Opinion

ബിജെപിയില്‍ ഉഗ്രശാസനങ്ങളുടെ കാലം അവസാനിക്കുന്നോ?

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് മുതല്‍ എതിര്‍പാളയത്തിലുള്ളവരെ വരുുതിയിലാക്കി സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ച ബി.ജെ.പി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ടി.ജെ. ശ്രീലാല്‍ എഴുതുന്നു.

രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. പലതവണ തെളിയിക്കപ്പെട്ട വസ്തുതയാണിത്. അധികാരം പങ്കിടാന്‍ പരസ്പരം മത്സരിച്ച പാര്‍ട്ടികളും, നേതാക്കളും കൈകോര്‍ക്കുന്നു. തിരഞ്ഞെടുപ്പിനിടെ പറഞ്ഞതെല്ലാം മാറ്റി പറഞ്ഞ്, കെട്ടിപിടിച്ച് ഭരണം പങ്കിട്ടെടുക്കുന്നു. വിമതരായി പടിയിറങ്ങിവര്‍ തിരിച്ചെത്തുന്നു അല്ലെങ്കില്‍ ചുവന്ന പരവതാനി വിരിച്ച് അവരെ തിരിച്ചെത്തിക്കുന്നു. ഇത്തരത്തില്‍ ശത്രുക്കളെ ഒപ്പം ചേര്‍ത്ത് നേട്ടം കൊയ്യുന്നതിന്റെ കുത്തക അടുത്തകാലത്ത് ബിജെപിക്കാണ്. മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ശത്രുപാളയത്തുള്ളവരെ മെരുക്കി വരുതിയിലാക്കി കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്രയുമടക്കം അര ഡസനിലധികം സംസ്ഥാനങ്ങളില്‍ ഈ ഓപ്പറേഷനിലൂടെ താമര വിരിയിക്കാനും വാടാതെ നിലനിറുത്താനും അവര്‍ക്ക് കഴിഞ്ഞു.

ശത്രുക്കളെ ഒപ്പം കൂട്ടാനായെങ്കിലും രാഷ്ട്രീയത്തില്‍ സ്ഥിരമായ മിത്രങ്ങളില്ലെന്ന സത്യം ബിജെപിയെ വേട്ടയാടുകയാണ്. കര്‍ണാടകത്തില്‍ നിന്നുള്ള മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും ജമ്മുകശ്മീര്‍ മുന്‍ഗവര്‍ണര്‍ സത്യപാല്‍ സിങ്ങും ബിജെപിയെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത് ഈ പ്രതിസന്ധിയിലാണ്. ജഗദീഷ് ഷെട്ടര്‍ ഉയര്‍ത്തിയ വിമത വിപ്ലവം ബിജെപിയുടെ കേഡര്‍ അടിത്തറയാണ് ഇളക്കിയതെങ്കില്‍ അതിലും കടുത്തതാണ് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് ഉണ്ടാക്കിയിരിക്കുന്നത്

മാലിക് പ്രതിസന്ധി

വിരമിച്ച രാഷ്ട്രീയ നേതാവിന്റെ ഇച്ഛാഭംഗമെന്ന് പരിഹസിച്ച് സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങളെ നേരിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. സത്യപാല്‍ മാലിക് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ പുതുമയൊന്നുമില്ല. അദ്ദേഹം ഇതേ കാര്യങ്ങള്‍ മുന്‍പ് ചില ചെറുകിട മാധ്യമങ്ങളോട് പറഞ്ഞതുമാണ്. പക്ഷെ കരണ്‍ ഥാപ്പറിനെ പോലെ രാജ്യാന്തരതലത്തില്‍ പോലും അംഗീകരിക്കപ്പെടുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനോട് അത് വീണ്ടും ഏറ്റുപറഞ്ഞത് ഈ പരിഹാസം കൊണ്ട് മാത്രം മറച്ചു പിടിക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത.

പ്രതിപക്ഷത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ സ്വീകാര്യത സത്യപാല്‍ മാലിക്കിന്റെ വിമര്‍ശനങ്ങള്‍ക്ക് ലഭിച്ചുവെന്നതാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബിജെപിയെന്ന രാഷ്ട്രീയ പാര്‍ട്ടി അതിന്റെ അടിത്തറയായി ഉയര്‍ത്തിക്കാട്ടിയിരുന്ന അടിസ്ഥാന തത്വങ്ങള്‍ പോലും മറന്നാണ് മുന്നോട്ട് പോകുന്നതെന്ന കടുത്ത വിമര്‍ശനമാണ് ഭരണഘടന പദവി വഹിച്ചിരുന്ന സ്വന്തം പക്ഷക്കാരനായ മുതിര്‍ന്ന നേതാവ് ഉന്നയിച്ചിരിക്കുന്നത്. ഹിന്ദുത്വ ദേശീയതയാണ് ഇപ്പോള്‍ ബിജെപിയുടെ വജ്രായുധം. സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ ഉയരുന്ന ഏത് ആരോപണങ്ങള്‍ക്കും മറുപടി നല്‍കുന്നത് ഈ ഹിന്ദുത്വ ദേശീയതയില്‍ പിടിച്ചാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഈ വജ്രായുധം തേച്ച് മിനുക്കുന്നതിനിടെയാണ് അതിന്റെ മൂര്‍ച്ഛയും മുനയുമൊടിക്കുന്ന ആരോപണങ്ങളുമായി സത്യപാല്‍ മാലിക് രംഗത്തെത്തിയത്.

സത്യപാല്‍ മാലിക്

2019ല്‍ നാല്‍പത് ധീര ജവാന്‍മാര്‍ വീരമൃത്യു വരിക്കാന്‍ കാരണമായ പുല്‍വാമ ഭീകരാക്രമണം കടുത്ത സുരക്ഷ വീഴ്ചകാരണമാണെന്ന് അന്ന് ജമ്മുകശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ആരോപിക്കുമ്പോള്‍ അത് വെറുതെ തളളിപറയുക എളുപ്പമല്ല. ജമ്മുകശ്മീര്‍ അന്ന് രാഷ്ട്രപതി ഭരണത്തിലായിരുന്നു. അതായത് ഗവര്‍ണറാണ് അന്ന് അവിടത്തെ ഭരണതലവന്‍. ആ ഭരണതലവനാണ് ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം വീഴ്ച മറച്ച് കുറ്റം പാകിസ്താന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് നീക്കമെന്ന് തനിക്ക് മനസിലായെന്ന് കൂടി മുന്‍ ഗവര്‍ണര്‍ ആരോപിക്കുമ്പോള്‍ അതിന്റെ ഗൗരവം വളരെ വലുതാണ്. പ്രത്യേകിച്ച് പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബാലാക്കോട്ട് വ്യോമാക്രമണം നടത്തി മുന്നൂറോളം ഭീകരരെ കൊലപ്പെടുത്തിയെന്ന പ്രചാരണത്തിലൂടെ രണ്ട് മാസം കഴിഞ്ഞ് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍.

സത്യപാല്‍ മാകില് ഉന്നയിച്ച ആരോപണങ്ങള്‍ ഇഴകീറി അതിലെ ചില ചേര്‍ച്ചകുറവുകള്‍ ചൂണ്ടികാട്ടി ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി കോര്‍ബെറ്റ് ദേശീയ ഉദ്യാനത്തിലായിരുന്നുവെന്നും അവിടെ ഫോണ്‍നെറ്റ് വര്‍ക്കില്ലായിരുന്നു എന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍. സാറ്റ്‌ലൈറ്റ് ഫോണ്‍ അടക്കമുള്ള വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെ സുരക്ഷസംവിധാനത്തിന്റെ ഭാഗമാണെന്ന് മുന്‍ഗവര്‍ണര്‍ മറന്നെന്ന പരിഹാസമാണ് ബിജെപി ഉയര്‍ത്തുന്നത്. ഇത്തരം വിമര്‍ശനങ്ങളിലൂടെ മാലിക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ബിജെപിക്ക് കഴിയും. പക്ഷെ അതുകൊണ്ടൊന്നും സത്യപാല്‍ മാലിക്കിന്റെ ആരോപണം ബിജെപിയുടെ ഹിന്ദുത്വ ദേശീയതയ്‌ക്കേല്‍പ്പിച്ച മങ്ങല്‍ മാറ്റാനാകില്ല. പ്രത്യേകിച്ച് പ്രതിപക്ഷം ഈ ആരോപണം ഏറ്റ് പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍. ആ പ്രതിസന്ധി മറികടക്കാതെ ഹിന്ദുത്വ ദേശീയതയെന്ന വജ്രായുധം പഴയത് പോലെ എടുത്ത് പ്രയോഗിക്കാനുമാകില്ല.

ഷെട്ടറുടെ വിമത വിപ്ലവം

മുന്‍മുഖ്യമന്ത്രി, മുന്‍പ്രതിപക്ഷ നേതാവ്, മുന്‍സ്പീക്കര്‍, മുന്‍മന്ത്രി, മുന്‍മേയര്‍. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കര്‍ണാടകയിലെ ഏറ്റവും പ്രധാന നേതാക്കളില്‍ ഒരാള്‍. ഇതിനെല്ലാമുപരി സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ നേതാവാണ് മോദി-അമിത് ഷാ നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പാര്‍ട്ടി വിട്ടു പോയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുളള നേതാവാണ് ഇങ്ങനെ മറുകണ്ടം ചാടിയാല്‍ അതില്‍ അതിശയമോ കൗതുകമോ ഇല്ല. പക്ഷെ കേഡര്‍ സംവിധാനത്തില്‍ അടിയുറച്ച് മുന്നോട്ട് പോകുന്ന ബിജെപിയില്‍ നിന്ന് ഇത്ര പ്രമുഖനായ നേതാവ് പടിയിറങ്ങുക മാത്രമല്ല മറുകണ്ടം ചാടി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്യുന്നുവെന്നത് ചെറിയ പ്രതിസന്ധിയായി കാണാനാകില്ല.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമോ? ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാവിന്റെ അഭാവം ചില മേഖലകളിലെങ്കിലും ബിജെപിക്ക് ക്ഷീണമുണ്ടാക്കും എന്നത് വസ്തുത തന്നെയാണ്. ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഷെട്ടര്‍ മാത്രമല്ല പാര്‍ട്ടി വിട്ടത്. ലിംഗായത്ത് നേതാവും മുന്‍ ഉപമുഖ്യമന്ത്രി, മുന്‍മന്ത്രിയുമായ ലക്ഷ്മണ്‍ സവാഡിയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറി. ഇത്തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ നേതൃത്വത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസിലേക്ക് പോകുന്നത് ബിജെപിക്ക് ജയസാധ്യതയില്ലെന്ന പ്രചാരണത്തിനും ഇടയാക്കിയിട്ടുണ്ട്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള മുന്‍മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയെ ഇറക്കിയും കൂടുതല്‍ ലിംഗായത് നേതാക്കള്‍ക്ക് സീറ്റ് നല്‍കിയും തിരഞ്ഞെടുപ്പ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ കര്‍ണാടക ബിജെപി തുടങ്ങിട്ടുണ്ട്.

ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടത് ലിംഗായത്ത് സമുദായത്തെ അകറ്റും എന്നതിനെക്കാള്‍ അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നല്‍കുന്ന സന്ദേശത്തെയാണ് ബിജെപിയെ ഭയക്കുന്നത്. മോദി- അമിത് ഷാ നേതൃത്വത്തില്‍ അച്ചടക്കത്തിന്റെ വാളോങ്ങി വര വരച്ച് പാര്‍ട്ടിയെ കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ഷെട്ടര്‍ ഉയര്‍ത്തിയിരിക്കുന്ന വിമത വിപ്ലവം. കര്‍ണാടകത്തില്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വിമത വിപ്ലവം മറ്റ് സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. മുതിര്‍ന്ന നേതാക്കളേയും സിറ്റിങ് എംഎല്‍എമാരേയും മാറ്റി നിറുത്തി ചെറുപ്പക്കാരെ രംഗത്തിറക്കി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധത മറികടക്കാം എന്നതാണ് ബിജെപില്‍ ഇപ്പോഴുള്ള ആലോചന. ഈ ആലോചന പരീക്ഷണാടിസ്ഥാനത്തില്‍ കര്‍ണാടകത്തില്‍ നടപ്പിലാക്കാന്‍ ബിജെപി ശ്രമിച്ചത്. ബിജെപി പ്രഖ്യാപിച്ച 189 അംഗ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 52 പുതുമുഖങ്ങള്‍ക്കാണ് അവസരം നല്‍കിയത്.

ആ ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഷട്ടറുടേയും സവാഡിയുടേയും വിമത വിപ്ലവം. പാര്‍ട്ടിക്ക് താഴെ തട്ടില്‍ വരെ വേരുള്ള കര്‍ണാടകയില്‍ മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ച വിമത വിപ്ലവ മാര്‍ഗം ലോക്‌സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. സംസ്ഥാനത്ത് നിയന്ത്രിക്കാന്‍ കഴിയാത്ത ഈ പ്രതിസന്ധി ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായാല്‍ അതുയര്‍ത്തുന്ന വെല്ലുവിളി ചെറുതാകില്ലെന്ന് ദേശീയ നേതൃത്വത്തിന് ബോധ്യമുണ്ട്.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ വിമത വെല്ലുവിളി മറികടന്ന് പുതുമുഖ പരീക്ഷണവുമായി മുന്നോട്ട് പോകാന്‍ ബിജെപിക്കാകും. പക്ഷെ ഫലം മറിച്ചാണെങ്കില്‍ പരീക്ഷണം പരാജയപ്പെടുമെന്ന് മാത്രമല്ല നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വരുന്ന സാഹചര്യമുണ്ടാകും. മോദി- അമിത് ഷാ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോദ്യം ചെയ്യപ്പെടും. അതാണ് ഉഗ്രശാസനങ്ങളുടെ കാലം ബിജെപിയില്‍ കഴിയുന്നോ എന്ന ചോദ്യത്തിന്റെ പ്രസക്തിയും.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT