Interview

കൊച്ചിയിലേത് വ്യാവസായിക രാസവിഷ ദുരന്തത്തിന് സമാനമായ സാഹചര്യം; സർക്കാർ സംവിധാനങ്ങൾക്കും പൊലീസിനും പങ്കുണ്ട്

ടൺകണക്കിന് പ്ലാസ്റ്റിക്കും ലോഹങ്ങളും ജൈവമാലിന്യങ്ങളുമടക്കം കഴിഞ്ഞ ഒരാഴ്ചക്കാലമായിട്ട് നിന്നു കത്തിയിട്ടും അതുണ്ടാക്കിയ ആരോഗ്യ അടിയന്തിരാവസ്ഥയെക്കുറിച്ച് ആരും മിണ്ടാത്തത് അത്ഭുതപ്പെടുത്തുന്നു. ഇതൊരു വ്യാവസായിക രാസവിഷ ദുരന്തത്തിന് സമാനമായ സാഹചര്യമാണ് കൊച്ചിയിൽ സൃഷ്ടിച്ചിരിക്കുന്നത്. മാലിന്യസംസ്കരണത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണ്. ഈ തട്ടിപ്പ് സംഘങ്ങളിൽ ​ഗുണ്ടാ റാക്കറ്റുകൾ വരെ ഉൾപ്പെടും. പൊലീസിനും സർക്കാർ സംവിധാനങ്ങൾക്കുമടക്കം ഇതിൽ കൃത്യമായ പങ്കുണ്ട്.

ഓർഗാനിക്സ് ആന്റ് ക്ലൈമറ്റ് ക്യാമ്പെയ്നർ, GAIA - ഏഷ്യ പസഫിക്, ഷിബു കെ.എന്നുമായി നടത്തിയ അഭിമുഖം.

കുറേ ദിവസങ്ങളായി വിഷപ്പുകയ്ക്ക് നടുവിലാണ് കൊച്ചിയിലെ മനുഷ്യർ, സംസ്ഥാനത്തെ സുപ്രധാന ന​ഗരം, ഇൻഡസ്ട്രി-ഐടി ഹബ് വിഷപ്പുകയ്ക്ക് നടുവിലാകാൻ എന്താണ് കാരണം. ഏത് തരത്തിലുള്ള മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കണം എന്ന കാര്യത്തിലുണ്ടായ വീഴ്ചയാണോ ?

2005 ൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകുന്ന കാലത്ത് എറണാകുളത്തെ അഡ്വ. പി. കെ. ഇബ്രാഹിമിൻറെ നേതൃത്വത്തിൽ ഒരു വസ്തുതാന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു. അന്ന് ആ കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. തിരുവനന്തപുരത്തെ വിളപ്പിൽശാലയിൽ സമാനമായ പദ്ധതി പാളിത്തുടങ്ങുകയും അവിടെ ജനകീയ സമരങ്ങളുടെ ഭാഗമാകുകയും ചെയ്ത പരിചയത്തിലാണ് ഞാനും ഈ സമിതിയിൽ അംഗമാകുന്നത്. പരിസരത്തുള്ള ജനങ്ങളോട് നേരിട്ട് കണ്ട് സംസാരിച്ചും പ്ലാന്റും പരിസരപ്രദേശങ്ങളും പരിശോധിച്ചുമാണ് ഒരു റിപ്പോർട്ട് കോർപ്പറേഷനും സംസ്ഥാന സർക്കാരിനുമൊക്കെ സമർപ്പിച്ചത്.

ആദ്യമേ തന്നെ പറയട്ടേ ഒരിക്കലും മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കാൻ പാടില്ലാത്ത വെള്ളക്കെട്ടുള്ള ഒരു സ്ഥലത്ത്, ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച്, ഭാഗികമായി മാത്രം മാലിന്യ സംസ്കരണം നടത്താനുള്ള സംവിധാനമൊരുക്കി അവിടേക്ക് നഗരത്തിലെ മാലിന്യം മുഴുവൻ എത്തിക്കാൻ തീരുമാനിക്കുന്നിടം മുതൽ നടന്ന എല്ലാ നടപടികളും ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നവരും ഒക്കെ ഈ ദുരന്തത്തിന് കാരണക്കാരാണ്.

തീപ്പിടുത്തത്തേക്കാൾ വലിയൊരു ദുരന്തം കഴിഞ്ഞ പതിനേഴ് വർഷങ്ങളായി അവിടെ നടന്നു വരുന്നുണ്ട്. ജലമലിനീകരണം. അത് പുറത്തേക്ക് കാണാനാവത്തതുകൊണ്ടും പരിസരവാസികളൊഴികെ നഗരവാസികൾക്ക് നേരിട്ട് അനുഭവമില്ലാത്തതുകൊണ്ടും ആരും അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് പ്രഖ്യാപന ഘട്ടം മുതൽ എതിർപ്പുകളുടെ നടുവിലായിരുന്നു. വികസിത രാജ്യങ്ങളുടെ മോഡലിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് ഉൾപ്പെടെ പദ്ധതികളുടെ ആലോചന നടന്നു. കൊച്ചി പോലെ ജനസാന്ദ്രതയുള്ള ന​ഗരത്തിൽ, ഏറ്റവും പ്രായോ​ഗികവും ഫലപ്രദവുമായ മോഡൽ മറ്റെന്തായിരുന്നു ?

കേരളത്തിൽ പൊതുവേയുണ്ടായിരുന്ന മാലിന്യപ്രശ്നത്തിന് ഒറ്റക്കും കൂട്ടായും പലതരം പരിഹാരശ്രമങ്ങളും നടത്തി പരാജയപ്പെട്ടിടത്ത് നിന്നാണ് ജനകീയമായി ആവിഷ്കരിച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണപദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും കേരളത്തിൻറെ മറ്റ് നഗരങ്ങളിലും ഒക്കെ നടപ്പാക്കി അതൊരു നയമായി സംസ്ഥാന സർക്കാർ അംഗീകരിച്ച് കേരള ശുചിത്വ മിഷനും ഹരിതകേരള മിഷനും കേരളമൊട്ടാകെ ഈ പദ്ധതി നടിപ്പിലാക്കി വരുമ്പോൾ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിൻറെ നിർദ്ദേശപ്രകാരമാണ് കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സർക്കാർ തീരുമാനം വരുന്നത്.

ഒരു തരത്തിൽ നിലവിലുണ്ടായിരുന്ന വിജയകരമായ ഒരു നയത്തിന് നേർവിപരീതമായ നടപടിയായിരുന്നു അത്. എന്നിട്ട് അത് നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് പുറത്ത് ശുചിത്വമിഷനെ പൂർണമായും ഒഴിവാക്കി വ്യവാസായവകുപ്പിനു കീഴിൽ സാങ്കേതിക സമിതിയെയും പ്രൊജക്ട് മാനേജ്മെൻറ് സംവിധാനവും ഒരുക്കി. വളരെ ദുരൂഹമായ ഒരു നടപടിയായിരുന്നു.

എന്നിട്ട് ഈ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിക്കൊണ്ടു വന്ന 8 ആഗോള കമ്പനികളിൽ ആറെണ്ണവും ഫ്രോഡ് കമ്പനികളായിരുന്നു. അവയ്ക്കൊന്നും ബ്രോഷറുകൾക്കും വെബ് സൈറ്റിനുമപ്പുറം ഈ മേഖലയിൽ പരിചയമേ ഇല്ലായിരുന്നു. വൻതോതിൽ പണം തട്ടാനായി എത്തിയ ഇത്തരം കമ്പനികൾ അവതരിപ്പിച്ച തലതിരിഞ്ഞ അശാസ്ത്രീയമായ പദ്ധതികളെയൊക്കെ അംഗീകരിച്ച് അതിൻറെ നടത്തിപ്പിനായി സംസ്ഥാനത്തെ മറ്റു പദ്ധതികളെ അസ്ഥിരപ്പെടുത്തിയവരും ഇതിൽ കൂട്ടുത്തരവാദികളാണ്.

ഇങ്ങനെ വന്ന ഒരു കമ്പനിയുടെ പ്രതിനിധി മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമൊക്കെ പങ്കെടുത്ത പരിപാടിയിൽ അവകാശപ്പെട്ടത് മാലിന്യത്തിൽ നിന്നും ഒ സെവൻ അഥവാ കൊബാൾട്ട് വാട്ടർ എന്ന അമൂല്യമായ മൂലകം ഉൽപാദിപ്പിച്ച് വിറ്റ് ലാഭമുണ്ടാക്കുമെന്നായിരുന്നു. തെരുവോരത്ത് മയിലെണ്ണക്കച്ചവടം ചെയ്യുന്നവർക്കു പോലും ഇതിലും സത്യസന്ധതയുണ്ടാകും.

മാലിന്യ സംസ്കരണം ഏറ്റവും വലിയ അഴിമതികളും കൊള്ളയും നടക്കുന്ന മേഖല കൂടിയാണ്. കൊച്ചിയുടെ കാര്യത്തിലും ഇങ്ങനൊരു അട്ടിമറി നടന്നതായി സംശയിക്കേണ്ടതുണ്ടോ?

എല്ലാ മാലിന്യ സംസ്കരണ പദ്ധതികളിലും കോൺട്രാക്ടുകൾ ഉണ്ടാകും. ഈ കോൺട്രാക്ടുകളിലെ ആദ്യത്തെ കണ്ടീഷൻ ഒരു നിശ്ചിത അളവ് മാലിന്യം സ്ഥിരമായി സപ്ലൈ ചെയ്യണമെന്നും അളവിൽ കുറവ് വന്നാൽ ദിവസക്കണക്കിൽ പിഴ ചുമത്തുമെന്നുമാണ്. ആ കണ്ടീഷനാണ് ​ഗവൺമെന്റും കോർപ്പറേഷനും എഴുതി ഒപ്പിട്ട് കൊടുക്കുന്നത്. അതായത് ദിവസം 500 ടൺ മാലിന്യം പ്ലാന്റിൽ എത്തിക്കാമെന്നാണ് കോൺട്രാക്ടെങ്കിൽ ആ അളവിൽ കുറവ് വന്നാൽ സർക്കാർ ഓരോ ദിവസത്തിനും നിശ്ചിത തുക ഈ കമ്പനിക്ക് ഫൈൻ അടക്കണം. ഈ കോൺട്രാക്ടിൽ സർക്കാർ ഒപ്പിടുന്നിടത്ത് തുടങ്ങുന്നതാണ് അഴിമതി.

കാരണം ഒരിക്കലും ഈ ടാർ​ഗറ്റ് മുട്ടിക്കാൻ അവർക്ക് കഴിയില്ല. തിരുവനന്തപുരം അതിന്റെ ക്ലാസിക് ഉദാഹരണമാണ്. തിരുവനന്തപുരത്ത് 350 ടൺ വേസ്റ്റ് എത്തിക്കാമെന്നും അളവിൽ കുറവ് വന്നാൽ 49,000 രൂപ ദിവസം ഫൈൻ കൊടുക്കാമെന്നുമായിരുന്നു തീരുമാനം. എന്നാൽ പത്ത് വർഷത്തിനിടെ ഒരുതവണ പോലും 200 ടണിന് മുകളിൽ വേസ്റ്റ് എത്തിക്കാൻ സാധിച്ചിട്ടില്ല. കൊച്ചിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ഈ വഴിക്ക് മാത്രം നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതിയാണ്.

അടുത്തത്, ഇങ്ങനെ കൊണ്ടുപോകുന്ന വേസ്റ്റിന് ടിപ്പിം​ഗ് ഫീ ഉണ്ട്. എത്തിക്കുന്ന വേസ്റ്റിന്റെ ടൺ കണക്കിനാണ് ടിപ്പിം​ഗ് ഫീ നിശ്ചയിക്കുന്നത്. ഒരു ടൺ വേസ്റ്റ് എത്തിച്ചാൽ ഇത്ര രൂപ എന്ന രീതിയിലാണ് അതിന്റെ കണക്ക്. അങ്ങനെ കിട്ടുന്ന പണം ഈ വേസ്റ്റ് കൊണ്ടുപോകുന്ന കമ്പനിക്കാണ് കിട്ടുന്നത്. പരമാവധി വേസ്റ്റ് എത്തിച്ചാലാണ് പരമാവധി പണം നേടാൻ കമ്പനിക്ക് കഴിയൂ. അപ്പോൾ വഴിയിൽ കിടക്കുന്നതും കൺസ്ട്രക്ഷൻ വേസ്റ്റും എല്ലാം ഉൾപ്പെടെ കിട്ടുന്നതെല്ലാം നിറച്ച് അവർ ടൺ കണക്ക് തികക്കും. ഇതുകൂടാതെ ഒരു ടൺ വേസ്റ്റ് എത്തിച്ച ശേഷം നാലും അഞ്ചും ടൺ എത്തിച്ചെന്ന് കണക്ക് കാണിച്ച് പണം തട്ടുന്നവരുമുണ്ട്. അവിടെയും ലക്ഷങ്ങളുടെ അഴിമതി നടക്കും.

പ്ലാന്റ് നടത്തിപ്പിനായി സർക്കാർ കരാർ വെച്ചപ്പോൾ ഇവരിൽ നിന്ന് കെ.എസ്.ഇ.ബി പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിക്കോളാമെന്ന കരാറും ഒപ്പ് വെച്ചിരുന്നു. ഇങ്ങനെയുള്ള കരാറുകളുണ്ടെങ്കിൽ ആ കരാറുകൾ വെച്ച് കമ്പനികൾക്ക് ലോൺ എടുക്കാൻ പറ്റും. അതായത് ​ഗവൺമെന്റുമായി ഞങ്ങൾക്ക് ഇങ്ങനൊരു കോൺട്രാക്ടുണ്ട്, അവർ വേസ്റ്റ് തരും, തരാൻ കഴിഞ്ഞില്ലെങ്കിൽ ഇത്ര രൂപ നഷ്ടപരിഹാരം തരും, ഇത്രയും കൂടിയ നിരക്കിൽ ഞങ്ങളിൽ‌ നിന്ന് വൈദ്യുതി എടുക്കാമെന്നും ​ഗവൺമെന്റ് പറഞ്ഞിട്ടുണ്ട്. ഇത്രയും കേട്ടാൽ തന്നെ ഏത് ബാങ്കും ഫൈനാൻസ് ചെയ്യാൻ തയ്യാറാകും. ഈ ഫൈനാൻസാണ് ഇത്തരക്കാരുടെ പ്രധാനനോട്ടം. ഈ ഫൈനാൻസ് കിട്ടിയാൽ അതിൽ ഇൻഷുറൻസും കൂടെ ചേർത്ത് മൂന്ന് നാല് കൊല്ലം ഉരുട്ടിക്കൊണ്ട് മുന്നോട്ട് പോകും. അതിന് ശേഷം ഒന്നെങ്കിൽ കത്തിപ്പോകും, അല്ലെങ്കിൽ ഒറു സമരമുണ്ടാകും, അങ്ങനെ നിർത്തിവെക്കും. ഇന്ത്യയിൽ സാധാരണ കണ്ടുവരുന്ന രീതികൾ ഇതൊക്കെയാണ്. അതിലൂടെ അവർ തടിതപ്പും.

അടുത്ത തട്ടിപ്പ് പ്രൊജക്ട് കോസ്റ്റാണ്. ഇത്തരം കമ്പനികൾ പറയുന്നതാണ് പ്രൊജക്ട് കോസ്റ്റ്. അവർ 300 കോടിയെന്ന് പറഞ്ഞാൽ അതാണ് കോസ്റ്റ്. ഇങ്ങനെ കൂടിയ പ്രൊജക്ട് കോസ്റ്റ് കാണിച്ചാൽ ഇവർക്ക് ലോണിൽ വലിയ തട്ടിപ്പ് കാണിക്കാൻ പറ്റും. അതായത് വെറും നൂറ് കോടിക്ക് തീരേണ്ട പ്രൊജക്ടിന് 300 കോടിയെന്ന് എഴുതിവെച്ചിട്ട് 150 കോടി രൂപ ലോണെടുക്കും. അപ്പോൾ 50 കോടിരൂപ ലാഭമാണ്. അത് തിരിച്ചടച്ചില്ലെങ്കിലും അവർക്ക് പ്രശ്നമില്ല. എന്നിട്ട് ചൈനയിൽ നിന്ന് ഏതെങ്കിലും കുറച്ച് മെഷീൻ ഇവിടെ കൊണ്ടുവന്നിറക്കും. എന്നിട്ട് ഇതൊക്കെ വലിയ സംഭവമാണെന്ന് മാധ്യമങ്ങളെ ഉപയോ​ഗിച്ച് പി.ആർ വർക്ക് ചെയ്യും. ഇത്യയിൽ ഇതുവരെയുള്ള പ്രധാന പ്രൊജക്ടുകൾ പരിശോധിച്ചാൽ അവരുടെ രീതി ഇങ്ങനെയാണ്. അതുതന്നെയാണ് കൊച്ചിയിലും നടന്നിരിക്കുന്നത്. ഇതൊക്കെ അറിഞ്ഞിട്ടും പലരും മിണ്ടാതെ കൂട്ടുനിന്നിട്ടുമുണ്ട്.

മാലിന്യ സംസ്കരണം ഇന്നും തട്ടിപ്പ് നടത്തി പണമുണ്ടാക്കുന്ന പരിപാടിയാണ്. മാലിന്യ സംസ്കരണം നടത്തിയല്ല ഇക്കൂട്ടർ പണമുണ്ടാക്കുന്നത്, മറിച്ച് മാലിന്യ സംസ്കരണത്തിനുള്ള പണം സർക്കാരിൽ നിന്ന് തട്ടിയെടുത്തും ബാങ്കുകളിൽ നിന്ന് ഫ്രോഡ് കാണിച്ചുമാണ്. ഈ മേഖലയിൽ നിന്ന് പണം കൊയ്യുന്ന അടുത്ത വിഭാ​ഗം ​ഗുണ്ടാസംഘങ്ങളാണ്. കൊച്ചിയിൽ ഇത്തരം തട്ടിപ്പ് നടത്തുമ്പോൾ എന്തായാലും പ്രൊട്ടക്ഷൻ മണി കൊടുക്കണം. ഈ പ്രൊട്ടക്ഷൻ മണി കൊണ്ടുപോകുന്നത് ​ഗുണ്ടാ റാക്കറ്റുകളാണ്. അങ്ങനെ ജനങ്ങളുടെ നികുതിപ്പണവും ജനങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണവും ഉപയോ​ഗിച്ച് വളരുന്നത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങളാണ്.

ബയോമൈനിം​ഗിനെതിരെയും ബയോ മൈനിം​ഗ് ടെൻഡറിലെ ക്രമക്കേട് ഉൾപ്പെടെ ആരോപണമായി മാറിയിട്ടുണ്ട്. കൃത്യമായ ആസൂത്രമാണോ സംവിധാനമോ ഇല്ലാതെയാണോ ഈ ന​ഗരത്തിന് നടുവിൽ ഇത്ര വലിയ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇത്ര വലിയൊരു തീപിടിത്തം നൽകുന്ന മുന്നറിയിപ്പ് എന്താണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണ് പരിഹാരം ?

തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് കൊച്ചിയിൽ ശാശ്വതവും സുരക്ഷിതവുമായ ഒരു മാലിന്യ സംസ്കരണ പദ്ധതി കഴിഞ്ഞ പത്തു വർഷങ്ങളായും നടപ്പിലാകാത്തതിനു കാരണം. എന്നു മാത്രമല്ല അവരുടെ പിടിവാശി മൂലമാണ് അവിടെ മാലിന്യമല സൃഷ്ടിക്കപ്പെട്ടതും ഇടക്കിടെ കത്തുകയും നീറിപ്പുകയുകയും ചെയ്തു കൊണ്ടിരിക്കുന്നത്. ജി ജെ ഇക്കോ പവർ എന്ന ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ഏകദേശം 5 വർഷത്തിലധികം സമയം പാഴാക്കി.

വെറുതേ ഗൂഗിൾ ചെയ്തു നോക്കിയാൽ തന്നെ ആ കമ്പനിയുടെ പിന്നാമ്പുറം ആർക്കും കണ്ടെത്താമെന്നിരിക്കേ അവർക്കു വേണ്ടി കൂടുതൽ മാലിന്യങ്ങൾ കണ്ടെത്താനായി സമീപത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പദ്ധതികൾ വൈകിപ്പിക്കുകയും അവിടുന്ന് മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്കെത്തിക്കാൻ തീരുമാനിച്ചവരും ഇതിനു കാരണക്കാരാണ്. എന്നിട്ട് 2021 ലാണ് സംസ്ഥാന സർക്കാരിന് മനസ്സിലായത് ആ കമ്പനിക്ക് മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കാനുള്ള കഴിവോ പരിചയമോ ഇല്ലെന്ന്. അവരെ പറഞ്ഞുവിട്ട് പുതിയ കമ്പനിയെ കൊണ്ടുവന്നിട്ടുണ്ട്. സോണ്ട എന്ന ബാംഗ്ലൂർ ബേസ്ഡ് കമ്പനിയാണത്.

മാലിന്യ ശേഖരണത്തിന് ബിന്നുകൾ ഡിസൈൻ ചെയ്യുന്ന ബിസിനസ് മാത്രം ചെയ്തു പരിചയമുള്ള ഒരു ജർമൻ കമ്പനിയുമായി ചേർന്ന് ആണ് അവരിവിടെ എത്തിയിരിക്കുന്നത്. അവർ മുന്നോട്ടു വെച്ചിരിക്കുന്ന സാങ്കേതിക വിദ്യയും ഇന്ത്യയിൽ പ്രയോഗിച്ച് പരാജയപ്പെട്ടതാണ്. അവരുടെ ആകെയുള്ള യോഗ്യത ഇടതുപക്ഷ നേതാവിൻറെ മകളും ഭർത്താവും ബന്ധുക്കളും സുഹൃത്തുക്കളും ഈ കമ്പനിയുടെ ഉടമകളാണെന്നത് മാത്രമാണ്. ഇത് ഒരു കമ്പനിയല്ല. വളരെ സംശയാസ്പദമായ രീതിയിൽ ഇതേ ആളുകൾ പല കോമ്പിനേഷനിൽ ഒരേ അഡ്രസ്സിൽ പല പേരിൽ അരഡസനോളം കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൊരാൾക്ക് പോലും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട മേഖലയിൽ ഒരു പരിചയവും കാണിക്കാനില്ല. ആകെയുള്ളത് ബാംഗ്ലൂർ നഗരത്തിൽ ബിന്നുകൾ വെച്ചതാണ്. അതാകട്ടെ അഴിമതിയാരോപണത്തിലുമാണ്.

ബയോമൈനിംഗ് ചെയ്യാനുള്ള പരിചയം പോലും അവർക്കില്ല എന്ന് ഈ തീപ്പിടുത്തം തെളിയിക്കുന്നു. പതിറ്റാണ്ടുകളായി ഒരു സ്ഥലത്ത് കുന്നുകൂടുന്ന മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ അതിനുള്ളിൽ മീഥെയ്ൻ ഉണ്ടാകുമെന്നും അതിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുവേണം ബയോ മൈനിംഗ് ചെയ്യേണ്ടതെന്നുപോലും അറിയാത്ത ഈ കമ്പനിയെയാണ് മാലിന്യങ്ങൾ കത്തിച്ച് അതിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനുള്ള പദ്ധതി ഏൽപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സമാന പദ്ധതി ഇതേ കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. ഇനി കേരളത്തിലെ മറ്റു കോർപ്പറേഷനുകളിലേക്കു കൂടി ഇവരെ കൊണ്ടുവരാനിരിക്കുകയാണ്. ഇതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലുണ്ട്. അവരൊക്കെക്കൂടിയാണ് കേരളത്തിൻറെ മാലിന്യ പ്രതിസന്ധി വർദ്ധിപ്പിക്കുന്നതും വഷളാക്കുന്നതും. എന്നിട്ട് പേരുദോഷം മുഴുവനും പ്രതിഷേധിക്കുന്ന ജനങ്ങൾക്കുമാണ്.

ഇപ്പോൾ പരാതിയും ആരോപണവുമായി നടക്കുന്ന ടോണി ചമ്മണിയും അദ്ദേഹത്തിൻറെ കൌൺസിലും ഈ ദുരന്തത്തിനുത്തരവാദികളാണ്. പുതുതായി ചുമതലയേറ്റെടുത്ത ഭരണസമിതിക്ക് ഇതിലൊന്നും ചെയ്യാനില്ല എന്നത് വസ്തുതയാണ്. അതു പോലെ തന്നെ കളക്ടർക്കും ഇതിൽ റോളൊന്നുമില്ല. കാരണം മാലിന്യ സംസ്കരണം പൂർണമായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻറെ ഉത്തരവാദിത്തമാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ഇക്കാലമത്രയും എന്താണ് ചെയ്തിരുന്നത് എന്ന് ചോദിക്കേണ്ടി വരും. അവർ പ്രതിസ്ഥാനത്താണ്. കമ്പോസ്റ്റിൽ നിന്നും മീഥേയ്നുണ്ടാകുമെന്ന കണ്ടുപിടിത്തവും കൊണ്ട് വികേന്ദ്രീകൃത കമ്പോസ്റ്റിംഗ് പരിപാടികളെ തടസ്സപ്പെടുത്താൻ മുന്നിൽ നിന്നവരുടെ കൺ മുന്നിൽ ബ്രഹ്മപുരം പലയാവർത്തി തീപിടിച്ചിട്ടും ഒരു നടപടിയും എടുക്കാൻ സംസ്ഥാന സർക്കാരിന് വേണ്ട ഉപദേശം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ സ്ഥാപനം പിരിച്ചു വിടുന്നത് തന്നെയാണ് നല്ലത്.

സംസ്ഥാന പൊലീസിനും ഇതിൽ പങ്കുണ്ട്. കൊച്ചിയിലെ മാലിന്യ സംസ്കരണ പരിപാടികൾ- മാലിന്യ ശേഖരണം, മാലിന്യക്കടത്ത് എന്നിവയൊക്കെ ഒരു വലിയ അഴിമതി സംഘമാണ് നടത്തുന്നത്. ഗുണ്ടകൾ വരെ ഉൾപ്പെട്ട ഒരു വലിയ റാക്കറ്റാണ് ശാശ്വതമായ ഏതൊരു പരിഹാരത്തിനും തടസ്സം നിൽക്കുന്നത്. അവരെ തിരിച്ചറിയാനോ നിലക്ക് നിർത്താനോ പൊലീസിന് കഴിഞ്ഞില്ല. ഗുണ്ടകൾക്കും ക്രിമിനലുകൾക്കും പുനരധിവാസം കൊടുക്കാനുള്ള ഇടമല്ല മാലിന്യ സംസ്കരണവും ചന്തകളുടെ നിയന്ത്രണവും. ഇത്തരത്തിൽ ഉത്തരവാദപ്പെട്ടവർ ഉത്തരവാദിത്തം മറന്ന് അഴിമതിക്ക് കൂട്ടുനിന്നത് കൊണ്ടാണ് കൊച്ചി ഈ വലിയ ദുരന്തത്തിലായത്.

ശുചിത്വ മിഷനും ഹരിതകേരളമിഷനും നടപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയാണ് കൊച്ചിക്ക് യോജിച്ചതെന്ന് താങ്കൾ പറഞ്ഞിരുന്നു. കൊച്ചി പോലൊരു ന​ഗരത്തിൽ എത്രത്തോളം പ്രായോ​ഗികമാണ് ?

ആലപ്പുഴയിലും ചേർത്തലയിലും തൊട്ടപ്പുറത്ത് കളമശ്ശേരിയിലും തളിപ്പറമ്പിലുമൊക്കെ വിജയകരമായി നടപ്പിലാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണം കൊച്ചിയിലും നടപ്പിലാക്കുകയാണ് വേണ്ടത്. ഉറവിടത്തിൽ തന്നെ മാലിന്യം കൃത്യമായി വേർതിരിച്ച് ശേഖരിക്കുകയാണ് ആദ്യം വേണ്ടത്. അതിനായി കർശന നടപടികളെടുക്കണം. ഫ്ലാറ്റ് സമുച്ചയങ്ങളും വൻകിട സ്ഥാപനങ്ങളുമൊക്കെ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനം ഉടനെ നടപ്പിലാക്കണം. അത് നിലവിലുള്ള നിയമമാണ്.

വികേന്ദ്രീകൃതമായി ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളും അജൈവമാലിന്യങ്ങൾക്കുള്ള എം.ആർ.എഫുകളും ആർ.ആർ.സികളുമൊരുക്കണം. എന്തു ചെയ്യണം എങ്ങനെചെയ്യണം എന്നതിന് വ്യക്തമായി മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അത് നടപ്പിലാക്കാൻ സഹായിക്കാനായി ശുചിത്വമിഷനും ഹരിതകേരള മിഷനും ഉണ്ട്. അതിനും പുറമേ ലോകബാങ്ക് സഹായവുമുണ്ട്. ചിലരുടെ താത്കാലിക സാമ്പത്തിക ലാഭത്തിനുവേണ്ടി ഒരു ജനതയെ കുരുതിക്കുകൊടുക്കുന്ന നിലപാട് മാറ്റിയെടുക്കണം.

മാലിന്യത്തിൽ നിന്ന് ഊർജ്ജമെന്ന ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത പദ്ധതിക്കുവേണ്ടിയുള്ള പിടിവാശി സർക്കാർ ഉപേക്ഷിക്കണം. അതിനു വേണ്ടി വ്യവസായ വകുപ്പിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന സംവിധാനം പിരിച്ചുവിടണം. അത് അവിടെയുള്ളിടത്തോളം കാലം അഴിമതി കമ്പനികൾക്ക് പിൻവാതിലായി പ്രവർത്തിക്കും. കൊച്ചിയിൽ ഇതുവരെ മാലിന്യ സംസ്കരണത്തിനായി ചെലവിട്ട പണം, പദ്ധതികൾ, സേവനദാതാക്കൾ, കോൺട്രാക്ടുകൾ എന്നിവയെക്കുറിച്ച് ലോക്കൽ ഫണ്ട് ആഡിറ്റ് ഡിപ്പാർട്ട്മെന്റിനെക്കൊണ്ട് ഒരു അന്വേഷണം നടത്തി റിപ്പോർട്ട് നിയമസഭവഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. മലിനീകരണ നിയന്ത്രണ ബോർഡിനെ ഒഴിവാക്കി നിർത്തി ആരോഗ്യമേഖലയിലെയും അക്കാദമിക മേഖലയിലെയും വിദഗ്ധരുടെ നേതൃത്വത്തിൽ ബ്രഹ്മപുരം ദുരന്തത്തിൻറെ പ്രഭാവം അന്വേഷിച്ച് റിപ്പോർട്ട് പൊതുജനത്തിന് ലഭ്യമാക്കുകയും പരിഹാര നടപടികൾ നടപ്പിലാക്കുകയും വേണം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടു വന്ന എക്സറ്റന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി നയത്തിലും നിയമത്തിലും കാതലായ മാറ്റം ആവശ്യപ്പെടണം സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അതിന്മേൽ നേരിട്ട് നിയന്ത്രണാധികാരങ്ങൾ ആവശ്യപ്പെടണം. കേരളത്തിലെ മാലിന്യപ്രശ്നത്തിനു തടസ്സം അഴിമതിയും ഈഗോയും മാത്രമാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും ശക്തമായ രാഷ്ട്രീയ നേതൃത്വം കൊണ്ടാണ് അത് മറികടന്നത്. അതിനുള്ള ഇച്ഛാശക്തി കൊച്ചിയിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കില്ല എന്നതാണ് പ്രശ്നം.

നിലവിൽ ഈ വിഷയത്തെ നിസാരവത്കരിക്കുകയാണ് സർക്കാരും കോർപറേഷനും ചെയ്യുന്നത്. എം ബി രാജേഷ് സഭയിൽ പറഞ്ഞത് കൊച്ചിയിൽ നിലവിലുള്ളത് ഗുരുതര പ്രശ്നം അല്ല എന്നാണ്. ഈ വിഷപ്പുകയും ദുർഗന്ധവും സമീപഭാവിയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒരു പ്രധാന വെല്ലുവിളിയല്ലേ ?

ടൺകണക്കിന് പ്ലാസ്റ്റിക്കും ലോഹങ്ങളും ജൈവമാലിന്യങ്ങളുമടക്കം കഴിഞ്ഞ ഒരാഴ്ചക്കാലമായിട്ട് നിന്നു കത്തിയിട്ടും അതുണ്ടാക്കിയ ആരോഗ്യ അടിയന്തിരാവസ്ഥയെക്കുറിച്ച് ആരും മിണ്ടാത്തത് അത്ഭുതപ്പെടുത്തുന്നു. ഇതൊരു വ്യാവസായിക രാസവിഷ ദുരന്തത്തിന് സമാനമായ സാഹചര്യമാണ് കൊച്ചിയിൽ സൃഷ്ടിച്ചിരിക്കുന്നത്. എയർ ക്വാളിറ്റി ഇൻഡക്സിൽ കിട്ടുന്ന പരാമീറ്ററുകൾ മാത്രം നോക്കി വലിയ കുഴപ്പമൊന്നുമില്ല എന്ന് പറയുന്നവരെക്കുറിച്ച് എന്ത് പറയാനാണ്.

അവിടെ ഉണ്ടായ ഡയോക്സിനുകളുടെയോ ഫ്യൂറാനുകളുടെയോ ബെൻസീനിന്റെയോ മറ്റ് വോളട്ടൈൽ ഓർഗാനിക് കോമ്പൌണ്ടുകളുടെയോ അളവ് കണക്കാക്കാൻ എയർ സാമ്പിൾ ശേഖരിച്ചിട്ടുണ്ടോ. ഒരാഴ്ചയായി ചീറ്റിക്കുന്ന വെള്ളത്തിലൂടെ അലിഞ്ഞ് കടമ്പ്രയാറിലേക്കിറങ്ങുന്ന വെള്ളം ടെസ്റ്റ് ചെയ്യാൻ ആരെങ്കിലും സാമ്പിളെടുത്തിട്ടുണ്ടോ? പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന 60 വയസ്സു കഴിഞ്ഞവർ, ഗർഭിണികൾ കുഞ്ഞുങ്ങൾ, ശ്വാസകോശ രോഗമുള്ളവർ എന്നിവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ ഒരു കുഴപ്പവുമില്ലെന്ന് പറയുന്നതാണ് ഏറ്റവും വലിയ കുഴപ്പം. ആളുകൾ പേടിക്കുമെന്ന് കരുതി കള്ളം പറയാൻ കഴിയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പരിശോധന നടത്തി നടപടിയെടുക്കേണ്ട സാ​ഹചര്യമാണ് നിലവിലുള്ളത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT