Interview

മനോരമ ഉത്തരം പറയണം; കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നു

ഹത്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാള മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് 2020 ഒക്ടോബറില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് ലോണ്ടറി ചെയ്യുന്ന വാര്‍ത്താ പരമ്പരയുടെ ഭാഗമായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ വിവാദങ്ങളാണ് തീര്‍ത്തിരിക്കുന്നത്.

മലയാള മനോരമ ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ ബിനു വിജയന്‍ കാപ്പനെതിരായി കൊടുത്ത സ്റ്റേറ്റ്‌മെന്റ് ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെട്ടുവെന്നാണ് ന്യൂസ് ലോണ്ടറിയുടെ കണ്ടെത്തല്‍.

സിദ്ദീഖ് കാപ്പന്‍ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്, ഡല്‍ഹി ചാപ്റ്റര്‍ സെക്രട്ടറിയായിരിക്കെ ഫണ്ട് ദുരുപയോഗം ചെയ്തു. വര്‍ഗീയ താത്പര്യത്തോടെ മത സൗഹാര്‍ദ്ദവും ദേശീയതയും തകര്‍ക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നുമാണ് ബിനു വിജയന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യു.പി പൊലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയത്.

കെ.യു.ഡബ്ല്യുജെക്കെതിരെയും ബിനു വിജയന്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയെന്നും ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു. കേവലം ഒരു മാധ്യമപ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വരെ തെളിവുകളൊന്നും കണ്ടെത്താതെയും പരിശോധിക്കാതെയും നിരപരാധികളെ ജയിലില്‍ അടക്കുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തിയെന്ന് പറയുകയാണ് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് ദ ക്യുവിനോട്.

മനോരമ ഉത്തരം പറയണം

മനോരമ ലേഖകന്‍ ബിനുവിന് സിദ്ദീഖിനോടും കെ.യു.ഡബ്ല്യു.ജെയോടും എന്ത് കലിയാണുള്ളതെന്ന് അറിയില്ല. ബിനു പറഞ്ഞ പ്രതികരണത്തിന്മേല്‍ യു.എ.പി.എ കേസ് ചാര്‍ജ് ചെയ്യുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

മനോരമയില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ കാപ്പന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യണം, പുറത്തു കൊണ്ടുവരണം.

മനോരമ ഇതിന് ഉത്തരം പറയേണ്ടതുണ്ട്. ബിനു വിജയന്‍ എന്തുകൊണ്ട് ഒരു തെളിവു പോലുമില്ലാതെ ഇത്തരം കാര്യങ്ങള്‍ നിരുത്തരവാദിത്വത്തോടെ പറഞ്ഞുവെന്നതിന് മലയാള മനോരമ മറുപടി പറഞ്ഞേ മതിയാകൂ. തെളിവുകളൊന്നുമില്ലാതെ അയാള്‍ ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ട് എന്റെയും മക്കളുടെയും ജീവിതമാണ് പോയത്. ഇവര്‍ക്കും കുടുംബമില്ലേ?

കാപ്പനെഴുതിയ 36 ലേഖനങ്ങളാണ് ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്തിട്ടുള്ളത്. പക്ഷേ 36 ലേഖനങ്ങളല്ല കാപ്പന്‍ എഴുതിയിട്ടുള്ളത് അദ്ദേഹം ഒരുപാട് കാലമായി പത്ര പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നതാണ്. ഈ ഒരുപാട് ലേഖനം എഴുതിയതില്‍ നിന്ന് സെലക്ട് ചെയ്തവ മാത്രമാണ് എടുത്തത്. അത് ഉപയോഗിച്ച് അദ്ദേഹത്തെ കുടുക്കുകയായിരുന്നു.

മനോരമയില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ കാപ്പന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യണം, പുറത്തു കൊണ്ടുവരണം.

നേരത്തെ ചില സൂചനയുണ്ടായിരുന്നു

ബിനു വിജയന്‍ കെ.യു.ഡബ്ല്യു.ജെയില്‍ ഉള്ള ആളായിരുന്നു എന്നാണ് പറയുന്നത്. കൃത്യമായ കാര്യങ്ങള്‍ എനിക്കറിയില്ല. ഇതുവരെ പത്ര പ്രവര്‍ത്തകര്‍ എല്ലാവരും എന്റെ കൂടെ നിന്നിട്ടുണ്ട്. ബിനുവിനെപ്പോലെ ചിലര്‍ ഉണ്ടായിരുന്നിരിക്കാം. നേരത്തെ ഇങ്ങനെ ചില സൂചനകളുണ്ടായിരുന്നു. കുറ്റപത്രം ഞാന്‍ കണ്ടിരുന്നില്ല.

ഇപ്പോള്‍ അദ്ദേഹത്തിന്റെ കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ലഖ്‌നൗ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റിയ ശേഷം ഇന്നേവരെ എനിക്ക് അദ്ദേഹത്തെക്കുറിച്ച് വിവരമില്ല.

അന്ന് സ്ഥീരീകരിക്കാതെ ഒന്നും പറയാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ എന്ത് തന്നെയായാലും ന്യൂസ് ലോണ്ടറി പുറത്തുവിട്ട റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു.

ജയില്‍ മാറ്റിയ ശേഷം ആള്‍ക്കെന്ത് സംഭവിച്ചുവെന്നറിയില്ല

കാപ്പനെ വിളിച്ചിട്ട് ദിവസങ്ങളായി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം എന്നും അഞ്ച് മിനുറ്റ് വിളിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ലഖ്‌നൗ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റിയ ശേഷം ഇന്നേവരെ എനിക്ക് അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. ഡിസംബര്‍ 20ന് എന്നെ വിളിച്ചതാണ്. ജയില്‍ മാറ്റിയതിന് ശേഷം ആള്‍ക്കെന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല.

സഹതപിക്കാനേ കഴിയൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്

മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു. അന്ന് എന്നോട് പറഞ്ഞത് സഹതപിക്കാനേ കഴിയൂ എന്നാണ്. നമുക്കൊന്നും ഇതില്‍ ചെയ്യാനില്ല എന്നാണ് പറഞ്ഞത്. കേസ് കോടതിയില്‍ നടക്കുന്നുണ്ടല്ലോ എന്നും പറഞ്ഞു.

ഞാനത് കേട്ട് തിരികെ വന്നു. ലീഗിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ സംസാരിച്ചിട്ടുണ്ട്. എം.പിമാരോട് സംസാരിച്ചിരുന്നു. അവര്‍ക്കൊന്നും ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ കൂടി കഴിയില്ല എന്നാണ് പറഞ്ഞത്. പരിമിതികളുണ്ട് എന്നാണ് പറയുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്

അദ്ദേഹം പ്രമേഹമുള്ളൊരു വ്യക്തിയാണ്. ഇന്‍സുലിന്‍ ഉപയോഗിക്കാറുണ്ട്. കോവിഡിന്റെ സമയത്തൊക്കെ ഷുഗര്‍ ലെവല്‍ കൂടി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കാതെയാണ് എയിംസില്‍ നിന്ന് കൊണ്ടുവന്നത്. അന്നത്തെ വീഴ്ചയില്‍ മുന്നിലത്തെ പല്ല് മുകളിലേക്ക് കയറി പോയിട്ടുണ്ട്.

ഇന്നും അതങ്ങനെ തന്നെ കിടക്കുകയാണ്. ഇതുവരെ അതിന് ചികിത്സ കിട്ടിയിട്ടില്ല. ഇപ്പോ ഷുഗര്‍ ലെവല്‍ ലോ ആകുകയാണ്. അപ്പോള്‍ വിറയല്‍ വരും. പരാതി കൊടുക്കുമ്പോള്‍ യു.പി പൊലീസ് പറയുന്നത് ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നുമില്ല എന്നാണ്. അത് ചികിത്സിച്ചാലല്ലേ അറിയുകയുള്ളുവെന്നും റൈഹാനത്ത് പറയുന്നു.

ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍

സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതരം വാര്‍ത്തകള്‍ നിരന്തരം നല്‍കിയെന്നും യു.പി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന് ബിനു മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിദ്ദീഖ് കാപ്പനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചുകൊണ്ട് ''ഓര്‍ഗനൈസര്‍'' അസോസിയേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് ബിനു അയച്ച ഇമെയിലുകളുടെ പകര്‍പ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.ഡല്‍ഹിയിലെ മറ്റ് മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ബിനു മൊഴി നല്‍കിയിട്ടുണ്ട്. ഇവരും വര്‍ഗീയത കലര്‍ന്ന വാര്‍ത്ത നല്‍കിയെന്നാണ് മൊഴി.

കെ.യു.ഡബ്ല്യു.ജെയിലെ തീവ്ര ഇടത് മാധ്യമപ്രവര്‍ത്തകര്‍ സിദ്ദീഖിനെ യുപി പൊലീസ് വ്യാജ കേസില്‍ കുടുക്കിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകൊടുത്തു. ഇവരുടെ പങ്ക് അന്വേഷിക്കണം എന്നും ബിനു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

20 വര്‍ഷത്തോളമായി മലയാള മനോരയുടെ ഡല്‍ഹി കറസ്പോണ്ടന്റായിരുന്നു ബിനു. നിലവില്‍ പാട്നയിലാണ്.കാപ്പനും മറ്റു മാധ്യമപ്രവര്‍ത്തകരും വര്‍ഗീയത കലര്‍ന്ന റിപ്പോര്‍ട്ടിംഗ് നടത്തിയതായി ബിനു വിവരം നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2020 ഡിസംബര്‍ 30നാണ് ബിനു വിജയന്‍ മൊഴി നല്‍കിയതെന്നും പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും ബിനു നല്‍കിയിട്ടുമില്ല.

ജാമിയ മിലിയ സര്‍വകലാശാലയില്‍ 2019ല്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയെന്നാണ് കാപ്പനെതിരെ ആദ്യം ബിനു നല്‍കിയ മൊഴി. കെ.യു.ഡബ്ല്യു..ജെ സെക്രട്ടറിയായിരിക്കെ പി.എഫ്.ഐയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സിദ്ദീഖ് കാപ്പന്‍ യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം പിന്‍വലിച്ചുവെന്നാണ് പിന്നീട് നല്‍കിയ മൊഴി.

സി.എ.എ വിരുദ്ധ സമരത്തിനിടെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കെ.യു.ഡബ്ല്യു.ജെ അംഗങ്ങള്‍ പ്രചരിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT