Interview

അപമാനിക്കപ്പെട്ടു, കലാകാരിയുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് സ്റ്റേറ്റ്; നീനാ പ്രസാദ് അഭിമുഖം

പാലക്കാട് നടന്ന സാംസ്‌കാരിക പരിപാടിയിലെ മോഹിനിയാട്ടം ജില്ലാ ജഡ്ജി കലാംപാഷയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചത്. ഒരു കലാകാരിയെന്ന നിലയില്‍ അപമാനിക്കപ്പെട്ട അനുഭവമെന്നാണ് താങ്കള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരമൊരു ഇടപെടലുണ്ടാകുമ്പോഴത്തെ മാനസികാവസ്ഥ എങ്ങനെയായിരുന്നു?

പെര്‍ഫോമന്‍സിന്റെ പകുതിയില്‍ വെച്ചാണ് സംഘാടകര്‍ പരിഭ്രാന്തരായെത്തി പെട്ടെന്ന് പരിപാടി നിര്‍ത്തണമെന്ന് പോലീസ് പറയുന്നതായി അറിയിച്ചത്. ഞാനെന്റെ മെയിന്‍ ഐറ്റത്തിലേക്ക് പോകുന്നതേയുണ്ടായിരുന്നുള്ളു. ശരിക്കു പറഞ്ഞാല്‍ വൈകാരികമായ പ്രതികരണമാണ് വന്നത്. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. എന്റെ പക്കമേളക്കാരൊക്കെ അങ്ങനെയിരിക്കുന്നു. പ്രാക്ടീസ് ചെയ്ത് കൊണ്ടു വന്ന ഒരു പ്രധാനപ്പെട്ട തീം അവതരിപ്പിക്കാന്‍ പറ്റാതായി. നിര്‍ദ്ദാക്ഷിണ്യം ഒഴിവാക്കാന്‍ പറഞ്ഞ ആ നടപടി അപമാനിക്കുന്നതായിത്തന്നെ തോന്നി.

കോവിഡ് കാലത്തെ പ്രതിസന്ധി മാറി തൊഴിലിടം സജീവമാകുന്നതിനിടെയാണ് ജില്ലാ ജഡ്ജിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു ഇടപെടലുണ്ടാകുന്നത്. കലാകാരന്മാരുടെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും ഇത്?

ഞാന്‍ സംസാരിക്കുന്നത് മുഴുവന്‍ കലാകാരിയുടെ ഹൃദയത്തില്‍ നിന്നാണ്. സഹ കലാകാരന്മാരെ തിരിഞ്ഞുനോക്കാന്‍ പോലും എനിക്ക് ത്രാണിയുണ്ടായിരുന്നില്ല. അത്രത്തോളം വൈകാരികമായ ട്രാഷാണ് നമുക്ക് വേദിയിലുണ്ടാകുന്നത്. അത് കലാകാരന്മാരുടെ ആത്മവിശ്വാസത്തെ ബാധിക്കും. അസ്വസ്ഥരാകുന്ന രീതിയിലുള്ള ചോദ്യം വളരെ പെട്ടെന്ന് അവരുടെ ഉള്ളില്‍ വരും. എന്തിനാണ് ഇങ്ങനെ നിലകൊള്ളുന്നതെന്ന തോന്നല്‍ വരും. വാസ്തവത്തില്‍ കലാകാരന്മാരുടെ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ അവര്‍ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല. അവരുടെ കഴിവ് മാത്രം അടിസ്ഥാനമാക്കി കൊണ്ടുപോകുന്നതാണ് അവരുടെ കാര്യങ്ങള്‍. അങ്ങനെയുള്ളവര്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടാകുമ്പോള്‍ ആരുമില്ല. അതും അവര്‍ ഉള്‍ക്കൊണ്ടു. ഏറ്റവും അവസാനത്തെ പ്രയോരിറ്റിയാണ് ആര്‍ട്ടിസ്റ്റെന്ന് വ്യക്തമായി. എല്ലാം തുറന്ന് വരുമ്പോള്‍ വീണ്ടും അതിനും സമ്മതിക്കില്ലെന്ന് പറയുന്നു. എന്ത് സൊസൈറ്റിയാണിത്?

ജുഡീഷ്യറി എല്ലാ വിഷയങ്ങളിലും ഇടപെടുന്ന അവസ്ഥ. പത്ത് മണി വരെ മൈക്ക് പെര്‍മിഷനുള്ളിടത്താണ് 8.30-ന് പരിപാടി നിര്‍ത്താന്‍ പറയുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ആരും മിണ്ടുകയേ ചെയ്യരുതെന്ന് പറയുന്നത് പോലെ തന്നെയല്ലേ ഇത്?

അതെ. അങ്ങനെ തന്നെയാണ്. അങ്ങനെയേ അതിനെ എടുക്കാന്‍ പറ്റുകയുള്ളു. കാരണം എന്തിന്റെ പേരിലായാലും അധികാരം ദുര്‍വിനിയോഗം ചെയ്യാനുള്ളതല്ല. അധികാരം ഉത്തരവാദിത്തബോധത്തോടെയാണ് ഉപയോഗിക്കേണ്ടത്. അല്ലാ എന്ന് തോന്നുന്നിടത്താണ് നമുക്ക് സങ്കടവും അപമാനവും പരാതിയുമെല്ലാം ഉണ്ടാകുന്നത്.

നീനാ പ്രസാദ് എന്ന കലാകാരി ആയതുകൊണ്ട് ഈ വിഷയം ഇത്ര ചര്‍ച്ചയാകുകയും പ്രതിഷേധം ഉയരുകയും ചെയ്തു. നേരത്തെയും ഈ പ്രദേശത്തെ പരിപാടികള്‍ ഇതേ കാരണത്താല്‍ തടസ്സപ്പെട്ടിട്ടുണ്ടെന്ന പരാതി ഇപ്പോള്‍ ഉയരുന്നു. അത്തരം ഇടപെടലുകള്‍ എങ്ങനെയായിരിക്കും ഇത് അവതരിപ്പിക്കുന്നവരെ ബാധിക്കുക?

പടിപാടികള്‍ തടസ്സപ്പെട്ടിട്ടുണ്ട്. കലാമണ്ഡലം പ്രദീപ് ആശാന്റെ രൗദ്രഭീമന്‍ അവതരിപ്പിക്കാന്‍ കയറിയപ്പോള്‍ ഇതേ പോലെ സ്റ്റോപ് ചെയ്യിച്ചുവെന്ന് ഇപ്പോള്‍ അറിയുന്നു. അതിന്റെയൊക്കെ വേദന എന്ന് പറയുന്നത് വളരെ വലുതാണ്. ഐ തിങ്ക് ആര്‍ട്ടിസ്റ്റ് ഷുഡ് ബി ട്രീറ്റഡ് മോര്‍ റെസ്‌പെക്ട്ഫുള്ളി എന്നാണ് എനിക്ക് പറയാനുള്ളത്.

ഈ വിഷയത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നു ശ്രമം നടക്കുന്നുണ്ടല്ലോ. ഇത് യഥാര്‍ത്ഥ പ്രശ്നം അഡ്രസ് ചെയ്യപ്പെടാതെ പോകാന്‍ ഇടയാക്കില്ലേ?

ഒരാളുടെയും വ്യക്തിപരമായ കാര്യമല്ല ഇവിടെ വിഷയം. യഥാര്‍ത്ഥത്തില്‍ ഞാന്‍ അങ്ങനെ കണ്ടിട്ടില്ല. കല എന്നത് മാനവികതയുടെ പ്രതീകമാണ്. എനിക്ക് ആ ഭാഷയേ അറിയുകയുള്ളൂ. ആ ഭാഷയിലേ എനിക്ക് സംസാരിക്കാനും കഴിയുകയുള്ളു. എന്റെ ആസ്വാദകര്‍ പ്രത്യേക കമ്യൂണിറ്റിയിലുള്ളവരല്ല. ജനങ്ങളാണ്. അങ്ങനെയുള്ളവരാണ് എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. അതിനകത്ത് ആര്‍ട്ടോ ഗ്രേഡോ കമ്യൂണിറ്റിയോ ഒന്നുമില്ല. കലാപരമായ കാര്യങ്ങളെ വിലയിരുത്തുകയും വിമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തത് അത്തരക്കാരാണ്. അവരോടൊപ്പമാണ് ഞാന്‍. അവരുള്ളത് കൊണ്ടാണ് ഞാനുമുള്ളത്. ഇവിടെ എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ല, സ്റ്റോപ് ചെയ്യപ്പെട്ടുവെന്നത് വളരെ ഗൗരവമുള്ള വിഷയമാണല്ലോ. ആര്‍ട്ട് എന്നത് ഭാരതീയ സംസ്‌കൃതിയുടെ ഭാഗമാണ്. എന്നുമാത്രമല്ല ആര്‍ട്ട് ഒരു തൊഴിലിടമാണ്. കലാകാരിയെന്ന നിലയില്‍ എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവും തൊഴിലിടവും സംരക്ഷിക്കപ്പെടേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. അതിലുള്ള എന്റെ വിഷമവും പരാതിയുമാണ് ഞാന്‍ പറയുന്നത്.

സ്റ്റേറ്റിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ എന്തെങ്കിലും ഇടപെടലുണ്ടായോ?

ചില പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. പൊളിറ്റിക്കലി എന്നെ നേരിട്ട് ആരും ബന്ധപ്പെട്ടിട്ടില്ല. സാംസ്‌കാരികമന്ത്രിയോ അങ്ങനെയാരും നേരിട്ട് സംസാരിച്ചിട്ടില്ല.

ദൃശ്യകലകളുടെ അവതരണത്തില്‍ സമയം പ്രധാനമാണല്ലോ. രാത്രിയാണ് ഇത്തരം കലകള്‍ അവതരിപ്പിക്കുന്നത്. അതോടൊപ്പം കലാകാരന്‍മാരുടെ തൊഴില്‍ സമയം എന്നതും ഇവിടെ നിഷേധിക്കപ്പെടുകയല്ലേ?

അതെ. ഇവിടെ പത്ത് മണി വരെ മൈക്കിന് അനുമതിയുള്ളപ്പോള്‍ എട്ടരയ്ക്ക് എന്തുകൊണ്ട് സ്റ്റോപ് ചെയ്യപ്പെട്ടുവെന്നതാണ് ചോദ്യം. കാലാകാലങ്ങളായി ദൃശ്യകലങ്ങളെല്ലാം അരങ്ങേറുന്നത് വൈകുന്നേരമാണ്. അതിന് അങ്ങനെ തന്നെ സംരക്ഷണമുണ്ടാകണം. ഇതിനെ ഗൗരവമായി എടുത്തിരിക്കുന്ന കലാകാരന്മാരുണ്ട്. അവര്‍ നമ്മുടെ നാടിന്റെ അഭിമാനമാണ്. അവരുടെ തൊഴിലിടത്തെ സംരക്ഷിക്കണം. കലയെ ബഹുമാനിക്കണം.

കോവിഡ് കാലത്ത് കലാകാരന്മാര്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയ വിഭാഗമാണ്. കോവിഡാനന്തരവും വേദികള്‍ തിരിച്ചുവരാത്തത് അവരുടെ പ്രതിസന്ധി കൂട്ടുകയല്ലേ? ഈ മാസങ്ങള്‍ വേദികള്‍ കിട്ടുന്ന കാലമാണല്ലോ?

കലാകാരന്മാരും ഒരു പൊതുനിയമത്തിനനുസരിച്ചാണ് പോകേണ്ടത്. നിയമം വരുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരുപോലെയാകണം. രാഷ്ട്രീയനേതാവിന് രാത്രി പത്ത് മണിവരെ പൊതുപരിപാടിയില്‍ പങ്കെടുക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം ഒരു കലാകാരിക്കും ഉണ്ടാവണം. നിയമം എന്നത് ഒരുനാട്ടില്‍ എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണ്. കോവിഡ് നിയന്ത്രണം കുറയുമ്പോള്‍ ആസ്വാദകര്‍ കൂടുതലായി എത്തും. കൂടുതല്‍ തൊഴിലുമുണ്ടാകും. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ആവിഷ്‌കാരത്തിനും ആസ്വാദകര്‍ കൂടുതലെത്തുന്നതിനും സാഹചര്യമുണ്ടാകുക എന്നത് പ്രധാനമാണ്.

കോവിഡ് കാലത്ത് സര്‍ക്കാര്‍ കലാപ്രവര്‍ത്തകരെ പരിഗണിച്ചിരുന്നോ?. പലരുടെയും ഉപജീവനമാര്‍ഗ്ഗം തന്നെ കലയാണല്ലോ?

ഒരു സര്‍ക്കാരും ആ രീതിയില്‍ ഒന്നും ചെയ്തില്ല. അവിടെ എനിക്ക് കലാകാരന്റെ മനസിനോടൊപ്പമാണ് നില്‍ക്കാനും സംസാരിക്കാനും പറ്റുന്നത്. മാനുഷിക പരിഗണനയുള്ള ചില കൂട്ടായ്മകളല്ലാതെ ആരും എവിടെയും ഉണ്ടായിരുന്നില്ല. അങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്. സര്‍ക്കാരിന് കുറച്ച് കൂടെ അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. അല്ലെങ്കില്‍ അങ്ങനെ സാധിക്കണം. ഒരുപാട് പേര്‍ വിളിക്കുകയും സങ്കടം പറയുകയുമൊക്കെ ചെയ്തിരുന്നു. അന്നന്നുള്ള വേതനത്തിലാണല്ലോ ഈ കലാകാരന്മാരും ജീവിക്കുന്നത്. തൊഴിലാളിക്ക് കുറച്ച് നാളെങ്കിലും ജോലിയുണ്ടാകില്ലേ? ഇതില്‍ അങ്ങനെയില്ലല്ലോ? പെട്ടെന്ന് തൊഴിലിടങ്ങള്‍ ഇല്ലാതായപ്പോള്‍ എത്ര പേരാണ് പ്രതിസന്ധിയിലായത്. മേക്കപ്പ് ചെയ്യുന്നവര്‍, തുണി തയ്ക്കുന്നവര്‍, പക്കമേളക്കാരും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വീഡിയോ എടുക്കുന്നവരും ഫോട്ടോഗ്രാഫര്‍മാരുമെല്ലാം പ്രതിസന്ധിലായി. കലയുമായി ബന്ധപ്പെട്ട് തൊഴിലിടം ഉണ്ടാക്കിയെടുത്തവരാണ്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT