അഗ്നിപഥ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂ എന്ന് പറയുകയാണ് വിദ്യാര്‍ത്ഥി നേതാവായ ഐഷി ഘോഷ്. കരാര്‍വത്കരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ യുവാക്കളുടെ സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്നതിനെതിരെ കൂടിയാണ് ഈ പ്രതിഷേധമെന്നും ഐഷി.
അഗ്നിപഥിനെതിരെ യുവജനങ്ങള്‍ക്കിടയില്‍ നിന്നും സമാനതകളില്ലാത്ത പ്രതിഷേധമാണ് രൂപം കൊണ്ട് വരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ വിഷയത്തില്‍ എതിര്‍പ്പ് വ്യക്തമാക്കി കഴിഞ്ഞു. മറുവശത്ത് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളും ശക്തമാണ്. ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും മാര്‍ച്ചില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എങ്ങനെയാണ് ഇപ്പോള്‍ രൂപപ്പെട്ട് വരുന്ന പ്രതിഷേധത്തെ കാണുന്നത്?
അഗ്നിപഥ് പോലുള്ള പദ്ധതികളെ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നത് എന്നത് കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയ പറഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമാണ്.
നാല് വര്‍ഷം കഴിഞ്ഞ് പുറത്തുവരുന്ന അഗ്നിവീറുകള്‍ക്ക് ബി.ജെ.പി ഓഫീസുകളില്‍ സെക്യൂരിറ്റിയായി ജോലി നല്‍കുമെന്നാണ് വലിയ വിവാദങ്ങള്‍ക്കിടയില്‍ ബി.ജെ.പി വക്താവ് പറഞ്ഞത്.
യുവാക്കളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്ന പദ്ധതികളെ ബി.ജെ.പി സര്‍ക്കാര്‍ എങ്ങനെയാണ് സമീപിക്കുന്നത് എന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പാര്‍ട്ടിയുടെ നേതാക്കളുടെ പ്രസ്താവനയില്‍ നിന്ന് തന്നെ വ്യക്തമാണ്.
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇത്തരം നീക്കങ്ങള്‍ തടയേണ്ടതുണ്ട്. മിലിറ്ററിയില്‍ ഒഴിഞ്ഞ് കിടക്കുന്ന പോസ്റ്റുകളില്‍ നിയമനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതാണ് ഈ രാജ്യത്തെ ജനതയുടെ ആവശ്യം. അത് ചെയ്യാനാണ് സര്‍ക്കാരിനോട് യുവാക്കള്‍ ആവശ്യപ്പെടുന്നതും.
കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ കുറിച്ചോ, തൊഴിലില്ലായ്മയെക്കുറിച്ചോ അല്ല ചിന്തിക്കുന്നത്. മെച്ചപ്പെട്ട ജോലിയോ ജീവിതമോ ഈ രാജ്യത്തിലെ ജനത്തിന് നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്തിന് ഇവര്‍ ഇന്ത്യന് സേനയുടെ ക്ഷേമത്തെക്കുറിച്ച് പോലും ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു സായുധ രാഷ്ട്രത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യത്തെ പടിയായാണ് ഈ പദ്ധതിയെ ഞങ്ങള്‍ കാണുന്നത്. ഇസ്രയേല്‍ പോലെ നമുക്കിടയിലുള്ള നിരവധി രാജ്യങ്ങള്‍ ഇതെങ്ങനെ നടപ്പിലാക്കി എന്നത് നമ്മള്‍ കണ്ടതാണ്.
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇത്തരം നീക്കങ്ങള്‍ തടയേണ്ടതുണ്ട്. മിലിറ്ററിയില്‍ ഒഴിഞ്ഞ് കിടക്കുന്ന പോസ്റ്റുകളില്‍ നിയമനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതാണ് ഈ രാജ്യത്തെ ജനതയുടെ ആവശ്യം. അത് ചെയ്യാനാണ് സര്‍ക്കാരിനോട് യുവാക്കള്‍ ആവശ്യപ്പെടുന്നതും.
ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിലാണ് ഞങ്ങള്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ജന്തര്‍ മന്ദിറിലെത്തി പ്രതിഷേധിച്ചത്.
രാജ്യസഭ എം.പി എ.എ റഹീമും എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിങ്ങള്‍ ഇന്നലെ കണ്ട ദൃശ്യങ്ങളിലേത് പോലെ തന്നെ പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
ഞങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇപ്പോഴും 33 പേര്‍ അറസ്റ്റിലാണ്. അവരെ വിട്ടയച്ചിട്ടില്ല. രാത്രി ഏകദേശം ഒന്നരയോടെയാണ് 8 വനിതാ ആക്ടിവിസ്റ്റുകളെ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചത്. നിലവില്‍ സെക്ഷന്‍ 107, 151 വകുപ്പുകളാണ് ഞങ്ങള്‍ക്ക് മുകളില്‍ ചുമത്തിയത്.
നോക്കൂ നിലവില്‍ സര്‍ക്കാര്‍ പ്രതിഷേധക്കാരെ തടയുകയാണ്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ജന്തര്‍ മന്ദിറിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. കാരണം രാജ്യത്തെ യുവതയില്‍ നിന്ന് ഏത് വിധത്തിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നതെന്ന് അവര്‍ കാണുന്നുണ്ട് എന്നത് തന്നെയാണ്.
അഗ്നിപഥ് പോലൊരു പദ്ധതികൊണ്ട് യുവതയ്ക്ക് എന്താണ് പ്രയോജനമുള്ളത്? അവര്‍ക്ക് പെന്‍ഷനോ, മറ്റ് ആനുകൂല്യങ്ങളോ ഈ പദ്ധതിയിലൂടെ ലഭിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് സര്‍ക്കാരിന് ക്ഷേമം എന്നൊരു സങ്കല്‍പ്പമേ ഇല്ല എന്നാണ്. അവര്‍ യുവാക്കളെ ഒരു ലോലിപോപ്പ് കാട്ടി അവരുടെ പരാജയം മറച്ചുവെക്കുകയാണ്. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂടിവെക്കുകയാണ്.
തൊഴിലില്ലായ്മയോടൊപ്പം തന്നെ ഈ തലമുറയിലെ യുവാക്കള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് ജോലികളെല്ലാം കരാര്‍വത്കരിക്കപ്പെടുന്നു എന്നത്. അഗ്നിപഥിലും അത് തന്നയാണ് സംഭവിക്കുന്നത്. സുരക്ഷിതത്വമില്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണല്ലോ നമ്മുടെ യുവാക്കള്‍. ഈ പ്രശ്‌നത്തെ എങ്ങനെയാണ് അഡ്രസ് ചെയ്യുക?
കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ കോഡിലൂടെ തന്നെ ഇത് വ്യക്തമാക്കിയതാണ്. തൊഴില്‍ മേഖലയെ അസംഘടിതമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളും സ്വകാര്യവത്കരിക്കപ്പെടുകയാണ്. ഇന്ത്യന്‍ സേനയെ പോലും സ്വകാര്യവത്കരിക്കുകയും കരാര്‍വത്കരിക്കുകയും ചെയ്യുന്നത് ദേശസുരക്ഷയില്‍ കോംപ്രമൈസ് ചെയ്തുകൊണ്ടാണ്.
ഇത് ആര്‍മിയിലോ, നേവിയിലോ, എയര്‍ഫോഴ്‌സിലോ മാത്രം സംഭവിക്കുന്ന ഒന്നല്ല. എല്ലാ മേഖലകളിലും സ്വകാര്യവത്കരണ നയമാണ് കേന്ദ്രം നടപ്പാക്കുന്നത്. അത് ആരംഭിച്ച് കഴിഞ്ഞതുമാണ്. ഇന്ത്യന്‍ ലേബര്‍ മാര്‍ക്കറ്റില്‍ തുച്ഛമായ ശമ്പളത്തിന് ജോലിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരെ നിര്‍മ്മിക്കുകയാണ് ബി.ജെ.പി. എതിര്‍ക്കപ്പെടേണ്ടതാണ് ഈ ശ്രമങ്ങള്‍. പ്രതിരോധിക്കപ്പെടേണ്ടതാണ് ഇതിനായുള്ള നീക്കങ്ങള്‍.
ഇന്ത്യക്കാര്‍ക്ക് തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടിവരുന്നവരായി ഇരിക്കാന്‍ കഴിയില്ല. തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാഭിമാനവും അവകാശവും വരെ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുകയാണ്.
നാല് വര്‍ഷത്തിന് ശേഷം തിരികെയെത്തുന്ന അഗ്നിപഥ് പദ്ധതി വഴി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ നേരിടുന്ന സാമൂഹിക പ്രശ്‌നത്തിന്റെ ആഘാതം എങ്ങനെയായിരിക്കും രാജ്യത്ത് പ്രതിഫലിക്കുക എന്നാണ് കരുതുന്നത്?
നോക്കൂ 17ാം വയസില്‍ ഒരാള്‍ അഗ്നിപഥ് സ്‌കീം വഴി പട്ടാളത്തില്‍ ചേരുന്നു. 22ാം വയസില്‍ അയാള്‍ തിരിച്ച് വരുന്നു. പിന്നീട് എന്ത് ജോലിയാണ് അവര്‍ക്ക് ലഭിക്കുക? അവര്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടാകുമോ? അവര്‍ക്ക് എന്ത് സ്‌കില്ലാണ് ഉണ്ടാകുക. നിരവധിപേര്‍ക്കാണ് ഇത്തരത്തില്‍ 22ാം വയസില്‍ തിരികെയെത്തേണ്ടിവരുക.
എവിടെയാണ് തിരിച്ചുവരുന്ന യുവാക്കള്‍ പോകുക. അവര്‍ക്ക് എന്ത് തൊഴില്‍ സുരക്ഷയാണ് ഉണ്ടാകുക. പോട്ടെ, ജീവിതത്തില്‍ അവര്‍ക്ക് എന്ത് സുരക്ഷയാണ് ലഭിക്കുക. അവര്‍ക്ക് പെന്‍ഷനുണ്ടാകില്ല, ആനുകൂല്യങ്ങളുണ്ടാകുകയില്ല, സുരക്ഷയുമുണ്ടാകില്ല.
ബി.ജെ.പി ഇപ്പോള്‍ പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തിയും, വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തും ഭീഷണി മുഴക്കുകയാണ്. കാര്‍ഷിക നിയമത്തിന് സംഭവിച്ചത് പോലെ ഇതും എടുത്ത് കളയേണ്ടി വരുമെന്ന് അവര്‍ ഭയപ്പെടുന്നു.
യുവാക്കളുടെ അനുമതിയില്ലാതെ, അവരോട് ചര്‍ച്ച ചെയ്യാതെയാണ് ഇത്തരമൊരു നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. അതവര്‍ തിരുത്തിയേ മതിയാകൂ. വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഇനിയുമുണ്ടാകും. ഭീഷണിപ്പെടുത്തിയത് കൊണ്ടൊന്നും യുവാക്കള്‍ മടങ്ങി പോകില്ല.
വരും ദിവസങ്ങളില്‍ ഏത് തരത്തിലുള്ള പ്രതിഷേധങ്ങളാണ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്യുന്നത്?
സംഘടിതമായി തന്നെ ഞങ്ങള്‍ മുന്നോട്ട് പോകും. അറസ്റ്റുകളൊന്നും ഞങ്ങളെ ഭയപ്പെടുത്തില്ല. ഞങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ദീര്‍ഘ ചരിത്രമുള്ളതാണ്. ഈ രാജ്യത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി ഞങ്ങള്‍ തെരുവിലുണ്ടാകും.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ അഗ്നിപഥില്‍ റിക്രൂട്ട് ചെയ്യുകയുള്ളുവെന്നും സത്യവാങ്മൂലം വേണമെന്നും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമെന്നുമാണ് ഞായറാഴ്ച കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ഇത് പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്തുമോ?
ഗവണ്‍മെന്റ് പ്രതിഷേധങ്ങളെ ദുര്‍ബലമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അറസ്റ്റും പ്രതിഷേധത്തെ ദുര്‍ബലമാക്കാനും ഭയപ്പെടുത്താനുമാണ് അവര്‍ ചെയ്യുന്നത്. പ്രതിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞുവെക്കുന്നത്. അവര്‍ സാധ്യമായതെല്ലാം ചെയ്യും. പക്ഷേ യുവാക്കള്‍ സംഘടിച്ച് നില്‍ക്കും. അഗ്നിപഥ് തിരുത്തപ്പെടേണ്ടതാണ്, പിന്‍വലിക്കേണ്ടതാണ്.
കരാര്‍വത്കരണം ആര്‍മിയില്‍ സംഭവിക്കുന്നു എന്നതില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും രോഷം. എല്ലാ മേഖലകളിലും ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നത് കരാര്‍വത്കരണവും സ്വകാര്യവത്കരണവുമാണ്. ഞങ്ങള്‍ക്ക് ഇത്തരം സ്‌കീമുകളല്ലാ വേണ്ടത്, ഞങ്ങള്‍ക്ക് സ്ഥിര ജോലിയാണ് വേണ്ടത്.പപ