ഡ് ട്രംപ് ഉപയോഗപ്പെടുത്തി ജനശ്രദ്ധയും പിന്തുണയും ആര്‍ജ്ജിക്കുന്ന ഘട്ടത്തിലാണ് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പച്ചക്കൊടി ലഭിക്കുന്നതും കളത്തിലറങ്ങുന്നതും. ഇവരെ രണ്ട് പേരെ കൂടാതെ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി നേതാവ് ചേസ് ഒലിവര്‍, ഗ്രീന്‍ പാര്‍ട്ടി നേതാവ് ജില്‍ സ്റ്റെയിന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി കോര്‍ണെല്‍ വെസ്റ്റ് എന്നിവരും മത്സര രംഗത്തുണ്ട്.

പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍

അബോര്‍ഷന്‍ നിയമങ്ങളാണ് പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്ന്. Roe v/s Wade വിധി സുപ്രീം കോടതി തിരുത്തിയ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ അതിനെ ഒരു രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത് ഡെമോക്രാറ്റുകളാണ്. റോ v/s വെയ്ഡ് വിധിപ്രകാരം അബോര്‍ഷന്‍ ഒരു ഭരണഘടനാ അവകാശമായിരുന്നു. എന്നാല്‍ പുതിയ വിധിയോട് കൂടി സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ സ്വീകരിക്കാമെന്ന അവസ്ഥ വരികയും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങള്‍ അബോര്‍ഷന്‍ നിയമപരമായി നിരോധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്തു കൊണ്ട് ഡെമോക്രാറ്റുകള്‍ മുന്നോട്ട് വരികയും ഈ തിരഞ്ഞെടുപ്പില്‍ കമല ഹാരിസ് ഇതിനെ ഒരു പ്രധാന ദേശീയ അജണ്ടയായി ഉയര്‍ത്തുകയും ചെയ്തു. പുതിയ വിധി വന്നപ്പോള്‍ ട്രംപ് അതിനെ സ്വാഗതം ചെയ്തെങ്കിലും പിന്നീട് തന്റെ നിലപാട് മയപ്പെടുത്തി സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു. റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ നിരോധിക്കപ്പെട്ടതോടെ ചില കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളോട് അബോര്‍ഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് പോകുവാന്‍ പ്രോത്സാഹിപ്പിക്കുവാന്‍ തുടങ്ങി. വനിതകളുടെ അവകാശത്തെ ഹനിക്കുന്ന അബോര്‍ഷന്‍ നിയമങ്ങള്‍ക്ക് എതിരെ തന്റെ പ്രചാരണങ്ങളില്‍ കമല കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. ചില റിപ്പബ്ലിക്കന്‍ ശക്തികോട്ടകള്‍ മാറ്റി നിര്‍ത്തിയാല്‍ പൊതുവികാരം അബോര്‍ഷന്‍ നിരോധന നിയമങ്ങള്‍ക്ക് എതിരാണ്. ഇതിനെ ഉപയോഗപ്പെടുത്തുവാനാണ് ഡെമോക്രാറ്റ് ക്യാമ്പ് ശ്രമിക്കുന്നത്. കോടതി വിധിയുടെ സാങ്കേതികത്വത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ട്രംപ് ശ്രമിക്കുമ്പോഴും പരമ്പരാഗത വോട്ട് ബാങ്കിനെയും പൊതു വികാരത്തെയും ഒരേപോലെ കൊണ്ടുപോകാനുള്ള ശ്രമം അത്ര കണ്ട് വിജയിക്കുന്നില്ല എന്നതാണ് സത്യം. യുഎസ് ഒരു ഇന്ത്യന്‍-കറുത്തവര്‍ഗ്ഗ വംശജയായ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തയ്യാറായി എന്നാണ് കമലയുടെ പ്രധാന ആപ്തവാക്യം. കറുത്ത വര്‍ഗ്ഗക്കാരെയും ഇന്ത്യന്‍ വംശജരെയും ആകര്‍ഷിക്കാനാണ് കമലയുടെ ശ്രമം. ബെര്‍ണി സാന്‍ഡേഴ്സ് അടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് വോട്ട് ചോര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

ട്രംപിന്റെ പ്രധാന പ്രചരണ ആയുധങ്ങള്‍ സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയുമാണ്. ബ്ലൂ കോളര്‍ വോട്ടുകള്‍ അഥവാ മധ്യ വര്‍ഗ്ഗ, തൊഴിലാളി വോട്ടുകള്‍ സമാഹരിക്കാനാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ ശ്രമം. കോവിഡിന് ശേഷമുള്ള സാമ്പത്തിക സ്ഥിതിഗതികള്‍ അത്ര മെച്ചമല്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ബൈഡന്‍-ട്രംപ് താരതമ്യം നടത്തുമ്പോള്‍ യു.എസ് സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും വിലക്കയറ്റം കുറഞ്ഞുവെന്നുമാണ് സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ ജേതാവുമായ പോള്‍ ക്രൂഗ്മാന്റെ അഭിപ്രായം. ട്രംപ് ജയിക്കുന്നത് യു.എസ് സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ഡബിള്‍ ട്രാജഡി ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നികുതികള്‍ കുറയ്ക്കും, കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കും, അമേരിക്കയുടെ യശസ്സ് വീണ്ടെടുക്കും എന്ന വാഗ്ദാനങ്ങള്‍ക്കൊപ്പം കുടിയേറ്റ വിരുദ്ധതയും വംശീയതയും ട്രംപ് ക്യാമ്പയിനിലുണ്ട്.

തന്റെ പ്രസംഗങ്ങളില്‍ കമലയെ കമ്മ്യൂണിസ്റ്റ് എന്നും കമ്മി എന്നുമെല്ലാം വിശേഷിപ്പിക്കുന്ന ട്രംപ് അമേരിക്കയുടെ പൊതു വലതുപക്ഷ ബോധത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഡെമോക്രാറ്റുകളുടെ സാമ്പത്തിക നയങ്ങള്‍ സോഷ്യലിസമാണ്, അത് രാജ്യത്തിനെ തകര്‍ക്കുമെന്നും അമേരിക്കന്‍ സ്വത്വം ഭീഷണി നേരിടുന്നുവെന്നുമാണ് ട്രംപിന്റെ വാദം. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന ശേഷം കമ്മ്യൂണിസവും സോഷ്യലിസവും ചര്‍ച്ച ചെയ്യപ്പെടുന്ന യുഎസ് തിരഞ്ഞെടുപ്പ് ഒരുപക്ഷെ 2024 ആയിരിക്കും. ഈ വിഷയത്തില്‍ ട്രംപിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും എലോണ്‍ മാസ്‌ക് രംഗത്തുണ്ട്. എക്‌സിനെ (ട്വിറ്റര്‍) ട്രംപിന് അനുകൂലമായ സംവാദ ഇടമാക്കി മാറ്റാന്‍ മസ്‌കിനു കഴിയുന്നുണ്ട്. ഒരു ബില്യണയര്‍ എന്തിന് ഒരു തിരഞ്ഞെടുപ്പില്‍ ഇടപെടുന്നു എന്ന ചോദ്യം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ മസ്‌ക് ഇടപെടുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് അല്ല ഇതെന്നാണ് വസ്തുത. ബൊളീവിയയില്‍ ഇവ മൊറാലിസിനെ അട്ടിമറിച്ചതില്‍ എലോണ്‍ മസ്‌കിനു പങ്കുണ്ട്. അത് ഇപ്പോഴത്തെ ട്വിറ്റര്‍ വഴിയായിരുന്നില്ല മറിച്ച് മറ്റു ചില സഹായങ്ങള്‍ വഴിയായിരുന്നു. താത്കാലികമായി ആ ഇടപെടല്‍ വിജയിച്ചെങ്കിലും തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മൊറാലിസിന്റെ പാര്‍ട്ടി നേതാവായ ലൂയിസ് ആര്‍സെ വിജയിക്കുകയും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ഗുരുതരമായ തിരിച്ചടി നേരിടുകയും ചെയ്തു. ട്രംപിന്റെ തോല്‍വി അംഗീകരിക്കാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും തീവ്രവാദ ഗ്രൂപ്പുകളും ക്യാപിറ്റോള്‍ ആക്രമിച്ചതിന് സമാനമായി ബൊളീവിയയിലും തോല്‍വി നേരിട്ട വലതുപക്ഷ പാര്‍ട്ടിക്കാരും അക്രമം നടത്തിയിരുന്നു.

കുടിയേറ്റ വിരുദ്ധതയും, നാടുകടത്തല്‍ വാഗ്ദാനവും ഉപയോഗിച്ച് സാമ്പത്തികമായ അസ്ഥിരതയില്‍ കുടുങ്ങി കിടക്കുന്നവരുടെ ഉള്ളില്‍ ആന്റി- മൈേ്രഗഷന്‍ വികാരങ്ങള്‍ കുത്തിവയ്ക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഈ ശ്രമത്തില്‍ ട്രംപ് വിജയിച്ചപ്പോഴാണ് അയാള്‍ ആദ്യമായി പ്രസിഡന്റ് ആയത്. മിഡില്‍ ക്ലാസ്, ലോവര്‍ ക്ലാസ് വിഭാഗങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ മൂലം അരക്ഷിതരാകുമ്പോള്‍ അവരുടെ അമര്‍ഷത്തെ ഒരു സാംസ്‌കാരിക തലത്തിലേയ്ക്ക് തിരിച്ചുവിടാനും മറ്റൊരു ഭയം ഉത്പാദിപ്പിച്ച് അതിനെ ഉപയോഗപ്പെടുത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ ലോകത്ത് മുഴുവന്‍ ശ്രമിക്കുന്നുണ്ട് എന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയ പ്രണബ് ബര്‍ദന്‍ തന്റെ പുസ്തകമായ 'A World of Insecurity: Democratic Disenchantment in Rich and Poor Countrise'ല്‍ എഴുതുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിലാണ് ഇത് പൊതുവെ കണ്ടു വരുന്നത് എന്ന പ്രണബിന്റെ നിരീക്ഷണം ശരി വയ്ക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് യുഎസില്‍ നടന്നു കൊണ്ടിരിക്കുന്നത്. മെഡികെയര്‍, സാമൂഹിക സുരക്ഷ തുടങ്ങിയവ ഉറപ്പാക്കുമെന്ന് ട്രംപ് വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അതേ ഉറപ്പുകള്‍ ഡെമോക്രാറ്റുകളും നല്‍കുന്നുണ്ട്. നികുതിയിളവ് രണ്ട് കക്ഷികളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആകെയുള്ള വ്യത്യാസം ബൈഡന്റെ ഭരണം മോശമാണ് എന്ന് ട്രംപ് പറയുന്നതും കമല അതിനെ എതിര്‍ക്കുന്നതുമാണ്.

ജനാധിപത്യത്തിന്റെ ആഗോള സംരക്ഷകര്‍ ആയ യുഎസില്‍ ജനാധിപത്യവും ഒരു ചര്‍ച്ചാവിഷയമാണ്. കമ്മ്യൂണിസ്റ്റായ കമല സോഷ്യലിസ്റ്റ് നയങ്ങളിലൂടെ അമേരിക്കയുടെ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നു, വിലയ്ക്കെടുത്ത മാധ്യമങ്ങളെ വച്ച് നുണകള്‍ പരത്താന്‍ നവ സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ ശ്രമിക്കുന്നു തുടങ്ങിയ പതിവ് റിപ്പബ്ലിക്കന്‍ വാദങ്ങളും അതിന് ഒരു സമാന്തര മാധ്യമം എന്ന പോലെ പിന്തുണ നല്‍കുന്ന എലോണ്‍ മസ്‌ക് ഒരു വശത്ത്. മറുവശത്ത് കമല ട്രംപിനെ തുലനം ചെയ്തത് പുടിനോടും, ഷി ജിന്‍ പിങ്ങിനോടും, കിം ജോംഗ് ഉന്നിനോടുമാണ്. ക്യാപിറ്റോള്‍ ആക്രമണത്തിലൂടെ ട്രംപ് ജനാധിപത്യത്തിന് ഒരു ഭീഷണിയാണ് എന്ന് തെളിയിച്ചുവന്നു ഡെമോക്രാറ്റുകള്‍ പറയുന്നു. തന്റെ തോല്‍വി അംഗീകരിക്കാത്ത ട്രംപ് അട്ടിമറി ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാണ് അവരുടെ പക്ഷം. പ്രൗഡ് ബോയ്‌സ്, ഓത്ത് കീപ്പേഴ്സ് തുടങ്ങിയ തീവ്രദേശീയ സംഘടനകള്‍ ആ ആക്രമണങ്ങളില്‍ പങ്കാളികളായിരുന്നു. റഷ്യ, ചൈന ഇടപെടല്‍ നടക്കുന്നുണ്ട് എന്നും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറി ഉണ്ടാകുമെന്നുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് അമേരിക്കന്‍ സാമൂഹിക മാധ്യമങ്ങളില്‍ സ്വീകാര്യതയേറി വരുന്നുണ്ട്. പല രാജ്യങ്ങളിലും 'ജനാധിപത്യം' വച്ചുപിടിപ്പിക്കാനും തിരിച്ചു പിടിക്കാനും സൈന്യത്തെ അയച്ച, അട്ടിമറികള്‍ നടത്തിയ യുഎസില്‍ ഇതെല്ലാം ജനാധിപത്യത്തിന്റെ അട്ടിമറി ചര്‍ച്ചയാകുന്നത് ചരിത്രത്തിന്റെ ഒരു തമാശയായി കാണാം. ഒന്നുകില്‍ ദുരന്തമായോ അല്ലെങ്കില്‍ പ്രഹസനമായോ ചരിത്രം ആവര്‍ത്തിക്കുമല്ലോ.

ഇന്ത്യന്‍ ഡയസ്‌പോറ

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരു പ്രധാനപ്പെട്ട ശക്തിയായി മാറി കഴിഞ്ഞു. നയതന്ത്രത്തില്‍ പോലും ഒരു സുപ്രധാന ഘടകമായി മാറുകയും ഡയസ്‌പോറ ഡിപ്ലോമസിയുടെ ഒരു പ്രധാന ഉദാഹരണമാണ് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ മാറി കഴിഞ്ഞു. കമല ഹാരിസിനെ കൂടാതെ, നിക്കി ഹെയ്ലി, ഉഷ വാന്‍സ്, വിവേക് രാമസ്വാമി, ശിവ അയ്യാദുരൈ, പ്രമീള ജയ്പാല്‍ തുടങ്ങി അനേകം ഇന്ത്യന്‍ വംശജര്‍ ഇരു പാര്‍ട്ടികളിലും യുഎസ് രാഷ്ട്രീയത്തിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാരമ്പര്യമായി ഇന്ത്യന്‍, പാക്ക് തുടങ്ങി സൗത്ത് ഏഷ്യന്‍ വംശജര്‍ ഡെമോക്രാറ്റിനോടൊപ്പമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ കാലക്രമേണ നല്ലൊരു ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ വംശജരെ സ്വാധീനിക്കാന്‍ ഉപയോഗപ്പെടുത്തിയത് നരേന്ദ്ര മോദിയെയാണ്. ഹൗഡി മോഡി പരിപാടിയിലൂടെ ട്രംപ് ആരംഭിച്ച ശ്രമങ്ങള്‍ ചെറുതായി വിജയം കാണുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന അവരെ ഇഷ്ടപ്പെടുന്ന പ്രസിഡന്റായി സ്വയം ഉയര്‍ത്തി കാണിക്കാന്‍ ട്രംപ് ശ്രമിക്കുമ്പോഴും തീവ്ര യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍, റിപ്പബ്ലിക്കന്‍ പോക്കറ്റുകളില്‍ നടത്തുന്ന ചെയ്തികള്‍ പ്രാദേശികമായി പാര്‍ട്ടിയ്ക്ക് തലവേദനയാകുന്നുണ്ട്. സമൂസ കോക്കസ് എന്നറിയപ്പെടുന്ന സൗത്ത് ഏഷ്യന്‍ വോട്ട് ബാങ്കുകളില്‍ ഇപ്പോഴും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ വികാരങ്ങള്‍ക്ക് കുറവില്ല എന്നാണ് ചില സര്‍വേകള്‍ പറയുന്നത്. Indian American Impatc എന്ന ഗ്രൂപ്പ് DesiPresident.com എന്ന വെബ്‌സൈറ്റ് ആരംഭിച്ച് കമല ഹാരിസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ മുന്‍പേ ആരംഭിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകള്‍ ജോ ബൈഡന്റെ പിന്മാറ്റത്തോടെ കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നുണ്ട്. സ്വിങ് സ്റ്റേറ്റുകളില്‍ പെടുന്ന മിഷിഗണ്‍, ജോര്‍ജിയ, അരിസോണ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നാല് ലക്ഷത്തോളം സൗത്ത് ഏഷ്യന്‍ വോട്ടുകളുണ്ട്. എന്നാല്‍ ഹിന്ദൂസ് ഫോര്‍ അമേരിക്ക ഫസ്റ്റ്, അമേരിക്കന്‍ ഹിന്ദു കൊളീഷന്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ ട്രംപിന് വേണ്ടിയാണ് രംഗത്ത് വന്നിട്ടുള്ളത്. നരേന്ദ്രമോദിയുടെ ഡയസ്‌പോറ ഡിപ്ലോമസി അതിന് സഹായകമായി. അബോര്‍ഷന്‍ വിഷയത്തില്‍ ഇന്ത്യന്‍ വംശജര്‍ മാത്രമല്ല സൗത്ത് ഏഷ്യന്‍ വംശജര്‍ മൊത്തമായി ട്രംപിനൊപ്പമാണ്.

നിയമവിരുദ്ധ കുടിയേറ്റം എന്നും നിയമവിരുദ്ധ കുടിയേറ്റം മാത്രമാണ് എന്ന അഭിപ്രായമാണ് റിപ്പബ്ലിക്കന്‍ അനുകൂലികളായ ഇന്ത്യക്കാരുടെ വാദം. 'പൗരത്വം ലഭിക്കുന്നതു വരെ ഡെമോക്രാറ്റുകള്‍, നേടി കഴിഞ്ഞാല്‍ റിപ്പബ്ലിക്കന്‍' എന്നാണ് ഇന്ത്യക്കാരെ കുറിച്ച് ചിലരെങ്കിലും പറയാറുള്ള തമാശ. എന്തായാലും നിയമവിരുദ്ധ കുടിയേറ്റത്തിന് എതിരെ ട്രംപ് പണിയുന്ന മതിലില്‍ ഇന്ത്യയില്‍ നിന്ന് അനധികൃത്യമായി കുടിയേറുന്നവര്‍ക്ക് പ്രത്യേകിച്ച് ആ ഗണത്തിലെ ഭൂരിപക്ഷമായ ഗുജറാത്തികള്‍ക്ക് എളുപ്പം കയറി വരാനുള്ള സംവിധാനം ട്രംപിന്റെ ഹിന്ദുസ്‌നേഹം ഒരുക്കുമായിരിക്കും. ട്രംപ് വിജയിച്ചാല്‍ ഡോങ്കി ഫ്ളൈറ്റുകള്‍ അഥവാ അനധികൃത മാര്‍ഗ്ഗത്തിലൂടെ അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മര്യാദപൂര്‍വം തിരിച്ചയിക്കുമെന്ന് പ്രത്യാശിക്കാം. തീവ്ര നിലപാടുകള്‍ ഇല്ലെങ്കിലും അനധികൃത കുടിയേറ്റം തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കമല ഹാരിസും വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.

എക്‌സില്‍ താമര ചിഹ്നത്തെ ചേര്‍ത്ത് പിടിക്കുന്നവര്‍ ട്രംപിന് വേണ്ടി ആര്‍പ്പ് വിളിക്കുമ്പോള്‍, അമേരിക്കയിലെ ഇന്ത്യന്‍ വാട്‌സാപ്പ് ഗ്രൂപുകളില്‍ LOTUS for POTUS എന്ന ആപ്തവാക്യത്തോടെ കമലയ്ക്ക് വേണ്ടിയുള്ള ക്യാമ്പയിന്‍ നടന്നു കൊണ്ടിരിക്കുന്നു. ഏത് കമലയുടെ (കമല എന്നാല്‍ താമര എന്ന് കൂടി അര്‍ത്ഥമുണ്ട്) പ്രചാരണമാണ് വിജയിക്കുക എന്നത് കാത്തിരുന്നു കാണാം.

വിദേശ നയം

കമല ഹാരിസ് വിജയിച്ചാല്‍ ഇസ്രായേല്‍ ഇല്ലാതാകുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഇസ്രായേലിന് തന്റെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്ന് കമല വ്യക്തമാക്കി. ജൂത വോട്ടര്‍മാര്‍ കൂടാതെ ക്രിസ്ത്യന്‍ സയോണിസ്റ്റുകള്‍, ബിസിനസ്സുകാര്‍ അടങ്ങുന്ന വളരെ വലിയ സ്വാധീനമുള്ള ഒരു ലോബി അമേരിക്കയിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ലോകത്ത് യുദ്ധങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്നും അമേരിക്കയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമാകുന്ന യുദ്ധങ്ങള്‍ സൈനിക ഇടപെടലുകള്‍ ഇല്ലാതാക്കുമെന്നും ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ട്. പൊതുവെ ഒരു സമാധാനവാദി എന്ന മുഖം ഉണ്ടാക്കാന്‍ ട്രംപ് ശ്രമിക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിദേശനയ ചരിത്രത്തില്‍ ഇതൊരു പുതിയ സംഭവമായിരിക്കും. എന്നാല്‍ ട്രംപിന്റെ ഈ വാഗ്ദാനങ്ങള്‍ക്ക് ഒരു പശ്ചാത്തലമുണ്ട്. അമേരിക്കയുടെ നിരന്തര സൈനിക ഇടപെടലും പ്രതിരോധ ബഡ്ജറ്റും സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ പ്രഹരങ്ങള്‍ ഏല്‍പിക്കുന്നുണ്ട്. പൊതുവെ ഇസ്രായേല്‍ അനുകൂലമായ പൊതുബോധം പേറുന്ന അമേരിക്കന്‍ സമൂഹത്തില്‍ ഒക്ടോബര്‍ ഏഴിന് ശേഷം പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പ്രക്ഷോഭങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ട്. കടുത്ത റിപ്പബ്ലിക്കന്‍ അനുകൂല സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലായിടത്തും വലിയ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഒരു പ്രതിഷേധം പോലും നടക്കാതിരുന്നത്. മറ്റെല്ലായിടത്തും അനേകം പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും അതില്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉയര്‍ന്നു വരികയും ചെയ്തതായി Armed Conflict Location & Event Data (ACLED) യുടെ കണക്കുകള്‍ പറയുന്നു.

ഇത് പോലെ ഒരു യുദ്ധവിരുദ്ധ വികാരം അമേരിക്കയില്‍ ഉണ്ടായത് വിയറ്റ്‌നാം യുദ്ധത്തിന്റെ സമയത്താണ്. യുഎസില്‍ ഇടതുപക്ഷവും റാഡിക്കല്‍ സംഘടനകളും ഏറ്റവും ശക്തമായി നിലനിന്നിരുന്ന സമയവും അതായിരുന്നു. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കാന്‍ റൊണാള്‍ഡ് റീഗന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ തീവ്ര മാര്‍ക്‌സിസ്റ്റ് ശക്തികളുടെ ഗൂഢാലോചന എന്ന് വിശേഷിപ്പിക്കുമ്പോഴും യുദ്ധവും അമേരിക്കയുടെ സൈനിക സാമ്പത്തിക സഹായങ്ങളും സമ്പദ് വ്യവസ്ഥയില്‍ ഏല്പിക്കുന്ന ആഘാതത്തിനെ കുറിച്ച് ജനങ്ങള്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ അസന്തുഷ്ടരാണ് എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കും ട്രമ്പിനും അറിയാം. കമല ഹാരിസിനും ഈ തിരിച്ചറിവ് ഉണ്ട്. ഒരു താത്കാലിക വെടി നിര്‍ത്തല്‍ വേണമെന്ന് കമല അലബാമയില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേലിന് വലിയ തോതില്‍ സഹായങ്ങള്‍ നല്‍കാനുള്ള സമ്മര്‍ദ്ദം അമേരിക്കന്‍ ഭരണകൂടത്തിനുമേല്‍ എപ്പോഴും ഉണ്ടാകും. അത് അവിടുത്തെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിന്റെ ജീവവായുവാണ്. ഇടയ്ക്കിടെ അമര്‍ഷം പ്രകടിപ്പിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് ആയുധ സഹായങ്ങളും യുഎന്നില്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്തും സമാധാനിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം മറന്നില്ല. ഇസ്രായേല്‍ അമേരിക്കയുടെ മറ്റൊരു സംസ്ഥാനമായി തുടരുമെന്ന ഉറപ്പ് നെതന്യാഹുവിന് നല്‍കാന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞു.

യുദ്ധവിരുദ്ധന്‍, സമാധാന പ്രിയന്‍ എന്നെല്ലാം പറയുമ്പോഴും ട്രംപിന്റെ പ്രസിഡന്റ് കാലത്ത് സൈനിക ബഡ്ജറ്റില്‍ വലിയ കുറവൊന്നും ഉണ്ടായിരുന്നില്ല. പുതിയ യുദ്ധങ്ങള്‍ തുടങ്ങാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും അത് ചെയ്തില്ല എന്ന ഖ്യാതി പറയുമ്പോഴും അഫ്ഗാനിസ്ഥാനില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണം, യെമനില്‍ ഹൂതി വിമതരെ നേരിടാന്‍ എന്ന പേരില്‍ നടന്ന സൈനിക നടപടി ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി മാറിയതും വെനസ്വേലയിലെ അട്ടിമറിശ്രമം തുടങ്ങി പല കാര്യങ്ങളും ആ കാലയളവില്‍ സംഭവിച്ചിരുന്നു. ഇറക്കുമതി തീരുവകളില്‍ തുടങ്ങി ട്രംപ് ആരംഭിച്ച വാണിജ്യ യുദ്ധം യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു ആഘാതം തന്നെയായിരുന്നു. ട്രംപിന്റെ യുദ്ധവിരുദ്ധ നിലപാട് വളരെ ലളിതമാണ്: അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അതിന്റെ കുഴപ്പങ്ങള്‍ തീരുന്നത് വരെ അമിതച്ചിലവുകള്‍ ഒഴിവാക്കുന്നു. ട്രംപിന് ശേഷം ബൈഡന്‍ വന്നപ്പോള്‍ സ്ഥിതി അല്പം മെച്ചപ്പെട്ടു. ട്രംപിന് സമാനമായ പ്രതിരോധ ബഡ്ജറ്റ് ബൈഡനും പിന്തുടര്‍ന്നു, പ്രതിവര്‍ഷം ബഡ്ജറ്റ് വകയിരുത്തല്‍ ഉയര്‍ന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇരുപാര്‍ട്ടികളുടെയും വിദേശനയം ഫലത്തില്‍ ഒന്ന് തന്നെയാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അത് നേര്‍പ്പിച്ചും വീര്യം കൂട്ടിയും അവതരിപ്പിക്കുമെന്ന് മാത്രം. ചൈനയെയും റഷ്യയെയും ഒന്നിപ്പിച്ചത് ബൈഡന്റെ പരാജയമാണെന്നും അവരെ ഇഴപിരിക്കാന്‍ തനിക്ക് സാധിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം ടക്കര്‍ കാഴ്സണുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. നിലവില്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ പരിഹാരമുണ്ടാക്കാന്‍ താന്‍ ശ്രമിക്കുമെന്ന് ട്രംപ് പറയുകയുണ്ടായി. ഇതിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതിനെ അമേരിക്കന്‍ ദേശീയത കൊണ്ട് പൊതിയാനും പ്രചാരണ ആയുധമാക്കാനും കമല ഹാരിസിന്റെ ക്യാമ്പിന് കഴിയുന്നുണ്ട്. ഉയര്‍ന്നു വരുന്ന യുദ്ധവിരുദ്ധ വികാരങ്ങള്‍ക്ക് നടുവില്‍ നല്ലൊരു അടവുനയമാണ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടാല്‍ ട്രംപിന്റെ ഉള്ളിലെ പഴയ യുദ്ധപ്രേമി ഉയരുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഡൊണാള്‍ഡ് ട്രംപ് മുന്‍പ് നേടിയ വിജയം ലോക സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കയില്‍ ആഴത്തില്‍ വേരൂന്നിയ ഘടനാപരമായ സാമ്പത്തിക പ്രശ്‌നങ്ങളുടെ ഉത്പന്നമാണ്. പ്രണബ് ബര്‍ദന്‍ പറഞ്ഞ പോലെ അരക്ഷിതാവസ്ഥയില്‍ ഉദയം കൊള്ളുന്ന വലതുപക്ഷമാണ് ട്രംപ്. ഇതേ വിഭാഗത്തില്‍ പെടുന്നതാണ് ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്‍. അരക്ഷിതാവസ്ഥയ്ക്കോ സാമ്പത്തിക പ്രശ്നത്തിനോ ഘടനാപരമായ കുഴപ്പങ്ങള്‍ക്കോ ഇവരുടെ കൈയില്‍ പരിഹാരങ്ങള്‍ ഇല്ലെങ്കിലും അല്പം യാഥാര്‍ഥ്യ ബോധത്തോടെ അധികാരം നിലനിര്‍ത്താന്‍ വേണ്ട പ്രായോഗികത ഇവര്‍ക്ക് വശമുണ്ട്. ട്രംപിന്റെ യുദ്ധവിരുദ്ധ പരാമര്‍ശങ്ങള്‍ ചില ഇടതുപക്ഷ ചിന്തകരെ പോലും ആകര്‍ഷിച്ചുവെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ട്രംപും ഓര്‍ബനും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും, നിലനില്‍ക്കുന്ന കുഴപ്പങ്ങളെ മൂര്‍ച്ഛിപ്പിക്കാനും ശ്രമിക്കുമെന്ന സത്യം ഇവര്‍ കാണാതെ പോകുന്നുമുണ്ട്.

താനൊരു പുരോഗമനവാദിയാണ് എന്ന് അഭിനയിച്ചു കൊണ്ട് പാരമ്പര്യ അമേരിക്കന്‍ വിദേശനയങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകുക മാത്രമാണ് ബൈഡന്‍ ചെയ്തതും കമല ഹാരിസ് ചെയ്യുന്നതും. ചരിത്രം പരിശോധിച്ചാല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരോട് കിടപിടിക്കുന്ന യുദ്ധകൊതിയന്മാര്‍ ആണ് ഡെമോക്രാറ്റുകള്‍. ചൈനയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന് ബൈഡന്‍ വെല്ലുവിളിച്ചിരുന്നു. നാന്‍സി പെലോസിയുടെ പ്രകോപനങ്ങളും മറക്കാന്‍ പാടില്ലാത്തതാണ്. ബരാക്ക് ഒബാമ ഒരു യുദ്ധം തുടങ്ങിയെന്നു മാത്രമല്ല ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ എന്ന പേരില്‍ ലാറ്റിന്‍ അമേരിക്കയിലെ രാജ്യങ്ങളെ ദാരിദ്യത്തിലേയ്ക്ക് തള്ളിവിടാനും കൂട്ടുനില്‍ക്കുകയും ചെയ്തു. ഹെയ്തിയില്‍ മിനിമം വേതനം വര്‍ധിപ്പിക്കാന്‍ അവിടുത്തെ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ ഇല്ലാതാക്കാന്‍ ഒബാമ ഭരണം ഇടപെട്ടതിന്റെ തെളിവുകള്‍ വിക്കിലീക്‌സ് പുറത്തു വിട്ടിരുന്നു.

ചില യാഥാര്‍ത്ഥ്യങ്ങള്‍

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ആഴമായി, ഘടനാപരമായി പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. 2007-08 കാലഘട്ടത്തില്‍ സംഭവിച്ച ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ക്രൈസിസില്‍ നിന്നും അതിനു പുറകെ കോവിഡ് സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍ നിന്നും ലോകവും അമേരിക്കയും മുക്തമായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യക്ഷത്തില്‍ ഇത് പ്രകടമല്ലെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ അത് വ്യക്തമായി കാണാം. രണ്ട് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഒരു കാര്യത്തില്‍ ഒരിക്കലും ഒരേ അഭിപ്രായം പറയില്ല എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ഇരുപത്തിമൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കമല ഹാരിസിന് പിന്തുണയുമായി വരികയും ട്രംപിന്റെ നയങ്ങള്‍ വിനാശകരമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നൊബേല്‍ സമ്മാനം ലഭിച്ച അഭിജിത് ബാനര്‍ജിയും ഈ പട്ടികയിലുണ്ട്. ഇത് കൂടാതെ മൊത്തത്തില്‍ 80 നൊബേല്‍ ജേതാക്കള്‍ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേവലം രാഷ്ട്രീയമല്ല, ട്രംപിന്റെ പോളിസികളാണ് പലരും എതിര്‍ക്കുന്നത്. ഗ്ലോബലൈസെഷന്‍ അതിനെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ആഗോള സാമ്പത്തിക ക്രമം പല തകര്‍ച്ചകളിലൂടെയും കടന്നു പോകുകയും ചില പ്രശ്‌നങ്ങള്‍ ബാക്കിയാക്കി തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. തിരിച്ചു വരവുകള്‍ എന്ന് പറയുമ്പോഴും പുതിയ പ്രശ്‌നങ്ങള്‍ തുടങ്ങി വച്ചാണ് ഈ 'വരവുകള്‍' സംഭവിക്കുന്നത്.

ട്രംപ് ഒരു പ്രൊട്ടെക്ഷനിസ്റ്റ് ആണ്. കമല ഹാരിസ് ഒരു ഗ്ലോബലിസ്റ്റും. രണ്ടു നയങ്ങളും സാധാരണ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട് എന്നതാണ് വസ്തുത. അഡ്വാന്‍സ്ഡ് എക്കണോമികളില്‍ ഏറ്റവും കൂടുതല്‍ അസമത്വമുള്ളത് അമേരിക്കയിലാണ്. ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം അമേരിക്കയിലാണ്. ഇതിനൊന്നും പരിഹാരം കാണാന്‍ രണ്ടു പേരുടെയും നയങ്ങള്‍ക്ക് കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇവര്‍ വാഗ്ദാനം ചെയ്യുന്ന നികുതി പോളിസികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നത് അമേരിക്കന്‍ ചരിത്രം പഠിക്കുന്ന ആര്‍ക്കും കൃത്യമായി അറിയാന്‍ കഴിയും. ജൂലിയസ് നയേറെ പറഞ്ഞ പോലെ 'The United States is also a one-party state but, with typical American extravagance, they have two of them.'

എക്സിറ്റ് പോള്‍ പ്രവചിച്ചത്

ചില എക്‌സിറ്റ് പോളുകള്‍ പ്രകാരം, സ്വിങ് സ്റ്റേറ്റുകളില്‍ അഥവാ വിജയം നിശ്ചയിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരു കൂട്ടരും ബലാബലമാണ്. ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ദേശീയ ശരാശരിയില്‍ കമല ഹാരിസ് ട്രംപിനെക്കാള്‍ ഒരു ശതമാനം മുന്നിട്ട് നില്‍ക്കുന്നു. സമാനമായ കണക്കുകള്‍ തന്നെയാണ് ഗാര്‍ഡിയന്‍ പത്രത്തിലും കാണുന്നത്. അരിസോണ ജോര്‍ജിയ മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ സ്വിങ് സ്റ്റേറ്റുകളിലെ ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് വിധി നിര്‍ണയിക്കുക. എന്തായാലും ഒരു നേരിയ മാര്‍ജിന്‍ വ്യത്യാസത്തിലാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ചുമതലയേല്‍ക്കുക. വിധി എന്തുതന്നെയായാലും ക്യാപിറ്റോള്‍ ആക്രമണം പോലെയുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കട്ടെ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT