Interview

'റിഹേഴ്‌സൽ ആണെങ്കിൽ ഇത്ര ആഞ്ഞ് അടിക്കില്ലല്ലോ', ചോക്ക്ഡ് വരെയുള്ള ചലച്ചിത്രയാത്ര; റോഷൻ മാത്യു അഭിമുഖം

ലോക്ക് ഡൗൺ കാലത്ത് ഒടിടി റിലീസുകളിലേക്ക് ചർച്ച എത്തിയപ്പോൾ ഒരു ബോളിവുഡ് ചിത്രം പ്രേക്ഷകരിലെത്തിയത് മലയാളി നായകനൊപ്പമാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ്. മൂത്തോൻ, കപ്പേള, ചോക്ക്ഡ് എന്നീ സിനിമകൾ വീണ്ടും ചർച്ചയാകുമ്പോൾ റോഷൻ മാത്യു ദ ക്യു'വിനോട് സംസാരിക്കുന്നു

സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നാണ് സിനിമ എന്ന് കരുതിയിരുന്ന സമയത്തിൽ നിന്ന് ചോക്ക്ഡ് വരെ എത്തിനിൽക്കുന്നു. ഇതുവരെയുളള യാത്രയെ കുറിച്ച് എന്തു തോന്നുന്നു?

അത്തരത്തിൽ തിരിഞ്ഞ് നിന്ന് ആലോചിക്കാൻ മാത്രം ഒരു വലിയ യാത്രയായിരുന്നു എന്റേതെന്ന് ഇതുവരെ തോന്നിയിട്ടില്ല. അഭിനയത്തിന്റെ പുറകെ നടന്നുതുടങ്ങിയിട്ട് ഇപ്പോൾ പത്തുവർഷമായി എന്ന തിരിച്ചറിവ് മാത്രം. അനുരാഗ് കശ്യപ് സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ, ഇത്ര വേഗം ഒരു അവസരം ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായിട്ട് പലതും പെട്ടെന്ന് സംഭവിച്ചതുപോലെയൊക്കെയാണ് തോന്നുന്നത്.

ലോക്ക്ഡൗൺ കാലത്തെ സിനിമാ റിലീസും, ഓൺലൈൻ അനുമോദനങ്ങളും തന്ന എക്‌സിപീരിയൻസ്?

വിചിത്രമാണ്. നെറ്റ്ഫ്‌ലിക്‌സ് റിലീസ് ചെയ്യുന്ന എന്റെ ആദ്യത്തെ ചിത്രമാണ് ചോക്ക്ഡ്. തീയറ്ററിൽ വരാതെ ഒരു ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ മാത്രമായി റിലീസ് ചെയ്യുന്നത് ആദ്യത്തെ അനുഭവമാണ്. ചോക്ക്ഡിന്റെ ഷൂട്ടിങ് കഴിഞ്ഞിട്ട് ഒരു കൊല്ലമായി. ഷൂട്ടിങ് സമയത്ത് ഒപ്പമുണ്ടായിരുന്ന എല്ലാവരുമായി നല്ല സൗഹൃദമായിരുന്നു. ഈ പ്രൊമോഷൻ സമയത്ത് എല്ലാവരേയും ഒന്നുകൂടി കാണാമെന്നൊക്കെ കരുതിയിരുന്നു. പക്ഷെ ലോക്ക്ഡൗണിൽ അതിനൊന്നും സാധിച്ചില്ല. റിലീസിന് ശേഷം ഇപ്പോൾ കുറച്ചു ദിവസം അടുപ്പിച്ച് ഓൺലൈൻ ഇന്റർവ്യൂകൾ നൽകിയിരുന്നു. പിന്നെ എല്ലാവർക്കുമൊപ്പം ഇരുന്ന് സിനിമ കാണാൻ കഴിയാത്തതിലും വിഷമമുണ്ട്. എല്ലാ സിനിമകൾക്കൊന്നും ചെയ്യാൻ പറ്റിയിട്ടില്ല. എങ്കിലും അങ്ങനെ കണ്ടിട്ടുള്ളപ്പോഴൊക്കെ നല്ല എക്‌സ്പീരിയൻസ് ആയിരുന്നു.

ചോക്ക്ഡിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രംഗം?

നോട്ടുനിരോധനം അനൗൺസ് ചെയ്തുകഴിഞ്ഞപ്പോൾ സുശാന്തിന്റെ ഒരു റിയാക്ഷൻ ഉണ്ട്. 'പൊളിച്ചു, ഇനി എല്ലാ പ്രശ്‌നങ്ങളും മാറും' എന്ന മട്ടിൽ. അതാണ് ഏറ്റവും ബുദ്ധിമുട്ടായിട്ട് തോന്നിയ രംഗം. ആളുകൾക്ക് കൺവിൻസിങ് ആകും വിധം അത് ചെയ്‌തെടുക്കുക എന്നത് അത്ര എളുപ്പമല്ല. ആദ്യം ഈ സിനിമയെപറ്റിയുളള ചർച്ചകൾ തുടങ്ങുമ്പോൾ അങ്ങനൊരു ആങ്കിൾ ഉണ്ടായിരുന്നില്ല. സുശാന്ത് ഒരു മോദി ഭക്തനാണെന്നോ, അവൻ ഇതിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുമെന്നോ, അവന്റെ പൊളിറ്റിക്‌സ് ഇതാണെന്നോ ഒന്നും മുമ്പ് കരുതിയിരുന്നില്ല. ഇതൊക്കെ കഥയിലേയ്ക്ക് പിന്നീട് കയറിവന്ന ആലോചനകളാണ്. വളരെ നല്ല തീരുമാനവുമാണ്. അതിപ്പോൾ പടം കാണുമ്പോൾ എനിക്ക് മനസിലാകുന്നുണ്ട്. സുശാന്ത് എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്നതിന് ഒരു കാരണം അറിയോണ്ടത് ആവശ്യമായിരുന്നു. എന്നാലാണല്ലോ കഥാപാത്രത്തെ വേണ്ട രീതിയിൽ കൺവിൻസിങ് ആയി ചെയ്‌തെടുക്കാൻ സാധിക്കു. ഷൂട്ടിങ്ങിന് മുമ്പ് കഥാപാത്രങ്ങളെ കുറിച്ചോ സ്‌ക്രിപ്റ്റിനെ കുറിച്ചോ വലിയ രീതിയിൽ ചർച്ചകൾ നടത്താൻ ഇഷ്ടപ്പെടാത്ത ആളാണ് അനുരാഗ് സർ. ഒരുപാട് ആലോചിച്ച് കുളമാക്കല്ലേ എന്നാണ് പറയാറ്. അതുകൊണ്ട്തന്നെ നമ്മൾ സ്വയം ഇതിന്റെ റീസൺസ് കണ്ടുപിടിക്കണം. അതിന് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. എന്നെത്തന്നെ കൺവിൻസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയ രംഗം ഇതായിരുന്നു.

വളരെ ലിമിറ്റഡ് സ്വപ്നങ്ങൾ മാത്രം കാണുന്ന ആളാണ് റോഷൻ എന്ന് പറഞ്ഞിട്ടുണ്ട്. വലിയ പ്രതീക്ഷകൾ നിരാശകൾ തന്നാലോ എന്ന ഭയമാണോ സ്വപ്നങ്ങളിൽ പിശുക്കുന്നതിന് കാരണം?

ആ ഒരു പേടി ആയിരിക്കാം ചിലപ്പോൾ. കാരണം പണ്ട് വലിയ നിരാശകളൊന്നും വന്നിട്ടില്ലാത്ത സമയത്ത് കുറച്ച് വലിയ സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്. ഞാൻ ബോംബെയിലായിരുന്നപ്പോൾ ഒരു ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി ഓഡിഷനിൽ പങ്കെടുത്തിരുന്നു. കുറച്ച് ഇന്ത്യൻ ആക്ടേഴ്‌സിനെയൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുളള സിനിമയായിരുന്നു. രണ്ട് മൂന്ന് തവണ ഓഡിഷനെല്ലാം കഴിഞ്ഞ് ഒരു ഘട്ടത്തിൽ ചുറ്റുമുള്ള ആളുകളൊക്കെ പറയുന്നതിൽ നിന്നൊക്കെ എനിക്ക് തോന്നി സിനിമ വർക്കൗട്ടായെന്ന്. പിന്നീട് എന്റെ ഒന്നുരണ്ട് ഫ്രണ്ട്‌സിനോടൊക്കെ പറയുകയും എന്റെ ഉള്ളിൽ തന്നെ ഞാനത് സെലിബ്രേറ്റ് ചെയ്യുകയും ചെയ്തു. കുറേ സ്വപ്നങ്ങളൊക്കെ കണ്ടു. പക്ഷെ എന്തുകൊണ്ടോ ഇപ്പോഴും ആ പടം നടന്നിട്ടില്ല. അങ്ങനെ വേറെയും കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് മാത്രമല്ല. അതൊക്കെകൊണ്ട് ഈ നിരാശയോട് പൊരുത്തപ്പെട്ട് പോകാൻ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അല്ലാതെ വെറുതെ ഇരുന്ന് സ്വപ്നം കാണാൻ എനിക്ക് ബുദ്ധിമുട്ടില്ല. അത് ഞാൻ ചെയ്യാറുമുണ്ട്. പ്രത്യേകിച്ച് ഒരു നല്ല സിനിമ കണ്ട് ഇറങ്ങുമ്പോൾ, എനിക്ക് എന്നെങ്കിലും ഈ ഡയറക്ടറിനൊപ്പം ഒരു സിനിമ ചെയ്യണം എന്നുള്ള സ്വപ്നങ്ങൾ ഇപ്പോഴും വളരെ ആക്ടീവ് ആയിത്തന്നെ കാണാറുണ്ട്. പക്ഷെ അത് മറ്റൊരാളുമായി പങ്കുവെക്കാറില്ല.

സ്വപ്നങ്ങൾ കാണാറില്ലെങ്കിലും ചെയ്യേണ്ട കഥാപാത്രങ്ങൾ എങ്ങനെയുള്ളവ ആയിരിക്കണം എന്നതിനെ കുറിച്ച് ഒരു ധാരണ ഉണ്ടാകുമല്ലോ?

അങ്ങനെ ഡ്രീം റോൾ എന്നൊന്നില്ല. എനിക്ക് എപ്പോളും മനസിൽ കുറേപേരുടെ പേരുകളുണ്ട്. ടെക്‌നീഷ്യൻസും ആക്ടേഴ്‌സും ആയിട്ടുളള കുറച്ച് ആളുകൾ. ഇവരുടെ കൂടെ അഭിനയിക്കണം, അവർ ഡയറക്ട് ചെയ്യുന്ന സിനിമകളുടെ ഭാഗമാകണം, ഇവർ ക്യാമറ ചെയ്യുന്ന സിനിമയിൽ അഭിനയിക്കണം, അങ്ങനെയാണ് ആഗ്രഹങ്ങൾ. പിന്നെ ഇതൊന്നുമല്ലാതെ ഒരു കായികതാരത്തിന്റെ വേഷമോ ഒരു പെൺവേഷമോ ഒക്കെ ചെയ്യണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

മൂത്തോനിലെ അമീർ എന്ന കാരക്ടറിനെ തന്നേക്കാൾ കൂടുതൽ റോഷൻ മനസിലാക്കിയിരുന്നു എന്ന് സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞിരുന്നു. എങ്ങനെയാണ് അത് സംഭവിക്കുന്നത്?

അത് തുടക്കം മുതലേ ഉള്ള തർക്കമാണ്. ഗീതു എല്ലാരോടും പറയുന്നത് ഞാനൊന്നും ചെയ്തിട്ടില്ല, ഇതെല്ലാം ഇവൻ ചെയ്തതാണ് എന്നാണ്. ഞാൻ എല്ലാരോടും പറയുന്നത് ഞാൻ എന്തൊക്കെയോ ചെയ്തു, എല്ലാം ഗീതു ഉദ്ധേശിച്ച കാര്യങ്ങൾ തന്നെയാണ് ചെയ്തിട്ടുള്ളത് എന്നാണ്, അതെങ്ങനെ സാധിച്ചെടുത്തു എന്ന് എനിക്കറിയില്ല. കാരണം സീനിന്റെ ഇടയിൽ വന്ന് കാര്യമായിട്ട് ഗീതു ഒന്നും പറയില്ല. അല്ലാതെ ഇരുന്ന് സംസാരിക്കുന്നതിൽ നിന്നും ചെയ്തുനോക്കുന്നതിൽ നിന്നുമൊക്കെ തന്നെ ഗീതു, ഗീതുവിന് വേണ്ടത് അവിടെ പ്ലാന്റ് ചെയ്യും. പിന്നെ അവിടെ ചെന്നിട്ട് ഞങ്ങളെന്തൊക്കെ ചെയ്താലും ഗീതൂന് വേണ്ട സംഗതി അവിടെ കിട്ടുന്നുണ്ട്. ഗീതു ഇല്ലായിരുന്നെങ്കിൽ ഇത് ഇങ്ങനയേ ആവില്ല. പിന്നെ ചില ക്യാരക്ടറുകളിൽ നമുക്ക് കൃത്യമായി ഹുക്ക് വീഴും. ഒരു കോയിൻ സ്ലോട്ടിലേയ്ക്ക് വീഴുന്നപോലെ. സ്‌ക്രിപ്റ്റ് ആദ്യം വായിക്കുമ്പോഴോ ആദ്യ സീൻ ചെയ്യുമ്പോഴോ കിട്ടുമെന്നല്ല. എപ്പോഴോ ഈ പ്രോസസ്സിനിടയിൽ അത് സംഭവിക്കും.

മൂത്തോനിൽ ഞാനും നിവിനേട്ടനും ഗീതുവുമായിട്ട് മൂന്നു ദിവസത്തെ വർക്ക്‌ഷോപ് ഉണ്ടായിരുന്നു, ബോംബെയിൽ വെച്ച്. അവിടെ വെച്ച് ചെയ്യുന്നത് മുഴുവൻ പാളുവായിരുന്നു. ഗീതു തലയിൽ കൈ വെച്ചൊക്കെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്താണീ ചെയ്യുന്നത്, ഈ പയ്യനെ വെച്ച് എങ്ങനെ ഞാൻ ഈ കാരക്ടർ ചെയ്‌തെടുക്കും, അടുത്ത ദിവസം ഷൂട്ട് തുടങ്ങും, എന്നൊക്കെ വിചാരിച്ച്. അങ്ങനെയൊന്നും ഗീതു പറഞ്ഞിട്ടില്ല. എങ്കിലും ആ ഇരിപ്പ് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആദ്യത്തെ രണ്ട് ദിവസത്തെ വർക്ക്‌ഷോപ് കഴിഞ്ഞ് റൂമിൽ പോയി ഇരുന്ന് കരച്ചിലൊക്കെ ആയിരുന്നു. പിന്നെ നിവിനേട്ടൻ പറയും, നീ എന്താടാ ഈ കാണിക്കുന്നത്, വർക്ക്‌ഷോപ്പ് കഴിഞ്ഞാൽ പിന്നെ അത് ആലോചിച്ച് ഇരിക്കരുത്. വാ നമുക്ക് പുറത്തേയ്ക്ക് പോകാം, എന്നൊക്കെ. അങ്ങനെ മൂന്നാമത്തെ ദിവസമാണ് എനിക്ക് ഈ സംഭവം കിട്ടുന്നത്. തീർച്ചയായിട്ടും ഗീതുവിന്റേയും നിവിനേട്ടന്റേയുമൊക്കെ ഫുൾടൈം സപ്പോർട്ട് കൊണ്ടുകൂടി സംഭവിച്ചതാണ്. അന്ന് കരുതി, അമീറിനെ കിട്ടിയിട്ടുണ്ട്, ഇനി അള്ളിപ്പിടിച്ച് വയ്ക്കാം, ഷൂട്ട് കഴിയുന്നത് വരെ. അത് എങ്ങനെ എന്തുകൊണ്ട് എന്നൊന്നും പറയാൻ എനിക്കറിയില്ല. ഗീതുവിന്റെ എഴുത്തിൽ നിന്ന് നമുക്ക് കാരക്ടറിനെ ഭയങ്കരമായിട്ട് മനസ്സിലാക്കാൻ പറ്റും. ഏതൊരു നല്ല സ്‌ക്രിപ്റ്റിലും അത് സംഭവിക്കും. ചോക്ക്ഡിലും അതുണ്ടായിരുന്നു. സുശാന്തിന്റെ കാഴ്ചപ്പാടിൽ നിന്നല്ല അതിൽ കഥ പറയുന്നത്. പക്ഷെ അവനില്ലാത്ത സീനുകളിൽ പോലും അവനെപ്പറ്റി എഴുതിയിരിക്കുന്ന കാര്യങ്ങളിൽ നിന്ന് അവനേത് ടൈപ് ആളാണെന്ന് നമുക്ക് മനസ്സിലാകും. ഒരു സീനിൽ സരിത വന്ന് ചോദിക്കും, ഈ ബില്ല് ആരാണ് താഴെ ചുരുട്ടിക്കൂട്ടി ഇട്ടിരിക്കുന്നതെന്ന്, അപ്പോൾ സുശാന്തിന്റെ മകൻ പറയുന്നുണ്ട്, അപ്പേടെ കയ്യില് ചായ വീണു. അപ്പോ ഈ ബില്ല് അവിടെ ഇരിപ്പുണ്ടായിരുന്നു, അതെടുത്ത് തുടച്ചിട്ട് അവിടെത്തെന്നെ വലിച്ചെറിഞ്ഞൂന്ന്. അങ്ങനെ ചെയ്യുന്ന ഒരാൾ. ആ ഇൻഫർമേഷൻ കൊണ്ട് തന്നെ നമ്മുക്ക് കഥാപാത്രത്തെ കുറിച്ച് മനസിലൊരു ഇമേജ് വന്നിട്ടുണ്ടാകുമല്ലോ, അങ്ങനത്തെ ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്, ഒരു പോയിന്റിൽ അങ്ങനൊക്കെത്തന്നെ ജീവിച്ചിട്ടുമുണ്ട്. അതുകൊണ്ട്, പെട്ടെന്നുതന്നെ മനസിലായി. ഒരു നല്ല എഴുത്തിൽ കാരക്ടർ എന്തായാലും ഉണ്ട്. അത് കണ്ടുപിടിച്ച് എടുക്കണം എന്നതേ ഉള്ളു. ഗീതൂന്റെ എഴുത്തിൽ അമീർ ആരാണെന്നും എന്താണെന്നും എങ്ങനെ ചിന്തിക്കുന്ന ആളാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു.

അമീറും മൂസയും തമ്മിലുളള ഫൈറ്റ് സീനിന് പിന്നിലെ തർക്കം എന്തായിരുന്നു?

അത് ഞാനും ഗീതുവും ഇപ്പോഴും യോജിച്ചുപോകാത്തൊരു കാര്യമാണ്. എനിക്ക് തോന്നിയത് ഇത്രയേ ഉള്ളു. അമീറ് കുഞ്ഞായിരുന്നപ്പോൾ മുതൽ അവനെ 'ബുള്ളി' ചെയ്തിട്ടുള്ള ഒരാളാണ് മൂസ. ദിലീഷേട്ടന്റെ ക്യാരക്ടർ. ഒരുപാട് ഉപദ്രവിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടുമൊക്കെയുണ്ട്. പിന്നീട് ആവൻ ബോംബയിൽ പോകുന്നു. കുറേ കാലം അവിടെ നിൽക്കുന്നു. വേറെ ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്. വേറൊരു വലിയ ജീവിതം അവനവിടെ ഉണ്ടായിട്ടുണ്ട്. അവന്റെ ലൈഫും ബുദ്ധിമുട്ടായിരുന്നിരിക്കുമല്ലോ. ഇപ്പോൾ വീണ്ടും മൂസ ഇതേ സംഭവം ആയിട്ട് വീണ്ടും വന്നാൽ എതിർക്കാൻ ശ്രമിക്കുവെങ്കിലും ചെയ്യും അമീർ. വെറുതെ നിന്ന് തല്ലുകൊള്ളില്ല. കാരണം, നേരത്തെ സംഭവിച്ചതിന്റെയൊക്കെ എക്‌സ്പീരിയൻസ് ഉണ്ട് മനസ്സിൽ. മൂസ വരുമ്പോഴേ അറിയാം ഇതാണ് പ്രതീക്ഷിക്കേണ്ടതെന്ന്. അപ്പൊ തീർച്ചയായും ഒരു തയ്യാറെടുപ്പുണ്ടാകും. ഇങ്ങനൊരാള് വീണ്ടും ഇതേ കാര്യത്തിന് വരുമ്പോൾ വെറുതേ എങ്ങനെ നോക്കി നിൽക്കും എന്നതായിരുന്നു എനിക്ക് മനസിലാകാതെ പോയ കാര്യം. ഗീതു പറയുന്നത്, ഒരിക്കൽ ഇങ്ങനെ സംഭവിച്ചിട്ടുളളതുകൊണ്ട് അവന് മൂസയെ ഇനിയും എതിർക്കാൻ പറ്റില്ല എന്നായിരുന്നു. ഇതിനെ ചൊല്ലി ഞങ്ങൾ ലക്ഷ്യദ്വീപിന് പോകുന്നതിന് മുമ്പുതന്നെ തർക്കങ്ങളുണ്ടായിരുന്നു. ദിലീഷേട്ടനൊന്നും ഇതിൽ ഇടപെടാൻ വന്നിട്ടില്ല. ഞങ്ങൾ തമ്മിലായിരുന്നു സംസാരം. ഇതാണോ നിനക്ക് തോന്നുന്നത്, എനിക്ക് ഇതാണ് തോന്നുന്നത്, എന്തുചെയ്യും? എന്ന് ചോദിച്ചു. അപ്പൊ ഗീതു പറഞ്ഞു, എന്നാൽ നമുക്കൊരു റിഹേഴ്‌സൽ പോലെ ചെയ്ത് നോക്കാം, എന്താണ് സംഭവിക്കുന്നതെന്ന് അറിയാലോ. അങ്ങനെ ഞാൻ റിഹേഴ്‌സൽ ചെയ്യാനിരുന്നു. അപ്പുറത്ത് ചെന്ന് ഗീതു ദിലീഷേട്ടനോട് പറഞ്ഞു ടേക്ക് ആണ്, എന്താന്ന് വെച്ചാൽ ചെയ്‌തോളൂ എന്ന്. രാജീവ് സാർ ആയിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഷൂട്ട് കഴിഞ്ഞ് ദിലീഷേട്ടൻ വന്ന് പറഞ്ഞു, എടാ നല്ല തല്ല് കൊണ്ടെന്നറിയാം, ഇതിപ്പൊ ഒറ്റ ടേക്കിൽ നമുക്ക് സാധനം മൊത്തം കിട്ടിയല്ലോ, അല്ലെങ്കിൽ പിന്നെയും പിന്നെയും ചെയ്യണം. എന്റെ പുറകിൽ നിന്ന് വരുന്നവരെല്ലാം ടേക്കിനായിട്ടാരുന്നു വരുന്നത്. ഞാൻ മാത്രമാണ് റിഹേഴ്‌സലിനായിട്ട് നിന്നത്. എഴുന്നേറ്റ് തിരിഞ്ഞ് നിന്ന് ആദ്യത്തെ അടി കൊണ്ടുകഴിഞ്ഞപ്പോഴാണ് മനസിലാകുന്നത്, ഇത് റിഹേഴ്‌സൽ ആവില്ല. റിഹേഴ്‌സൽ ആണെങ്കിൽ ഇത്ര ആഞ്ഞ് തല്ലില്ലല്ലോ. പിന്നെ ഞാൻ തിരിച്ച് ഫൈറ്റ് ചെയ്യാനൊക്കെ നോക്കുന്നുണ്ട്. പക്ഷെ കാര്യായിട്ട് നടക്കുന്നില്ല. പിന്നീട് സംഭവിച്ചതൊക്കെ എന്തോ ശരിയായിരുന്നെന്ന് തോന്നി. ഇവനെത്ര ബോംബയിൽ പോയി മസിൽ വെച്ച് വന്നു എന്നൊക്കെ പറഞ്ഞാലും മൂസയായിട്ട് തല്ല് പിടിച്ച് നിൽക്കാനൊന്നും അമീറിന് പറ്റുന്നില്ല.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT