Interview

ഒരു കേരളീയനെന്ന വിവേചനമാണ് ഈ കാലയളവിലുടനീളം ഞാൻ അനുഭവിച്ചത് : സിദ്ദിഖ് കാപ്പൻ അഭിമുഖം

അവസാനം വരെ എന്നെയാണ് അവർ ദ്രോഹിച്ചുകൊണ്ടിരുന്നത്. ഒരു കേരളീയനെന്ന വിവേചനമാണ് ഈ കാലയളവിലുടനീളം ഞാൻ അനുഭവിച്ചത്. ഒരാൾ യു.എ.പി.എ കേസിൽ ജയിലിലായി അഞ്ചോ പത്തോ വർഷത്തിന് ശേഷം അയാൾക്കെതിരെ ആരോപിച്ചത് മുഴുവൻ കള്ളമാണെന്ന് തെളിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ആളുകൾ അയാളെ മറന്നുപോയിട്ടുണ്ടാകും. ജാമ്യം ലഭിച്ചതിനു ശേഷം സിദ്ദിഖ് കാപ്പൻ ദ ക്യുവിനു നൽകിയ അഭിമുഖം

രണ്ടു വർഷങ്ങൾക്കു ശേഷം, ഏകദേശം 800 ദിവസങ്ങൾക്കിപ്പുറം, ഒരുപാട് പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ശേഷം, കൃത്യമായി പറഞ്ഞാൽ മഥുരയിൽ അന്ന് പോലീസ് തടഞ്ഞു നിർത്തിയേടത്തു നിന്ന് ഇപ്പോൾ പുറത്തിറങ്ങുന്നതിനിടയിൽ ഭരണകൂടം ആളുകളെ അടിച്ചമർത്താനുള്ള അവസരമായി കണ്ട കോവിഡ് ഉൾപ്പെടെയുള്ള സമയങ്ങളിലെല്ലാം ജയിലിൽ കഴിച്ചുകൂട്ടിയാണ് പുറത്തിറങ്ങുന്നത്. എന്താണ് തോന്നുന്നത്?

ശെരിക്കു പറഞ്ഞാൽ പകുതി സന്തോഷമുണ്ട്. യു.എ.പി.എ പോലൊരു കേസിൽ കുടുങ്ങി നേരത്തേ പുറത്തിറങ്ങി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സാധാരണഗതിയിൽ ഈ കേസിൽ പേടുന്ന ആളുകളുടെ അവസ്ഥ എന്താണെന്ന് ആലോചിക്കുമ്പോൾ വളരെ നേരത്തെ ഇറങ്ങി എന്നാണ് തോന്നുന്നത്. എന്നെ പോലെ വേറെയും മാധ്യമപ്രവർത്തകർ ഇപ്പോഴും ജയിലിനകത്തുണ്ട്. എന്റെ ഉമ്മയടക്കം പ്രീയപ്പെട്ട പലരും കോവിഡ് സമയത്ത് മരണപ്പെട്ടു പോയി. അതിന്റെതായ ദുഖങ്ങളുണ്ട്. എന്നാലും, ഒരുപാട് മാധ്യമപ്രവർത്തകരുടെയും, സാമൂഹിക പ്രവർത്തകരുടെയും പ്രവർത്തന ഫലമായി പുറത്തിറങ്ങാൻ സാധിച്ചു. ഇങ്ങനെ ഒരു ഫാസിസ്റ്റ് ഭരണം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് യു.എ.പി.എ പോലൊരു നിയമത്തിന്റെ നൂലാമാലകളിൽ നിന്ന് ജാമ്യം കിട്ടി പുറത്ത് വരുന്നു എന്നത് പ്രധാനമാണ്. യു.എ.പി.എ യുടെ പ്രത്യേകത അറിയാമല്ലോ, താൻ കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം കുറ്റാരോപിതനാണ്. അത്തരം അവസ്ഥയിൽ നിന്ന് പുറത്ത് വരുമ്പോൾ ഒരു അർദ്ധ സന്തോഷമുണ്ട്.

യു.എ.പി.എ ബീറ്റ് കൈകാര്യം ചെയ്ത ഒരു മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ, യു.എ.പി.എ ആണ് തനിക്കെതിരെ ചുമത്തിയത് എന്ന് മനസിലാകുന്ന സമയം, നമ്മൾ ഇത് നേരിടാൻ മാനസികമായി കൂടി തയ്യാറെടുക്കേണ്ടതുണ്ടല്ലോ, നേരത്തെ ഇത്തരം കേസുകൾ പഠിച്ചിട്ടുള്ള ഒരാളെന്ന രീതിയിൽ, ഇതിന് ഇത്രയും വ്യാപ്തിയുണ്ട്, ഏതറ്റം വരെയും പോകാൻ സാധ്യതയുണ്ട് എന്ന് മനസിലാക്കുന്ന സമയത്ത്, ഇപ്പുറത്ത് ഒരു ഭാഗത്ത് ഭാര്യയും, ഉമ്മയും കുട്ടികളുമുണ്ട്, മാനസികമായി ഇത് ഉൾകൊള്ളാൻ ശ്രമിക്കുന്ന ആ ഫേസ് എങ്ങനെയായിരുന്നു?

യു.എ.പി.എ എനിക്കെതിരെ ചാർത്തിയിട്ടുണ്ട് എന്നറിയുന്നത് പോലും വളരെ വൈകിയാണ്. ചോദ്യം ചെയ്യാൻ വരുന്ന പല പോലീസുകാരോടും എന്തോക്കെയാണ് ഞങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ എന്ന് ചോദിക്കുന്നുണ്ടായിരുന്നു, എന്നാൽ നിങ്ങൾക്കെതിരെ 151 പോലെ ചെറിയ വകുപ്പുകൾ മാത്രമേയുള്ളു എന്നായിരുന്നു അവർ പറഞ്ഞത്. യു.എ.പി.എ ആണെന്ന് കൃത്യമായി അറിയുന്നത് പത്രങ്ങളിലൂടെയും, വീട്ടിൽ വിളിച്ചപ്പോഴുമാണ്. ഞാൻ കഴിഞ്ഞ എട്ടു പത്ത് വർഷമായിട്ട് ഇന്ത്യയിലുള്ള മൊത്തം യു.എ.പി.എ കേസുകൾ പഠിക്കുകയും, ലേഖനങ്ങളെഴുതുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. കൺവിക്ഷൻ റേറ്റ് വളരെ കുറവുള്ള ഒരു വകുപ്പാണിത്. പുറത്തിറങ്ങാൻ ഒരുപാട് സമയമെടുക്കുമെന്നെല്ലാം അറിയാമായിരുന്നു. ചുരുങ്ങിയത് അഞ്ചു വർഷത്തേക്ക് പുറത്തുവരില്ല എന്ന് കരുതിയിരുന്നു. അതുകൊണ്ടാണ് നേരത്തെ പുറത്ത് വന്നു എന്ന് പറയുന്നത്.

പലതും മനസിലാകാത്ത ഒരു അവസ്ഥയുണ്ടെന്ന് പറഞ്ഞിരുന്നല്ലോ, ഏതു വകുപ്പാണ് നമുക്കെതിരെ ചുമത്തിയത് എന്ന് പോലും മനസിലാകുന്നില്ല എന്ന് പറയുന്ന അവസ്ഥ. ഈ അനിശ്ചിതത്വം അറസ്റ്റ് ചെയ്ത സമയം മുതൽ എല്ലാ കാര്യത്തിലുമുണ്ടാകുമല്ലോ. അറസ്റ്റ് നു ശേഷം നടന്ന കാര്യങ്ങൾ ഒന്ന് പറയാമോ?

ഒക്ടോബർ അഞ്ചിനാണല്ലോ നമ്മളെ പിടിച്ച് കൊണ്ടുപോകുന്നത്, ആ സമയം മുതൽ എനിക്കറിയാവുന്ന ഹിന്ദിയിലും കുടെയുള്ളയാളുടെ സഹായത്തോടെയും പോലീസിനോട് സംസാരിക്കുന്നുണ്ട്. ഒക്ടോബർ അഞ്ചിന് രാവിലെ ഒരു 10.30 മുതൽ വൈകുന്നേരം ഒരു ആറു മണി വരെ നമ്മളെ വെറുതെ നിർത്തുകയാണ്. മാധ്യമപ്രവർത്തകർ എന്ന രീതിയിൽ ഡീറ്റെൻഷൻ എന്നത് നമ്മൾ കുറെ കേട്ടിട്ടുള്ള, അറിയാവുന്ന കാര്യമാണല്ലോ. പോലീസ് തടഞ്ഞുവെക്കുന്നതും തിരിച്ചയക്കുന്നതും സ്ഥിരം കാണുന്ന കാഴ്ചയാണ്. വൈകുന്നേരം വരെ നമ്മൾ കരുതുന്നത്, ഇത് നിസ്സാരമായ കാര്യമാണ്, അവിടെ പ്രശ്നങ്ങളില്ലാതിരിക്കാൻ മാധ്യമപ്രവർത്തകരെ അങ്ങോട്ട് വിടാത്തതായിരിക്കും എന്നാണ്. ഇതൊരു താത്കാലിക തടഞ്ഞുവെക്കലായിരിക്കും എന്നാണ് കരുതിയത്. എന്നാൽ വൈകുന്നേരത്തോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. ലോക്കൽ പോലീസ് ഞങ്ങളോട് പറഞ്ഞത് നിങ്ങളെ അഞ്ചു മിനിറ്റിനുള്ളിൽ വിടും മുകളിൽ നിന്ന് ഒരു ഫോൺ കോൾ വരേണ്ടതുണ്ട് എന്നായിരുന്നു. അഞ്ചാം തീയ്യതി രാത്രി മുഴുവൻ ആ പോലീസ് എയിഡ് പോസ്റ്റിൽ ഇരുത്തി. അടുത്ത ദിവസം രാവിലെ മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയപ്പോഴാണ് കാര്യങ്ങൾ വിചാരിക്കുന്നത്‌പോലെയല്ല എന്ന് മനസിലാകുന്നത്.

ജയിലിൽ കിടന്ന അവസ്ഥ എന്തായിരുന്നു? അറസ്റ്റിനു ശേഷം ആദ്യം എങ്ങോട്ടാണ് കൊണ്ട് പോയത്? ശാരീരികമായ അതിക്രമങ്ങൾ ഉണ്ടായിരുന്നോ?

ജയിലിൽ നിന്ന് ശാരീരികമായ ഉപദ്രവങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറേ വെർബൽ അബ്യുസുകൾ ഉണ്ടായിരുന്നു. അഞ്ചാം തീയ്യതി വൈകുന്നേരം നടന്ന ചോദ്യം ചെയ്യലിൽ വളരെ മോശമായ അനുഭവമുണ്ടായിട്ടുണ്ട്. വളരെ മോശമായ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. മുഖത്തടിക്കുക ലാത്തി കൊണ്ട് കാലിന്റെ മുട്ടിലിടിക്കുക, പുറത്തടിക്കുക, അതുപോലെ കൈകൊണ്ട് തലയ്ക്കടിക്കുക, മാനസികവും ശാരീരികവുമായി ടോർച്ചർ ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. ആദ്യം എന്നെയായിരുന്നു ചോദ്യം ചെയ്തത്. അപ്പോൾ തന്നെ എനിക്ക് മനസിലായി ഇതിന്റെ പോക്ക് വേറെ രീതിയിലാണെന്ന്. എന്നെ ഒരു പ്രത്യേക സംഘടനയുമായി ചേർത്തല്ലേ പറഞ്ഞു കൊണ്ടിരുന്നത്. ആ സംഘടനയുടെ നേതാക്കളുമായി എനിക്ക് ബന്ധമുണ്ടെങ്കിൽ അവർ പ്രശ്നക്കാരാണെങ്കിൽ അവരെയല്ലേ ആദ്യം ചോദ്യം ചെയ്യേണ്ടത്? ഇവർ എന്നെത്തന്നെ തേടി വന്നതാണ്. ഇപ്പോഴുള്ള ആരോപണങ്ങളൊന്നുമല്ല ആ സമയത്തുണ്ടായിരുന്നത്. മാവോയിസ്റ്റാണോ, കമ്മ്യൂണിസ്റ്റാണോ എന്നായിരുന്നു ചോദിച്ചത്. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഒരു റീജിയണൽ ഡിസ്ക്രിമിനേഷനാണ് ഞാൻ അനുഭവിച്ചത്. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിവേചനമല്ല, ഞാൻ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണ് എന്നതായിരുന്നു അവർ എടുത്ത് പറഞ്ഞിരുന്നത്. ഞങ്ങൾ നാല് പേരിൽ എനിക്ക് നേരെയാണ് ശാരീരികവും മാനസികവുമായ അതിക്രമങ്ങളുണ്ടായിട്ടുള്ളത്. ബാക്കിയുള്ള മൂന്നുപേരും യു.പി യിലുള്ളവരായിരുന്നു.

മഥുരയിൽ തടഞ്ഞു നിർത്തുന്ന സമയത്ത് കേരളത്തിൽ നിന്ന് വന്ന സിദ്ദിഖ് കാപ്പൻ ആരാണെന്ന് ചോദിച്ചാണ് പോലീസ് വന്നത് എന്ന് നേരത്തെ പറഞ്ഞു കേട്ടിരുന്നു. അപ്പോൾ മറ്റാരോ പോലീസിന് വിവരം നൽകിയതായി സംശയിക്കാവുന്നതല്ലേ. അങ്ങനെ കരുതിക്കൂട്ടി നിങ്ങൾക്കായി കാത്തിരിക്കുകയായിരുന്നോ പോലീസ്? അതോ സാധാരണ പോലീസ് പട്രോളിംഗിനിടെ നടന്ന സംഭവമാണോ?

ഞാൻ പലപ്പോഴായി അത് ചിന്തിച്ചിട്ടുണ്ട്. ഞാൻ ആയിരുന്നില്ല അവരുടെ ലക്ഷ്യം, പക്ഷെ കിട്ടിയത് എന്നെയാണ്. എന്നെക്കിട്ടിയപ്പോൾ അവർക്ക് സന്തോഷവുമായിരുന്നു. അവരുദ്ദേശിച്ചതുപോലെ ഒരു ഇരയെ കിട്ടി എന്ന രീതിയിലായിരുന്നു. അതിനു പിന്നിൽ ആരുടെയോ ഇടപെടൽ ഉണ്ടെന്നു തന്നെ തോന്നുന്നു. നമ്മളെ ലക്ഷ്യം വെക്കുന്ന ആരുടെയോ ഇടപെടൽ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. തുടക്കം മുതൽ തന്നെ ഞാനായിരുന്നു ടാർഗറ്റ്. അഞ്ചാം തീയ്യതി വൈകുന്നേരം ലോക്കൽ ഇന്റലിജൻസ് ആണ് എന്നെ ചോദ്യം ചെയ്യുന്നത്. ഇവർ ഈ പറയുന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് പറയുന്നവരെ എന്നോട് ചെയ്തപോലെ ശാരീരികമായോ മാനസികമായോ ടോർച്ചർ ചെയ്യുന്നില്ല. അവസാനം വരെ എന്നെയാണ് ഇവർ ദ്രോഹിച്ചുകൊണ്ടിരുന്നത്. ഒരു കേരളീയനെന്ന വിവേചനമാണ് ഈ കാലയളവിലുടനീളം ഞാൻ അനുഭവിച്ചത്.

Siddique Kappan and Family

ഇന്ത്യൻ ഏക്സ്പ്രെസ്സിനു നൽകിയ ഇന്റർവ്യൂയിൽ താങ്കൾ ഈ കാര്യം പറഞ്ഞത് കണ്ടു, ഒരു മുസ്ലിം എന്ന രീതിയിലുള്ള വിവേചനമല്ല ഒരു കേരളീയൻ എന്ന രീതിയിലുള്ള വിവേചനമാണ് ഉണ്ടായത് എന്ന്. പക്ഷെ സിദ്ദിഖ് കാപ്പൻ എന്ന പേര് ഇതിനു മുകളിൽ മേമ്പൊടി പോലെ നിങ്ങളുടെ ഐഡന്റിറ്റി കൂടി ചേർക്കാൻ സഹായകമാകുന്നില്ലേ?

എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പലപ്പോഴായി ഇത് അവർ എന്നെ തോന്നിപ്പിച്ചിട്ടുണ്ട്. അമിത് ഷാ കർണാടകത്തിൽ വന്ന് പറയുന്നത് നമ്മൾ കേൾക്കുന്നുണ്ടല്ലോ. ഇതാ നിങ്ങൾക്ക് തൊട്ടടുത്ത് കിടക്കുന്നത് കേരളമാണ് എന്ന് പറയുന്നതിന് പിന്നിലുള്ളത് ഇതേ ചിന്താഗതിയാണ്.എന്നെ കണ്ടപ്പോഴും, അവർക്ക് ഒരു കേരളീയനെ കിട്ടി എന്ന സന്തോഷമായിരുന്നു. കേരളം ഒരു ഭീകര കേന്ദ്രമാണ് എന്ന് വരുത്തി തീർക്കാനാണ് അവർ ശ്രമിച്ചിരുന്നത്. എന്റെ ദേശത്തിന്റെ പേരിൽ ഞാനനുഭവിച്ച വിവേചനങ്ങൾ ശരിവെക്കുന്ന രീതിയിലാണ് അമിത് ഷായുടെ സംസാരം. കൃത്യമായി ഞാൻ പുറത്തിറങ്ങിയ സമയത്ത് തന്നെയാണ് അത് പറയുന്നത്. ഹത്രാസിലും ഇങ്ങനെ തന്നെയാണ് പ്രചരിപ്പിച്ചത്, കേരളക്കാരനായ മാധ്യമപ്രവർത്തകൻ. കേരളം നിങ്ങൾക്കടുത്തുണ്ട്, അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യണം എന്ന് ഒരു ഇലക്ഷൻ റാലിയിൽ പറയുന്നത് ഒരു തരം കേരളാ ഫോബിയ ആണ്. ഇത് കാലങ്ങളായി ഇവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്. പോപ്പുലർ ഫ്രണ്ടുകാരനാണ് ഞാൻ എന്ന് ഇവർ പറയുന്നു, അങ്ങനെയെങ്കിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് ആരോപിക്കപ്പെടുന്ന നോർത്ത് ഇന്ത്യക്കാരെ എന്തുകൊണ്ട് ഇവർ ഇതുപോലെ ലക്ഷ്യം വെക്കുന്നില്ല? അവരെയല്ലേ ആദ്യം ചോദ്യം ചെയ്യേണ്ടത്.

തെളിവ് ശേഖരിക്കാൻ വേണ്ടി പല തവണയായി നിങ്ങളെ ഹത്രാസിലുൾപ്പെടെ പല സ്ഥലത്തും കൊണ്ടുപോയതായി കേട്ടിട്ടുണ്ട്. ഇത്രയും കാലം ജാമ്യം ലഭിക്കാതിരിക്കാൻ മാത്രം എന്തെങ്കിലും തെളിവുകൾ നിങ്ങൾക്കെതിരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുണ്ടോ?

നമ്മൾ മാധ്യമപ്രവർത്തകരുടെ ഫോണുകളിൽ എത്ര പേരുടെ നമ്പറുകളുണ്ടാകും? ഇപ്പോൾ നിങ്ങൾ എന്റെ നമ്പറിലേക്ക് വിളിക്കുന്നു. എന്റെ നമ്പർ കിട്ടാൻ വേണ്ടി നിങ്ങൾ വേറെ ആളുകളെ വിളിച്ചിട്ടുണ്ടാകും. പല രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത നേതാക്കളുടെയും ഫോൺ നമ്പറുകൾ നമ്മുടെ കയ്യിലുണ്ടാകും. എന്റെ മൊബൈലിൽ ഞാൻ ആർക്കോ എന്റെ ന്യൂസിന്റെ ലിങ്ക് അയച്ചു കൊടുത്തു. ആരെയോ വിളിച്ചു സംസാരിച്ചു. ഞാൻ ആർക്കോ ഏതോ ലിങ്ക് അയച്ചുകൊടുത്തിട്ട് അവരുടെ സംഘടനാ നേതാക്കളുടെ പ്രതികരണങ്ങൾ തേടി. ഇതൊക്കെയാണ് പല സംഘടനകളുമായി എനിക്ക് ബന്ധമുണ്ട് എന്ന് കാണിക്കാൻ തെളിവുകളായി കാണിക്കുന്നത്. പ്രഥമദൃഷ്ട്യാ ഒരാൾ കുറ്റക്കാരനാണെന്ന് തോന്നിയാൽ യു.എ.പി.എയിൽ ജാമ്യം ലഭിക്കില്ല. അത്തരം ലൂപ്‌ഹോളുകൾ ഉപയോഗിച്ചാണ് ജാമ്യം ലഭിക്കാതെ ജയിലിൽ നിർത്താൻ പോലീസിന് സാധിക്കുന്നത്. യു.എ.പി.എ യിലെ സെക്ഷൻ 45 ഡി പ്രകാരമാണ് ഇത് ചെയ്യുന്നത്. ഞാൻ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കണ്ടെടുത്തു എന്ന് പറയുന്ന നോട്ടീസിന്റെ കഥ സുപ്രീം കോടതിയിൽ പൊളിഞ്ഞ് പോവുകയും, യു.പി പോലീസും എൻ.ഐ.എ യും അപഹാസ്യരായതുമാണ്. അമേരിക്കയിലെ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന മൂവേമെന്റിന്റെ ഭാഗമായുണ്ടായിരുന്ന പോസ്റ്ററാണ് ഹത്രാസിൽ ഞാൻ വിതരണം ചെയ്തു എന്ന് പറയുന്നത്. ഞാൻ അവിടെ ഹിന്ദിയിൽ പ്രഭാഷണം നടത്തി, കലാപമുണ്ടാക്കാൻ വേണ്ടി പൈസ വിതരണം ചെയ്തു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് എന്റെ ചാർജ് ഷീറ്റിൽ എഴുതി ചേർത്തത്. ഇത് അടിസ്ഥാന രഹിതമാണെന്ന് വിചാരണയുടെ സമയത്ത് തന്നെ ബോധ്യപ്പെടുത്തുകയും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങൾ കോടതിക്ക് മുമ്പിൽ അപഹാസ്യരാവുകയും ചെയ്തതാണ്. ഒരാളെ എങ്ങനെ ജയിലിലിടാം എന്നാണ് അവർ ചിന്തിക്കുന്നത്. എന്റെ കയ്യിൽ ഒരു ലാപ്ടോപ്പ് ബാഗുണ്ടായിരുന്നു അതിൽ ലാപ്ടോപ്പും രണ്ട് നോട്ട് പുസ്തകവും പേനയും ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ അതിൽ വേറൊന്നുമില്ല. ഞാൻ ഒരു മാധ്യമ പ്രവർത്തകൻ മാത്രമാണ്. ഞാൻ അവിടെ പോയത്കൊണ്ടോ പ്രഭാഷണം നടത്തിയാലോ ഉണ്ടാക്കാൻ കഴിയുന്നതല്ല ഒരു കലാപം. ഞാൻ ഹത്രാസിലെത്തി പ്രഭാഷണം നടത്തി എന്നതിന് അവിടെ വ്യാജമായി ഒരു സാക്ഷിയെ പോലും ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം വിചാരണയിൽ പൊളിഞ്ഞുപോകും. പക്ഷെ ആളുകൾ അപ്പഴേക്കും എല്ലാം മറന്നിട്ടുണ്ടാകും. സമൂഹത്തിന്റെ ഈ മറവിയാണ് ഭരണകൂടം ഉപയോഗപ്പെടുത്തുന്നത്. ഒരാൾ യു.എ.പി.എ കേസിൽ ജയിലിലായി അഞ്ചോ പത്തോ വർഷത്തിന് ശേഷം അയാൾക്കെതിരെ ആരോപിച്ചത് മുഴുവൻ കള്ളമാണെന്ന് തെളിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ആളുകൾ അയാളെ മറന്നുപോയിട്ടുണ്ടാകും. എനിക്ക് ഇപ്പോഴെങ്കിലും പുറത്ത് വന്ന ഇത് പറയാൻ കഴിയുന്നതിനു കാരണം, KUWJ പോലുള്ള, എഡിറ്റർസ് ഗിൽഡ് പോലുള്ള, CPJ, കമ്മിറ്റി ഫോർ പ്രൊട്ടക്റ്റിംഗ് ജേർണലിസ്റ് പോലുള്ള സംഘടനകളാണ്. ഈ നിമിഷം വരെ ഞാൻ ഹത്രാസ് എന്ന സ്ഥലത്ത് കടന്നിട്ടില്ല. തെളിവെടുപ്പിനുപോലും യു.പി യിൽ പല സ്ഥലങ്ങളിൽ എന്നെ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഹത്രാസിൽ കൊണ്ടുപോയിട്ടില്ല.

ഇ.ഡി കേസിലും ഇതുപോലെ തെളിവില്ലാത്ത കുറെ ആരോപണങ്ങളാണുള്ളത്. യു.എ.പി.എ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനു ശേഷമാണ്, ഇ.ഡി കേസിൽ എന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. എന്റെ വണ്ടിയിൽ യാത്ര ചെയ്ത ഒരാളുടെ അക്കൗണ്ടിലേക്ക് അയ്യായിരം രൂപ വന്നു എന്നുള്ളതാണ് എനിക്കെതിരെ ഇ.ഡി കേസ് ചുമത്താനുള്ള കാരണം.

നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇവിടെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചിട്ടില്ല. ഇപ്പോൾ ഇറങ്ങുമ്പോൾ അതൊരു നിരോധിത സംഘടനയാണ്. അപ്പോൾ പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് ലേഖനം എഴുതി, നേതാക്കളുമായി ബന്ധമുണ്ട് എന്നെല്ലാം പറയുന്നതിലൂടെ എളുപ്പം നിങ്ങളെ ഒരു തീവ്രവാദിയാക്കാൻ കഴിയില്ലേ?

തീർച്ചയായും. പ്രത്യേകിച്ച് ഒരു മുസ്ലിം കൂടിയാണെങ്കിൽ തീവ്രവാദം എന്ന് പറഞ്ഞാൽ സെക്കുലർ സമൂഹം ഒന്ന് മടിച്ച് നിൽക്കും. പിന്തുണയ്ക്കാൻ ഒരു മടി തുടക്കത്തിൽ എന്തായാലുമുണ്ടാകും. ഇയാൾക്ക് ബന്ധമുണ്ടാകില്ലേ എന്ന സംശയമാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് മുമ്പ് തേജസിലൊക്കെ പ്രവർത്തിച്ച ആളല്ലേ എന്ന രീതിയിൽ അങ്ങനെ ഒരു ബന്ധം വളരെ എളുപ്പം സ്ഥാപിച്ചെടുക്കാൻ കഴിയും. സമൂഹം വളരെ എളുപ്പമാണ് ഒരു തീവ്രവാദിയെ സൃഷ്ടിക്കുന്നത്. എന്നാൽ ആളുകൾ അതിൽ നിന്നെല്ലാം മുന്നോട്ട് വളരുന്നുമുണ്ട്. ഇന്ന് ഭരണകൂടം ഒരാളെ തീവ്രവാദിയായി മുദ്രകുത്തുമ്പോൾ മതേതര സമൂഹം, അയാൾ നിരപരാധിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. യഥാർത്ഥ തീവ്രവാദികൾ രക്ഷപ്പെടുകയും പാവപ്പെട്ട മനുഷ്യരും പത്രപ്രവർത്തകരും ഇരകളാക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്ത് വരാൻ കഴിയാതായത് പി.എം.എൽ.എ കേസ് കാരണമാണല്ലോ. ആ കേസിലും ജാമ്യം ലഭിച്ച് ഒരു മാസത്തോളം കഴിഞ്ഞിട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായി എന്ന് തോന്നുന്നുണ്ടോ?

ജുഡീഷ്യറിയുടെ അവസ്ഥ നമുക്ക് അറിയാവുന്നതാണ്. ഒരുപാട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കീഴ്‌ക്കോടതികളുടെയെല്ലാം അവസ്ഥ എന്താണെന്ന് നമുക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ച് യു.പി യിലൊക്കെ എന്താണ് സംഭവിക്കുന്നത്. യു.എ.പി.എ കേസിൽ ചാർജ് ഷീറ്റ് പോലും എനിക്ക് ലഭിച്ചിട്ടില്ല. അയ്യായിരം പേജുള്ള ചാർജ് ഷീറ്റ് ഉണ്ടെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ കണ്ടു. ആ ചാർജ് ഷീറ്റ് എനിക്കിതുവരെ ലഭിച്ചിട്ടില്ല. ഞങ്ങൾ ചാർജ് ഷീറ്റ് ആവശ്യപ്പെട്ട് ഹൈക്കോടതി വരെ പോയിട്ടുണ്ട്. ചാർജ് ഷീറ്റ് നൽകാതെ വിചാരണ തുടങ്ങാനുള്ള നീക്കം ലഖ്‌നൗവിലെ കീഴ്‌ക്കോടതിയിൽ നടന്നു. എന്റെ ഡിസ്ചാർജ് പെറ്റീഷൻ പോലും കേൾക്കാതെ കുറ്റം ചുമത്താനുള്ള നീക്കത്തെ എതിർത്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചപ്പോൾ ആ തീരുമാനം റദ്ദാക്കി. എന്നിട്ട് നടപടിക്രമങ്ങൾ പാലിക്കണമെന്നും, ചാർജ് ഷീറ്റ് നൽകണമെന്നും ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദ്ദേശം നൽകി.

ഡൽഹിയിൽ ജേർണലിസ്റ് ആയിരിക്കുക എന്നത്, സി.എ.എ. പ്രൊട്ടസ്റ്റിനും ഡൽഹി കലാപത്തിനും ശേഷം വളരെ ദുഷ്കരമായ കാര്യമായി മാറിയിരിക്കുകയാണ്. കാരവൻ ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ ജേർണലിസ്റ്റുകൾ ആക്രമിക്കപ്പെടുന്നു. ഡൽഹിയിൽ തുടരാൻ കഴിയാത്ത ഒരവസ്ഥ നിലനിൽക്കുന്നുണ്ടല്ലോ. ഡൽഹിയിൽ ജേർണലിസ്റ്റായിരുന്ന കാലം, 2013 മുതലിങ്ങോട്ടുള്ള ആ കാലം എങ്ങനെയായിരുന്നു? വീണ്ടും തിരിച്ചു വരുമ്പോൾ അതിനെ എങ്ങനെ കാണുന്നു?

2013 മുതൽ ഞാൻ ഡെൽഹിയിലുണ്ട്. തുടക്കത്തിലൊന്നും വലിയ പ്രശ്നങ്ങളില്ലായിരുന്നു. പിന്നീട് മാധ്യപ്രവർത്തകർ നിരന്തരം ആക്രമിക്കപ്പെടുന്ന അവസ്ഥ ഡൽഹിയിൽ ഉണ്ടായി. 2014 നു ശേഷം ഡൽഹിയിൽ മാധ്യമപ്രവർത്തനം നടത്തുക എന്നത് വളരെ ദുഷ്കരമായ ഒരു കാര്യമായി മാറിയിട്ടുണ്ട്. എന്റെ പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്, ഇനിയെങ്കിലും ഡൽഹി വിട്ട് പോരൂ.. അവിടെ തുടരേണ്ടതില്ല എന്ന്. അപ്പൊ വിചാരിച്ചത് അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്നതുപോലുള്ള നിയന്ത്രണമൊന്നും ഇനി ഉണ്ടാകാൻ പോകുന്നില്ല എന്നായിരുന്നു. എന്നാൽ കള്ളക്കേസിൽ കുടുക്കി ആരെയും എത്രകാലം വേണമെങ്കിലും ജയിലിലടയ്ക്കാം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. മുഖ്യധാരാ മാധ്യമങ്ങൾ മുഴുവൻ സർക്കാരിന്റെ പി.ആർ അജൻസികളാകുന്ന അവസ്ഥ നമുക്ക് കാണാം. യു.പി.എ ഭരണകാലത്ത്, സർക്കാരിനെ വിമർശിച്ച് സി.എ.ജി രംഗത്തു വന്നിരുന്നു. 2G സ്പെക്ട്രം അഴിമതി ഏതു രീതിയിലാണ് ചർച്ചചെയ്യപ്പെട്ടതെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ എല്ലാ സ്ഥാപനങ്ങളും ഏജൻസികളും സർക്കാരിന്റെ കൈകളിലാണ്. സർക്കാർ സ്ഥാപനങ്ങൾ സ്വാതന്ത്രമായിരുന്നതുകൂടിയാണ് യു.പി.എ സർക്കാർ തകരാൻ കാരണമായത്. ഇന്ന് സർക്കാരിന്റെ പരസ്യം വാങ്ങാത്ത ഡിജിറ്റൽ മാധ്യമങ്ങൾ മാത്രമാണ് സർക്കാരിനെ വിമർശിക്കാൻ തയ്യാറാവുന്നത്.

ഈ കേസിൽ പലരീതിയിൽ നിങ്ങളെ മറ്റു സംഭവങ്ങളുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഡൽഹി കലാപവുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഭീമാ കൊരേഗാവ് കേസുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ സംഭവങ്ങളിലെല്ലാം, വിദ്യാർത്ഥികളും ഗവേഷകരും, എഴുത്തുകാരും ജേർണലിസ്റ്റുകളുമായ ഒരുപാടുപേർ രാഷ്ട്രീയ തടവുകാരായി ജയിലിൽ കിടക്കുന്നുണ്ട്. ഉമർ ഖാലിദിനെ പോലെ, ഹാനി ബാബുവിനെ പോലെ, ഒരുപാട് പേർ. അതിനിടയിൽ പ്രതീക്ഷയാണ് സുധ ഭരദ്വാരാജിന്റെ ജാമ്യം, സിദ്ദിഖ് കാപ്പന്റെ ജാമ്യം. ഇപ്പോഴും ജയിലിൽ കിടക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത്? അവരെല്ലാം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയുണ്ടോ?

ലോകത്തെല്ലായിടത്തും സർക്കാരിനെ വിമർശിക്കുന്ന ആളുകളുടെ അവസ്ഥ ഇതാണ്. എന്നാൽ ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് ആളുകൾ വലിയ രീതിയിൽ ജുഡീഷ്യറിയിൽ വിശ്വസിക്കുന്നു. ആ വിശ്വാസം മുറുകെപിടിച്ചുകൊണ്ട് പ്രതിഷേധങ്ങളുണ്ടാകേണ്ടതുണ്ട്. ഇത്തരം ആളുകളുടെ മോചനത്തിനായി ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് നമ്മൾ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനു ജനാധിപത്യ വിശ്വാസികൾ ഒരുമിക്കേണ്ടതുണ്ട്.

നിങ്ങൾ ഒരു ഡയബറ്റിക് പേഷ്യന്റ് കൂടിയാണ്. എല്ലാ ദിവസവും മെഡിസിൻ കഴിക്കേണ്ട അവസ്ഥയിലാണ്. എന്നാൽ ഇവിടെനിന്ന് അയച്ചു നൽകുന്ന മരുന്നുകൾ പോലും നിങ്ങൾക്ക് തരുന്നില്ല എന്നാണ് മുമ്പ് നിങ്ങളുടെ ഭാര്യയോട് സംസാരിച്ചപ്പോൾ പറഞ്ഞത്. എല്ലാത്തിനും കൊടുക്കുന്നത് പാരസെറ്റമോൾ ആണെന്നാണ് അറിഞ്ഞത്. ജയിലിലുണ്ടായിരുന്നപ്പോഴുള്ള ആരോഗ്യ സ്ഥിതി എന്തായിരുന്നു? ഇതൊരു രീതിയിലുള്ള ടോർച്ചർ കൂടിയാണല്ലോ. സ്റ്റാൻ സ്വാമിക്കൊക്കെ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാമല്ലോ.

ലഖ്‌നൗ മഥുര ജയിലുകളിലായിട്ടാണ് ഞാൻ രണ്ടു വർഷവും അഞ്ചുമാസവും തള്ളി നീക്കിയത്. ജയിലിനകത്തെ ഹോസ്പിറ്റലുകളെല്ലാം പേരിനുമാത്രമാണ്. അവിടെ കാര്യമായചികിത്സയൊന്നും ലഭിക്കില്ല. നമുക്ക് പനി വന്നാലും തലവേദനവന്നാലും, ഡയബെറ്റിക്സ് ആണെങ്കിലും വേണ്ട രീതിയിലുള്ള ചികിത്സയൊന്നും ലഭിക്കില്ല. അവർക്ക് തോന്നിയത് പോലെ മാത്രമേ ചെയ്യൂ. പിന്നെ തടവുകാർ തന്നെയാണ് അവിടെ മരുന്ന് നൽകുന്നത്. അവർ അവർക്ക് തോന്നിയ മരുന്നാണ് തരുന്നത്. എല്ലാ രോഗത്തിനും ചിലപ്പോൾ ഒരേ മരുന്നായിരിക്കും. മരുന്ന് നൽകുന്നത് മാത്രമല്ല, ഇൻജെക്ഷൻ വെക്കുന്നതടക്കം എല്ലാം തടവുകാർ തന്നെയാണ്. പേരിന് ഒരു ഡോക്ടർ മാത്രമായിരിക്കും ഉണ്ടാകുക. വയസായ ഒരുപാട് മനുഷ്യരുണ്ട് ജയിലിൽ. രാവിലെ കുറച്ച് ചൂടുവെള്ളത്തിൽ കുളിക്കണമെന്നു കരുതിയാൽ അത് പോലും കിട്ടില്ല. മഥുരയിലെ ജയിലിൽ ക്യാന്റീനിലുള്ളവർക്ക് കൈക്കൂലി കൊടുത്തതാണ് ചൂട് വെള്ളം വാങ്ങിക്കുന്നത്.

ഉമർ ഖാലിദിന്റെ വളരെ വൈകാരികമായ ഒരു കത്ത് പുറത്ത് വന്നിരുന്നു. വിചാരണയുമായി ബന്ധപ്പെട്ട് പോലീസ് ബസിൽ പോകുമ്പോൾ മാത്രമാണ് പുറം ലോകം കാണുന്നത് എന്ന് പറഞ്ഞുകൊണ്ട്. പ്രതീക്ഷ ഇല്ലാതാകുന്ന അവസ്ഥയാണിപ്പോൾ എന്നായിരുന്നു ഉമർ ഖാലിദ് എഴുതിയത്. സഞ്ജിവ് ഭട്ടിന്റെ പങ്കാളിയുമായി സംസാരിക്കുമ്പോഴും, തളർന്നു പോകുന്നുണ്ടെങ്കിലും അവർ ഊർജ്ജം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് എന്നാണ് പറയുന്നത്. മാനസികമായി തളർന്നു പോകുന്ന അവസരങ്ങളുണ്ടാകുമല്ലോ. എങ്ങനെയാണ് ആ സമയങ്ങൾ കൈകാര്യം ചെയ്തത്?

ഹിന്ദിയിൽ ഒരു പാട്ടുണ്ട്. ദുനിയാ മേം കിത്നാ ഗം ഹേ മേരാ ഗം കിതനാ കം ഹേ.. ഈ ലോകത്ത് എത്ര ദുഖങ്ങളാണ് എന്റെ ദുഃഖം എത്ര ചെറുതാണ് എന്നാണ് അതിന്റെ അതിന്ന് അർഥം. എന്നേക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാടുപേരുണ്ടായിരുന്നു ജയിലിൽ. ഇവരെയൊക്കെ പരിചരിച്ചും, അവരുടെ ദുഖങ്ങളിൽ പങ്കുചേർന്നും നമ്മൾ തിരിച്ചറിയും നമ്മുടെ പ്രശ്നങ്ങളെല്ലാം എത്ര ചെറുതാണ് എന്ന്. ജയിലിൽ വച്ച് മഥുരയിൽ കൃഷ്ണനെ തൊഴാൻ വന്ന ഒരു സ്വാമിയേ കണ്ടു. ഇദ്ദേഹം ബംഗ്ലാദേശിയാണ്. വിസ നിബന്ധനകൾ തീറ്റിച്ചു എന്ന പേരിലാണ് ജയിലിലടച്ചത്. മൂന്നു വർഷമായി ഇദ്ദേഹം ജയിലിലാണ്. ഇദ്ദേഹത്തിന്റെ കുടുംബമറിയില്ല ഇയാൾ ജയിലിലാണെന്ന്. ഇങ്ങനെ പലരെയും സഹായിച്ചും, പുസ്തകം വായിക്കാൻ സമയം കണ്ടെത്തിയും സമയം കഴിഞ്ഞുപോയി. ഒന്നുമില്ലെങ്കിലും നമുക്ക് വേണ്ടി ശബ്ദിക്കാൻ ആരെങ്കിലുമൊക്കെ പുറത്തുണ്ടല്ലോ, കോടതിയിൽ ഹാജരാകാൻ അഭിഭാഷകരുണ്ടല്ലോ, ഇയതൊന്നുമില്ലാത്ത മനുഷ്യരാണ് മുന്നിൽ.

നിങ്ങളുടെ ചാർജ് ഷീറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ newslaundry പുറത്ത് വിട്ട റിപ്പോർട്ടുകളിൽ നിങ്ങൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളതായി കാണിച്ചുകൊണ്ട് The Oraganiser ൽ വന്ന ലേഖനത്തെ കുറിച്ച് പറയുന്നുണ്ട്. ഈ കേസിനു പിന്നിൽ സംഘ് പരിവാറുമായി ബന്ധപ്പെട്ട ഒരു ഗൂഢാലോചന നടന്നു എന്ന് കരുതുന്നുണ്ടോ?

ഞാൻ KUWJ യുടെഡൽഹി ഘടകത്തിന്റെ സെക്രട്ടറി ആയിരിക്കുന്ന സമയത്താണ് ഡൽഹി കലാപം നടക്കുന്നത്. കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റിന്റേയും, മീഡിയ വണ്ണിന്റെയും സംപ്രേക്ഷണം നാല്പത്തിയെട്ടു മണിക്കൂർ നേരത്തേക്ക് നിർത്തിവച്ച സമയത്ത് ഞങ്ങൾ ഡൽഹി പാർലമെന്റ് സ്ട്രീറ്റിൽ പ്രൊട്ടസ്ററ് സംഘടിപ്പിച്ചു. അതിൽ സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളുടെ അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത് സംസാരിച്ചു. ഞാനായിരുന്നു അന്ന് പരിപാടിക്ക് സ്വാഗതം പറഞ്ഞതും, നേതൃത്വം കൊടുത്തതും. അന്ന് തന്നെ പോലീസ് എന്നെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പോയതിനെ കുറിച്ചുള്ള വിവരം പല സഹപ്രവർത്തകരിൽ നിന്നും ലഭിച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ് സംഘപരിവാർ വെബ്‌സൈറ്റിൽ എന്നെക്കുറിച്ചുള്ള തീർത്തും അടിസ്ഥാന രഹിതമായ ലേഖനം വന്നത്. ഞാൻ ആദ്യം അതൊരു തമാശയായാണ് കരുതിയത്. എന്റെ പല സുഹൃത്തുക്കളും എന്നോട് ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല ഒരു വക്കീൽ നോട്ടീസ് അയക്കണം എന്ന് പറഞ്ഞു. ഇതിനൊക്കെ എന്തിനാണ് വകീൽ നോട്ടീസ്, കൊതുകിനെ കൊല്ലാൻ എന്തിനാണ് പീരങ്കി എന്നൊക്കെ ഞാൻ തമാശ പറയുമായിരുന്നു. അഴിമുഖത്തിൽ കയറിയതിനു ശേഷമാണ് ഞാൻ അതിനെതിരെ ഒരു വക്കീൽ നോട്ടീസ് അയക്കുന്നത്. അഴിമുഖം പോർട്ടലിൽ എന്റെ സഹപ്രവർത്തകരുടെ നിർബന്ധത്തിലാണ് വക്കീൽ നോട്ടീസ് അയക്കുന്നത്. പിന്നീടാണ് നമ്മൾ ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നെനിക്കു തോന്നിയത്. സംഘപരിവാർ അനുകൂല മാധ്യമപ്രവർത്തകരായിരിക്കാം ഇതിനു പുറകിൽ. ഞാൻ KUWJ സെക്രട്ടറി ആയ സമയത്ത് പലർക്കും എന്നോട് വിയോജിപ്പുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ ജയിലിൽ നിന്ന് ഇറങ്ങില്ല എന്ന് പ്രചരിപ്പിച്ചിരുന്ന പലർക്കുമാണ് ഇപ്പോൾ ബുദ്ധിമുട്ട്. യു.എ.പി.എ ആണ് ഒരിക്കലും പുറത്ത് വരില്ല എന്ന രീതിയിൽ പലരും പ്രചരിപ്പിച്ചിരുന്നു. ചില മാധ്യമപ്രവർത്തകർ തിരുവനന്തപുരത്തുള്ള അഭിഭാഷകരെ ഉപയോഗപ്പെടുത്തി ഫേസ് ബൂക്കിലൂടെ എനിക്കെതിരെ പ്രചാരണം നടത്തിയിരുന്നു. KUWJ സെക്രട്ടറി സ്ഥാനം ഏറ്റെടുത്താൽ ജയിലിൽ പോകേണ്ടിവരുമെന്നായിരുന്നു ഭീഷണി. അങ്ങനെ ചിലരുടെ ഇടപെടൽ പോലീസിലും ഉണ്ടായിട്ടുണ്ടെന്ന് ഞാൻ സംശയിക്കുന്നു.

ജേർണലിസത്തിലേക്ക് തിരിച്ചു വരുമെന്നാണ് ജയിലിൽ നിന്നിറങ്ങിയപ്പോൾ പറഞ്ഞത്. ഇന്ന് രാജ്യത്തെ ജേർണലിസത്തിന്റെ അവസ്ഥ വളരെ അപകടകരമാണ്. സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾ മുഴുവൻ ടാർഗറ്റ് ചെയ്യപ്പെടുന്നു. ഒടുവിൽ ബി.ബി.സി പോലും റെയ്ഡ് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ ഈ മേഖലയിലേക്ക് വരുമ്പോൾ എന്താണ് തോന്നുന്നത്? ഇനിയും പ്രതിസന്ധികൾ ഉണ്ടാകുമെന്നാണോ? ഇതൊരു ഉത്തരവാദിത്വമായാണോ കാണുന്നത്?

ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ റോൾ പ്രതിപക്ഷത്തിനൊപ്പമാണ്. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ പ്രയാസങ്ങൾ നേരിടേണ്ടിവരും. ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാധ്യമങ്ങളെ ഉപയോഗിക്കുന്ന ഈ കാലത്ത്, സത്യസന്ധമായ ശബ്ദമുയർത്തേണ്ട, ജനങ്ങളുടെ ശബ്‌ദമാകേണ്ടവരാണ് മാധ്യമപ്രവർത്തകർ. സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പമാണ് ഒരു മാധ്യമപ്രവർത്തകൻ നിൽക്കേണ്ടത്. ദളിത്, ആദിവാസി ഉൾപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പം നിൽക്കുക എന്നാണ് നമ്മുടെ ഉത്തരവാദിത്വം. ഈ കാലഘട്ടത്തിൽ മാധ്യമപ്രവർത്തനമാണ് ഏറ്റവും വലിയ വിപ്ലവപ്രവർത്തനം. കേവലം മുപ്പത്തിയഞ്ച് ശതമാനം വോട്ട് നേടിയാണ് സർക്കാർ ഭരണത്തിലിരിക്കുന്നത്. അതുകൊണ്ട് മാധ്യമപ്രവർത്തകർ ജനങ്ങൾക്കൊപ്പം നിൽക്കണം. ഞാൻ മാധ്യമപ്രവർത്തനത്തിൽ തന്നെയുണ്ടാകും തിരിഞ്ഞോടില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT