Opinion

യേശുദാസ്, ഒരു നല്ല ​ഗായകൻ

1958-ല്‍ കേരളത്തിലെ ആദ്യത്തെ സ്‌കൂള്‍ യുവജനോത്സവത്തില്‍ യേശുദാസിന്റെ ശാസ്ത്രീയസംഗീതത്തിന് ഞാന്‍ മൃദംഗം വായിച്ചു. അന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒന്നാം സ്ഥാനം ലഭിച്ചു. യേശുദാസ് അന്ന് പള്ളുരുത്തി ഹൈസ്‌കൂളിനെയും ഞാന്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിനെയും പ്രതിനിധാനം ചെയ്തുകൊണ്ടാണ് ആ അരങ്ങില്‍ എത്തിയത്. കലയുടെ ശ്രീകോവിലിലെ ആ കൂടിച്ചേരല്‍ പിന്നീട് ഒരു ചരിത്രമായി മാറുകയായിരുന്നു. ഇന്നും എന്റെ മനസ്സിന് ആനന്ദം പകരുന്ന സംഭവമാണത്. ഞങ്ങളുടെ ഗുരുനാഥന്‍മാരുടെ അനുഗ്രഹം കൊണ്ട് ഇന്നും ഞങ്ങള്‍ ചലച്ചിത്രരംഗത്ത് കലാസേവനം നടത്തിവരുന്നു. 1963-ല്‍ ആണ് പിന്നീട് ഞാന്‍ യേശുദാസിനെ കാണുന്നത്. മദ്രാസില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. എന്റെ മരിച്ചു പോയ ജ്യേഷ്ഠന്‍ സുധാകരന്റെ ആത്മമിത്രമായിരുന്നു യേശുദാസ്. ജ്യേഷ്ഠന്റെ വീട്ടില്‍ യേശുദാസിനെ കണ്ടപ്പോള്‍ എനിക്ക് സംശയമായി. സംശയം തീര്‍ക്കുവാന്‍ ഞാന്‍ ജ്യേഷ്ഠനോടുതന്നെ ചോദിച്ചു. അതു കേട്ട യേശുദാസ് തന്നെ എന്നോട് പറഞ്ഞത് 'നിന്റെ സംശയം നീ തന്നെ തീര്‍ക്കുക, ഞാന്‍ തന്നെയാണ് യേശുദാസ്' എന്നായിരുന്നു. പിന്നീടങ്ങോട്ട് ഒന്നിച്ചുള്ള സിനിമ കാണലും പാട്ടുകള്‍ കേള്‍ക്കലും ഞങ്ങളുടെ ഹൃദയ ബന്ധത്തെ വളര്‍ത്തി.

1965-ല്‍ ആണ് ഞാന്‍ ആദ്യമായി ഒരു സിനിമാഗാനത്തിന്റെ റിക്കോര്‍ഡിംഗ് കാണുവാന്‍ പോകുന്നത്. അതിനുള്ള നിമിത്തവും യേശുദാസ് തന്നെയായിരുന്നു. 'കാട്ടുപൂക്കള്‍' എന്ന സിനിമക്കുവേണ്ടി ഒ.എന്‍.വി-ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന 'മാണിക്യവീണയുമായെന്‍...' എന്ന ഗാനം യേശുദാസ് പാടി റിക്കോര്‍ഡ് ചെയ്യുന്നതാണ് അന്നു ഞാന്‍ കണ്ടത്. അതിനുശേഷം യേശുദാസ് തന്നെ എന്നെ ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെടുത്തിത്തന്നു. എന്റെ ആ ആദ്യത്തെ റിക്കോര്‍ഡിംഗ് കാഴ്ച എനിക്ക് സമ്മാനിച്ച നല്ലൊരു അനുഭവമായിരുന്നു അത്.

സിനിമയില്‍ യേശുദാസും ഞാനുമായി പത്തോളം ഗാനങ്ങളാണ് ഒരുമിച്ചു പാടിയിട്ടുള്ളത്. ഞങ്ങള്‍ ഒരുമിച്ചു പാടിയ ആദ്യഗാനം വയലാര്‍- ദേവരാജന്‍ കൂട്ടുകെട്ടില്‍ ഉദയായുടെ 'ആരോമലുണ്ണി' എന്ന ഈസ്റ്റ്മാന്‍ കളര്‍ ചിത്രത്തിനുവേണ്ടിയായിരുന്നു. 'പാടാം പാടാം ആരോമല്‍ച്ചേകവര്‍ പണ്ടങ്കം വെട്ടിയ കഥകള്‍...' എന്ന ഗാനമായിരുന്നു അത്. ദേവരാജന്‍ മാസ്റ്റര്‍ക്ക് വേണമെങ്കില്‍ രണ്ട് ഫീമെയില്‍ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് പാടിക്കാമായിരുന്ന പാട്ടായിരുന്നു അത്. എന്നാല്‍ അദ്ദേഹം അതിനുവേണ്ടി തെരഞ്ഞെടുത്തത് ഞങ്ങള്‍ രണ്ടുപേരെയും ആയിരുന്നു. യേശുദാസും ഞാനും വേറെ വേറെ പഠിച്ചാണ് ആ പാട്ട് ഒരുമിച്ചു പാടിയത്. ആരോമല്‍ച്ചേകവരെ അരിങ്ങോടര്‍ ചതിച്ചു കൊന്നതിന്റെ പ്രതികാരാഗ്‌നിയുമായി പകരം വീട്ടാന്‍ പോകുന്ന ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും ഇന്ന് യഥാര്‍ത്ഥത്തില്‍ യേശുദാസും ഞാനുമാണെന്ന് ആരോ പറഞ്ഞുകേട്ടത് ഒരു രസമുള്ള തമാശയായി തോന്നുമെങ്കിലും അതിലൊരു സത്യവുമുണ്ട്. സിനിമയിലെ കഥക്കും കഥാ പാത്രങ്ങള്‍ക്കും ഉപരിയായി ഒരു സംഗീതാത്മക അസ്തിത്വം ആ പാട്ടിലൂടെ ഞങ്ങള്‍ പ്രേക്ഷകമനസ്സില്‍ സ്ഥാപിച്ചതിന്റെ ഉദാഹരണമാണത്.

2010ല്‍ യേശുദാസിന്റെ എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എറണാകുളത്ത് നടന്ന വലിയ സംഗീതനിശയില്‍, 'ഹൃദയ താളം' എന്ന പരിപാടിയില്‍ ഞാനും പങ്കെടുത്തിരുന്നു. അന്ന് ഞാന്‍ എന്റെ പ്രിയപ്പെട്ട ഒരു യേശുദാസ് ഗാനമാണ് അവിടെ പാടിയത്. 'തോക്കുകള്‍ കഥ പറയുന്നു' എന്ന സിനിമക്കുവേണ്ടി 'പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും...' എന്നു തുടങ്ങുന്ന ഗാനമാണത്. വയലാര്‍ രാമവര്‍മ്മയുടെ രചനയില്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ആ ഗാനം എന്റെ പ്രിയപ്പെട്ട ഒരു യേശുദാസ് ഗാനമാണ്.

ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റുള്ള യേശുദാസ് ഗാനങ്ങള്‍ ഇവയാണ്-

1. 'താമസമെന്തേ വരുവാന്‍...' - പി. ഭാസ്‌ക്കരന്‍/ബാബുരാജ്

2. 'ഹിമവാഹിനി ഹൃദയ ഹാരിണി...' - വയലാര്‍/ദേവരാജന്‍

3. 'അപാര സുന്ദര നീലാകാശം...' - പി. ഭാസ്‌ക്കരന്‍/പുകഴേന്തി

4. 'പൊന്നില്‍ കുളിച്ച രാത്രി...' - യൂസഫലി കേച്ചേരി/ദേവരാജന്‍

'ഒരു നല്ല ഗായകന്‍' എന്നാണ് യേശുദാസിനെ ഞാന്‍ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കുന്നത്.

(തയ്യാറാക്കിയത്: ആര്‍.ജി) കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2011 സെപ്തംബര്‍ 3)

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT