മുത്തങ്ങ സമരത്തിന്റെ ഭാഗമായി പോലീസ് അതിക്രമത്തിന്റെ ഇരയായിരുന്നു ഡയറ്റ് ലക്ചററും എഴുത്തുകാരനുമായ കെ.കെ സുരേന്ദ്രന്‍. 2003 ഫെബ്രുവരി 22ന് സ്റ്റാഫ് റൂമില്‍ വെച്ച് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച് അവശനാക്കിയ സുരേന്ദ്രനെ ജയിലിലടച്ചു. സമരഭൂമിയില്‍ വെച്ച് ആദിവാസികള്‍ക്ക് ക്ലാസെടുത്തു എന്നാരോപിച്ചായിരുന്നു നടപടി. സുരേന്ദ്രന്‍ പ്രതിയല്ലെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
കെ.കെ സുരേന്ദ്രന്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു
കുറിച്യരും അടിയരും ഒഴികെ വയനാട്ടിലെ എല്ലാ ആദിവാസി വിഭാഗങ്ങളും ജീവിക്കുന്ന കോളിയാടിയിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. ഗ്രാമത്തിലെ എന്റെ സഹപാഠികളും കൂട്ടുകാരുമായി അനേകം ആദിവാസികളുണ്ടായിരുന്നു. എന്റെ മുത്തശ്ശിമാരെ പോലെ തന്നെയായിരുന്നു അവരുടെ മുത്തശ്ശിമാരെയും കണ്ടിരുന്നത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന അച്ഛന് ആദിവാസി വിഭാഗങ്ങളിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു. ഇതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എറണാകുളം ജില്ലയിലെ ദളിത് കുടുംബത്തില്‍ നിന്നും അച്ഛന്റെ അച്ഛനാണ് വയനാട്ടിലേക്ക് വരുന്നത്. വയനാടിനെ സംബന്ധിച്ച് ഞങ്ങളുടെ കുടുംബവും കുടിയേറ്റക്കാരായിരുന്നു. എങ്കിലും വയനാട്ടിലെ ആദിവാസിയെ പോലെ തന്നെയായിരുന്നു അന്ന് തിരുവിതാംകൂറിലെ ദളിതരുടെയും ജീവിതം. അതുകൊണ്ടൊക്കെ തന്നെ ആദിവാസികളുടെ പ്രശ്‌നങ്ങളോട് ചെറുപ്പകാലം മുതല്‍ എനിക്ക് സഹഭാവമുണ്ടായിരുന്നു. മുത്തങ്ങ സമരം നടക്കുമ്പോള്‍ ഗോത്രമഹാ സഭയുമായി എനിക്ക് ബന്ധമുണ്ടായിരുന്നില്ല. എങ്കിലും സമരത്തിന് അനുകൂലമായ നിലപാട് തന്നെയായിരുന്നു. രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിനെതിരായി നിലപാട് സ്വീകരിച്ചപ്പോള്‍ ഞങ്ങള്‍ വളരെ കുറച്ചു പേര്‍ സമരത്തിനൊപ്പം നിന്നു.
അന്ന് സ്റ്റാഫ് റൂമിലിരിക്കുമ്പോള്‍ എസ്.ഐയും സംഘവുമെത്തി 'ആരടാ സുരേന്ദ്രന്‍' എന്ന് ചോദിച്ച് കോളറിന് പിടിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുപോയി. അവിടെ വച്ച് തന്നെ തല്ലാന്‍ നോക്കുന്നുണ്ടായിരുന്നെങ്കിലും കൂടെയുള്ള പോലീസുകാര്‍ തടഞ്ഞതു കൊണ്ട് സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികള്‍ക്കും കാണേണ്ടി വന്നില്ല. പിന്നെ മര്‍ദ്ദനം തന്നെയായിരുന്നു. സി.ഐ ദേവരാജന്‍ വയറില്‍ ഇടിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിരുന്നു. ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം. ബത്തേരി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും കൊല്ലപ്പെട്ട പോലീസുകാരന്റെ കൂടെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയവരും മാറി മാറി മര്‍ദ്ദിച്ചു. പത്തരയ്ക്ക് അറസ്റ്റ് ചെയ്തിട്ട് രാത്രി ഒമ്പതര വരെ ഇടയ്ക്കിടെയുള്ള മര്‍ദ്ദനം തുടര്‍ന്നു. ഞാനും ജാനുവും കുറേ നേരം ഒരു മുറിയിലായിരുന്നു ഇരുന്നിരുന്നത്. പോലീസുകാര്‍ ജാനുവിനെയും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ജാനുവിന് അന്ന് എന്നെ അറിയില്ലായിരുന്നു. എന്നെ അറിയില്ലെന്ന് പറഞ്ഞതിനും ജാനുവിനെ അടിച്ചു. രാത്രിയില്‍ കറന്റ് കട്ടിന്റെ സമയത്ത് ഗീതാനന്ദനെയും എന്നെയും അടുത്തടുത്ത് ഇരുത്തിയാണ് മര്‍ദ്ദിച്ചത്. ഞങ്ങളെ കുറച്ച് നേരം ലോക്കപ്പിലും ഇട്ടു. പിറ്റേ ദിവസം ജാനുവിനെയും ഗീതാനന്ദനെയും കോടതിയില്‍ ഹാജരാക്കി കോഴിക്കോട്ടേക്ക് മാറ്റി. ആരുഷ് എന്ന പോരാട്ടം പ്രവര്‍ത്തകനും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനൊപ്പം പോസ്റ്റര്‍ ഒട്ടിച്ചതിനായിരുന്നു പിടികൂടിയത്. അടി കൊണ്ട് ആരുഷിന്റെ ബോധം പോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്നെ പോലീസ് മര്‍ദ്ദിച്ചതായും ചികിത്സ വേണമെന്നും ആവശ്യപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് എന്നെ അയച്ചത്. കണ്ണൂരിലേക്ക് കൊണ്ടു പോകുമ്പോഴും കൂടെയുള്ളവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നെങ്കിലും എന്നെ ഒഴിവാക്കിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലീസുകാരന് ജോലി ലഭിക്കാന്‍ ആവശ്യമായ ബോണ്ട് നല്‍കിയത് ഞാനായിരുന്നു. നാട്ടുകാരനായ ആ യുവാവിന് പതിനായിരം രൂപയുടെ ബോണ്ട് നല്‍കാന്‍ മറ്റാരും തയ്യാറായിരുന്നില്ല. എന്നെ തൊടാന്‍ പോലീസുകാരെ അവന്‍ അനുവദിച്ചില്ല. എന്നെയും അരൂഷിനെയും ആദിവാസികള്‍ക്കൊപ്പമായിരുന്നില്ല ജയിലിലിട്ടത്. ഞങ്ങള്‍ പത്താം ബ്ലോക്കിലെ സെല്ലിലായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെ.സി എല്‍ദോ എന്ന അഭിഭാഷകന്റെ ശ്രമഫലമായാണ് ഹൈക്കോടതി ചികിത്സ നല്‍കാനുള്ള സ്‌പെഷ്യല്‍ ഓര്‍ഡര്‍ ലഭിച്ചത്. കൊലപാതക വകുപ്പൊക്കെ ചുമത്തിയതിനാല്‍ ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. പ്രമുഖ അഭിഭാഷകനായിരുന്ന ജനാര്‍ദ്ദനക്കുറുപ്പ്എനിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. സുഹൃത്തുക്കള്‍ പോയി കണ്ട് കേസിന്റെ കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ ഫീസൊന്നും വാങ്ങാതെയാണ് ജാമ്യത്തിനായി അദ്ദേഹം ഹാജരായത്. ജനാര്‍ദ്ദനക്കുറുപ്പിനോടും എല്‍ദോയോടും എനിക്ക് വലിയ കടപ്പാടുണ്ട്.
പതിനെട്ട് വര്‍ഷം നീണ്ട പോരാട്ടം
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആളല്ല ഞാന്‍. വെടിവെപ്പ് നടക്കുമ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് ഒരു പ്രോഗ്രാമില്‍ പങ്കെടുക്കുകയായിരുന്നു. അവിടെ വെച്ചാണ് വെടിവെപ്പ് നടന്ന കാര്യം അറിയുന്നത്. ആ എന്നെ പിടിച്ചു കൊണ്ടുപോയി ഭീകരമായി മര്‍ദ്ദിച്ചു. 40 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നു. ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സി.ബി.ഐ അന്വേഷിച്ചപ്പോഴാണ് കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. കേരള പോലീസായിരുന്നു അന്വേഷിച്ചതെങ്കില്‍ എന്റെ പേരില്‍ എന്തെങ്കിലും വ്യാജമായി ചേര്‍ത്ത് കേസില്‍ ഉള്‍പ്പെടുത്തി ജോലിയൊന്നുമില്ലാതെ കഷ്ടപ്പെടുമായിരുന്നു. 2003ല്‍ ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ഉപദ്രവിച്ച പോലീസുകാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ക്രിമിനല്‍ കേസും സിവില്‍ കേസും സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ നല്‍കി. ക്രിമിനല്‍ കേസ് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചാര്‍ജ് ചെയ്തിരുന്നെങ്കിലും ഹൈക്കോടതി റദ്ദാക്കി. ഡ്യൂട്ടിയിലുള്ള പോലീസുകാരെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന 2008ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് പതിനെട്ട് വര്‍ഷമാണ് നടത്തിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബത്തേരി സബ്‌കോടതി ഉത്തരവിട്ടു. പിണറായി വിജയന്‍ സര്‍ക്കാര്‍ സെഷന്‍സ് കോടതിയില്‍ പോലീസുകാര്‍ക്ക് വേണ്ടി അപ്പീല്‍ പോയി. ആദിവാസി സ്‌നേഹം പറയുന്ന ആളുകളുടെ പാര്‍ട്ടിയും അവരുടെ മുഖ്യമന്ത്രിയുമാണ്. എല്ലാ തെളിവുകളും പരിശോധിച്ചതിന് ശേഷമാണ് നഷ്ടപരിഹാരം തരാന്‍ കോടതി ഉത്തരവിട്ടത്. എന്നിട്ടും പോലീസുകാര്‍ക്ക് വേണ്ടി അപ്പീലിന് പോയി സര്‍ക്കാര്‍. എ.കെ ആന്റണി മാത്രമല്ല പിണറായി വിജയനും ആദിവാസികള്‍ക്കെതിരായിരുന്നു എന്നതിന്റെ വലിയ തെളിവല്ലേ ഇത്.
പതിനഞ്ച് ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഒന്നര ലക്ഷം രൂപ ഫീസ് അടയ്ക്കണം. അന്ന് ശമ്പളം പോലും കിട്ടാത്ത അവസ്ഥയില്‍ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഫീസടച്ചെങ്കിലും കേസ് ബത്തേരി കോടതി തള്ളി. ഹൈക്കോടതിയെ സമീപിച്ചു. കേസ് തുടരാനുള്ള ഉത്തരവ് എല്‍ദോ വക്കീല്‍ ഹൈക്കോടതിയില്‍ നിന്നും വാങ്ങി. 2021ലാണ് വിധി വന്നത്. പൈസ കിട്ടാന്‍ വേണ്ടിയല്ല കേസ് നടത്തിയത്. മുത്തങ്ങയില്‍ പോലീസും പൊതുസമൂഹവും ഇത്ര വലിയ അതിക്രമം നടത്തിയിട്ടും 2003 ന് ശേഷം പണിയര്‍ക്ക് ബത്തേരിയില്‍ റോഡിയിലിറങ്ങാന്‍ കഴിയില്ലായിരുന്നു. അടിച്ചോടിക്കുമായിരുന്നു. ആ കാഴ്ചയാണ് കേസ് നടത്താന്‍ പ്രേരിപ്പിച്ചത്. ഇതുപോലെയുള്ള ഒരു സമൂഹത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നതെന്ന തിരിച്ചറിവും ഉണ്ടായി. മൃഗീയമായ മര്‍ദ്ദനമേറ്റിരുന്നു. എത്രയോ കാലത്തിന് ശേഷമാണ് നിവര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞത്. ജയിലിലായിരിക്കുമ്പോള്‍ കൂനിയാണ് നടന്നത്. നടുവിനാണ് പോലീസ് ബൂട്ടിട്ട് തൊഴിച്ചത്. എസ്.ഐ മുതല്‍ താഴോട്ടുള്ളവര്‍ തിരിച്ചു നിര്‍ത്തി നടുവിന് ചവിട്ടുകയായിരുന്നു. സത്യത്തില്‍ മരിച്ചു പോകാതിരുന്നത് ഭാഗ്യം കൊണ്ടാണ്. സാധാരണ ഒരു കേസിലെ പോലെയായിരുന്നില്ല പോലീസുകാരുടെ ഇടപെടല്‍. പോലീസുകാരന്‍ മരിച്ചതോടെ അവര്‍ക്ക് ഭ്രാന്തായത് പോലെയായിരുന്നു. എനിക്ക് ഭയമുണ്ടായിരുന്നില്ല. ആ സ്റ്റേഷന്‍ മുഴുവന്‍ സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിലായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്. ഏറ്റവും അടിത്തട്ടിലുള്ള ഈ മനുഷ്യര്‍ മൃഗീയമായ പീഡനത്തിന് ഇരകളാകുമ്പോള്‍ പുറമേ നിന്നുള്ള ഒരാളായി ഞാന്‍ മാത്രമാണ് അവര്‍ക്കൊപ്പം അവിടെയുള്ളത്. കുടുംബം, ജോലി എന്നൊക്കെയുള്ള എന്റെ വ്യക്തിപരമായ വ്യാകുലതകള്‍ മറന്ന് അവര്‍ക്കൊപ്പം നിന്നു. ഇതുപോലൊരു അവസ്ഥയില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞുവെന്നത് ചരിത്രപരമായ നിയോഗമാണെന്നാണ് ഞാന്‍ കരുതുന്നത്. അത് തന്ന ആത്മവിശ്വാസം കൊണ്ടാണ് ഞാന്‍ അതിജീവിച്ചത്.
മാറ്റമില്ലാതെ ആദിവാസി ജീവിതങ്ങള്‍
വയനാട്ടിലെ ആദിവാസികളില്‍ കുറിച്യര്‍ക്കും കുറുമര്‍ക്കും മാത്രമേ ഭൂമിയുണ്ടായിരുന്നുള്ളു. കുടിയേറ്റത്തോടെ അവരുടെ ഭൂമിയും നഷ്ടപ്പെട്ടിട്ടുണ്ട്. പണിയര്‍, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങള്‍ എവിടെയാണോ ജനിച്ചത് അവിടെ ചെറിയൊരു സ്ഥലത്ത് നൂറും നൂറ്റമ്പതും കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണ്. അവര്‍ക്ക് വേറെ ഭൂമിയൊന്നുമില്ല. അവരാണ് മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്തത്. സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്തപ്പോള്‍ യാതൊരു ചര്‍ച്ചയും നടത്താത്ത സര്‍ക്കാര്‍ മുത്തങ്ങയിലെ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അന്ന് ആദിവാസികള്‍ക്കെതിരെ രംഗത്ത് വന്നു. അതിന്റെ ഫലമായി 2003 ഫെബ്രുവരി 19 ന് ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ ദക്ഷിണാഫ്രിക്കയിലൊക്കെ നടന്നതിനേക്കാള്‍ വലിയ വേട്ടയാണ് നടന്നത്. പൊതുസമൂഹവും സര്‍ക്കാരും ചേര്‍ന്ന് ആദിവാസി വിഭാഗത്തെ തല്ലിത്തകര്‍ത്തതിന്റെ വാര്‍ഷികം കൂടിയാണിത്. കേരള പോലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും കേസ് അന്വേഷിച്ചു. ഇതിനിടെ പോലീസ് നടപടി കഴിഞ്ഞതിന് ശേഷം കേന്ദ്ര പട്ടിക വര്‍ഗ്ഗ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും റിപ്പോര്‍ട്ട് തേടി. ആ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ്, ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി അന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും എ.കെ ആന്റണി സര്‍ക്കാര്‍ ഭാഗികമായാണ് അംഗീകരിച്ചത്. ആദിവാസികള്‍ക്കെതിരെയുണ്ടായ അതിക്രമവും ജോഗിയുടെ മരണവും അന്വേഷിച്ചില്ല. ആദിവാസികള്‍ ചെയ്തുവെന്ന് പറയപ്പെടുന്ന പോലീസുകാരന്റെ മരണവും കാട്ടില്‍ കയറി വേട്ടയാടിയെന്ന കേസുമാണ് അന്വേഷിച്ചത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിക്കായത് കൊണ്ടാണ് അതൊന്നും അന്വേഷിക്കാതിരുന്നത്. മുത്തങ്ങ സമരത്തില്‍ രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഇടപെടാതെ എ.കെ ആന്റണി എല്ലാം പോലീസിനെ ഏല്‍പ്പിച്ചു. പൊതുസമൂഹവും പോലീസും ആദിവാസികളെ ഭീകരമായി ആക്രമിക്കാന്‍ ഇത് ഇടയാക്കി.
മുത്തങ്ങയിലെ ആദിവാസി അതിക്രമത്തിനെതിരെ ശബ്ദിച്ച ഒരേയൊരു രാഷ്ട്രീയ നേതാവ് വി.എസ് അച്ചുതാനന്ദനാണെങ്കിലും മുഖ്യമന്ത്രിയായപ്പോള്‍ ആദിവാസികള്‍ക്കെതിരെയുള്ള വനംവകുപ്പെടുത്ത കേസുകള്‍ പോലും ഒഴിവാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് കേസുകള്‍ ഒഴിവാക്കിയത്. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി കൊടുക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കൊടുത്ത ഭൂമിയുടെ കടലാസ് മാത്രമാണ് പലരുടെയും കൈയിലുള്ളത്. എവിടെയാണെന്ന് അറിയില്ല. ഇതാണ് ആദിവാസികള്‍ക്ക് ഭൂമി കൊടുക്കുന്നതിന്റെ അവസ്ഥ. ഓരോ വര്‍ഷവും 500 കോടിയോളം രൂപ പട്ടിക വര്‍ഗ വികസനത്തിനായി നീക്കി വെക്കുന്നുണ്ട്. അതൊക്കെ എവിടെയാണ് ചിലവഴിക്കുന്നത്. 1975 മുതല്‍ ഇന്ന് വരെ ആദിവാസികള്‍ക്കായി നീക്കിവെച്ച സര്‍ക്കാര്‍ ഫണ്ട് എവിടെ പോയെന്ന് കൂടി നമ്മള്‍ പരിശോധിക്കണം. വിദ്യാഭ്യാസ-ആരോഗ്യമേഖലയില്‍ കൊടുക്കുന്ന ഫണ്ടുകളാണ് കുറച്ചെങ്കിലും അവര്‍ക്ക് പ്രയോജനപ്പെടുന്നത്. കുറഞ്ഞ ഭൂമിയില്‍ കുറേ വീടുകളുണ്ടാക്കാനായി കരാറുകാരെ ഏല്‍പ്പിക്കും. നാലുലക്ഷം വീടുണ്ടാക്കാന്‍ അനുവദിച്ചാല്‍ പകുതി കരാറുകാര്‍ അടിച്ചുമാറ്റും. ബാക്കി തുക കൊണ്ട് എന്തെങ്കിലും കെട്ടിയുണ്ടാക്കും. പഞ്ചായത്തീരാജിന്റെ തുടര്‍ച്ചയായ പെസ എന്ന നിയമമുണ്ട്. ആദിവാസി മേഖലകളില്‍ പഞ്ചായത്തീരാജ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നിയമത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് പിന്നീട് 1996ല്‍ കൂട്ടിച്ചേര്‍ത്തതാണ് പെസ. മുത്തങ്ങ സമരത്തിലെ ഒരു ആവശ്യം സ്വയംഭരണമായിരുന്നു. ഈ ആവശ്യം ചൂണ്ടിക്കാട്ടിയാണ് മുത്തങ്ങ സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ചത്. മാവോ ചൈനയിലുണ്ടാക്കിയ സ്വയംഭരണ പ്രദേശം പോലെയുള്ളതാണ് സമരക്കാര്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു പ്രചരണം. ഗീതാനന്ദന്‍ എന്ന മുന്‍ നക്‌സലൈറ്റിന്റെ സാന്നിധ്യമായിരുന്നു ഇതിനായി ഉപയോഗിച്ചത്. വനാവകാശ നിയമവും ഇവിടെ നടപ്പിലാക്കിയില്ല. രണ്ട് നിയമം വരുമ്പോഴും കേരളത്തില്‍ ഇടതുഭരണമായിരുന്നു. ഇക്കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയില്ല.
ആദിവാസികള്‍ക്ക് ഒരുകാലത്തും നീതി കിട്ടില്ലെന്ന് നമ്മുടെ പൊതുസമൂഹം ഉറപ്പിച്ചിരിക്കുകയാണ്. പണിയരും അടിയരുമൊക്കെ കൃഷിയെ ആശ്രയിച്ച് ജീവിച്ചവരാണ്. വിലയിടിവും വന്യജീവികളുടെ ആക്രമണവും കാരണം കൃഷി പൂര്‍ണമായും തകര്‍ന്നു. കൃഷിക്കാര്‍ ആത്മഹത്യയിലേക്ക് പോകുന്ന അവസ്ഥയാണ് വയനാട്ടിലുള്ളത്. അവരെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ ജീവിതം അതിലും ദുരിതത്തിലാണ്. കുറച്ച് ഭൂമിയുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് അവിടെ എന്തെങ്കിലും കൃഷി ചെയ്ത് അതിജീവിക്കാം. സര്‍ക്കാരിന്റെ കൈയില്‍ വയനാട്ടില്‍ എത്രയോ ഭൂമിയുണ്ട്. ഹാരിസണ്‍ കമ്പനിയുടെതുള്‍പ്പെടെ കാലാവധി കഴിഞ്ഞ പാട്ടഭൂമികളുണ്ട്. വീണ്ടും അവര്‍ക്ക് തന്നെ നല്‍കുന്ന സര്‍ക്കാര്‍ ആ ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല. കോടിക്കണക്കിന് വരുന്ന ആദിവാസി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങി നല്‍കുന്നുമില്ല.
ഒരു ആദിവാസി കുടിലില്‍ തന്നെ നാലും അഞ്ചും കുടുംബങ്ങളാണ് താമസിക്കുന്നത്. വയനാട്ടിലെ ഏത് പണിയ, അടിയ, കാട്ടുനായ്ക ഊരുകളില്‍ പോയാലും ഇതേ സ്ഥിതിയായിരിക്കും. സമരമല്ലാതെ വേറെ വഴിയില്ല അവരുടെ മുന്നില്‍. ആകെ ജനസംഖ്യയുടെ ഒരു ശതമാനമുള്ള ആദിവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ മതി. 1975ല്‍ ട്രൈബല്‍ സബ് പ്ലാനുണ്ടാക്കുമ്പോള്‍ എന്തൊക്കെയാണോ ഉള്ളത് അതേ പരിപാടിയാണ് ഇപ്പോഴും നടപ്പിലാക്കുന്നത്. അതാണ് പ്രശ്‌നം. വിദ്യാഭ്യാസവും ഭൂമിയും നല്‍കിയാല്‍ മാത്രമേ ആദിവാസികള്‍ക്ക് മുന്നേറാന്‍ കഴിയുകയുള്ളു. അതിന് ഇനിയുള്ള തലമുറകളിലൂടെ മാത്രമേ കഴിയൂ. സാമൂഹ്യമായും സാമ്പത്തികമായും ആരോഗ്യപരമായും പിന്നാക്കം നില്‍ക്കുന്ന ഒരുവിഭാഗത്തെ എങ്ങനെ ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ചിന്തിക്കണം. അതിന് ആദിവാസികളും മനുഷ്യരാണെന്നും നമ്മുടെ സഹോദരങ്ങളാണെന്നും അതിജീവിക്കേണ്ടവരാണെന്നുമുള്ള വിശാലമായ ജനാധിപത്യ ബോധം പൊതുസമൂഹത്തിന് ഉണ്ടാവണം.