Interview

'ആ വരികളിലെ വരേണ്യതയും സ്ത്രീവിരുദ്ധതയും അരാഷ്ട്രീയതയും തിരുത്തപ്പെടേണ്ടത്' ; കാവാലവും പൊളിച്ചെഴുതിയിട്ടുണ്ടെന്ന് ശ്രുതി നമ്പൂതിരി

'ആലായാല്‍ തറ വേണ്ടെന്ന' പൊളിച്ചെഴുത്ത് പാട്ടില്‍ നിലപാട് വ്യക്തമാക്കി വരികള്‍ തിരുത്തിയ ശ്രുതി നമ്പൂതിരി. ആ വരികളിലെ വരേണ്യതയും സ്ത്രീവിരുദ്ധതയും അരാഷ്ട്രീയതയും തിരുത്തപ്പെടേണ്ടതാണെന്ന ഉറച്ച ബോധ്യമാണ് അതിന് പ്രേരണയായതെന്ന് ശ്രുതി നമ്പൂതിരി ദ ക്യുവിനോട് പറഞ്ഞു. കാവാലം നാരായണ പണിക്കര്‍ കണ്ടെടുത്ത വാമൊഴി ശീല്‍ ഗായകന്‍ സൂരജ് സന്തോഷുമായി ചേര്‍ന്നാണ് ശ്രുതി മാറ്റിയെഴുതിയത്. അന്നത്തെ പുരുഷാധിപത്യ-മൂല്യസങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചുള്ള പാട്ടാണത്. തീര്‍ത്തും വരേണ്യമായ തിരുവാതിരപ്പാട്ട്. അത് അധ്വാനവര്‍ഗത്തെ അഭിസംബോധന ചെയ്യുന്നതല്ല. ജാതിവിവേചനത്തിനും അരാഷ്ട്രീയതയ്ക്കുമെതിരായും ലിംഗസമത്വത്തിന് വേണ്ടിയും ശക്തമായ പോരാട്ടങ്ങള്‍ നടക്കുന്ന കാലത്ത് ഞങ്ങളുടെ രാഷ്ട്രീയ ബോധ്യത്തില്‍ നിന്ന് ഉള്‍ക്കൊള്ളാവുന്ന പാട്ടല്ല അത്. അതിനാല്‍ ഇക്കാലത്തിന് അനുസൃതമായി തിരുത്തിയെഴുതുന്നതില്‍ തെറ്റില്ലെന്ന് കാവാലം ശ്രീകുമാറിന്റെ ചോദ്യത്തിന് ശ്രുതി മറുപടിയും നല്‍കുന്നു. 'മാറ്റിയെഴുതാന്‍ പാടുണ്ടോയന്നാണ് കാവാലം ശ്രീകുമാര്‍ ചോദിക്കുന്നത്. അത് പറ്റുമെന്ന് തന്നെയാണ് ഉത്തരം. 'ന്റെ കുഞ്ഞിത്തായീ എന്ന പാട്ട്, കൂടാതെ മണ്ണ് എന്ന പാട്ടിലെ വരികള്‍ ഒക്കെ കാവാലം നാരായണപണിക്കര്‍ തന്നെ മാറ്റിയെഴുതിയിട്ടുണ്ട്. അന്നത്തെ പുരുഷാധിപത്യസമൂഹത്തെ വെല്ലുവിളിക്കുന്ന പൊളിച്ചെഴുത്തുമായിരുന്നു അത്. കൂടാതെ 'മാവേലി നാട് വാണീടുംകാലം' എന്ന വിഖ്യാതമായ ഓണപ്പാട്ട് സഹോദരന്‍ അയ്യപ്പന്‍ മാറ്റിയെഴുതിയിട്ടുണ്ട്. അത്തരത്തില്‍ ചരിത്രം പരിശോധിച്ചാല്‍ പുതിയ വ്യാഖ്യാനം സാധ്യമാണെന്ന് വ്യക്തമാകും - ശ്രുതി ദ ക്യുവിനോട് പറഞ്ഞു.

'വരികളില്‍ വരേണ്യതയും സ്ത്രീവിരുദ്ധതയും അരാഷ്ട്രീയതയും'

'പൂമാനിനി മാര്‍കളായാല്‍ അടക്കം വേണം' എന്ന് പറയുന്നത് ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ അംഗീകരിക്കാവുന്നതല്ല. തുല്യത വേണ്ട സമൂഹത്തില്‍ അത് എങ്ങനെ ഉള്‍ക്കൊള്ളാനാകും. ഡ.ബ്ല്യു.സി.സിയടക്കം പുരുഷാധിപത്യത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്തുന്ന കാലമാണിത്. സ്ത്രീ സമത്വം, ശാക്തീകരണം എന്നിവയ്ക്കായി പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ആ വരി പാടാനാകില്ല. 'കുലത്തിങ്കല്‍ സീത നല്ലൂ'വെന്നാണ് മറ്റൊരു വരി. കുലത്തില്‍ കഴിയുന്നവരാണ് നല്ലവരെന്ന തെറ്റായ സന്ദേശമാണത് നല്‍കുന്നത്. 'യുദ്ധം ചെയ്യാന്‍ രാമന്‍ നല്ലൂ'വെന്ന് പറയുന്നു. ഒന്നിനുവേണ്ടിയും യുദ്ധമുണ്ടാകരുത്. രാമനോ കൃഷ്ണനോ യേശുക്രിസ്തുവോ, മറ്റാരെങ്കിലുമോ യുദ്ധം ചെയ്താലും തെറ്റാണ്. അതിനാല്‍ 'യുദ്ധം ചെയ്‌തോരെല്ലാം തോല്‍വി', 'കുലം വേണ്ടോരെല്ലാം തോല്‍വി' എന്നാക്കി മാറ്റുകയായിരുന്നു. വരേണ്യ വിഭാഗത്തിന്റെ തിരുവാതിരപ്പാട്ടാണത്. അധ്വാന വര്‍ഗത്തെക്കുറിച്ചുള്ളതല്ല. വിവേചനങ്ങള്‍ക്കെതിരെ ഉറക്കെ സംസാരിക്കേണ്ട കാലത്ത് ആ പാട്ട് തിരുത്തപ്പെടേണ്ടതുണ്ട്.

പൊളിച്ചെഴുത്തിന്റെ നാള്‍വഴി

സൂരജിന്റെ പുതിയ യൂട്യൂബ് ചാനലിന് വേണ്ടി 'ആലായാല്‍ തറവേണം' എന്ന പാട്ട് അവതരിപ്പിക്കാമെന്ന അഭിപ്രായമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ ആ വരികളെക്കുറിച്ച് ആലോചിച്ചപ്പോള്‍ അത്രയും അരാഷ്ട്രീയമായ പാട്ട് അതേരീതിയില്‍ അവതരിപ്പിക്കേണ്ട കാര്യമില്ലെന്ന ചിന്ത വന്നു. നമ്മുടെ നിലപാടിനോട് പൊരുത്തപ്പെടുന്ന രീതിയില്‍ ചെയ്യുന്നതാണല്ലോ ശരി, അല്ലെങ്കില്‍ പിന്നെ ചെയ്യാതിരിക്കണം. പ്രണയഗാനമാണെങ്കില്‍ കുഴപ്പമില്ല. അതില്‍ നിലപാട് പറഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല. ആ കാലഘട്ടത്തിന്റെ മൂല്യ സങ്കല്‍പ്പങ്ങളെക്കുറിച്ചാണ് അതില്‍ പറഞ്ഞുവെയ്ക്കുന്നത്. അതിനോട് എനിക്കോ സൂരജിനോ പൊരുത്തപ്പെടാനാകില്ല. അങ്ങനെ പൊളിച്ചെഴുതാമെന്ന തീരുമാനത്തിലേക്കെത്തി. പക്ഷേ ആളുകളുടെ പ്രതികരണം എങ്ങനെയായരിക്കുമെന്നതില്‍ സംശയങ്ങളുണ്ടായിരുന്നു. വരികള്‍ മാറ്റുമ്പോള്‍ എങ്ങനെ പൂര്‍ണത കൈവരിക്കാനാകുമെന്നതിലും ആശങ്കയുണ്ടായിരുന്നു. അങ്ങനെ സുഹൃത്തുക്കളായ ചില മലയാള ഭാഷാ വിദഗ്ധരുമായി സംസാരിച്ചു. തിരുത്തിയെഴുതുന്നത് സ്വീകാര്യമാണെന്ന അഭിപ്രായം വന്നു. വാമൊഴിശീലായതിനാല്‍ ഈ കാലഘട്ടത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതുണ്ട്. പക്ഷേ സൗന്ദര്യശാസ്ത്രപരമായും അതിന്റെ പ്രസക്തി മുന്‍നിര്‍ത്തി ചെയ്യേണ്ടതുണ്ടായിരുന്നു. അതിന്റെ സൗന്ദര്യ ഘടനയെ ഇളക്കാതെ വേണ്ടിയിരുന്നു ചെയ്യാന്‍. അതൊരു വെല്ലുവിളിയായിരുന്നു. വരികള്‍ പൊളിച്ചെഴുതുമ്പോള്‍ നമ്മുടെ നിലപാട് പറയണം. അങ്ങനെ വരുമ്പോള്‍ അത് മീറ്ററിനകത്ത് ഒതുങ്ങണം. വരികളുടെ സൗന്ദര്യം നഷ്ടപ്പെടാനും പാടില്ല. സൂക്ഷ്മതയോടെ വാക്കുകള്‍ ഉപയോഗിക്കുകയും വേണം. ഞാനും സൂരജും പല പതിപ്പുകള്‍ ഉണ്ടാക്കി. ഒടുവില്‍ ഇപ്പോഴത്തേതിലേക്ക് എത്തുകയായിരുന്നു.

ചരിത്രത്തിലെ പൊളിച്ചെഴുത്തുകള്‍

തിരുത്തിയെഴുതാന്‍ പാടുണ്ടോയെന്നാണ് കാവാലം നാരായണ പണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാര്‍ ചോദിച്ചത്. അത് പറ്റുമെന്ന് തന്നെയാണ് ഉത്തരം. 'ന്റെ കുഞ്ഞിത്തായീ' എന്നുള്ള പാട്ട്, കൂടാതെ 'മണ്ണ്' എന്ന പാട്ടിലെ വരികളൊക്കെ കാവാലം തന്നെ മാറ്റിയെഴുതിയിട്ടുണ്ട്. കുട്ടനാടിന്റെ കര്‍ഷക സംഗീതത്തെ വിപ്ലവസംഗീതമാക്കി അദ്ദേഹം പൊളിച്ചെഴുതിയിട്ടുണ്ട്. അന്ന് നിലനിന്നിരുന്ന പുരുഷ മേധാവിത്വ സാഹചര്യത്തില്‍ നിന്നുള്ള പാട്ടുകളെ അതിന് എതിരായി അദ്ദേഹം തിരുത്തി. 'മാവേലി നാട് വാണീടുംകാലം' എന്ന വിഖ്യാതമായ ഓണപ്പാട്ട് സഹോദരന്‍ അയ്യപ്പന്‍ മാറ്റിയെഴുതിയിട്ടുണ്ട്. അതിനാല്‍ തിരുത്താമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

'പേരില്‍ നമ്പൂതിരിയെന്ന് വെച്ച് എന്തിനെഴുതുന്നു'

പുതിയ പാട്ടിന് ആളുകളില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചുവരുന്നുണ്ട്. എന്നാല്‍ പേരില്‍ നമ്പൂതിരിയെന്ന് വെച്ച് എന്തിന് എഴുതുന്നുവെന്നാണ് ചിലരുടെ ചോദ്യം. പേരില്‍ അങ്ങനെയുള്ളതിന്റെ രാഷ്ട്രീയവും അരാഷ്ട്രീയവും നന്നായറിയാം. ശ്രുതി നമ്പൂതിരിയെന്ന പേരിന്റെ പ്രിവില്യേജുകളെക്കുറിച്ചൊക്കെ നല്ല ബോധ്യവുമുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ എന്റെ യഥാര്‍ത്ഥ പേര് അതായിപ്പോയി. ഔദ്യോഗിക രേഖകളിലെല്ലാം അങ്ങനെയാണ്. ആ പേരിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചതും. ആ വിഭാഗത്തില്‍ ജനിച്ചതും പേര് അങ്ങനെയായിപ്പോയതും എന്റെ കുറ്റമല്ല. എന്തായാലും പേര് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. ശ്രുതി നമ്പൂതിരി എന്നത് ശ്രുതി ശരണ്യം എന്നാക്കും. എല്ലായിടത്തും അത്തരത്തില്‍ പേര് തിരുത്താനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഔദ്യോഗികവും സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകളാല്‍ മാറ്റാന്‍ കഴിയാതെ പോയതാണ്. പേരില്‍ അങ്ങനെയുണ്ടെങ്കിലും ഇടപെടലിലൂടെയും പ്രവൃത്തികളിലൂടെയും ശരിയായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് ഇതുവരെയും ശ്രമിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT