Interview

എഫ്.സി.സിയുടേത് വ്യാജപ്രചരണം; വത്തിക്കാന്‍ നിലപാടില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ദ ക്യുവിനോട്

സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണല്ലോ? എങ്ങിനെയാണ് വത്തിക്കാന്റെ ഈ തീരുമാനത്തോട് പ്രതികരിക്കുന്നത്?

ഒരു വര്‍ഷം മുന്‍പത്തെ ലെറ്റര്‍ ഇപ്പോള്‍ പ്രൊഡ്യൂസ് ചെയ്ത്, വത്തിക്കാനിലെ സുപ്രീം ട്രൈബ്യൂണലിന്റെ വിധി പ്രകാരമാണ് എന്നെ പുറത്താക്കിയിരിക്കുന്നതെന്ന ഒരു വ്യാജ പ്രചരണം എഫ്.സി.സി ഇപ്പോള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. അങ്ങനെ വിശ്വാസിക്കാന്‍ എനിക്ക് ചില കാരണങ്ങളുമുണ്ട്.

അപേക്ഷ തള്ളിയെന്ന് പറഞ്ഞുകൊണ്ട് വത്തീക്കാന്റെ ഓഫീസിലെ സുപ്രീം ട്രൈബ്യൂണലില്‍ നിന്നുള്ള കത്താണ് ഇപ്പോഴാണ് എനിക്ക് കിട്ടിയത്.

ഈ കത്ത് എന്റെ കയ്യില്‍ കിട്ടിയിട്ട് രണ്ട് മൂന്ന് ദിവസം ആയി, കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 11നാണ് പോസ്റ്റ് ഓഫീസില്‍ നിന്ന് കത്ത് ലഭിച്ചത്. പക്ഷേ 2020 മെയ് 27 എന്നാണ് ലെറ്ററില്‍ ഡേറ്റ് രേഖപ്പെടുത്തിയിരുന്നത്. അതായത് ഒരുവര്‍ഷം മുന്‍പ് പ്രൊഡ്യൂസ് ചെയ്ത ലെറ്ററാണ് ഒരു വര്‍ഷം കഴിഞ്ഞിട്ട് എന്റെ കയ്യില്‍ കിട്ടുന്നത്.

ഇതിനുള്ളില്‍ ഗൗരതവതരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കത്തിലെ സ്റ്റാമ്പുകള്‍ എല്ലാം വലിച്ചു പറിച്ച് കളഞ്ഞിട്ട് വേറെ സ്റ്റാമ്പുകള്‍ ഒട്ടിച്ചിട്ടൊക്കെയാണ് വന്നിരിക്കുന്നത്. ഈ കത്തില്‍ ഒരു വരി മാത്രമാണ് ഇംഗ്ലീഷിലുള്ളത്. ബാക്കിയുള്ളതെല്ലാം ലാറ്റിനിലാണ്. അതുകൊണ്ട് വായിക്കാന്‍ പറ്റുന്നില്ല.

പക്ഷേ സുപ്പീരിയര്‍ ജനറല്‍ എനിക്ക് ഈ കത്ത് ലഭിച്ചതിനുശേഷം ഉടന്‍ തന്നെ പുറത്തു പോകണം എന്ന് ആവശ്യപ്പെട്ട് മറ്റൊരു എഴുത്ത് എഴുതിയിട്ടുണ്ട്. നിങ്ങളെ സുപ്രീം ട്രൈബ്യൂണല്‍ വീണ്ടും പുറത്താക്കിയിരിക്കുന്നു.

അതുകൊണ്ട് കോണ്‍വെന്റില്‍ നിന്ന് ഒരാഴ്ചയ്ക്കകം പുറത്ത് പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറങ്ങിയില്ലെങ്കില്‍ കോടതി വഴി നിയമനടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നു.

സുപ്രീം ട്രൈബ്യൂണല്‍ വിധി പ്രകാരമാണ് നിങ്ങളെ വീണ്ടും പുറത്താക്കിയിരിക്കുന്നത് എന്നും അവര്‍ കത്തില്‍ എഴുതിയിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും എന്റെ വക്കീല്‍ എന്നെ അറിയിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചിലാണ് വത്തിക്കാനെ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അഡ്വക്കേറ്റ് വഴി കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോയത്. പക്ഷേ അഡ്വക്കേറ്റ് ഇതുവരെ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും എനിക്ക് കൈമാറിയിട്ടില്ല.

കേസിന്റെ വിചാരണ നടന്നോ എന്നോ, കേസ് എവിടംവരെ എത്തിയെന്നോ തുടങ്ങിയ വിവരങ്ങളൊന്നും വക്കീലില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടില്ല. അതു പറയാതെ ഒരു വര്‍ഷം മുന്‍പത്തെ ലെറ്റര്‍ ഇപ്പോള്‍ പ്രൊഡ്യൂസ് ചെയ്ത്, സുപ്രീം ട്രൈബ്യൂണലിന്റെ വിധി പ്രകാരമാണ് പുറത്താക്കിയിരിക്കുന്നതെന്ന് എഫ്.സി.സി ഇപ്പോള്‍ ഒരു വ്യാജ പ്രചരണം അഴിച്ചു വിട്ടിരിക്കുകയാണ്.

സിസ്റ്റര്‍ കൊടുത്ത അപ്പീലിനു മുകളിലുള്ള വിധിയല്ല ഇതെന്ന് വിശ്വസിക്കാന്‍ മറ്റ് കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ?

ഈ ലെറ്റര്‍ പ്രൊഡ്യൂസ് ചെയ്യുന്ന സമയത്ത് വത്തിക്കാന്‍ ഓഫീസ് പോലും തുറന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ലോകം മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ അപേക്ഷ കൊടുത്ത സമയത്താണ് കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ലോകം മുഴുവന്‍ ഉണ്ടാവുകയും എല്ലാ ഓഫീസുകളും അടച്ചിടുകയും ചെയ്യുന്നത്.

ആ സമയത്ത് പ്രൊഡ്യൂസ് ചെയ്ത ലെറ്റര്‍ സൂക്ഷിച്ചുവെച്ചിട്ട് കോടതിവിധി പ്രകാരമാണെന്ന് എഫ്.സി.സി സ്വന്തം എഴുതി വിട്ടിരിക്കുകയാണ്. അതിന് തെളിവുകളില്ല. കോടതി വിധിയാണെങ്കില്‍ മറ്റ് രേഖകളും കൂടെ ലഭിക്കേണ്ടതാണ്. അതും തന്നിട്ടില്ല.

ഇതൊരു നാടകമാണെന്നാണ് ഞാന്‍ കരുതുന്നത്. എഫ്.സി.സിയാണ് ഈ വാര്‍ത്ത ചാനലുകാര്‍ക്കും കൊടുത്തത്. ഞാനിതിനെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് കരുതി ഇരിക്കുകയായിരുന്നു.

നിങ്ങളുടെ അപേക്ഷ നിരസിച്ചിരിക്കുകയാണ് എന്ന ഒറ്റവരിയാണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത്. എനിക്ക് നേരിട്ടല്ല കത്ത് വന്നിരിക്കുന്നത്. നമ്മുടെ അധികാരികള്‍ക്കാണ് ഈ ലെറ്റര്‍ വരിക.

വക്കീലുവഴി പോയ കേസിന്റെ അപ്പീലാണെങ്കില്‍ വക്കീല്‍ എന്തെങ്കിലും നമ്മളെ അറിയിക്കണമല്ലോ. അങ്ങനെയാണെങ്കില്‍ വക്കീല്‍ ഇങ്ങനെ വാദങ്ങള്‍ നടന്നുവെന്നും, നമ്മള്‍ പരാജയപ്പെട്ടു എന്നുള്ളതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സംസാരിക്കട്ടെ. അതിനുള്ള പ്രൂഫുകളും തരട്ടെ.

ഓഫീസുകള്‍ അടഞ്ഞുകിടന്ന സമയത്തുള്ള ലെറ്ററാണ് എനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നേരത്തെ തന്നെ സ്വാധീനം ഉപയോഗിച്ച് എഴുതിതയ്യാറക്കപ്പെട്ട ലെറ്ററാണ് ഇപ്പോള്‍ എന്റെ കൈവശം ലഭിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. ഞാന്‍ കൊടുത്ത അപേക്ഷയുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതിന്റെ വിചാരണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ഞാന്‍ അറിയണമല്ലോ?

സിസ്റ്ററിന്റെ വക്കീല്‍ എന്താണ് ഇക്കാര്യത്തില്‍ പറയുന്നത്?

വക്കീലുമായി കോണ്‍ടാക്റ്റ് ചെയ്യാന്‍ സമയം എടുക്കും. ഇറ്റലിയില്‍ നിന്നുള്ള വക്കീലാണ്. ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായെന്ന് നമ്മള്‍ ഇപ്പോഴാണല്ലോ അറിയുന്നത്. സത്യത്തില്‍ സുപ്പീരിയറിന്റെ ലെറ്റര്‍ വായിച്ചപ്പോഴാണ് കോടതിവഴി കിട്ടിയ വിധി പ്രകാരമാണ് എന്നൊക്കെയുള്ളത് ഞാന്‍ അറിയുന്നത്. അതുകൊണ്ടാണ് വ്യാജമെന്ന് ഞാന്‍ പറയുന്നത്. എന്നോട് ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തു പോകണമെന്നാണ് പറയുന്നത്.

വത്തിക്കാന്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എങ്ങനെയാണ് നടപടികള്‍ സ്വീകരിക്കുന്നത്?

നമ്മള്‍ക്കവിടെയൊരു സ്വാധീനമോ ബന്ധമോ ഇല്ല. ഒരു കത്ത് അവിടുത്തെ അഡ്രസില്‍ അയക്കുന്നു എന്നേ ഉള്ളൂ. ബന്ധവും സ്വാധീനവുമെല്ലാം ഉള്ളത് സുപ്പീരിയേഴ്‌സിനാണ്. നമ്മള്‍ അവരുടെ മുന്‍പില്‍ ആരുമല്ല.

ലാസ്റ്റ് ചാന്‍സില്‍ ഒരു അഭിഭാഷകനെ വെച്ചു വാദിക്കാന്‍ സാധിക്കുമായിരുന്നു. അതുപ്രകാരമാണ് ഒരാളെ തരപ്പെടുത്തിയത്. പക്ഷേ ട്രൈബ്യൂണല്‍ വിധി പ്രകാരമാണ് ഉത്തരവെങ്കില്‍ വാദം നടക്കുന്നത് ഞാന്‍ അറിയേണ്ടതല്ലേ, ചുരുങ്ങിയ പക്ഷം വാദം നടന്ന വിവരമെങ്കിലും വക്കീല്‍ എന്നെ അറിയിക്കില്ലേ.

സത്യത്തിനും നീതിക്കും വിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഉറച്ചു നില്‍ക്കാന്‍ നമുക്ക് ഇത്ര ധൈര്യവുമുള്ളത്.

പുറത്തു പോകണമെന്ന നിര്‍ദേശം വന്ന പശ്ചാത്തലത്തില്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്നത് സിസ്റ്റര്‍ തീരുമാനിച്ചിട്ടുണ്ടോ?

അടുത്തത് തീരുമാനിച്ചിട്ടുണ്ട്. മാനന്തവാടി കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നേരത്തെ നിലനില്‍ക്കുന്നുണ്ട്. കോടതിയുടെ ഇന്‍ഞ്ചക്ഷന്‍ ഓര്‍ഡര്‍ പ്രകാരമാണ് ഞാനിവിടെ നില്‍ക്കുന്നത്. നമ്മള്‍ ഇന്ത്യയില്‍ ജീവിക്കുന്നവരാണല്ലോ. ഇന്ത്യയില്‍ ഒരു നിയമവ്യവസ്ഥയുണ്ടല്ലോ. തോന്നുമ്പോള്‍ ഇറക്കിവിടാന്‍ കഴിയുന്ന നിയമം അല്ലല്ലോ ഇന്ത്യയില്‍ ഉള്ളത്. നമ്മള്‍ നേരത്തെ തന്നെ അതിനെ ആശ്രയിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT