Opinion

ഫറൂഖിലേത് ആൾക്കൂട്ട ആക്രമണത്തിന്റെയും അവഹേളനത്തിന്റെയും മറ്റൊരാവിഷ്കാരം

"ട്രാൻസ്ജെൻഡറുകളും സ്വവർഗ്ഗ താൽപര്യമുള്ളവരും എണ്ണത്തിൽ കുറവായിരിക്കാം, എന്നാൽ അവർക്കും മറ്റുള്ളവരെപ്പോലെ ഈ രാജ്യത്തിൽ എല്ലാ പൗരാവകാശങ്ങളുമുണ്ട്. അവരുടെ ലൈംഗികതയെ കുറ്റകരമാക്കുന്നതും അവരെ ഒറ്റപ്പെടുത്തുന്നതും മനുഷ്യാവകാശ ലംഘനമാണ്"

ഒന്നര നൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യൻ നിയമ വ്യവസ്ഥയിലുണ്ടായിരുന്ന വിക്ടോറിയൻ സദാചാര ബാധയും ക്രൂരമായ മനുഷ്യത്വ വിരുദ്ധതയും വലിച്ചെറിഞ്ഞു കൊണ്ട് ലിംഗ/ ലൈംഗിക ന്യൂനപക്ഷങ്ങൾക്കനുകൂലമായ വിധിയിൽ സുപ്രീം കോടതി എഴുതിച്ചേർത്ത നിരീക്ഷണമാണിത്.

ഭരണഘടനാ ധാർമ്മികത മുൻനിർത്തി ലൈംഗികത , ലിംഗ പദവി, സ്ത്രീപക്ഷ രാഷ്ട്രീയം തുടങ്ങിയ പ്രമേയങ്ങൾ നിരന്തരമായി സിനിമകളിൽ ആവിഷ്കരിക്കുകയും അതിന്റെ ഭാഗമായി അഭിനന്ദനങ്ങളെന്ന പോലെ അവഹേളനങ്ങളും അതിരൂക്ഷമായ ആക്രമണങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ചലച്ചിത്രകാരനാണ് ജിയോ ബേബി. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ സിനിമ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വവർഗ്ഗാനുരാഗം ചർച്ച ചെയ്യുന്ന "സീക്രട്ട് മൈൻഡ്സ് "  എന്ന ഹ്രസ്വചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ബാംഗ്ലൂരിലെ ക്വീർ എൽജിബിടി ഫിലിം ഫെസ്റ്റിവൽ, ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ഇടങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. ഷോർട്ട് ഫിലിം വിവാദമായതിനെ തുടർന്ന് ജിയോ ബേബിയെയും മറ്റ് നാല് വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് പുറത്താക്കി. ഈ അനുഭവത്തിന്റെ തുടർച്ചയാണ് ഇപ്പോൾ അദ്ദേഹം നേരിടേണ്ടി വന്ന വിവേചനം.

ഫറൂഖ് കോളേജ് ഫിലിം ക്ലബ് വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിൽ ക്ഷണിച്ച് അവസാന നിമിഷം വേണ്ടെന്ന് വെക്കാൻ ജിയോ ബേബി ചെയ്ത കുറ്റമെന്താണ് ? ലൈംഗികതയെക്കുറിച്ച് തന്റെതായ അഭിപ്രായങ്ങൾ പൊതുവിൽ പറഞ്ഞതോ ? അതോ കാതൽ പോലെ ഒരു പൊളിറ്റിക്കൽ സിനിമ എടുത്തതോ ?

ഫാറൂഖ് കോളേജ് എടുത്ത നിലപാടിൽ അത്ഭുതമില്ല. പല തവണ മുസ്ലിം സമുദായ സംഘടനകൾ ഈ വിഷയത്തിൽ അവരുടെ നിലപാട് വ്യക്തമാക്കിയതാണ്. ജിയോ ബേബി മുന്നോട്ട് വെക്കുന്ന ലൈംഗിക വീക്ഷണം നമ്മൾക്കുണ്ടാവണമെന്ന് ആർക്കും നിർബന്ധിക്കാനാവില്ല. വിശ്വസിക്കുന്ന മതത്തിനനുസരിച്ച ധാർമ്മികത പുലർത്താനും അത് പ്രചരിപ്പിക്കാനും ആർക്കും അവകാശമുണ്ട്. പക്ഷേ അതിൽ നിന്ന് ഭിന്നമായ അഭിപ്രായം പുലർത്തുന്നു എന്നതു കൊണ്ട് മാത്രം ഒരാൾ ക്ഷണിക്കപ്പെട്ട പൊതുപരിപാടിയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നുവെങ്കിൽ അത് ജനാധിപത്യ വിരുദ്ധമായ സമീപനമാണ്.

ക്വീർ വ്യക്തികളുടെയും സ്വവർഗ്ഗാനുരാഗികളുടെയുമൊക്കെ അക്കൗണ്ടുകളിലും പേജുകളിലുമൊക്കെ മുഖമില്ലാത്ത നൂറു കണക്കിന് അക്കൗണ്ടുകൾ നടത്തുന്ന ആൾക്കൂട്ട ആക്രമണത്തിന്റെയും അവഹേളനത്തിന്റെയും മറ്റൊരാവിഷ്കാരമാണിതും.

ഒരു പൊതുവിദ്യാലയത്തിനും അവിടുത്തെ വിദ്യാർത്ഥി യൂണിയനും പ്രാഥമികമായ ഉത്തരവാദിത്തം ഇന്ത്യൻ ഭരണഘടനയുടെ ധാർമ്മികതയോടാവണം.

വിവേചനങ്ങൾ ഭരണകൂടം നമുക്കുമേൽ അടിച്ചേല്പിക്കുമ്പോൾ മാത്രം ഓർക്കേണ്ട ഒന്നല്ല ഭരണഘടന. നമ്മുടെ സാമൂഹ്യ ഇടപെടലിലെ വിവേചനങ്ങളിലും അത് ഓർക്കുന്നത് നന്നായിരിക്കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT