ആയിഷ റെന്ന 
Interview

‘സമരം ബിജെപി സര്‍ക്കാരിനോടാണ്, സിപിഐഎം പ്രാദേശിക ഘടകത്തോടല്ല’; ആയിഷ റെന്ന അഭിമുഖം  

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

രാജ്യവ്യാപകമായി തുടരുന്ന സിഎഎ പ്രക്ഷോഭത്തിന് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന ആയിഷ റെന്നയും ലദീദ സഖാലൂനും ക്യാംപസിന് പുറത്ത് പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയില്‍ വെച്ച് നടത്തിയ പ്രതിഷേധത്തിനിടെ ആയിഷക്കെതിരെ സിപിഐഎം പ്രവര്‍ത്തകരില്‍ നിന്ന് ആക്രോശങ്ങളുണ്ടായി. വിവാദങ്ങള്‍ക്ക് വഴിയൊരുക്കി സമരത്തിന്റെ ശ്രദ്ധ തിരിക്കാനില്ലെന്നാണ് ആയിഷയുടെ നിലപാട്. സമരത്തിന്റെ ലക്ഷ്യത്തിലാണ് ശ്രദ്ധ ഊന്നേണ്ടതെന്നും എല്ലാവരുടേയും ശബ്ദം കേള്‍ക്കുന്ന രാഷ്ട്രീയമാണ് വേണ്ടതെന്നും ആയിഷ ചൂണ്ടിക്കാണിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മാറ്റിനിര്‍ത്തലുകളേയും സമുദായ നേതാക്കളുടെ തിട്ടൂരങ്ങളേയും ഗൗനിക്കുന്നില്ലെന്ന് പറയുന്നു. ബിജെപി സര്‍ക്കാര്‍ എത്ര അടിച്ചമര്‍ത്തിയാലും പ്രക്ഷോഭം കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിക്കുന്നു. ആയിഷ റെന്ന 'ദ ക്യു'വിന് നല്‍കിയ അഭിമുഖം.

‘അഭിപ്രായം അന്റെ വീട്ടില്‍ പോയി പറഞ്ഞാല്‍ മതി’, കേരളത്തില്‍ വെച്ച്, സിപിഐഎമ്മില്‍ നിന്ന് ഇത്തരമൊരു അനുഭവമുണ്ടായപ്പോള്‍ എന്ത് തോന്നി?

ഞങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഇടയില്‍ ഇങ്ങനെയുള്ള സംഗതികളൊന്നും ഇല്ല. ഈ പ്രക്ഷോഭത്തിന് വേണ്ടി ഒന്നായാണ് എല്ലാവരും പണിയെടുക്കുന്നത്. അവിടെ ആക്രോശങ്ങളും ഭീഷണികളുമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് മുന്നോട്ട് വരണമെന്നാണ് അവരോട് പറയാനുള്ളത്. എന്നോടുള്ള വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എല്ലാവരുടേയും ശബ്ദം പ്രതിഫലിക്കുന്ന ഒരു രാഷ്ട്രീയത്തെയാണ് നാം ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ പിന്നെ ബിജെപി സര്‍ക്കാരിന്റെ കൂടെ കൂടിയാല്‍ മതിയല്ലോ? ഇതിലും വലിയ ഹെയ്റ്റ് ക്യാംപെയ്‌നാണ് ബിജെപിക്കാര്‍ ഞാന്‍ ഡല്‍ഹിയിലായിരുന്ന സമയത്ത് നടത്തിയത്. കുടുംബത്തെ വരെ ടാര്‍ഗറ്റ് ചെയ്തു. അതിനെ അതിജീവിച്ചാണ് മുന്നോട്ടുവരുന്നത്.

ആറ് പേര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ തന്നെയാണ് കാണിക്കുന്നത്. ആ വൈരുദ്ധ്യത്തെ കുറിച്ച് സംസാരിച്ചതിനാണ് അവര്‍ ഇപ്പോള്‍ എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് നയമാണ് കേരളത്തില്‍ പൊതുവേ കാണുന്നത്. ഞാന്‍ എന്റെ ഐഡന്റിറ്റിയില്‍ ഊന്നി സംസാരിച്ചപ്പോള്‍ അത് കുറച്ചുകൂടി പുറത്തുവന്നു എന്നതാണ് വസ്തുത. അത് അഗ്രസീവായി ചിത്രീകരിച്ചു. കേരളത്തിലെ ഈ ഒരു ചെറിയ കാര്യം എന്നെ തീരെ ബാധിച്ചിട്ടില്ല. കൊണ്ടോട്ടിയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. കുറച്ചാളുകള്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കിയത്. അതിന്റെ പേരില്‍ സിപിഐഎമ്മിനെ അടച്ചാക്ഷേപിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ, സോഷ്യല്‍ മീഡിയയിലെ സിപിഐഎമ്മുകാര്‍ ഒറ്റക്കെട്ടായി ഇറങ്ങിയിട്ടുണ്ട്. അതിനേപ്പറ്റി എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. ചില ആളുകള്‍ പിണറായി സര്‍ക്കാര്‍ എന്ന് കേട്ടപ്പോള്‍ തന്നെ എടുത്ത് ചാടിയെന്നേയുള്ളൂ. അവര്‍ വിശദമായി കാര്യങ്ങള്‍ പഠിക്കട്ടെ.

ജനാധിപത്യസംവിധാനമാണല്ലോ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സംസാരിക്കാന്‍ അവകാശമില്ലേ?

തീര്‍ച്ചയായും ഉണ്ട്. വിമര്‍ശനങ്ങള്‍ പറയണം. അതില്‍ കൂടുതല്‍ പ്രതികരിച്ച് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും മാറേണ്ടതില്ലെന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ പോരാടുന്നത് സിപിഐഎമ്മിന്റെ പ്രാദേശിക ഘടകത്തോടല്ല. ബിജെപി സര്‍ക്കാരിനോടാണ്. ആ ധാരണയുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപി സര്‍ക്കാരിന്റെ അജണ്ടകള്‍ക്കെതിരെയാണ് ജാമിയയില്‍ സമരം ആരംഭിച്ചത്. ആ മുന്നേറ്റത്തെ വിവാദത്തില്‍ പെടുത്തി ശ്രദ്ധ തിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രതിഷേധവുമായി തീര്‍ച്ചയായും മുന്നോട്ടുപോകും. ഞങ്ങള്‍ പിന്‍വാങ്ങണമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല.

ഡിസംബര്‍ 17ന് നടത്തിയ ഹര്‍ത്താലിനെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ തള്ളിക്കളയുകയും അവഗണിക്കണമെന്ന് പറയുകയും ചെയ്യുകയുണ്ടായി?

മാറ്റി നിര്‍ത്തുന്നവര്‍ മാറ്റി നിര്‍ത്തിക്കോട്ടെ എന്ന് തന്നെയാണ് പറയാനുള്ളത്. ഈ ഒരു മുന്നേറ്റത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ഞങ്ങളെ മൗദൂദികളെന്നും ജിഹാദികളെന്നും വിളിക്കുന്നത്. അവര്‍ പറഞ്ഞോട്ടെ. അതിനെ ഗൗനിക്കുന്നില്ല. ലക്ഷ്യത്തിലാണ് ശ്രദ്ധിക്കുന്നത്. അതിനിടയില്‍ ഇങ്ങനെ കുറേ സംഗതികള്‍ വരുമെന്നറിയാം. അതിനെയെല്ലാം നേരിട്ടുകൊണ്ടു തന്നെ മുന്നോട്ടുപോകും. ഭരണഘടനയില്‍ ഊന്നിപ്പറയുന്ന അവകാശങ്ങളുണ്ട്. അതിന് വേണ്ടി വാദിച്ചുകൊണ്ടേയിരിക്കും. സമരത്തിനിടയില്‍ ചിലര്‍ ‘വീ വാണ്ട് ജസ്റ്റിസ്’ എന്നെല്ലാം പറയുന്നുണ്ട്. അവകാശങ്ങള്‍ അവകാശങ്ങളായി തന്നെ കിട്ടണമെന്ന് തന്നെയാണ് പറയേണ്ടത്. ജാമിയയിലെ സമരം ഒരു മുസ്ലീം-ദളിത് ബഹുജന്‍ മുന്നേറ്റത്തിന്റെ ഉയര്‍ന്നുവരലാണ്. തീവ്രവാദിയെന്നും ജിഹാദിയെന്നെല്ലാം പറയുന്നവര്‍ പറഞ്ഞോട്ടെ. നടക്കുന്നത് ശരിയായ പാതയിലാണെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇത്രയും വിമര്‍ശനങ്ങള്‍ വരുന്നതും അതുകൊണ്ടാണ്. വിമര്‍ശനങ്ങള്‍ നമ്മളേയും മുന്നേറ്റത്തേയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. തളര്‍ത്താമെന്ന ഉദ്ദേശത്തിലാണ് വിമര്‍ശിക്കുന്നതെങ്കില്‍ അത് സംഭവിക്കാന്‍ പോകുന്നില്ല.

സമരത്തിനിറങ്ങുന്ന മുസ്ലീം സ്ത്രീകളെ ഇ കെ സമസ്ത വിഭാഗം താക്കീത് ചെയ്യുകയുണ്ടായി. പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റ് വരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് പറയുന്നു

അതിനെയെല്ലാം ആ രീതിയില്‍ തന്നെ തള്ളിക്കളയണം. ഖുര്‍ ആനും ഇസ്ലാമും പ്രസ്ഥാനവും പഠിച്ചുവളര്‍ന്ന ഒരാളാണ് ഞാനും. അനീതി കാണുന്നിടത്ത് സ്ത്രീ പുരുഷ ഭേദമന്യേ പ്രതികരിക്കാനുള്ള അവകാശം പടച്ചോനും ഖുര്‍ ആനും മുന്നോട്ടുവെയ്ക്കുന്നുണ്ട്. സമുദായ നേതാക്കള്‍ പറയുന്നത് പറഞ്ഞോട്ടെ. അവരെ ഗൗനിക്കേണ്ടതില്ല. വിവാദങ്ങള്‍ ഈ സമരത്തിന്റെ ശ്രദ്ധ കുറയ്ക്കും എന്നുള്ളതുകൊണ്ടാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്ക് അധികം മുതിരാതിരുന്നത്. തമ്മില്‍ തല്ലുന്നവര്‍ തല്ലിക്കോട്ടെ. ജനം മുന്നോട്ടുവരുന്നത് സമുദായ നേതാക്കളുടെ വാക്കുകേട്ടിട്ടല്ല. ഡല്‍ഹി ജമാ മസ്ജിദിലെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് ചന്ദ്രശേഖര്‍ ആസാദാണ്. അദ്ദേഹത്തേപ്പോലെയുള്ളവരും വിദ്യാര്‍ത്ഥികളും താഴേതട്ടിലുള്ള മുസ്ലീംകളുമാണ് ഈ പ്രക്ഷോഭത്തിന് മുന്നിലുള്ളത്. അങ്ങനെയുള്ള ഒരു മുന്നേറ്റമാണ് ആഗ്രഹിക്കുന്നതും. മുഖ്യധാരയിലുണ്ടായിരുന്നവര്‍ നയിച്ചിട്ടും നമുക്ക് വലിയ നേട്ടങ്ങളുണ്ടായിട്ടില്ല. ഈ മനുഷ്യന്‍മാര്‍ കാര്യങ്ങള്‍ കുറച്ചുകൂടി വിശദമായി പഠിക്കാന്‍ ശ്രമിക്കണം. ഒരു വൈകാരിക വിക്ഷോഭത്തിന്റെ പുറത്ത് പ്രതികരിക്കുന്നതിന് അപ്പുറത്ത് കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കുകയാണ് വേണ്ടത്. ന്യൂനപക്ഷം അവരുടെ നിലനില്‍പിന് വേണ്ടി നേരിട്ട് ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. വിജയം കാണും എന്നുള്ളിടത്താണ് ഇപ്പോള്‍ ഉള്ളത്.

ധാരാവിയില്‍ 25,000 പേര്‍ പങ്കെടുത്ത പ്രതിഷേധറാലി 

രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന സിഎഎ പ്രക്ഷോഭത്തിന് ഊര്‍ജം നല്‍കുന്നതില്‍ ജാമിയ സമരം നിര്‍ണായക പങ്കുവഹിച്ചിരുന്നല്ലോ, ഇപ്പോള്‍ എന്താണ് ക്യാംപസിലെ അവസ്ഥ?

സമരങ്ങള്‍ ഇനിയും ശക്തിപ്പെടും. ജാമിയയില്‍ ഇപ്പോഴും സമരം തുടരുകയാണ്. 16-ാം ദിവസം കഴിയുന്നു. അടിച്ചമര്‍ത്തലുണ്ടായ അന്ന് തന്നെ വിദ്യാര്‍ത്ഥികളോട് വീട്ടില്‍ പോകാന്‍ പറഞ്ഞതാണ്. എന്നിട്ടും അവര്‍ ഡല്‍ഹിയിലെ കഠിനമായ തണുപ്പിനെ അതിജീവിച്ചുകൊണ്ട് അവിടെ സമരം ചെയ്യുന്നുണ്ടെങ്കില്‍ ഈ പ്രക്ഷോഭം മുന്നോട്ടുതന്നെ പോകും.

കുറഞ്ഞത് 26 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ആയിരങ്ങള്‍ ജയിലിലാണ്. വീടുകള്‍ കൊള്ളയടിക്കപ്പെടുന്നെന്ന് കേള്‍ക്കുന്നു. പ്രക്ഷോഭത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ ചില സോഷ്യല്‍ മീഡിയ ഉടമകള്‍ ആല്‍ഗരിതം വ്യത്യാസപ്പെടുത്തി റീച്ച് കുറക്കുകയാണെന്ന് ആരോപണങ്ങളുണ്ട്. വാര്‍ത്തകള്‍ പലതും എത്തുന്നതുപോലുമില്ല.

ഈ പ്രക്ഷോഭം ആക്രമണോത്സുകമാക്കണം എന്നത് സര്‍ക്കാര്‍ വ്യക്തമായി നിശ്ചയിച്ചിട്ടുള്ള കാര്യമാണ്. ജാമിയയിലെ അടിച്ചമര്‍ത്തല്‍ പോലും അതിന്റെ അടിസ്ഥാനത്തിലാണ്. അവരുടെ ഉദ്ദേശങ്ങളെയെല്ലാം നമ്മള്‍ പൊളിക്കുക തന്നെ ചെയ്യും. എത്രത്തോളം അവര്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നോ അതിനേക്കാള്‍ വീര്യത്തില്‍ മുന്നോട്ടുപോകും. അണഞ്ഞുപോകുന്ന ഒരു സമരമല്ല. ഇത് നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കും.

പൊലീസ് ലാത്തിചാര്‍ജില്‍ കാഴ്ച്ച നഷ്ടപ്പെട്ട ജാമിയ വിദ്യാര്‍ത്ഥി മൊഹമ്മദ് മിനാജുദ്ദീന്‍ 

എന്തായിരിക്കും സമരത്തിന്റെ അടുത്ത ഘട്ടം?

ജനുവരി 22ന് സുപ്രീം കോടതി എന്തു പറയും എന്നാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അതിനിടയില്‍ സമരം തുടരും, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് സര്‍ക്കാരില്‍ ഏതെല്ലാം തരത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പറ്റുമോ അതെല്ലാം ചെയ്യും, സുപ്രീം കോടതി എന്ത് പറയുന്നു എന്നതിന് അനുസരിച്ചിരിക്കും സമരത്തിന്റെ അടുത്ത ഘട്ടത്തിലെ മുന്നോട്ട് പോക്ക്. സമാധാനപരമായി തന്നെ സമരം തുടരും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT