ശബരിമല യുവതീപ്രവേശനത്തിന് മുന്‍കൈയെടുക്കേണ്ടെന്നും വിശ്വാസികളുടെ വികാരം മാനിക്കണമെന്നുമുള്ള നിലപാടെടുത്തതോടെ ഹിന്ദുത്വ ഭീകരതയേയും ബ്രാഹ്മണാധിപത്യത്തേയും ഒരുതരത്തിലും ചോദ്യം ചെയ്യാന്‍ കെല്‍പില്ലാത്ത വിഭാഗമായി സിപിഎം മാറിയെന്ന് സാമൂഹ്യനിരീക്ഷകനും ചിന്തകനുമായ സണ്ണി എം കപിക്കാട് . ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുജനാധിപത്യമുന്നണിയില്‍ ഒറ്റപ്പെട്ടു പോയെന്നും ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി എം കപിക്കാട് പറഞ്ഞു.
ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയതോടെ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വ ലൈനിലേക്ക് സിപിഎം മാറിയിരിക്കുകയാണെന്ന് നവോത്ഥന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചിരിക്കുന്നു. സിപിഎമ്മിന്റെ നിലപാട് മാറ്റത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്
പുന്നല ശ്രീകുമാര്‍ നടത്തിയ വിമര്‍ശനം തീര്‍ത്തും ശരിയാണെന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല മൃദുഹിന്ദുത്വം എന്ന് വിളിക്കേണ്ടതുണ്ടോ എന്നത് പോലും സംശയാസ്പദമാണ്. അത് ഒരുപടി കൂടി കടന്ന് ഹിന്ദു സാമൂഹിക ധാര്‍മ്മികതയെ ഒരുതരത്തിലും ചോദ്യം ചെയ്യാന്‍ കെല്‍പില്ലാത്ത വിഭാഗമായി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മാറി എന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം. ശബരിമലയില്‍ നമ്മള്‍ നേരിട്ട ഒരു പ്രശ്‌നം സുപ്രീംകോടതി വിധി നടപ്പാക്കണോ വേണ്ടയോ എന്ന തര്‍ക്കമായിരുന്നു. വിധി നടപ്പാക്കാന്‍ നിയമപരമായി സര്‍ക്കാറിന് ബാധ്യതയുണ്ടായിരുന്നു. ഹിന്ദു ധാര്‍മ്മികതയുടെ വക്താക്കള്‍ സ്വാഭാവികമായും അതിനെതിരെ രംഗത്ത് വന്നു. ഭരണഘടനയുടെ ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിച്ചും സ്ത്രീപുരുഷ സമത്വത്തിന്റെ അനിവാര്യതയെ അടിവരയിട്ടും വലിയൊരു പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കഴിയുമായിരുന്നു അവരതിന്റെ വക്താക്കളായിരുന്നുവെങ്കില്‍. അവരാരും തന്നെ രംഗത്ത് വന്നില്ല. എന്നുമാത്രമല്ല തിരഞ്ഞെടുപ്പ് പരാജയമുണ്ടായപ്പോള്‍ ശബരിമല കാരണമാണ് പരാജയപ്പെട്ടതെന്നും സ്ത്രീകളെ കയറ്റേണ്ടിയിരുന്നില്ലെന്നും ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ടയിരുന്നില്ലെന്നും ആള്‍ക്കൂട്ടത്തിന്റെ അധാര്‍മ്മികമായ നീക്കത്തെ പിന്തുണയ്‌ക്കേണ്ടതായിരുന്നുവെന്നുമാണ് സിപിഎം ഇപ്പോള്‍ പറയുന്നതിന്റെ അര്‍ത്ഥം. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് വളംവെച്ചു കൊടുക്കുകയാണ്. അവര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ കേരളീയ സമൂഹത്തിനോ ഗുണം ചെയ്യില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്.
സിപിഎമ്മിന്റെ നിലാപട് മാറ്റം കേരളീയ സമൂഹത്തില്‍ ഏത് രീതിയിലായിരിക്കും പ്രതിഫലിക്കുക
ശബരിമലയില്‍ ആരംഭിച്ചതല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിന്ദുത്വ ആഭിമുഖ്യം. മുമ്പും ഹിന്ദുത്വത്തെ അടിസ്ഥാനപരമായി വിമര്‍ശിക്കുന്നതില്‍ പരാജയപ്പെട്ടവരാണ്. കാരണം ഹിന്ദു ധാര്‍മ്മികതയെയോ അതിന്റെ പ്രത്യയശാസ്ത്രത്തെയോ മിത്തോളജിയേയോ വിമര്‍ശിക്കുന്നതിനോ അതിന്റെ ആശയപ്രപഞ്ചത്തെ എതിര്‍ക്കുന്നതോ ആയ ചരിത്രം ഇടതുപക്ഷത്തിനില്ല. ഇപ്പോള്‍ തെളിഞ്ഞ് പുറത്തു വന്നിരിക്കുന്നുവെന്നേയുള്ളു. യഥാര്‍ത്ഥത്തില്‍ നവഹിന്ദുത്വം ഉയര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ നിലപാടെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ജനാധിപത്യ പ്രസ്ഥാനം കേരളത്തില്‍ ഇല്ല എന്നതാണ് നമ്മള്‍ നേരിടുന്ന പ്രശ്‌നം. കോണ്‍ഗ്രസായാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയായാലും ഹിന്ദുത്വത്തോട് വോട്ട് ബാങ്ക് ലക്ഷ്യമിട്ട്് വിധേയപ്പെടുമ്പോള്‍, വിശ്വാസികളെ ഞങ്ങളുടെ കൂടെ പോരൂ എന്ന് ആഹ്വാനം ചെയ്യുമ്പോള്‍, തത്വത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഹിന്ദുത്വ ഭീകരതയോട് എതിരിടാനുള്ള ജനാധിപത്യധാര അപ്രത്യക്ഷമാകുകയാണ്. ആരാണ് കൂടുതല്‍ ഹിന്ദുവായിരിക്കേണ്ടതെന്ന മത്സരത്തിലേക്ക് കേരളം കടക്കാന്‍ പോകുകയാണ്. അത് കോണ്‍ഗ്രസാണോ കമ്യൂണിസ്റ്റാണോ അതോ ബിജെപിയാണോ എന്നത് മാത്രമാണ് ചോദ്യം. ഈ സംഭവത്തോടെ പിണറായി വിജയനെ പോലുള്ള ഭരണാധികാരി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്ത് വലിയ തോതില്‍ ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ശബരിമലയില്‍ സ്ത്രീകളെ കയറ്റുകയല്ല സിപിഎമ്മിന്റെ നിലപാടെന്ന് സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനാണ് വ്യക്തമാക്കിയിട്ടുള്ളത്. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പാര്‍ട്ടിയുടെ നിലപാട് മാറ്റം മുഖ്യമന്ത്രിക്കുണ്ടായ തിരിച്ചടിയായി കാണാന്‍ കഴിയുമോ
തിരഞ്ഞെടുപ്പാനന്തരം ഇവര്‍ അത്യന്തം അരാഷ്ട്രീയമായ വിശകലമാണ് തിരിച്ചടിയെക്കുറിച്ച് നടത്തിയിട്ടുള്ളതെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. പരാജയത്തിന് കാരണം ശബരിമലയല്ല. അത് അവരുടെ തെറ്റിദ്ധാരണയാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദേശീയമായ ശബ്ദമല്ലാതായി മാറിയ ഇടതുപക്ഷത്തിന് ജനങ്ങള്‍ എന്തിന് വോട്ടു ചെയ്യണം. ഇന്ത്യ നാളെ എങ്ങനെ ഭരിക്കുമെന്ന് അവര്‍ക്ക് വോട്ട് ചെയ്യുന്നവരോട് പറഞ്ഞിട്ടുണ്ടോ. അവര്‍ ഭരണത്തില്‍ വന്നാല്‍ എന്തെല്ലാം നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടോ. ദേശീയ രാഷ്ട്രീയത്തില്‍ സാന്നിധ്യം പോലുമല്ലാത്ത ഒരു പാര്‍ട്ടിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല എന്നത് ബഹുജനങ്ങളുടെ കുറ്റമല്ല. അവര്‍ വോട്ട് ചെയ്യില്ല. അതേസമയം തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ഗാന്ധി ഇന്ത്യ ഭരിക്കാന്‍ സാധ്യതയുണ്ടെന്നുള്ള പ്രചരണം ശക്തമായിട്ടുണ്ടായി. അതിന്റെ ഭാഗമായി ഐക്യജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്തു. രണ്ടാമതൊരു കാര്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ കാസര്‍ക്കോട് രണ്ട് ചെറുപ്പക്കാരെ അവര്‍ കൊലപ്പെടുത്തി. കൊലപാതകം നടന്നുവെന്ന് മാത്രമല്ല അതിലെ പ്രതികളോ അവരെ സഹായിക്കുന്നവരോ ആണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന ജയരാജനടക്കമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ മലബാറില്‍ നിന്ന് അവര്‍ തൂത്തുമാറ്റപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇല്ലെങ്കില്‍ കാസര്‍കോട് പോലുള്ള ഒരു സ്ഥലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താനെ പോലുള്ള ഒരു സ്ഥാനാര്‍ത്ഥി ജയിക്കില്ല. ശബരിമലയാണെന്നതൊക്കെ വെറുതെ പറയുന്നതാണ്. അത് കേരളത്തിലെ സവര്‍ണസംഘടനകള്‍ ഉന്നയിച്ച വാദമാണ്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ പരിശ്രമിച്ചാല്‍ ഞങ്ങളാരും വോട്ട് ചെയ്യില്ലെന്ന വാദം സവര്‍ണ സമൂഹമാണ് ഉയര്‍ത്തിയത്. അതിന് ബദലായിട്ടുള്ള നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുണ്ടാക്കിയിട്ട് അതിനെയും റദ്ദ് ചെയ്തിട്ട് എന്‍എസ്എസിന്റെ വാദത്തെ ഏറ്റെടുക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍ ചെയ്തിരിക്കുന്നത്. സൂക്ഷമമായി കേരളത്തിലെ സവര്‍ണ സേവ പുറത്ത് വരാന്‍ പോകുന്നു. അതാണ് കേരളം നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധി.
പുരോഗമന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന പ്രതീതി സമൂഹത്തിലുണ്ടാക്കിയിട്ട് പിന്നോട്ട് പോകുമ്പോള്‍ ഇപ്പോള്‍ കൂടെ നിന്ന ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈവിടില്ലേ
നേരത്തെ വോട്ട് ചെയ്തുവെന്ന് പറയുന്ന സവര്‍ണ വിഭാഗവും വിട്ട് പോവുകയും പരമ്പരാഗതമായി വോട്ട് ചെയ്തിരുന്ന കീഴ്തട്ട് വിഭാഗങ്ങളില്‍ ഈ നിലപാട് മാറ്റത്തിലൂടെ കനത്ത അസംതൃപ്തി രൂപപ്പെടുകയും ചെയ്യുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. രാഷ്ട്രീയ അന്ധത ബാധിച്ചവര്‍ നഷ്ടക്കച്ചവടത്തില്‍ ചെന്നു ചാടുമെന്ന് ഉറപ്പാണ്. അവര്‍ക്ക് വസ്തുതാപരമായി ഇന്ത്യന്‍ സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള നിലപാടെടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പിണറായി വിജയന്‍ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് പറയുക മാത്രമല്ല നടപ്പിലാക്കരുതെന്ന് പറയുന്ന സാമുദായിക രാഷ്ട്രീയ നേതൃത്വങ്ങളെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പാര്‍ട്ടികളും ഘടക സംഘടനകളും പരിപൂര്‍ണമായും നിശബ്ദമായിരുന്നുവെന്നാണ് നമ്മള്‍ പഠിക്കേണ്ട പാഠം. എസ്എഫ്‌ഐക്കാരനോ ഡിവൈഎഫ്‌ഐക്കാരനോ രംഗത്ത് വന്നില്ല. സമരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സ്വന്തം മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍ അതിനെതിരെ ഒരു പ്രകടനം പോലും നടത്താത്ത മാന്യന്‍മാരാണ് ഇപ്പോള്‍ പറയുന്നത് പിണറായി വിജയന്‍ എടുത്ത നിലപാട് തെറ്റായിപ്പോയെന്ന്. ഇവര്‍ ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയും ഏറ്റവും അവസാനം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഘട്ടത്തില്‍ പിണറായി വിജയനെ അടക്കം ഒറ്റപ്പെടുത്തുന്ന അനാലീസിസിലേക്ക് എത്തുന്നത്. വിട്ട് പോയ ഭക്തര്‍ തിരിച്ചു വന്നുവെന്ന തികച്ചും വ്യാജവും അരാഷ്ട്രീയവുമാണ് പ്രസ്താവന. പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് രൂപപ്പെടുന്ന ആള്‍ക്കൂട്ട ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനാണെങ്കില്‍ നമ്മളെന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അവരുടെ കൂടെയങ്ങ് കൂടിയാല്‍ പോരെ. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ആള്‍ക്കൂട്ടത്തിന്റെ അന്തവിശ്വാസത്തെ തിരുത്താന്‍ കൂടിയുള്ളതാണ്. ആ ഉത്തരവാദിത്വം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ട്. സാമൂഹിക ധാര്‍മ്മികതക്കെതിരെ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് മലയാളിയെ ഉദ്‌ബോധിപ്പിക്കുന്നതിന് പകരം ഈ സാമൂഹിക ധാര്‍മ്മികതയുടെ വക്താക്കള്‍ അഴിഞ്ഞാടിയപ്പോള്‍ നിശബ്ദരായിരിക്കുകയും പരാജയപ്പെട്ടപ്പോള്‍ അത് കുഴപ്പമായിപ്പോയെന്ന് പറയുന്ന ഒരുതരം അരാഷ്ട്രീയമായ സമീപനമാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ എടുത്തത്. ഭാവി കേരളം ആ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല.
സര്‍ക്കാറിലെ പ്രധാന പാര്‍ട്ടി ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിക്കഴിഞ്ഞു. നവോത്ഥാന സമിതിക്ക് ഇനി പ്രസക്തിയുണ്ടോ
തത്വത്തില്‍ ആ സമിതി പിരിച്ചു വിട്ടിരിക്കുന്നു. നവോത്ഥാന മൂല്യങ്ങളെയോ ധാരങ്ങളെയോ വീണ്ടെടുക്കാനോ വികസിപ്പിക്കാനോ ആലോചിക്കുന്നുണ്ടെങ്കില്‍ പുനരാലോചന നടത്തണമെന്ന് പുന്നല ശ്രീകുമാറുിനോട് പറഞ്ഞിട്ടുണ്ട്. ഇനി ഈ ഗവര്‍ണമെന്റോ പാര്‍ട്ടികളോ ഇത്തരം പരിശ്രമങ്ങളെ ഏതെങ്കിലും തരത്തില്‍ പിന്തുണയ്ക്കില്ല. സ്വന്തം നിലപാടില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകുന്നതിന് അടുത്ത ദിവസം കൂടിക്കാഴ്ച നടത്തും.
ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ അത്തരം ഒരു കൂട്ടായ്മ രൂപീകരിക്കുമെന്നാണോ
കേരളത്തിലെ നവോത്ഥാനത്തിലെ പ്രധാന ധാര ദളിത് സംഘടനകളാണെങ്കിലും അതിന്റെ ചരിത്രം അവര്‍ മാത്രമല്ല. യോജിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ട വേണം പോകാന്‍. കേവലമായ അവര്‍ണ സവര്‍ണ വിഭജത്തിന്റെയോ യുദ്ധത്തിന്റെയോ കാര്യമല്ല ഇത്. നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിന് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. സവര്‍ണ സമൂഹത്തെ സന്തോഷിപ്പിക്കാനുള്ള രാഷ്ട്രീയമായ ഇത്തരം നീക്കങ്ങളെ മറികടന്ന് മലയാളി സമൂഹത്തിന്റെ സാമൂഹ്യ അന്തസിനെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന സംഘടനകള്‍ എല്ലാം വേണം. ദളിത് സംഘടനകള്‍ക്ക് അതില്‍ മുഖ്യപങ്കുണ്ട്. ജനാധിപത്യത്തിലും നീതിയിലും വിശ്വസിക്കുന്ന മുഴുവന്‍ പേരും അതിന്റെ ഭാഗമാകണം.
ശബരിമല വിഷയത്തിലെ പ്രശ്‌നം വിശ്വാസമാണോ സവര്‍ണബോധമാണോ
വിശ്വാസമേത് സവണര്‍ ബോധമേതെന്ന് വേര്‍തിരിച്ചറിയുന്നതില്‍ നമ്മള്‍ കൃത്യമായ സങ്കല്‍പ്പമുണ്ടാക്കേണ്ടി വരും. ഇതെല്ലാം വിശ്വാസത്തിന്റെ പേരിലാണ് നടക്കുന്നതെങ്കിലും സൂക്ഷമരൂപത്തില്‍ നോക്കുമ്പോള്‍ ശബരിമലയിലെ പ്രതിഷേധം എന്തിന് വേണ്ടിയായിരുന്നുവെന്ന് ചിന്തിക്കണം. തന്ത്രിയുടെ അവിടുത്തെ അധികാരം ചോദ്യം ചെയ്യപ്പെടാതിരിക്കുവാനും പന്തളം കൊട്ടാരത്തിന് ഉണ്ടെന്ന് കരുതുന്ന അവകാശം നിലനിര്‍ത്താനും വേണ്ടി നടത്തിയ പ്രക്ഷോഭമായി വേണം ഇതിനെ കാണാന്‍. ഹിന്ദുക്കളുടെ പൊതുവായ ആവശ്യമായി നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെട്ടത് തന്ത്രി കുടുംബത്തിന്റെയും രാജകുടുംബത്തിന്റെയും പതിറ്റാണ്ടുകളായി അവിടെ നിലനിന്ന ബ്രാഹ്മണ്യാധിപത്യത്തിന്റെയും താല്‍പര്യങ്ങളാണ്. വിശ്വാസത്തിന്റെ മറയുള്ളത് കൊണ്ട് ആളുകള്‍ അത് ചോദ്യം ചെയ്യാന്‍ ഭയപ്പെടുകയാണ്. ദൈവകോപം ഉണ്ടാകുമോയെന്ന ഭയം അവര്‍ തന്നെ പ്രചരിപ്പിക്കുന്നു. ബ്രാഹ്മണ്യാധിപത്യം നിലനിര്‍ത്താന്‍ ശൂദ്രജനവിഭാഗം നടത്തിയ കലാപമായിട്ട് വേണം ശബരിമല സമരത്തെ കാണാന്‍. നായന്‍മാര്‍ക്ക് ശബരിമലയില്‍ പ്രത്യേക റോളൊന്നുമില്ല. ദേവസ്വം ബോര്‍ഡില്‍ കുറെ പേര്‍ക്ക് ജോലിയുണ്ടെന്ന് മാത്രം. തന്ത്രിയായിട്ടൊന്നും അവരെ ആരും പ്രവേശിപ്പിക്കുന്നില്ല. എന്നിട്ടും അവര്‍ ചോദിക്കുന്നില്ല എന്നുമാത്രമല്ല പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. വിശ്വാസത്തിന്റെ മറവില്‍ സവര്‍ണാധിപത്യം പുനസൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ബ്രാഹ്മണിക്കല്‍ തന്ത്രമാണ് അവിടെ നിലനില്‍ക്കുന്നത്.